Saturday, 20 January 2024

നാരായണഗുരുവും രാമപ്രതിഷ്ഠയും

 നാരായണഗുരുവും രാമപ്രതിഷ്ഠയും 

----------------------------------------------------------
ഭാരതീയരുടെ മുഴുവന്‍ മതേതരബോധത്തെയും ലംഘിച്ചുകൊണ്ടു സ്ഥാപിച്ച അയോദ്ധ്യയിലെ രാമക്ഷേത്രം ആരാധനാസജ്ജം ആവുകയാണല്ലോ. മതബോധത്തെയും അന്ധവിശ്വാസത്തെയും ചൂഷണം ചെയ്തു വീണ്ടും അധികാരത്തിലെത്താമെന്ന വ്യാമോഹത്തോടെ രാഷ്ട്രീയമുള്ള ഹിന്ദുമത തീവ്രവാദികള്‍ തന്നെയാണ് പ്രതിഷ്ഠാകര്‍മ്മവും നിര്‍വഹിക്കുന്നത്.   

ഹാജരാകാവുന്നവരെല്ലാം അയോദ്ധ്യയില്‍ എത്തണമെന്നാണ് ആഹ്വാനം. വിളിച്ചില്ലെങ്കിലും ഹാജരാകുമെന്ന പ്രസ്താവനയും വന്നുകഴിഞ്ഞു. പള്ളി പൊളിച്ചിടത്തേക്ക് ചുടുകട്ട ചുമന്നവരും വെള്ളിക്കട്ട കൊടുത്തവരുമെല്ലാം റെഡിയായിരിക്കുന്നു. കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റിയെന്ന വര്‍ഗീയ സംഘടന, അയോദ്ധ്യക്ക് പോകാന്‍ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുന്നു. കാലക്രമേണ വര്‍ഗീയസംഘടനയായി മാറിപ്പോയ എസ് എന്‍ ഡി പി യോഗമാകട്ടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നേ ദിവസം സ്വന്തം വീടുകളില്‍ ഐക്യദാര്‍ഢ്യ ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തിരിക്കയാണ്.

നാരായണഗുരു അരുവിപ്പുറത്ത് രാമനെ സ്ഥാപിക്കുന്നതിന് പകരം ശിവനെ സ്ഥാപിച്ചത് എന്താണ്? രാമനെ കുറിച്ച് നാരായണഗുരുവിന് നല്ല ധാരണയുണ്ടായിരുന്നു. രാമന്‍ സീതാപീഡനം നടത്തിയ ആളാണ്. ഈ വിഷയം ഗുരുശിഷ്യനായ മഹാകവി കുമാരനാശാനില്‍ കൂടുതല്‍ വെളിപ്പെടുന്നുണ്ട്. സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് അഭിപ്രായപ്പെട്ട ഗുരു വിന്, തപസ്വിയായ ശംബൂകനെ കൊന്ന രാമനെ അംഗീകരിക്കുവാന്‍ കഴിയില്ലായിരുന്നു. ജാതിയില്‍ കുറഞ്ഞുപോയി എന്നതായിരുന്നല്ലോ ശംബൂകന്‍റെ അയോഗ്യത.താടകയോടുള്ള പെരുമാറ്റവും ഗുരുവിനെ രാമാരാധനയില്‍ നിന്നും അകറ്റിയിരിക്കണം.

ശിവനാണെങ്കില്‍, അതിപുരാതനമായ ഒരു ദ്രാവിഡ സ്വഭാവവുമുണ്ട്. പരാന്നഭോജന വൃക്ഷമായ ചന്ദനത്തിന്‍റെ കുഴമ്പ് അണിയുന്നതിനുപകരം, ചുടലച്ചാരം  ധരിച്ചവനായിരുന്നു ശിവന്‍. പാര്‍വതിയോടൊപ്പം ദലിതവേഷത്തില്‍ ഊരുചുറ്റാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത്യാവശ്യം പനങ്കള്ള് കുടിച്ച നാടോടിക്കഥ പോലുമുണ്ട്. പതിനാറായിരത്തെട്ട് ഭാര്യമാരുള്ള, അനേകരുടെ മരണത്തിനും അനാഥത്വത്തിനും നേതൃത്വം നല്കിയ കൃഷ്ണനെയും നാരായണഗുരു പ്രതിഷ്ഠിച്ചില്ല.
 
ആദ്യപ്രതിഷ്ഠ ശിവനായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് ആനന്ദവല്ലിയെയും മുരുകനെയും അദ്ദേഹം പ്രതിഷ്ഠിച്ചു.പിന്നെ കണ്ണാടിയും സത്യം ധര്മ്മം ദയ ശാന്തി എന്നീ വാക്കുകള്‍ രേഖപ്പെടുത്തിയ പ്രഭയും മറ്റുമാണ് ഗുരു പ്രതിഷ്ഠിച്ചത്.
ആയിരംതെങ്ങിലും കുളത്തൂരും ഇല്ലിക്കലും ചെറായിയിലും 
പെരിങ്ങോട്ടുകരയിലും പാണാവള്ളിയിലുമെല്ലാം ശിവപ്രതിഷ്ഠയായിരുന്നു

കേരളത്തിനു പുറത്ത് കര്‍ണ്ണാടകത്തില്‍  നാരായണഗുരു പ്രതിഷ്ഠാകര്മ്മം നിര്‍വഹിച്ച ക്ഷേത്രമാണ് മംഗലാപുരം കുദ്രോളിയിലെ ഗോകര്‍ണ്ണനാഥ ക്ഷേത്രം. അവിടത്തെ പൌരപ്രമുഖന്‍ ആയിരുന്ന അദ്ധ്യക്ഷ കൊരഗപ്പയുടെ അഭ്യര്‍ഥനപ്രകാരം ഗുരു അവിടെ പ്രതിഷ്ഠിച്ചതും ശിവനെത്തന്നെ. തമിഴ്നാട്ടിലെ കോട്ടാറിലാണെങ്കില്‍ നാല്‍പ്പതിലധികം ക്ഷേത്രങ്ങള്‍ നാരായണഗുരു പൊളിച്ചുമാറ്റുകയും ഒരേയൊരു ക്ഷേത്രമാക്കി ശിവപുത്രനെ പ്രതിഷ്ഠിക്കുകയും ചെയ്തു

 തലശ്ശേരിയിലാണെങ്കില്‍ അവര്‍ണര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിനു ബദലായി എല്ലാവര്ക്കും .പ്രവേശിക്കാവുന്ന പുതിയമ്പലം എന്ന ജഗന്നാഥക്ഷേത്രം സ്ഥാപിക്കുകയായിരുന്നു.  ഗുരുവിന്‍റെ ലക്ഷ്യം സാധിക്കാന്‍ കുറച്ചു കാലതാമസം ഉണ്ടായെങ്കിലും ഒടുവില്‍ എല്ലാ അവര്‍ണരേയും ആ ക്ഷേത്രം സ്വീകരിച്ചു. അബ്രാഹ്മണ പൂജാരികള്‍ക്ക് ഇടം കിട്ടുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച നിരവധിക്ഷേത്രങ്ങളില്‍ ഒന്നില്‍ പോലും രാമനോ കൃഷ്ണനോ ആരാദ്ധ്യപുരുഷനാകുന്നില്ല. മാത്രമല്ല, ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയി എന്ന തിരിച്ചറിവിലെത്തുകയും പിന്‍മാറുകയുമാണ് ചെയ്തത്.കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന പണ്ഡിറ്റ് മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോള്‍ ശംബൂകനു ജയ് വിളിച്ച തന്‍റേടികള്‍ നാരായണഗുരുവിന്‍റെ അനുയായികളായി ഉണ്ടായിരുന്ന കേരളമാണല്ലോ ഇത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഗുരുചിന്തകള്‍ക്ക് വിരുദ്ധമായ രാമക്ഷേത്ര നിര്‍മ്മിതിക്ക് ഗുരുചിത്രം സൂക്ഷിക്കുന്നവര്‍ വീടുകളില്‍ ദീപം കൊളുത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് മിതമായ ഭാഷയില്‍ ഗുരുനിന്ദയാണ്.

Thursday, 11 January 2024

കവിതയെ കുറിച്ച് ഇന്ദിര കുമുദ്

 "വീണവിൽപനക്കാരൻ" മുതൽ "ഫാത്തിമത്തുരുത്ത്" വരെ

(ഇന്ദിരാകുമുദ്)
--------------------------------------------------------------------
ആമുഖത്തിന്റെയോ പരിചയപ്പെടുത്തലിന്റെയോ ആവശ്യമില്ലാതെതന്നെ മലയാളി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് കൊല്ലം ജില്ലയിൽ ജനിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍..ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി കളിലും ആഫ്രോ ഏഷ്യന്‍ യങ്ങ്റൈറ്റേർസ് കോൺഫറസിൽ ഇന്ത്യയേയും ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്കാരം, സമഗ്രയുടെ ഒ. എൻ. വി പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം, പുനലൂർ ബാലൻ അവാര്‍ഡ്, അബൂദബി ശക്തി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ അവാർഡ് തുടങ്ങി ഈ വർഷത്തെ കുമാരനാശാന്‍ പുരസ്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ കവിക്ക് ലഭിച്ചിട്ടുണ്ട്.

1974 ഒക്ടോബറില്‍ എഴുതിയ വീണവിൽപനക്കാരൻ എന്നകവിതയിൽ "സത്യമാണെല്ലാമെനിക്കുജൻമംതന്ന സർഗ്ഗ സമ്പത്താണ് വീണ/വിൽക്കുവാനെന്തിനായ് വന്നുവെന്നോ ദു:ഖ ശപ്തമാണെൻ ജീവഗാഥ എന്നെഴുതിയ കവിയുടെ മിക്ക കവിതകളിലെയും സ്ഥായിയായ ഭാവം ദു:ഖമാണ്. അതേ സമയം" കരയുന്ന രാത്രിയിൽ പിരിയാതിരുന്നെന്റെ മിഴിയൊപ്പിടാറുള്ള കവിത"(കവിത ഇങ്ങനെ/1983) തുടങ്ങിയ കവിതകളിൽ ജീവിതദു:ഖങ്ങൾക്കും സാമൂഹ്യ ദു:ഖങ്ങൾക്കും ഒരുപോലെ തുണയും തണലുമായാണ് കവി കവിതയെ സമീപിക്കുന്നത്

കവിത കൊണ്ട് കരയുകയും ചിരിക്കുകയും  മാത്രമല്ല സാമൂഹികാസമത്വങ്ങൾക്കും അനീതികൾക്കും എതിരെ  പ്രതികരിക്കുകയും പ്രതിഷേധിക്കുകയും കൂടി ആകാമെന്നതിന് കവിയുടെ "ചാർവ്വാകൻ" "കീഴാളൻ" തുടങ്ങിയ കവിതകൾ ഉദാഹരണങ്ങള്‍ ആണ്. "തെറ്റാണു യജ്ഞം, അയിത്തം, പുല, വ്രതം, ഭസ്മംപുരട്ടൽ, ലക്ഷാർച്ചന, സ്ത്രോത്രങ്ങൾ തെറ്റാണു ജ്യോൽസ്യപുലമ്പലും തുള്ളലും അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും" "പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം. വേദന മുറ്റി ത്തഴച്ചൊരീ വിസ്മയം സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം"(ചാർവ്വാകൻ /1998)

കഥകളുടെയും കഥാപാത്രങ്ങളുടേയും മഹാസാഗരമാണല്ലോ മഹാഭാരതം. മനുഷ്യർക്ക് പുറമെ  ഭൂമിയിലുള്ള മിക്ക ജീവജാലങ്ങളേയും പലതരം കഥാപാത്രങ്ങളായി നമുക്ക് മഹാഭാരതത്തിൽ കാണാനാകും. ആ കഥാസാഗരത്തിൽ നിന്ന് കവി നമുക്കായി ശേഖരിച്ച മുത്തുകളാണ് മഹാഭാരതം വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം.

കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കാവ്യവത്ക്കരിച്ച് ഒരു നീണ്ട കവിതയാക്കുന്നതിനു പകരം ശക്തരും പ്രധാനപ്പെട്ടവരുമായ കാവ്യപാത്രങ്ങളെ സൂക്ഷ്മവത്കരിച്ച് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. മറ്റൊരു പ്രത്യേകത മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല കഥാഗതിതന്നെ മാറ്റി മറിച്ച കാവ്യപാത്രങ്ങളായ ആനയും പക്ഷികളും പാമ്പും തവളയും പോലും സൂക്ഷ്മവത്ക്കരിക്കപ്പെട്ട്  കുഞ്ഞുകുഞ്ഞു കവിതകളായി നമുക്ക് മുമ്പിലെത്തുന്നു.

അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും പ്രണയപരവശരായ കാമുകിമാരും മക്കളെയോർത്തു ദു:ഖിക്കുന്ന അമ്മമാരും അങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും മഹാഭാരതത്തിലുണ്ടല്ലോ? ഏറ്റവും സൂക്ഷ്മമായാണ് കവി ഈ സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത്.

"ആരാണ് പുരുഷൻ, നേരറിയാത്തവൻ, നേരെയല്ലാത്തവൻ, കരുണയില്ലാത്തവൻ, കശ്മലൻ, വഞ്ചകൻ" (അംബ)
"കണ്ണടച്ചാലുടനെ തെളിയുമേ വെണ്ണപോലെ പിതാവിന്റെ തൂമുഖം(ഇന്ദ്രസേന)" "അസ്ത്രസന്നാഹം വെറുക്കുന്നു ഞാൻ.. എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം" (ദുശ്ശള) "മൻമഥ ലീലാഗൃഹത്തിലഭിന്നരാണുൻമത്തറാണിയും ദാസിയാളും" (ധാത്രേയി)" ഗർഭക്കുടത്തിന്റെ ദാഹം ശമിപ്പിച്ചു ദു:ഖമുടുത്തു നടന്നവളാണു ഞാൻ" (ശർമ്മിഷ്ഠ) "മകൻ തെറ്റുചെയ്യാതെ കൊല്ലപ്പെടുമ്പോൾ പ്രിയൻ വെന്ന രാജ്യം അമ്മയ്ക്കോ ശ്മശാനം " (സുഭദ്ര)

വൈവിദ്ധ്യമേറിയ ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളിലൂടെ വായന കടന്നുപോകുമ്പോൾ വായനക്കാരുടെ മനസ്സിനകത്ത് ഓരോകാവ്യപാത്രവും പുനർജനിക്കുന്നതായി അനുഭവപ്പെടും.

ഏറ്റവും പുതിയ കവിതയായ "ഫാത്തിമത്തുരുത്ത്" നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് വായനക്കാരെ ഭാവനയുടെ ചിറകിലേറ്റി  കൊണ്ടുപോകുന്ന മനോഹര കവിതയാണ്.

"ഭൂമിയെ പുണര്‍ന്ന കുഞ്ഞുപുല്ലുകള്‍
പൂവണിഞ്ഞു തേനുറഞ്ഞു നില്‍ക്കുമ്പോള്‍
പ്രാണനില്‍ മുഖം പതിച്ച വേവുമായ്  
ഭാവനത്തുരുത്തിലൊന്നു പോകണം..

ഇനിയുമിനിയും ഒട്ടേറെ പുരസ്കാരങ്ങളും കവിതകളുമായി കവിയുടെ കാവ്യജീവിതം മനോഹരമാകട്ടേ എന്ന് ആശംസിച്ചുകൊള്ളുന്നു.

കെ ബി വേണുവിന്‍റെ സ്നേഹക്കുറിപ്പ്

 ഡിസംബറിലെ രാത്രിവണ്ടിയില്‍ കുരീപ്പുഴ.

സഞ്ചിയില്‍ ആപ്പിളും ചുംബനപ്പൂക്കളും.
---------------------------------------------------------
കെ.ബി. വേണു
--------------------------------------------------------
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിച്ച് നഗ്നയായി ജെസ്സി നിന്നു.
അവള്‍ കയറി നിന്ന കുമ്പസാരക്കൂട് ഞങ്ങളുടെ തലമുറയുടെ മനസ്സുകളിലായിരുന്നു.
കുരീപ്പുഴയുടെ ജെസ്സി.
അവള്‍ക്കൊപ്പം ഞങ്ങളുമുണ്ടായിരുന്നു.
വര്‍ഷം 1990.
യു.സി. കോളേജിലെ ചാക്കോ ഹോസ്റ്റലില്‍ അനിലിന്‍റെ Anilkumar AP മുറിയില്‍ ഒരു പ്രഭാതത്തില്‍ കവി വന്നു. ആദ്യം നേരില്‍ കാണുന്നത് അന്നാണ്. ചിരിക്കുമ്പോള്‍പ്പോലും ഒരു ഘനശ്യാമദുഃഖം ഉള്ളിലുറഞ്ഞു കിടക്കുംപോലെ.

"കടലിരമ്പുമ്പോള്‍ ഉറങ്ങാതിരിക്കുന്നു, മുറിയില്‍ അശാന്തിസ്വരൂപമായ് രാഹുലന്‍"
എന്ന് കുരീപ്പുഴ തന്നെ എഴുതിയത് ഓര്‍മ്മ വന്നു, ആ ഇരിപ്പു കണ്ടപ്പോള്‍.

 കോളേജില്‍ ഞങ്ങള്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ബോധി എന്നൊരു സാംസ്കാരികസംഘടനയുണ്ടായിരുന്നു, അക്കാലത്ത്. കര്‍ക്കശമായ പ്രത്യയശാസ്ത്രഭാരങ്ങളില്ലാതെ ബോധി സജീവമായി പ്രവര്‍ത്തിച്ചു. ബോധിയുടെ ഒരു പരിപാടിയുടെ ഭാഗമായാണ് കുരീപ്പുഴ അന്നു വന്നത്. ഒപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാടും. സ്മാര്‍ട് ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുക എന്ന സാമൂഹ്യബാദ്ധ്യതയില്ലാതിരുന്ന അക്കാലത്ത് അവരൊക്കെയായിരുന്നു ഞങ്ങളുടെ ലഹരിയും ആവേശവും. രാഷ്ട്രീയം, സാഹിത്യം, നാടകം, സിനിമ.. കൊടുമ്പിരിക്കൊണ്ട പ്രണയങ്ങള്‍. അനുരാഗസുരഭിലം, യൗവനതീക്ഷ്ണം എന്നൊന്നുമല്ല, Highly Inflammable എന്നാണ് അക്കാലത്തെ ഞങ്ങളുടെ മാനസികാവസ്ഥയെ വിശേഷിപ്പിക്കേണ്ടത്. നട്ടുച്ചനേരത്തു സിഗരറ്റു കത്തിക്കുമ്പോള്‍ ഉടലോടെ കത്തിപ്പോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.
ആ പകലില്‍, മേഘനാദം പോലെ ചുള്ളിക്കാടിന്‍റെ 'യാത്രാമൊഴി' ക്യാംപസില്‍ മുഴങ്ങി. ഒപ്പം, നാലു നേത്രങ്ങളില്‍ നിന്നു പെയ്തിറങ്ങിയ ഒക്ടോബര്‍ മഴയുടെ ശോകലാവണ്യധാരയായി കുരീപ്പുഴയുടെ ജെസ്സിയും. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ദ്രാവിഡത്തുടിയുടെ ചേലു തുളുമ്പുന്ന ആ ചിലമ്പിച്ച ശബ്ദം ഉണര്‍ത്തിയ അവാച്യമായ കാവ്യാനുഭൂതി എന്നിലുണ്ട്.

"നിദ്രാടനത്തിന്‍റെ സങ്കീര്‍ണ സായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
ഓര്‍ക്കുകീപ്പാട്ടിനു കൂട്ടായിരുന്നു നാം.."

എന്ന് കുരീപ്പുഴ പാടുമ്പോള്‍, കാറ്റിന്‍റെ കാണാപ്പിയാനോകള്‍ താനേയുണര്‍ന്നു. ജെസ്സിയെ മാത്രമല്ല, അവളുടെ കണ്ണീരുറഞ്ഞ കവിളിലെയുപ്പ് ചുണ്ടുകൊണ്ടൊപ്പാന്‍ വൈകിയെത്തിയ കാമുകനെയും ഞാനപ്പോള്‍ കണ്ടു. ചുള്ളിക്കാടിനെപ്പോലെ മറ്റൊരു ഒബ്സഷനായി, അഡിക്ഷന്‍ ആയി കുരീപ്പുഴയും വളര്‍ന്നു.

"കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി?"

എന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അതേ വര്‍ഷം അനില്‍ "സ്മൃതിലഹരി" എന്നൊരു നാടകമെഴുതി.

"സങ്കടത്തിന്നു മുഖംമൂടി തുന്നുവാന്‍
സന്ധ്യകള്‍ പോലും വരാറില്ല
നെഞ്ചിലെ ചെമ്പുഖനികളില്‍
വാതകക്കൂത്തുകള്‍"

"നീലബലൂണുകള്‍" എന്ന കവിതയിലെ ഈ വരികള്‍ ആ നാടകത്തില്‍ ഉപയോഗിച്ചിരുന്നു. ഒരു നട്ടുച്ചനേരത്ത് ആ നാടകം ഞങ്ങള്‍ ക്യാംപസില്‍ അവതരിപ്പിച്ചു. അനിലും സിജുവും ഞാനും അഭിനേതാക്കള്‍. പശ്ചാത്തലത്തില്‍ സുട്ടുവിന്‍റെ വയലിന്‍ മാത്രം.
Anil was at his creative and rebellious best at that time.

കുരീപ്പുഴയെ ഓര്‍ക്കാതെ ഒരു ഡിസംബറും കടന്നു പോയിട്ടില്ല. അതിനു കാരണം ജെസ്സിയല്ല. "ഡിസംബറിലെ തീവണ്ടി" എന്ന കവിതയാണ്. 1984 ജനുവരി 4 ആണ് ആ കവിതയുടെ ജന്മദിനമെന്ന് കുരീപ്പുഴയുടെ സമാഹാരത്തില്‍ കാണുന്നു. ഒരുപക്ഷേ പ്രസിദ്ധീകരണ ദിനമാകാം. കുരീപ്പുഴ അതു ചൊല്ലിക്കേട്ടിട്ടില്ല. പക്ഷേ വായിച്ച മാത്രയില്‍ ഘോരരൂപിയായ ഒരു തീവണ്ടി എന്‍റെ ഉടലിലൂടെ ചീറിപ്പാഞ്ഞുപോയി.

"ഓര്‍ക്കുന്നുവോ പോയ വത്സരാരംഭ-
മന്നാര്‍ത്തു നാം പാടിയുണര്‍ത്തിയോരുണ്ണിയും
നങ്ങേലിയും തുറുകണ്ണുള്ള പൂതവും-
ഊരിത്തെറിച്ച മനസ്സിന്‍ കഴുത്തിലേ-
യ്ക്കാ വണ്ടി കേറവേ ചോരച്ചിലന്തികള്‍
നൂല്‍ക്കെണി കെട്ടിക്കുരുക്കിയ ജീവനും
ഞാനും കരഞ്ഞു തളര്‍ന്നു പോയൊത്തിരി."

എന്നെ വിഹ്വലനാക്കിയത് ആ പ്രായത്തില്‍ സ്വാഭാവികമായുണ്ടാകാവുന്ന സന്ദിഗ്ധബോധമായിരുന്നില്ലെന്ന് പില്ക്കാലത്തു ബോദ്ധ്യമായി. ഒരോ വത്സരാന്ത്യവും വത്സരാരംഭവും അകാരണമായി എന്നെ ഫിലോസഫിക് ആക്കുന്നുണ്ട്, അടുത്ത കാലത്തായി. അതിന്‍റെ കാരണങ്ങളിലൊന്നായി ആറ്റിക്കുറുക്കിയ കടുംകഷായം പോലെയുള്ള ഈ വരികളുമുണ്ടെന്നു തോന്നുന്നു. അക്കാലത്തു ട്രെയിന്‍ യാത്രകള്‍ തീരെ കുറവായിരുന്നു. എങ്കിലും കുറച്ചു നാളെങ്കിലും ട്രെയിന്‍ കാണുമ്പോള്‍ ഒരു ഭയമുണ്ടായിരുന്നു. തൊഴിലന്വേഷകനായി ഡല്‍ഹിയിലേയ്ക്ക് പോയത് ട്രെയിനിലാണ്. അതിനു മുന്‍പും ദീര്‍ഘമായ ട്രെയിന്‍ യാത്രയുണ്ടായിട്ടുണ്ട് - പഞ്ചാബിലേയ്ക്ക്. പക്ഷേ അന്ന് എനിക്കൊപ്പം ഒരു സംഘം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഡല്‍ഹി യാത്രയില്‍ തികച്ചും ഒറ്റയ്ക്കായിരുന്നു. വരണ്ട പകലുകളില്‍ ഉഷ്ണക്കാറ്റേറ്റു പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍ ട്രെയിനിന്‍റെ "ടക ടക" ശബ്ദത്തിന് ഈ കവിതയുടെ താളമുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പുള്ള ഒരു ന്യൂ ഇയര്‍ ഈവ് ഒറ്റയ്ക്കിരുന്നു ചെലവഴിച്ചപ്പോഴും ഈ വരികള്‍ വേട്ടയാടി.
 'ഡിസംബറിലെ തീവണ്ടി' ഡിസംബര്‍ ഉണര്‍ത്തുന്ന വിരഹവേദനയെക്കുറിച്ചു മാത്രമല്ല, ജനുവരിയെക്കുറിച്ചു കൂടിയാണ്. ഡിസംബറിലെ തീവണ്ടിയില്‍ വന്നെത്തുന്നത് ജനുവരിയാണ്.

"ഇന്നത്തെ രാത്രിവണ്ടിക്കു വന്നെത്തിടും
കണ്ണില്‍ പരുന്തും പടക്കവുമായ്
രക്തബന്ധം കുറിക്കും ജനുവരി
ഭൂപാളബന്ധിനി
ശല്കങ്ങളില്‍ ശാപമോക്ഷവും
സഞ്ചാരഗീതം പകര്‍ത്താനിലകളും
സഞ്ചിയിലാപ്പിളും ചുംബനപ്പൂക്കളും."

ഈ വരികളില്‍ എനിക്ക് റോമന്‍ മിത്തോളജിയിലെ ജെയ്നസ് ദേവനെയും ചിലപ്പോള്‍ കുരീപ്പുഴയെത്തന്നെയും കാണാം. തുടക്കങ്ങളുടെ, പ്രവേശികകളുടെ, സംക്രമണങ്ങളുടെ, ദ്വന്ദ്വങ്ങളുടെ ദേവനായ ജെയ്നസില്‍ നിന്നാണ് ജനുവരി എന്ന വാക്കു തന്നെയുണ്ടായത്. ഇരട്ടമുഖമുള്ള ജെയ്നസ് ഒരു മുഖം കൊണ്ട് ഭൂതകാലത്തെയും മറുമുഖം കൊണ്ട് ഭാവികാലത്തെയും നോക്കുന്നു. ഓരോ ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതിയും രാത്രിവണ്ടിയില്‍ സഞ്ചി നിറയെ ആപ്പിളും ചുംബനപ്പൂക്കളുമായി ഞാന്‍ കാത്തിരിക്കുന്ന ഒഴിഞ്ഞ സ്റ്റേഷനില്‍ വന്നിറങ്ങുന്നത് ജെയ്നസ് ദേവനോ, കുരീപ്പുഴ തന്നെയോ? "ഡിസംബറിലെ തീവണ്ടി" എന്ന കവിതയിലെ വിഷാദബിംബങ്ങളെയാകെ ഈ ആപ്പിളുകളും ചുംബനപ്പൂക്കളും പ്രത്യാശയുടെ നിലാവില്‍ കുളിപ്പിക്കുന്നു.

കുരീപ്പുഴയെ എപ്പോഴെങ്കിലുമൊക്കെ കാണാറുണ്ട്. പലപ്പോഴും ഫിലിം ഫെസ്റ്റിവലുകളില്‍. ശാന്തനായി. ഇടയ്ക്കെപ്പൊഴോ ഒരിക്കല്‍ പ്രക്ഷുബ്ധനായി. ഉറ്റ സുഹൃത്തുക്കളുടെ മുറികളില്‍. സാഹിത്യ അക്കാദമിയിലെ ചില സമ്മേളനങ്ങളില്‍. എ. അയ്യപ്പന്‍ മരിച്ചപ്പോള്‍ സംവിധായകനും കവിയുമായ ഡോക്റ്റര്‍ പ്രസാദിനോടൊപ്പം സ്റ്റാച്യു ജംക്ഷനിലെ ഒരു കെട്ടിടത്തിന്‍റെ ടെറസ്സില്‍ അരണ്ട നിലാവത്ത് ഒരക്ഷരം ഉരിയാടാതെ കുരീപ്പുഴ കിടന്നു. ജെസിയിലെ "ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച" എന്ന വരിയിലെ "ലോത്തിന്‍റെ" എന്ന വാക്ക് ഒരു പ്രസാധകന്‍ "ലോകത്തിന്‍റെ" എന്നു തിരുത്തിയതിനെക്കുറിച്ചും മറ്റൊരു പ്രസാധകന്‍ "പോത്തിന്‍റെ" എന്നാക്കിയതിനെക്കുറിച്ചും വിവരിച്ചത് ഫേബിയന്‍ ബുക്സിന്‍റെ ഒരു വാര്‍ഷികസമ്മേളനത്തിലാണ്.
"എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്" എന്ന് സൗമ്യമായി പ്രസ്താവിച്ചുകൊണ്ട് കത്തിക്കയറിയ പ്രസംഗം നടത്തിയത് സാഹിത്യ അക്കാദമിയില്‍.
ഇപ്പോള്‍ ഞാന്‍ യാത്ര ചെയ്യുന്ന പകല്‍വണ്ടി മനസ്സുകളുടെ കഴുത്തില്‍ കയറിയിറങ്ങാതെ, ചോരച്ചിലന്തികളുടെ വിഹ്വലത സൃഷ്ടിക്കാതെ സന്ധ്യയോടെ മറ്റൊരു നഗരത്തിലെത്തിച്ചേരും. നങ്ങേലിയും പൂതവും ഉണ്ണിയും കൂടെയുണ്ടാകൂം.
ഡിസംബര്‍ മുപ്പത്തിയൊന്നിന്, പുറത്ത് നഗരോന്മാദം തിരയടിക്കുമ്പോള്‍ തനിച്ചിരിക്കാനാണ് പൊതുവേ ഇഷ്ടം. ആത്യന്തികലഹരിയായ പുസ്തകവായനയാണ് പുതുവത്സരാഘോഷം. വായനയിലെയും എഴുത്തിലെയും കൗമാരകുതൂഹലം നിലനിര്‍ത്താനുള്ള വാര്‍ഷികചികിത്സയാണത്. നഗരത്തിലെ ഒരു സത്രമുറിയില്‍ ഈ രാത്രി ഞാനുണ്ടാകും. എഴുത്തച്ഛനോടു കടമായി വാങ്ങിയ വാക്കിനു പലിശയായി ഒരു ജീവിതം തന്നെ നഷ്ടമാക്കുന്ന കുരീപ്പുഴയുടെ കവിതയ്ക്കൊപ്പം ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന "മരണം ദുര്‍ബലം" എന്ന നോവലും...

പല തലങ്ങളില്‍ കുത്തിനോവിച്ച വേര്‍പാടുകളുണ്ടായി പോയ വര്‍ഷം. അതിന്‍റെ കണക്കെടുപ്പുകളിലേയ്ക്കു കടക്കുന്നില്ല. നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കുന്നു. ഉപാധികളൊന്നുമില്ലാതെ ചേര്‍ത്തു നിര്‍ത്തിയവരെ മുറുകെപ്പുണരുന്നു. ആരോടും വിദ്വേഷമില്ല, പരിഭവങ്ങളുമില്ല. സ്നേഹം മാത്രം.

ആപ്പിള്‍ മധുരമുള്ള, ഹിമധവളശോഭിനിയായ ജനുവരി എന്നെയും നിങ്ങളെയും ചുംബിച്ചുണര്‍ത്തട്ടെ.
.....................................

ഡിസംബര്‍ 31, 2023
(പകല്‍വണ്ടിയിലെ ഒരു മുറിയില്‍ നിന്ന്)

Thursday, 4 January 2024

കായലില്‍ കരിമീനും കടലില്‍ നെമ്മീനും

 കായലില്‍ കരിമീനും  കടലില്‍ നെമ്മീനും 

---------------------------------------------------------------------
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം നഗരം കൌമാര കലോത്സവത്തിനു സാക്ഷിയാവുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കുരുന്നു പ്രതിഭകളും അവരുടെ  അദ്ധ്യാപകരും പരിശീലകരും രക്ഷകര്‍ത്താക്കളും ദേശിങ്ങനാട്ടിലെത്തുന്നു.അഷ്ടമുടിക്കായലും കൊച്ചുപിലാമ്മൂട് ബീച്ചും ഇംഗ്ലീഷ് പള്ളിയും പീരങ്കികളും ഇടപ്പള്ളി സ്മൃതിമണ്ഡപവും എല്ലാം കണ്ടു മടങ്ങുന്നു. പ്രിയപ്പെട്ട കുട്ടികളേ, മത്സരമാണെന്നത് മറക്കുക.ഇത് ഉത്സവമാണ്. പിടിവാശികളും സ്വാര്‍ഥതയും ഒന്നും പാടില്ലാത്ത ഉത്സവം. കണ്ണുനീരെങ്ങാനും കാണുന്നുണ്ടെങ്കില്‍ അത് ആനന്ദക്കണ്ണീരാകണം. ആടയില്‍ കുത്തിയ അക്കം മറന്നു പരസ്പരം അഭിനന്ദിക്കണം.

അഷ്ടമുടിക്കായലിന്റെയും അറബിക്കടലിന്റെയും പരിലാളനമേറ്റ്, ചരിത്രസ്മൃതികളോടെ ഉണര്‍ന്നിരിക്കുന്ന നഗരമാണ് കൊല്ലം. പാഠപുസ്തകത്തിലെവിടെയോ പറഞ്ഞിട്ടുള്ളതുപോലെ കശുവണ്ടിയല്ല കൊല്ലത്തിന്റെ അടയാളം. എല്ലാവരെയും പോലെ അണ്ടിപ്പരിപ്പ് വിലകൊടുത്തു വാങ്ങി കഴിക്കുന്നവരാണ് കൊല്ലത്തുകാര്‍. കൊല്ലത്തിന്റെ യഥാര്‍ത്ഥ സമ്പത്തു മത്സ്യമാണ്. കൊല്ലത്തിന്റെ വള്ളം നിറയെ മീനാണ്. മീനിനെ ആകര്‍ഷിക്കാനായി പാതിരാത്രിയില്‍ മീന്‍ പിടുത്തകാര്‍ വള്ളത്തില്‍ കെടയുന്നതാണ് കൊല്ലത്തിന്റെ ആദിമതാളം. ആദ്യത്തെ ഹിറ്റ് നാടകമായ സദാരാമയും കഥാപ്രസംഗത്തെ ലോകമലയാളിയുടെ ഹൃദയത്തിലെത്തിച്ച വി സാംബശിവനും കലോത്സവവേദികളില്‍ സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച ദേവരാജനും രവീന്ദ്രനും ഈ നാടിന്റെ സംഭാവനയാണ്.

അഷ്ടമുടിക്കായല്‍ നിറയെ മീനാണ്. കരിമീനും പ്രാച്ചിയും കൊപ്പിളിയും കണമ്പും കൊഞ്ചും കൂഴവാലിയും നിറഞ്ഞ കായല്‍. കാരിയും കൂരിയും പാരയും പരവയും വിളയുന്നകായല്‍. ഈ കായലില്‍ മാത്രമുള്ളതാണ് കൂഴവാലി. ഈ മത്സ്യം കഴിക്കാനായിമാത്രം വിദൂരതയിലുള്ളവര്‍ കൊല്ലത്ത് എത്താറുണ്ട്. കറിയായും ഫ്രൈയായും തീന്‍മേശയില്‍ നിറയുന്ന മത്സ്യവിഭവങ്ങള്‍. ഒരിക്കല്‍ തിരുനല്ലൂര്‍ കാവ്യോത്സവത്തിന് കായല്‍ വിഭവങ്ങളുടെ പ്രത്യേക സല്‍ക്കാരം തന്നെയുണ്ടായിരുന്നു. കല്ലുമ്മക്കായയോ ചിപ്പിയോ കക്കയോ അല്ലാത്ത മുരിങ്ങയിറച്ചി കായലിലെ അസാധാരണരുചിയുള്ള വിഭവമാണ്.

കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ ഉമ്മ വയ്ക്കുന്ന കടലിലാണെങ്കില്‍ നിറഞ്ഞു തുളുമ്പി മുകളിലേക്കു കുതിച്ചു ചാടുന്ന സമൃദ്ധമായ മീന്‍കൂട്ടമാണുള്ളത്. അയലയും മത്തിയും നെയ്മീനും ചൂരയും ചെമ്മീനും നിറഞ്ഞകടല്‍.

ഈ ജലവിഭവങ്ങള്‍, അതിഥികളായെത്തുന്നവര്‍ക്ക് നല്കാന്‍ കഴിയേണ്ടതാണ്. പഴയതുപോലെ പഴയിടം തന്നെയാണ് ഊട്ടുപുരയുടെ അധിപന്‍. അദ്ദേഹം രുചികരമായ മത്സ്യവിഭവങ്ങള്‍ വിളമ്പാന്‍ സമര്‍ത്ഥനുമാണ്. കഥയുടെ കുലപതി ടി. പത്മനാഭന്‍ പറഞ്ഞതുപോലെ ബീഫുപായസം ഉണ്ടാക്കാന്‍ പോലും മിടുക്കന്‍. തേങ്ങാപ്പാലു ചേര്ത്തതോ വാഴയിലയില്‍ പൊള്ളിച്ചതോ ആയ കരിമീന്‍ വിഭവമൊക്കെ ഇക്കുറി കാണുമോ?

കൊല്ലത്ത് പണ്ടൊരു ഹോട്ടലുണ്ടായിരുന്നു. ഉഡുപ്പി ബ്രാഹ്മിന്‍സ് ശാപ്പാടുശാല. പോറ്റിഹോട്ടലെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ആ ഇഡ്ഡലിമസാലദോശവടക്കട എന്നേ പൂട്ടി. ഇനിയിപ്പോള്‍ സവര്‍ണാധിപത്യം മനുസ്മൃതി സഹിതം പുനര്‍ജ്ജനിച്ചാലേ അതുതുറക്കാന്‍ സാധ്യതയുള്ളൂ. ആ സംസ്കാരം കല്യാണസദ്യകളിലും സ്കൂള്‍ കലോത്സവത്തിലുമാണ് തുടര്‍ന്ന് വരുന്നത്. വീട്ടിലെ വിവാഹത്തിന് ഞങ്ങള്‍ പൊരിച്ചമീന്‍ വിളമ്പി ഈ വഴുതിനങ്ങാസംസ്ക്കാരത്തെ ലംഘിച്ചിരുന്നു. ആകാശം അങ്ങനെതന്നെനിന്നു. ഇക്കുറി കൊല്ലം കലോത്സവത്തില്‍ പോഷകപ്രധാനമായ നോണ്‍ വെജ് ഭക്ഷണം കൂടി ഉണ്ടാകുമെന്ന് കരുതാമോ? 

കുണ്ടറയില്‍ നടന്ന കൊല്ലം ജില്ലാ കലോത്സവത്തില്‍ ധീരമായ ഒരു പരീക്ഷണം നടത്തി. ഫൈനല്‍ഡേയില്‍ കോഴിബിരിയാണി വിളമ്പി. പങ്കെടുത്തവരെല്ലാം സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് പിരിഞ്ഞത്. ചന്ദ്രഗിരി മുതല്‍ നെയ്യാര്‍ വരെ മത്സ്യസമൃദ്ധമായ പ്രദേശങ്ങളില്‍ നിന്നും വരുന്ന അതിഥികളെ ദേശിംഗനാടിന്‍റെ തനതു വിഭവങ്ങളാല്‍ സല്‍ക്കരിക്കാന്‍ ഭാരവാഹികള്‍ക്ക് കഴിയട്ടെ.