Wednesday, 24 November 2021

കോവിഡനന്തരം എട്ടുകാലി മമ്മൂഞ്ഞ്..

 

മരണമില്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്‍റെ തകര്‍പ്പന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ, നഗ്നസ്വഭാവമുള്ള ഒരു ചെറുകവിതയില്‍ ക്ഷണിച്ചിരുത്തിയിരിക്കുകയാണ് അശോക് കുമാര്‍ പെരുവ.കോവിഡ് കാലത്ത് എട്ടുകാലി മമ്മൂഞ്ഞ് എന്തു ചെയ്യുകയായിരുന്നു എന്നാണ് കവി അന്വേഷിക്കുന്നത്. കവിത ഇത്രേയുള്ളൂ.

വാക്സിനുകള്‍ നേടുവാന്‍ 
പ്രാര്‍ത്ഥനയിലായിരു-
ന്നിക്കാലമത്രയും ഞാന്‍.
നമുക്കതുവഴി
വാക്സിനുകളെത്തി.
തുടരാം മറന്നിട്ട 
വചനപ്രഘോഷവും 
ഭജനാരവങ്ങളും!

അതെ. പ്രതിരോധ കുത്തിവയ്പ്പിലൂടെ കോവിഡ് ഒരു വിധം നിയന്ത്രണാധീനം ആയപ്പോള്‍ ഉച്ചഭാഷിണിയുടെ അമിതമായ ഉപയോഗവും ഉച്ചിയില്‍ തൊടീലും കാല്‍ കഴുകിക്കലും ഒക്കെയായി അവര്‍ തിരിച്ചു വരികയാണ്. കെട്ടിപ്പിടിക്കുന്ന ആള്‍ ദൈവങ്ങള്‍ക്ക് ഇപ്പൊഴും രോഗഭീതി മാറിയിട്ടില്ല. ഉടനെ അവരും ഗോദയിലെത്തും. ചിന്താശീലമുള്ള മനുഷ്യന്‍റെ പരാജയമാണ് ഈ കൊട്ടിഘോഷിച്ചുള്ള തിരിച്ചു വരവ്.

കൂട്ടപ്രാര്‍ഥന കൊണ്ടോ മൈക്ക് പ്രയോഗം കൊണ്ടോ ഒന്നും കോവിഡ് മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയത് സയന്‍സ് മാത്രമാണു.അസംഖ്യം സഹോദരര്‍ നഷ്ടപ്പെട്ടുവെങ്കിലും ഒടുവില്‍ ശാസ്ത്രവും മനുഷ്യനും ഒന്നിച്ചു ജയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രം നിഷ്ക്രിയമായെങ്കില്‍ ഒറ്റ മനുഷ്യന്‍ പോലും ഇന്ന് ലോകത്ത് അവശേഷിക്കുമായിരുന്നില്ല. നടപ്പുദീനക്കാലം കഴിഞ്ഞു മരവും മലയുമിറങ്ങി അപ്പുക്കിളി വരുമ്പോള്‍ ലോകം മരണമൌനത്തിന്റെ മണ്ണുടുപ്പിട്ടു കിടക്കുമായിരുന്നു. ശാസ്ത്രത്തിനാണ് നാം നന്ദി പറയേണ്ടത്.

മനുഷ്യരെല്ലാം ഭയപ്പാടില്‍ കഴിഞ്ഞു കൂടിയ കോവിഡ് കാലത്ത് അത്ഭുത രോഗശാന്തിക്കാര്‍ എവിടെ പോയിരിന്നുവെന്ന് ചിന്തിക്കുന്നത് നല്ലതാണ്.ചരട് ജപിച്ചുകെട്ടിയും വെള്ളം ഊതിക്കൊടുത്തും അക്ഷരം കലക്കി കുടിപ്പിച്ചും കഴിഞ്ഞു കൂടിയവര്‍ സ്റ്റാന്‍ഡ് വിട്ടുപോകുകയും ഭക്ഷണക്കിറ്റിന് കൈ നീട്ടുകയും ചെയ്തു. രോഗശമന, പരീക്ഷാവിജയ യന്ത്രക്കാരെ അവരുപയോഗിച്ച മഷിയിട്ടു നോക്കിയാല്‍ പോലും കാണാതായി.
ജിന്നു പിടുത്തകാരും ചെകുത്താന്‍ വേട്ടക്കാരും മാളത്തിലൊളിച്ചു.
ലോകപ്രസിദ്ധ ആരാധനാ കേന്ദ്രങ്ങളെല്ലാം പൂട്ടി.അവയെല്ലാം വാക്സിന്‍ കണ്ടെത്തിയതിന്റെ ബലത്തില്‍ നമ്മുടെ ദൌര്‍ബല്യങ്ങളെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ടുണ്ട്.

കോവിഡിനു ചിതറിപ്പിക്കാന്‍ കഴിയാതെപോയ ഒരേയൊരു കാര്യം ഇന്ത്യ കണ്ട ഐതിഹാസികമായ കര്‍ഷകസമരമാണ്.ആദ്യത്തെ തീവണ്ടിയില്‍ തിരുനല്ലൂര്‍ ചൂണ്ടിക്കാട്ടിയ വിയര്‍പ്പിന്‍ ശക്തിയാവാം അതിനു കാരണം.

 കോവിഡനന്തരമുണ്ടായ  അന്ധവിശ്വാസാധിഷ്ഠിത   മരണവാര്‍ത്ത കണ്ണൂരില്‍ നിന്നും എത്തിയിരിക്കുന്നു.

ബാലുവയലിലെ പതിനൊന്നുകാരി ഫാത്തിമയാണ് ഇരയായത്. പനി മാറാന്‍ വേണ്ടി നടത്തിയ പ്രാര്‍ഥനയുടെയും മന്ത്രിച്ചൂതിയതി ന്റെയും  ഫലമായാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്ന് പോലീസില്‍ പരാതിപ്പെട്ടത് സഹോദരനാണ്. ഫാത്തിമയുടെ പിതാവും കുഞ്ഞിപ്പള്ളി ഇമാമും പോലീസ് കസ്റ്റഡിയിലായി. 

മൂന്നു ദിവസം മന്ത്രവാദമായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്വാസകോശത്തില്‍ അണുബാധയായിരുന്നു എന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്.

കേരളത്തിലെ പുരോഗമനവാദികള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ദുര്‍മന്ത്രവാദ നിരോധനനിയമം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി അടിയന്തിരമായി ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ഈ സംഭവം വിളിച്ച് പറയുന്നുണ്ട്.

കോവിഡ് കാലത്ത് മാറിനിന്ന മനുഷ്യവിരുദ്ധമായ ദുരാചാരങ്ങള്‍ തിരിച്ചു വരാന്‍ അനുവദിക്കരുത്.

അശോക് കുമാര്‍ പെരുവയുടെ എട്ടുകാലി മമ്മൂഞ്ഞ് എന്ന ചെറു കവിത വന്നത് ഇന്ന് എന്ന മിനിമാസികയിലാണ്.
പ്രമുഖപ്രസിദ്ധീകരണങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കേരളത്തിലെ ചെറുമാസികകള്‍ പുരോഗമന പക്ഷത്തു നില്ക്കുന്നു എന്നത് ആശ്വാസകരമാണ്.

Friday, 19 November 2021

പ്രഭാതംപോലെയല്ല


ചെമ്പരത്തിത്താളി തേച്ചു

കുളിച്ചു വന്നപ്പോള്‍ 

ചെമ്പനുണ്ണിയുഷസ്സിനും

സൌഗന്ധികച്ചന്തം 


ചന്ദ്രികപ്പാമ്പുകള്‍ കൊത്തി-.,

യുണര്‍ത്തിയ പൂക്കള്‍ 

സന്ധ്യ തൊട്ടേ നിദ്രയില്ലാ-

തലറിടും  കാറ്റില്‍


കാത്തിരുന്ന നിശാശലഭ-

ക്കാലുകള്‍ തേടി

ആര്‍ത്തുവന്ന മഴപ്പെരുങ്കാ

റാകെയും മൂടി 


വെക്കമെന്‍ കരയെത്തുവാനായ്

തോണികള്‍ പാഞ്ഞു 

എത്ര വേഗം പ്രകൃതി സൌമ്യ-

ക്കാലുറ മാറി.


കാട്ടില്‍ നിന്നു പുലിക്കുടുംബം 

നാട്ടിലെത്തുമ്പോല്‍ 

ആട് കാള പശുക്കളെല്ലാം 

നാവടക്കുന്നു 


വീരനായ്ക്കള്‍ ചാരപ്പുരയ്ക്കുള്‍

കാവല്‍ക്കാരായി 

പേമഴപ്പടയോട്ടമെല്ലാ-

ക്കൂരയും തോണ്ടി


ഒട്ടു സന്തോഷിച്ചു പോയാ-

ലപ്പുറം ദുരിതം  

കെട്ടഴിച്ചു വിഴുങ്ങുവാനായ് 

കാത്തിരിക്കുന്നു


സുപ്രഭാതം പോലെയല്ല 

തുടര്‍പ്രയാണങ്ങള്‍ 

ഇഷ്ട ഭോജ്യം കാലജന്തു 

കവര്‍ന്നു പോയേക്കാം.


കലമാനും കാമുകിയും


വാക്കുമരത്തണലത്ത്

പാട്ടു തുന്നും യുവതിക്ക് 

കയ്യിലിടാന്‍ വള്ളിവള 

കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ് 


കൊലുസ്സിന്റെ തിളക്കത്തില്‍ 

മനസ്സടച്ചു നക്ഷത്രം  

അതു കണ്ടു യാത്ര നിര്‍ത്തി 

പരുങ്ങി നിന്നു ഗാലക്സി 


ഗാലക്സിയില്‍  മുങ്ങി നീന്തി 

വെളിച്ചത്തിന്‍  യുവധീരന്‍ 

മുഖം പൊത്തി  കന്യമാരെ 

കൊണ്ടുപോയ കാമക്കണ്ണന്‍ 


കണ്ണടച്ചു ചൂണ്ടി വന്ന

സൂചിക്കാരി  യുവതിക്ക് 

രണ്ടു കടം കൂട്ടിവച്ചു 

രണ്ടു ചോദ്യം  ബാക്കി വച്ചു


വച്ചു മാറാന്‍ ശംഖുണ്ടോ

വെന്ത ചോറിന്‍ മണമെന്ത്?

ചോദ്യം രണ്ടും ചെറുത്തപ്പോള്‍ 

ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു 


ഉടഞ്ഞു പോയ മൌനത്തില്‍ 

ഹോര്‍മോണുകള്‍ വീണ മീട്ടി 

ഇണകള്‍ക്ക് ചാമരവും 

ചഷകവുമായ് കാറ്റെത്തി.


എത്തിനോക്കീ  മരച്ചോട്ടില്‍ 

തുന്നലില്ല വെട്ടമില്ല 

മരം നിന്ന പുല്‍ത്തടത്തില്‍

കലമാനും കാമുകിയും.


Tuesday, 9 November 2021

രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

 രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

------------------------------------------------------------------

യുണൈറ്റഡ് അറബ് എമിറൈറ്റ്സിലെ ദുബൈ ഗവണ്‍മെന്‍റ്  വന്‍തുക ചെലവഴിച്ച് സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനപ്രപഞ്ചമാണ് ഇപ്പോള്‍ അവിടെ നടക്കുന്ന എക്സ്പോ 2020 എന്ന ആഗോള പ്രദര്‍ശനം.

ഇരുനൂറോളം രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.ഓരോ രാജ്യവും അതിന്‍റെ സംസ്ക്കാരത്തനിമയും പുരോഗതിയുടെ പടവുകളും കാണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍ശബ്ദങ്ങള്‍ അറേബ്യക്ക് പുറത്തുണ്ടായിരുന്നെങ്കിലും പ്രദര്‍ശനം ഗംഭീരമായിത്തന്നെ തുടരുന്നു. ഇന്ത്യന്‍ രൂപ വച്ചു നോക്കിയാല്‍  ഒരാളിനു രണ്ടായിരം രൂപയാണ് ടിക്കറ്റ്. അവിടെ എളുപ്പം എത്താനുള്ള മെട്രോ സൌകര്യം ഒരുക്കിയിട്ടുണ്ട്. ബസ് സൌകര്യവും ഉണ്ട്. പതിനെട്ടു വയസ്സുവരെയുള്ളവര്‍ക്കും അറുപതു കഴിഞ്ഞവര്‍ക്കും പ്രവേശനം സൌജന്യമാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ് എല്ലാ പവലിയനിലും ഉള്ളത്.സൌദി അറേബ്യ ഒരുക്കിയിട്ടുള്ള പവലിയന്‍ ആധുനിക സാങ്കേതിക വിദ്യാപ്രകടനത്തിന്‍റെ ഗംഭീര ഉദാഹരണമാണ്.മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന പലസ്തീന്‍ - ഇസ്രായേല്‍ പവലിയനുകള്‍ ലോക രാഷ്ട്രീയ ബോധമുള്ളവരില്‍ കൌതുകം ഉണര്‍ത്തുന്നതാണ്.

പ്രവേശനകവാടത്തില്‍ തന്നെ എല്ലാ രാജ്യങ്ങളുടെയും പതാക ഉയര്‍ത്തിയിട്ടുണ്ട്. അതിന്‍റെ ചോട്ടില്‍ അറേബ്യന്‍ ഗോത്രനൃത്തവും സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.കുട്ടികളോട് സംസാരിക്കുന്ന യന്ത്രസഹോദരരും അവിടെ കറങ്ങി നടക്കുന്നു.
 
ഓരോ പവലിയന് മുന്നിലും അതാതുരാജ്യങ്ങളുടെ സാംസ്ക്കാരിക പരിപാടികളുണ്ട്. നമ്മുടെ കളരിപ്പയറ്റും കൈകൊട്ടിക്കളിയും ഒഡീസിയും മണിപ്പൂരിയും നാട്ടുകാട്ടുകലാപ്രകടനങ്ങളുമൊക്കെ ഭാരത പവലിയന്‍റെ മുറ്റത്തുണ്ട്. കവിയരങ്ങും മുശായിരയുമൊന്നും ഇല്ല.

പാക് പവലിയന്‍റെ മുറ്റത്തുണ്ടാകുന്ന നൃത്തവും പാട്ടുമൊക്കെ ആസ്വദിക്കാനും ഇലഞ്ഞിത്തറ മേളത്തിന്റെ കൈയാംഗ്യ മേളത്തെഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അനുഭവിക്കാനും നിറയെ സന്ദര്‍ശകര്‍ ഉണ്ടാകാറുണ്ട്.

ഓരോ രാജ്യവും അവരുടെ സാംസ്ക്കാരിക മഹത്വവും മനുഷ്യരാശിക്ക് അവര്‍ നല്‍കിയ സംഭാവനകളും പവലിയനുകളില്‍ ആധുനികസാങ്കേതിക വിദ്യയുടെ കമനീയതയോടെ ഒരുക്കിയിട്ടുണ്ട്. ഫാസിസമൊക്കെ ലോകരാജ്യങ്ങളുടെ അനിഷ്ടപ്പാട്ടികയിലായതിനാല്‍ രാഷ്ട്രനായകരുടെ പടവും പ്രസംഗവും കൊണ്ട് പവലിയനുകള്‍ നിറച്ചിട്ടില്ല. ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ കാലമായിരുന്നെങ്കിലോ? അവരുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ കാണുമായിരുന്നു. ഭരണാധികാരികളിലെ ഫാസിസ്റ്റ് പുറത്തുവരുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം ആത്മരതിയുടെ അടയാളമായ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കകയെന്ന പ്രവണതയിലൂടെ ആണല്ലോ.

നാലുനിലയുള്ള പടുകൂറ്റന്‍ പവലിയനാണ് ഇന്ത്യ പടുത്തുയര്‍ത്തിയിട്ടുള്ളത്. നാനൂറ്റന്‍പത് കോടി രൂപയാണ് അവിടെ ദീവാളികുളിച്ചത്. ദീവാളി കുളിക്കുകയെന്ന പ്രയോഗം ഇന്ത്യന്‍ പവലിയന്‍റെ മൂന്നിലെത്തുമ്പോള്‍ പെട്ടെന്നു ഓര്‍മ്മവരും.കാരണം നമ്മുടെ പ്രധാനമന്ത്രി ദീപാവലി ആശംസകളുടെ സ്നാനഘട്ടത്തില്‍ നില്‍ക്കുന്ന ചിത്രം പലവട്ടം അവിടെ  മിന്നിമറയും.

ഉള്ളില്‍ കടന്നാല്‍ ആദ്യം ചന്ദ്രയാന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. അവിടെ നിന്നുകൊണ്ടു ഇനി ആര്യഭട്ടനും ഭാസ്ക്കരനും ഇട്ടിഅച്ചുതനും ഈ.ജാനകിയമ്മാളും ജഗദീഷ് ചന്ദ്രബോസും ശാസ്ത്രീയതയെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയായ നെഹ്രുവും ഒക്കെ കാണുമെന്നു ധരിച്ചാല്‍ തെറ്റി. പിന്നങ്ങോട്ടു യോഗാഭ്യാസമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ഒരിക്കലും പിന്‍തുടര്‍ന്നിട്ടില്ലാത്ത വിവിധ ആസനങ്ങളുടെ പ്രകടനം.

കണ്ടുകണ്ടങ്ങനെ വരുമ്പോള്‍ അതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധപോസിലുള്ള ചിത്രങ്ങള്‍. സോവിയറ്റ് അമേരിക്കന്‍ രാഷ്ട്രനായകരോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്രു നിന്ന പടമല്ല.നരേന്ദ്ര മോദി വിവിധ രാഷ്ട്രനായകരെ ഒറ്റയ്ക്കു കാണുന്ന ഫോട്ടോകള്‍.

ആദ്യം അഹിംസയെ കുറിച്ച് സംസാരിച്ച ബുദ്ധന്‍റെയോ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയോ പടങ്ങളില്ല.
എല്ലാം മോദിമയം. രണ്ടാം ലോകയുദ്ധകാലത്തിനു മുന്‍പ് ജര്‍മ്മനിയുടെ ചുമരുകളില്‍ കണ്ട ആ മുറിമീശക്കാരനെ 
സന്ദര്‍ശകര്‍ ഓര്‍മ്മിച്ചാല്‍ അത്ഭുതപ്പെടാനില്ല.

ഈ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം അവിടെ മാത്രമല്ലല്ലോ.വിമാനത്താവളങ്ങളിലും മരുന്ന് കടകളിലും പെട്രോള്‍ പമ്പുകളിലും കോവിഡ് സര്‍ട്ടിഫിക്കറ്റിലും എല്ലാം കാണുന്നുണ്ടല്ലോ. അതെ, ഭരണാധികാരിയുടെ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം സര്‍വ്വനാശകാരണമായ ഫാസിസ്റ്റ്  കൊടുങ്കാറ്റിനു മുന്‍പുള്ള പക്ഷിക്കരച്ചിലാണ്.

Saturday, 30 October 2021

മഹാഭാരതം വായനാനുഭവം ബാലഗോപാലന്‍ കാഞ്ഞങ്ങാട്

 പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മാഷ്ടെ മഹാഭാരതം - വ്യാസൻ്റെ സസ്യശാല " മുൻനിർത്തി ഒരു സ്നേഹവായന

യുദ്ധത്തിൽ മരിക്കുന്നവർക്കും അനാഥരാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സമർപ്പണം ചെയ്ത പുസ്തകം;ആദ്യ പേജിൽ തന്നെ കവി തൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു" ഞാൻ അടിച്ചമർത്തപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെടുന്നവരുടേയും കൂടെയാണ്.സാഹിത്യം സാമൂഹിക പ്രതിബദ്ധമാകണം. ചില്ലുമേടയിലിരിക്കുന്നവൻ്റെ പാൽ ചിരിയിലെ സൗന്ദര്യ ചിന്തയല്ല; മറിച്ച് കണ്ണീർ വീണ് കരുവാളിച്ച് ഉടൽ കറുത്തവൻ്റെ കൺതടങ്ങളിലെ കല്ലിച്ച ചോരയാണ് തൻ്റെ സർഗ്ഗധാരയുടെ അടിസ്ഥാന ശിലയെന്ന് പ്രഖ്യാപിക്കുന്ന കവിയുടെ രചനകൾ ; ഈ ആശയധാരയുമായി മുന്നോട്ടു പോകുന്ന ഏതൊരാളുടേയും ചിന്തകളെ തീപിടിപ്പിക്കുന്ന അരണി കടച്ചിൽ തന്നെയാണ് '
മഹാഭാരതം - പൗരാണിക ഭാരതം ലോകസാഹിത്യത്തിനു സമ്മാനിച്ച മഹത്തായ കാവ്യപുസ്തകം. വിശ്വ മഹാകവി വേദവ്യാസൻ ഭാവന കൊണ്ട് വരാനിരിക്കുന്ന യുഗങ്ങളിലേക്ക് കൂടി ആശയദർശനം നടത്തിയ കൃതി. യുദ്ധം തെറ്റാണെന്നും; ആത്യന്തികമായി യുദ്ധം ബാക്കി വയ്ക്കുന്നത് മാനസികവും, സാമൂഹികവുമായ കഠിന നിസ്സംഗ ശൂന്യതയാണെന്ന് അടിവരയിട്ട് പറയുന്ന ഋഷി കവി ആർക്കും പിടികൊടുക്കാത്ത മനുഷ്യൻ്റെ മനസ്സ് എങ്ങനെയാണെന്ന് നൂറുകണക്കിന് കഥാപാത്രസന്നിവേശത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. രാമായണവും മഹാഭാരതവും വായിച്ചൊരു സാധാരണക്കാരനായൊരു തമിഴൻ പറഞ്ഞ കഥ ( ഏറ്റവും സൂഷ്മമായി) കാഞ്ഞങ്ങാട്ട് നാട്ടിൽ പൂർവ്വികർ പറഞ്ഞു കേട്ടിട്ടുണ്ട്
"ഒരവൻ പെണ്ണാലെ സത്തുപോയ്
മറ്റവൻ മണ്ണാലെ സത്തു പോയ് " ----
പെണ്ണും മണ്ണുമാണ് ലോകത്തിലവിടെയും യുദ്ധത്തിൻ്റെ വിത്തു വിതയ്ക്കുന്നത്. യുദ്ധം ആരംഭിക്കുന്നത് മനുഷ്യൻ്റെ മനസ്സിലാണെന്ന കവിവാക്യം ഈ യാഥാർത്ഥ്യ നിരീക്ഷണത്തിൽ നിന്നും പുറപ്പെട്ടതാവാം.
ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ശബ്ദമാകുന്നുണ്ട് വ്യാസമാഹാഭാരതം എന്ന കൃതി.അകമ്പനൻ തൊട്ട് ഹോത്രവാഹനൻ വരെയുള്ളവർ.കവി അഗ്നിയെ തൊട്ടത് നോക്കുക
" തോറ്റു ഞാൻ
കിളിക്കുഞ്ഞുങ്ങളേ പ്രാണ -
പാത്രവുമായ്
പറന്നു പൊയ്ക്കൊള്ളണേ"...
തൻ്റെ തീച്ചൂട് തനിക്കു പോലും കെടുത്താനാവില്ലെന്ന് നിസ്സഹായനായൊരാളുടെ വിലാപം.
വില്ലു നീ താഴെ വയ്ക്കുക എന്നു പറയുന്ന അത്രി; യുദ്ധ ഹേതു വിവരിക്കുന്ന അന്ധകൻ;നിസ്സഹായതയിൽ വിയർക്കുന്ന അഭിമന്യു ;പുത്രവിലാപം ചെയ്യുന്ന അർജ്ജുനൻ;പൊരുതി മരിക്കാൻ; പകരം വീട്ടാൻ അവിഹിത സന്തതിമാരേ വരൂ എന്ന് ആഹ്വാനം ചെയ്യുന്ന അലായുധൻ;മാഹാ വ്യാധി ബാധിച്ചു വീണിട്ടും താൻ തന്നെയാണ് ശരിയെന്ന് പറയുന്ന അശ്വത്ഥാമാവ്; പകയുടെ നേർ ചിത്രമായ അംബ;ഭോഗാസക്തനായ ഇന്ദ്രൻ; സിംഹ ജാഗ്രതയുളളിൽ ഗർജ്ജിക്കുമ്പോൾ പ്രാണരക്ഷ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് പറയുന്ന കംസൻ: പെറ്റമ്മ വലിച്ചെറിഞ്ഞ കർണ്ണൻ;പടപൊരുതലാെണൻ്റെ കർമ്മമെന്ന് പറയുന്ന കിർമ്മീരൻ;മരണത്തിനോടു പോലും അനുഭൂതി പകരാൻ പറയുന്ന കീചകൻ സങ്കടത്തിൻ്റെ തീയമ്പ് കടയുന്ന കുന്തി ; ഈശ്വരനല്ല വെറും മർത്ത്യനാണ് താനെന്ന ചെറുതാകലിലേക്ക് ചെറുതാകുന്ന കൃഷ്ണൻ ...... ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തങ്ങളെ കവിതയുടെ ചുവന്ന ചുവരിലേക്ക് അലേഖനം ചെയ്യുന്നത് ഈ കവിയിലൂടെ !
ഒടുവിൽ
"തപസ്സിലാഗ്രഹങ്ങൾ പോൽ ഹിമത്തിലഗ് നിയുണ്ടെടോ
തകർന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും
തിരിച്ചു നീ പിടിക്കണം, പടക്കളത്തിലെത്തണം
പരുക്കനായ പൗരുഷം തകർത്തെറിഞ്ഞു നിൽക്കണം
വില്ലെടുക്കബലയല്ല പെണ്ണു നീയറിയണം
കല്ലുപോൽ പ്രബലയായുറച്ചുതന്നെ നിൽക്കണം"..... എന്ന് ഹോത്രവാഹനനിലൂടെ സ്ത്രീയേ ശക്തിയിലേക്കു കുതിക്ക;നീയ ബലയല്ല; മഹാശക്തിയാണെന്ന് പാർശ്വവൽക്കരിക്കപ്പെട്ടു പോയ സ്ത്രീ ജന്മങ്ങളെ പ്രാണനിൽ ചേർത്തു പിടിക്കുകയും ചെയ്യുന്നുണ്ട് കവി. നന്നായി ഉൾക്കൊണ്ട് വായിക്കപ്പെട്ടാൽ ക്ലാസിക്കുകളെല്ലാം തന്നെ മനുഷ്യനന്മയെയാണ് ഉദ്ഘോഷിച്ചത്; എന്ന് കാണാനാവും.ഇവയുടെ വായന ജീവിതത്തേയും സമൂഹത്തേയും ശുദ്ധീകരിക്കുമെന്നുള്ളതും നിസ്സംശയമാണ്.
വ്യാസരചിതമായൊരു കാവ്യസൃഷ്ടിയെ തീർത്തും വ്യത്യസ്തവും വ്യതിരിക്തവുമായ രീതിയിൽ സമീപിച്ച പ്രിയ കവീ
അഭിനന്ദനങ്ങൾ
.... അഭിവാദ്യങ്ങൾ.

Wednesday, 27 October 2021

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം


ഓണ്‍ ലൈന്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന വാര്ത്തകള്‍ കൊണ്ട് അനുദിനം അപമാനിതമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം. ഓണ്‍ലൈനില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ വിവാഹമായി ഇത് രേഖപ്പെടുത്തപ്പെട്ടു.

സൈബര്‍ കേസുകളെല്ലാം തന്നെ ആ മാധ്യമം ദുരുപയോഗപ്പെടുത്തുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്.ഓണ്‍ ലൈനിലൂടെ പുഷ്പിക്കുന്ന പ്രണയങ്ങള്‍ വളരെയധികം ഉണ്ടെങ്കിലും സ്ത്രീ ചൂഷണങ്ങളും അതുവഴി കൊലപാതകങ്ങളും ആത്മഹത്യകളും അടക്കം നിരവധി അനഭിലഷണീയമായ സംഭവങ്ങളും ഉണ്ടാകുന്നുണ്ടല്ലോ.

കൊല്ലം ജില്ലാ രജിസ്ട്രാര്‍ സി.ജെ ജോണ്‍സണ്‍ ഓണ്‍ലൈനിലൂടെ വിവാഹം നിരീക്ഷിക്കുകയും പുനലൂര്‍ സബ് രജിസ്ട്രാര്‍ ടി.എം. ഫിറോസ് വിവാഹം രജിസ്ട്രറാക്കുകയും ചെയ്തു. യുക്രൈനില്‍ ജോലി ചെയ്യുന്ന വരനും തിരുവനന്തപുരം കഴക്കൂട്ടം  സ്വദേശിനിയായ വധുവുമാണ്   ശാസ്ത്രം നമുക്ക് തന്ന ഏറ്റവും പുതിയ മാര്‍ഗ്ഗത്തിലൂടെ വിവാഹിതരായി ചരിത്രത്തില്‍ കയ്യൊപ്പിട്ടത്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയാണ് വരന്‍.

ധന്യാ മാര്‍ട്ടിനും ജീവന്‍ കുമാറും വധൂവരന്‍മാര്‍. മാനവിക ബോധത്തിന്‍റെ സമനിലത്തില്‍ നിന്നു ശ്രദ്ധിച്ചാല്‍ മാതാതീത മനുഷ്യവിവാഹത്തിന്‍റെ ചാരുത കൂടി ഈ സാക്ഷാത്ക്കാരത്തിനുണ്ട്. ശിവഗിരികിരണങ്ങളില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ നാരായണഗുരുവിന്‍റെ പൂര്‍ണ്ണകായപ്രതിമയോ ചിത്രമോ പൂമുഖത്ത് വച്ചല്ല അതു തെളിയിക്കേണ്ടത്. ജീവിതത്തില്‍ അതു പാലിച്ചുകൊണ്ടാണ്. ഈ യുവമിഥുനങ്ങള്‍ക്ക് അതു കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ബ്യൂറോക്രസിക്ക് ഒരു തകരാറുണ്ട്. അവര്‍ മനുഷ്യസ്നേഹത്തിന്‍റെ  യുക്തിഭംഗി അനുസരിച്ചു ഒന്നും ചെയ്യില്ല. അവിടെ ചുവപ്പുനാട അഴിയണമെങ്കില്‍ ഒന്നുകില്‍ റൂളുപുസ്തകത്തില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ധീരന്‍മാരാരെങ്കിലും മുന്‍പ് ചെയ്ത ഫയല്‍ കാണണം. ഇവിടെയും അതുണ്ടായി. ഓണ്‍ ലൈന്‍ കല്ല്യാണത്തിന്‍റെ ബാക്ക് ഫയലില്ലല്ലോ. വധൂവരന്‍മാര്‍ കോടതിയില്‍ പോയി. കോവിഡ് ബാധിച്ചതിനാല്‍ സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ച സമയത്ത് വരനു യുക്രൈനില്‍ നിന്നും എത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതിയിലെത്തിയത്.

കോടതിയെന്തായാലും മനുഷ്യത്വത്തിന്‍റെ ഭാഗത്തുനിന്നുതന്നെ ഉത്തരവിട്ടു.സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐ.ടി വകുപ്പിന്റെയും അഭിപ്രായം തേടിയ കോടതി പ്രണയികള്‍ക്ക് അനുകൂലമായി അഭിനന്ദനാര്‍ഹമായ രീതിയില്‍ വിധി പ്രഖ്യാപിച്ചു. അങ്ങനെ 
ഓണ്‍ലൈന്‍ വിവാഹം യാഥാര്‍ഥ്യമായി. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസ് ഗൂഗിള്‍ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു.വരനു പകരം പിതാവ് ദേവരാജന്‍ രജിസ്റ്ററില്‍ ഒപ്പുവച്ചു.മകന്‍റെ മാതാതീത വിവാഹത്തിനു ഒപ്പുവച്ച പിതാവ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ജില്ല രജിസ്ട്രാറും ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.

ഇനിയും ഇത്തരം ഓണ്‍ലൈന്‍ വിവാഹ അനുമതി തേടിയുള്ള ഹര്‍ജികള്‍ കോടതിമുന്‍പാകെ ഉണ്ടത്രേ.  ഇപ്പോഴുള്ള ഉത്തരവ് മാതൃകയാക്കിക്കൊണ്ട് വിവാഹങ്ങള്‍ നടത്താവുന്നതേയുള്ളൂ.കോവിഡ് ഇല്ലാത്തതിനാല്‍ അത് നടത്താന്‍ വിസമ്മതിക്കുമോ എന്നുള്ളത് ഒരു ചുവപ്പുനാടപ്രശ്നമാണ്.

സാധാരണ സ്പെഷ്യല്‍ മാരേജ് ആക്റ്റ് അനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാരേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന കീഴ്വഴക്കം ആപ്പീസ് മുറയല്ല. ഇതാകട്ടെ മിനിട്ടുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റും നല്കി

 അങ്ങനെ  നീതിന്യായവ്യവസ്ഥയും      വധൂവരന്‍മാരും രക്ഷകര്‍ത്താക്കളും ഉദ്യോഗസ്ഥരും എല്ലാവരും പ്രബുദ്ധകേരളത്തിന്‍റെ അഭിനന്ദനത്തിന് പാത്രമായി.

Tuesday, 12 October 2021

ഇന്‍റര്‍നെറ്റിലെ നീല വിഷവലകള്‍


എണ്‍പതുകളുടെ തുടക്കത്തിലാണ്.  കൊല്ലത്തെ ഒരു യുവാവ് പലചരക്ക് കടയില്‍ നിന്നും കാല്‍കിലോ മുളകു വാങ്ങി വീട്ടില്‍ കൊണ്ടുപോയി. മുളക് എടുത്ത ശേഷം അമ്മ അടുക്കളയിലുപേക്ഷിച്ച കവര്‍ അയാളെടുത്ത് കൌതുകത്തിനു വായിക്കുന്നു. അന്നൊക്കെ കൂടുകളുണ്ടാക്കുന്നത് അച്ചടിച്ച പഴയകടലാസുകള്‍ പശ വച്ച് ഒട്ടിച്ചായിരുന്നു.പല പാവപ്പെട്ട കുടുംബങ്ങള്‍ക്കും കവര്‍ ഉണ്ടാക്കിവില്‍ക്കുന്നത് ഒരു ജീവനോപാധി ആയിരുന്നു.

വായിച്ചു നോക്കിയപ്പോള്‍ അച്ചടിച്ച ഒരു തെറിക്കടലാസാണ് കൂടുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങള്‍ മുഖം പൊത്തുന്ന തുറന്ന ലൈംഗിക രംഗങ്ങള്‍ അച്ചടിച്ചിരിക്കുന്നു . വീട്ടില്‍ പ്രായപൂര്‍ത്തിയായ സഹോദരിയുണ്ട്. ആ കുട്ടിയുടെ കണ്ണില്‍ ഈ കടലാസ്സ് പെട്ടിരുന്നെങ്കിലോ? യുവാവ് വേദനയോടെ മറ്റു കൂട്ടുകാരോട് വിവരം പറഞ്ഞു. 

അവര്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചു.ഭരണാധികാരികളുടെ ശ്രദ്ധയില്‍ അശ്ലീലപ്രസിദ്ധീകരണങ്ങളുടെ കാര്യമെത്തിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം.  പന്ത്രണ്ടു ചെറുപ്പക്കാര്‍. കാവനാട്ടു വച്ച് ലൈംഗിക പ്രസിദ്ധീകരണങ്ങള്‍ 
കത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ കൊള്ളിയുരച്ചത് ഞാനായിരുന്നു.

സൈക്കിളില്‍ മൈക്ക് വച്ചുകെട്ടി അവര്‍ നടന്നു. വഴിയോരക്കടകളില്‍ നിന്നും ആഭാസപ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്തു. നടുറോഡിലിട്ടു കത്തിച്ചു. ജനങ്ങളുടെ വലിയ സഹകരണം അവര്‍ക്ക് ലഭിച്ചു.കൊല്ലം കോടതിയിലും കഴക്കൂട്ടം പോലീസ് സ്റ്റേഷനിലും അവര്‍ക്ക് വിശദീകരണം നല്‍കേണ്ടിവന്നു.

തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങള്‍ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലിട്ട് ആഭാസപ്രസിദ്ധീകരണങ്ങള്‍ കത്തിച്ചു.കൊച്ചുസീത,സ്റ്റണ്ട്, അതിരസം, രസവന്തി തുടങ്ങിയ സചിത്ര രതികേളീ  പ്രസിദ്ധീകരണങ്ങള്‍. 

കുറച്ചു കോപ്പികള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ ഏല്‍പ്പിച്ചിട്ട് ഈ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വായിച്ചവരെയും കത്തിച്ചവരെയുമല്ല, പ്രസാധകരെയാണ് ജയിലിലടച്ചത്.

മലയാളത്തിലെ പൈങ്കിളിസാഹിത്യമെല്ലാം ചാനല്‍ ചില്ലകളില്‍ ചേക്കേറിയതുപോലെ ഈ രതിപ്രതലങ്ങളെല്ലാം ഇപ്പോള്‍ ഇന്‍റര്‍ നെറ്റിലുണ്ട്. പേരുകള്‍ വേറെയാണെന്ന് മാത്രം.മലയാളത്തിലെ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നെങ്കില്‍  ദൃശ്യ ലൈംഗികതയ്ക്ക് ലോകമാണ് തീയേറ്റര്‍.

മൊബൈല്‍ ഫോണില്‍ നെറ്റ് ലഭ്യമാകുമെന്നായതോടെ ആര്‍ക്കും ഈ പോര്‍ണോടാക്കീസിലെത്താം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നെറ്റ് സൌകര്യമുള്ള ഫോണുകള്‍ ആവശ്യമായതിനാല്‍ അവര്‍ക്കും ഇത് പ്രാപ്യമാണ്. അത്യന്തം അപകടകരമായ ഒരു സ്ഥിതി വിശേഷമാണിത്. ചില രാജ്യങ്ങളില്‍ നെറ്റിലൂടെ നീലച്ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിരോധനം ഫലപ്രദമായിട്ടില്ല. 

ലൈംഗിക കുറ്റകൃത്യങ്ങള്‍ അധികമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ ഇതൊക്കെ സുലഭമാണെന്ന് മാത്രമല്ല, പ്രസിദ്ധരായ ലൈംഗികചലചിത്ര താരങ്ങള്‍ പോലുമുണ്ട്. കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരിലെ കുറ്റവാസന കൊണ്ടല്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരിലുണ്ടാകുന്ന ശാരീരിക വ്യതിയാനം കൊണ്ടാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമാണ് ഏക പരിഹാരമാര്‍ഗ്ഗം. 

പുരുഷന്‍റെ ലൈംഗികാതിക്രമങ്ങളെ ഭയന്ന് അടിമുടി മറച്ചുനടക്കുന്നവരുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അല്‍പവസ്ത്രധാരികളുടെ നാടുകളില്‍ 
ലൈംഗികാതിക്രമങ്ങള്‍ കുറഞ്ഞിരിക്കുന്നത് ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ്. നമുക്കും അതാവശ്യമാണ്.

ആയിരക്കണക്കിനു പോണ്‍ സൈറ്റുകളാണ് നെറ്റിലുള്ളത്.  ആഗ്രഹങ്ങളുള്ള മനുഷ്യനില്‍ നിന്നും ഇവയെ അകറ്റി നിര്‍ത്താന്‍ കുട്ടിക്കാലത്ത് നല്‍കുന്ന ശാസ്ത്രീയ വിദ്യാഭ്യാസത്തിനു മാത്രമേ  കഴിയൂ.

എല്ലാ വിധ ലൈംഗികക്രിയകള്‍ക്കും ഇടമുള്ള പുരാണങ്ങളെ പൂജിക്കുന്ന മതങ്ങള്‍ക്ക് നെറ്റിലെ രതിക്രിയാസ്വാദനത്തില്‍ ഇടപെടാനെ കഴിയില്ല. മതസ്ഥാപനങ്ങളിലുള്ള പല ആചാര്യന്മാരും ലൈംഗികാതിക്രമങ്ങളില്‍ പ്രതികളുമാണല്ലോ.

മറ്റു ചില ലൈംഗികപ്രശ്നങ്ങളും  സമൂഹത്തിലുണ്ട്. അത് വാര്‍ദ്ധക്യത്തില്‍ എത്തിയവരുടെയും വൈധവ്യം അനുഭവിക്കുന്നവരുടെയും മൂന്നാം ലിംഗക്കാരുടെയും മറ്റും പ്രശ്നങ്ങളാണ്.. ഇന്ത്യക്കു പുറത്തുള്ള ലോകം ശാസ്ത്രീയമായിത്തന്നെ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവായ യസുനാരി കവാബത്തയുടെ ഉറങ്ങുന്ന സുന്ദരിമാരുടെ വീടെന്ന നോവല്‍ വൃദ്ധലൈംഗികത ചര്‍ച്ച ചെയ്യുന്നതാണ്.

ഇന്‍റര്‍നെറ്റിലെ നീലവിഷവലകള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും പ്രേരണയാകുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പ്രലോഭനങ്ങളില്‍  നിന്ന് മോചിതരാകാനും ചിലപ്പോഴിത് കാരണമാകുമെന്ന് നെറ്റില്‍ തന്നെയുള്ള ചര്‍ച്ചകള്‍ പറയുന്നുണ്ട്. പോണ്‍അടിമകളുടെ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും സമഗ്രമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്തായാലും കുട്ടികളിലേക്ക് ഈ സൌകര്യം എത്തിക്കുന്നത് വളരെയധികം അപകടകരമായ കാര്യമാണ്. പഠനത്തില്‍ അവര്‍ പിന്നോട്ടു പോകുമെന്ന് മാത്രമല്ല പലതരം മാനസികപ്രശ്നങ്ങളിലും അവരെത്തുമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്  ഈ പ്രലോഭനത്തില്‍ നിന്നും കൌമാരമനസ്സുകളെ രക്ഷിക്കാനുള്ള പാഠ്യപദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ സമയമായി