Thursday 11 January 2024

കെ ബി വേണുവിന്‍റെ സ്നേഹക്കുറിപ്പ്

 ഡിസംബറിലെ രാത്രിവണ്ടിയില്‍ കുരീപ്പുഴ.

സഞ്ചിയില്‍ ആപ്പിളും ചുംബനപ്പൂക്കളും.
---------------------------------------------------------
കെ.ബി. വേണു
--------------------------------------------------------
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിച്ച് നഗ്നയായി ജെസ്സി നിന്നു.
അവള്‍ കയറി നിന്ന കുമ്പസാരക്കൂട് ഞങ്ങളുടെ തലമുറയുടെ മനസ്സുകളിലായിരുന്നു.
കുരീപ്പുഴയുടെ ജെസ്സി.
അവള്‍ക്കൊപ്പം ഞങ്ങളുമുണ്ടായിരുന്നു.
വര്‍ഷം 1990.
യു.സി. കോളേജിലെ ചാക്കോ ഹോസ്റ്റലില്‍ അനിലിന്‍റെ Anilkumar AP മുറിയില്‍ ഒരു പ്രഭാതത്തില്‍ കവി വന്നു. ആദ്യം നേരില്‍ കാണുന്നത് അന്നാണ്. ചിരിക്കുമ്പോള്‍പ്പോലും ഒരു ഘനശ്യാമദുഃഖം ഉള്ളിലുറഞ്ഞു കിടക്കുംപോലെ.

"കടലിരമ്പുമ്പോള്‍ ഉറങ്ങാതിരിക്കുന്നു, മുറിയില്‍ അശാന്തിസ്വരൂപമായ് രാഹുലന്‍"
എന്ന് കുരീപ്പുഴ തന്നെ എഴുതിയത് ഓര്‍മ്മ വന്നു, ആ ഇരിപ്പു കണ്ടപ്പോള്‍.

 കോളേജില്‍ ഞങ്ങള്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ബോധി എന്നൊരു സാംസ്കാരികസംഘടനയുണ്ടായിരുന്നു, അക്കാലത്ത്. കര്‍ക്കശമായ പ്രത്യയശാസ്ത്രഭാരങ്ങളില്ലാതെ ബോധി സജീവമായി പ്രവര്‍ത്തിച്ചു. ബോധിയുടെ ഒരു പരിപാടിയുടെ ഭാഗമായാണ് കുരീപ്പുഴ അന്നു വന്നത്. ഒപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാടും. സ്മാര്‍ട് ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുക എന്ന സാമൂഹ്യബാദ്ധ്യതയില്ലാതിരുന്ന അക്കാലത്ത് അവരൊക്കെയായിരുന്നു ഞങ്ങളുടെ ലഹരിയും ആവേശവും. രാഷ്ട്രീയം, സാഹിത്യം, നാടകം, സിനിമ.. കൊടുമ്പിരിക്കൊണ്ട പ്രണയങ്ങള്‍. അനുരാഗസുരഭിലം, യൗവനതീക്ഷ്ണം എന്നൊന്നുമല്ല, Highly Inflammable എന്നാണ് അക്കാലത്തെ ഞങ്ങളുടെ മാനസികാവസ്ഥയെ വിശേഷിപ്പിക്കേണ്ടത്. നട്ടുച്ചനേരത്തു സിഗരറ്റു കത്തിക്കുമ്പോള്‍ ഉടലോടെ കത്തിപ്പോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.
ആ പകലില്‍, മേഘനാദം പോലെ ചുള്ളിക്കാടിന്‍റെ 'യാത്രാമൊഴി' ക്യാംപസില്‍ മുഴങ്ങി. ഒപ്പം, നാലു നേത്രങ്ങളില്‍ നിന്നു പെയ്തിറങ്ങിയ ഒക്ടോബര്‍ മഴയുടെ ശോകലാവണ്യധാരയായി കുരീപ്പുഴയുടെ ജെസ്സിയും. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ദ്രാവിഡത്തുടിയുടെ ചേലു തുളുമ്പുന്ന ആ ചിലമ്പിച്ച ശബ്ദം ഉണര്‍ത്തിയ അവാച്യമായ കാവ്യാനുഭൂതി എന്നിലുണ്ട്.

"നിദ്രാടനത്തിന്‍റെ സങ്കീര്‍ണ സായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
ഓര്‍ക്കുകീപ്പാട്ടിനു കൂട്ടായിരുന്നു നാം.."

എന്ന് കുരീപ്പുഴ പാടുമ്പോള്‍, കാറ്റിന്‍റെ കാണാപ്പിയാനോകള്‍ താനേയുണര്‍ന്നു. ജെസ്സിയെ മാത്രമല്ല, അവളുടെ കണ്ണീരുറഞ്ഞ കവിളിലെയുപ്പ് ചുണ്ടുകൊണ്ടൊപ്പാന്‍ വൈകിയെത്തിയ കാമുകനെയും ഞാനപ്പോള്‍ കണ്ടു. ചുള്ളിക്കാടിനെപ്പോലെ മറ്റൊരു ഒബ്സഷനായി, അഡിക്ഷന്‍ ആയി കുരീപ്പുഴയും വളര്‍ന്നു.

"കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി?"

എന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അതേ വര്‍ഷം അനില്‍ "സ്മൃതിലഹരി" എന്നൊരു നാടകമെഴുതി.

"സങ്കടത്തിന്നു മുഖംമൂടി തുന്നുവാന്‍
സന്ധ്യകള്‍ പോലും വരാറില്ല
നെഞ്ചിലെ ചെമ്പുഖനികളില്‍
വാതകക്കൂത്തുകള്‍"

"നീലബലൂണുകള്‍" എന്ന കവിതയിലെ ഈ വരികള്‍ ആ നാടകത്തില്‍ ഉപയോഗിച്ചിരുന്നു. ഒരു നട്ടുച്ചനേരത്ത് ആ നാടകം ഞങ്ങള്‍ ക്യാംപസില്‍ അവതരിപ്പിച്ചു. അനിലും സിജുവും ഞാനും അഭിനേതാക്കള്‍. പശ്ചാത്തലത്തില്‍ സുട്ടുവിന്‍റെ വയലിന്‍ മാത്രം.
Anil was at his creative and rebellious best at that time.

കുരീപ്പുഴയെ ഓര്‍ക്കാതെ ഒരു ഡിസംബറും കടന്നു പോയിട്ടില്ല. അതിനു കാരണം ജെസ്സിയല്ല. "ഡിസംബറിലെ തീവണ്ടി" എന്ന കവിതയാണ്. 1984 ജനുവരി 4 ആണ് ആ കവിതയുടെ ജന്മദിനമെന്ന് കുരീപ്പുഴയുടെ സമാഹാരത്തില്‍ കാണുന്നു. ഒരുപക്ഷേ പ്രസിദ്ധീകരണ ദിനമാകാം. കുരീപ്പുഴ അതു ചൊല്ലിക്കേട്ടിട്ടില്ല. പക്ഷേ വായിച്ച മാത്രയില്‍ ഘോരരൂപിയായ ഒരു തീവണ്ടി എന്‍റെ ഉടലിലൂടെ ചീറിപ്പാഞ്ഞുപോയി.

"ഓര്‍ക്കുന്നുവോ പോയ വത്സരാരംഭ-
മന്നാര്‍ത്തു നാം പാടിയുണര്‍ത്തിയോരുണ്ണിയും
നങ്ങേലിയും തുറുകണ്ണുള്ള പൂതവും-
ഊരിത്തെറിച്ച മനസ്സിന്‍ കഴുത്തിലേ-
യ്ക്കാ വണ്ടി കേറവേ ചോരച്ചിലന്തികള്‍
നൂല്‍ക്കെണി കെട്ടിക്കുരുക്കിയ ജീവനും
ഞാനും കരഞ്ഞു തളര്‍ന്നു പോയൊത്തിരി."

എന്നെ വിഹ്വലനാക്കിയത് ആ പ്രായത്തില്‍ സ്വാഭാവികമായുണ്ടാകാവുന്ന സന്ദിഗ്ധബോധമായിരുന്നില്ലെന്ന് പില്ക്കാലത്തു ബോദ്ധ്യമായി. ഒരോ വത്സരാന്ത്യവും വത്സരാരംഭവും അകാരണമായി എന്നെ ഫിലോസഫിക് ആക്കുന്നുണ്ട്, അടുത്ത കാലത്തായി. അതിന്‍റെ കാരണങ്ങളിലൊന്നായി ആറ്റിക്കുറുക്കിയ കടുംകഷായം പോലെയുള്ള ഈ വരികളുമുണ്ടെന്നു തോന്നുന്നു. അക്കാലത്തു ട്രെയിന്‍ യാത്രകള്‍ തീരെ കുറവായിരുന്നു. എങ്കിലും കുറച്ചു നാളെങ്കിലും ട്രെയിന്‍ കാണുമ്പോള്‍ ഒരു ഭയമുണ്ടായിരുന്നു. തൊഴിലന്വേഷകനായി ഡല്‍ഹിയിലേയ്ക്ക് പോയത് ട്രെയിനിലാണ്. അതിനു മുന്‍പും ദീര്‍ഘമായ ട്രെയിന്‍ യാത്രയുണ്ടായിട്ടുണ്ട് - പഞ്ചാബിലേയ്ക്ക്. പക്ഷേ അന്ന് എനിക്കൊപ്പം ഒരു സംഘം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഡല്‍ഹി യാത്രയില്‍ തികച്ചും ഒറ്റയ്ക്കായിരുന്നു. വരണ്ട പകലുകളില്‍ ഉഷ്ണക്കാറ്റേറ്റു പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍ ട്രെയിനിന്‍റെ "ടക ടക" ശബ്ദത്തിന് ഈ കവിതയുടെ താളമുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പുള്ള ഒരു ന്യൂ ഇയര്‍ ഈവ് ഒറ്റയ്ക്കിരുന്നു ചെലവഴിച്ചപ്പോഴും ഈ വരികള്‍ വേട്ടയാടി.
 'ഡിസംബറിലെ തീവണ്ടി' ഡിസംബര്‍ ഉണര്‍ത്തുന്ന വിരഹവേദനയെക്കുറിച്ചു മാത്രമല്ല, ജനുവരിയെക്കുറിച്ചു കൂടിയാണ്. ഡിസംബറിലെ തീവണ്ടിയില്‍ വന്നെത്തുന്നത് ജനുവരിയാണ്.

"ഇന്നത്തെ രാത്രിവണ്ടിക്കു വന്നെത്തിടും
കണ്ണില്‍ പരുന്തും പടക്കവുമായ്
രക്തബന്ധം കുറിക്കും ജനുവരി
ഭൂപാളബന്ധിനി
ശല്കങ്ങളില്‍ ശാപമോക്ഷവും
സഞ്ചാരഗീതം പകര്‍ത്താനിലകളും
സഞ്ചിയിലാപ്പിളും ചുംബനപ്പൂക്കളും."

ഈ വരികളില്‍ എനിക്ക് റോമന്‍ മിത്തോളജിയിലെ ജെയ്നസ് ദേവനെയും ചിലപ്പോള്‍ കുരീപ്പുഴയെത്തന്നെയും കാണാം. തുടക്കങ്ങളുടെ, പ്രവേശികകളുടെ, സംക്രമണങ്ങളുടെ, ദ്വന്ദ്വങ്ങളുടെ ദേവനായ ജെയ്നസില്‍ നിന്നാണ് ജനുവരി എന്ന വാക്കു തന്നെയുണ്ടായത്. ഇരട്ടമുഖമുള്ള ജെയ്നസ് ഒരു മുഖം കൊണ്ട് ഭൂതകാലത്തെയും മറുമുഖം കൊണ്ട് ഭാവികാലത്തെയും നോക്കുന്നു. ഓരോ ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതിയും രാത്രിവണ്ടിയില്‍ സഞ്ചി നിറയെ ആപ്പിളും ചുംബനപ്പൂക്കളുമായി ഞാന്‍ കാത്തിരിക്കുന്ന ഒഴിഞ്ഞ സ്റ്റേഷനില്‍ വന്നിറങ്ങുന്നത് ജെയ്നസ് ദേവനോ, കുരീപ്പുഴ തന്നെയോ? "ഡിസംബറിലെ തീവണ്ടി" എന്ന കവിതയിലെ വിഷാദബിംബങ്ങളെയാകെ ഈ ആപ്പിളുകളും ചുംബനപ്പൂക്കളും പ്രത്യാശയുടെ നിലാവില്‍ കുളിപ്പിക്കുന്നു.

കുരീപ്പുഴയെ എപ്പോഴെങ്കിലുമൊക്കെ കാണാറുണ്ട്. പലപ്പോഴും ഫിലിം ഫെസ്റ്റിവലുകളില്‍. ശാന്തനായി. ഇടയ്ക്കെപ്പൊഴോ ഒരിക്കല്‍ പ്രക്ഷുബ്ധനായി. ഉറ്റ സുഹൃത്തുക്കളുടെ മുറികളില്‍. സാഹിത്യ അക്കാദമിയിലെ ചില സമ്മേളനങ്ങളില്‍. എ. അയ്യപ്പന്‍ മരിച്ചപ്പോള്‍ സംവിധായകനും കവിയുമായ ഡോക്റ്റര്‍ പ്രസാദിനോടൊപ്പം സ്റ്റാച്യു ജംക്ഷനിലെ ഒരു കെട്ടിടത്തിന്‍റെ ടെറസ്സില്‍ അരണ്ട നിലാവത്ത് ഒരക്ഷരം ഉരിയാടാതെ കുരീപ്പുഴ കിടന്നു. ജെസിയിലെ "ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച" എന്ന വരിയിലെ "ലോത്തിന്‍റെ" എന്ന വാക്ക് ഒരു പ്രസാധകന്‍ "ലോകത്തിന്‍റെ" എന്നു തിരുത്തിയതിനെക്കുറിച്ചും മറ്റൊരു പ്രസാധകന്‍ "പോത്തിന്‍റെ" എന്നാക്കിയതിനെക്കുറിച്ചും വിവരിച്ചത് ഫേബിയന്‍ ബുക്സിന്‍റെ ഒരു വാര്‍ഷികസമ്മേളനത്തിലാണ്.
"എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്" എന്ന് സൗമ്യമായി പ്രസ്താവിച്ചുകൊണ്ട് കത്തിക്കയറിയ പ്രസംഗം നടത്തിയത് സാഹിത്യ അക്കാദമിയില്‍.
ഇപ്പോള്‍ ഞാന്‍ യാത്ര ചെയ്യുന്ന പകല്‍വണ്ടി മനസ്സുകളുടെ കഴുത്തില്‍ കയറിയിറങ്ങാതെ, ചോരച്ചിലന്തികളുടെ വിഹ്വലത സൃഷ്ടിക്കാതെ സന്ധ്യയോടെ മറ്റൊരു നഗരത്തിലെത്തിച്ചേരും. നങ്ങേലിയും പൂതവും ഉണ്ണിയും കൂടെയുണ്ടാകൂം.
ഡിസംബര്‍ മുപ്പത്തിയൊന്നിന്, പുറത്ത് നഗരോന്മാദം തിരയടിക്കുമ്പോള്‍ തനിച്ചിരിക്കാനാണ് പൊതുവേ ഇഷ്ടം. ആത്യന്തികലഹരിയായ പുസ്തകവായനയാണ് പുതുവത്സരാഘോഷം. വായനയിലെയും എഴുത്തിലെയും കൗമാരകുതൂഹലം നിലനിര്‍ത്താനുള്ള വാര്‍ഷികചികിത്സയാണത്. നഗരത്തിലെ ഒരു സത്രമുറിയില്‍ ഈ രാത്രി ഞാനുണ്ടാകും. എഴുത്തച്ഛനോടു കടമായി വാങ്ങിയ വാക്കിനു പലിശയായി ഒരു ജീവിതം തന്നെ നഷ്ടമാക്കുന്ന കുരീപ്പുഴയുടെ കവിതയ്ക്കൊപ്പം ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന "മരണം ദുര്‍ബലം" എന്ന നോവലും...

പല തലങ്ങളില്‍ കുത്തിനോവിച്ച വേര്‍പാടുകളുണ്ടായി പോയ വര്‍ഷം. അതിന്‍റെ കണക്കെടുപ്പുകളിലേയ്ക്കു കടക്കുന്നില്ല. നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കുന്നു. ഉപാധികളൊന്നുമില്ലാതെ ചേര്‍ത്തു നിര്‍ത്തിയവരെ മുറുകെപ്പുണരുന്നു. ആരോടും വിദ്വേഷമില്ല, പരിഭവങ്ങളുമില്ല. സ്നേഹം മാത്രം.

ആപ്പിള്‍ മധുരമുള്ള, ഹിമധവളശോഭിനിയായ ജനുവരി എന്നെയും നിങ്ങളെയും ചുംബിച്ചുണര്‍ത്തട്ടെ.
.....................................

ഡിസംബര്‍ 31, 2023
(പകല്‍വണ്ടിയിലെ ഒരു മുറിയില്‍ നിന്ന്)

No comments:

Post a Comment