Wednesday, 29 September 2021
ജയന്‍ മാങ്ങാടിന്‍റെ തെയ്യാട്ടം
Friday, 17 September 2021
ഉടല്‍
Wednesday, 15 September 2021
സംബോധനയിലെ സാദര സമീപനങ്ങള്‍
Friday, 10 September 2021
മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം ----------------------------------------------------- വ്യാസ കഥാപാത്ര കവിതകൾ പൂജപ്പുര ആർ.സാംബൻ
മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം
------------------------------
വ്യാസ കഥാപാത്ര കവിതകൾ
പൂജപ്പുര ആർ.സാംബൻ
------------------------------
കവിതകൾ സാമൂഹികമാറ്റത്തിന്റെ ഊർജ്ജസ്രോതസ്സുകളാണ്.
ആ അർത്ഥത്തിൽ കവികൾ വിപ്ലവകാരികളുമാണ്.
മലയാളഭാഷയുടെ പ്രിയകവിയാണ്
കുരീപ്പുഴശ്രീകുമാർ.
കവിത ഒരു അനുഭവമാക്കാൻ,
ആസ്വദിക്കാൻ, ആരാധനയോടെ സമീപിക്കാൻ നമുക്ക്
കരുത്തും കഴിവും തന്നു എന്നതാണ് കുരീപ്പുഴ ശ്രീകുമാർ
എന്ന കവിയുടെ പ്രസക്തി.
യുക്തിബോധത്തിന്റെ പച്ചമണ്ണിൽ കെട്ടിയുയർത്തിയ
ബിംബകല്പനകൾ ഒരേ സമയം ഉത്ക്കണ്ഠയും
ജാഗ്രതയും ഉയർത്തുന്നു. നിരർഥകമായ പ്രാർത്ഥനകൾക്കല്ല
മറിച്ച് സ്നേഹത്തിനു മാത്രമേ വേദന മുറ്റിത്തഴച്ച
ജീവിത വിസ്മയത്തെ സാർത്ഥകമാക്കാൻ കഴിയൂ
എന്ന് കവി ഉറക്കെയുറക്കെ പാടുന്നു.
മഹാഭാരതം - വ്യാസന്റെ സസ്യശാല എന്ന കൃതിയിൽ
സൂക്ഷ്മവത്ക്കരണവും അതിന്റെ സമഗ്രതയും ഉടനീളം
ദർശിക്കാനാകും. ചിരപരിചിതമായ വ്യാസ കഥാപാത്രങ്ങളെയും
വ്യാസനെയും 2 മുതൽ 8 വരെ വരികളുള്ള ചെറു
കവിതകളിലൂടെയാണ് ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്.
പുതിയ കാലത്തിൽ നിന്നുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ്
അവയെല്ലാം.
ചില ഉദാഹരണങ്ങളിലൂടെ കടന്നു പോകാം..
ശിഖണ്ഡി
--------------
ഉള്ളിൽ
പകക്കാറ്റടിക്കെ പറഞ്ഞു ഞാൻ
കൊല്ലുകല്ലെങ്കിൽ നീ
വില്ലുപേക്ഷിക്കുക.
യുധിഷ്ഠിരൻ
-------------------
എന്താണ് ധർമ്മം, അധർമ്മം?
എൻ ജീവിതം
സമ്മിശ്രവാദം തിമിർക്കുമകത്തളം
എന്താണ് സത്യം, അസത്യം?
എൻ ചിന്തകൾ
സംശയസേന ചൊടിക്കുമടർക്കളം
എന്താണ് തോൽവി, ജയം?
തോറ്റ കുട്ടി ഞാൻ
എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ.
വ്യാസൻ
--------------
മഹാസങ്കടത്തിൻ
ജയം ജീവകാവ്യം
മഹാഭാരതത്തിൻ
നദീരയം ഭാവം
ഇതിൽ മുങ്ങി ഞാനും
നിവർന്നപ്പോഴേകം
മുഖത്തേക്ക് വീഴുന്നു
സൂര്യപ്രമാണം.
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വർണ്ണം.
(മിച്ചഭൂമി സമരത്തിൽ ഏ കെ ജിയോടൊപ്പം ജയിൽവാസം
അനുഭവിച്ച ലേഖകൻ പരന്ന വായനയുടെ അനുഭവസ്ഥനാണ്.
ജയശബ്ദം ഓൺലൈൻ പത്രത്തിലാണ് ഈ കുറിപ്പ്
പ്രസിദ്ധീകരിച്ചത്)
Saturday, 4 September 2021
മഹാഭാരതം - വ്യാസന്റെ സസ്യശാല- കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ പ്രതികരണം
മഹാഭാരതം - വ്യാസന്റെ സസ്യശാല
------------------------------
കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ
പ്രതികരണം
------------
കവിത മുഖ്യധാരായിലില്ലാത്ത, ചൊൽക്കവിതകൾ
കാസറ്റിലേറിയ ഒരു കാലഘട്ടത്തിലും തന്റെ നേരിട്ടുള്ള
ഇടപെടലിലൂടെ ആസ്വാദകനിരയെ കാവ്യോന്മുഖമാക്കി
നിർത്തിയ കാവ്യസഞ്ചാരം ഏറ്റവും ഒടുവിൽ പിന്നിട്ട
നാഴികക്കല്ലാണ് വ്യാസന്റെ സസ്യശാല.
വ്യാസമനസ്സ് പ്രസരിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന
രാഷ്ട്രീയ യുക്തികളുടെ കണ്ടെത്തൽ കൂടിയാണ്
ഈ ബൃഹദ് രചന.
പേര് സൂചിപ്പിക്കുന്ന വിധം, ഒട്ടേറെ ജീവജാലങ്ങളെക്കൂടി
പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ മഹാവനം കുരീപ്പുഴയാൽ
നിറയ്ക്കപ്പെട്ടിരിക്കുന്നത്. വ്യാസന്റെ നാരായം കോറിയിട്ട
ആഖ്യാനങ്ങളെ, ആയുധമുനയാക്കി പരിവർത്തിക്കുന്ന
ഒരു പാൻ ഇന്ത്യൻ രചനയായി കുരീപ്പുഴയുടെ ഈ ഉദ്യമം
രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
അതിന്റെ പുരോയാനം തുടങ്ങിയിട്ടേയുള്ളൂ.
Thursday, 2 September 2021
മഹാഭാരതം - ജി.പ്രമോദിന്റെ വായനക്കുറിപ്പ്. (മനോരമ ഓൺ ലൈൻ)
മഹാഭാരതം - വ്യാസന്റെ സസ്യശാല
ജി.പ്രമോദിന്റെ വായനക്കുറിപ്പ്.
(മനോരമ ഓൺ ലൈൻ)
------------------------------
വ്യാസന്റെ സസ്യശാല - കുരീപ്പുഴ ശ്രീകുമാറിന്റെ ഭാരതപര്യടനം
------------------------------
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തിൽ.
ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ
കാവ്യത്തിലെ എണ്ണൂറോളം വ്യാസസസ്യങ്ങളെ അണിനിരത്തി
കുരീപ്പുഴ ശ്രീകുമാർ ഒരുക്കിയ കാവ്യപരമ്പരയാണ്
വ്യാസന്റെ സസ്യശാല എന്ന പുസ്തകം.
ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകമെന്നു
കീർത്തി കേട്ട മഹാഭാരതത്തെ ആധുനികകാലത്തു
നിന്നുകൊണ്ട് പുനർവായിക്കാനുള്ള ശ്രമം.
ഭാവനയുടെ അനന്ത വിഹായസ്സായ കാവ്യത്തിൽ എന്താണ്
ഇല്ലാത്തതെന്ന ചോദ്യംഈ കാലത്തും പ്രസക്തമാണ്.
യുദ്ധവും സമാധാനവും കുറ്റവും ശിക്ഷയും നിന്ദിതരും
പീഡിതരും, അഗമ്യഗമനം സ്ത്രീ അപഹരണം ബലാൽസംഗം
ശവഭോഗം നരഹത്യ മൃഗഹത്യ യാഗം സവർണ്ണാധിപത്യം
സ്വയംവരം സ്ത്രീയോടുള്ള ബഹുമാനം ചർവാക ദർശനം
സാംഖ്യം യാഗനിഷേധം പ്രണയം മാതൃകാദാമ്പത്യം
പ്രാണിസ്‌നേഹം ആദിവാസിജീവിതം തുടങ്ങി
എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. അനന്ത വൈചിത്ര്യമുള്ള
കഥാപാത്രങ്ങൾ.
18 വർഷമായി ഭാരതപര്യടനം നടത്തുകയാണ് കുരീപ്പുഴ.
ചെറുതും വലുതുമായ കഥാപാത്രങ്ങളെക്കുറിച്ച് രണ്ടു
മുതൽ എട്ടു വരിവരെയുള്ള ചെറു കവിതകൾ.
ഒറ്റക്കവിതയായി വായിക്കാവുന്നതാണ് ഓരോ കവിതകളും.
കഥയുടെ തുടർച്ചയല്ല, കഥാപാത്രങ്ങളുടെ മനസ്സാണ് കവി
ഖനനം ചെയ്യുന്നത്.
പ്രശതരല്ലാത്തവരെ കുറിച്ചു മാത്രം ഒറ്റവരിയിൽ കുറിപ്പുകൾ
കൊടുത്തിട്ടുണ്ട്. അവയില്ലാതെ തന്നെ ഉള്ളിൽ ആഴത്തിൽ
കൊള്ളുന്നുണ്ട് കാവ്യശരങ്ങൾ. അക്ഷരമാലാക്രമത്തിൽ
യോജിപ്പിച്ചിട്ടുള്ള സമാഹാരത്തിൽ എവിടെനിന്ന് എങ്ങോട്ടും
വായിക്കാം. ഏതു സസ്യത്തെ അറിയാൻ ശ്രമിച്ചാലും
കവിതയുടെ ഫലം ഉറപ്പ് എന്നതാണ് വ്യാസന്റെ സസ്യശാലയിലൂടെ
കുരീപ്പുഴ ഉറപ്പു നൽകുന്നത്.
സാധാരണക്കാർക്ക് പരിചിതനല്ലാത്ത അകമ്പനൻ എന്ന
കഥാപാത്രത്തിലാണ് തുടക്കം. പുത്രമൃത്യുവാൽ ദുഃഖിതനായ
കൃതയുഗ രാജാവാണദ്ദേഹം. എട്ടുവരിയിൽ അകമ്പനന്റെ
ജീവിതം അനാവൃതമാകുന്നു.
അച്ഛനാമൊരു പർവതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദുഃഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണൽക്കാടൊട്ടകങ്ങൾ
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രൻ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രന്റെ ശീതകിരണത്തെ മൃത്യുമേഘം മറയ്ക്കുന്ന
കാഴ്‌ച എട്ടുവരിയിൽ അനവദ്യസുന്ദരമായി കവി
അവതരിപ്പിക്കുന്നു.പാണ്ഡവന്മാരി
കർണ്ണൻ പോലെയോ അകമ്പനനും മനസ്സിൽ തറയുകയാണ്.
നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ, വെളിച്ചം
കെട്ടുപോയ ജീവിതത്തിൽ എന്നെന്നേക്കും.
തുറന്നിട്ട വാതിലിലേക്ക് ഏകാകിയായി ഉറ്റു നോക്കിരിക്കുന്ന
അച്ഛന്റെ ആലംബമില്ലാത്ത ദുഃഖത്തിൽ കവിത സഫലമാകുന്നു.
പുത്രമൃത്യുവിന്റെ അപരിഹാര്യമായ ശോകം വേട്ടയാടുന്ന
വ്യക്തിയാണ് കുരീപ്പുഴയുടെ അർജ്ജുനൻ. അസ്ത്രങ്ങളെന്തിന്,
ഗാണ്ഡിവമെന്തിനെന്ന് വിലപിക്കുന്ന വില്ലാളിവീരന്റെ
മനുഷ്യമുഖം. ശത്രുവ്യൂഹത്തിൽ പുത്രന്റെ രക്തമുണങ്ങിയോ
എന്ന് അർജ്ജുനൻ ആകുലപ്പെടുമ്പോൾ, നിസ്സഹായത്വമേ
മർത്യന്റെ ജീവിതം എന്നാണ് അഭിമന്യുവിന്റെ
അകം പൊരുൾ. എല്ലാവരുമുണ്ടായിട്ടും ആരും
രക്ഷിക്കാനെത്താത്ത ജീവിതം നിസ്സഹായത്വമല്ലെങ്കിൽ
മറ്റെന്താണ്.
ആരാണ് പുരുഷൻ എന്ന ചോദ്യമാണ് അംബ ഉയർത്തുന്നത്.
നേരറിയാത്ത, നേരെയല്ലാത്ത, കരുണയില്ലാത്ത കശ്മലൻ
എന്ന മറുപേരും അംബ പുരുഷനു നൽകുന്നുണ്ട്.
അവനുമായി ഏറ്റുമുട്ടുവാൻ എന്നിലെ വനിതയെ
വില്ലെടുപ്പിച്ച് നിർത്തുകയാണ് അംബ. ഇത് മഹാഭാരതത്തിന്റെ
ആധുനിക വായനയാണ്. സ്ത്രീപക്ഷ വായന. പെണ്ണെഴുത്ത്.
കാലം ഇതിഹാസ കാവ്യപുസ്തകത്തിനു കാത്തുവച്ച
കുലനീതി.
കൃഷ്ണനൊപ്പം കംസനും അണിനിരക്കുന്നുണ്ട് വ്യാസന്റെ
സസ്യശാലയിൽ. ചെയ്ത ക്രൂരതകളെല്ലാം പ്രാണരക്ഷയ്ക്ക്
വേണ്ടിയായിരുന്നെന്ന ഏറ്റുപറച്ചിലാണ് കംസന്റെ
കുറ്റസമ്മതത്തെ ശ്രദ്ധേയമാക്കുന്നത്.
"സിംഹജാഗ്രതയുള്ളിൽ ഗർജ്ജിക്കവേ
ഹംസമല്ല ഞാൻ പാറിപ്പറക്കുവാൻ"
മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവർക്കും ഒന്നിലധികം
തവണ വായിച്ചവർക്കും പുതിയ പൊരുളുകൾ നൽകും
കുരീപ്പുഴയുടെ ഭാരതം. ഇനിയും വായിക്കാത്തവർക്ക്
പുതിയ കാഴ്ചപ്പാടുകളോടു കൂടി ഇനിയെങ്കിലും വായിക്കാം.
ഈ സ്വതന്ത്ര കവിതകൾ സഫലമായ കാവ്യജീവിതത്തിന്റെ
സമ്മോഹനഫലങ്ങളായി മലയാള കാവ്യശാഖയെ
സമ്പന്നമാക്കുന്നു.
ReplyForward |
Tuesday, 31 August 2021
പാര്‍ലമെന്‍റ് അംഗങ്ങളുടെ നാടകം
--------------------------------------------------------രാഷ്ട്രീയനേതാക്കള്‍ നാടകം കളിക്കുകയാണെന്നും ആരുടെയോ തിരക്കഥ അനുസരിച്ചു പോകുകയാണെന്നും സാധാരണ പറയാറുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണസഭയിലെ അംഗങ്ങള്‍ അപൂര്‍വമായി നാടകം കളിക്കാറുമുണ്ട്.
നിയമസഭാവാര്‍ഷികവും മറ്റും വരുമ്പോള്‍ ആദരണീയരായ അംഗങ്ങള്‍ ക്രിക്കറ്റ്, ഫൂട്ബാള്‍,വടംവലി തുടങ്ങിയ കായികപരിപാടികള്‍ നിയമസഭയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്റ്റേഡിയത്തില്‍ വച്ച് നടത്താറുണ്ട്.നാടകത്തിനു സാഹിത്യ അക്കാദമി അവാര്ഡ് നേടിയ നിയമസഭാംഗം പിരപ്പന്‍കോട് .മുരളിയെഴുതിയ ഒരു നാടകം അന്നത്തെ നിയമസഭാംഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.
ഈ പരിപാടികളെല്ലാം നിയമസഭാംഗങ്ങളുടെ മാനസിക സന്തോഷത്തിനും ചാനലുകളുടെ വാര്‍ത്താക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയാണെങ്കില്‍ ചാനലുകളില്ലാത്ത ഒരുകാലത്ത്, സമരം ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം രക്ഷിക്കാനുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടി പാര്‍ലമെന്‍റ് അംഗങ്ങള്‍ ഒരു നാടകം പഠിച്ച് അരങ്ങേറിയ അനുഭവവും നമുക്കുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മദ്ധ്യാഹ്നം. ആലപ്പുഴയിലെ കയര്‍ മുതലാളിമാര്‍ പണം കൊണ്ട് അമ്മാനമാടുന്ന കാലം. തൊഴിലാളികള്‍ ജീവിക്കാനായി പെടാപ്പാട് പെടുന്ന കാലം.നിരന്തര ചൂഷണത്തില്‍ നിന്നും കരകയറാനായി തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്റ്ററികള്‍ അടച്ചുപൂട്ടി പാഠം പഠിപ്പിക്കാന്‍ .തീരുമാനിച്ചിരിക്കുകയാണ് മുതലാളിമാര്‍. ടി.വി.തോമസിന്റെയും മറ്റും അജയ്യ നേതൃത്വം സമരക്കാരെ മുന്നോട്ട് നയിക്കുന്നു. സമരാഗ്നിയില്‍ എണ്ണയൊഴിച്ച് കൊണ്ട് പി.കെ മേദിനി പാടുന്നു.
സമരം നീളുംതോറും തൊഴിലാളികള്‍ അസ്വസ്ഥരാണ്. വീട്ടിലെ അടുപ്പില്‍ തീ പുകയുന്നില്ല.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ എ.കെ.ജിക്ക് ഒരു ആശയം തോന്നി. പാര്‍ലമെന്‍റെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഒരു നാടകം ഡെല്‍ഹിയില്‍ അരങ്ങേറി പണം സമാഹരിച്ച് ആലപ്പുഴയിലെ തൊഴിലാളികള്‍ക്ക് നല്കാം.
ഡെല്‍ഹി ആകാശവാണിയിലെ മലയാള വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓംചേരി എന്‍.എന്‍ പിള്ളയെ, പ്രതിപക്ഷനേതാവിന്‍റെ താമസസ്ഥലമായ വിന്‍ഡ് സര്‍ പ്ലേസിലേക്ക് വിളിക്കുന്നു. സമരക്കാരെ സഹായിക്കാന്‍ ഒരു നാടകം എഴുതണം.
കവിതക്കമ്പവുമായി ദില്ലിയിലെത്തിയതാണ് ഓംചേരി. അദ്ദേഹം എഴുതി. ഇന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്ക്കാരപ്രഭ ചൂടി നില്‍ക്കുന്ന അദ്ദേഹം ദില്ലിയിലെത്തിയ ശേഷം ആദ്യം എഴുതുന്ന നാടകം. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു.
പി.ടി.പുന്നൂസ്,കെ.സി.ജോര്‍ജ്, ഇ.കെ.ഇമ്പിച്ചിബാവ, വി.പി നായര്‍ തുടങ്ങിയ പാര്‍ലമെന്‍റ് അംഗങ്ങളും റോസ് ക്കോട്ട് കൃഷ്ണപിള്ളയും മറ്റുമാണ് അരങ്ങത്ത്. നാടകം കാണാന്‍ കവി ഹരീന്ദ്രനാഥ ചതോപാധ്യായ അടക്കമുള്ള സമ്പന്നമായ സദസ്സ്..
ക്രിസ്തുമത വിശ്വാസികളായ തോമായുടെയും ത്രേസ്യയുടെയും വീടാണ് ആദ്യരംഗം.അവരും മകന്‍ പുരോഗമനവാദിയായ ചാക്കോയും തമ്മിലുള്ള സംഭാഷണം മുറുകുമ്പോള്‍ ആ ഇടവകയിലെ വികാരി കടന്നു വരുന്നു. സമരത്തിന്‍റെ ചൂളയില്‍ അഗ്നിശോഭയോടെ നില്‍ക്കുന്ന ചാക്കോയെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ വികാരി ശ്രമിക്കുന്നു.
വികാരിയുടെ ശ്രമം പരാജയപ്പെടുകയും ചാക്കോ വിളിച്ച ഒരു സ്ഥലത്തേക്ക് വികാരി പോവുകയും ചെയ്യുന്നു. പപ്പുപിള്ളയുടെ ഓലപ്പുര.. കയര്‍ ഫാക്റ്ററിയിലെ ജോലിക്കിടയില്‍ പപ്പുപിള്ളയുടെ കയ്യൊടിഞ്ഞു.ഭാര്യ കീടപ്പിലാണ്. പട്ടിണിയിലായ മക്കള്‍. ഫാക്റ്ററി ഉടമസ്ഥനായ ലോനപ്പന്‍ മുതലാളി ആ പാവം തൊഴിലാളി കുടുംബത്തെ കുടിയിറക്കാന്‍ തീരുമാനിച്ചിരിക്കയാണ്.
പള്ളി വികാരി ലോനപ്പന്‍ മുതലാളിയോട് ആ കുടുംബത്തെ ഇറക്കി വിടരുതെന്ന് അഭ്യര്‍ഥിക്കുന്നു. ആ ഓലപ്പുര നില്‍ക്കുന്നിടമാണ് കപ്പേള പണിയാന്‍ കണ്ടുവച്ചിരിക്കുന്നതെന്ന് പറഞ്ഞ് മുതലാളി ആ അഭ്യര്‍ഥന നിരസിക്കുന്നു.
പപ്പുപിള്ളയെയും കുടുംബത്തെയും നിഷ്ക്കരുണം ഇറക്കിവിടുകതന്നെ ചെയ്യുന്നു. പള്ളിമേടയില്‍ വച്ച് നടക്കുന്ന ഒരു അസാധാരണ രംഗത്തോടെയാണ് ആറു രംഗങ്ങളുള്ള ഈനാടകം അവസാനിക്കുന്നത്. അന്നത്തെ തൊഴിലാളി ജീവിതത്തിന്റെ ദയനീയരംഗങ്ങളാല്‍ കരളലിയിക്കുന്ന ഈ നാടകം ബൈബിള്‍ വചനങ്ങളുടെ പൂമരങ്ങളും നിറഞ്ഞതാണ്.
നാടകം കണ്ട കവി ഹരീന്ദ്രനാഥ ചതോപാധ്യായ, ഈ നാടകം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റണമെന്ന് അഭ്യര്‍ഥിച്ചു. ഇംഗ്ലീഷ് പരിഭാഷയ്ക്ക് അദ്ദേഹം അവതാരികയും എഴുതി.
ഓംചേരി പിന്നീട് നിരവധി നാടകങ്ങളെഴുതി. സഖാവ് വെളിയം ദാമോദരന്‍ അടക്കമുള്ളവര്‍ കേരളത്തില്‍ അഭിനയിച്ചു പൊലിപ്പിച്ച തേവരുടെ ആനയും നാട്ടിലും മറുനാട്ടിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട ഉലകുടപെരുമാളുമൊക്കെ മലയാളത്തിനു ലഭിച്ചു. എല്ലാ നാടകങ്ങളും മലയാള നാടകവേദിയെ മുന്നോട്ട് കൊണ്ടുപോകുന്നതായിരുന്നു.
പാര്‍ലമെന്‍റ് അംഗങ്ങള്‍ അവതരിപ്പിച്ച ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു എന്ന ആദ്യനാടകം തന്നെ നാടകത്തിന്റെയും സമരത്തിന്റെയും ചരിത്രത്തില്‍ വേറിട്ട വ്യക്തിത്വത്തോടെ നില്ക്കുന്നു.