ഈശ്വരാ
നാളെ
കണക്ക് മാഷ്
അവധിയായിരിക്കണേ
കണക്ക് മാഷ് വന്നു
വഴക്കും കിട്ടി
ഈശ്വരന്‍
അവധിയിലായിരുന്നു
നാളെ
കണക്ക് മാഷ്
അവധിയായിരിക്കണേ
കണക്ക് മാഷ് വന്നു
വഴക്കും കിട്ടി
ഈശ്വരന്‍
അവധിയിലായിരുന്നു
|
കേരളത്തില്‍ മലയാളം സര്‍വകലാശാല ഉണ്ടാവുകയാണ്. സംസ്‌കൃത സര്‍വകലാശാലയിലെ
സംസ്‌കൃതം പോലെ ആകുമോ തുഞ്ചത്താചാര്യന്റെ പേരിലുള്ള സര്‍വകലാശാലയില്‍ നമ്മുടെ
അമ്മമലയാളം.
മലയാള നാട്ടില്‍ മലയാള ഭാഷയുടെ പേരില്‍ ഒരു സര്‍വകലാശാല വിഭാവനം ചെയ്യുമ്പോള്‍
സാധുക്കളായ മലയാളികള്‍ ആശിക്കുന്നത് അവരുടെ ഭാഷ അന്യം നിന്നുപോകാതിരിക്കാന്‍ ഈ
സര്‍വകലാശാല എന്തെങ്കിലും ചെയ്യണമെന്നതാണ്.
അവിടെയുണ്ടാകാന്‍ പോകുന്ന വിവിധ പാഠ്യക്രിയകള്‍ക്ക് ഒരു പേപ്പറെങ്കിലും
മലയാളമായിരിക്കുമെന്ന് കരുതാമോ? വൈസ് ചാന്‍സലര്‍ക്കും പ്രോ വൈസ് ചാന്‍സലര്‍ക്കും
പരീക്ഷാ കമ്മിഷണര്‍, കണ്‍ട്രോളര്‍ തുടങ്ങിയ തസ്തികപ്പേരുകള്‍ മലയാളത്തില്‍ എഴുതി
വയ്ക്കുമോ? ഈ സര്‍വകലാശാല മലയാളികളുമായി നടത്തുന്ന എല്ലാ എഴുത്തുകുത്തുകളും
മലയാളത്തിലായിരിക്കുമോ? ജീവനക്കാരുടെ അവധി അപേക്ഷകളും മറ്റും മലയാളത്തിലേ പാടുള്ളു
എന്ന് നിബന്ധനയുണ്ടാക്കുമോ?
കേരളവും മലയാളവും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ കേരള
സര്‍വകലാശാലയുടെ അധീനതയില്‍പെട്ട ഒരു കോളജിലാണ് മലയാളിയുടെ അഭിമാന വസ്ത്രമായ
മുണ്ടുടുത്തു ചെന്നതിന് വിദ്യാര്‍ഥികള്‍ അപമാനിക്കപ്പെട്ടത്. മലയാള സര്‍വകലാശാലയിലെ
വൈസ്ചാന്‍സലര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍ സര്‍വകലാശാലയില്‍ മുണ്ടുടുത്തു
വന്ന് പുതിയൊരു സംസ്‌ക്കാരം സൃഷ്ടിച്ചാലോ? ഓരോ സ്ഥാപനങ്ങളിലെ ഏതു തരത്തിലുള്ള
വസ്ത്രധാരണാ നിബന്ധനയ്ക്കും വിധേയരാകാന്‍ തയ്യാറുള്ള മലയാളി മലയാളം സര്‍വകലാശാലയിലെ
ഔദ്യോഗിക വസ്ത്രമായി മുണ്ട് അംഗീകരിക്കുമോ? സര്‍വ്വകലാശാലയില്‍ മലയാളം പഠിക്കാന്‍
വന്നേക്കാവുന്ന ഏതെങ്കിലും സായിപ്പ് മുണ്ടുടുത്താലും മലയാളിമുണ്ടുക്കുമെന്ന്
തോന്നുന്നില്ല.
കേരളത്തിനുള്ളിലുള്ള മലയാളിയെക്കാള്‍ മലയാള സ്‌നേഹം കാണുന്നത് പ്രവാസികളിലാണ്.
അവരുടെ പുതിയ തലമുറയെ മലയാളം കൂടി പഠിപ്പിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കുന്നുണ്ട്.
ലോകത്തെമ്പാടുമുള്ള മലയാളി കുഞ്ഞുങ്ങള്‍ക്കായി ഒരു ഏകീകൃത പാഠ്യപദ്ധതിയുണ്ടാക്കി,
മലയാളത്തെ നിലനിര്‍ത്താന്‍ സര്‍വകലാശാല ശ്രമിക്കുമോ?
അവഗണിച്ചതു കൊണ്ടുമാത്രം അന്യം നിന്നുപോയ മലയാളം അക്കങ്ങള്‍
പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തുചെയ്യുമെന്ന് സര്‍വകലാശാല ചിന്തിക്കുമോ? ദൈനംദിന
ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചില്ലെങ്കിലും സാംസ്‌ക്കാരിക മുദ്രകളായി അവ നമ്മുടെ
ഓര്‍മ്മയില്‍ നിലനില്‍ക്കേണ്ടതല്ലേ?
യു.ജി.സി. ശമ്പള നിരക്കിനുവേണ്ടി നടത്തുന്ന ഗവേഷണ പ്രഹസനങ്ങള്‍ക്ക് പകരം
കേരളീയതയ്ക്കു ഗുണകരമായ രീതിയില്‍ ഗവേഷണ പദ്ധതികളെ പുനഃക്രമീകരിക്കുമോ? കേരളീയ
സംഗീതം സംരക്ഷിക്കപ്പെടുമോ? കേരളീയ കലകള്‍ സൂക്ഷിക്കപ്പെടുമോ?
സര്‍വകലാശാലയ്ക്ക് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ടാകുമല്ലോ. പാഠപുസ്തകം
അച്ചടിക്കുന്നതിനുപരിയായി മലയാള കൃതികള്‍ മറ്റു ഭാഷകളിലേയ്ക്കു വിവര്‍ത്തനം
ചെയ്യന്നത് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ആ അടിയന്തര ചുമതല ഏറ്റെടുക്കുമോ? തെലുഗു
കവിത എന്ന ബൃഹദ് സമാഹാരം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തത്
ഹൈദരാബാദിലെ തെലുഗു സര്‍വകലാശാല ആയിരുന്നു.
മലയാള സാങ്കേതിക പദ നിഘണ്ടുവും
നാട്ടുഭാഷാ ശബ്ദകോശവും സത്യമാകുമോ?
സര്‍വകലാശാലാ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ വെറും സിമന്റ് 'കാട് ആക്കാതെ
കേരളീയ ശില്‍പഭംഗിയോടെ നിര്‍മിക്കാന്‍ ശ്രദ്ധിക്കുമോ? ഇത്തരം കാര്യങ്ങള്‍
ചെയ്യുമ്പോള്‍ കെട്ടിട നിര്‍മ്മാണ കമ്പനിക്കാര്‍ക്ക് ദര്‍ഘാസ് ക്ഷണിച്ച്
അടിയറവയ്ക്കുന്നതിനു പകരം രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ശങ്കറെപ്പോലെയുള്ള
പ്രതിഭാധനരുമായി ആലോചിക്കുമോ?
കവിയും വിവര്‍ത്തകനും ചിത്രകാരനും ഗാനരചയിതാവുമൊക്കെയായ കെ ജയകുമാറാണ്
സര്‍വകലാശാല സാക്ഷാല്‍ക്കരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നത്
സന്തോഷകരമാണ്. അതുകൊണ് തന്നെ പ്രതീക്ഷ വര്‍ധിക്കുന്നുണ്ട്. മലയാളം സര്‍വകലാശാലയില്‍
മലയാളത്തിനു പ്രവേശനം ഇല്ലെന്നു ഫലകം സ്ഥാപിക്കാന്‍ ഇടയാകാതിരിക്കട്ടെ.
അകത്തും പുറത്തും കേരളീയത തുളുമ്പുന്ന ഒരു സര്‍വകലാശാല എന്നതാണ് മലയാളിയുടെ
കിനാവ്.
|
|
കാല്‍നൂറ്റാണ്ടിലധികമായി ആലപ്പുഴ ജില്ലയിലെ നൂറനാട്ടു നിന്നും
പ്രസിദ്ധീകരിച്ചുവരുന്ന ചെറുമാസികയാണ് ഉണ്മ. മുന്‍നിര എഴുത്തുകാര്‍ക്കും
നവാഗതര്‍ക്കും ഇടമുള്ള ഒരു മാസിക. ഈ മാസികയുടെ മുഖക്കുറിപ്പുകള്‍ ശ്രദ്ധേയമാണ്.
വാക്കേറ് എന്ന പേരാണ് മുഖമൊഴിക്കു നല്‍കിയിട്ടുള്ളത്. പത്രാധിപര്‍ നൂറനാട് മോഹന്‍
എഴുതുന്ന ഈ മുഖക്കുറിപ്പുകള്‍ വാക്കേറ് എന്ന പേരില്‍ത്തന്നെ
സമാഹരിച്ചിട്ടുണ്ട്.
മാസികയുടെ പ്രഭവസ്ഥാനമായ നൂറനാടിന്റെ പ്രശ്‌നങ്ങള്‍ക്കു ഉണ്മ വളരെ പ്രാധാന്യം
നല്‍കാറുണ്ട്. ഇക്കുറി വളരെ പ്രധാനപ്പെട്ടതും കേരളത്തിന്റെയും
കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടേണ്ടതുമായ ഒരു വിഷയമാണ് ഉണ്മ മുന്നോട്ടു
വച്ചിട്ടുള്ളത്.
ഒരു നൂറനാട്ടുകാരനും ആവശ്യപ്പെടാതെ നൂറനാട് ഒരു പട്ടാളക്യാമ്പ് ആരംഭിക്കുന്നു.
ആരും ആവശ്യപ്പെടാതെ ഭക്ഷണശാലയോ കായിക പരിശീലനവേദിയോ ആതുരാലയമോ, കലാലയമോ ഉണ്ടായാല്‍
അത് എല്ലാവരുടെയും ഇഷ്ടമായി മാറും. എന്നാല്‍ പട്ടാള ക്യാമ്പ് ആരുടെയും ഇഷ്ടത്തില്‍
സുഗന്ധം പൂശുന്നില്ല.
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ നൂറ്റിമുപ്പതേക്കര്‍ സ്ഥലത്താണ് ഇന്‍ഡോ
ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സുകാരെ കുടിയിരുത്തുന്നത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് നൂറനാട്ടേക്കു വരുന്നു എന്നുകേട്ടാല്‍
ടിബറ്റ് കായംകുളത്തോ അടൂരോ മറ്റോ ആണോ എന്നു നമ്മള്‍ക്കു സംശയം തോന്നാം.
നമ്മുടെ ഭരണ കര്‍ത്താക്കളുടെ വിചിത്രബുദ്ധി അങ്ങനെയൊക്കെയാണ്. ശബരിമലയില്‍
ഭക്തവിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കയ്യടക്കിയ വനഭൂമിക്കു പകരം
കൊടുത്തത് താഴെ കുട്ടനാട്ടിലെ കൃഷിഭൂമി ആയിരുന്നല്ലൊ. ഗാന്ധിവനമെന്ന് ഓമനപ്പേരിട്ട്
കൃഷി നിരോധിച്ച ആ വയലേലകളില്‍ വിഷപ്പാമ്പുകളും നീര്‍നായകളും താമസമുറപ്പിച്ചത്
ചരിത്രം.
കുഷ്ഠരോഗം ബാധിച്ച് വിഷമിക്കുന്നവരെ പുനരധിവസിപ്പിക്കാനായി നൂറനാട് ഒരു
സാനിട്ടോറിയം തുടങ്ങിയതിനു പിന്നില്‍ വലിയൊരു കഥയുണ്ട്.
കുഷ്ഠരോഗ ബാധിതരെ കുറ്റവാളികളായി കണ്ടിരുന്ന കാലത്ത് ആരംഭിച്ചതാണ് ഈ പുനരധിവാസ
കേന്ദ്രം. എഴുപത്തഞ്ചു വര്‍ഷം മുമ്പ്.
ഫലപ്രദമായ മരുന്നുകള്‍ ഇല്ല. ഊളമ്പാറയിലാണ് ആ
നിരപരാധികളെ പാര്‍പ്പിച്ചിരുന്നത്. അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടം നൂറനാട് സ്ഥലം
കണ്ടെത്തി രോഗികളെ എത്തിച്ചു. ആയിരത്തഞ്ഞൂറിലധികം രോഗികള്‍ നൂറനാട്ടെത്തിയപ്പോള്‍
ഭയന്നുപോയ ജനങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സാനിട്ടോറിയത്തിനു മതില്‍പോലും
കെട്ടിയത്. മതില്‍ക്കെട്ടിനുള്ളില്‍ ഔഷധശാലയും ചികിത്സാലയവും വാസസ്ഥലവും മാത്രമല്ല,
ചലച്ചിത്രപ്രദര്‍ശന ശാലയും ഗ്രന്ഥശാലയും കലാസമിതിയുമുണ്ടായി.
നൂറനാടിന്റെ സമീപപ്രദേശമായ വള്ളിക്കുന്നംകാരന്‍ തോപ്പില്‍ ഭാസിയെ കേരളം
കാണുന്നത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ രാഷ്ട്രീയ ചരിത്രം
തിരുത്തിക്കുറിച്ച എഴുത്ത് കാരന്‍ എന്ന നിലയിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ
അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങള്‍ കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്റെ സമീപനം
മാറുവാന്‍ കാരണമായി. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം സമൂഹത്തിനു നേരെ
തൊടുത്തുവിട്ടത് തോപ്പില്‍ ഭാസിയാണ്.
ആരോഗ്യരംഗവും മാറി. ഫലപ്രദമായ ഔഷധങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. രോഗികള്‍
കുറഞ്ഞു സാനട്ടോറിയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വിജയം നേടി
വിജനതയിലെത്തി.
അവിടേക്കാണ് പട്ടാളം വരുന്നത്. പട്ടാളത്തോടൊപ്പം കഠിനമൗനവും ആയുധങ്ങളും വരും.
പട്ടാളത്തെ തീപിടിപ്പിക്കാന്‍ ഭരണകൂടം നല്‍കുന്ന കുതിരചാരായം പാങ്ങോട്ടെപ്പോലെ
പരിസര പ്രദേശങ്ങളിലേക്കു പ്രവഹിക്കും. സൈന്യത്തിന്റെ വ്യഭിചാര കഥകള്‍ മറ്റൊരു നാടക
കൃത്തായ എന്‍ എന്‍ പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. നൂറനാടെന്ന പാവം ഗ്രാമം
അര്‍ഹതപ്പെടാത്ത പാപത്തിന്റെ പതാക പുതച്ചു നിശ്ചലം കിടക്കും.
പട്ടാള ക്യാമ്പിനുപകരം, അന്തരീക്ഷത്തിലെ നിരാലംബ ശയ്യയില്‍ ഉണരാന്‍ തുടങ്ങുന്ന
മലയാള സര്‍വകലാശാല മുതല്‍ വൈദ്യപഠന കേന്ദ്രം വരെ ആലോചിക്കാവുന്നതേയുള്ളു. ജനങ്ങളുടെ
ഇടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ പട്ടാളം ടിബറ്റിനടുത്തുള്ള നഥുലാപാസില്‍
ലെഫ്റ്റ് റൈറ്റ് ചവിട്ടേണ്ടിവരും.
ഉണ്മ എന്ന ചെറുമാസിക, നൂറനാടിന്റെ മനസിനെ കേരളത്തിനു മുന്നില്‍
തുറന്നുവച്ചിരിക്കുകയാണ്.
|