Tuesday, 20 May 2025

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....
-----------------------------------------
കൗമാരകാലത്തുതന്നെ മനസ്സിൽ പതിഞ്ഞ രണ്ടുവരികളാണ് പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം എന്നുള്ളത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1944 ലെഴുതിയ ഒരു പുലപ്പെണ്ണിന്റെ പാട്ട് എന്ന കവിതയിലാണ് വാസ്തവത്തിന്റെ താരശോഭയുള്ള ഈ വരികളുള്ളത്.

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. മുസ്സോളിനിയും ഹിറ്റ്ലറും രാക്ഷസച്ചിരിയുമായി ലോകത്തെ നടുക്കിയിരുന്നകാലം. കേരളത്തിലെ ഒരു കർഷകത്തൊഴിലാളി യുവതിയുടെ ഭർത്താവ് പട്ടാളത്തിൽ ചേർന്ന് പടവെട്ടാൻ പോയിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ കാലത്തിന്റെ യാത്ര കുറിക്കുവാൻ കുമാരനാശാന്റെ അഞ്ചുവട്ടമിഹ പൂത്തുകാനനം എന്ന കാവ്യതന്ത്രമാണ് ചങ്ങമ്പുഴയും ഉപയോഗിക്കുന്നത്. നാലുവർഷം കഴിഞ്ഞു എന്നതിനു പകരം നാലോണക്കാലം കഴിഞ്ഞുവെന്നും അഞ്ചാമത്തെ ഓണവും വന്നു എന്നുമാണ്. കലണ്ടർ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഓണവും വിഷുവും വെള്ളപ്പൊക്കവും പെരുന്നാളുകളും ഒക്കെയായിരുന്നല്ലോ കാലഗണനയുടെ കല്ലുകൾ.  

ചങ്ങമ്പുഴയുടെ കവിതകളിൽ സാധാരണയായി കാണപ്പെടുന്ന പ്രത്യക്ഷ
വികാരതീവ്രത ഈ കവിതയിലില്ല. പുറമേ ശാന്തവും അകമേ അതിതീവ്രവുമാണ് ഈ കവിത. ഓണം വരുന്നു. പ്രകൃതിയിൽ സന്തോഷത്തിന്റെ അടയാളങ്ങൾ തെളിയുകയാണ്.തമ്പ്രാക്കന്മാർക്ക് ഉണ്ണാനുള്ള  നെല്ല് വിളഞ്ഞിരിക്കുന്നു. പൊൻവെയിൽ പരന്നു തുടങ്ങുന്നു.
തുമ്പിയും പൂമ്പാറ്റകളും വന്നിരിക്കുന്നു. പരിസരം ഉല്ലാസകരമാണ്.എന്നാൽ ഈ കർഷകത്തൊഴിലാളി യുവതിയുടെ മനസ്സിൽ നിന്നും കരിങ്കാറ് ഒഴിയുന്നതേയില്ല. കർഷകത്തൊഴിലാളി യുവതി എന്നതിന് പകരം പുലപ്പെണ്ണ് എന്നാണു കവിതയുടെ ശീർഷകത്തിൽ  ഉപയോഗിച്ചിട്ടുള്ളത്. വർഗ്ഗവ്യത്യാസത്തെ കുറിച്ചുള്ള ധാരണയുണ്ടാകുന്നതിനു മുൻപ്  കർഷകത്തൊഴിലാളി എന്ന വാക്കില്ല. കർഷകനും കൃഷിക്കാരനും കൃഷീവലനും മറ്റുമാണ്  ഉണ്ടായിരുന്നത്. പുലയർ ഒരു ജാതിപ്പേര് മാത്രമായിരുന്നില്ല. കർഷകത്തൊഴിലാളി എന്ന പറയപ്പെടാത്ത അർഥം കൂടിയുണ്ടായിരുന്നു. പുലമെന്നാൽ വയലാണല്ലോ.

പെട്ടെന്നാണ് അവിടെ ഒരു തൈമരക്കൊമ്പത്തിരിക്കുന്ന തത്തയെ യുവതി കാണുന്നത്. പലദേശങ്ങൾ കണ്ടിട്ടുള്ള ആ തത്തയോട് ഇറ്റലിയെന്നൊരു നാട്ടിൽ പോയിട്ടുണ്ടോയെന്നു യുവതി ചോദിക്കുന്നു. അവിടെയാണ് അവരുടെ പുരുഷൻ പോരാടാൻ പോയിട്ടുള്ളത്.യുദ്ധം അവസാനിക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നും  ആ സൈനികനെ അവിടെയെങ്ങാനും കണ്ടോയെന്നും  നിഷ്ക്കളങ്കയായ  യുവതി  ചോദിക്കുന്നു. കണ്ടാലും നീയെങ്ങനെ അറിയാനാണ്. മുൻപ് ഇവിടെവച്ച് തത്ത അയാളെ കണ്ടിട്ടില്ലല്ലോ. അതിനാൽ യുവതി അടയാളങ്ങൾ പറയുന്നു.

വടക്കൻ പാട്ടുകളിലാണ് സാധാരണയായി പുരുഷവർണ്ണനയുള്ളത്. ചങ്ങമ്പുഴയും സ്ത്രീ വർണ്ണനയിൽ സമര്ഥനായിരുന്നല്ലോ.മനസ്വിനിയും മറ്റുമെഴുതിയ അവസാനകാലത്താണ് സ്ത്രീയുടെ ആന്തരിക സൗന്ദര്യം അദ്ദേഹം തിരിച്ചറിയുന്നത്. ഈ കവിതയിൽ പുരുഷനെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. പൊക്കമുള്ള ശരീരം.മാംസം തിക്കുന്ന കയ്യും കാലും. എണ്ണക്കറുപ്പ് നിറം.വർക്കത്തുള്ള മുഖം. അൽപ്പം വിക്കു തോന്നിക്കുന്ന ശബ്ദം. ചുരുണ്ട മുടി.തത്തയുടെ ചുണ്ടുപോലെ ലേശം വളഞ്ഞമൂക്ക്. ഇങ്ങനെ സ്വന്തം പുരുഷനെ അടയാളപ്പെടുത്തുന്നതിനിടയിലാണ് പട്ടാളപ്പണിയെ കുറിച്ചുള്ള സ്വന്തം അഭിപ്രായം അവർ പറയുന്നത്.  പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം. ഇത് ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും എക്കാലത്തെയും അഭിപ്രായമാണ്. യുദ്ധം അനാഥമാക്കുന്നത് പ്രധാനമായും സ്ത്രീകളെയും കുട്ടികളെയുമാണ്. അവരുടെ നിലവിളിയാണ് യുദ്ധകാലത്ത് ലോകത്തെവിടെയും ഉയർന്നു കേൾക്കുന്നത്.

യുദ്ധം എവിടെയും ഭരണകൂടത്തിന്റെ ആവശ്യമാണ്. അവരെ നിയന്ത്രിക്കുന്നത് അധികവും മതങ്ങളാണ്. യുദ്ധം ജനങ്ങളുടെ ആവശ്യമല്ല. ഭഗവദ് ഗീത വായിച്ചാൽ യുദ്ധം ചെയ്യും. മഹാഭാരതം മുഴുവൻ വായിച്ചാൽ യുദ്ധം ചെയ്യുകയുമില്ല. മഹാഭാരതത്തിൽ ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം മാത്രമാണ് ഗീത. വായിക്കേണ്ടത് പൂര്ണമഹാഭാരതമാണ്.

Tuesday, 6 May 2025

കഞ്ചാവും ഹിന്ദുമതവും

കഞ്ചാവും ഹിന്ദുമതവും
-------------------------------
ഭാരതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാൽ മലിനപ്പെടു ത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാർക്കു നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ്. അതി പുരാതനകാലം മുതൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ കഞ്ചാവ് പാടങ്ങളുണ്ട്. ശിവമൂലി എന്ന പദം കൂടാതെ സ്വാമി,ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ട്.ധാരാളം ഹിന്ദുമതവിശ്വാസികൾ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാർഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഒഡിഷയിൽ നിന്നുള്ള ലോക് സഭാംഗം തഥാഗത സത്പതി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിക്കുകമാത്രമല്ല, നിരോധനത്തെ അനുകൂലിക്കുന്നില്ലെന്നു കൂടി പറഞ്ഞു.

സന്യാസജീവിതം ഉപേക്ഷിച്ച മൈത്രേയൻ, സന്യാസിമാരുടെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് നവമാധ്യമങ്ങളിൽ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. കഞ്ചാവ് നിരോധനനിയമം നടപ്പിലാക്കുകയാണെങ്കിൽ കുംഭമേളയ്ക്കു പോയ മുഴുവൻ സ്വാമിമാരെയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് മൈത്രേയന്റെ വാദം. വടക്കേ ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. കഞ്ചാവ് വലിക്കാനുള്ള ചില്ലങ്ങളെന്ന മൺപാത്രങ്ങളും എവിടെയും വാങ്ങാൻ കിട്ടുമല്ലോ.  കഞ്ചാവ് മാത്രമല്ല, അതിന്റെ മറ്റൊരു രൂപമായ ഭാംഗും വ്യാപകമാണ്. വാരണാസി,ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പുണ്യാരോപിത സ്ഥലങ്ങളിൽ സർക്കാർ അംഗീകൃത ഭാംഗ് വിൽപ്പനശാലകളുണ്ട്.ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടെ ആത്മാവായിട്ടാണല്ലോ കഞ്ചാവെന്ന മാരിജുവാന കണക്കാക്കപ്പെടുന്നത്.
ദേവാനന്ദ് അഭിനയിച്ച ഹരേ രാം ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ  പ്രസിദ്ധമായ ദം മാരോ ദം എന്ന പാട്ടുസീനിൽ ലഹരിപ്പുകയാണല്ലോ നിറഞ്ഞു നിന്നിരുന്നത്.

 ഹിന്ദുമതം പേറ്റന്റ് അവകാശപ്പെടുന്ന ആയുർവേദത്തിൽ പല ഔഷധങ്ങളിലും കഞ്ചാവ് ചേർക്കാറുണ്ട്.  പല വൈദ്യന്മാരും രഹസ്യമായി ഉണ്ടാക്കി വിറ്റിട്ടുള്ള കഞ്ചാവ് ലേഹ്യമാണ് ഉണ്ടപ്പാരം. പണ്ടു കുട്ടനാട്ട് പ്രളയമുണ്ടായപ്പോൾ, പലകകൊണ്ട്  നിർമ്മിച്ച ഒരു വീട് ഒഴുകിപ്പോയി. ഊട്ടുപുരയിൽ ഇതു കണ്ടിരുന്ന വീണൻ വേലുവും ഗുലാൻപെരിശു വാസുവും മരംകേറി കേശവനും ഒരു വള്ളം അഴിച്ചു പിന്തുടരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ പ്രളയമോ വീട് ഒഴുകിപ്പോയതോ അറിയാതെ ഒരാൾ അതിൽ ഉറങ്ങിക്കിടക്കുന്നു! ഉണ്ടപ്പാരം എന്ന കഞ്ചാവ് ലേഹ്യത്തിന്റെ ശക്തിയാലാണ് പരിസരം മറന്നു അയാളുറങ്ങിയത്. നാഗവള്ളി ആർ.എസ്.കുറുപ്പിന്റെ ഒഴുക്കത്ത് വന്ന വീട് എന്ന നോവലിലാണ് രസകരമായ ഈ രംഗമുള്ളത്.

പരബ്രഹ്മത്തിൽ ശ്രദ്ധ  കേന്ദ്രീകരിക്കാൻ കഴിയും,വിശപ്പിനെ അതിജീവിക്കാൻ കഴിയും, സിരാവ്യൂഹത്തെ ഉത്തേജിപ്പിക്കും തുടങ്ങിയ ഗുണങ്ങൾ ഈ വിഷസസ്യത്തിന്റെ പേരിൽ പ്രചരിപ്പിച്ചത് പഴയ ഹിന്ദുമത സന്യാസിമാരാണ്. ആദ്യരാത്രിയിൽ വധുക്കൾക്ക് ഭാംഗ് കലർത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങൾക്ക് കഞ്ചാവ് കാണിക്കയായി അർപ്പിക്കുന്നതും ഈ ഗുരുഭൂതങ്ങൾ ശീലിപ്പിച്ചതാണ്. മുപ്പതു വര്ഷം മുൻപുവരെ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അൽപ്പം കഞ്ചാവുകൂടി ശബരിമല യാത്രികർ ഇരുമുടിക്കെട്ടിൽ കരുതുമായിരുന്നല്ലോ.കിഴക്കൻ മലയോരത്തെ കറുപ്പസ്വാമി കോവിലുകളിൽ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥർ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകർ.

കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക്പോലും നയിക്കുന്ന വിഷപദാര്ഥമാണ്. ഇതിന്റെ പിൻതലമുറയാണ് മാരക രാസലഹരി പദാർത്ഥങ്ങൾ. അതുപയോഗിക്കുന്നവർക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണ്. റാപ്പ് ഗായകകവി വേടന്റെ, ദുശ്ശീലങ്ങൾ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്.


Tuesday, 22 April 2025

ഭീമന്റെ ഗദ ഡൽഹിയിൽ

ഭീമന്റെ ഗദ ഡൽഹിയിൽ
--------------------------------
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി വയലാർ രാമവർമ്മ ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയത് ആയിരത്തി തൊള്ളായിരത്തി അൻപത്താറ് ഡിസംബർ അവസാനമായിരുന്നു. ഇന്നത്തെയത്ര മലിനമായിരുന്നില്ല അന്ന് യമുനാനദിയും തീരനഗരമായ ഡൽഹിയും. അദ്ദേഹം ആ മഹാനഗരം മുഴുവൻ ചുറ്റിനടന്നു കണ്ടു. ഒരോ ദിവസവും കുറിപ്പുകൾ തയാറാക്കി.

ഡൽഹിയിൽ വയലാറിനെ ഏറ്റവും അധികം ആകർഷിച്ചത് കുത്തബ്മിനാർ ആയിരുന്നു. അതിനുള്ളിലെ ചുറ്റുഗോവണിയിലെ  മുന്നൂറ്റി എഴുപതോളം പടികൾ ചവിട്ടിക്കയറി അദ്ദേഹം ആ ഗോപുരത്തിന്റെ മുകളിലെത്തി. ചുറ്റും പ്രൗഢയായ ഹസ്തിനപുരം പടർന്നു കിടക്കുന്നു. നേരത്തേ വായിച്ച ചരിത്രവും പ്രണയകഥകളും അദ്ദേഹം ഓർത്തെടുക്കുന്നു. അതിൽ കാലത്തെ അതിജീവിച്ച ഒരു രാജ്ഞിയുടെ പ്രണയകഥയുണ്ട്. അടിമയിൽ നിന്നും അധികാരിയിലേക്കുയർന്ന കുത്തബുദീൻ ചക്രവർത്തിയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതുടങ്ങി പലചക്രവർത്തിമാരാൽ പല നിലകൾ പൂർത്തിയാക്കിയ മഹാഗോപുരം. പല പടയോട്ടങ്ങളുടെയും   സാക്ഷി.യൂറോപ്യൻ അധിനിവേശവും സ്വദേശി വാഴ്ചയുടെ ആരംഭവും തുടർച്ചയും തല ഉയർത്തിപ്പിടിച്ചു കണ്ട ശിലാസാക്ഷി. സുൽത്താന റസിയയുടെ പ്രണയം മാത്രമല്ല, നൂജഹാൻ മുംതാസ് തുടങ്ങിയ ചക്രവർത്തിനിമാരുടെ പ്രണയവും അനാർക്കലിയുടെ ദുരന്തപ്രണയവും കണ്ട മൂകസാക്ഷി.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും കുത്തബുദീൻ ഐബക്കിനെയും ഇൽത്തുമിഷിനെയും എല്ലാം കുത്തബ് മിനാറിന്റെ പരിസരത്തുനിന്നും നീക്കം ചെയ്യാനാണ് ഡൽഹിയിലെ ഇപ്പോഴത്തെ ഹിന്ദു തീവ്രവാദികളുടെ ഭരണകൂടം കഠിനാദ്ധ്വാനം ചെയ്യുന്നത്. ഇതിനുവേണ്ടി അവർ കൈക്കലാക്കിയിരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒരു മുൻ റീജിയണൽ ഡയറക്റ്ററായ ധരം വീർ ശർമ്മയെയാണ്.
കുത്തബ്മിനാർ എന്നറിയപ്പെടുന്ന ഈ ഗോപുരം മുസ്ലിം ഭരണാധികാരികളുടെ സംഭാവനയല്ലെന്നും സൂര്യനിരീക്ഷണത്തിനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവ് സ്ഥാപിച്ചതാണെന്നുമാണ്
ശർമ്മ വീറോടെ  വാദിക്കുന്നത്.ഇത്തരം ചരിത്രവിരുദ്ധവും ഐതിഹ്യ പ്രധാനവുമായ വാദങ്ങൾ മഥുരയിലെ മുസ്ലിംപള്ളികാര്യത്തിലും  താജ്   മഹാളിലുമൊക്കെ  ഉയർത്തുന്നുണ്ടല്ലോ. കർണ്ണാടകത്തിലെ ചില ആരാധനാലയങ്ങളും ചതിയുടെ നിഴലിലാണ്. വെടക്കാക്കി തനിക്കാക്കുക എന്ന പ്രാചീന ആശയം ബാബറിപ്പള്ളിയുടെ കാര്യത്തിൽ  നടപ്പാക്കിക്കഴിഞ്ഞതിനാൽ അന്യമതങ്ങളെ ശത്രുക്കളായി കാണുന്ന ഹിന്ദുമത ഭീകരവാദികൾ വലിയ ഉത്സാഹത്തിലുമാണ്. കൂലിപ്പട്ടാളമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള ചരിത്രകാരന്മാർ തലപൊക്കുന്ന ഇക്കാലത്ത് അവരുടെ അതിക്രമസ്വപ്നങ്ങൾക്ക് ഏഴഴക് വരുന്നത് സ്വാഭാവികമാണ്.

പള്ളിപൊളിച്ചിട്ട സ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് അവിടെ അക്രമരാമന്റെ പ്രതിഷ്ഠ നടത്താൻ പ്രധാനപൂജാരിയായത് മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ആയിരുന്നല്ലോ. അതിനാൽ ചരിത്രവസ്തുതകളെ നിരാകരിച്ച് ഹിന്ദുവൽക്കരണം നടത്താനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുമുണ്ട്.

കുത്തബ് മിനാർ കണ്ടിറങ്ങിയ വയലാർ,  അദ്ദേഹത്തിന്റെ മലയാളിയായ ഡ്രൈവർ പറഞ്ഞതുകേട്ട്  പൊട്ടിച്ചിരിച്ചു. ഡൽഹിയിലെ കുത്തബ് മിനാർ വാസ്തവത്തിൽ ഭീമസേനന്റെ ഗദയാണ്. ഹര്യാനയിലെ കുരുക്ഷേത്രത്തിൽ നിന്നും ഭീമൻ വലിച്ചെറിഞ്ഞ ഗദ. നിങ്ങളോട് ആരാണിത് പറഞ്ഞതെന്ന് വയലാർ ചോദിച്ചു. സിഖ് മതക്കാരായ കൂട്ടുകാരാണെന്നും അവർക്കിതെല്ലാം അറിയാമെന്നും ആയിരുന്നു ഡ്രൈവറുടെ മറുപടി.ഇസ്‌ലാം വിരുദ്ധതയുടെ ഈ ബോധവൽക്കരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനു രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തുടക്കത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ പ്രചാരണത്തിൽ മറുനാടൻ മലയാളികൾക്കും പങ്കുണ്ട്. ബാബറിപ്പള്ളിയിൽ രാമവിഗ്രഹം കടത്തിവച്ചതിലും മലയാളിക്ക് പങ്കുണ്ടല്ലോ. അതേസമയം ഈ കപടബോധവൽക്കരണത്തെ തുറന്നു കാട്ടുന്നതിലും മറുനാട്ടിലെ മലയാളികൾ കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്.

Tuesday, 8 April 2025

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ...

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ...
---------------------------------------------------------------
ജനകീയ ആസൂത്രണകാലത്തുണ്ടായ വലിയൊരു ഗുണം പ്രാദേശിക ഭരണകൂടങ്ങൾ മുൻകൈയെടുത്തു നടത്തിയ ചരിത്ര രചനയാണ്. ഒരോ പഞ്ചായത്തും അവരുടെ ചരിത്ര രേഖകൾ തേടിയെടുത്തു. അവിടത്തെ സാംസ്ക്കാരിക രാഷ്ട്രീയ സംഭവങ്ങൾ മുഖം മൂടിയ മണ്ണ് തുടച്ച് എഴുനേറ്റു. എന്നാൽ അവയെല്ലാം കൂടി ഒറ്റപ്പുസ്തകമാക്കുന്നതിനു കഴിഞ്ഞില്ല. അതിനാൽ ഏറെക്കുറെ സമഗ്രതയുള്ള ഒരു കേരളചരിത്രം കിട്ടിയില്ല.

ജില്ലാ ചരിത്രരചനകൾ മറ്റൊരു കാൽവെപ്പാണ്. കൊല്ലം എന്ന ഭൂപ്രദേശം സഹ്യപർവ്വതം മുതൽ അറബിക്കടൽ വരെ പുണർന്നു കിടക്കുന്നതാണ്. ഇബിനുബത്തൂത്ത മുതൽ പലരും ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. പി.ഭാസ്ക്കരനുണ്ണി, ഇളംകുളം കുഞ്ഞൻ പിള്ള, ഡോ പി.രാജേന്ദ്രൻ,ഡോ.കെ.പി.നായർ, കെ.ബി.അജയകുമാർ, ഹരി കട്ടേൽ തുടങ്ങിയവരും പരാമർശങ്ങളായൊ പുസ്തകമായോ കൊല്ലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.

തിരുനല്ലൂർ കരുണാകരന്റെ കൊല്ലം, കണ്ടച്ചിറ ബാബുവിന്റെ കുരക്കേണിക്കൊല്ലം തുടങ്ങിയ കവിതകൾ കൊല്ലത്തിന്റെ ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓടയിൽ നിന്ന്,മനു സംവിധാനം ചെയ്ത മൺട്രോ തുരുത്ത്, പൊൻമാൻ തുടങ്ങിയ സിനിമകളും ഈ പ്രദേശത്തിന്റെ വൈവിധ്യങ്ങൾ എടുത്തുകാട്ടുന്നതാണ്. ഇതിനെയൊക്കെ മറികടക്കുന്നതാണ് പുതുതായി ഉണ്ടായ ഒരു ചരിത്രാന്വേഷണ പരിശ്രമം.

കൊല്ലം ശ്രീനാരായണ കോളജിലെ പ്രിൻസിപ്പാളായിരുന്ന ഡോ.ആർ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഒരു വലിയ യുവപണ്ഡിതസമൂഹമാണ് ഈ അന്വേഷണം നടത്തിയിട്ടുള്ളത്. പോയകാലവും നടപ്പുകാലവും അടയാളപ്പെടുത്തിയിട്ടുള്ള അഞ്ഞൂറോളം പഠനക്കുറിപ്പുകളാണ് ഈ സംഘം തയ്യാറാക്കിയത്.കൊല്ലം- ചരിത്രം,സംസ്ക്കാരം,രാഷ്ട്രീയം എന്ന പേരിൽ മൂന്നു വലിയ ഗ്രന്ഥങ്ങളായി ഈ അന്വേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഒരു പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും രേഖപ്പെടുത്തുമ്പോൾ കിളികൾക്കും മീനുകൾക്കും മറ്റു ജന്തുജാലങ്ങൾക്കും എന്താണ് കാര്യം? മരങ്ങൾക്കും കല്ലുകൾക്കും എന്താണ് കാര്യം? മനുഷ്യപക്ഷപാതം തലയ്ക്കുപിടിച്ച നമ്മുടെ ഗവേഷകർ മനുഷ്യജീവിതത്തിന് പശ്ചാത്തലമൊരുക്കുന്ന ജീവിസമൂഹത്തെ പൂർണ്ണമായും ഒഴിവാക്കുകയാണ് പതിവ്.ഈ പ്രവണത പരമാവധി ദുഷിച്ചപ്പോഴാണ്, തൊഴിലാളികൾ ഇല്ലാത്തതും രാജാക്കന്മാർ മാത്രം പല്ലിളിക്കുന്നതുമായ ചരിത്ര രചന ഉണ്ടായത്. ഈ മഹാഗ്രൻഥത്തിൽ ആശ്രാമത്തെ ജൈവവൈവിധ്യം,അഷ്ടമുടിയിലെ പക്ഷികൾ,തിരുമുല്ലവാരത്തെ കടൽപ്പായലുകൾ, ആയിരംതെങ്ങ് കണ്ടൽക്കാട്ടിലെ മത്സ്യസമ്പത്ത്,പോളച്ചിറയിലെ ദേശാടനപ്പക്ഷികൾ,തെന്മലയിലെ പഴുതാരകൾ, ശെന്തുരുണിയിലെ ഉറുമ്പുകളും എട്ടുകാലികളും തുടങ്ങി കുറെ അന്വേഷണവിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. തെങ്ങ്, നെല്ല്,കശുമാവ് തുടങ്ങിയവയുടെ കാർഷികചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ പത്തനംതിട്ട ജില്ലകൾ കൂടി ഉൾപ്പെട്ടതായിരുന്നല്ലോ പഴയ കൊല്ലം ജില്ല.അവിടത്തെ രാഷ്ട്രീയ പ്രവർത്തന ചരിത്രവും പുസ്തകത്തിലുണ്ട്. ജില്ലയിൽ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ ബോധം സൃഷ്ടിച്ചവരിൽ പ്രമുഖരായ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എം.എൻ ഗോവിന്ദൻ നായർ, എൻ ശ്രീകണ്ഠൻ നായർ,കോട്ടാത്തല സുരേന്ദ്രൻ,പി. എ.സോളമൻ. എൻ.ശ്രീധരൻ തുടങ്ങിയവയുടെ അക്ഷരരേഖകളുംസി.കേശവൻ, കുമ്പളത്ത് ശങ്കുപ്പിള്ള, ടി.എം.വർഗീസ്,ബി.വെല്ലിംഗ്ടൺ, ഡോ.ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവരുടെ പ്രവർത്തനരീതികളും ഈ അസാധാരണ ചരിത്ര പുസ്തകത്തിലുണ്ട്.

കടയ്ക്കലും ശൂരനാട്ടുമുണ്ടായ ഐതിഹാസികമായ ഏറ്റുമുട്ടലുകൾ, സ്ത്രീ ശാക്തീകരണചരിത്രം, സാഹിത്യ  കലാരംഗത്തെ സംഭാവനകൾ തുടങ്ങിയവയെല്ലാം അടയാളപ്പെട്ടിരിക്കുന്നു. എന്തു പറഞ്ഞാലും ഒന്നും പൂർണ്ണമാവില്ലല്ലോ. എങ്കിലും വലിയതോതിലുള്ള അടയാളപ്പെടുത്തലുകൾ ഈ പരിശ്രമത്തിലൂടെ ഉണ്ടായിട്ടുണ്ട്. മൂവായിരത്തിലധികം പേജുകളുള്ള ഈ ചരിത്രമഹാസാഗരം കൊല്ലത്തെ എൻ എസ് പഠനഗവേഷണ കേന്ദ്രമാണ് പുറത്തുകൊണ്ടുവന്നത്. ഗ്രന്ഥശാലകൾ നിർബ്ബന്ധമായും വാങ്ങി സൂക്ഷിക്കുകയും വളരെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടുന്ന ഈ പുസ്തകത്തിന് മൂവായിരത്തഞ്ഞൂറു രൂപയാണ് വിലയിട്ടിരിക്കുന്നത്.

മാനസസരസ്സിലെ സ്വർണ്ണഹംസങ്ങൾ

മാനസസരസ്സിലെ സ്വർണ്ണഹംസങ്ങൾ
-----------------------------------------------
ലോക്സഭയിലും നിയമസഭയിലും അംഗമായിരുന്ന മഹാനായ കമ്യൂണിസ്റ്  
കെ.വി.സുരേന്ദ്രനാഥ് എന്ന ജനങ്ങളുടെ പ്രിയപ്പെട്ട ആശാൻ
കൈലാസം കണ്ട കേരളത്തിലെ ഏക മുൻനിര രാഷ്ട്രീയക്കാരനാണ്. ജനവാസമില്ലാത്ത ആ പ്രദേശങ്ങളൊക്കെ രാഷ്ട്രീയക്കാർ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ വായനയിലൂടെ അറിവിന്റെ എവറസ്റ്റ്  കീഴടക്കിയ ആശാന് മാനസസരസ്സും കൈലാസവുമൊക്കെ കാളിദാസനും പ്രണവാനന്ദ സ്വാമിയുമെല്ലാം പ്രലോഭിപ്പിച്ച വിസ്മയസാംസ്ക്കാരിക ശൃംഗങ്ങൾ  ആയിരുന്നു. ഈ യാത്രയെക്കുറിച്ച് ആശാനെഴുതി പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകം അതിശയോക്തികളില്ലാത്ത ഒരു അക്ഷരരത്നമാണ്.  ആ പുസ്തകത്തിലെ ചില ദൃശ്യങ്ങൾ ഇങ്ങനെയാണ്.  

ആശാനിപ്പോൾ വൈദ്യപരിശോധനയ്ക്ക് നിൽക്കുന്നു. നിയമസഭാംഗം ആയിരുന്നിട്ടും ഹിമാലയയാത്രയുടെ ആരോഗ്യപരിശോധനയിൽ നിന്നും മാറിനിൽക്കാൻ കഴിയില്ലല്ലൊ. അതെല്ലാം പൂർത്തിയാക്കി , എന്തെങ്കിലും ആപത്തുണ്ടായാൽ ഇന്ത്യാസർക്കാരിന് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്ന സത്യവാങ്മൂലവും കൊടുത്തു പർവതയാത്രയ്ക്കുള്ള വേഷമൊക്കെ ധരിച്ച് ആശാൻ തയ്യാറായി നിൽക്കുകയാണ്. ഹിമാലയത്തിനു തുല്യം ഹിമാലയം മാത്രം എന്ന കാഴ്ചപ്പാടാണ് ആശാനുള്ളത്.അതിനുള്ളിലെ മണിമുത്തുകൾ മാത്രമാണ് കൈലാസവും മാനസസരസ്സും.

താഴ് വരയിലെ ഗ്രാമങ്ങളിലൂടെയാണ് ആദ്യയാത്ര.കമയൂൺ ഗഡ്‌വാൾ ഗ്രാമങ്ങൾ.ഭോട്ടിയകളുടെ ഗ്രാമം. അവിടെ നിന്നും പുറത്തേക്കുപോകുന്ന കമ്പിളിക്കുപ്പായങ്ങളുടെ കഥ ആശാൻ പറയുന്നു. നിറയെ ആപ്പിൾ മരങ്ങളും അത്രയും തന്നെ സുന്ദരരായ മനുഷ്യരും ചേർന്ന ഭാവ്വാലിയിലാണിപ്പോൾ. ഇനിയും മുന്നോട്ട്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിലുള്ള അൽമോറാ പട്ടണത്തിലാണ് ഇപ്പോൾ യാത്രാസംഘമുള്ളത്.  പതിനെണ്ണായിരം പടിചവിട്ടി ഠാണെധറിൽ എത്തുന്നു. അധികൃതർ ആരോഗ്യസംരക്ഷണാര്ഥം നൽകിയിട്ടുള്ള പത്തുകല്പനകൾ പാലിച്ചാണ് എല്ലാരുടെയും നടപ്പ്. ആർ.എൽ. സ്റ്റീവൻസണിന്റെ കവിതയും ചൊല്ലിയായിരുന്നു ആശാന്റെ നടപ്പ്. നേർപ്പാനിയിലെ എട്ടു കിലോമീറ്ററുള്ള ഒറ്റക്കയറ്റം കയറിത്തീർക്കാൻ ആശാന് ആ കവിതയായിരുന്നു ഇന്ധനം.

ഇപ്പോൾ ആശാൻ അഞ്ചുപാളി  കമ്പിളിവസ്ത്രങ്ങളും രണ്ടു ജോഡി കയ്യുറകളും കൂടാതെ ഹിമക്കണ്ണടയും പ്രത്യേകതരം പാദരക്ഷകളും ധരിച്ചാണ് യാത്ര. അവിടെ കണ്ട കാഴ്ചകൾ അദ്ദേഹത്തെ എത്തിച്ചത് സ്വന്തം നഗരമായ തിരുവനന്തപുരത്തെ ആർട്ട് ഗാലറിയിലെ റോറിച്ചിന്റെ ചിത്രത്തിന് മുന്നിൽ! ഇനി ലിപുലേഖ് കവാടം. ഇന്ത്യ അവസാനിക്കുകയാണ്.ചീനപ്പട്ടാളം വന്നു സ്വീകരിക്കുന്നു. സമയം പോലും ചൈനീസ് രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജിം യാംഗ്ഹു ആണിപ്പോൾ ആശാന് കൂട്ട്. ഓർമ്മയിലിപ്പോൾ ചൈനക്കാരാൽ കൊല ചെയ്യപ്പെട്ട സരോവർ സിംങ് ആണ്. ടിബറ്റാണ്.  

ഒടുവിൽ മാനസസരോവരത്തിൽ ആശാനെത്തുന്നു. ഇവിടെ നിറങ്ങളുടെ ഒരു വര്ണനാബോധം ആശാനിൽ ഉണ്ടാകുന്നുണ്ട്.അനന്തമായ ശൂന്യതയ്ക്ക് ചാരനിറം. മാനസസരസ്സിനു നീലനിറം.നീലത്തിനിത്ര നീലിമയോ എന്നാണു സരസ്സുകണ്ട ആശാന് തോന്നിയത്! മാനസസരോവരത്തിൽ സ്വർണ്ണഹംസങ്ങളുണ്ടോ? സ്വർണ്ണ നിറമുള്ള ഉടലും കറുത്ത രണ്ടുവരകളുള്ള കൊക്കും വെളുത്തവാലുമുള്ള ഒരുതരം താറാവുകൾ അവിടെയുണ്ട്. ഇതിനെ സ്വർണ്ണഹംസങ്ങളായി തെറ്റിദ്ധരിച്ചതാകാമെന്നു ആശാൻ യുക്തിപൂർവം വിലയിരുത്തുന്നുണ്ട്.മൂന്നു ദിവസം കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരുന്നിട്ടും ബ്രാഹ്മണിഡക്കുകളെയല്ലാതെ ലാക്ടോമീറ്ററായി പ്രവർത്തിക്കുന്ന ഒരു സ്വർണ്ണഹംസത്തെയും ആശാനവിടെ കണ്ടില്ല. കാളിദാസന്റെ കല്പനയാണ് പൊന്നരയന്നമെന്നു പ്രണവാനന്ദസ്വാമിയും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.  അടുത്തുള്ള രാക്ഷസതടാകവും നീരുറവകളുടെ അടിസ്ഥാനത്തിൽ ആശാൻ നിരീക്ഷിച്ചു.

പിന്നെയും നിറങ്ങൾ ആശാനെ ആകർഷിക്കുന്നുണ്ട്. ചുവപ്പും നീലയും നിറത്തിലുള്ള ഫോട്ടോകൾ. ആ ഫോട്ടോയിലുള്ളത് മാവോയും ചൗ എൻ ലായിയും ഡെങ് സിയാവോ പിങ്ങും ആയിരുന്നു.മഴവില്ലിന്റെ എല്ലാ നിറങ്ങളുമുള്ള ഉരുളൻ കല്ലുകളും പുല്ലിന്റെ പച്ചപ്പരവതാനിയും ആശാൻ നോക്കിനിൽക്കുന്നുണ്ട്. സരസ്സിൽ പിന്നെ കാണപ്പെടുന്നത് ആക്വലിൻ പച്ച.
ഒരു ടിബറ്റൻ നായയെ ആശാൻ ശ്രദ്ധിക്കുന്നതും നിറത്തിന്റെ ആകര്ഷകത്വത്തിലൂടെയാണ്. തവിട്ടുനിറവും നീലക്കണ്ണുകളുമുള്ള നായ. നായക്ക് ആശാനൊരു പേരുമിട്ടു. സോണ. സഹയാത്രികർ കൈലാസപൂജയ്ക്കുള്ള സാമഗ്രികളുമായാണ് പോയതെങ്കിൽ ഭക്തനല്ലാത്ത ആശാൻ കൈലാസം നിരീക്ഷിച്ചു മനസ്സിലാക്കുകയായിരുന്നു. അന്ധവിശ്വാസിയല്ലാത്ത ഒരു കമ്യൂണിസ്റ്റിന്റെ കർമ്മം അതുതന്നെയാണല്ലോ.
ഈ യാത്രയിൽ അദ്ദേഹം ഏറ്റവും അധികം ദുഃഖിച്ചത് ചാനലിൽ ഒരു വാർത്തകണ്ടായിരുന്നു. പെരുമൺ തീവണ്ടിദുരന്തം.

ആശാനോടൊപ്പം അതിശയോക്തികളില്ലാത്ത ഹിമാലയ ദൃശ്യങ്ങളിലേക്ക് നമ്മളും സഞ്ചരിക്കുന്ന അനുഭവമാണ് ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകം.

   

Wednesday, 12 March 2025

കഞ്ഞിവീഴ്ത്തും അന്നദാനവും ഫ്യൂഡൽ മാണിക്യവും

കഞ്ഞിവീഴ്ത്തും അന്നദാനവും ഫ്യൂഡൽ മാണിക്യവും
-------------------------------------------------------------------
ശബരിമലയിൽ പോകാൻ വ്രതമെടുത്തിട്ടുള്ളവരുടെ വീട്ടിൽ ഒരു കാലത്ത് കഞ്ഞിസ്സദ്യ പതിവായിരുന്നു. രാവിലെയാണ് ഇത് നടത്തുന്നത്. ശബരിമല നാമമെന്നു തെക്കൻ  കേരളത്തിലും അയ്യപ്പൻ വിളക്കെന്നു വടക്കും പറയുന്ന ഈ അനുഷ്ഠാനത്തിനു വൈകിട്ടും തുടർച്ചയുണ്ട്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശബരിമല ശാസ്താവിന്റെ പടം വച്ചു പൂജിക്കും. ഭജനയുണ്ടാകും. കടല ഉപ്പും എരിവും ചേർത്ത് പാകപ്പെടുത്തിയതും ചെറുപഴവും വിതരണം ചെയ്യും. പങ്കെന്നാണ് തെക്കൻ കേരളത്തിൽ ഇതിനു പറയുന്നത്.

കഞ്ഞിവീഴ്ത്തിനായി മുറ്റത്ത് കുഴികളുണ്ടാക്കും. ആ കുഴിയിൽ വാഴയിലയുടെ കഷ്ണം  വച്ചിട്ട് അതിലേക്ക് കഞ്ഞിവീഴ്ത്തും.അരികൊണ്ടുള്ള കഞ്ഞിയിൽ ഉപ്പും തേങ്ങാപ്പീരയും ചേർത്തിട്ടുണ്ടാകും. കടലയും ചേമ്പും ചേർത്തുണ്ടാക്കുന്ന അസ്ത്രം എന്നൊരു കറിയും ഒപ്പം ഉണ്ടാകും. ഒരു വിധം കാശുള്ള തറവാടികളാണ് ഇതു നടത്തുന്നത്.  ജാതിയിൽ കുറഞ്ഞവർക്ക് പുരയിടത്തിന്റെ ഒരു മൂലയ്ക്കായിരിക്കും കുഴികുത്തുക. അവിടെ നായ്ക്കളോട് മല്ലിട്ടാണ് അൽപ്പമെങ്കിലും കഞ്ഞി കുടിക്കാൻ കഴിയുക. ഭിക്ഷക്കാർ ധാരാളമായി എത്തിയിരുന്ന ഓച്ചിറയിലും മറ്റും ഈ കഞ്ഞി വീഴ്‌ത്ത് പ്രധാനപ്പെട്ട ഒരു പുണ്യപ്രവർത്തിയായിരുന്നു. ഒരു ബുദ്ധവിഹാരത്തിന്റെ അഴകുള്ള  ഓച്ചിറയിലെ  പരബ്രഹ്മത്തിനു അന്നദാനപ്രഭു എന്നൊരു വിശേഷണം കൂടി ഉണ്ടായിരുന്നു.

ക്ഷേത്രത്തിലെത്തുന്നവർക്ക് ഭക്ഷണം നൽകുന്ന പതിവ് കേരളത്തിൽ പലയിടത്തുമുണ്ട്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണൂരെ പറശ്ശിനിക്കടവിലും ഈ രീതിയുണ്ട്. പറശ്ശിനിക്കടവിലെ സൽക്കാരം വളരെ ജനകീയമാണ്. എപ്പോൾ ചെന്നാലും ചായയും പയറും. ഉച്ചയ്ക്കാണെങ്കിൽ ഊണും അവിടെ ലഭിക്കും.

അതിദരിദ്രർ ധാരാളമായി ഉണ്ടായിരുന്ന കേരളത്തിൽ കഞ്ഞിവീഴ്ത്ത് പ്രധാനപ്പെട്ട ഒരു നേർച്ചയായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും വിശക്കുന്ന വയറുകൾ നിറച്ച് മോക്ഷം നേടാമെന്ന് കാശുള്ളവർ അന്ന് കരുതിയിരുന്നു. അക്കാലം മാറി. കഞ്ഞിവീഴ്ത്ത് അന്നദാനത്തിനു വഴിമാറി. അവിടെ പാവങ്ങളുടെ വിശക്കുന്ന വയറിനല്ല ആഹാരം നൽകുന്നത്.
അമ്പലത്തിൽ അന്നദാനമുള്ളതിനാൽ വീട്ടിലെ ഹൈടെക്ക് അടുക്കളയിൽ അരിവേവിക്കേണ്ട എന്ന് ചിന്തിക്കുന്ന ധനികരുടെ ആസ്തിപ്രകടനമായി അന്നദാനം മാറി. ആഹാരം കഴിക്കാൻ അമ്പലത്തിൽ പോകാൻ സൗകര്യമില്ലെങ്കിൽ ഹോട്ടലിൽ നിന്നും പകർച്ച കൊണ്ടുവരുന്നതുപോലെ ആഹാരം പാത്രത്തിലാക്കി വീട്ടിലെത്തിക്കും. ഒന്നോ രണ്ടോ ചാക്ക് അരിക്കെന്നപേരിൽ ഇരുപത്തയ്യായിരം രൂപവരെയാണ് മധ്യവർഗ്ഗ ധനികരിൽ നിന്നും അമ്പലക്കമ്മിറ്റിക്കാർ വസൂലാക്കുന്നത്. അത്രയും അരി വാങ്ങിയോ എന്ന് ആരും തിരക്കാറില്ല.

വലിയ ലാഭമാണ് ഈ മോക്ഷപ്രലോഭനത്തിലൂടെ അമ്പലക്കമ്മിറ്റിക്കാർ കൊയ്യുന്നത്. അന്നദാനത്തിനു പണം കൊടുത്ത ഗൾഫുകാരന്റെ പേര് ഗൾഫിൽ കേൾക്കത്തക്കരീതിയിൽ ഉച്ചഭാഷിണി ഉപയോഗിച്ച് വിളിച്ചു  പറയുകയും ചെയ്യും.

മിച്ചം വരുന്ന ഭക്ഷണം എവിടെയെങ്കിലും കുഴിച്ചുമൂടും. പരിസരവാസികൾക്ക് ഈച്ചയും   ദുർഗ്ഗന്ധവും കാരണം കുറെ ദിവസത്തേക്ക് ജീവിതം അസാധ്യമാകും. പുകയിലക്കൃഷി ഉണ്ടായിരുന്ന കാലത്തെ കാഞ്ഞങ്ങാടുപോലെയാകും അമ്പലപരിസരത്തുള്ള വീടുകൾ.         ഈച്ചകളുടെ കരിമ്പടം തീൻമേശയെ മൂടിയിരിക്കും.

ഈ ആർഭാടപ്രകടനം കൊണ്ട് എന്തുനേട്ടമാണ് ഉണ്ടാകുന്നത്? അമ്പലക്കമ്മിറ്റിക്കാരുടെ കീശ വീർപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. അതേസമയം ആ പണം അടുത്തുള്ള ഒരു പൊതുവിദ്യാലയത്തിനു നൽകിയാൽ അവിടെയുള്ള കുട്ടികൾക്ക് രണ്ടുനേരം ആഹാരം കൊടുക്കാൻ കഴിയും. മോക്ഷമോഹത്തിന്റെ അടിസ്ഥാനം  സ്വാർത്ഥതയാകയാൽ അങ്ങനെയൊരു ചിന്തപോലും മലയാളിക്ക്  ഉണ്ടാകുന്നില്ല.  മലയാളി മാറേണ്ടിയിരിക്കുന്നു. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിക്കുന്ന തമ്പുരാൻ സാന്നിധ്യമറിയിക്കേണ്ടത് സ്‌കൂളുകളിലാണ്. അവിടെയാണ് നിസ്വാർത്ഥരായ ബാല്യകൗമാരങ്ങൾ സഞ്ചിയിൽ പാത്രവും ഗ്ളാസ്സുമായി നിൽക്കുന്നത്. ബ്രാഹ്മണപൂജാരിയില്ലാത്ത നമ്മുടെ സ്‌കൂളുകളാണ് മോക്ഷത്തിന്റെ കേന്ദ്രങ്ങൾ. അവിടേയ്ക്കാണ് അരിക്കാശൊഴുകേണ്ടത്. സാമാന്യം നല്ല തുക ശമ്പളമായും പെൻഷനായും കിട്ടുന്നവരും പ്രവാസികളും വ്യാപാരികളുമൊക്കെയാണ് അന്നദാനോത്സാഹികളായി ക്ഷേത്രഭാരവാഹികളുടെ വലയിൽ വീഴാറുള്ളത്. അവരുടെ ശ്രദ്ധ നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ എത്രനന്നായിരുന്നു!

ഭിക്ഷാടനവും അന്നദാനവും  ബ്രാഹ്മണ്യത്തിന്റെ അപമാനമുദ്രകളാണ്. ബ്രാഹ്മണ്യം കേരളീയരുടെ മനസ്സിൽ നിന്നും കുടിയൊഴിഞ്ഞിട്ടില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലുണ്ടായ തന്ത്രിസമരം.ഇതിനെ അംഗീകരിച്ചാൽ  ദേവസ്വം ഫ്യൂഡൽ മാണിക്യമാവുകതന്നെ ചെയ്യും.

Wednesday, 26 February 2025

കപ്പയൂരപ്പനും വയലാറും

കപ്പയൂരപ്പനും വയലാറും
------------------------------
മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ കവിതയാണ് ഒരു ദൈവം കൂടി. രണ്ടുകാലിലും മലപോലെ മന്തുള്ള കുണ്ടുണ്ണിമേനോന്റെ ഉയർച്ചതാഴ്ചകളുടെ ചിത്രമാണ് ആ കവിതയിലുള്ളത്.

തറവാടിയായ കുണ്ടുണ്ണിമേനോന് ദരിദ്രജീവിതാവസ്ഥ ഉണ്ടാവുകയും തറവാട് പുതുപ്പണക്കാരനായ അത്തിമിറ്റത്തെ ലോനപ്പന് വിൽക്കേണ്ടിവരുകയും ചെയ്യുന്നു. അവിടെ പുതിയൊരു ബംഗ്ളാവ് പണിയിക്കാനായി സർപ്പവിഗ്രഹങ്ങളുള്ള ചിത്രകൂടം വെട്ടിത്തെളിക്കാൻ ലോനപ്പൻ തീരുമാനിക്കുന്നു. ചിത്രകൂടങ്ങളിൽ കാലമർത്തിക്കൊണ്ട് ക്രിസ്ത്യാനികൾ പാലവെട്ടിമറിച്ചപ്പോൾ കോടാലി ഒടിഞ്ഞു തെറിച്ച് ലോനപ്പന്റെ നെഞ്ചത്തുതന്നെ കൊള്ളൂകയും ലോനപ്പൻ പിടഞ്ഞുമരിക്കുകയും ചെയ്യുന്നു.  പലമരത്തിന്റെ വേരിന്റെ അടിയിൽ ഒരു നീലക്കരിങ്കൽ പ്രതിമ ചിലർ കാണുന്നു. വളരെ പെട്ടെന്നാണ് അവിടെ പുതിയൊരു ക്ഷേത്രസംസ്ക്കാരം  രൂപം കൊള്ളുന്നത്. വെളിച്ചപ്പാടെത്തി തുള്ളിയലറി ഭരദേവതയെന്നു വെളിച്ചപ്പെടുകയും  കുണ്ടുണ്ണിമേനോനെ വിളിച്ചുവരുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നു. ലോനപ്പന്റെ വീട്ടുകാർ വിലക്കുവാങ്ങിയ ഭൂമി സൗജന്യമായി തിരിച്ചുകൊടുക്കുന്നു.ആ പാലയുടെ തൊലിയരച്ചു പുരട്ടിയാൽ സർവ്വരോഗങ്ങളും മാറുമെന്ന പ്രചാരണം ഉണ്ടാകുന്നു. മുടന്തൻ അയ്യന്റെ മുടന്തു മാറിയെന്നും ഉണ്ണിക്കുറുപ്പിന് കാഴ്ച കിട്ടിയെന്നും ഊമനമ്പൂതിരി കീർത്തനം ചൊല്ലിയെന്നും അന്തോണിയുടെ ഭ്രാന്തുമാറിയെന്നും പ്രചാരണമുണ്ടായി.അവിടെ ചായക്കടകളും മുറുക്കാൻ കടകളും കൈത്തറിസ്റ്റാളും അധികം അകലെയല്ലാതെയൊരു ചാരായഷാപ്പും പ്രവർത്തിച്ചു തുടങ്ങി. ഭക്തകവിയൊരാൾ അവിടെവന്നൊരു ഗദ്ഗദ കാവ്യം പോലും രചിച്ചു കളഞ്ഞൂ. ഏഴിലംപാലമരപ്പൊത്തിലിത്രനാൾ ഏതൊന്നിനായി തപസ്സിരുന്നൂ ഭവാൻ!  കുണ്ടുണ്ണിമേനോൻ അമ്പലക്കമ്മിറ്റി അധ്യക്ഷനാവുകയും പിന്നെയും പണക്കാരനാവുകയും ചെയ്തു.

ഭാവികാലത്ത് ഈ കവിത പ്രതിലോമകാരികൾ ദൃഷ്ടാന്തമായി ഉദാഹരിച്ചേക്കാൻ സാധ്യതയുണ്ടാകുമെന്നു കരുതിയാകാം, ആ കവിത വയലാർ അവസാനിപ്പിക്കുന്നത് ഒരു കുസൃതിക്കുടുക്കയുടെ വാക്കുകളോടെയാണ്. സാധിക്കുകില്ലേ ഭഗവാനുപോലുമീ സാറിന്റെ കാലിലെ മന്ത് മാറ്റിടുവാൻ!  

ഈ കവിതയ്ക്ക് പിന്നിലെ കഥ അടുത്തകാലത്  പ്രസിദ്ധ സിനിമാഗാന നിരൂപകനായ ടി.പി.ശാസ്തമംഗലം അനുസ്മരിച്ചിരുന്നു. കുറിച്ചിത്താനത്ത് ഒരു സ്‌കൂളിൽ പ്രസംഗിക്കാൻ പോയ വയലാർ, പാലായ്ക്കടുത്തുള്ള കടപ്പാട്ടൂരിൽ ഒരു വിഗ്രഹം കണ്ടെത്തിയ വാർത്ത കാട്ടുതീപോലെ പടർന്നതറിഞ്ഞ് അത് പോയിക്കാണുന്നു. ഒരു ഷെഡിൽ കാണിക്കപ്പാത്രത്തിനു പിന്നിലായി വച്ചിരിക്കുന്ന വിഗ്രഹത്തെ കാണുകയും ചെയ്തു. 1961 ൽ
ആയിരുന്നു ഈ സംഭവം ഉണ്ടായത്. ഇതിൽ നിന്നും പ്രചോദിതനായ വയലാർ ഒരു ദൈവം  
കൂടിയെന്ന കവിതയെഴുതുകയും 1961 ജൂലായിൽ പ്രസിദ്ധീകരിച്ച സർഗ്ഗസംഗീതം എന്ന  കാവ്യസമാഹാരത്തിൽ ചേർക്കുകയും ഈ പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമാവുകയും ചെയ്തു.

കാലം വളരെ കടന്നുപോയെങ്കിലും ഇത്തരം ദൈവീകാത്ഭുതതന്ത്രങ്ങൾ  ഇപ്പോഴും സംഭവിക്കുന്നുണ്ട്. പാലാ ബിഷപ്പിന്റെ അധീനതയിലുള്ള ഭൂമി കപ്പ നടാൻ വേണ്ടി കിളച്ചപ്പോൾ ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു. പൂജയും തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സമാധിക്ക് ശേഷമാണ് ആയിരത്തൊമ്പത് മഹാമണ്ഡലു കമണ്ഡലുവായി ഈ സർവ്വേക്കല്ല് പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇനി കപ്പയൂരപ്പന്റെ കളികളാണ് കാണാൻ പോകുന്നത്. അവിടെ കിണറാഴത്തിൽ കാണിക്കപ്പെട്ടി വരും. രസീതുബക്കും കിംവദന്തികളും വരും. ഉച്ചഭാഷിണികൾ   വൈദ്യുതത്തൂണുകളിൽ കെട്ടും. വിദ്യാർത്ഥികളെയും കിടപ്പുരോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുരാണപാരായണം വരും. കപ്പയൂരപ്പന്റെ പേരിൽ സ്വാശ്രയ കോളജുകളും ലോഡ്ജുകളും ആശുപത്രികളും വരും. ഒരു ആരാധനാലയം തുറന്നിടുന്ന  സാദ്ധ്യതകൾ വളരെ വലുതാണല്ലോ.  കപ്പയൂരപ്പൻ ഗുരുവായൂരപ്പനു സമാന്തരമായി പുഷ്ടിപ്രാപിക്കും. പള്ളി പൊളിച്ചു ദുരാഗ്രഹം പോലെ വിഗ്രഹം പ്രതിഷ്ഠിക്കുകയും കുംഭമേളക്കാലത്ത് മലിനഗംഗയിൽ മുങ്ങി മാതൃകയാവുകയും ചെയ്ത ഭരണകൂടം ഇതിനെല്ലാം കവചമൊരുക്കും. മാന്യതയുടെയും സഹിഷ്ണുതയുടെയും ഭയത്തിന്റെയും ആവരണം നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.