Thursday, 18 July 2024

എന്തുകൊണ്ട് ബേപ്പൂർ സുൽത്താൻ?


എന്തുകൊണ്ട് ബേപ്പൂർ സുൽത്താൻ?

----------------------------------------------

സയൻസിന്റെ സമ്മാനമാണ് ഇന്റർനെറ്റ് എങ്കിലും അവിടെ ഒളിഞ്ഞും തെളിഞ്ഞും വിളയാടുന്നത് സയൻസ് വിരോധികളായ മതവിശ്വാസികളാണ്. അവർ മനുഷ്യവിരുദ്ധമായ മൗലികവാദ നിലപാടുകൾ നിരത്തിവയ്ക്കാനും പരസ്പരം ചളിവാരിയെറിയാനും ഈ പ്രതലം ഉപയോഗിക്കുന്നു. അറയ്ക്കുന്ന തെറിവിളികളാൽ സാമൂഹ്യമാധ്യമങ്ങളിൽ സ്വന്തം സ്വത്വം വെളിപ്പെടുത്തുന്നു. അതിൽ വളരെ തന്ത്രപൂർവം ഉണ്ടായ ഒരു ചോദ്യം വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓർമ്മദിനം മാത്രം എന്തുകൊണ്ട് വ്യാപകമായി കൊണ്ടാടപ്പെടുന്നു എന്നാണ്. ഏതു കാര്യത്തിലും വർഗീയത കാണുന്നവർ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇതൊരു നിർഗ്ഗുണപോസ്റ്റായി അവശേഷിക്കും. എന്നാൽ കളി തുടർന്നാണ് നടക്കുന്നത്. അനുയായികൾ അവിടേയ്ക്ക് പ്രവഹിക്കും. അവരുടെ കമന്റുകളെല്ലാം വൈക്കം മുഹമ്മദ് ബഷീർ എന്ന പേര് സൂചിപ്പിക്കുന്ന മതത്തിനെ ആഭാസക്കുപ്പായമണിയിക്കുന്നതായിരിക്കും. മുഹമ്മദ് ബഷീർ എന്ന  പേരിനോടോപ്പമുള്ള വൈക്കത്ത് മഹാദേവ ക്ഷേത്രമുണ്ടെന്നകാര്യം പോലും അവർ ഓർക്കുകയില്ല.


ഏതെങ്കിലും സംഘടനകളുടെ ആഹ്വാനമില്ലാതെ മലയാളികൾ ഒരു പ്രമുഖവ്യക്തിയുടെയും ഓർമ്മദിനം കൊണ്ടാടാറില്ല. കവികളിൽ വയലാറും കഥാകൃത്തുക്കളിൽ വൈക്കം മുഹമ്മദ് ബഷീറും സിനിമാ നടന്മാരിൽ കലാഭവൻ മണിയുമാണ് ഇതിന് അപവാദമായിട്ടുള്ളത്.


ബഷീർ ദിനം ജൂലായ് മാസം അഞ്ചാം തിയതിയാണ്. തിരുനല്ലൂർ കരുണാകരൻ, ഇടപ്പള്ളി രാഘവൻ പിള്ള, യുവകവി സി.പിന്റോ എന്നിവരുടെ ഓർമ്മ ദിനങ്ങളും അന്നുതന്നെയാണ്. തിരുനല്ലൂരിന്റെയും ഇടപ്പള്ളിയുടെയും ഓർമ്മദിനങ്ങൾ കൊല്ലത്തും സി പിന്റോയുടെ ഓർമ്മദിനം 

തിരുവനന്തപുരത്തും അനുസ്മരണപ്രഭാഷണങ്ങളോടെ ആചരിക്കുന്നുണ്ട്. തിരുനല്ലൂരിന്റെ പ്രിയദിനം മെയ് ദിനമാകയാൽ മെയ് ഒന്നുമുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തിരുനല്ലൂർ കാവ്യോത്സവം മികച്ചനിലയിൽ സംഘടിപ്പിക്കാറുണ്ട്. 


കവിതയുടെയും കഥയുടെയും നാടകത്തിന്റെയും സിനിമയുടെയും മറ്റും സംവേദനതലങ്ങൾക്കു വ്യത്യാസമുണ്ട്. മലയാളത്തിലുണ്ടായിട്ടുള്ള കഥാകൃത്തുക്കളുടെ രചനകളിൽ ഏറ്റവും ജനകീയമായത് ബഷീറിന്റെ കഥാപാത്രങ്ങൾ തന്നെയാണ്. ഭാഷാപരവും ജനകീയവുമായ അവതരണ രീതിയാണ് അതിനു കാരണമായിട്ടുള്ളത്. എട്ടുകാലി മമ്മൂഞ്ഞ് നമ്മുടെ നിയമസഭയിൽ പോലും പലവട്ടം കടന്നുവന്നിട്ടുണ്ട്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ അധികവും ബഷീറിന്റെ ഭൂമിയുടെ അവകാശികളോ മറ്റു രചനകളെയോ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പ്രേമലേഖനം മുതിർന്നവരുടെ വേദികളിൽ നിരന്തരം അവതരിക്കപ്പെട്ടുപോരുന്നുണ്ട്. ബഷീർ കഥാപാത്രങ്ങൾ എം വി ദേവനടക്കം നിരവധി ചിത്രകാരന്മാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ബഷീറിന്റെ നീലവെളിച്ചം നാടകമായും ഭാർഗ്ഗവീനിലയമായും ജനങ്ങളിലെത്തി. ഭാർഗ്ഗവീനിലയത്തിലെ പാട്ടുകൾ മരണമില്ലാത്തവയായി.

മതിലുകൾ അടൂർ ഗോപാലകൃഷ്ണന്റെ നിർവഹണത്തിൽ ലോകശ്രദ്ധനേടി. മജീദും സുഹറയും മലയാളികൾക്ക് പ്രിയപ്പെട്ടവരായി. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന വാചകം വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ബഷീർ ചായപീട്യകൾ പോലും ഉണ്ടായി. ഇതിനു കാല ദേശ മത പരിഗണനകളൊന്നും ഇല്ലായിരുന്നു. ബഷീറിന്റെ കൃതികൾ ഇപ്പോഴും വായിക്കപ്പെടുന്നു.നന്നായി വിറ്റുപോകുന്നു. ബഷീർ കഥാപാത്രങ്ങളോളം ജനസ്വാധീനം മറ്റൊരു കഥാപാത്രത്തിനും ഉണ്ടായില്ല. രമണനും ചന്ദ്രികയും ആയിഷയുമാണ് പിന്നെയും അൽപ്പമെങ്കിലും കൂടെ സഞ്ചരിക്കുന്നത്. അമിത ജനകീയത ഉണ്ടായില്ലെന്നു കരുതി മറ്റു കഥകളിലെ മനുഷ്യ പ്രതീകങ്ങൾ ചെറുതാവുന്നില്ല. ഓരോ ഇരിപ്പിടങ്ങൾ മലയാളസാഹിത്യത്തിൽ അവർക്കെല്ലാമുണ്ട്. 


കേരളത്തിലെ സാംസ്ക്കാരിക സമ്മേളനങ്ങളിൽ സാറാമ്മയും കേശവൻ നായരും പൊൻകുരിശുതോമയും ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടു. പാറുക്കുട്ടി, കൊച്ചുനീലാണ്ടൻ 

എന്നീ ആനകൾ പോലും ജനസംസാരത്തിലുണ്ട്. കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകളിൽ 

ആനവാരി രാമൻ നായർ നിത്യസാന്നിധ്യമാണ്. ഒരു പ്രത്യേക സന്ദർഭത്തിൽ ബഷീർ എഴുതിയ ഹയേമാലീ ഐലേസാ പോലും അടുത്തകാലത്തു ഫേസ്‌ബുക്കിലെ ഇന്നും വായിച്ച കവിതയിലൂടെ നൂറുകണക്കിന് വായനക്കാരാൽ ലൈക്ക് ചെയ്യപ്പെട്ടു. എം എ റഹ്‌മാന്റെ ബഷീർ ദി മാൻ, സാഹിത്യകാരന്മാരെ കുറിച്ചുണ്ടായ ഡോക്കുമെന്ററികളിൽ ഏറ്റവും കൂടുതൽ പ്രദര്ശിപ്പിക്കപ്പെട്ടു. മാപ്പിളപ്പാട്ടു സാഹിത്യശാഖയിൽ ബഷീർ മാലപോലും ഉണ്ടായി. ബേപ്പൂർ സുൽത്താൻ വിശ്രമിച്ചിരുന്ന മാങ്കോസ്റ്റീൻ മരത്തിന്റെ തണലിൽ ആവണം ഖബർ എന്ന്  പല സന്ദര്ശകരോടും ബഷീർ പറഞ്ഞിരുന്നു. ഞാനടുത്തിരുന്നപ്പോൾ വന്ന സന്ദര്ശകരോടും അദ്ദേഹം ഇത് പറഞ്ഞിരുന്നു.അവിടെയല്ല അദ്ദേഹത്തെ സംസ്ക്കരിച്ചതെങ്കിലും ഇന്നും ആ വീട്ടിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നു. കവികളിൽ ചങ്ങമ്പുഴയുടെ സ്മാരകവും സിനിമാതാരങ്ങളിൽ കലാഭവൻ മണിയുടെ സ്മാരകവും കാണാനാണ് ആളുകൾ പോകാറുള്ളത്.


പാത്തുമ്മയുടെ ആടും വീരപാണ്ഡ്യപണ്ടാരത്തിന്റെ പാമ്പും ചൊറിയൻപുഴുവും പുട്ടിനുള്ളിൽ ഒളിച്ചു വച്ച് പുഴുങ്ങിയ മുട്ടയും മുഴയൻ നാണുവിന്റെ ബുദ്ധിയും, നമ്മുടെ സര്ക്കാര് നല്ലൊരു 

സർക്കാര് ശമ്പളം കൊഞ്ചമാണെങ്കിലും ചെഞ്ചെമ്മേ എന്ന് പാടുന്ന പോലീസ് മൂരാച്ചികളുമെല്ലാം 

മലയാളമനസ്സിൽ സ്ഥിരതാമസമാക്കി. ഇതിന് അക്ഷരങ്ങളുടെ ശക്തിയല്ലാതെ മതത്തിന്റെ 

 സംവരണാനുകൂല്യങ്ങളൊന്നും ആവശ്യമില്ലെന്ന വാസ്തവം കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ്

ചില കേന്ദ്രങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത്.മണ്ടൻ മുത്തപ്പയെപ്പോലും അത്ഭുതപ്പെടുത്തുന്ന ഇത്തരം കുത്സിത പ്രവർത്തികളെ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.



Sunday, 14 July 2024

കാലത്തിന്റെ സഹയാത്രികർ

കാലത്തിന്റെ സഹയാത്രികർ
------------------------------------
കാലമാണല്ലോ ഏറ്റവും വലിയ അത്ഭുത പ്രതിഭാസം.എല്ലാ സവിശേഷതകളും കാലത്തെ അവലംബിച്ചിരിക്കുന്നു. കാലം ചിലരെ അവരുടെ ജീവിതകാലത്ത് വല്ലാതെ താലോലിക്കും.ചിലരെ വല്ലാതെ പീഡിപ്പിക്കും. ഇതൊരു താൽക്കാലിക അവസ്ഥയാണ്.കാലത്തെ നിരീക്ഷിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും.താലോലിച്ചവർ നിലവിലുള്ള വ്യവസ്ഥയെ പുകഴ്ത്തിപ്പാടിയവർ ആയിരിക്കും. അവർക്ക് ജീവിതകാലം സന്തോഷകരം ആയിരിക്കും.ഇത് പുറമെയുള്ള ഒരു ജീവിതമാണ്. ആ ജീവിതകാലത്ത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും. ആ ആശയങ്ങൾ പുതുമയില്ലാത്തതും വർത്തമാനകാലത്തെ അഭിവാദ്യം ചെയ്യുന്നതുമാണെങ്കിൽ അക്കാലം അവസാനിക്കുന്നതോടെ ആ ആശയവും അവസാനിക്കും

എന്നാൽ മറ്റുചില ജീവിതങ്ങൾ പീഡനകാലത്തിലൂടെ കടന്നു പോകുന്നവയായിരിക്കും.അവർക്ക് കുരിശോ വിഷമോ വെടിയുണ്ടയോ പട്ടിണിയോ  ഒക്കെയായിരിക്കും ജീവിതകാലം സമ്മാനിക്കുക.അവരുടെ ആശയങ്ങൾ മുന്നോട്ടു പോകും. നിലവിലുള്ള വ്യവസ്ഥയെ എതിർക്കേണ്ടിവരുന്നവർക്കാണ് ഈ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുന്നത്. അവർ പലതിനെയും ചോദ്യം ചെയ്തിരിക്കും. നിരാകരിച്ചിരിക്കും. സാമൂഹ്യവ്യവസ്ഥയെ നിഷേധിക്കുകയും അതനുസരിച്ചു ജീവിച്ചു മരിക്കുകയും ചെയ്യും കാലം സഹയാത്രികരായി കൂടെ കൂട്ടുന്നത് ആ നിഷേധികളെയാണ്. കാലത്തിന്റെ സഹയാത്രികർ അവരുടെ ജീവിതകാലത്തെ അനുസരിക്കാത്തവരാണ്. അതുകൊണ്ടാണ് വഞ്ചീശമംഗളം എന്ന രചന ചവറ്റുകുട്ടയിൽ ആയിപ്പോയത്. അതെഴുതിയ ആണിയുന്തുകാരനും ചവറ്റുകുട്ടയിൽ  തന്നെ സ്ഥാനം.

നമ്മുടെ നവോത്ഥാന നായകരെല്ലാം അക്കാലത്തെ സാമൂഹ്യവ്യവസ്ഥയെ നിരാകരിച്ച ധിക്കാരികളാണ്.അവരുടെ ആശയങ്ങളാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. നമ്മളെ പ്രചോദിപ്പിക്കുന്നത്. അവർണ്ണക്ക് സ്പര്ശനാനുമതി ഇല്ലാത്ത ക്ഷേത്രത്തേരിൽ സ്പർശിക്കുകയും തലപ്പാക്കെട്ടിനു നിരോധനമുണ്ടായിരുന്ന അക്കാലത്ത് തലപ്പാക്കെട്ടോടുകൂടി അറിവാലയത്തിലെത്തി കണ്ണാടിയിൽ നോക്കി സ്വയം ബോധ്യപ്പെടണം എന്ന് പഠിപ്പിക്കുകയും ചെയ്തു  അയ്യാവൈകുണ്ഠർ. നവോത്ഥാന നായകരിൽ തുറുങ്കിലടയ്ക്കപ്പെട്ടയാൾ അയ്യാ വൈകുണ്ഠർ ആണ്. കിണറിൽ തൊടാനും വെള്ളം കോരിക്കുടിക്കാനും അനുമതിയില്ലാതിരുന്ന കാലത്ത് മുന്തിരിക്കിണറുകൾ കുത്തി എല്ലാർക്കും വെള്ളം നൽകിയ ധിക്കാരിയായിരുന്നു അദ്ദേഹം. കീർത്തന രചയിതാവ് എന്ന ഖ്യാതിനേടിയ  സ്വാതിതിരുനാളിനെ തിരുവിതാം കൂർ നീചൻ എന്നാണു അഭിമാനിയായ അയ്യാവൈകുണ്ഠർ വിളിച്ചത്.

അവർണ്ണർക്ക് വിഗ്രഹപ്രതിഷ്ഠ നിഷിദ്ധമായിരുന്ന കാലത്ത് ത്രിമൂർത്തികളിൽ പെട്ട  ശിവനെത്തന്നെ പ്രതിഷ്ഠിച്ച ധിക്കാരിയായിരുന്നു നാരായണഗുരു.ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയെന്നും ജാതിയും മതവും ഉപേക്ഷിച്ചെന്നും പരസ്യപ്രസ്താവന നടത്തിയ പരമധിക്കാരി. അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇപ്പോഴും കേരളത്തിലെ പുരോഗമനവാദികൾക്ക് പ്രചോദനമായിട്ടുള്ളത്.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലത്ത് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ധിക്കാരിയായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി. വേദപുസ്തകം കത്തിക്കുകയും പാട്ടിനെ സമരായുധമാക്കുകയും ചെയ്ത വ്യവസ്ഥാനിഷേധിയായിരുന്നു പൊയ്കയിൽ അപ്പച്ചൻ. നവോത്ഥാനനായകരിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്.ഏതോ വാടകഗുണ്ടയുടെ കൊലക്കത്തിക്കിരയായ പുരോഗമനവാദി. കഥകളി അവർണ്ണർക്ക് നിഷിദ്ധമായിരുന്ന കാലത്ത് അത് പഠിക്കുകയും മൂക്കുത്തി നിരോധിച്ചിരുന്ന കാലത്ത് അത് ധരിപ്പിക്കുകയും ചെയ്ത, മാമൂലുകളെ ചോദ്യംചെയ്ത നിഷേധി.പെൺകുഞ്ഞിന് വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ കർഷക തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചു വ്യവസ്ഥിതിയെ വെല്ലുവിളിച്ച ധിക്കാരിയായിരുന്നു അയ്യങ്കാളി.ജാതിയും മതവും മാത്രമല്ല ദൈവവും വേണ്ടെന്നു പറഞ്ഞു മനുസ്മൃതിയുടെ ആരാധകരടക്കമുള്ള മതജീവികളെ നിരാകരിച്ചു സഹോദരൻ അയ്യപ്പൻ.കലാരംഗത്ത് പ്രവർത്തിക്കാൻ അവകാശമില്ലാത്ത കാലത്ത് സിനിമയിൽ അഭിനയിച്ച്
യാഥാസ്ഥിതികരെ ഞെട്ടിച്ചു പി.കെ റോസി.ഇവരെല്ലാം  അവരുടെ ജീവിതകാലത്ത് അപമാനിക്കപ്പെട്ടവരും ആക്രമിക്കപ്പെട്ടവരുമാണ്. പൊയ്കയിൽ അപ്പച്ചനും സഹോദരൻ അയ്യപ്പനും വധശ്രമങ്ങളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആനന്ദതീർത്ഥന് ഏൽക്കേണ്ടിവന്ന മർദ്ദനങ്ങൾക്ക് കണക്കില്ല.

സാംസ്ക്കാരിക രാഷ്ട്രീയപ്രവർത്തനങ്ങൾ സുരക്ഷാകവചങ്ങൾക്ക് അപ്പുറമാണ്. അവരുടെ സഞ്ചാരങ്ങൾക്ക് ആംബുലൻസ് അടക്കമുള്ള വാഹനവ്യൂഹത്തിന്റെ അകമ്പടിയില്ല. ചെല്ലേണ്ട സ്ഥലത്തെ സ്ഥിതിഗതികളറിയാൻ രഹസ്യപ്പോലീസില്ല.കാവൽ നിൽക്കാൻ കരിമ്പൂച്ചകളില്ല. പക്ഷെ അവരുടെ ആശയങ്ങൾ വർത്തമാനകാലത്തെ തിരുത്തുകയും ഭാവിയെ ഐശ്വര്യപൂർണ്ണമാക്കുകയും ചെയ്യും. ഗാന്ധി, കോൺഗ്രസ്സിൽ നിന്നും മുക്തനായതുപോലെ ഈ ജനുസ്സിൽ പെട്ടവർ സംഘടനകളിൽ നിന്നുപോലും മുക്തരായി സമൂഹത്തിനു വെളിച്ചം പകരും. അവരാണ് കാലത്തിന്റെ സഹയാത്രികർ. വർത്തമാനകാലത്തിന്റെ മഹാവിദ്യാലയത്തിലെ അനുസരണയില്ലാത്ത കുട്ടികൾ.

പ്രണയവസന്തത്തിന്റെ ശത്രുക്കള്‍

പ്രണയവസന്തത്തിന്റെ ശത്രുക്കള്‍ 

---------------------------------------------------------
പ്രണയവസന്തങ്ങളുടെ നിതാന്ത ശത്രു മതങ്ങളാണ്. ഇന്ത്യന്‍ പ്രണയങ്ങളുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നത് മതത്തിന്റെയും മുന്നില്‍ ജാതിപ്പിശാചാണ്. ദൈവം പോലെ, നേരില്‍ കാണാന്‍ കഴിയാത്ത ആ ദുഷ്ടജീവി കൊന്നൊടുക്കിയ മനുഷ്യ ജന്‍മങ്ങള്‍ക്ക് കണക്കില്ല.മതജാതിജന്തുക്കളുടെ ആക്രമണത്താലൊഴുകിയ കണ്ണുനീരാണ് എല്ലാ കടലുകളും. എങ്കിലും പ്രണയപ്പോരാളികള്‍ സിംഹാസനം ത്യജിച്ചും വജ്രശോഭയുള്ള പ്രതിരോധങ്ങള്‍ സൃഷ്ടിച്ചും. അതിജീവിച്ചിട്ടുണ്ട്. ആ കുടുംബങ്ങളിലാണ് മനുഷ്യജീവിത സുഗന്ധം പ്രസരിക്കുന്നത്.

നിയമങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത് വ്യാഖ്യാതാക്കളുടെ താല്പ്പര്യം അനുസരിച്ചാണ്.ഒരേ നിയമപുസ്തകം മുന്നില്‍ വച്ചുകൊണ്ട് പ്രണയികള്‍ക്ക് സുരക്ഷയുടെ കവചമോ അരക്ഷിതാവസ്ഥയുടെ കയമോ നല്‍കാന്‍ കോടതിക്ക് കഴിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലെ അനാട്ടമി വകുപ്പിന്‍റെ ചുമതലയുള്ളവര്‍ അമിത ഭക്തിയുള്ളവരാണെങ്കില്‍ മൃതശരീരങ്ങള്‍ സ്വീകരിക്കാന്‍ മടിക്കും. മതഭക്തി അവര്‍ക്ക് നല്‍കുന്നത് മരണാനന്തരരതിയും മധുപാനവുമൊക്കെയാണല്ലോ. അതുപോലെ തന്നെയാണ് നിയമവ്യഖ്യാതാക്കളുടെയും കഥ.

ഭരണകൂടം മതാധിഷ്ഠിതവും കോടതിയുടെ ചുമതലയുള്ളവര്‍ അതിനെ അനുസരിക്കാന്‍ മതപരമായ ബാധ്യതയുള്ളവരും ആണെങ്കില്‍ പ്രണയികള്‍ അടക്കമുള്ള ആര്‍ക്കും നീതി ലഭിക്കുമെന്ന് കരുതാന്‍ വയ്യ. മതം പ്രണയത്തിനെതിരാണ്. മതം മുന്നോട്ടുവയ്ക്കുകയും ആരാധിക്കാന്‍ അനുയായികളെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്ന കെട്ടുകഥകളിലെ നായികാനായകന്‍മാര്‍ മെഗാപ്രണയത്തിന്റെ മുദ്രകളാണെങ്കിലും മനുഷ്യജീവിതത്തില്‍ അതൊന്നും പാടില്ലെന്ന് പൌരോഹിത്യം വിധിക്കും. പൌരോഹിത്യത്തിന്റെ ഹിതം അനുസരിക്കുന്ന ഭരണകൂടം സ്വാഭാവികമായും പ്രണയവിരുദ്ധമാകും.

ന്യായാധിപര്‍ മുതല്‍ പാവം തൂപ്പുകാര്‍ വരെയുള്ള കോടതി ജീവനക്കാരുടെ കുടുംബജീവിതം മുന്‍നിര്‍ത്തി ഒരു സിനിമയെടുത്താല്‍ ജാതിയും മതവും ജാതകവും താലിയും തീചുറ്റലും വിഭവസമൃദ്ധമായ ഭക്ഷണവും എല്ലാം ചിത്രീകരിക്കേണ്ടിവരും. ഡോക്ടര്‍മാരാരും സ്വന്തം ശരീരം പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകം ആക്കാറില്ലല്ലോ. സമൂഹം അങ്ങനെയാണ് നീതി നിര്‍വഹണരംഗത്തും ആരോഗ്യസംരക്ഷണ രംഗത്തും പ്രവര്‍ത്തിക്കുന്നവരെ പഠിപ്പിച്ചിട്ടുള്ളത്. ഈ സാമൂഹ്യ പഴമ്പുരാണങ്ങളെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ചൂലുപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്.
 
മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്നില്‍ വന്ന ഒരു ആവശ്യം അടുത്തകാലത്ത് ശ്രദ്ധേയമായി. പ്രണയികള്‍ ഇസ്ലാം മതത്തിലും ഹിന്ദു മതത്തിലും പെട്ടവര്‍. മുസ്ലിം വ്യക്തിനിയമം അനുസരിച്ചു പുരുഷന് മുസ്ലിം സ്ത്രീകളെ കൂടാതെ  വിഗ്രഹാരാധനയില്ലാത്തവരെ വിവാഹം കഴിക്കാം. മുസ്ലിം സ്ത്രീക്ക് മുസ്ലിം പുരുഷനെ മാത്രമേ സ്വീകരിക്കാന്‍ അനുവാദമുള്ളൂ.അതിനാല്‍ ഈ കേസില്‍ പെണ്കുട്ടി ഹിന്ദുമതക്കാരിയായതിനാല്‍ വിവാഹത്തിന് നിയമസാധുത ഉണ്ടാവില്ല.വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ ഈ വിവാഹത്തെ അനുകൂലിക്കുന്നുമില്ല. അവരിരുവരും മതം മാറാന്‍ തയ്യാറുമല്ല. ഇങ്ങനെയുള്ള മതാതീതമനുഷ്യത്വവാദികളെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ ഇന്ത്യയില്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റുമുണ്ട്. 
ആ ആക്റ്റനുസരിച്ച് വിവാഹിതരാകാന്‍ പോലീസ് സംരക്ഷണം വേണമെന്നായിരുന്നു പ്രണയികളുടെ ആവശ്യം. ശാന്തമായ ഉപദേശങ്ങളുടെ മറവില്‍ കത്തിക്കു മൂര്‍ച്ചകൂട്ടുകയാണല്ലോ മതങ്ങള്‍ ചെയ്യുന്നത്. അതിനാലാണ് സംരക്ഷണം ആവശ്യമായി വരുന്നത്. 

ഇവരുടെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞു കോടതി കൈ മലര്‍ത്തി. ഭരണകൂടവും നിയമവ്യവസ്ഥയും യാഥാസ്ഥിതികരായ ബന്ധുക്കളും അനുകൂലിക്കാത്ത സാഹചര്യത്തില്‍ പ്രണയികള്‍ എന്തുചെയ്യും? മറ്റൊരു പരീക്കുട്ടിയും കറുത്തമ്മയും ഉണ്ടായാല്‍ അതിനു ഉത്തരവാദി ആരായിരിക്കും? 

Thursday, 6 June 2024

യുദ്ധം

യുദ്ധം
-----------
രാഷ്ട്രം 
കൊന്നുതന്ന മകനിലേക്ക് 
പൊടുന്നനെയുള്ള 
മഹാജലപാതം പോലെ 
പെണ്‍മയുടെ നിലവിളി.

നെറ്റിയും നെഞ്ചും തകര്‍ത്ത്
അനാഥത്വത്തിന്റെ വെള്ളിടി 

ഇന്ത്യയിലായാലെന്ത്
ഇസ്ലാമാബാദിലായാലെന്ത്.

പാപ്പാന്‍മാര്‍ക്ക് വഴങ്ങാത്ത കൊമ്പന്‍

 പാപ്പാന്‍മാര്‍ക്ക് വഴങ്ങാത്ത കൊമ്പന്‍

-------------------------------------------------------------
 ചിന്താപരമായ ഔന്നത്യവും ധൈര്യവും പുലര്‍ത്തിയ നിരവധി പത്രപ്രവര്‍ത്തകരെ മലയാളനാട് ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. സ്വദേശാഭിമാനി  രാമകൃഷ്ണപിള്ളയും എം ശിവറാമുമൊക്കെ ആ ശ്രേണിയില്‍ പെടുന്നവരാണ്. പത്രമുടമയുടെ ഇംഗിതത്തിനനുസരിച്ച് പേനയുന്തുന്നതിനു പകരം  സത്യസന്ധതയുടെ നേര്‍വഴിയിലൂടെ തൂലികക്കുതിരയെ നയിച്ചവരാണവര്‍. വാര്‍ത്ത വളച്ചൊടിച്ച തഴമ്പ് കൈകളിലില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍.

ആ നക്ഷത്ര നിരയിലെ ഒരു സുപ്രധാന കണ്ണിയാണ് മരണത്തിന് കീഴടങ്ങിയ ബി ആര്‍ പി ഭാസ്ക്കര്‍. ഇങ്ങനെയുള്ള മാധ്യമപ്രവര്‍ത്തകരെ മരണത്തിന് മാത്രമേ സ്വീകരിച്ചു നിശബ്ദരാക്കാന്‍ കഴിയൂ.

 അഷ്ടമുടിക്കായലിന്റെ തീരനഗരമായ കൊല്ലത്ത് പാദങ്ങളൂന്നി വളര്‍ന്ന ബാബു രാജേന്ദ്രപ്രസാദ് സ്വന്തം പ്രവര്‍ത്തനമേഖലയില്‍ സന്ധിയില്ലാതെ ജീവിച്ചു. മഹാലോകത്തെ ന്യൂസ് റൂമാക്കി. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. ജനകീയ സമരങ്ങളില്‍ ജനങ്ങളോടൊപ്പം നിലയുറപ്പിക്കുകയും അടിച്ചമര്‍ത്തലിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബൂത്ത് ഏജന്‍റായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ബി ആര്‍ പി പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായി. ജനകീയസമരങ്ങളില്‍ ഒപ്പം നിന്നു. മുത്തങ്ങ സമരത്തെ പിന്തുണയ്ക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ അകന്നു നിന്നപ്പോള്‍ അവിടെ നടന്ന പോലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും ഇരകളുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദം പൊതുവേദികളില്‍ ഉയര്‍ത്താനും ബി ആര്‍ പി മുന്നോട്ട് വന്നു. ദി ഹിന്ദു,സ്റ്റേറ്റ്സ്മാന്‍, പാട്രിയറ്റു, ഡെക്കാന്‍ ഹെറാള്‍ഡ്,തുടങ്ങിയ എണ്ണം പറഞ്ഞ മാധ്യമങ്ങളില്‍ മഷിയുന്നങ്ങാത്ത പേനയുമായി സജീവമായ ബി ആര്‍ പി ഭാസ്ക്കര്‍ ആദര്‍ശാധിഷ്ഠിത മൂല്യബോധത്തിന്‍റെ പേരില്‍ പലയിടങ്ങളില്‍ നിന്നും ഇറങ്ങിപ്പോന്നു.ഒരു പാപ്പാനും മെരുക്കാന്‍ കഴിയാത്ത കൊമ്പനായിരുന്നു ബി ആര്‍ പി. പ്രസ്സ് അക്കാദമി തുടങ്ങിയ പ്രലോഭനങ്ങള്‍ മുന്നില്‍ മേനകയായി നിന്നിട്ടും ബി ആര്‍ പി യുടെ ജനഹൃദയ പക്ഷബോധത്തെ ഇളക്കാന്‍ സാധിച്ചില്ല.
അക്രമങ്ങളും വെടിവെപ്പുകളും മറ്റും ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കരേതര ജനകീയ പ്രസ്ഥാനങ്ങള്‍ ചില അന്വേഷണ സംഘങ്ങളെ നിയോഗിക്കാറുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ആദ്യം അന്വേഷിക്കുന്നത് ബി ആര്‍ പി ഭാസ്ക്കറെ ആയിരുന്നു.

ഭരണകേന്ദ്രങ്ങളിലെ ഉന്നതരോടൊപ്പം മാധ്യമസംഘത്തില്‍ പെട്ട് പലപ്പോഴും വിദേശയാത്ര നടത്തിയിട്ടുള്ള ബി ആര്‍ പി അവിടെ കണ്ട പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഗോവധത്തെ എതിര്‍ക്കുകയും ബീഫ് കഴിച്ചവരെ കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഒരു സമുന്നത ഭരണാധികാരി വിദേശത്തുവച്ച് ബീഫ് കഴിച്ചതായിരുന്നു. ഭാരതീയഗോവിനെ ഭക്ഷിക്കരുതെന്നു മാത്രമേ വിധിയുള്ളൂ എന്നു പറഞ്ഞ ആ സമീപനം ഇന്ത്യയിലെത്തി തുറന്നു പറഞ്ഞത് ബി ആര്‍ പി ആയിരുന്നു. വിശിഷ്ട ഭോജ്യങ്ങള്‍ കണ്ടാല്‍ കൊതിയാമാര്‍ക്കും എന്ന കവിവാക്യം ഒരു ചെറു പുഞ്ചിരിയോടെ ബി ആര്‍ പി ഓര്‍ത്തിട്ടുണ്ടാകും.

മറ്റൊരു പത്രപ്രവര്‍ത്തകനായിരുന്ന സഃജയനോട് പെരുമാറിയത് പോലെയാണ് കാലം ബി ആര്‍ പി യോട് പെരുമാറിയത്. ആ വ്യക്തിദു:ഖങ്ങളെയെല്ലാം അദ്ദേഹം ഒരു സുസ്മിതം കൊണ്ട് നേരിട്ടു. ഊന്നുവടിയുടെ സഹായത്താല്‍ മുന്നോട്ടുനീങ്ങി സ്നേഹിതരെ അഭിവാദ്യം ചെയ്തു. 

പത്രപ്രവര്‍ത്തനം ഒരു പ്രതിപക്ഷ പ്രവര്‍ത്തനം ആയിരിക്കണമെന്ന് ബി ആര്‍ പി വിശ്വസിച്ചു.പ്രതിപക്ഷപ്രവര്‍ത്തനമെന്നാല്‍ ഭരണകക്ഷിയുടെ രാജി രാജിയെന്നു ഉറക്കത്തിനും പറയുന്ന മനോരോഗമാണെന്ന് അദ്ദേഹം കരുതിയതുമില്ല.  ഭരണകൂടവുമായി സന്ധിചെയ്യാതെ മുന്നോട്ട് പോകണമെന്ന് ആ ജീവിതം നിര്‍ദ്ദേശിച്ചു.ചെങ്ങറ ഭൂസമരം, കരിമണല്‍ ഖനനപ്രദേശത്തെ സമരം, അതിരപ്പള്ളി വനപ്രദേശം സംരക്ഷിക്കാനുള്ള സമരം തുടങ്ങിയ ജനകീയ സമരങ്ങളില്‍ അദ്ദേഹം ജനപക്ഷത്ത് നിന്നു.. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായ സമയത്ത് പുരോഗമനവാദികള്‍ ശ്രദ്ധിച്ചത് ബി ആര്‍ പി യുടെ നിലപാടായിരുന്നു. അതെപ്പോഴും  മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനുകൂലമായിരുന്നു.അതുകൊണ്ടുതന്നെ ആ നിലപാട് വര്‍ഗീയവിരുദ്ധവും സ്നേഹപൂര്‍ണവും ആയിരുന്നു.

 ഇന്ത്യയില്‍ വര്‍ഗീയശക്തികള്‍ക്ക് നേരിയ രീതിയിലെങ്കിലുമുണ്ടായ ഒരു അധികാര ലബ്ധി യെക്കുറിച്ചു  അറിയുന്നതിന് മുന്‍പുതന്നെ ബി ആര്‍ പി യെ മരണം കൂട്ടിക്കൊണ്ടു പോയി. ഉറച്ച നിലപാടിന്റെ പേരിലുണ്ടായ വധശ്രമത്തെപ്പോലും നേരിട്ട ബി ആര്‍ പി എക്കാലവും ധീരരക്തനക്ഷത്രമായി നിലകൊള്ളുകതന്നെചെയ്യും.

Wednesday, 22 May 2024

അരിവാളരയില്‍ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ...--

 അരിവാളരയില്‍ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ...--

--------------------------------------------------------------------------------------------
പി എം ആന്‍റണിയുടെ ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം ഒരു മലയാളിയെയും കാണിക്കരുതെന്ന നിര്‍ബ്ബന്ധബുദ്ധിയോടെ ക്രൈസ്തവതീവ്രവാദികള്‍ തെരുവിലിറങ്ങിയ കാലം.ആ നാടകം കണ്ടിട്ടില്ലാത്ത പുരോഹിതന്മാരും കന്യാസ്ത്രീകളും വിദ്യാര്‍ഥി സമൂഹമടങ്ങുന്ന പാവം വിശ്വാസികളുമായി തെരുവു നിറഞ്ഞാടി. നാടകകൃത്തും നടീനടന്മാരും കയ്യില്‍ വിലങ്ങണിഞ്ഞ് ആലപ്പുഴ നഗരത്തിലൂടെ, നാടകം കളിയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിഷേധയാത്ര നടത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യം ഒരു വിഷയമായി കേരളത്തിലെവിടെയും ചര്ച്ച ചെയ്യപ്പെട്ടു. തെലുങ്കു വിപ്ലവകവി ഗദ്ദര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത വലിയ സമ്മേളനങ്ങള്‍. അക്കൂട്ടത്തില്‍ കോട്ടയത്തു നടന്ന ഒരു സമ്മേളനത്തില്‍ വച്ചാണ് കരുമാടി നൃത്തം എന്ന കവിത ഞാനാദ്യം കേട്ടത്.

കൊടുമ്പാറ പിളര്‍ക്കുന്ന കടമ്മനിട്ടക്കുരലല്ല. സൂചിപോലെ മസൃണവും തുളഞ്ഞു കയറുന്നതുമായ വയല്‍പ്പാട്ടിന്‍റെ നാദം..ഉള്ളില്‍ കത്തിപ്പടരുന്ന പോരാട്ടവീര്യം.അരിവാളരയില്‍ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ... കാളിക്കലി കൊണ്ടാടി വാ..കറുത്ത കുട്ടികളേ കരിമ്പുലികളേ ചെമ്പുലികളേ സിംഹക്കുട്ടികളേ ഏങ്ങടെ ചോരക്ക് നിങ്ങടെ ചോര എന്ന് അലറിവിളിച്ചു വാ എന്നായിരുന്നു ആഹ്വാനം. കെ കെ എസ് കവിത ചൊല്ലി നിറയുമ്പോള്‍ ആവേശത്തിന്‍റെ വന്‍കടല്‍ തിരയടിച്ചുയരുമായിരുന്നു.

ചാത്തന്‍ തറ എന്ന ഗ്രാമം ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെല്‍ ഭരണം എന്നപേരില്‍ വിമോചനസമരക്കാരും പിന്നീടുവന്ന വലതുപക്ഷഭരണക്കാരും ഹിറ്റ്ലിസ്റ്റില്‍ പെടുത്തിയിരുന്ന ഗ്രാമം. അവിടെയാണ് കെ കെ എസ് ദാസ് ജനിച്ചു വളര്‍ന്നത്. മാര്‍ക്സിസമായിരുന്നു ആദ്യം  സിരകളിലോടിയത്. ആ പ്രചോദനം അവസാനകാലം വരെ തുടര്‍ന്നു. കമ്മ്യൂണിസത്തില്‍ നിലയുറപ്പിച്ചുകൊണ്ട് സന്ധിയില്ലാത്ത യുക്തിവാദത്തിലേക്കും അംബേദ്ക്കറിസത്തിലേക്കും അദ്ദേഹം സഞ്ചരിച്ചു. ചരിത്രത്തിലെ ഇരുണ്ട ഇടനാഴികളില്‍ നിന്നും പണിയെടുക്കുന്നവരുടെ നിലവിളികള്‍ അദ്ദേഹം ഒപ്പിയെടുത്തു.

യുക്തിബോധത്തിന്‍റെ പടവുകള്‍ കയറിയ കെ കെ എസ് ദാസ് കേരളയുക്തിവാദി സംഘത്തിന്‍റെ കോട്ടയം ജില്ലാ പ്രസിഡണ്ടായി 
നേതൃത്വം നല്‍കി. നൈനാന്‍ കോണം ഭൂസമരത്തിന് വെളിച്ചം നല്കിയ ദാസ്, കഴുത്തില്‍ കുരുക്കിട്ടു മണ്ണെണ്ണപ്പാട്ടയുമായി മരത്തില്‍ കയറിയിരുന്ന ചെങ്ങറ സമരക്കാരോട്, ഇതൊന്നുമല്ല സമരമുറ എന്നുപറഞ്ഞു വിയോജിച്ചു. 
 പൊരുത്തക്കേടുകളുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം ദാസിലെ വിപ്ലവകാരി പന്തംകൊളുത്തി സഞ്ചരിക്കുകയായിരുന്നു.

കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അംബേദ്ക്കര്‍ കൃതികള്‍ പുറത്തിറക്കാന്‍സഹായിച്ച ദാസ് ആ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ചു.സീഡിയന്‍ സര്‍വീസ് സൊസൈറ്റിയിലൂടെ വര്‍ഗ്ഗസമരവും ദളിത് ചിന്തയും യോജിപ്പിക്കേണ്ടതെങ്ങനെയെന്ന് ദാസ് ചൂണ്ടിക്കാണിച്ചു. വിയോജിപ്പുകളോടായിരുന്നു ദാസിന്‍റെ എല്ലാ സംവാദങ്ങളും.ജാതിവിരുദ്ധ മതേതര വേദിയിലൂടെ തന്‍റെ തനി മനുഷ്യസമൂഹം എന്ന ആശയത്തെ ആവി ഷക്കരിക്കാന്‍ ശ്രമിച്ചു.

മലനാടിന്‍റെ മാറ്റൊലി,അംബേദ്ക്കര്‍ വില്ലുവണ്ടി തുടങ്ങിയ കാവ്യ പരിശ്രമങ്ങള്‍ സമൂഹനന്‍മയെ ലക്ഷ്യമിട്ടു. വ്യക്തിചിന്ത ദാസിന് അപരിചിതമായിരുന്നു.ദേശീയ ദലിത് വിമോചന മുന്നണിയിലും ഭൂസമര മുന്നണിയിലും ജനകീയ സാംസ്ക്കാരിക വേദിയിലുമെല്ലാം ദാസ് തന്‍റെ ചിന്തകള്‍ അവതരിപ്പിച്ചു. 

കരുമാടി നൃത്തം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുകയും ഓക്സ്ഫഡ് സര്‍വകലാശാല സിലബസില്‍ പെടുകയും ചെയ്തിട്ടുണ്ട്. ദാസിനു കിട്ടിയ പുരസ്ക്കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കാഞ്ഞിരപ്പള്ളിയിലെ പുരോഗമന ചിന്താഗതിക്കാര്‍ നല്‍കിയ കാരവന്‍ അവാര്ഡ് ആണെന്നു തോന്നുന്നു. പുരസ്ക്കാരങ്ങളില്‍ തീരെ ആകൃഷ്ടനായിരുന്നില്ല ആ യഥാര്‍ത്ഥ സാംസ്ക്കാരിക പ്രവര്‍ത്തകന്‍.നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ദാസ്, മാര്‍ക്സിയന്‍ ദര്‍ശനങ്ങളില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെതന്നെ 
കീഴാളജനതയുടെ മോചനസ്വപ്നങ്ങള്‍ അവതരിപ്പിച്ചു.

പത്തു വര്‍ഷത്തിലധികമായി പേസ്മേക്കറിന്റെ സഹായത്തില്‍ മുന്നോട്ടു പോയ ദാസ്, അവസാനദിവസവും അര്‍ദ്ധരാത്രിവരെ എഴുതിക്കൊണ്ടിരുന്നു. ഉറക്കത്തില്‍ ആ ഹൃദയം നിലച്ചു. കേരളം വേണ്ടരീതിയില്‍ ശ്രദ്ധിക്കാതെ പോയ ഒരു പ്രതിഭയായി കെ കെ എസ് ദാസ് ചെറുപുഞ്ചിരിയോടെ വായനക്കാരുടെ മനസ്സില്‍ നിലനില്‍ക്കും.

Wednesday, 8 May 2024

നരി തിന്നാല്‍ നന്നോ മനുഷ്യന്മാരേ

 നരി തിന്നാല്‍ നന്നോ മനുഷ്യന്മാരേ

---------------------------------------------------------
ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കീര്‍ത്തിപ്പെട്ട ഒരു കവിതയാണ് ബുദ്ധനും ഞാനും നരിയും. ഒരു പാവം പുരുഷന്‍, റേഷനരി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് പോവുകയാണ്. ഒരു കാട് കടന്നു വേണം വീട്ടിലെത്താന്‍. വീട്ടിലെ സ്ഥിതി പരമദയനീയമാണ്. മധുരപ്പാല്‍ വറ്റിയ മുലയില്‍നിന്ന്ജീവരക്തം വലിച്ചുകുടിക്കുന്ന കുഞ്ഞ്.ആ കുഞ്ഞിനെ നോക്കി കഠിനശാപങ്ങളെറിയുന്ന, മാറെല്ലുന്തിയ അമ്മ.
കുഞ്ഞിനെ, അമ്മയുടെ ദയനീയാവസ്ഥയില്‍, ദുരിതമെന്നാണ് കവി വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് കഞ്ഞി വച്ച് കുടിക്കാനുള്ള റേഷനരിയുമായാണ് അയാള്‍ പോകുന്നത്. .കാട്ടുവഴിയില്‍ രണ്ടായിരം വര്‍ഷമായി ഇരിക്കുന്ന ഒരു ബുദ്ധപ്രതിമയുണ്ട്.
ഇരതേടുന്ന മാംസഭുക്കുകളായ പുലിയും കടുവയും സിംഹവുമൊക്കെ നഖത്തിനു മൂര്‍ച്ചകൂട്ടുന്നത് ഈ അഹിംസക്കാരന്‍റെ പ്രതിമയില്‍ ഉരസിയാണ്.
 അവിടെയെത്തിയപ്പോള്‍ ഒരു നരി അയാളുടെ അടുത്തേക്ക് വന്നു. രണ്ടു കാതം വളഞ്ഞു പോയാല്‍ ഈ അപകടകരമായ എളുപ്പവഴി ഉപേക്ഷിക്കാവുന്നതേയുള്ളൂ. പക്ഷേ പെട്ടെന്നു വീട്ടിലെത്തി കുടുംബത്തിന്റെ പശി മാറ്റണമെന്ന വ്യഗ്രതയാല്‍ അയാള്‍ കാട്ടുവഴിത്തന്നെ സ്വീകരിച്ചതാണ്.

നരി തന്‍റെ നേര്‍ക്കുവരുകയും ജീവീതം അപകടത്തിലാവുകയും ചെയ്യുമെന്നു ബോദ്ധ്യമായപ്പോള്‍ ആ പുരുഷന്‍, ബുദ്ധപ്രതിമ തള്ളിയിട്ട് നരിയെ വകവരുത്തുന്നു. ഇവിടെയാണ് ഇടശ്ശേരി ഈ ചോദ്യമുന്നയിക്കുന്നത്.അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാല്‍ നന്നോ മനുഷ്യന്മാരേ!

ബുദ്ധപ്രതിമ തള്ളിയിട്ട് നരിയില്‍ നിന്നും രക്ഷപ്പെട്ടാല്‍ ബുദ്ധകോപം ഉണ്ടാകുമോ? ഇല്ല. വിശുദ്ധ ഗ്രന്ഥങ്ങളുടെയും സ്ഥിതി അതാണ്. ഞാനൊരു രാത്രിയില്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ തടിച്ച പുസ്തകമായ നാരായണീയം അടങ്ങിയ തോള്‍സഞ്ചി വീശി കടിക്കാന്‍ വന്ന തെരുവുപട്ടികളില്‍  നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് അങ്ങനെ ചെയ്യേണ്ടിവരും. അതൊരു തെറ്റല്ല. മത ഗ്രന്ഥങ്ങള്‍ മാത്രമല്ല വിശുദ്ധപുസ്തകങ്ങള്‍. മനുഷ്യനെ നേര്‍വഴിക്കു നയിക്കുന്ന ഏത് പുസ്തകവും വിശുദ്ധ പുസ്തകമാണ്. ഏക വിശ്വാസം മാത്രമാണ് ശരിയെന്ന് ഉദ്ഘോഷിക്കുന്ന പ്രാകൃത മതഗ്രന്ഥങ്ങള്‍ അത്ര പരിശുദ്ധമൊന്നുമല്ല. ഹിന്ദുക്കളുടെ ശരിയത്ത് നിയമമായ മനുസ്മൃതി പരസ്യമായി കത്തിച്ചത് സാക്ഷാല്‍ ഡോ.ബി ആര്‍ അംബേദ്ക്കര്‍ ആയിരുന്നല്ലോ. പുസ്തകം കത്തിച്ചതുകൊണ്ടോ കീറിക്കളഞ്ഞതുകൊണ്ടോ ഏതെങ്കിലും രീതിയില്‍ നശിപ്പിച്ചതുകൊണ്ടോ അതിലെ ആശയങ്ങളെ നശിപ്പിക്കാന്‍ സാധിക്കില്ല. മറ്റൊരു ആശയം കൊണ്ടുമാത്രമേ അവയെ നേരിടാന്‍ കഴിയുകയുള്ളൂ.

മറ്റൊന്നുള്ളത് ആള്‍ക്കൂട്ടത്തിന്‍റെ സാന്നിധ്യമാണ്. ഏതെങ്കിലും ഒരു വിശ്വാസത്തെ അന്ധമായി അനുഗമിക്കുന്നവര്‍ വിശുദ്ധമെന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങളെയോ വിഗ്രഹങ്ങളെയോ വിരുദ്ധാശയങ്ങളുമായി സമീപിച്ചാല്‍ ക്ഷുഭിതരാകും. മുസ്ലിം തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തപ്പോള്‍ കലാപം ഉണ്ടാകാതെയിരുന്നത് അവിടെയുള്ള ബുദ്ധമതക്കാര്‍ അഹിംസാശയക്കാര്‍ ആയതുകൊണ്ടല്ല. അവിടെ ബുദ്ധമതക്കാര്‍ ഇല്ലാത്തതു കൊണ്ടാണ്. ഇതേ സംഭവം ജപ്പാനിലോ ശ്രീലങ്കയിലോ ഉണ്ടായാല്‍ കലാപം ഉറപ്പായിരുന്നു. സാംസ്കാരികമായ ഈടുവെയ്പ്പുകള്‍ തകര്‍ക്കുന്നത് തെറ്റാണ്. അത് പുതുതലമുറയ്ക്ക് വേണ്ടി കരുതിവയ്ക്കേണ്ടതാണ്. കലാപം മറുമരുന്നുമല്ല. 

വിശുദ്ധഗ്രന്ഥങ്ങള്‍ എന്നു പറയപ്പെടുന്ന പലപുസ്തകത്താളുകളും തെരുവില്‍ കടലപൊതിഞ്ഞുകൊടുക്കാന്‍ ഉപയോഗിക്കുന്നുണ്ട്. 
ഇതിലൊന്നും ദൈവത്തിനൊരു പരാതിയുമില്ല.

ഈ ചിന്തകള്‍ക്ക് വഴിവച്ചത് പഞ്ചാബില്‍ കുറച്ചുദിവസം മുന്‍പുണ്ടായ ഒരു സംഭവമാണ്.പഞ്ചാബിലെ ഫിറോസ് പൂരിലെ ഒരു ഗുരുദ്വാരയില്‍ വച്ച്, മനോരോഗിയായ ബക്ഷിഷ് സിംഗ് എന്ന പത്തൊന്‍പതുകാരന്‍ ഗുരുഗ്രന്ഥസാഹിബിന്‍റെ ചിലപേജുകള്‍ വലിച്ചുകീറി. വിശ്വാസികള്‍ മനോരോഗിയായ ആ യുവാവിനെ  പിടികൂടി അടിച്ചുകൊന്നു.യുവാവിന്റെ പിതാവ് ലഖ് വിന്ദര്‍ സിംഗ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. വേറൊരു പുസ്തകം വാങ്ങിവയ്ക്കുകയും ആ യുവാവിനെ ചികിത്സിക്കുകയുമല്ലേ വേണ്ടിയിരുന്നത് അമൃതാനന്ദമയിയുടെ മഠത്തില്‍ എത്തിയ സത്നാം സിങ്ങിനുണ്ടായ അനുഭവം ഓര്‍മ്മയില്‍ വരുന്നു. ആര്‍ക്കാണ് മനോരോഗം?
ആ യുവാവിനോ അയാളെ തച്ചുകൊന്ന ആള്‍ക്കൂട്ടത്തിനോ?

-