Tuesday, 28 July 2026

സൗജന്യ ശൗചാലയങ്ങൾക്കായി ഒറ്റയാൾ പദയാത്ര

സൗജന്യ ശൗചാലയങ്ങൾക്കായി ഒറ്റയാൾ പദയാത്ര

-------------------------------------------------------------------------------------

കേരളത്തിനു പുറത്തുസഞ്ചരിച്ചാൽ,രാവിലെ ഒരു കുപ്പി വെള്ളവുമായി തീവണ്ടിപ്പാളത്തിനു ഇരുവശവുമായി കുത്തിയിരിക്കുന്ന പാവം ജനങ്ങളെ ഇന്ത്യയൊട്ടാകെ കാണാവുന്നതാണ്. ശൗചാലയസൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് അവർ പൊതുസ്ഥലങ്ങളിൽ പ്രാഥമികാവശ്യത്തിനായി എത്തുന്നത്. വീടുകൾ തോറും മികച്ച ശൗചാലയ സൗകര്യമുള്ളത് കേരളത്തിലാണ്. എല്ലാ വീടുകളിലും സൗകര്യമെത്തിയിട്ടില്ലെങ്കിലും ഭൂരിപക്ഷം വീടുകളിലും സൗകര്യം ഇന്നുണ്ട്. കേരളസർക്കാർ ഇതിനായി പ്രത്യേക പദ്ധതികൾതന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഭരണാധികാരിയുടെ പടവും പേരുമില്ലാതെതന്നെ വീട്ടിൽ കക്കൂസുണ്ടാക്കാം. എന്നാൽ പൊതുസ്ഥലങ്ങളിലെ സ്ഥിതി, കാശുള്ളവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. തെറ്റായപ്രവണത മാറ്റണമെന്ന ആവശ്യവുമായി ഒരാൾ ഒറ്റയ്ക്ക് കാസർകോട്ടെ ഗാന്ധിപാർക്കിനു സമീപത്തുനിന്നും തലസ്ഥാനത്തേക്ക് നടക്കുകയാണ്. ജൂലായ് ഒന്നിന് രാവിലെ ആരംഭിച്ചതാണ് ഒറ്റയാൾപദയാത്രപ്പോരാട്ടം. ജൂലായ് മുപ്പത്തൊന്നിനു മനുഷ്യൻ തലസ്ഥാനത്തെത്തും. സാംസ്ക്കാരിക പ്രവർത്തകർ ചേർന്ന് ദീപം തെളിക്കും. മുഖ്യമന്ത്രിയെയും മറ്റും കണ്ട്, ഇതിനകം പലവട്ടം സമർപ്പിച്ചിട്ടുള്ള നിവേദനം വീണ്ടും സമർപ്പിക്കും. കഴുത്തിൽ ആവശ്യമെഴുതിയ ബോർഡും തൂക്കി, തലയിൽ വലിയൊരു തൊപ്പിക്കുടയും ചൂടി കേരളം മുഴുവൻ പാദമുദ്രപതിപ്പിച്ചു മുന്നേറുന്ന മനുഷ്യന്റെ പേര് ഭൂമിക്കാരൻ ജേപ്പി.


മുതലാളിത്ത വ്യവസ്ഥിതിയിൽ മൂത്രശങ്ക പോലും ധനാധിഷ്ഠിതമാണ്. പണമില്ലാത്ത മനുഷ്യനെ മൂത്രമൊഴിക്കാൻ പോലും മുതലാളിത്ത വ്യവസ്ഥ അനുവദിക്കില്ല. നമ്മുടെ പെട്രോൾ പമ്പുകളിലെല്ലാം ശൗചാലയങ്ങളുണ്ട്. പണം കൊടുക്കാതെതന്നെ ആർക്കും അതുപയോഗിക്കാം.നിയമമുള്ളതുകൊണ്ടു മാത്രമാണ് പമ്പുമുതലാളിമാർ അത് അനുവദിക്കുന്നത്. ഒരിക്കൽ അവർ അധികാരികളെ സമീപിച്ചു. വാഷ്റൂം ഉപയോഗിക്കുന്നത്, പമ്പിൽ നിന്നും ഇന്ധനമടിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു ആവശ്യം. അത് അനുവദിക്കപ്പെട്ടമാത്രയിൽ എല്ലാ പമ്പുകളിലെയും ടോയ്‌ലറ്റുകൾ താഴിട്ടു പൂട്ടി. മറ്റൊരു ഉത്തരവിലൂടെയാണ് വീണ്ടും സൗകര്യം അനുവദിക്കപ്പെട്ടത്.


മുതലാളിത്ത വ്യവസ്ഥയുടെ മറ്റൊരു കൗശലം പൊതുശൗചാലയങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്. അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാറുള്ളൂ. പ്രമേഹരോഗം കൂടുതലുള്ള കേരളത്തിൽ, സഞ്ചാരസമയത്ത് മൂത്രശങ്ക തീർക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ, പണം കീശയിലുണ്ടെങ്കിൽ മാത്രമേ ഇക്കാര്യം ഇന്ന് കേരളത്തിൽ നടക്കുകയുള്ളൂ. പത്തുരൂപ വരെയാണ് പലയിടത്തും ഈടാക്കുന്നത്. എല്ലാവരുടെ കയ്യിലും ചില്ലറ പണം ഉണ്ടാകില്ല. എല്ലാവർക്കും ഗൂഗിൾപേ സൗകര്യം ഉണ്ടാകണമെന്നില്ല. അവരെന്തുചെയ്യും? പരസ്യമായി മൂത്രമൊഴിക്കുന്നത് സംസ്ക്കാരത്തിന് യോജിച്ചതല്ലെന്ന് മാത്രമല്ല, കുറ്റകരവുമാണ്. അപ്പോൾ എന്തുചെയ്യും? അത്യാവശ്യമായി മലവിസർജ്ജനം നടത്തേണ്ടിവന്നാൽ എന്തുചെയ്യും? ഭൂമിക്കാരൻ ജേപ്പി മുന്നോട്ടുവയ്ക്കുന്ന ആവശ്യം അത്യാവശ്യമാകുന്നത് സമയത്താണ്. വൃത്തിയുള്ള ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാനുള്ള വ്യവസ്ഥയുണ്ടാകണം. മലമൂത്രവിസർജ്ജനത്തിനു ടാക്സ് ഈടാക്കുന്നതിനു തുല്യമാണ് ഇന്നുള്ള പണപ്പിരിവ്. ഇത് പൂർണ്ണമായും സൗജന്യമാക്കണം. ശ്വസിക്കുന്നതിനു പോലും നികുതി ഏർപ്പെടുത്തണമെന്ന ആഗ്രഹമുള്ള മുതലാളിത്ത വ്യവസ്ഥക്കുമുന്നിൽ ആവശ്യം പോരാടി നേടേണ്ടതായി വന്നിരിക്കുന്നു. വരുമാനം കൊണ്ട് ജീവിക്കുന്നവരുണ്ടല്ലോ എന്ന വാദം നിരർത്ഥകമാണ്. ചാരായഷാപ്പിലെ തൊഴിലാളികളൊക്കെ ഇപ്പോൾ എങ്ങനെജീവിക്കുന്നു എന്നാലോചിച്ചാൽ നിരർത്ഥകത മനസ്സിലാക്കാവുന്നതേയുള്ളൂ.


സ്വന്തം വീട്ടിൽ അനാഥരെ കൂടെപാര്പ്പിച്ചും, ആളില്ലാക്കട നടത്തിയും, പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും മുൻപേതന്നെ ശ്രദ്ധേയരാണ് കൊല്ലം പാരിപ്പള്ളിക്കടുത്തുള്ള വേളമാനൂരെ ജേപ്പിയും കുടുംബവും. പൊതുസമൂഹത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ഒരു ആവശ്യമാണിത്. ആഹാരം,വസ്ത്രം,പാർപ്പിടം,വൈദ്യസഹായം തുടങ്ങിയ പ്രാഥമികഅവകാശങ്ങളിൽ മലമൂത്രവിസർജ്ജനത്തിനുള്ള അവകാശംകൂടി ഉൾപ്പെടുത്താതിരുന്നത്, ഇക്കാര്യത്തിന് നികുതി ഏർപ്പെടുത്തുമെന്നകാര്യം നവഭാരതശില്പികൾ സ്വപ്നത്തിൽക്കൂടി പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണ്. ഒരു പരിഷ്കൃത സമൂഹത്തിന്റെ ഭരണകൂടം, പ്രാഥമിക ആവശ്യങ്ങളെ നോട്ടിന്റെ ബലത്തിൽ കാണാൻ പാടില്ലാത്തതാണ്.


കുരീപ്പുഴ ശ്രീകുമാർ

No comments:

Post a Comment