Tuesday, 5 May 2015

കേരളാ സലൂണിലെ കണ്ണാടികൾ



മുന്നിൽ പിന്നിൽ
കണ്ണാടികളുടെ ശ്രദ്ധ
വില്ലു പുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ.

ആളുകൾ കേറിയിറങ്ങും
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടു തൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പാട്ടായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം.എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ലോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു.
പിരിയൻ കുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം.
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ്.

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം,പൈങ്കിളിവാരിക സ്ടൂളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി,ബ്രഷ്,പൌഡർക്കുറ്റി
അല്പ്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി.

കൽപ്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി-
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും.

ചില്ലുകൾ തപ്പിയെടുക്കുന്നൂ ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ച്ചോര.

3 comments:

  1. കൽപ്പനയേറിക്കാട്ടിൽക്കേറി
    ദിക്കും മുക്കും തിരിയാതോടി-
    ത്തെറ്റിപ്പോകെ
    പൊട്ടിച്ചിതറീ
    കണ്ണാടികളും കാഴ്ചകളും.

    ReplyDelete
  2. അഞ്ചാറ് വാക്കുകളിലൂടെ കൊണ്ടുപോയല്ലോ അക്കാലത്തേയ്ക്ക്!

    ReplyDelete
  3. ചില്ലുകൾ തപ്പിയെടുക്കുന്നൂ ഞാൻ
    പറ്റിയിരിപ്പൂ നാട്ടറിവിന്റെ
    ചരിത്രച്ച്ചോര.

    ബാര്‍ബര്‍ ഷോപ്പ് തന്ന നാട്ടറിവിന് പകരം വെക്കാന്‍ ഒന്നുമില്ല





    ReplyDelete