Saturday, 24 June 2017

മാര്യേജ് ബ്യൂറോ


പള്ളിക്കല്യാണം.
ആകാശത്തേക്കു നോക്കി
പുരോഹിതന്‍ പറഞ്ഞു.

വധൂവരന്മാരെ
കണ്ടെത്തിയതും
കൂട്ടിച്ചേര്‍ത്തതും
ദൈവമാകുന്നു.

പിന്‍നിരയിലിരുന്ന്
ഒരാള്‍ ഊറിച്ചിരിച്ചു
മാര്യേജ് ബ്യൂറോ നടത്തുന്ന
ജോര്‍ജുകുട്ടിച്ചായന്‍.

ഗുവാഹട്ടി എക്സ്പ്രസ്


കൃത്യസമയം പാലിക്കുന്നു
ഗുവാഹട്ടി എക്സ്പ്രസ്.
അതിനാലിന്ന്
ഗണപതിയുടെ കല്ല്യാണം.

സത്യം തേടിപ്പോയ ഗണപതി
റയില്‍വേ സ്റ്റേഷനില്‍ നിന്നും
തുമ്പി ചുരുട്ടി തുമ്പിച്ചു വന്നു.

കൃത്യസമയം തന്നെ.
ഒരു ദിവസം
വൈകിയെന്നേയുള്ളൂ.

Friday, 23 June 2017

വിധവന്‍


വിധവയെ കാണാന്‍
നിലാവു വന്നു
കഥയുമായ് പൂമണം
കൂടെ വന്നു
ഇരുളിന്‍റെ കമ്പിയില്‍
രാക്കിളിക്കൂട്ടങ്ങള്‍
നുണയുടെ തിരക്കഥ
നെയ്തിരുന്നു.

വിധവയെ കേള്‍ക്കുവാന്‍
കാറ്റു വന്നു
വിധവന്റെ നെടുവീര്‍പ്പി-
ലേറി വന്നു
ഒരു തിരിച്ചറിവിന്‍റെ സാക്ഷിയായി
പുരയില്‍ ശലഭങ്ങള്‍
കാത്തിരുന്നു.

വിധവയുടെ നെഞ്ചിലെ
പിഞ്ചുകുഞ്ഞ്
പുരുഷന്‍റെ താരാട്ടു
കേട്ടുറങ്ങി.

പുതിയ സായാഹ്നത്തില്‍
കടലോരത്ത്
ഇരു കുടുംബങ്ങളും
ചേര്‍ന്നിരുന്നു.

വിധവന്‍ സഭാര്യനായ്
സന്തുഷ്ടനായ്‌
വിധവ സനാഥയായ്
സംതൃപ്തയായ്.

തിരകളില്‍ നുരകളില്‍
മുങ്ങി നീര്‍ന്നു
വിധിയുടെ ചീഞ്ഞ
മൃതശരീരം.


Monday, 19 June 2017

പെണ്‍പതാക


അടിമപ്പെണ്ണാക്കി മാറ്റിയ
മംഗലത്താലി
വലിച്ചു പൊട്ടിച്ചെറിഞ്ഞി-
ട്ടാര്‍ച്ചയെത്തുന്നേ
മനസ്സിന്‍റെ പെരുംകൊമ്പില്‍
കടിച്ച കാറ്റേ
ഇവള്‍ക്കായി മാമ്പഴങ്ങള്‍
നിരത്തേണമേ.

വയല്‍ത്തുണ്ടില്‍ പാട്ടു മിന്നിയ
പകല്‍നേരത്ത്
മുലക്കണ്ണില്‍ കയ്പുതേച്ചോ-
രമ്മയാണിവള്‍
അറയ്ക്കുള്ളില്‍ വിളക്കിന്റെ
തലകൊയ്തപ്പോള്‍
വിറച്ചും കൊണ്ടടിപ്പെട്ട
മൂര്‍ഛയാണിവള്‍
കിനാവിന്‍റെ വള്ളിതോറും
പിടിച്ച കാറ്റേ
ഇവള്‍ക്കായി പിച്ചകപ്പൂ
നിവര്‍ത്തേണമേ

അമാവാസിപ്പര്‍ദ്ദയിട്ട
പകലാണിവള്‍
മൊഴിചൊല്ലിക്കലാശിച്ച
മലര്‍ക്കൂമ്പിവള്‍
കിടാങ്ങളെ പോറ്റുവാന്‍
കൈ നീട്ടിയോളിവള്‍
ബിരിയാണിച്ചെമ്പില്‍ വീണു
പഴുത്തോളിവള്‍
അദൃശ്യ മക്കനയിട്ട
വെളുമ്പിക്കാറ്റേ
ഇവള്‍ക്കായി തെളിപാഠം
പകര്‍ത്തേണമേ

മനസ്സമ്മതം കൊടുത്ത
മാരനെക്കൊന്ന്
ഒരു വ്യാജന്‍ സ്യൂട്ടിലേറി
സമീപിച്ചപ്പോള്‍
പിതാവിന്‍റെ കനല്‍ക്കണ്ണി-
ലെരിഞ്ഞൊടുങ്ങി
ഒരു കുഞ്ഞാടായി കൂടെ
നടന്നോളിവള്‍
ഹൃദയത്തില്‍ കൂടുകൂട്ടും
തണുത്ത കാറ്റേ
ഇവള്‍ക്കായി മുകില്‍ഛത്രം
വിടര്‍ത്തേണമേ

വാളുകള്‍ തൂക്കി നില്‍ക്കുന്ന
വാകയെപ്പോലെ
വേനല്‍ തിന്നു തണല്‍പ്പായ
വിരിച്ചോളിവള്‍
മരിക്കാനായ് ഒതളങ്ങ
കടിച്ചു തുപ്പി
മരണത്തിന്‍ വിഷക്കൂട്
പൊളിച്ചോളിവള്‍
പലദേശം കണ്ടുവന്ന
കറുമ്പന്‍ കാറ്റേ
ഇവള്‍ക്കായി സുരക്ഷാവീ-
ടൊരുക്കേണമേ

ഇടംകയ്യില്‍ പെണ്‍‌പതാക
മുദ്ര സ്വാതന്ത്ര്യം
വലംകാലില്‍ കാരിരുമ്പു-
കടിച്ച ദൈന്യം
വയറ്റത്ത് ചവിട്ടേറ്റ
കരിനീലിപ്പ്
പുറത്താകെ ബീഡിത്തീയാല്‍
വരഞ്ഞൊരിന്ത്യ
വാക്കില്‍ ബ്ലെയ്ഡ്, വെളിപാട്
നോക്കിലോ തോക്ക്
നേര്‍ക്കുനേര്‍ക്ക് വരുന്നോര്‍ക്ക്
പേക്കിനാച്ചോറ്.

തീരമാകെ ചീറി വന്ന
തകര്‍പ്പന്‍ കാറ്റേ
ഇവള്‍ക്കായി ചെമ്പന്‍പട്ട്
വിരിക്കേണമേ.

Thursday, 15 June 2017

Mx.

മിസ്സല്ല,മിസ്സിസ്സുമല്ല
മിസ്റ്ററുമല്ലെന്റെ ചങ്ങാതി
പേടയില്‍ കലയാണ്‌
പൂവനില്‍ പിടയാണ്
പൂര്‍ണതയാണിത്‌ മിക്സ്.

ആണിന്നധീശത്വമില്ല
പെണ്ണിന്‍ വിധേയത്വമില്ല
വീട്ടുഗുഹയില്‍ കരഞ്ഞും ഭയന്നും
ഉള്ളിലെ അങ്കക്കളത്തില്‍ കിതച്ചും
സ്നേഹവും സമ്മതം ചൊല്ലലും പൂക്കുന്ന
ശീതളച്ഛായകള്‍ തേടി
മല്ലികപ്പൂവായ് വിടര്‍ന്ന, തീ മിക്സ്.

കാമന്റെ മുന്നിലും
മാമന്റെ പിന്നിലും
കുണ്ടനിടവഴിതോറും കുനിയാതെ
ആണിനും പെണ്ണിനുമപ്പുറത്തായൊരു
ധീരപതാകയായ് പാറുമീ മിക്സ്.

നോവുണ്ട്,രോഗങ്ങളുണ്ട്
ദാഹം,വിശപ്പ്‌,ഭയം
അനാരോഗ്യം
മോഹമഹാനദി പായും മനസ്സ്
ഏതൊരാള്‍ക്കും ഒപ്പമാകുന്നു മിക്സ്.

നെറ്റിയിലൊന്നു ചുംബിച്ചു ഞാനെന്‍റെ
മുദ്രകള്‍ പങ്കു വെക്കുന്നു
മിക്സിന്റെ ജീവിതയുദ്ധത്തിലെന്റെ
പട്ടണം തീ പിടിക്കട്ടെ.

Wednesday, 14 June 2017

കണ്ടവരുണ്ടോ?

കണ്ടവരുണ്ടോ നിലാവിനെ
പാവത്തി,
ഉണ്ടായിരിക്കാം ഭയന്നും പകച്ചും
കണ്ടുപിടിച്ചെന്നു വേർത്തും വിയർത്തും
രണ്ടും കഴിച്ച് മുകിൽപ്പൊന്തക്കുള്ളിൽ

ക്രൂരവെളിച്ചം സ്രവിക്കും നഗരമേ
കണ്ടുവോ നീ പണ്ടു നിന്നെ-
പ്പുതച്ചുമ്മ വച്ച നിലാവിനെ?

നിന്നെക്കുളിപ്പിച്ചു തോർത്തി
അമ്മക്കയ്യാൽ
നുള്ളുരാസ്നാദി തിരുമ്മിയുരുമ്മി
നിന്നെയുറക്കിയുറങ്ങാതരികത്ത്
നിന്നുറക്കം തൂങ്ങി വീണ നിലാവിനെ?

കണ്ടവരുണ്ടോ സുഗന്ധിപ്പൂങ്കാറ്റിനെ?
പെൺകൊടി
ഉണ്ടായിരീക്കാം അനങ്ങാതെ മൂളാതെ
ശ്വാസം വിണ്ടാതെ മിണ്ടാതെ
കണ്ണടച്ചാകെ നിലച്ചു
പുകക്കുഴൽക്കണ്ണിൽ
പൂക്കളെയൊക്കെ മറന്ന്
ഉണ്ണാതിരിക്കുകയാവാം മനസ്സിനെ
കൊന്നു മരിച്ചു മരവിച്ച്

ചണ്ടിക്കാറ്റൂതി രസിക്കും നഗരമേ
കണ്ടുവോ നീയിളം പിച്ചകക്കാറ്റിനെ?

കണ്ടവരുണ്ടോ പച്ചവെള്ളത്തെ?
പൂച്ചക്കുട്ടി
ഉണ്ടായിരിക്കാം മുതുമുത്തിതന്നോർമ്മയിൽ
പണ്ടു ചിലച്ചു ചലിച്ച വഴികളെ
നെഞ്ചോടു ചേർത്തൊളി-
ച്ചേതോ വിദൂര ഗ്രാമത്തിലെ
കുന്നിന്റെയോരത്ത്
രാക്കണ്ണടയ്ക്കാതെ
ഒളിനഖം കാട്ടാതെ
പമ്മിപ്പതുങ്ങി-
യിരുട്ടിന്റെ ഊട്ടയിൽ
ഉണ്ടായിരിക്കാം
വീട്ടുകാരിതന്നോമന.

ഭൂഗർഭലായനിയൂറ്റിക്കുടിക്കുന്ന
ഭീകരരൂപിയാം നഗ്നനഗരമേ
നീ കണ്ടുവോ അമൃതായ വെള്ളത്തിനെ?

കണ്ടവരുണ്ടോ
കരുണയെ സത്യത്തെ
ചങ്ങാതിയെ പ്രണയത്തെ
വിശ്രാന്തിയെ
കൊമ്പത്തു കണ്ണുരസും ഇണമാനിനെ
അന്യരെ സ്നേഹിച്ചുണരും മനുഷ്യരെ?

മെഡിക്കൽ കോളജിലെ മൃതദേഹ പാഠപുസ്തകങ്ങൾ


യുക്തിബോധമുള്ള മനുഷ്യസ്നേഹികൾ പുതിയ തലമുറയ്ക്ക്‌ പഠിക്കാനായി നൽകിയ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയിൽ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ പ്രസിദ്ധമാണ്‌. മൃതദേഹങ്ങൾ സ്വാശ്രയ മെഡിക്കൽ കോളജിന്‌ വിറ്റതിനെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭം അവിടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌.

ഇപ്പോൾ മീഡിയവൺ ചാനൽ ലോകത്തെ അറിയിച്ച വാർത്ത മൃതദേഹങ്ങളെ അനാദരിക്കുന്നു എന്നതാണ്‌. പഠനത്തിനുപയോഗിച്ചു കഴിഞ്ഞ മൃതശരീരങ്ങൾ മാന്യമായി സംസ്കരിക്കുന്നതിന്‌ പകരം തെരുവുനായ്ക്കൾ കടിച്ചുകീറത്തക്ക വിധം ഉപേക്ഷിക്കുകയാണുണ്ടായത്‌.

മെഡിക്കൽ കോളജിൽ കൊടുത്തിട്ടുള്ള മൃതശരീരങ്ങൾ കടലിൽ ഒഴുകി വന്നതൊന്നുമല്ല. മനുഷ്യരാശിയെക്കുറിച്ച്‌ കരുതലുള്ള മഹാമനസ്കർ അവരുടെ അച്ഛനമ്മമാരുടെ ആഗ്രഹം നിറവേറ്റാനായി നൽകിയതാണ്‌. ചന്ദനമുട്ടികൾ അടുക്കി കത്തിച്ചുകളയുകയോ ഈട്ടിത്തടിയാൽ പെട്ടികൂട്ടി കുഴിച്ചിടുകയോ ചെയ്യുന്നതിന്‌ പകരം മനുഷ്യർക്ക്‌ പ്രയോജനപ്പെടട്ടെ എന്ന്‌ കരുതിയാണ്‌ മൃതശരീരങ്ങൾ നൽകിയിട്ടുള്ളത്‌.

മൃതദേഹങ്ങളെ സംബന്ധിച്ച്‌ രജിസ്റ്റർ സൂക്ഷിക്കണമെന്നും അനാട്ടമി വകുപ്പ്‌ മേധാവിയുടെ ചുമതലയിൽ പഠനാനന്തരം സംസ്കരിക്കണമെന്നും ചട്ടമുണ്ട്‌. ഇതൊന്നും പാലിക്കാതെയാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പ്‌ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞത്‌.

മൃതശരീരങ്ങളോടുള്ള അനാദരവ്‌ എന്നാൽ പട്ടാളക്കാരോട്‌ ശത്രുരാജ്യം കാണിക്കുന്ന ക്രൂരത മാത്രമല്ല. ഒരു മൃതശരീരത്തേയും ആരും അനാദരിക്കരുത്‌. ശരീരത്തിന്റെ സ്വകാര്യതകളിലേക്ക്‌ ഒരാളുടെ സമ്മതമില്ലാതെ കടന്നുകയറുന്ന കുളിപ്പിക്കൽ ചടങ്ങു മുതൽ അനാദരവ്‌ ആരംഭിക്കുന്നു. മാലിന്യം നീക്കം ചെയ്യാൻ വയറ്റത്തു ചവിട്ടുന്നതും വീർത്തു തുടങ്ങുന്നതുവരെ പ്രാർഥിക്കുന്നതും അനാദരവു തന്നെയാണ്‌.

മൃതശരീരങ്ങൾ പഠനാവശ്യത്തിന്‌ വേണ്ടി ദാനം ചെയ്യുന്നതിനെ എതിർക്കുന്നത്‌ മതങ്ങളാണ്‌. പരലോകം എന്ന അബദ്ധവിശ്വാസമാണ്‌ ശാസ്ത്രവിരുദ്ധമായി പ്രവർത്തിക്കാൻ മതങ്ങളെ പ്രേരിപ്പിക്കുന്നത്‌. മതാതീതമായി ചിന്തിച്ചവരാണ്‌ സ്വന്തം മൃതശരീരം പഠിക്കാനായി നൽകണമെന്ന്‌ അവകാശികളോട്‌ പറഞ്ഞിട്ടുള്ളത്‌.

കാസർകോട്ടെ മുൻ ഇടതുപക്ഷ ലോകസഭാംഗം രാമണ്ണറെയുടെയും, സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവ്‌ ഇടമറുകിന്റേയും, ഡോ. എൻ എം മുഹമ്മദാലിയുടേയും, ഫാദർ അലോഷ്യസ്‌ ഫെർണാണ്ടസിന്റേയും, ക്യാപ്റ്റൻ ലക്ഷ്മിയുടേയും, ഡോ. എ ടി കോവൂരിന്റെയും തെരുവത്ത്‌ രാമന്റേയും മറ്റും ശരീരദാനം മാതൃകാപരം ആയിരുന്നു.

അത്തരം വലിയ മനുഷ്യരെ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അനന്തര തലമുറയുടെ മൃതദേഹങ്ങളാണ്‌ അപമാനിക്കപ്പെട്ടിരിക്കുന്നത്‌. സാക്ഷര കേരളത്തിന്റെ മുഖത്ത്‌ പറ്റിയ മാലിന്യമായിപോയി ഈ പ്രവൃത്തി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുവാൻ മന്ത്രിസഭാ തലത്തിൽ അതിവേഗ നടപടികളുണ്ടാവേണ്ടതാണ്‌.

ശരീരദാനത്തിന്‌ പേരു രജിസ്റ്റർ ചെയ്തവരുടെ ഒരു വലിയ നിര ഇന്നു കേരളത്തിലുണ്ട്‌. മൃതശരീരം പഠനത്തിന്‌ വിട്ടുകൊടുത്തവരുടെ  ബന്ധുക്കളെ മാത്രമല്ല,   സമ്മതപത്രം നൽകിയവരെക്കൂടി കോഴിക്കോട്‌ മെഡിക്കൽ കോളജിന്റെ ഈ നടപടി ഞെട്ടിച്ചിരിക്കുകയാണ്‌.

ഡോക്ടർമാരാരും മൃതദേഹം കൊടുക്കാത്തതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ വിദേശത്തു ജോലി ചെയ്യുന്ന മലയാളിയായ ഒരു ലേഡി ഡോക്ടർ പറഞ്ഞത്‌ അസ്ഥികൾ തട്ടിക്കളിച്ചാണ്‌ ഞങ്ങൾ പഠിച്ചത്‌. അതുപോലെ ഞങ്ങളുടെ അസ്ഥി മറ്റാരും തട്ടിക്കളിക്കേണ്ട എന്നു കരുതിയാണ്‌ എന്നായിരുന്നു. ഡോക്ടർമാരുടെ ഈ മനോഭാവവും മാറേണ്ടതുണ്ട്‌.