ഇന്ത്യൻ പൗരനെ ഭരണകൂടം റദ്ദാക്കുമ്പോൾ
------------------------------
ഒരു പൗരന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അതിന്റെ മീശത്തുമ്പിൽ പിടിച്ച് പാസ്പോർട്ട് നൽകാതിരിക്കുകയും ചെയ്താൽ അതിൽ നിന്നും രാജ്യം പഠിക്കേണ്ടത്, പൗരന്മാരെത്തന്നെ റദ്ദാക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം തുടങ്ങിയെന്നാണ്. കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച, ശ്രദ്ധേയനായ പത്രപ്രവർത്തകൻ ആർ. രാജഗോപാലിനെ വോട്ടർ പട്ടികയിൽ നിന്ന് തീവ്രപരിഷ്ക്കരണപ്രകാരം ഒഴിവാക്കിയതും, തുടർന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി പാസ്പോർട്ട് യഥാസമയം പുതുക്കി നൽകാതിരുന്നതും സൂചിപ്പിക്കുന്നത്, ബംഗാളിൽ തുടങ്ങിയ ഈ പൗരഹത്യാ പ്രവണത രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നുതന്നെയാണ്. മരണം വിവാഹം തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുക്കാൻ വേണ്ടി, കൊടുംകുറ്റവാളികളെ ജയിലിൽ നിന്നുപോലും ഇറക്കിവിട്ടിട്ടുള്ള നാടാണ് ഭാരതം. രാജഗോപാലിന്റെ കാര്യത്തിൽ മാത്രം എന്തേ ഇങ്ങനെയൊരു പ്രതികാരനടപടി? അദ്ദേഹം സത്യം സത്യമായിത്തന്നെ വിളിച്ചുപറയുന്ന, സ്വാധീനത്തിനു വഴങ്ങാത്ത, വാർത്ത വളച്ചൊടിക്കൽകല പഠിച്ചിട്ടില്ലാത്ത ഒരു മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് തന്നെയാണ്. ഈ അനുഭവം വച്ചുനോക്കിയാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും, മതപരമോ, സ്വാതന്ത്ര്യപരമോ ആയ കാരണത്താൽ യൂണിയൻ സർക്കാരിന്റെ അപ്രീതിക്ക് പാത്രമായവരാകാം എന്ന് കണ്ടെത്താവുന്നതാണ്.
എസ്.എസ്.എൽ.സി ബുക്കിനേക്കാൾ അഭിമാനത്തോടെ നമുക്ക് കൊണ്ടുനടക്കാവുന്ന ഒരു രേഖയാണ് ഇന്ത്യൻ പാസ്പോർട്ട്. കാരണം അതിൽ ഇന്ത്യൻ ജനതയുടെ അപമാനമായ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. ജാതി അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ തൊഴിൽ തീരുമാനിച്ചിരുന്നതെങ്കിൽ, മറ്റൊരു രാജ്യത്തും അത്ര വലിയ വങ്കത്തം ഇല്ലാത്തതിനാൽ പാസ്പോർട്ടിലെ ജാതിയും മതവുമൊന്നും അന്യരാജ്യക്കാർക്ക് അറിയേണ്ട ആവശ്യമേയില്ല. എന്നാൽ പാസ്പോർട്ട് നമ്മുടെ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നാണ് ഹിന്ദുഫാസിസ്റ്റു ഭരണകൂടത്തിന്റെ പുതിയ നിലപാട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഭരണഘടനാ പതിപ്പുകളിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ നീക്കം ചെയ്തിട്ടുമുണ്ട്. അതിന്റെ അർത്ഥം ഇന്ത്യൻ ഭരണഘടന ഒരു മതേതര രാജ്യത്തിന്റെ ഭരണഘടനയാണെന്ന് ഭരണകൂടം സമ്മതിക്കുന്നില്ലെന്നതാണ്. ഭരണഘടന സംരക്ഷിക്കുവാൻ ബാധ്യതയുള്ള ഭരണകൂടം തന്നെ, ഭരണഘടനയെ തള്ളിക്കളയുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഫാസിസ്റ്റ് ഭരണകൂടങ്ങൾ പലരാജ്യങ്ങളിലും ചെയ്തിട്ടുള്ളത്, പട്ടാളത്തെ ഉപയോഗിച്ച് പൗരന്മാരെ വെടിവെച്ചു കൊല്ലുകയും ആ മൃതശരീരം മറവുചെയ്യാതെ റോഡിൽത്തന്നെ ദിവസങ്ങളോളം ഉപേക്ഷിച്ച്, ജനങ്ങളെ പാഠം പഠിപ്പിക്കുകയുമാണ്. സർക്കാരിനെതിരെ സംസാരിച്ചാൽ നിന്റെയും ഗതി ഇതുതന്നെയാവും എന്ന നീചസന്ദേശമാണ് ഇതുവഴി നൽകുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിലെ പിഴവു തിരുത്താതിരിക്കുകയും പാസ്പോർട്ട് നൽകുന്നത് അനന്തമായി നീട്ടികൊണ്ടുപോവുകയും ചെയ്തത് സമൂഹത്തിന് ഇത്തരമൊരു സന്ദേശം നൽകാൻ വേണ്ടിയാണ്. പശ്ചിമ ബംഗാളിൽ ആർ. രാജഗോപാലടക്കം ഇരുപത്തേഴു ലക്ഷംപേരെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. വോട്ടഴ്സ് ലിസ്റ്റിൽ നിന്നും ജനങ്ങളെ ഒഴിവാക്കുകയെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് പശ്ചിമബംഗാളിൽ ഹിന്ദു ഫാസിസ്റ്റു കക്ഷി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് അധികാരം മോഷ്ടിച്ചുവെന്ന് മമതാ ബാനർജി പറഞ്ഞത്. ആരോപണങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ആർ.രാജഗോപാലിന്റെ പ്രശ്നം മാത്രം പരിഹരിച്ചതുകൊണ്ട് കാര്യമില്ല. മാത്രമല്ല, വൈകിക്കിട്ടിയ പാസ്പോർട്ടുമായി മകളുടെ വിവാഹത്തിനുപോകാൻ അദ്ദേഹത്തിന് കഴിയില്ല. വിവാഹം നടന്നുകഴിഞ്ഞല്ലൊ.
വൈകിക്കിട്ടുന്ന നീതി, അനീതിക്ക് തുല്യമാണ്. പൗരത്വ പ്രതിസന്ധി വളരെ ഗൗരവമുള്ള വിഷയമാണ്. ഇന്ത്യയിലെ ജനാധിപത്യബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായി ഈ വിഷയത്തിൽ ഒറ്റ ബാനറുമായി നിന്നില്ലെങ്കിൽ, ഇപ്പോഴുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥ മറനീക്കി പുറത്തുവരികതന്നെചെയ്യും.
No comments:
Post a Comment