Thursday 4 January 2024

കായലില്‍ കരിമീനും കടലില്‍ നെമ്മീനും

 കായലില്‍ കരിമീനും  കടലില്‍ നെമ്മീനും 

---------------------------------------------------------------------
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം നഗരം കൌമാര കലോത്സവത്തിനു സാക്ഷിയാവുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കുരുന്നു പ്രതിഭകളും അവരുടെ  അദ്ധ്യാപകരും പരിശീലകരും രക്ഷകര്‍ത്താക്കളും ദേശിങ്ങനാട്ടിലെത്തുന്നു.അഷ്ടമുടിക്കായലും കൊച്ചുപിലാമ്മൂട് ബീച്ചും ഇംഗ്ലീഷ് പള്ളിയും പീരങ്കികളും ഇടപ്പള്ളി സ്മൃതിമണ്ഡപവും എല്ലാം കണ്ടു മടങ്ങുന്നു. പ്രിയപ്പെട്ട കുട്ടികളേ, മത്സരമാണെന്നത് മറക്കുക.ഇത് ഉത്സവമാണ്. പിടിവാശികളും സ്വാര്‍ഥതയും ഒന്നും പാടില്ലാത്ത ഉത്സവം. കണ്ണുനീരെങ്ങാനും കാണുന്നുണ്ടെങ്കില്‍ അത് ആനന്ദക്കണ്ണീരാകണം. ആടയില്‍ കുത്തിയ അക്കം മറന്നു പരസ്പരം അഭിനന്ദിക്കണം.

അഷ്ടമുടിക്കായലിന്റെയും അറബിക്കടലിന്റെയും പരിലാളനമേറ്റ്, ചരിത്രസ്മൃതികളോടെ ഉണര്‍ന്നിരിക്കുന്ന നഗരമാണ് കൊല്ലം. പാഠപുസ്തകത്തിലെവിടെയോ പറഞ്ഞിട്ടുള്ളതുപോലെ കശുവണ്ടിയല്ല കൊല്ലത്തിന്റെ അടയാളം. എല്ലാവരെയും പോലെ അണ്ടിപ്പരിപ്പ് വിലകൊടുത്തു വാങ്ങി കഴിക്കുന്നവരാണ് കൊല്ലത്തുകാര്‍. കൊല്ലത്തിന്റെ യഥാര്‍ത്ഥ സമ്പത്തു മത്സ്യമാണ്. കൊല്ലത്തിന്റെ വള്ളം നിറയെ മീനാണ്. മീനിനെ ആകര്‍ഷിക്കാനായി പാതിരാത്രിയില്‍ മീന്‍ പിടുത്തകാര്‍ വള്ളത്തില്‍ കെടയുന്നതാണ് കൊല്ലത്തിന്റെ ആദിമതാളം. ആദ്യത്തെ ഹിറ്റ് നാടകമായ സദാരാമയും കഥാപ്രസംഗത്തെ ലോകമലയാളിയുടെ ഹൃദയത്തിലെത്തിച്ച വി സാംബശിവനും കലോത്സവവേദികളില്‍ സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച ദേവരാജനും രവീന്ദ്രനും ഈ നാടിന്റെ സംഭാവനയാണ്.

അഷ്ടമുടിക്കായല്‍ നിറയെ മീനാണ്. കരിമീനും പ്രാച്ചിയും കൊപ്പിളിയും കണമ്പും കൊഞ്ചും കൂഴവാലിയും നിറഞ്ഞ കായല്‍. കാരിയും കൂരിയും പാരയും പരവയും വിളയുന്നകായല്‍. ഈ കായലില്‍ മാത്രമുള്ളതാണ് കൂഴവാലി. ഈ മത്സ്യം കഴിക്കാനായിമാത്രം വിദൂരതയിലുള്ളവര്‍ കൊല്ലത്ത് എത്താറുണ്ട്. കറിയായും ഫ്രൈയായും തീന്‍മേശയില്‍ നിറയുന്ന മത്സ്യവിഭവങ്ങള്‍. ഒരിക്കല്‍ തിരുനല്ലൂര്‍ കാവ്യോത്സവത്തിന് കായല്‍ വിഭവങ്ങളുടെ പ്രത്യേക സല്‍ക്കാരം തന്നെയുണ്ടായിരുന്നു. കല്ലുമ്മക്കായയോ ചിപ്പിയോ കക്കയോ അല്ലാത്ത മുരിങ്ങയിറച്ചി കായലിലെ അസാധാരണരുചിയുള്ള വിഭവമാണ്.

കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ ഉമ്മ വയ്ക്കുന്ന കടലിലാണെങ്കില്‍ നിറഞ്ഞു തുളുമ്പി മുകളിലേക്കു കുതിച്ചു ചാടുന്ന സമൃദ്ധമായ മീന്‍കൂട്ടമാണുള്ളത്. അയലയും മത്തിയും നെയ്മീനും ചൂരയും ചെമ്മീനും നിറഞ്ഞകടല്‍.

ഈ ജലവിഭവങ്ങള്‍, അതിഥികളായെത്തുന്നവര്‍ക്ക് നല്കാന്‍ കഴിയേണ്ടതാണ്. പഴയതുപോലെ പഴയിടം തന്നെയാണ് ഊട്ടുപുരയുടെ അധിപന്‍. അദ്ദേഹം രുചികരമായ മത്സ്യവിഭവങ്ങള്‍ വിളമ്പാന്‍ സമര്‍ത്ഥനുമാണ്. കഥയുടെ കുലപതി ടി. പത്മനാഭന്‍ പറഞ്ഞതുപോലെ ബീഫുപായസം ഉണ്ടാക്കാന്‍ പോലും മിടുക്കന്‍. തേങ്ങാപ്പാലു ചേര്ത്തതോ വാഴയിലയില്‍ പൊള്ളിച്ചതോ ആയ കരിമീന്‍ വിഭവമൊക്കെ ഇക്കുറി കാണുമോ?

കൊല്ലത്ത് പണ്ടൊരു ഹോട്ടലുണ്ടായിരുന്നു. ഉഡുപ്പി ബ്രാഹ്മിന്‍സ് ശാപ്പാടുശാല. പോറ്റിഹോട്ടലെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ആ ഇഡ്ഡലിമസാലദോശവടക്കട എന്നേ പൂട്ടി. ഇനിയിപ്പോള്‍ സവര്‍ണാധിപത്യം മനുസ്മൃതി സഹിതം പുനര്‍ജ്ജനിച്ചാലേ അതുതുറക്കാന്‍ സാധ്യതയുള്ളൂ. ആ സംസ്കാരം കല്യാണസദ്യകളിലും സ്കൂള്‍ കലോത്സവത്തിലുമാണ് തുടര്‍ന്ന് വരുന്നത്. വീട്ടിലെ വിവാഹത്തിന് ഞങ്ങള്‍ പൊരിച്ചമീന്‍ വിളമ്പി ഈ വഴുതിനങ്ങാസംസ്ക്കാരത്തെ ലംഘിച്ചിരുന്നു. ആകാശം അങ്ങനെതന്നെനിന്നു. ഇക്കുറി കൊല്ലം കലോത്സവത്തില്‍ പോഷകപ്രധാനമായ നോണ്‍ വെജ് ഭക്ഷണം കൂടി ഉണ്ടാകുമെന്ന് കരുതാമോ? 

കുണ്ടറയില്‍ നടന്ന കൊല്ലം ജില്ലാ കലോത്സവത്തില്‍ ധീരമായ ഒരു പരീക്ഷണം നടത്തി. ഫൈനല്‍ഡേയില്‍ കോഴിബിരിയാണി വിളമ്പി. പങ്കെടുത്തവരെല്ലാം സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് പിരിഞ്ഞത്. ചന്ദ്രഗിരി മുതല്‍ നെയ്യാര്‍ വരെ മത്സ്യസമൃദ്ധമായ പ്രദേശങ്ങളില്‍ നിന്നും വരുന്ന അതിഥികളെ ദേശിംഗനാടിന്‍റെ തനതു വിഭവങ്ങളാല്‍ സല്‍ക്കരിക്കാന്‍ ഭാരവാഹികള്‍ക്ക് കഴിയട്ടെ.

No comments:

Post a Comment