Wednesday, 8 April 2026

അഘോരികൾ വന്നുകഴിഞ്ഞു; കേരളമേ ഉണരൂ…

 അഘോരികൾ വന്നുകഴിഞ്ഞു; കേരളമേ ഉണരൂ…

—----------------------------------------------------------

തെരഞ്ഞെടുപ്പ് പ്രചാരണദിവസങ്ങളിൽ  ഇന്ത്യൻ ഫാസിസം കേരളത്തിലേക്കുകൂടി വരുന്നതിന്റെ അപകടസൂചനകൾ മനസ്സിലാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും ഒറ്റയ്ക്കുള്ള പ്രവർത്തനങ്ങളിലൂടെയും സാന്നിധ്യമറിയിച്ച ഒരു സാംസ്കാരികകൂട്ടായ്മയാണ്   വേക്ക് അപ്പ് കേരളം. മതഫാസിസത്തെ കുറിച്ച് വോട്ടർമാരെ ബോധവാന്മാരാക്കുകയും ആ വിപത്തിനെ കേരളത്തിൽ നിന്നും അകറ്റിനിറുത്തണമെന്നു പറയുകയുമായിരുന്നു ഇവർ ചെയ്തത്. ഇന്ത്യൻ ഫാസിസമെന്നാൽ ഹിന്ദുമതാധിപത്യം ആണെന്നും അതിനാൽ ആ ആശയത്തെ സ്വാംശീകരിച്ചിട്ടുള്ള രാഷ്ട്രീയപാർട്ടി തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ കേരളത്തോടു പറഞ്ഞു. വേക്ക് അപ് കേരളം എന്ന സാംസ്ക്കാരിക സംഘത്തിന്റെ ആദ്യപരിപാടി നിശ്ചയിച്ചത് തൃശൂർ തേക്കിൻകാട് മൈതാനത്തായിരുന്നു. അവിടെ മതേതരവാദിയായ കവി ആലങ്കോട് ലീലാകൃഷ്ണനും കോൺഗ്രസ്സിൽ നിന്നും ഷാളുമാറി ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാലും തമ്മിലാണല്ലോ പ്രധാനമത്സരം. പക്ഷേ അവർക്ക് തേക്കിൻകാട് മൈതാനം അനുവദിച്ചുകൊടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നുണ്ടെന്നാണ് തടസ്സമായി പറഞ്ഞത്. വേക്ക് അപ് കേരളത്തിന്റെ പ്രവർത്തകർ സമ്മേളനം സഹവർതിത്വ സത്യാഗ്രഹമാക്കുകയും ഗുരുവായൂരിലേക്ക് മാറുകയും ചെയ്തു. നോവലിസ്റ്റ് സാറാജോസഫാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്.


ഈ തെരഞ്ഞെടുപ്പിൽ വർഗീയവിഷം പരസ്യമായി ഛർദ്ദിക്കപ്പെട്ട നിയോജകമണ്ഡലം ഗുരുവായൂരാണ്. അവിടെ ഇന്ത്യൻ ഹിന്ദുഫാസിസത്തിന്റെ വക്താവായ സ്ഥാനാർത്ഥി മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിക്കുകയും കദളിക്കുലയുമായി അമ്പലത്തിൽ കയറുകതുടങ്ങിയ ടെമ്പിൾ ഷോ നടത്തുകയും ചെയ്തു. മഞ്ചേശ്വരത്ത് എത്തിയ വേക്ക് അപ് കേരളത്തിന്റെ പ്രവർത്തകരെ യോഗം നടത്തുന്നതിൽ നിന്നു തടയുകപോലും ചെയ്തു. ഇതൊരു ഹിന്ദുരാജ്യമാണെന്ന ഭരണഘടനാ വിരുദ്ധപ്രസ്താവനയോടെയാണ് മതേതരവാദികളെ തടഞ്ഞത്. ഹിന്ദു ഫാസിസ്റ്റുകൾ വിഷവിത്തു വിതച്ചിട്ടുള്ള പാലക്കാട്ടും തിരുവനന്തപുരത്തും ചാത്തന്നൂരിലും യോഗങ്ങൾ നടത്തുകയുണ്ടായി.


ചാത്തന്നൂരിൽ, ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ സംരക്ഷിക്കാൻ വേണ്ടി എൻ.ഡി.എ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന ചിന്തയ്ക്കാണ് പ്രാധാന്യമുണ്ടായത്. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഹിന്ദുമതഫാസിസ്റ്റുകളിൽ നിന്നും  രക്ഷിക്കേണ്ടത് കേരളത്തിന്റെ നവോത്ഥാനപരിശ്രമങ്ങളെയാണ്. അതാണ് ചോദ്യം ചെയ്യപ്പെടുന്നത്.അയ്യാവൈകുണ്ഠരും അയ്യൻകാളിയും, പൊയ്കയിൽ അപ്പച്ചനും, ബ്രഹ്മാനന്ദ ശിവയോഗിയും, സഹോദരൻ അയ്യപ്പനും,പണ്ഡിറ്റ് കെ.പി.കറുപ്പനും, ഡോ. വേലുക്കുട്ടി അരയനും ഒക്കെ മുന്നോട്ടുവച്ച രക്ഷാമാർഗങ്ങളാണ് മതഫാസിസ്റ്റുകളാൽ കൊലചെയ്യപ്പെടുന്നത്.   മുസ്ലിംലീഗ് സ്ത്രീകളെ മത്സരിപ്പിക്കുന്നതിനെതിരെ ഇസ്ലാംമത പണ്ഡിതന്മാർ രംഗത്തുവന്നത്, മറ്റൊരു മതഫാസിസത്തിന്റെ അടയാളമാണ്.  


ഈ തെരഞ്ഞെടുപ്പിലെ മറ്റൊരത്ഭുതം ഷാളുമാറികൾ ഒരു ലജ്ജയുമില്ലാതെ വോട്ടു ചോദിക്കാൻ ഇറങ്ങിയതാണ്. കൊട്ടാരക്കരയിലാണ് ഷാളുമാറികളുടെ സാന്നിധ്യം കൂടുതൽ ചിരി പടർത്തിയത്. ചുവന്ന ഷാളിട്ടു ജയിച്ചിരുന്നയാൾ മൂവർണ്ണ ഷാളിട്ട് വോട്ടുചോദിക്കാൻ ഇറങ്ങിയപ്പോൾ, മൂവർണ്ണ ഷാളിട്ട് വോട്ട് ചോദിച്ചുപരാജയപ്പെട്ട സ്ഥാനാർത്ഥി, ബി.ജെ.പിയുടെ ഇരുവർണ്ണഷാളുമിട്ട് വോട്ടുപിടിക്കാൻ ഇറങ്ങി. നാട്ടികയിലാവട്ടെ ചുവന്ന ഷാളിട്ടു ജയിച്ചയാൾ കാവിഷാളിലേക്ക് മാറി വോട്ടു പിടിക്കാൻ ഇറങ്ങി. വൈക്കം,ഒറ്റപ്പാലം, പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലും ഷാളുമാറികളെ നേരിടേണ്ടതുണ്ട്. ഇവരിൽ പലരും അടിഞ്ഞത് ബി.ജെ.പിയിലാണ് എന്നതിൽ തീരെ അത്ഭുതമില്ല. കാരണം ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനും ജനതാദളിൽ നിന്നും ഷാളുമാറി ആ പാർട്ടിയിൽ എത്തിയതാണല്ലൊ. അധികാരമോഹത്താൽ ഷാളുമാറി വരുന്നവരെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയേണ്ട ഉത്തരവാദിത്തം വോട്ടർമാർക്കുണ്ട്. 


ഇന്ത്യൻ ഹിന്ദു ഫാസിസം അടുത്തെത്തിക്കഴിഞ്ഞു. അഘോരികളുടെ വരവ് അതിന്റെ സൂചനയാണ്. അവർ ആകെയൊരു പാർട്ടി അധ്യക്ഷനെയേ കണ്ടുള്ളു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ. പുതിയ ഷാൾ അണിഞ്ഞുനിൽക്കുന്ന അദ്ധ്യക്ഷൻ അവർക്ക് വണ്ടിക്കാശും കൊടുത്തു. ബി.ജെ.പിയുടെ ഷാളിടാൻ തലകുനിച്ചു നിൽക്കുന്ന കോൺഗ്രസ്സിനെയും പാഠം പഠിപ്പിക്കേണ്ട ചുമതല ജനങ്ങൾക്കുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞും ബോധവൽക്കരണ പ്രവർത്തനം തുടരാനാണ് വേക്ക് അപ് കേരളം തീരുമാനിച്ചിട്ടുള്ളത്.

No comments:

Post a Comment