ഗണേശോത്സവവും ജലമലിനീകരണവും
------------------------------
പാലക്കാട് നഗരസഭയക്കുമുന്നിൽ ഈയിടെ ഒരു ഒറ്റയാൾ സമരം നടന്നു. രാമനാഥപുരം ഗിരിധരൻ എന്നയാളാണ് പ്ലക്കാർഡും പിടിച്ച് സമരം ചെയ്തത്. വിനായകചതുർത്ഥി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ കൂറ്റൻ ഗണപതിവിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്ത് ജലം അശുദ്ധമാക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഈ ഒറ്റയാൾ സമരഭടൻ, ഒരു പരിസ്ഥിതി തീവ്രവാദിയോ കക്ഷിരാഷ്ട്രീയക്കാരനോ ഒന്നുമല്ല. ആരും സ്പോൺസർ ചെയ്ത സമരവുമല്ല. ഗിരിധരൻ ഒരു പൂജാരിയാണ്. ബ്രാഹ്മണഗൃഹങ്ങളിൽ വിവാഹത്തിനും ഗൃഹപ്രവേശനത്തിനും മറ്റും പൂജാകർമ്മങ്ങൾ ചെയ്യുന്നു. ഗണപതിയെ പൂജിച്ചു പ്രസാദിപ്പിച്ചാൽ പോലും ചതുർത്ഥി ജലമലിനീകരണം തടയാൻ കഴിയില്ലെന്നു ബോധ്യമായതുകൊണ്ടാവാം അദ്ദേഹം സമരത്തിനിറങ്ങിയത്. എന്തായാലും അദ്ദേഹം ഉയർത്തിയ വിഷയം വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്റെയും പ്രാദേശികഭരണകൂടങ്ങളുടെയും അടിയന്തിരശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുമാണ്.
മഹാരാഷ്ട്രയിൽ നിന്നും കൊങ്കൺ പാതവഴി ഉത്തരകേരളത്തിൽ എത്തിയതാണ് ഗണേശോത്സവം. വളരെ അടുത്തകാലത്താണ് അത് തെക്കൻ കേരളത്തിലെത്തിയത്. ഉത്സവങ്ങളെ രാഷ്ട്രീയവൽക്കരിച്ച് അധികാരത്തിലെത്താമെന്ന ഹിന്ദുമതതീവ്രവാദികളുടെ അജണ്ട തന്നെയാണ് ഇതിന്റെ പിന്നിലുമുള്ളത്. കൃഷ്ണാഷ്ടമിയിലേക്ക് കുട്ടികളെയും അതുവഴി വോട്ടുള്ളവരെയും ആകർഷിക്കാമെന്ന പാഠം അവർ പഠിച്ചുകഴിഞ്ഞല്ലൊ. അത്തരത്തിലുള്ള ഒരു ലക്ഷ്യമാണ് ഗണേശവിഗ്രഹങ്ങളുടെ പെരുവഴിപ്പൂജയും ഘോഷയാത്രയും നിമജ്ജനവുമെല്ലാം നടത്തുന്നതിന്റെ പിന്നിലുള്ളത്. മഹാരാഷ്ട്രയിൽ ബാലഗംഗാധരതിലകൻ, ഗണേശോത്സവത്തെ ബ്രിട്ടീഷുകാർക്കെതിരേയുള്ള ഒരു ജനസമാഹരണോദ്യമമായി കണ്ടു വിജയിപ്പിച്ചെങ്കിൽ ഇപ്പോഴത് ഹിന്ദുമതാധിപത്യത്തെ നിലനിർത്തുവാനുള്ള ഒരു ഉപാധിയായി മാറിക്കഴിഞ്ഞു.
പടുകൂറ്റൻ ഗണപതി വിഗ്രഹങ്ങൾ പ്ലാസ്റ്റർ- ഒഫ് - പാരീസുകൊണ്ടും മറ്റും ഉണ്ടാക്കി, മാരകവിഷമുള്ള ചായങ്ങൾ പുരട്ടി കൊട്ടും പാട്ടും പൂജയുമായി ദിവസങ്ങൾ പൊലിപ്പിച്ചിട്ടൊടുവിൽ കുളത്തിലോ കായലിലോ പുഴയിലോ കടലിലോ വിശ്വാസത്തോടെ ഉപേക്ഷിക്കുമ്പോൾ വിഷം ജലത്തിൽ കലരുകയാണ്. കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ശുദ്ധജലമാണ് ഇങ്ങനെ മലിനമാക്കപ്പെടുന്നത്. പ്ലാസ്റ്റിക്, പ്ലാസ്റ്റർ ഒഫ് പാരിസ് ഗണപതിവിഗ്രഹങ്ങൾ മത്സ്യങ്ങൾ ഭക്ഷിക്കുകവഴി അവയിൽ വിഷാംശം കലരുന്നു. മീൻ കഴിക്കുന്നവരെയും ഈ വിഷാംശം ബാധിക്കുന്നു. പക്ഷിമൃഗാദികളെയും ഈ വിഷം ബാധിക്കുന്നു. പുഴയിൽ കുളിക്കുന്നവർക്ക് വിവിധ ചർമ്മരോഗങ്ങൾ ഉണ്ടാകുന്നു. അങ്ങനെ ജീവി ദ്രോഹപരമായ ഒരു ആചാരമായി ഗണേശോത്സവം മാറുന്നു.
പുഴയിലും കടലിലുമല്ലെങ്കിൽ പിന്നെ എവിടെ നിമജ്ജനം ചെയ്യും? ദീർഘകാലം ഇത്തരം ഗണപതിനിമജ്ജനം ഇല്ലാതിരുന്നിട്ടും കേരളത്തിനു പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടായില്ലല്ലൊ. ഗണേശവഴിപൂജ തുടങ്ങിയതിനുശേഷമാണ് കേരളത്തിൽ വലിയ പ്രളയവും മലയിടിച്ചിലും മറ്റും ഉണ്ടായത്. ഗണേശോത്സവം സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിരുന്നു. വിഗ്രഹം പരമാവധി ചെറുതായിരിക്കുക, മണ്ണുകൊണ്ട് നിർമ്മിക്കുക, രാസവിഷ പദാർത്ഥങ്ങൾ അടങ്ങിയ പെയിന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയായിരുന്നു ആ നിർദ്ദേശങ്ങൾ. അക്കൂട്ടത്തിൽ രാത്രി പത്തുമണിമുതൽ രാവിലെ ആറുമണിവരെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും പറഞ്ഞിരുന്നു. ഇതൊന്നും ആരും അനുസരിക്കുന്നില്ല. അനുസരിച്ചില്ലെങ്കിൽ കേസെടുക്കാനും ആരുമില്ല. അധികൃതരുടെ ഈ അലംഭാവമാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള ധൈര്യം കുറ്റവാളികൾക്ക് നൽകുന്നത്.
ഒറ്റയാൾ സമരം നടത്തിയ രാമനാഥപുരം ഗിരിധരൻ മറ്റൊരു പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. കുളങ്ങൾ കണ്ടെത്തി വൃത്തിയാക്കി അതിൽ നിമജ്ജനം നടത്തുക. നിമജ്ജനത്തിനു ശേഷം കുളം വൃത്തിയാക്കുക. പ്രായോഗികമാക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള നിർദ്ദേശമാണ് ഇതെങ്കിലും പരിശോധിക്കാവുന്നതാണ്. അതിനേക്കാൾ നല്ലത്, മണ്ണുപയോഗിച്ച് ചെറുഗണപതി വിഗ്രഹങ്ങളുണ്ടാക്കി, താൽപര്യമുള്ളവർ അവരവരുടെ വീടുകളിൽ പൂജിക്കുന്നതാണ്. ഇത് എല്ലാവർക്കും വേണ്ടകാര്യമല്ലല്ലൊ. പലവിശ്വാസികളും അവിശ്വാസികളുമൊക്കെ ഒന്നിച്ചു താമസിക്കുന്ന നമ്മുടെ നാട്ടിൽ ഗണേശകവലപ്പൂജയും ഗതാഗതക്കുരുക്കുണ്ടാക്കുന്ന നിമജ്ജന ഘോഷയാത്രയും ഒഴിവാക്കുന്നതാണ് ഉചിതം.
കടലോരത്ത് അടിഞ്ഞുകിടക്കുന്ന ഗണപതിവിഗ്രഹങ്ങളുടെ ചിത്രത്തോടുകൂടി കവി സി.എസ്.രാജേഷ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അതിങ്ങനെയാണ്:
കൈവേറെ കാൽ വേറേ
ഉടൽ വേറേ തലവേറെ
ചത്ത ദൈവങ്ങ-
ളടിഞ്ഞു കേറിയെൻ
സ്വസ്ഥതീരം നിറഞ്ഞു
യുദ്ധമായിരുന്നോ കടലിൽ
ആരെന്റെ ദൈവത്തെ
പീസുപീസാക്കി?
- കുരീപ്പുഴ ശ്രീകുമാർ
No comments:
Post a Comment