Tuesday, 31 March 2020

കൊറോണക്കാലത്തെ മരണങ്ങള്‍


ആരോഗ്യമേഖലയിലും സുരക്ഷാമേഖലയിലും പ്രവര്‍ത്തിക്കുന്നവരും  സന്നദ്ധസൈനികരും ഒഴിച്ച് എല്ലാവരും വീട്ടിലിരിപ്പാണ്. വായന,അടുക്കളപ്പണി, ചെറു കൃഷിപ്പണി,വീട്ടിലെ  ബാലലോകവുമായുള്ള ഇടപെടല്‍ ഇതൊക്കെയുണ്ടെങ്കിലും എല്ലാവരും ദു:ഖിതരാണ്. 

നമുക്ക് നേരിട്ട് പരിചയമില്ലാത്ത എത്രയോ സഹോദരരാണ് വിവിധരാജ്യങ്ങളിലായി മരിച്ചത്.നമുക്കേറെ പ്രിയപ്പെട്ട നെരൂദയുടെയും ദാന്തെയുടെയും  കവാബത്തയുടെയും ഷെല്ലിയുടെയും മറ്റും ഭാഷ സംസാരിക്കുന്നവര്‍. എത്രയോ ദു:ഖകരമായ അനുഭവമാണിത്.

നേരിട്ട് പരിചയം ഉണ്ടായിരുന്ന പലരും ചെന്നെത്താവുന്ന ദൂരത്തില്‍ പല അസുഖങ്ങളാല്‍ മരിച്ചു. അവിടെയും ഒന്ന് പോകാന്‍ കഴിയുന്നില്ല.

കൊല്ലത്ത്, ഇസ്ലാം മതം വേണ്ടെന്നു വച്ച് പത്രപ്രവര്‍ത്തകനായ തുളസിയുമായി ചേര്‍ന്നു കുടുംബജീവിതം വിജയകരമായി നയിച്ച ലൈലയുടെ മരണം.കോട്ടാത്തല സുരേന്ദ്രനും തെങ്ങമം ബാലകൃഷ്ണനും കെ.തങ്കപ്പനും തോപ്പില്‍ രവിയും കെ.പി.അപ്പനും ഡോ.ബലരാമനും അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം പൊതു ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ സംസ്ക്കരിച്ചപ്പോള്‍ മാത്രമാണ് അവിടെ എത്താന്‍ കഴിഞ്ഞത്.പിന്നീട് കര്‍ശനമായ വീട്ടുസുരക്ഷയില്‍.

ജനകീയ ചിത്രകാരന്‍ കെ.പ്രഭാകരന്‍റെ മരണം. ചിന്ത രവിയുടെ സഹോദരനെന്ന നിലയിലല്ല, ആശയപരമായി ഒരേ തൂവല്‍ പക്ഷികളെന്ന നിലയിലായിരുന്നു പ്രഭാകരനുമായുള്ള അടുപ്പം.കൊല്‍ക്കത്ത, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് കണ്ടപ്പോള്‍ ആ നനുത്ത സ്നേഹത്തിന്‍റെ പൊട്ടാത്ത വേരുകള്‍ അറിഞ്ഞതാണ്. അദ്ദേഹവും ജീവിത പങ്കാളിയായ കബിതാ മുഖര്‍ജിയും ചിത്രകലയുടെ ക്യാന്‍വാസില്‍ വരഞ്ഞിട്ട വ്യത്യസ്ത ബിംബങ്ങള്‍ ഓര്‍ത്ത് കൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാനെ കഴിഞ്ഞുള്ളു.

കഥാകൃത്തും പ്രസംഗകനും ലേ ഔട്ട്‌ ആര്‍ട്ടിസ്റ്റും ഒക്കെയായ ബേബി തോമസിന്റെ മരണം. എണ്‍പതുകളില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും തുടങ്ങിയ എലുക എന്ന കുഞ്ഞുമാസികയാണ് അദ്ദേഹത്തെ സാംസ്ക്കാരിക ലോകവുമായി അടുപ്പിച്ചത്. അദ്ദേഹവുമായി ചേര്‍ന്ന് കുറെ    കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ പ്രധാനം പി.കെ റോസിയെ കുറിച്ചുള്ള അന്വേഷണമാണ്. തലസ്ഥാനനഗരം അവഗണിച്ച വെട്ടിയാര്‍ പ്രേം നാഥ്, കവിയൂര്‍ മുരളി,കല്ലട ശശി, ഭവാനി പ്രേംനാഥ് തുടങ്ങിവയവരെ ഓര്‍മ്മിക്കാന്‍ വേണ്ടി നടത്തിയ സമ്മേളനങ്ങള്‍. മതത്തെ തള്ളിക്കളഞ്ഞ ബേബിച്ചന്റെ മൃതശരീരം ആ വഴിയേ മുന്‍പേ സഞ്ചരിച്ച അബു എബ്രഹാം അടക്കമുള്ളവരെ യാത്രയാക്കിയ  ശാന്തികവാടത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തില്‍ സംസ്ക്കരിക്കുകയായിരുന്നു.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ ജീവിതത്തിലെ ഏതു മുഹൂര്‍ത്തത്തെ കുറിച്ചും ഏതു കവിതയെ കുറിച്ചും അറിയാവുന്ന ഒരാള്‍  അത് സാഹിത്യകാരന്മാരോ പ്രൊഫസര്‍ മാരോ ആയിരുന്നില്ല. ആലപ്പുഴയിലെ കമ്മ്യൂനിസ്റ്റ് നേതാവായിരുന്ന ടി.പുരുഷോത്തമന്‍ ആയിരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27നു വയലാറില്‍ അദ്ദേഹം നടത്തിയിരുന്ന മണിക്കൂറുകള്‍ നീണ്ട വയലാര്‍ കാവ്യപ്രസംഗം അത്ഭുതത്തോടെയാണ് സദസ്യര്‍ കേട്ടിരുന്നത്. ഈ സൗഹൃദനിഷേധിയായ കൊറോണക്കാലത്ത് വൃക്കരോഗം ബാധിച്ചു ആ സഖാവും യാത്രപറഞ്ഞു.

അങ്കമാലിയിലെ കമ്മ്യൂനിസ്റ്റ് നേതാവായ പി.ഏ. മത്തായി.രാഷ്ട്രീയ സൈദ്ധാന്തിക മേഘലയിലെ അന്വേഷകനും തൊഴിലാളി നേതാവും ആയിരുന്നു. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫിനിന്റെ ജീവിത പങ്കാളിയായ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിനു നല്‍കുകയായിരുന്നു. നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്.അദ്ദേഹവും വീടടച്ച ഈ കൊറോണക്കാലത്ത് ഹൃദ്രോഗം മൂലം വിട പറഞ്ഞു.

എത്ര നഷ്ടങ്ങള്‍.എത്ര ദുഃഖങ്ങള്‍.മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ കഴിയാതെ മുറികളിലിരുന്നു വിങ്ങിപ്പൊട്ടിയവര്‍.കൊറോണ തന്ന പാര്‍ശ്വദുഃഖങ്ങള്‍ അനവധിയാണ്.

Thursday, 5 March 2020

മിശ്രവിവാഹം അഭിമാനകരം


മിശ്രവിവാഹം അധികവും സംഭവിക്കുന്നത് പ്രണയത്തിന്റെ സ്വാധീനം മൂലമാണ്. പ്രകൃതിയില്‍ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യും.വിവാഹത്തില്‍ കലാശിക്കുമ്പോഴാണ്‌ ജാതിയും മതവും വാളും  കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സിമിത്തേരിയില്‍ മറവു ചെയ്യപ്പെടും.

ആദ്യമൊക്കെ പിന്തിരിപ്പിക്കാന്‍ നോക്കും. മാതാപിതാക്കളുടെ ആത്മഹത്യാ ഭീഷണിവരെ ഉണ്ടാകും. എന്നിട്ടും പിരിയുന്നില്ലെങ്കില്‍ മതം മാറ്റാനുള്ള പ്രലോഭനങ്ങള്‍ ആരംഭിക്കും. പ്രണയികള്‍ക്ക് മതത്തെക്കാള്‍ വലുത് പ്രണയം ആയതിനാല്‍ മതം മാറ്റത്തെ പുല്ലുപോലെ സ്വീകരിച്ച് അവര്‍ പ്രണയസാഫല്യം നേടും.

അറിയാതെ പെട്ടുപോയ ജാതിയില്‍ നിന്നും മതത്തില്‍ നിന്നും ജീവിത പങ്കാളിയെ സ്വീകരിക്കുല്ലെന്നു ഉറപ്പിച്ച ചിലരുണ്ട്.അവര്‍ വളരെ ശ്രദ്ധയോടെ വിജാതീയ വിവാഹം നടത്തുക തന്നെ ചെയ്യും.

പ്രണയികളോട് മതം ക്രൂരമായാണ് പെരുമാറുന്നത്. കൊല്ലാനും അവര്‍ മടിക്കില്ല. കാസര്‍കോട്ടെ ബാലകൃഷ്ണനെ കൊന്നത് ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല. മലപ്പുറം, കോട്ടയം ജില്ലകളില്‍  സമീപകാലത്തുണ്ടായ  ദുരഭിമാന നരഹത്യ കേരളത്തിന്റെ മുഖത്ത് പുരണ്ട ചോരയാണ്.

മിശ്രവിവാഹം അഭിമാനകരമാണ്. ഒരിക്കല്‍ എറണാകുളത്ത്  മിശ്രവിവാഹിതരുടെ ഒരു യോഗത്തില്‍ പങ്കെടുക്കാനിടയായി. എറണാകുളം ജില്ലയിലെ അന്നത്തെ വനിതാ കളക്ടറും ജില്ലാ പോലീസ് മേധാവിയുമാണ് വിശിഷ്ട അതിഥികളായി പങ്കെടുത്തത്. മിശ്രവിവാഹിതര്‍. മാത്രമല്ല ഞങ്ങള്‍ മിശ്രവിവാഹിതര്‍ ആണെന്ന് അവര്‍ അഭിമാനത്തോടെ അവിടെ പറയുകയും ചെയ്തു.

അതെ. മിശ്രവിവാഹം അഭിമാനകരമാണ്. അന്തസ്സോടെ തല ഉയര്‍ത്തിനിന്നു പറയാവുന്ന കാര്യം.

ഐതിഹ്യത്തിലെ കേരളത്തിന്‍റെ വംശപരമ്പര വരരുചിയുടെ മിശ്രദാമ്പത്യത്തില്‍ നിന്നും ആരംഭിക്കുന്നു. കഥ അങ്ങനെയുണ്ടെങ്കിലും കേരളം ജാതിപ്പിശാചിന്റെ കരാളഹസ്തത്തില്‍ പെടുകയും ജാതിയും മതവും മാറിയുള്ള വിവാഹം അനുവദിക്കാത്ത ഒരു സമൂഹമായി മാറുകയും ചെയ്തിരുന്നു. മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഒരു അപമാനിത കേരളം. മിതവാദി കൃഷ്ണന്‍, പോത്തേരി കുഞ്ഞമ്പു തുടങ്ങിയവര്‍ സ്വന്തം കുടുംബങ്ങളില്‍ മിശ്രവിവാഹം അനുവദിച്ചുകൊണ്ട്  മാറ്റത്തിന്‍റെ പച്ചക്കൊടി പറപ്പിച്ചു. ഇന്ന് ലക്ഷക്കണക്കിന്‌ മിശ്രവിവാഹിതരാണ് കേരളത്തില്‍ ഉള്ളത്.

സമുന്നത രാഷ്ട്രീയ പ്രതിഭകളായ ടി.വി. തോമസ്സും കെ.ആര്‍.ഗൗരിയും ഏ.കെ.ഗോപാലനും സുശീലാഗോപാലനും ജോര്‍ജ്ജ്  ചടയന്‍മുറിയും  വി.വി.രാഘവനും ബിനോയ്‌ വിശ്വവും തോപ്പില്‍ ഗോപാലകൃഷ്ണനും വയലാര്‍ രവിയും   മറ്റും ഈ വഴിയേ സഞ്ചരിച്ചവരാണ്.
സമുന്നത സാഹിത്യ സാംസ്കാരിക പ്രതിഭകളായ തിരുനല്ലൂര്‍ കരുണാകരനും ഓ.വി.വിജയനും കെ.ഇ.എന്നും  ഇടമറുകും തെങ്ങമം ബാലകൃഷ്ണനും പെരുമ്പുഴ ഗോപാലകൃഷ്ണനും  കെ.ജി.എസും സക്കറിയയും മറ്റും  വഴികാട്ടികളാണ്.

മിശ്രവിവാഹിതര്‍ അനുഭവിക്കുന്ന പെട്ടെന്നുള്ള ഒരു പ്രതിസന്ധി സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ രാപ്പാര്‍ക്കാന്‍ ഒരു കൂര എന്നതാണ്. മിശ്രവിവാഹിതര്‍ക്ക് ഒരു വര്ഷം വരെ സുരക്ഷിതമായി താമസിക്കാന്‍ സര്‍ക്കാര്‍ രക്ഷാവീടുകള്‍ ഒരുക്കുകയാണ്.ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള മിശ്രവിവാഹിതര്‍ക്ക് മുപ്പതിനായിരം രൂപ സഹായധനം നല്‍കുന്നുണ്ട്.ഒരാള്‍ പട്ടികജാതിയില്‍ പെട്ട ആളാണെങ്കില്‍ എഴുപത്തയ്യായിരം രൂപയാണ് കുടുംബം സൃഷ്ടിച്ചു ജീവിക്കാനുള്ള സഹായധനം. ഉദ്യോഗസ്ഥരായ മിശ്രവിവാഹിതര്‍ക്ക് സ്ഥലം മാറ്റത്തിലും അനുകൂല പരിഗണനയുണ്ട്.

കോണ്‍ഗ്രസ് അംഗമായ പി.ടി തോമസ്സിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി കെ.കെ.ശൈലജയാണ് ഈ വിവരം നിയമസഭയില്‍ പറഞ്ഞത്. മിശ്രവിവാഹം സമൂഹത്തിന്റെ ആരോഗ്യത്തിനു അത്യന്താപേക്ഷിതം ആകയാല്‍ കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രിതന്നെ മറുപടി പറഞ്ഞത് നന്നായി.

കാര്യങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല. ജാതിക്കും മതത്തിനും അമിത  പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തെയാണ് രാജ്യം ലക്‌ഷ്യം വയ്ക്കുന്നതെങ്കില്‍ മിശ്രവിവാഹിതര്‍ക്ക് ജോലിക്കാര്യത്തില്‍ സംവരണം നല്‍കേണ്ടതാണ്. ജാതിമതരഹിതരായി പഠിക്കുന്ന നിരവധി കുഞ്ഞുമക്കള്‍ കേരളത്തിലുണ്ട്. അവരുടെ ഭാവി സുരക്ഷിതം ആക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

മിശ്രവിവാഹിതരുടെ സമ്മേളനത്തിനായി എഴുതിയ വി.കെ പവിത്രന്റെ കവിത ഇന്ന് ഇന്ന് പലരാഷ്ട്രീയകക്ഷികളും ഏറ്റു വിളിക്കുന്നുണ്ട്. ഞങ്ങളിലില്ലാ ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ഇസ്ലാം രക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ മുദ്രാവാക്യം സാക്ഷാത്ക്കരിക്കണമെങ്കില്‍ 
മിശ്രവിവാഹത്തെ എല്ലാ പരിഗണനയും കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്

Monday, 2 March 2020

പുരോഹിതന്‍ പുറത്താകുമ്പോള്‍


കേരളത്തില്‍ ഒരു പുരോഹിതനെ കൂടി പൗരോഹിത്യപ്പണികളില്‍ നിന്നും മാറ്റിനിറുത്താന്‍ മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നു.

കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാവാത്ത ഒരു വിദ്യാര്‍ഥിനിയെ ബലാല്‍ഭോഗം ചെയ്തു  ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് തലശ്ശേരി പോക്സോ കോടതി ഇരുപതു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച റോബിന്‍ വടക്കുംചേരി എന്ന പുരോഹിതനെയാണ് ക്രിസ്തുസേവയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവവും അല്ല. പുരോഹിതന്മാരുടെ ലൈംഗിക അക്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ നേരത്തെ തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്.

ഇതിന്റെ നിയമവശങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. എന്നാല്‍ വിശാസവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെടുന്ന ഒരു പച്ചക്കള്ളം ശ്രദ്ധിക്കേണ്ടാതായിടുണ്ട്. അത് എല്ലാ ജീവജാലങ്ങളുടെയും പ്രവര്‍ത്തികള്‍ ദൈവം കാണുന്നുണ്ട് എന്നതാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഉത്സവത്തിനു പോയപ്പോള്‍ ഉണ്ടായ ഒരു ദുരനുഭവം വിവരിച്ചിട്ട്‌, എല്ലാം കണ്ടുകൊണ്ടു മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട് എന്നു പറയുന്നുണ്ട്. അപ്പോള്‍ മങ്കട രവിവര്‍മ്മ ക്യാമറ മുകളിലേക്ക് തിരിക്കുകയും അനന്ത വിശാലമായ ആകാശത്തില്‍ ഒരു മരച്ചില്ലയിലൂടെ ചിലച്ചുപോകുന്ന അണ്ണാറക്കണ്ണനെ കാണിക്കുന്നുമുണ്ട്.

മുകളിലച്ചന്‍ എന്നറിയപ്പെടുന്ന ഫാ.തോമസ്‌ പി.മുകളില്‍ സ്വന്തം കാര്‍ട്ടൂണുകളും കുഞ്ഞിക്കഥകളും ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഥ കഥച്ചു കത്തനാര് വരവരച്ചു എന്നാണ് രസകരമായ ആ പുസ്തകത്തിന്‍റെ പേര്. അതില്‍ ഒരു കാര്‍ട്ടൂണില്‍ വാചാപ്രാര്‍ത്ഥനക്ക് എത്തുന്ന പുരോഹിതന്‍ ഇങ്ങനെ പറയുന്നുണ്ട്." കര്‍ത്താവേ അങ്ങയ്ക്ക് അറിയാമോ എന്നെനിക്ക് അറിയില്ല.... "

ദൈവം എല്ലാ പ്രവര്‍ത്തികളുടെയും സാക്ഷിയാണോ? അങ്ങനെയൊന്നു പ്രചരിപ്പിക്കുന്നത് മനുഷ്യനില്‍ ദൈവഭയം സൃഷ്ടിച്ച്   നേര്‍വഴിക്ക് നടത്താനാണോ? അങ്ങനെയെങ്കില്‍ ഈ പുരോഹിതന്‍ ദൈവഭയത്തെ അവഗണിച്ചു തെറ്റ് ചെയ്തത് എന്തുകൊണ്ടാണ്? നമ്മള്‍ ഭയക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടത് ദൈവത്തെയാണോ ധാര്‍മ്മിക മൂല്യങ്ങളെയാണോ? ഇത്തരം കുറെ അടിസ്ഥാന ചോദ്യങ്ങള്‍ കൂടി കൊട്ടിയൂരെ ഹീനസംഭവം ഉയര്‍ത്തുന്നുണ്ട്.

അഭയക്കേസിലെ പ്രധാനസാക്ഷി വിശ്വാസമനുസരിച്ച് ദൈവം ആണല്ലോ. അദ്ദേഹം ഇന്നുവരെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഫ്രാങ്കോകേസിലെ കന്യാസ്ത്രീകളും ബലാല്‍ഭോഗ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതൊന്നും ദൈവം തടയുകയോ ഇരകളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥകളിലൂടെയാണ് എല്ലാ അന്വേഷണങ്ങളും പുരോഗമിക്കുന്നത്.

ദൈവത്തിന്റെ കോടതിയും ശിക്ഷാവിധികളും മരണത്തിനു ശേഷമാണ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ചെയ്യാനുള്ള പ്രവണതയെ ഉത്സാഹിപ്പിക്കുകയേയുള്ളൂ. 

ദൈവത്തിന്റെ സാക്ഷിത്വം,ശിക്ഷാവിധി തുടങ്ങിയ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് മതങ്ങളാണ്. അങ്ങനെ പ്രചരിപ്പിച്ച ഒരു വികാരിയാണ്‌ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മതം മനുഷ്യനെ നന്നാക്കാനുള്ള ഒരു ഉപാധിയേയല്ല. അത് തെറ്റുകള്‍ ചെയ്യാനുള്ള സുരക്ഷിതത്വമുള്ള ഒരു മറ മാത്രമാണ്.

പ്രതിശ്രുത വധുവേ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ എന്ന് വയലാര്‍ രാമവര്‍മ്മ ഒരു സിനിമാപ്പാട്ടില്‍ ചോദിക്കുന്നുണ്ട്. അതാണ്‌ വാസ്തവം. മനുഷ്യനെ  നയിക്കേണ്ടത് മത നിയമങ്ങള്‍  അല്ല. ധാര്‍മ്മികമൂല്യങ്ങളാണ്.

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് എഴുതിയ സഹോദരന്‍ അയ്യപ്പന്‍ അടുത്ത വരിയായി എഴുതിയിട്ടുള്ളത് വേണം ധര്‍മ്മം എന്നാണ്.

Thursday, 20 February 2020

തീന്‍മേശയിലെ ചക്ക


പ്ലാവില്‍ കയറി ചക്കയിട്ട് ഒറ്റയ്ക്ക് വൃത്തിയാക്കി വെളിച്ചെണ്ണയില്‍ വറുത്ത് വറ്റലാക്കി ഒറ്റയ്ക്ക് തന്നെ കഴിക്കുന്ന ഒരു കഥാപാത്രത്തെ വി.കെ.എന്‍ അവതരിപ്പിച്ചിട്ടുണ്ട്. വി.കെ.എന്നിന്‍റെ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്ഥരാണ്. അതുപോലെ ഈ കഥാപാത്രവും. ചക്കയുടെ സാമൂഹ്യമായ പങ്കുവയ്ക്കലിനെയാണ് ഈ കഥാപാത്രം നിരസിക്കുന്നത്. അത് വി.കെ.എന്‍ കഥാപാത്രത്തിന്റെ പ്രത്യേകത.എന്നാല്‍ ചക്ക ഒറ്റയ്ക്ക് തിന്നാവുന്ന ഒരു ആഹാരമേയല്ല.

ചക്ക ഇട്ടാല്‍ അത്   പകുത്ത് അയല്‍ക്കാര്‍ക്ക്
കൊടുക്കുന്നതാണ്  കേരളീയരുടെ  രീതി. ചക്ക കൊണ്ട് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വീട്ടിലുള്ളവര്‍ എല്ലാവരും പല നേരമായി കഴിക്കുന്നു. ചക്കക്കാലമായാല്‍ പിന്നെ തീന്‍ മേശയില്‍ ചക്കയുടെ എകാധിപത്യമാണ്. കറികളെല്ലാം ചക്കകൊണ്ട്. ചിലപ്പോള്‍ ചോറുതന്നെ ഒഴിവാക്കി ചക്കപ്പുഴുക്ക് പകരം കഴിക്കും.  

പി.[പി.രാമചന്ദ്രന്റെ ഒരു കവിത ചക്കയുടെ സാമൂഹ്യമായ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്. ചക്കയുമായും പ്ലാവുമായും ബന്ധപ്പെട്ട നിരവധി ചൊല്ലുകളും മലയാളത്തില്‍ ഉണ്ട്. ആയുര്‍വേദ ഔഷധരംഗത്തും പ്ലാവിനും ചക്കയ്ക്കും വലിയ പ്രാധാന്യമുണ്ട്. പ്ലാവിന്റെ വിശാലമായ  തണലില്‍ പ്ലാവിലയും മറ്റും ഉപയോഗിച്ചു കളിക്കോപ്പുകള്‍ ഉണ്ടാക്കിയും പ്ലാവിന്റെ ബലവത്തായ ശിഖരങ്ങളില്‍ ഊഞ്ഞാലാടിയും അര്‍മ്മാദിച്ച കേരളത്തിന്‍റെ ബാല്യം ഇന്ന് മുതിര്‍ന്നവരുടെ ഓര്‍മ്മയിലാണുള്ളത്. 

പിലാത്തറ, പ്ലാംമൂട്, മച്ചിപ്ലാവ്, ഒറ്റപ്ലാവ് തുടങ്ങിയ സ്ഥലപ്പേരും കേരളത്തില്‍ ഉണ്ട്.
പൊത്തില്‍ രാജാവിനെ ഒളിപ്പിച്ച അമ്മച്ചിപ്ലാവ് കേരളചരിത്രത്തിന്റെ ഭാഗവുമാണ്. അന്‍പതിലധികം ഇനത്തിലുള്ള പ്ലാവുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ച വളമൊന്നും വേണ്ടാതെ വളരുന്ന പ്ലാവിന്‍റെ തടി തേക്കും ഈട്ടിയും പോലെതന്നെ  രാജകൊട്ടാരങ്ങളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.

നാഗരികതയിലേക്കുള്ള വ്യതിയാനം ചക്കയെ കേരളത്തിന്റെ  ഭക്ഷണമുറിയില്‍ നിന്നും അകറ്റി. പ്രമേഹരോഗികള്‍ ചക്ക ഉപേക്ഷിക്കണം എന്ന വൈദ്യോപദേശവും ഒരു കാരണമാണ്. ഇപ്പോള്‍ പ്രമേഹരോഗികള്‍ക്കും ചക്ക കഴിക്കാമെന്നു ഉപദേശിച്ചു തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലെ ആധുനികവിപണികളില്‍ മുള്ളും ചകിണിയുമൊക്കെ കളഞ്ഞു എളുപ്പത്തില്‍ പാകപ്പെടുത്താവുന്ന രീതിയിലുള്ള ചക്കക്കഷണങ്ങള്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. മണ്ണു പുരട്ടി ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കുന്ന ചക്കക്കുരു പഞ്ഞമാസങ്ങളില്‍ മലയാളിയുടെ അഭയം ആയിരുന്നു.

നാട്ടുവഴികളില്‍ ചിതറിക്കിടന്നു ഈച്ചയാര്‍ക്കുന്ന ചീഞ്ഞ ചക്ക നാഗരികജീവിതാസക്തിയുടെ ദുര്‍മുഖമാണ് കാട്ടിത്തരുന്നത്. ചക്ക മൊത്തമായി വാങ്ങി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വറ്റലും ബിസ്ക്കറ്റുമാക്കി കവറുകളില്‍ അടക്കി കേരളത്തിലെ കമ്പോളങ്ങളില്‍ തന്നെ എത്തിക്കുന്ന വ്യാവസായികളും ഉണ്ട്.

വിശപ്പടക്കാനുള്ള ഏറ്റവും നല്ല ഉപാധിയെന്ന നിലയില്‍ ചക്ക നമ്മുടെ തീന്‍ മേശയിലേക്ക്‌ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. പ്ലാവ് കൃഷിക്ക്  കേരളത്തിന്റെ കൃഷിവകുപ്പും പ്രോത്സാഹനം നല്‍കുന്നുണ്ട്. അധികമാരും വായിക്കാത്ത ഒരു നല്ല മാസിക കൃഷിവകുപ്പിനു ഉണ്ട്. കേരള കര്‍ഷകന്‍. ഈ മാസികയിലൂടെയും ചക്ക ഉത്പാദനത്തിന്റെ പ്രാധാന്യം കര്‍ഷകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ചക്കകൊണ്ടുള്ള വിഭവമേളകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.

ചക്കയ്ക്ക് എന്തെല്ലാം പ്രാധാന്യം ഉണ്ടായാലും ചമ്മന്തിക്ക് ഉപകരിക്കില്ലല്ലോ എന്ന് ഒരു കവിതയില്‍ കുഞ്ഞുണ്ണിമാഷ് വിലപിക്കുന്നുണ്ട്.എന്നാല്‍ ചക്ക കൊണ്ട് ചമ്മന്തിയും ഉണ്ടാക്കാം എന്നാണു പ്രമുഖ പാചക ഗവേഷകയായ ആന്‍സി മാത്യു പാലാ കണ്ടെത്തുന്നത്. ചക്ക കൊണ്ട് ചമ്മന്തിയും ചമ്മന്തിപ്പൊടിയും ഉണ്ടാക്കാമെന്നു ആന്‍സിയുടെ ചക്കവിഭവങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

നാട്ടുരുചികള്‍, പുതുരുചികള്‍, പലവക വിഭവങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പാചകകലാ ഗ്രന്ഥത്തില്‍ നൂറ്റമ്പത്തിലധികം ചക്കവിഭവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷണത്തിന് ഉപയോഗിക്കാം.എന്നാല്‍ പ്ലാവിലയോ? ആടുകള്‍ക്ക് അല്ലാതെ മനുഷ്യനും പ്ലാവില ഭക്ഷണമാണോ? പ്ലാവില കൊണ്ട് രുചികരമായ തോരന്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നും ആന്‍സി പറയുന്നുണ്ട്. അധികം മൂക്കാത്ത പ്ലാവിലയും തേങ്ങ,പച്ചമുളക്,ചുവന്നുള്ളി,ഇഞ്ചി,ഉപ്പ്,മഞ്ഞള്‍പ്പൊടി, കടുക്,എണ്ണ, പയര്‍ എന്നിവയുമാണ് ഈ വിഭവത്തിന്റെ ചേരുവകള്‍.

ചക്കക്കുരു, ചക്ക,കൊഞ്ച് ഇവ ചേര്‍ത്തു ചക്കക്കൊഞ്ചു കറിയും ഇടിച്ചക്ക കൊണ്ടുള്ള സാമ്പാറും, ചക്കയും കടലയും ചേര്‍ത്തുള്ള കൂട്ടുകറിയും ചക്കക്കുരു കൊണ്ട് ഉപ്പിലിട്ടതും ഉണ്ടാക്കാം.ഇതെല്ലാം നമ്മുടെ ആദരണീയരായ വീട്ടമ്മമാര്‍ ഉണ്ടാക്കി രുചിച്ചു ബോധ്യപ്പെട്ടതുമാണ്.

പുതുരുചികള്‍ എന്ന വിഭാഗത്തില്‍ ചക്കയും ചിക്കനും ചേര്‍ത്തുള്ള ബിരിയാണി, ചക്കപ്പഴം പേട, ഇടിച്ചക്ക കബാബ്, ചക്കസൂപ്പ് തുടങ്ങി നിരവധി വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞിരിക്കുന്നു.

പലവക എന്ന വിഭാഗത്തില്‍ ചക്കമുള്ള് കൊണ്ടുള്ള ദാഹശമനി, വൈന്‍,കൊണ്ടാട്ടം,വിനാഗിരി,ചക്കക്കുരു അവലോസുപൊടി തുടങ്ങിയവയും വിശദീകരിക്കുന്നുണ്ട്.

ചക്ക കേരളത്തിന്‍റെ ഏറ്റവും രുചികരവും പോഷകമൂല്യം ഉള്ളതുമായ ആഹാരമാണ്. പ്ലാവ് കേരളത്തിന്റെ മഹാസാധ്യതകള്‍ ഉള്ള വൃക്ഷവും.

Tuesday, 4 February 2020

അന്ധവിശ്വാസ പ്രചാരണം കുറ്റകരം


ആദരണീയനായ കേരള മുഖ്യമന്ത്രി അടുത്തകാലത്ത് നടത്തിയ ചില പ്രതികരണങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.
പാലക്കാട്ട് സംസ്ഥാന ശാസ്ത്ര കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ചപ്പോള്‍, അന്ധവിശ്വാസപ്രചാരണം ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതഭരണഘടനയില്‍ പൗരന്റെ മൌലിക കര്‍ത്തവ്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) വിഭാഗത്തിലാണ് സംശയരഹിതമായി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്ക്കരണത്തിനും  ഉള്ള മനോഭാവവും വികസിപ്പിക്കുക എന്നാണു ഭരണഘടനയില്‍ ഉള്ളത്.അന്ധവിശ്വാസ പ്രചാരണം തീര്‍ച്ചയായും ശാസ്ത്രീയമായ കാഴ്ചപ്പാടിന് എതിരാണല്ലോ. അതുകൊണ്ടുതന്നെ അത് ഭരണഘടനാ ലംഘനവുമാണ്.

നമ്മുടെ നാട്ടില്‍ വ്യാപകമായി  ഭരണഘടനാലംഘനം നടന്നുകൊണ്ടിരിക്കുന്നു. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുണ്ടാവുന്ന നരഹത്യകള്‍ ഭരണഘടനയെ നോക്കി കൊഞ്ഞനം കുത്തുന്നു. ശാസ്ത്രാന്വേഷനത്തിനു പകരം ഉപേക്ഷിക്കപ്പെട്ട യാഗങ്ങളും ജാതിതിരിച്ചുള്ള താലപ്പൊലികളും ചമയവിളക്കുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു.റോക്കറ്റ് വിടുമ്പോള്‍ പോലും നാളീകേരം ഉടച്ച് ശാസ്ത്രജ്ഞന്മാര്‍ പ്രാകൃത വിശ്വാസത്തെ സാധൂകരിക്കുന്നു.പ്രളയത്തില്‍ പെട്ട് കേരളം നട്ടം തിരിയുമ്പോഴും അമ്പലപ്പറമ്പുകളില്‍ പൊങ്കാലയും സപ്താഹവും പൊടിപൊടിക്കുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള അട്ടഹാസങ്ങളും പാരഡി ഭക്തിപ്പാട്ടുകളും തെരുവു തകര്‍ക്കുന്നു. ചൊവ്വയിലേക്ക് ശാസ്ത്രാന്വേഷണങ്ങള്‍ നീളുമ്പോഴും ചൊവ്വാദോഷം ജീവിത വിഘ്നമായി നിലകൊള്ളുന്നു.

ഇതൊക്കെ മനസ്സിനെ വിഷമിപ്പിക്കുന്നത് കൊണ്ടാകാം മുഖ്യമന്ത്രി ഈ ഭരണഘടനാ ലംഘനത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

സഹോദരന്‍ അയ്യപ്പന്‍റെ സയന്‍സ് ദശകത്തിന്‍റെ പ്രാധാന്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.ദൈവദശകം കേള്‍ക്കുമ്പോള്‍ എഴുനേറ്റുനിന്ന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍, അതിനുശേഷമുണ്ടായ സയന്‍സ് ദശകത്തെ അവഗണിക്കുകയാണ് പതിവ്. ആ കവിത ശാസ്ത്ര കോ ണ്ഗ്രസ്സില്‍ മാത്രമല്ല, വിദ്യാലയങ്ങളിലുടനീളം പരിചയപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കും. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണം പുതുതലമുറയില്‍ സൃഷ്ടിക്കുവാന്‍ സയന്‍സ് ദശകത്തിനു കഴിയും.

കേളപ്പന്റെയും  പി.കൃഷ്ണപിള്ളയുടെയും ഏ കെ ജി യുടെയും  മറ്റും പ്രവര്‍ത്തന ഫലമായാണ് ഗുരുവായൂര്‍ അമ്പലം എല്ലാ ഭക്തജനങ്ങല്‍ക്കുമായി തുറന്നു കൊടുത്തത്.അവിടെ ഒരു യോഗത്തിനെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ഒഴിവാക്കാതെതന്നെ അവിടെയാണോ കൃഷ്ണന്‍ ഉള്ളത് എന്ന് ചോദിക്കുകയായിരുന്നു.പ്രധാനമന്ത്രി വന്നു ത്രാസില്‍ തൂങ്ങി അന്ധവിശ്വാസത്തെ വിശ്വാസപ്പട്ടികയില്‍ പെടുത്തി സാധൂകരിച്ച സ്ഥലമാണത്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ സ്ഥിരം സന്ദര്‍ശനസ്ഥലം.
അവിടെയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി മാതൃകയായത്.

കേരളീയരില്‍ പേരിനോടൊപ്പം ജാതിപ്പേര്‍ വയ്ക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനെയും മുഖ്യമന്ത്രി അടുത്ത കാലത്ത് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ജാതിവാലുള്ള ഒരാള്‍ പോലും ഇല്ലെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അഭിമാനകരമായ കാര്യം.

പുരോഗമന വീക്ഷണമുള്ള കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിനു മുന്നില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ തുടര്‍ നടപടികള്‍ക്കായി അവശേഷിക്കുന്നുണ്ട്.
ഒന്ന് അന്ധവിശ്വാസ(ദുര്‍ മന്ത്രവാദ) നിര്‍മ്മാര്‍ജ്ജന നിയമം.കേരളത്തിലെ സാംസ്കാരിക സംഘടനകള്‍ ബില്ലായിത്തന്നെ എഴുതിയുണ്ടാക്കി മുന്‍ ഭരണാധികാരികളുടെ മുന്നില്‍ സമര്‍പ്പിച്ചതാണ്. അത് പരിഗണിക്കണം.

രണ്ട്, കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സൈമണ്‍ ബ്രിട്ടോ നിയമസഭയില്‍ അവതരിപ്പിച്ച മൃതദേഹ സംസ്ക്കരണം സംബന്ധിച്ച ബില്‍ കണ്ടെടുത്തു പരിഗണിക്കണം.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ശാസ്ത്രാവബോധം വളര്‍ത്താനുള്ള നടപടികള്‍ ഭരണതലത്തില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.

Saturday, 1 February 2020

സൗഹൃദത്തിന്റെ സംഗീതം


കടിച്ചു തൂങ്ങിക്കിടക്കുവാനൊരു 
മുടിവള്ളി 
എനിക്കു വേണ്ട, വേണ്ടതൊരല്‍പ്പം
കുടിവെള്ളം 

മരിച്ചടക്കാനീട്ടിത്തടിയുടെ 
ശവമഞ്ചം 
എനിക്കു വേണ്ട,വേണ്ടതു വൈദ്യ-
പ്പഠനമുറി 

പുകച്ചു തള്ളാന്‍ ക്യൂബന്‍ പൊയില-
ച്ചുരുളൊന്നും 
എനിക്കു വേണ്ട, വേണ്ടതു സ്നേഹ-
ത്തരിമധുരം 

നമിച്ചു നില്‍ക്കാന്‍ ദൈവാധീന-
പ്പുകിലല്ല
എനിക്കു വേണ്ടതു സൌഹൃദമേ 
നിന്‍ സംഗീതം.