Wednesday, 26 August 2026
സ്നേഹലത റെഡ്ഡിയും മിസയും
സ്നേഹലത റെഡ്ഡിയും മിസയും
------------------------------------------------
1947 നു ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കാലമായിരുന്നു അടിയന്തരാവസ്ഥക്കാലം. ജയപ്രകാശ് നാരായണനെ പോലെയുള്ള സമാദരണീയരായ രാഷ്ട്രീയനേതാക്കൾ മാത്രമല്ല, കലാ സാഹിത്യരംഗത്തു പ്രവർത്തിച്ചവർപോലും ഭരണകൂടത്താൽ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. കേരളത്തിൽ പാട്ടുപാടിയ കുറ്റത്തിന് ഉരുട്ടിക്കൊലയ്ക്ക് വിധേയനാക്കപ്പെട്ട രാജനും കവിതയെഴുതിയ കുറ്റത്തിന് ജയിലടക്കപ്പെട്ട എം.കൃഷ്ണൻ കുട്ടിയും കഥാപ്രസംഗം നടത്തിയ കുറ്റത്തിന് തുറുങ്കിലടക്കപ്പെട്ട വി.സാംബശിവനും എല്ലാം അടിയന്തരാവസ്ഥയുടെ ഇരകളായിരുന്നു. വിവിധതരത്തിലുള്ള പീഡനങ്ങളാണ് അന്ന് പോലീസ് നടത്തിയിരുന്നത്. കൊല്ലത്തെ കൈലാസ് ഗോപാലകൃഷ്ണൻ അടക്കമുള്ള ഗാനമേളസംഘാംഗങ്ങളെ പിടികൂടി, ശബ്ദവും വാദ്യവുമില്ലാതെ ഗാനമേള നടത്തിപ്പിക്കുകയായിരുന്നു. മുടി നീട്ടിവളർത്താനുള്ള സ്വാതന്ത്ര്യം പോലും അന്ന് നിഷേധിക്കപ്പെട്ടു, അഷ്ടമുടിക്കായലിൽ ഒളിവിൽ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ഞാനടക്കമുള്ള അന്നത്തെ യുവാക്കൾ പിടിക്കപ്പെടാതിരുന്നത്. ഇന്നത്തെപ്പോലെയുള്ള ഗതാഗതസൗകര്യങ്ങൾ അന്നില്ലാതിരുന്നതിനാൽ പൊലീസിന് എല്ലാ ഭാഗത്തും എത്താൻ കഴിഞ്ഞിരുന്നില്ല.
അന്നത്തെ കൊടിയ പീഡനങ്ങളാൽ ഇന്ത്യക്ക് നഷ്ടപ്പെട്ടുപോയ അതുല്യ കലാകാരിയാണ് സ്നേഹലതാ റെഡ്ഢി. അവർ ഡോ.രാം മനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും മറ്റും സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായിരുന്നു. സോഷ്യലിസ്റ്റു നേതാവായിരുന്ന ജോർജ്ജ് ഫർണാണ്ടസിന്റെ അനുയായി എന്നനിലയിൽ ബറോഡ ഡൈനാമിറ്റ് കേസിൽ ഈകലാകാരിയെ അറസ്റ്റു ചെയ്തു കർണ്ണാടകത്തിലെ ജയിലിലടച്ചു.
കലാകാരി എന്ന നിലയിൽ വലിയ ജനശ്രദ്ധ ഇക്കാലത്തിനിടയിൽ സ്നേഹലത ആര്ജ്ജിച്ചിരുന്നു. യു.ആർ.അനന്തമൂർത്തിയുടെ സംസ്ക്കാര എന്ന, ജാതീയതയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന നോവൽ സിനിമയായപ്പോൾ അതിലെ അഭിസാരികാകഥാപാത്രമായ ചന്ദ്രിയെ അവതരിപ്പിച്ചത് സ്നേഹലതയായിരുന്നു. ആ ചിത്രത്തിന് ഏറ്റവും മികച്ച കന്നഡ സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മദ്രാസ് പ്ലെയേഴ്‌സിന്റെ നാടകങ്ങളിലൂടെയും അവർ ശ്രദ്ധിക്കപ്പെട്ടു. കലാകാരിയെന്ന നിലയിലുള്ള ഒരു പരിഗണനയും സ്നേഹലതയ്ക്ക് ജയിലിൽ ലഭിച്ചില്ല. അടിയന്തരാവസ്ഥയിലെ കരിനിയമമായ മിസ അനുസരിച്ച് തടവിലാക്കപ്പെട്ട അവരെ ക്രൂരമായി പോലീസ് പീഡിപ്പിച്ചു. പുറംവസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റുകയും ആ ദുർബ്ബലസ്ത്രീ ശരീരത്തിലേക്ക് മർദ്ദനമുറകൾ അഴിച്ചുവിടുകയും ചെയ്തു. ശ്വാസകോശസംബന്ധമായ രോഗങ്ങളുണ്ടായിരുന്ന സ്നേഹലതയ്ക്ക് അമിതമായി ഔഷധം നൽകിയും, വേണ്ടത്ര പോഷകാഹാരങ്ങൾ നൽകാതെയും പീഡിപ്പിച്ചു. കസ്റ്റഡിയിൽ വച്ച് മരിക്കുമെന്ന് ഉറപ്പായപ്പോൾ പുറത്തുവിട്ടു. ദിവസങ്ങൾക്കുള്ളിൽ അവർ മരിച്ചു. സ്നേഹലതാറെഡ്ഢി, ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ പോരാടിമരിച്ച കലാകാരിയാണ്. ഇന്ത്യൻ പോരാളികൾ അവരുടെ രക്തസാക്ഷിത്വത്തെ മാർഗ്ഗതാരകമായി കണക്കാക്കുന്നു.
സ്നേഹലതാറെഡ്ഢിയുടെ ജീവിതമാണ് കോഴിക്കോട്ടെ ഫ്‌ളോട്ടിങ് തിയേറ്റർ അവതരിപ്പിക്കുന്ന മിസ ദി ലാസ്റ്റ് ബ്രീത്ത് എന്നനാടകം. അച്ഛനും മകളുമൊക്കെ ഫ്ലോട്ടിംഗ് തിയേറ്ററിന്റെ പ്രവർത്തകരാണ്. ബിച്ചൂസ് ചിലങ്കയാണ് മിസ എഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ചിന്നു ചിലങ്ക എന്ന നടിയാണ് സ്നേഹലതയായി രംഗത്തെത്തുന്നത്. ഈ നാടകത്തിലെ അർദ്ധനഗ്നയായി മർദ്ദിക്കുന്ന ചിലരംഗങ്ങൾ ആഭാസമായിയെന്ന അർത്ഥത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരിക്കുകയാണ്. കലയെ കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് സദാചാരത്തിന്റെ ആട്ടിൻ തോലിട്ടു രംഗത്തെത്തിയിട്ടുള്ളത്. സ്നേഹലതയുടെ ജയിലനുഭവങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെങ്കിലും വായിച്ചിട്ടുള്ളവർ ഈ നാടകാവതരണത്തെ എതിർക്കുകയില്ല. മതപുസ്തകങ്ങൾ മാത്രമാണ് ശരിയെന്നു കരുതുന്നവർ, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ രതിശില്പങ്ങളെ ഗൂഢമായി ആസ്വദിക്കുന്നവരാണ്. ലിംഗവും ഭഗവും പോലും അവർക്ക് ആരാധനാവസ്തുക്കളാണ്. അവർ, മിസ് യൂണിവേഴ്‌സിന്റെ വസ്ത്രധാരണരീതിയെ ആസ്വദിക്കുന്നവരാണ്. അതൊക്കെ ആസ്വാദ്യകരമാണെങ്കിൽ ഒരു തരത്തിലുള്ള രതിബോധവും സൃഷ്ടിക്കാത്ത സ്നേഹലതാറെഡ്ഢി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്.നാടകത്തിന്റെ ഒടുവിൽ ഉയർത്തപ്പെടുന്നചോദ്യം അടിയന്തരാവസ്ഥ അവസാനിച്ചുവോ എന്നതാണ്. ഇന്ന് വളരെ പ്രസക്തമാണ് ആ ചോദ്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment