Sunday, 25 February 2018

പൂജിച്ച പേന തെളിഞ്ഞില്ലെങ്കിൽ?


വിദ്യാര്‍ത്ഥികളുടെ പരീക്ഷപ്പേടി അകറ്റുവാന്‍ പല മാര്‍ഗങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉന്നത വിജയം നേടണമെന്ന രക്ഷകര്‍ത്താക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും നിര്‍ബന്ധം മൂലം പരീക്ഷപ്പേടി അനുദിനം വര്‍ധിച്ചുവരികയാണ്. മകള്‍ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് സ്വയം മരിച്ച അമ്മയും ഫലം വരുന്നതിന് മുമ്പുതന്നെ ജീവിതം അവസാനിപ്പിച്ച കുഞ്ഞുങ്ങളും കേരളത്തിന്റെ ഓര്‍മയിലെ മാറാനോവുകളാണ്.
പരീക്ഷപ്പേടി അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം രക്ഷകര്‍ത്താക്കള്‍ ഉദാരസമീപനം സ്വീകരിക്കുക എന്നതാണ്. പരീക്ഷാദിവസം രാവിലെ ആഹാരം കഴിക്കുന്നതിനിടയില്‍ ബാലമാസിക വായിച്ച ഒരു കുട്ടിയെ എനിക്ക് പരിചയമുണ്ട്. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ അയാള്‍ സ്വയം കണ്ടെത്തിയ ഒരു മാര്‍ഗമായിരിക്കണം അത്. എന്തായാലും ആ കുട്ടി നല്ലനിലയില്‍ത്തന്നെ പരീക്ഷ പാസായി. വീട്ടുകാര്‍ വലിയ നിര്‍ബന്ധം ചെലുത്താതിരിക്കുകയും ഡോക്ടറോ എന്‍ജിനീയറോ ആയില്ലെങ്കില്‍ക്കൂടിയും നന്നായി ജീവിക്കാന്‍ കഴിയുമെന്ന ഒരു അവബോധം കുട്ടികളില്‍ വളര്‍ത്തുകയും വേണം.
ക്ലാസിലെ മറ്റുകുട്ടികളില്‍ പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ച് സ്വന്തം കുട്ടിയോട് ചോദിക്കണം. അവനെ സഹായിക്കാനെന്താണ് മാര്‍ഗമെന്ന് മറ്റ് കുട്ടികള്‍ ചിന്തിക്കണമെന്ന് പറയണം. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനെ കുറിച്ച് ഒരു ആകാംക്ഷയും പ്രകടിപ്പിക്കാതെ. പിന്നാക്കം നില്‍ക്കുന്ന കുട്ടിയുടെ വീട്ടില്‍ മറ്റു കൂട്ടുകാരോടൊപ്പം പോയി പരീക്ഷയൊന്നും വലിയ കാര്യമല്ല എന്ന രീതിയില്‍ പറഞ്ഞ് ലളിതവല്‍ക്കരിക്കണം. മികച്ച വിജയം നേടിയ പട്ടികയില്‍പ്പെടുത്താന്‍ വേണ്ടി സ്‌കൂളുകള്‍ നടത്തുന്ന വിരട്ടല്‍ അവസാനിപ്പിക്കണം. പരീക്ഷയെ ഭയം കൂടാതെ സമീപിക്കണമെന്ന് വിദ്യാര്‍ഥികളെ നിരന്തരം ഓര്‍മിപ്പിക്കണം.
കേരളത്തില്‍ പുതിയതായി പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരു അന്ധവിശ്വാസമാണ് പേന പൂജ. പരീക്ഷയ്ക്ക് മുമ്പ് എഴുതാനുള്ള പേനകള്‍ ആരാധനാലയങ്ങളില്‍ കൊണ്ടുപോയി പൂജിച്ച് വാങ്ങും. ദേവപ്രീതിക്കുവേണ്ടി പണവും കൊടുക്കേണ്ടിവരും. ഇതില്‍ വലിയൊരു അപകടം പതിയിരിപ്പുണ്ട്. പൂജിച്ച പേന പരീക്ഷാ ഹാളില്‍ വച്ച് തെൡയാതെവന്നാല്‍ കുഞ്ഞുങ്ങളുടെ മാനസിക ബലം മുഴുവന്‍ ചോര്‍ന്നുപോകും.
അതിനേക്കാള്‍ നല്ലത് ആ അന്ധവിശ്വാസം ഒഴിവാക്കുകയും എനിക്ക് നന്നായി എഴുതാന്‍ കഴിയുമെന്ന ഇച്ഛാശക്തി വര്‍ധിപ്പിച്ച് പരീക്ഷ എഴുതുകയുമാണ്. ഇതെങ്ങനെ സാധിക്കും? നിനക്ക് നന്നായി എഴുതാന്‍ കഴിയുമെന്ന് മാതാപിതാക്കളും അധ്യാപകരും കുഞ്ഞിനെ വിശ്വസിപ്പിക്കണം. കുട്ടി ദൃഢമായി വിശ്വസിക്കുകയും വേണം. ദൈവത്തെ ഓര്‍മിക്കുന്നതിനുപകരം പാഠഭാഗങ്ങള്‍ ഓര്‍മയില്‍ നിന്നും വായിച്ചെടുക്കാന്‍ ശ്രമിക്കണം.
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ ജി കമ്മത്ത് എന്ന കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് പാര്‍ട്ടി ലഘുലേഖകള്‍ എത്തിച്ചിരുന്നത് നാരായണന്‍ എന്ന കുട്ടിയായിരുന്നു. പൊലീസിന്റെ കയ്യില്‍പ്പെടാതെ നീ ഇതെങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിന് ദൈവമേ ദൈവമേ എന്ന് വളിച്ചുകൊണ്ട് ചെയ്യുന്നു എന്നാണ് നാരായണന്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇന്നു മുതല്‍ എനിക്കിതു ചെയ്യാന്‍ കഴിയും എന്ന് ഉറപ്പിച്ചുകൊണ്ട് ചെയ്തുനോക്കൂ എന്ന് കമ്മത്ത് സഖാവ് പറഞ്ഞു. നാരായണന്‍ അതനുസരിക്കുകയും വിജയകരമായി ആ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. നാരായണന്‍ എന്ന കുട്ടിയാണ് പില്‍ക്കാലത്ത് കേരളം കണ്ട ബുദ്ധിജീവികളില്‍ ഒരാളിയ മാറിയ പവനന്‍. അന്ധവിശ്വാസത്തില്‍ ആകൃഷ്ടരാക്കുകയല്ല, കുട്ടികളില്‍ ഇച്ഛാശക്തി വര്‍ധിപ്പിക്കുകയാണ് പരീക്ഷയെ മറികടക്കാനുള്ള ഉചിത മാര്‍ഗം.

Thursday, 15 February 2018

എറണാകുളത്തെ സവര്‍ണ ഫാസിസ്റ്റ് കോമരങ്ങള്‍


‘കോമര’മെന്നാല്‍ വെളിച്ചപ്പാട്. അത്ര വെളിച്ചമൊന്നും ഇല്ലാത്ത ഒരു കാലത്തെ ഓര്‍മിപ്പിക്കുന്ന ദൈവത്തിന്റെ ഉച്ചഭാഷിണികളാണ് വെളിച്ചപ്പാടുകള്‍. ഈയിടെയായി എറണാകുളം ജില്ലയിലാണ് ഈ ദൈവവക്താക്കളെ കണ്ടുവരുന്നത്.

‘അശാന്തന്‍’ എന്ന ചിത്രകാരന്‍ ഒന്നിലധികം തവണ പുരസ്‌കാരങ്ങള്‍ നേടിയ ആളാണ്. അദ്ദേഹം മരിച്ചപ്പോള്‍ എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനായി അക്കാഡമിയുടെ മുന്‍കയ്യില്‍ തന്നെ ക്രമീകരണങ്ങള്‍ നടത്തി. അപ്പോഴാണ് വലതുപക്ഷ സംസ്‌കാരത്തിന്റെ വാളുകളുമായി വെളിച്ചപ്പാടുകള്‍ പ്രത്യക്ഷപ്പെട്ടത്. അവരുടെ ആവശ്യം അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കരുത് എന്നായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

അശാന്തനാകട്ടെ ഏതോ ഒരു ബോധോദയത്തിന്റെ ഭാഗമായി ദളിത ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ആളായിരുന്നു. അദ്ദേഹം ഉപനയനം ചെയ്യുകയും പൂണൂല്‍ സ്വീകരിക്കുകയും ചെയ്തു. ഉപനിഷത്തുക്കള്‍ പഠിപ്പിക്കുവാന്‍ പാഠശാലയും ഏര്‍പ്പെടുത്തി. ഇതുകൊണ്ടൊന്നും അശാന്തന്റെ ദളിത് മുദ്ര മാറിക്കിട്ടിയില്ല. അതുകൊണ്ടു കൂടിയാണ് ആ ദളിത് മൃതദേഹം പിന്‍വാതിലിലൂടെ ചുമലേറ്റേണ്ടിവന്നത്.

എറണാകുളത്തപ്പന്റെ പേരില്‍ വലതുപക്ഷ സാംസ്‌കാരിക ബോധമുള്ളവര്‍ക്ക് കിട്ടിയ മേല്‍ക്കയ്യാണ് അതിനേക്കാള്‍ കുറച്ചുകൂടി വലതുബോധമുള്ളവര്‍ക്ക് വടയമ്പാടിയില്‍ തിളങ്ങുവാന്‍ അവസരം നല്‍കിയത്.

വടയമ്പാടി ഇന്ന് വെറും ഒരു ഗ്രാമത്തിന്റെ പേരല്ല. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിനടുത്തുള്ള ഈ പ്രദേശം ജാതിമതിലിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ജാതി മതിലിനെതിരെ അടിത്തട്ടുജാതിക്കാര്‍ നടത്തുന്ന സമരം അതിലേറെ ശ്രദ്ധേയം.

വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് ഒരേക്കറോളം വരുന്ന ഭൂമി മതിലുകളില്ലാതെ തുറന്നു കിടക്കുകയായിരുന്നു. ജാതിമതഭേദം കൂടാതെ മനുഷ്യര്‍ ഈ തുറന്ന പ്രദേശത്ത് പെരുമാറിയിരുന്നു. അവിടുത്തെ ഭൂരിപക്ഷ ജനത ദളിതരാണ്. അതിനാല്‍ ദളിതര്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ പ്രദേശം ഉപയോഗിച്ചിരുന്നു. തുറസായ ഈ സ്ഥലം തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ട് പരമരഹസ്യമായി പട്ടയം നേടിയെടുത്ത നായര്‍ സര്‍വീസ് സൊസൈറ്റിക്കാര്‍ പില്‍ക്കാലത്ത് അവിടെ ഒരു പടുകൂറ്റന്‍ മതില്‍ കെട്ടി ഉയര്‍ത്തി. രണ്ടാള്‍ പൊക്കത്തിലുള്ള ഈ മതിലിനുള്ളില്‍ പുലയന്റെ നിഴല്‍ പോലും പതിക്കാതെയാക്കി. കഴിഞ്ഞ അംബേദ്കര്‍ ദിനത്തില്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ദളിതര്‍ മതില്‍ പൊളിക്കുകയും മറ്റു സമര പരിപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു.

സമരത്തിന്റെ ഭാഗമായി വിവിധ ദളിത് സംഘടനകള്‍ വിളിച്ചു ചേര്‍ത്ത സമ്മേളനമായിരുന്നു ആത്മാഭിമാന കണ്‍വന്‍ഷന്‍. ഈ കണ്‍വന്‍ഷന്‍ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ആളുകളെ സവര്‍ണഹിന്ദു ഫാസിസ്റ്റുകള്‍ തരംതാണ മുദ്രാവാക്യങ്ങളിലൂടെ എതിരേറ്റു. സമരക്കാരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും കണ്‍വന്‍ഷന്‍ നടത്തുവാന്‍ അനുവദിക്കാതെയിരിക്കുകയും ചെയ്തു. വെളിച്ചപ്പാടുകള്‍ അവിടേയും ജയിച്ചു.

കൊല്ലത്തെ റയില്‍വേ സ്റ്റേഷന്‍ മൈതാനം അടക്കം നിരവധി പൊതു ഇടങ്ങള്‍ ദൈവത്തിന്റെ പേരില്‍ വര്‍ഗീയവാദികള്‍ കൈക്കലാക്കിയിട്ടുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ വിശാലമായ മൈതാനം ഫാദര്‍ വടക്കന്റെ കൂട്ട കുര്‍ബാനയെ ഓര്‍മിപ്പിച്ചുകൊണ്ട് അവിടെ നിലനില്‍ക്കുന്നത് സി അച്യുതമേനോന്‍ അടക്കമുള്ളവരുടെ ശ്രദ്ധകൊണ്ടാണ്. പൊതു ഇടങ്ങള്‍ നമുക്ക് വരും തലമുറയ്ക്കുവേണ്ടിയെങ്കിലും കരുതിവയ്‌ക്കേണ്ടതുണ്ട്

Thursday, 25 January 2018

ആശുപത്രി മാലിന്യം ആദിവാസികള്‍ക്ക് സമ്മാനിക്കരുത്‌



തിരുവനന്തപുരം ജില്ലയില്‍ അവിശ്വസനീയമായരീതിയില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഭൂമിയുണ്ട്. വനംവകുപ്പുകാരുടെ പരസ്പരം നോക്കിനില്‍ക്കുന്ന ജെണ്ടയില്ലെങ്കില്‍ ഈ സ്വകാര്യഭൂമിയും വനംതന്നെ. നിറയെ വൃക്ഷങ്ങള്‍, ജലസാന്നിധ്യമുള്ള ചതുപ്പ്, ആന ചവിട്ടിയ കുഴിയില്‍ വെള്ളം, വള്ളിപ്പടര്‍പ്പുകള്‍, പഴക്കമില്ലാത്ത ആനപ്പിണ്ടങ്ങള്‍, നായ്ക്കളെ പുലികള്‍ കഴുത്തില്‍ കടിച്ചു കൊണ്ടുപോയതായി സാക്ഷ്യപ്പെടുത്തുന്ന വനവാസികള്‍. നാട്ടില്‍ കാണാത്ത പക്ഷികള്‍, വര്‍ണവൈവിധ്യവും പുള്ളികളുമുള്ള ചെറുജീവികള്‍.

പാലോട്ടെ ഇലവുപാലത്തുനിന്നും കാല്‍നടയായോ ജീപ്പിലോ പോയാല്‍ ഈ സ്ഥലത്തെത്താം. ഓടുചുട്ട പടുക്ക എന്നാണ് ഈ പ്രദേശത്തിന്റെ പേര്.
അവിടെ കാട്ടുപാതയ്ക്കരികില്‍ വലിച്ചുകെട്ടിയ തുണിപ്പന്തലില്‍ ആദിവാസി സഹോദരിമാര്‍ കൂട്ടംകൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ആശുപത്രി മാലിന്യപ്ലാന്റ് ഇവിടെ വേണ്ട, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. കാണി മൂപ്പത്തിയായ ശാരദയാണ് ഓടുചുട്ട പടുക്കയിലെ മയിലമ്മ.

ശരിയാണല്ലോ, ഇവിടെ താമസിക്കുന്ന ആദിവാസികളാരും തലസ്ഥാന നഗരത്തിലെ ജീവിതത്തെ അലോസരപ്പെടുത്താറില്ലല്ലോ. സിറ്റിയിലെ മരങ്ങളൊന്നും ആദിവാസികള്‍ മുറിച്ചിട്ടില്ലല്ലൊ. നഗരജീവികള്‍ക്ക് ഇവരാരും കുടിവെള്ളം തടഞ്ഞിട്ടില്ലല്ലോ. പിന്നെന്തിനാണ് സര്‍ക്കാര്‍ ആദിവാസികളുടെ അരിഷ്ടിച്ചുള്ള ജീവിതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വനത്തിനു നടുവില്‍ എങ്ങനെ സ്വകാര്യഭൂമിയുണ്ടായി. പട്ടിണികിടക്കുന്ന ആദിവാസികള്‍ക്ക് കൃഷി ചെയ്ത് അന്നമുണ്ടാക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ രാജാവ് കല്‍പ്പിച്ചുനല്‍കിയതാണ് ഈ പ്രദേശം. കൃഷിയുണ്ടായിരുന്നു. ചെറിയ ചെറിയ അപ്പക്കഷ്ണങ്ങള്‍ നല്‍കി വിരല്‍ പതിപ്പിച്ച് ഭൂമി സ്വന്തമാക്കുന്ന വിരുതന്മാര്‍ ഈ പാവങ്ങളെയും കബളിപ്പിച്ച് പലകൈമറിഞ്ഞ് ഇപ്പോള്‍ ഈ ഭൂമി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അധീനതയിലാണ്. അവര്‍ അവിടെ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ടി ബയോമെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. ഇത് ഒരു തെറ്റും ചെയ്യാത്ത ആദിവാസികളുടെയും മറ്റ് ജീവികളുടെയും സസ്യ-വൃക്ഷജാലങ്ങളുടെയും സ്വസ്ഥജീവിതത്തിന് ഭീഷണിയാണ്.

മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരമൊരു അനാരോഗ്യ സംരംഭത്തിന് മുന്‍കൈയെടുക്കുന്നത് ശരിയല്ല. പാലക്കാട്ടെ കഞ്ചിക്കോട്ടു പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെക്കുറിച്ച് ജനങ്ങള്‍ ആക്ഷേപമുണ്ടാക്കുകയും അത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായ വി എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണല്ലോ.

യുനെസ്‌കോ സംരക്ഷിത പൈതൃകമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രദേശത്ത് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കരുത്. സൂചിയും സിറിഞ്ചും പ്ലാസ്റ്ററും ഭ്രൂണവും മനുഷ്യാവയവങ്ങളും ഒക്കെ അടങ്ങുന്ന ആശുപത്രി മാലിന്യങ്ങള്‍ ഈ വിശുദ്ധ പ്രദേശത്ത് സംസ്‌കരിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ലോകത്തുതന്നെ അപൂര്‍വമായി കാണപ്പെടുന്ന ശുദ്ധജല കണ്ടലുകളേയും മറ്റ് ജീവികളേയും സസ്യ-വൃക്ഷജാലങ്ങളേയും നമുക്ക് സംരക്ഷിക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ ഈ പ്ലാന്റ് അവിടെ നിന്നും ഒഴിവാക്കേണ്ടതാണ്.

വനത്തിന്റെ ഈ ഹൃദയത്തെ വനംവകുപ്പിന് ഏറ്റെടുക്കാവുന്നതാണ്. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി അന്യര്‍ പിടിച്ചെടുത്താല്‍ റവന്യൂവകുപ്പിന് അതേറ്റെടുക്കാവുന്നതാണ്. അനാരോഗ്യ പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുവാന്‍ ആരോഗ്യവകുപ്പിന് മുന്‍കൈയെടുക്കാവുന്നതാണ്. ഇതൊന്നുമല്ലെങ്കില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ഡോ. എ സമ്പത്ത്, ഡി കെ മുരളി, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളുടേയും പ്രാദേശിക ഭരണകൂടത്തിന്റെയും അഭിപ്രായത്തെ കണക്കിലെടുത്ത് മുഖ്യമന്ത്രിതന്നെ ഈ ആപത്ത് ഒഴിവാക്കേണ്ടതാണ്.

ആദിവാസി വനിതകള്‍ ഒറ്റയ്ക്കല്ല. മരഞണ്ടിനേയും കല്ലാനയേയും നമുക്ക് കാട്ടിത്തന്ന പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ സാലി പാലോട്, ഡോ. കമറുദീന്‍ അടക്കമുള്ള നിരവധി വ്യക്തികള്‍ അവരോടൊപ്പമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുമെന്ന് വിളംബരം ചെയ്തിട്ടുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി വാസ്തവപക്ഷത്തുനിന്നുകൊണ്ട് ഇടപെടേണ്ടതുണ്ട്.

Thursday, 11 January 2018

ഡോ. ബി എ രാജാകൃഷ്ണനെ ഓര്‍മിക്കുമ്പോള്‍



ജാതിമത ചിന്തകളേയും ദൈവം, ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളേയും അകലേയ്ക്ക് മാറ്റിനിര്‍ത്തിയ പത്രാധിപന്മാരുടെ അഭിമാനകരമായ ഒരു നിരതന്നെ കേരളത്തിലുണ്ട്. സഹോദരന്‍ അയ്യപ്പന്‍ സി വി കുഞ്ഞുരാമന്‍, എം സി ജോസഫ്, കാമ്പിശേരി കരുണാകരന്‍, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍, തെരുവത്ത് രാമന്‍, നവാബ് രാജേന്ദ്രന്‍, തെങ്ങമം ബാലകൃഷ്ണന്‍ തുടങ്ങി നിര്‍ഭയരായി പ്രവര്‍ത്തിച്ച പത്രാധിപന്മാര്‍ കേരളീയ സംസ്‌കാരത്തിന്റെ ദീപ സ്തംഭങ്ങളാണ്.

ഇടമറുക്, സനല്‍ ഇടമറുക്, ഗോപി ആനയടി തുടങ്ങിയ പ്രഖ്യാപിത ഭൗതികവാദികളുടെ അന്വേഷണങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുള്ള കേരള ശബ്ദത്തിന്റെ പത്രാധിപര്‍ ഡോ. ബി എ രാജാകൃഷ്ണന്‍ അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനായി നടത്തിയ തുറന്നുകാട്ടലുകള്‍ ശ്രദ്ധേയങ്ങളാണ്.

സന്തോഷ് മാധവന്‍ അടക്കമുള്ള ദൈവവേഷങ്ങളെ ജയിലിലടയ്ക്കുവാന്‍ ഡോ. ബി എ രാജാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേരള ശബ്ദം ടീമിന് കഴിഞ്ഞു. സന്തോഷ് മാധവന്റെ വ്യാജ വ്യക്തിത്വം പുറത്തായതിനെ തുടര്‍ന്ന് നിരവധി സ്വാമിവേഷങ്ങളെയാണ് കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് പിടികൂടിയത്. സൈക്കിള്‍ സ്വാമിയും ജിലേബി സ്വാമിയും തോക്കുസ്വാമിയുമെല്ലാം അതില്‍പ്പെടും.

ചക്കുളത്തുകാവിന്റെ ചരിത്രത്തെ തുറന്നുകാട്ടിയതാണ് മറ്റൊരു പ്രധാന സംഭവം. കേരളത്തില്‍ ജനങ്ങള്‍ നിവേദനം കൊടുത്തോ ഷെയര്‍ എടുത്തോ ഒരു ക്ഷേത്രവും സ്ഥാപിക്കുന്നില്ല. പുതുതായി ഉണ്ടാകുന്ന ക്ഷേത്രങ്ങളെല്ലാം ഏതെങ്കിലും കുടുംബത്തിന്റെ പേരില്‍ സ്വകാര്യവ്യക്തി സ്ഥാപിക്കുന്നതാണ്. ഇങ്ങനെ മുളച്ചുവരുന്ന തകരക്ഷേത്രങ്ങളെ വടവൃക്ഷമായി മാറ്റുവാന്‍ ഒരു സൂത്രവിദ്യയുണ്ട്. അതാണ് ചരിത്രനിര്‍മാണം.

ചക്കുളത്തുകാവിന്റെ ചരിത്രനിര്‍മ്മിതി ഒരു മലയാള അധ്യാപകന്‍ വെളിപ്പെടുത്തി. പണ്ട് അവിടെ യൊരു ചിതല്‍പ്പുറ്റുണ്ടായിരുന്നു. അതിനുള്ളില്‍ ചിതലരിക്കാതെയിരുന്ന ദേവീ വിഗ്രഹമാണ് ചക്കുളത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ഈ കഥ താന്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഒരു മലയാളം അധ്യാപകന്‍ തുറന്നുപറയുകയും കേരള ശബ്ദം അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊങ്കാലയ്ക്ക് പ്രചാരം കിട്ടാന്‍ വേണ്ടി ചക്കുളത്ത് കാവിലെ നമ്പൂതിരി കോട്ടയം പ്രസ് ക്ലബില്‍ ഉണ്ണിയപ്പവും പായസവും വിതരണം ചെയ്തു. നാരീപൂജ എന്ന പേരില്‍ രജനീകാന്തിന്റെ ഭാര്യയേയും കെ ആര്‍ നാരായണന്റെ സഹോദരിയേയും പത്മജാ വേണുഗോപാലിനെയും സിംഹാസനത്തിലിരുത്തി പൂണൂലിട്ട ഒരു നമ്പൂതിരി കാല്‍ കഴുകിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നു. ഇതെല്ലാം ഡോ. ബി എ രാജാകൃഷ്ണന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടപ്പെട്ടു.

ചക്കുളത്തുകാവിലെ നെയ്യ് കഴിച്ചാല്‍ രോഗശമനമുണ്ടാകുമെന്ന കള്ള പ്രചാരണത്തെ പൊളിച്ചുകാട്ടുകയും നെയ്യ് കഴിച്ചവര്‍ക്ക് അള്‍സര്‍ വന്നകാര്യം ചൂണ്ടിക്കാട്ടി ഡോ. ബി എ രാജാകൃഷ്ണന്‍ പ്രസംഗിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കൊല്ലം പുതിയകാവ് റയില്‍ വ്യൂ ക്ഷേത്രത്തില്‍ നിന്നും ശിവസേനക്കാര്‍ ജാഥയായി വന്ന് പത്രമോഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ഇരുപത്തൊന്ന് ചൊവ്വാഴ്ച മുടങ്ങാതെ നാരങ്ങാ വിളക്കെടുത്താല്‍ കൂനമ്പായിക്കുളത്തെയും മറ്റും ഭഗവതിമാരുടെ അനുഗ്രഹം ലഭിക്കുമെന്നും വിവാഹം നടക്കുമെന്നുള്ള പ്രചരണത്തെയും കേരള ശബ്ദം തുറന്നുകാട്ടി. നിരവധി കേസുകളാണ് ഇതിനെത്തുടര്‍ന്ന് ഡോ. ബി എ രാജാകൃഷ്ണന് നേരിടേണ്ടിവന്നത്.

മതവ്യത്യാസം കൂടാതെ ഹിന്ദു – ക്രിസ്ത്യന്‍ – ഇസ്‌ലാം മതങ്ങളുടെ പേരില്‍ നടക്കുന്ന തിന്മകളെ ചൂണ്ടിക്കാട്ടി. ഇതും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ഡോ. രാജാകൃഷ്ണന്‍ പിന്മാറിയില്ല.

കാക്കനാടന്‍, ഡോ. എസ് ബലരാമന്‍, തെങ്ങമം ബാലകൃഷ്ണന്‍, ഡോ. ബി എ രാജാകൃഷ്ണന്‍ എന്നിവര്‍ കൊല്ലത്തിന്റെ രക്ഷകര്‍ത്താക്കളായിരുന്നു. പുരോഗമന ശക്തികളുടെ കൊല്ലം കൂട്ടായ്മകള്‍ക്ക് ഇവര്‍ നല്‍കിയ സംരക്ഷണം പ്രധാനപ്പെട്ടതായിരുന്നു. കൊല്ലം നഗരം ഇപ്പോള്‍ ശൂന്യതയുടെ അര്‍ഥം മനസിലാക്കിയിരിക്കുകയാണ്

Wednesday, 3 January 2018

കടം


കടംകൊണ്ട ഭാഷ കടംകൊണ്ട ഛായ
കടം വീട്ടുവാൻ ഞാൻ വിയർക്കുന്ന പ്രേമം
കടംകൊണ്ട ധാന്യം ധനം ധർമ്മബോധം
കടം കൊണ്ട ധ്യാനത്തടാകക്കവാടം


രതിക്കും മൃതിക്കുംഇടയ്ക്കേകലോക-
ക്കിനാവിന്റെ വസ്ത്രം ധരിച്ചും അഴിച്ചും
കടക്കാടു കൊത്തിക്കിളച്ചും കയർത്തും
തുടിക്കുന്നനേരം കടച്ചിതൽ കാണാം

കടക്കോഴി കൂവിത്തെളിക്കും പ്രഭാതം
കടത്തോക്കു പൊട്ടുന്ന യുദ്ധപ്രദേശം
കടംകൊണ്ട മിക്സി കടംകൊണ്ട സ്കൂട്ടർ 
കടം വന്നു മൂടുന്നു കണ്ണും മനസ്സും


കടംകൊണ്ട മോഹപ്പിറപ്പായ ദു:ഖം
നടാതെ തഴക്കും ഋണത്തിന്റെ സസ്യം
പരാധീനമെന്‍ ജീവവൃക്ഷം സുലക്ഷ്യം
തരാനുണ്ട് വീടാക്കടത്തിന്റെ അന്നം

കടപ്പെട്ട പാഠം പഠിക്കാതെ വയ്യ
കടപ്പെട്ട നെൽവിത്തളക്കാതെ വയ്യ
കടപ്പെട്ടു ഭ്രൂണം മുലപ്പാൽ യുവത്വം 
വിലപ്പെട്ടതെല്ലാം മുടിക്കാതെ വയ്യ

കടത്തിൽ കുളിച്ചാണു നിൽപും നടപ്പും
കടക്കട്ടിലിൽതന്നിരിപ്പും കിടപ്പും
നടന്മാർ കടം നാടകം കുടിക്കുമ്പോൾ
നടുങ്ങുന്നു ഞാനെൻ കടപ്പാട്ടിനൊപ്പം

വരും ജപ്തിനോട്ടീസ്, തപാൽക്കാരി, മൃത്യു
ഗഡുക്കൾ, സുഹൃത്തിന്റെ ജാമ്യം നിഷിദ്ധം
വരുംകാലസ്വപ്നം കടംവെച്ചു പായും-
കൊടുങ്കാറ്റിനൊപ്പം പദം വെച്ചുപോകാം


പടത്തിൽ നിണച്ചായമെന്നപോലല്ല
നിലത്തിൽ വളച്ചാമ്പലെന്നപോലല്ല
ശ്വസിക്കാൻ കടം കൊണ്ടൊരോക്സിജൻപോലെ
കടത്തിൻ കുടത്തിൽ കുടുങ്ങുന്നു ജൻമം

Tuesday, 2 January 2018

തേൾക്കുടം


കുടത്തിലുണ്ടൊടുക്കത്തെ 
കനകനാണ്യം
എടുക്കുന്ന കരുത്തുള്ളോൾ-
ക്കുടൻ സമ്മാനം
അവൾക്കാണെന്നർദ്ധദേശം
സ്വതന്ത്രസൌധം
അവൾക്കാണീ വജ്രഹാരം
വിശിഷ്ടവസ്ത്രം

വിനോദത്താൽ മദംകൊണ്ട
മഹാരാജാവിൻ
വിളംബരച്ചെണ്ട ദിക്കിൻ
ചുമർ പൊട്ടിച്ചു

തുടികൊട്ടിക്കൊടിയേറ്റി
അരങ്ങുകെട്ടി
തലസ്ഥാനം പെൺമിടുക്കിൻ
വരക്കം കാത്തു 
പുരുഷാരമാർത്തിരമ്പി
പേമഴ പെയ്തു
ഒരുത്തിയും വരുത്തില്ലെ-
ന്നടക്കം കൊണ്ടു

കുടത്തിൽ വാളുയർത്തിയ
കരിന്തേളിന്റെ
വിഷക്കോളിൽ നീലവാനം
പുകഞ്ഞു കണ്ടു
അടിമപ്പെണ്ണൊരുവൾ 
വന്നടുത്തുനിന്നു
കുടത്തിൻമേൽ വലംകൈ-
വെച്ചുറച്ചുനിന്നു

പതുക്കെ നീൾവിരൽനീട്ടി
ഘടാകാശത്തിൽ
പരതുന്നു തേളടങ്ങി
യൊതുങ്ങിടുന്നു
ഇവളുമെൻ ദുർവ്വിധിപോൽ
കുടത്തിനുള്ളിൽ
കുടുങ്ങിയോളാണിവളെ
തൊടില്ലെൻദാഹം

കനകനാണയം നീട്ടി
അവൾനിൽക്കുമ്പോൾ
കരിന്തേളാപ്പൂവിരലിൽ
നിദ്രകൊള്ളുന്നു

അടിമപ്പെണ്ണിന്റെ ദേശം
വസന്തവംശം
കരിന്തേളാപ്പതാകയിൽ
അശോകചക്രം

Wednesday, 27 December 2017

പ്രതിരോധ കുത്തിവെയ്പ്പും സന്താന നിഗ്രഹവും


മസൂരി വന്നാല്‍ മരിക്കുകയേ നിര്‍വാഹമുള്ളു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വളരെ വേഗം എല്ലാവരേയും പിടികൂടും. ഒരു വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഈ രോഗം വരും. ഗ്രാമങ്ങളെ തന്നെ മരണം കൊത്തിയെടുത്തു കൊണ്ടുപോകും. 1960കള്‍ക്ക് മുമ്പുള്ള കേരളത്തിന്റെ ഈ ദാരുണ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്. ഈ മാരക രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉയരമുള്ള മരത്തില്‍ കയറി രോഗകാലം കഴിയുംവരെ താഴെയിറങ്ങാതെയിരിക്കുക എന്ന അപ്പുക്കിളിയുടെ മാര്‍ഗമേയുള്ളൂ സ്വീകാര്യമായിട്ടുള്ളത്.

മസൂരി രോഗം എങ്ങനെയാണുണ്ടാവുന്നത്? രോഗാണുക്കളെക്കുറിച്ചും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ധാരണയില്ലാതിരുന്ന നമ്മുടെ പൂര്‍വികര്‍ ഈ രോഗത്തിന്റെ ഉല്‍പാദനവും വിതരണവും എല്ലാം ദൈവത്തെ ഏല്‍പിച്ചു. ഭഗവതിക്ക് സന്തോഷം വരുമ്പോള്‍ അനുഗ്രഹമായും ദേഷ്യം വരുമ്പോള്‍ വിനാശകരമായും മസൂരിയുടെ വിത്തുകള്‍ ഉപയോഗിക്കപ്പെട്ടു.
മസൂരി വന്നാല്‍ ശുശ്രൂഷിക്കാന്‍ ആരെയും കിട്ടില്ലായിരുന്നു. ദേഹമാസകലം കുരുക്കള്‍ വന്ന് പഴുത്ത് പൊട്ടിയ മനുഷ്യശരീരത്തെ പച്ചോലയില്‍ കെട്ടി ചുടുകാട്ടില്‍ വയ്ക്കുമായിരുന്നു. ജീവനോടെയുള്ള സംസ്‌കരണമാണ് അന്ന് നടന്നിരുന്നത്. പണ്ടാറടക്കുക എന്ന പ്രയോഗം തന്നെ ഇങ്ങനെയുണ്ടായതാണ്.

ഇക്കാലത്താണ് ഞങ്ങളുടെ നാട്ടിലെ ഭാഗീരഥി ടീച്ചര്‍ എന്ന പായിച്ചേച്ചിക്ക് മസൂരി രോഗം വന്നത്. രോഗം കാട്ടിയ കാരുണ്യം കൊണ്ടാവാം അവര്‍ രക്ഷപ്പെട്ടു. ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണ് അവരില്‍ രോഗം വന്നതും പോയതും എന്ന് എല്ലാവരും വിശ്വസിച്ചു. രോഗം മാറി കുളിച്ച പായിച്ചേച്ചിയെ വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടുപോയി തൊഴുവിച്ചു. മുത്തുക്കുടകളും താലപ്പൊലിയും ചെണ്ടമേളവുമായി അവരെ നാല് കിലോമീറ്റര്‍ അകലെയുള്ള മുളങ്കാടകം ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോയി. ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്ന ഉന്മാദത്തോടെ ഞങ്ങള്‍ കുട്ടികളും പിന്നാലെ കൂടിയിരുന്നു.

മസൂരിരോഗ നിര്‍മാര്‍ജന പരിപാടികള്‍ കേരളത്തിന്റെ ആരോഗ്യ വകുപ്പ് അക്കാലത്ത്  തുടങ്ങിയിരുന്നു. പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു. ഈ മരുന്ന് എല്ലാവരിലും കുത്തിവയ്ക്കണം. മരുന്നുപെട്ടിയും ഉറുമ്പിന്റെ പല്ലുകളുള്ള കുത്തിവയ്പുപകരണങ്ങളുമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലേയ്ക്ക് പോയി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്തി. അറുപതുകളില്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചിരുന്ന ഞാനടക്കമുള്ള എല്ലാവരുടേയും കയ്യില്‍ അച്ചുകുത്തിയ അടയാളം ഇപ്പോഴുമുണ്ട്.

കുടുംബാസൂത്രണ സംവിധാനങ്ങള്‍ ആരംഭിച്ച കാലമായിരുന്നു അത്. ഒരു കുടുംബത്തില്‍ പരമാവധി മൂന്ന് കുട്ടികള്‍ എന്നതായിരുന്നു അന്നത്തെ ആരോഗ്യവകുപ്പിന്റെ നിലപാട്. ഞങ്ങളുടെ വീട്ടിലടക്കം ധാരാളം വീടുകളില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളില്‍ കൂടുതല്‍ ആയാലോ അവരെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു പരിപാടിയാണ് അച്ചുകുത്തു പിള്ളമാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് എല്ലാ മതങ്ങളും മത്സരിച്ച് പ്രചരിപ്പിച്ചു. അന്ന് മതങ്ങളുടെ സ്വാധീനം ഇന്നത്തെപോലെ പ്രബലമല്ലാതിരുന്നതിനാല്‍ ആ പ്രചാരണങ്ങള്‍ വിലപ്പോയില്ല.

ഞങ്ങളുടെ ക്ലാസില്‍ സതീഷ്‌കുമാര്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. അയാള്‍ക്ക് മൂന്ന് സഹോദരിമാരുണ്ടായിരുന്നു. നാലാമനായതിനാല്‍ അച്ചുകുത്തുപിള്ളമാര്‍ വന്ന് കുത്തിവച്ചു കൊല്ലുമോ എന്നൊരു പേടി ഈ കുട്ടിക്ക് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്‌കൂളിലേയ്ക്ക് വരുന്നതു കണ്ട ഈ കുട്ടി ജന്നലില്‍ക്കൂടി ചാടി വീട്ടിലേക്കോടി രക്ഷപ്പെട്ടുകളഞ്ഞു.

മസൂരി നിര്‍മാര്‍ജനയജ്ഞം വിജയിച്ചു. ആരോഗ്യവകുപ്പ്, കേരളത്തിലെവിടെയെങ്കിലും മസൂരി രോഗമുണ്ടെന്നറിയിച്ചാല്‍ ആയിരം രൂപ സമ്മാനം നല്‍കുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്പൂര്‍ണമായ, ഫലപ്രാപ്തിയിലെത്തിയ ഒരു യജ്ഞമായിരുന്നു അത്. മസൂരി എന്ന സ്മാള്‍പോക്‌സ് മാരകമല്ലാത്ത ചിക്കന്‍പോക്‌സ് എന്ന പോക്കറ്റ് എഡിഷനിലേക്ക് ഒതുങ്ങി. ഒരു വട്ടം ചിക്കന്‍പോക്‌സ് വന്നാല്‍ മരിക്കുന്നതുവരെ ആ രോഗം വരാത്ത രീതിയില്‍ പ്രതിരോധശേഷി വര്‍ധിച്ചു.

പോളിയോ അടക്കമുള്ള, ജീവിതദ്രോഹികളായിട്ടുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവയ്പ് കുട്ടികളെ കൊല്ലാനുള്ളതാണ് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നമുക്ക് ആരോഗ്യമുള്ള ശരീരത്തോടെ രോഗസമ്മാനം എന്ന ദൈവഹിതത്തെ നിരാകരിച്ച് നല്ല മനുഷ്യരായി ജീവിക്കേണ്ടതുണ്ട്. അറുപതുകള്‍ക്ക് മുമ്പ് അനുഭവിച്ച മസൂരി രോഗത്തിന്റെ നരനായാട്ട് ഇല്ലാതാക്കിയത് പ്രതിരോധ കുത്തിവയ്പാണ്. അതുപോലെ ഇപ്പോഴുള്ള അസംഖ്യം രോഗങ്ങളില്‍ നിന്നും പുതിയ തലമുറയെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്.