അപമാനിതയായ അമ്മമലയാളം
-------------------------------------------
മഹാരാജാവും ഭീഷ്മപിതാമഹനും കാന്തന്മാരും ശ്രദ്ധിച്ചിരിക്കെ സഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദിയെ പോലെ കേരളനിയമസഭയിൽ ആദ്യകൂടിച്ചേരലിൽത്തന്നെ അമ്മമലയാളം ആക്ഷേപിക്കപ്പെട്ടു. മലയാളികളുടെ വോട്ടുവാങ്ങി ജയിച്ചു നിയമസഭയിലെത്തിയ പല അംഗങ്ങളും സത്യപ്രതിജ്ഞക്ക് മലയാളം ഉപയോഗിച്ചില്ല. സത്യപ്രതിജ്ഞയ്ക്ക് ഇംഗ്ലീഷ് മതിയെന്ന തീരുമാനം അവരെകൊണ്ട് എടുപ്പിച്ചത് ഈ പ്രധാനചടങ്ങിന് വീട്ടമ്മ പാടില്ലെന്ന ബോധമായിരിക്കാം.
മഞ്ചേശ്വരത്തുനിന്നും ദേവികുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ യഥാക്രമം കന്നഡയിലും തമിഴിലുമാണ് സത്യവാചകം ചൊല്ലിയത്. അവരുടെ വോട്ടർമാരിൽ നല്ലൊരു ശതമാനം ആ അയൽഭാഷകൾ സംസാരിക്കുന്നവരാണ്. അതിനാൽ അവർചെയ്തത് ശരി. എന്നാൽ കേരളത്തിലാരുടെയും മാതൃഭാഷ ഇംഗ്ലീഷ് അല്ല.പിന്നെന്തിനാണ് പത്തോളം വിജയികൾ സത്യപ്രതിജ്ഞക്ക് ആ വിദേശഭാഷ ഉപയോഗിച്ചത്? മലയാളിയുടെതന്നെ ഒരു വ്യാജപ്രതിച്ഛായയുടെ അടയാളമായിരുന്നോ ആ പ്രതിജ്ഞ? അതോ, തങ്ങൾ സത്യം ചെയ്തതൊന്നും സാധാരണജനങ്ങൾ അറിയരുതെന്നു വിചാരിച്ചോ? അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ എന്നതായിരുന്നോ പ്രമാണം? വിജയിച്ചു കഴിഞ്ഞപ്പോൾ വിജയിപ്പിച്ചവരെയും മൊത്തം വോട്ടർമാരെയും തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തുന്നതായിപ്പോയി ആ നടപടി.
ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യവുമായി വലിയ സമരങ്ങളാണ് സാംസ്ക്കാരികപ്രവർത്തകർ കേരളത്തിൽ നടത്തിയത്. കോടതിയാത്ര, സെക്രട്ടേറിയറ്റ് ധർണ,പി.എസ്.സി ഓഫീസിനുമുന്നിൽ നിരാഹാരം, കേരളയാത്ര, നിവേദനം, ജില്ലാ കേന്ദ്രങ്ങളിൽ ധർണ, തിരുവോണനാളിൽ ഉപവാസം അങ്ങനെ നിരവധി അഹിംസാമാർഗത്തിലുള്ള സമരരീതികൾ കേരളം കണ്ടു. എം.എൻ.കാരശ്ശേരിയും ഡോ.പി.പവിത്രനും നന്ദകുമാറും അടക്കം നിരവധി ആളുകൾ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. മലയാളം അക്ഷരമാല പ്രാഥമികവിദ്യാഭ്യാസകാലത്ത് നിർബ്ബന്ധമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാനടക്കമുള്ളവർ സെക്രട്ടേറിയറ്റിനുമുന്നിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് സമരം ചെയ്തു. അക്ഷരമാലാ പഠനം പ്രാഥമികവിദ്യാലയങ്ങളിൽ നടപ്പിലാക്കുകയും ചെയ്തു. ആ സമരങ്ങൾക്കും ശേഷം, ജനപ്രതിനിധികളുടെ ഇംഗ്ലീഷ് പ്രതിജ്ഞ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.
നോക്കൂ, തെരഞ്ഞെടുപ്പുകാലത്ത് എല്ലാ ചുമരെഴുത്തുകളും മലയാളത്തിൽ ആയിരുന്നു. വോട്ട് അഭ്യർത്ഥനകളെല്ലാം മലയാളത്തിൽ. മലയാളമായി പരിണമിച്ച വോട്ട് എന്നവാക്കിനുപകരം സമ്മതിദാനാവകാശം എന്നുവരെ ഉപയോഗിച്ചു. തെരഞ്ഞെടുപ്പു കാലത്തുമാത്രം പ്രത്യക്ഷപ്പെടാറുള്ള ഹ്ന എന്ന അക്ഷരം നമ്മുടെ ചിഹ്നത്തിന്റെ രൂപത്തിൽ ചുമരുകളിൽ മലർന്നു കിടന്നു. പ്രകടനപത്രികയും പ്രസംഗവും മലയാളത്തിൽ. ആരോപണ പ്രത്യാരോപണങ്ങളെല്ലാം മലയാളത്തിൽ. പത്രപ്രസ്താവനകളും മലയാളത്തിൽ. പിന്നെന്തിനാണ് പ്രതിജ്ഞ ചൊല്ലുമ്പോൾ ആ മദാമ്മമൊഴി?
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, സണ്ണി ജോസഫ്, ഷിബു ബേബിജോൺ എന്നിവരും എ.കെ.എം.അഷറഫ്, മാണി സി.കാപ്പൻ,രമേഷ് പിഷാരടി, മാത്യു കുഴൽനാടൻ,ഫൈസൽ ബാബു,സന്ദീപ് വാര്യർ തുടങ്ങിയവരാണ് തങ്ങളുടെ ഇംഗ്ലീഷ് പാണ്ഡിത്യം വിളമ്പി വോട്ടർമാരോട് കൂരായണാ പറഞ്ഞത്. ഇവരിൽ നിന്നും നമ്മൾ മലയാളികൾ എന്താണ് പ്രതീക്ഷിക്കേണ്ടത്?
സത്യപ്രതിജ്ഞാ വേദിയിൽ കണ്ട മറ്റൊരു അസംബന്ധം, കാളീസ്തുതി അടക്കമുള്ള വന്ദേമാതരം ഉയർന്നപ്പോൾ എല്ലാവരും ആദരവോടെ എണീറ്റ് നിന്നതാണ്. കേന്ദ്രസർക്കാരിന്റെ കുളത്തിലെ മലിനജലം സംസ്ഥാനങ്ങളിലേക്ക് അടിച്ചുകയറ്റുന്ന കിർലോസ്ക്കർ പമ്പായാണ് ഗവർണ്ണർമാർ പ്രവർത്തിക്കുന്നത്. കാളീസ്തുതി കേരളാഗവർണ്ണർക്കും പത്ഥ്യമാണ്. ആദ്യത്തെ രണ്ടുപാദങ്ങൾ കഴിയുമ്പോൾ അവിടെയുണ്ടായിരുന്ന നിയമസഭാംഗങ്ങളും പ്രവർത്തകരും സ്വന്തം ഇരിപ്പിടങ്ങളിൽ ഇരിക്കണമായിരുന്നു.ഗവർണ്ണറും മൂന്ന് എം എൽ എ മാരും മാത്രം എഴുനേറ്റുനിന്ന് ഹിന്ദുമത ഫാസിസത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നകാഴ്ച അപ്പോൾ കാണാമായിരുന്നു. അതുണ്ടായില്ല. നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ഗവർണ്ണറുടെ സാന്നിദ്ധ്യത്തിൽത്തന്നെ ദേശീയഗീതത്തിലെ കാളീസ്തുതി ഒഴിവാക്കിക്കണ്ടപ്പൊഴാണ് മോഹാലസ്യപ്പെട്ടുകിടന്ന മതേതര ദേശീയബോധത്തിന് ഉണർവ് ഉണ്ടായത്
No comments:
Post a Comment