Tuesday, 11 August 2026

രാമായണമാസവും മൈക്കും

 രാമായണമാസവും മൈക്കും

--------------------------------------------

ഒരു സാഹിത്യകൃതിയെന്നനിലയിൽ ആവർത്തിച്ച് ആസ്വദിച്ചു വായിക്കാവുന്ന പുസ്തകമാണ് രാമായണം. എഴുത്താളരാവാൻ രാമായണം വായിക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ല. എന്നാൽ വായന ആസ്വാദനചക്രവാളത്തെ വികസിപ്പിക്കുകയും ചിന്താവിഷ്ടയായ സീതപോലെയുള്ള ഒരു ചിന്താപദ്ധതിക്ക് സഹായകമാവുകയും ചെയ്യും.

രാമായണം കർക്കടകമാസത്തിൽത്തന്നെ വായിക്കണമെന്നില്ല. എപ്പോൾ വേണമെങ്കിലും വായിക്കാവുന്നതേയുള്ളു. എഴുത്തച്ഛനെത്തന്നെ വായിക്കണമെന്നില്ല. ഏതു രാമായണം വായിച്ചാലും മനസ്സിൽ തറയുന്ന കാവ്യപാത്രം സീതതന്നെ. അതുവായനയുടെ കാര്യം. എന്നാൽ വായനക്കിടയിൽ കർക്കടകമാസത്തിലുണ്ടായ ഒരു ദാരുണസംഭവമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. അത് ഒരു അമ്മയുടെ മരണമാണ്.

തിരുവനന്തപുരം ജില്ലയിലെ നാരുവാമൂട് മാർത്താണ്ഡേശ്വരം കല്ലത്തറമേലേ പാറവിളവീട്ടിൽ കൃഷ്ണമ്മയെന്ന പാവം അമ്മയാണ് മരിച്ചത്. ഭക്തിയോടെ രാമായണപാരായണം നടത്തിയപ്പോൾ മൈക്കിൽ നിന്നുമുണ്ടായ വൈദ്യുതിപ്രവാഹമേറ്റാണ് അമ്മ മരിച്ചത്. രാമായണമാസക്കാലത്ത് ക്ഷേത്രങ്ങളിൽ പാരായണം നടത്തുവാൻ ഉയർന്ന സാമ്പത്തികശേഷിയുള്ള വീടുകളിലെ സ്ത്രീകളോ പുരുഷന്മാരോ പോകാറില്ല. സാധാരണകുടുംബത്തിലെ അക്ഷരജ്ഞാനവും ആലാപനശേഷിയുമുള്ള അമ്മയാണ് അപമൃത്യുവിന് ഇരയായത്.

സംഭവം കുറെയേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. രാമായണപാരായണത്തിന് മൈക്ക് ആവശ്യമാണോ? മൈക്കില്ലാതെയല്ലേ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം വായിച്ചിരുന്നത്? ഇതുകൊണ്ട് എന്താണ് പ്രയോജനം? പകൽ മുഴുവൻ അത്യുച്ചത്തിൽ രാമായണം വായിച്ചാൽ ആരാണിത് ശ്രദ്ധിക്കുന്നത്? ഇങ്ങനെ മൈക്ക് ഉപയോഗിക്കുന്നതിനു നിയമപരമായ സാധുതയുണ്ടോ? പിന്നെ എങ്ങനെയാണ് രാമായണം വായിക്കേണ്ടത്?

രാമായണം ഏകാന്തതയിൽ വായിക്കുന്നതാണ് ഉചിതം. ഞാൻ അങ്ങനെയാണ് വായിച്ചിട്ടുള്ളത്.വായിക്കുന്നവർക്ക് കാര്യം നന്നായി ഗ്രഹിക്കുവാൻ മാർഗ്ഗമാണ് നല്ലത്. ക്ഷേത്രങ്ങളിൽ രാമായണം വായിക്കുന്നത് ദൈവത്തിനു കേൾക്കാനാണോ? ദൈവത്തിനെ നമ്മളിത് വായിച്ചുകേൾപ്പിക്കേണ്ടതുണ്ടോ? ദൈവം തന്നെയല്ലേ രാമൻ? അതിനാൽ ഭക്തജനങ്ങളുടെ സമയവും സൗകര്യവും നോക്കിയല്ലേ പാരായണം നടത്തേണ്ടത്? വീട്ടിലോ പണിയിടങ്ങളിലോ ഓരോ തിരക്കുകളിൽ പെട്ടിരിക്കുന്നവർക്ക് രാമായണപാരായണം ശ്രദ്ധിക്കാൻ കഴിയില്ല. താൽപര്യമുള്ളവരെ അടുത്തുവിളിച്ചിരുത്തി വായിച്ചുകേൾപ്പിക്കുകയാണ് നല്ലത്. സമ്പൂർണ്ണ സാക്ഷരതയുള്ള കേരളത്തിൽ വായിച്ചു കേൾപ്പിക്കേണ്ട ആവശ്യംപോലുമില്ല.

രാമായണപാരായണത്തിന് ഉച്ചത്തിൽ മൈക്കുവയ്ക്കുവാൻ നിയമം അനുവദിക്കുന്നില്ല. വിദ്യാലയം, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ ഇവയൊക്കെപ്പോലെതന്നെ നിശബ്ദമേഖലയാണ് ക്ഷേത്രപരിസരവും. അവിടെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാനേ പാടില്ല. ഇനി പ്രവർത്തിപ്പിച്ചേ അടങ്ങു എന്നാണെങ്കിൽ, ഒരു നിശ്ചിത ഡെസിബെൽ സർക്കാർ നിർണ്ണയിച്ചിട്ടുണ്ട്. ഉച്ചഭാഷിണി സ്ഥാപിക്കാവുന്ന ഉയരവും നിയമത്തിലുണ്ട്. നിയമം പൂർണ്ണമായും ലംഘിക്കപ്പെടുകയാണ്.

വിഷയത്തിൽ കേരളസംസ്ഥാന മനുഷ്യാവകാശക്കമ്മീഷന്റെയും ബാലാവകാശക്കമ്മീഷന്റെയും അനുകൂല നിർദ്ദേശങ്ങൾ എന്റെ കയ്യിലുണ്ടെങ്കിലും രാമായണമാസത്തിൽ സഹിക്കാവുന്നതിന്റെ പരിധികഴിഞ്ഞപ്പോൾ നാലുതവണ ഞാൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ശബ്ദം കുറച്ചുതരണമെന്ന് താല്പര്യപ്പെട്ടു. ലോക്കൽ പോലീസ് ഇടപെട്ടെങ്കിലും പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ല. നിയമം നടപ്പിലാക്കുന്നതിൽ പോലീസിന്റെ താൽപ്പര്യം സംശയാസ്പദമാണ്. അമിതശബ്ദം ഒഴിവാക്കി, മനുഷ്യന് സ്വസ്ഥജീവിതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകൻ .എസ്. മനുവും സംഘവും ഇപ്പോൾ പോലീസിന്റെ അനാസ്ഥയ്ക്കെതിരെ നിയമനടപടികൾക്ക് മുന്നിട്ടുവന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

നിയമം സ്വസ്ഥജീവിതത്തിനു അനുകൂലമാണെങ്കിലും നിയമലംഘനം ക്ഷേത്രഭാരവാഹികൾ നടത്തുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോഴാണ് രസകരമായ ഒരു വസ്തുതയിൽ നമ്മളെത്തുന്നത്. രാമായണപാരായണം സ്പോൺസർ ചെയ്തിരിക്കുന്ന ആളിന്റെ വീടുവരെ കേൾക്കണം എന്നതാണ് വസ്തുത. അയാൾ ഗൾഫിലാണെങ്കിൽ ഗൾഫുവരെ വരെ കേൾപ്പിക്കേണ്ടിവരും! ശ്രവണ സഹായികളുടെ വിൽപ്പനവർധിപ്പിക്കാമെന്നല്ലാതെ ഒരു പ്രയോജനവും ഇതുകൊണ്ടില്ല. ആരാധനസംബന്ധിക്കുന്ന ഒരു ഗ്രന്ഥത്തിലും ഉച്ചഭാഷിണിയെക്കുറിച്ചു പറഞ്ഞിട്ടുമില്ല.

എല്ലാവർക്കും വിദ്യാഭ്യാസം കിട്ടിയിട്ടുള്ള കേരളം ഇനിയും മാറേണ്ടിയിരിക്കുന്നു. കിടപ്പുരോഗികളെയും കൈക്കുഞ്ഞുങ്ങളെയും വിദ്യാർത്ഥികളെയും ഓർത്തെങ്കിലും ശബ്ദം കുറച്ചുവയ്ക്കുവാൻ കേരളം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിയമം നടപ്പിലാക്കാൻ പോലീസിനെ സഹായിക്കണമെങ്കിൽ, നിയമം പാലിക്കാനുള്ള സന്നദ്ധതയാണ് ജനങ്ങൾ പ്രകടിപ്പിക്കേണ്ടത്. രാമായണപാരായണത്തിനിടെ കറണ്ടടിച്ചുള്ള ദാരുണമരണം ഇനി ആവർത്തിക്കാതിരിക്കട്ടെ.

കുരീപ്പുഴ ശ്രീകുമാർ

No comments:

Post a Comment