തലസ്ഥാന നഗരത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസ്. പണിക്കിടയില്‍ വീണുകിട്ടിയ കുശല നേരത്തു ലേഡി ടൈപ്പിസ്റ്റ് പറഞ്ഞു. രാത്രിയായാല്‍ ഹോസ്റ്റലിലേക്കു പോകാന്‍ വയ്യ, എത്ര പട്ടികളാ വഴിയില്‍. കേട്ടിരുന്നയാള്‍ പ്രതിവചിച്ചു. ശരിയാ, എന്തോരം പട്ടികളാ! അടുത്തയാള്‍ പറഞ്ഞു. അതെ എന്തുട്ടുപട്ടികളാ. അടുത്തയാള്‍ അതുശരിയെന്നു സമ്മതിച്ചുകൊണ്ടു പറഞ്ഞു. അതെയതെ. റോട്ടിലൊക്കെ എന്താ പട്ടികള്! പിന്നെയും ഒരാള്‍ ഇടപെട്ടു. എന്നാ പട്ടികളാ!
നായകളുടെ ആധിക്യം സൂചിപ്പിക്കാനായി എത്ര, എന്തോരം, എന്തുട്ട്, എന്താ, എന്നാ എന്നീ വാക്കുകളാണ് ഉപയോഗിക്കപ്പെട്ടത്. തലസ്ഥാന നഗരത്തിലെ സര്‍ക്കാര്‍ ഓഫീസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിയമിക്കപ്പെട്ട ജീവനക്കാരായിരുന്നു അവര്‍. അവരുടെ ചര്‍ച്ചയ്ക്ക് ഒരു തിരുവനന്തപുരത്തുകാരന്‍ വന്ന് എന്തര് പട്ടികള് എന്നുപറഞ്ഞ് വിരാമമിടുകയും ചെയ്തു.
ഇതില്‍ ഏതാണ് ശരിയായ ഭാഷ? കോട്ടയത്തുകാര്‍ പറയുന്നതോ കണ്ണൂരുകാര്‍ പറയുന്നതോ? തമിഴ് ആലാപനസുഖമുള്ള തിരുവനന്തപുരം ഭാഷയാണോ ശരി? കാല്‍പനിക സംഗീത സൗന്ദര്യമുള്ള തൃശൂര്‍ മൊഴിയാണോ ശരി?
ചാതുര്‍വര്‍ണ്യകാലത്ത് ദലിതര്‍ക്ക് പ്രത്യേക മലയാളമുണ്ടായിരുന്നു. കുപ്പാടവും കരിക്കാടിയും ഏനും തമ്പ്രാനും നിറഞ്ഞതായിരുന്നു ആ മലയാളം. ഭരണാധികാരികള്‍ക്കും പ്രത്യേക ഭാഷയുണ്ടായിരുന്നു. അമൃതേത്തും മുഖം കാണിക്കലും തിരുവയറൊഴിയലും ആ സര്‍ക്കാര്‍ ഭാഷയിലേതാണ്. ചാതുര്‍വര്‍ണ്യം പൂര്‍ണമായി തകര്‍ന്നില്ലെങ്കിലും ഭാഷയുടെ അതിര്‍വരമ്പുകള്‍ മലയാളി തകര്‍ക്കുക തന്നെ ചെയ്തു.
കരിക്കാടിക്കാരും തിരുവയറൊഴിയലുകാരും പൊതുഭക്ഷണശാലയിലേയ്ക്കും ആശുപത്രിയിലേയ്ക്കും പ്രവേശിച്ചു തുടങ്ങി. ഈ ഭാഷാവൈരുദ്ധ്യങ്ങള്‍ തകര്‍ക്കാന്‍ സഹായകമായത് ഒരു പരിധിവരെ സംവരണ നിയമങ്ങളും പൊതുവിദ്യാഭ്യാസ സൗകര്യങ്ങളുമാണ്.
ജാതീയമായ വ്യത്യാസങ്ങള്‍ ഭാഷയില്‍ പ്രതിഫലിച്ചതുപോലെ മതപരമായ ഭാഷാ വ്യതിയാനങ്ങളുമുണ്ടായി. മാപ്പിളഭാഷ പ്രത്യേക തേജസ്സോടെ കേരളത്തില്‍ വേരോടി. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കവിതകള്‍ തമിഴും അറബിയും ഉറുദുവും ഒക്കെചേര്‍ന്ന മറ്റൊരു മലയാളത്തെ അടയാളപ്പെടുത്തി. സാറാജോസഫിന്റെ കഥകളില്‍ കാണുന്ന തൃശ്ശിവപേരൂരിലെ കുര്യചിറ ഭാഷ മറ്റൊരു സൗന്ദര്യസങ്കേതമായി നിലകൊള്ളുന്നു.
ഏതാണു ശരി എന്ന അന്വേഷണത്തിനു പ്രസക്തിയില്ല.
ആറുമലയാളിക്കു നൂറുമലയാളം എന്ന കുഞ്ഞുണ്ണിക്കണ്ടെത്തല്‍ തന്നെ ശരി. എല്ലാ മലയാളവും കൂടിചേര്‍ന്നതാണ് കേരളന്റെ അമ്മമലയാളം.
ഏതുഭാഷയുടെയും ചോരയായി പ്രവഹിക്കുന്നത് വ്യാകരണമല്ല. നാട്ടുമൊഴിവഴക്കങ്ങളാണ്. ഒരേ വസ്തുവിനു തന്നെ കൊച്ചുകേരളത്തില്‍ എത്ര വാക്കുകളാണുള്ളത്. തങ്കനിറമുള്ള ചെറുപൂക്കളെ തെക്കന്‍ കേരളത്തിലുള്ളവര്‍ കനകാംബരം എന്നു വിളിക്കുമ്പോള്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ അമ്പിളിപ്പൂവെന്നു വിളിക്കുന്നു. പപ്പായ, കപ്പക്കാ, ഓമക്കാ, കുറുമൂസ, കപ്ലങ്ങ എന്നീ പേരുകളെല്ലാം ഒരേ ഫലത്തിനുള്ളതാണ്. ആറുമാസത്തോളം ചെറു പൂക്കള്‍ ഒറ്റക്കുലയില്‍ വിടര്‍ത്താറുള്ള ചെടിയാണ് വലുപ്പവും ഇരുണ്ട പച്ചനിറവുമുള്ള ഇലകളോടുകൂടിയ ചെടി. കേരള വ്യാപകമായി ഈ സസ്യം കാണുന്നുണ്ട്. വിസ്മയപ്പെടുത്തുന്ന പേരുകളാണ് ഈ ചെടിയുടെ പൂക്കുലയ്ക്കുള്ളത്. ആറുമാസപ്പൂവ്, കര്‍ക്കിടകപ്പൂവ്, കൃഷ്ണകിരീടം, ഹനുമാന്‍ കിരീടം, വിഷ്ണുകിരീടം, പഗോഡപ്പൂവ് ഇങ്ങനെ നിരവധി പേരുകള്‍. പൂവിനു സുഗന്ധമില്ലെങ്കിലും പേരുകള്‍ക്ക് സുഗന്ധമുള്ളതുതന്നെ. തെച്ചിപ്പഴം, തെറ്റിപ്പഴമായും ചില സ്ഥലങ്ങളില്‍ അമ്മുമ്മപ്പഴമായും പേരുമാറുന്നു.
താംബൂല ചര്‍വണ ശീലമുള്ളവര്‍ക്ക് അതുലഭിക്കുവാന്‍ കേരളത്തില്‍ ഒരു സാദൃശ്യവുമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. മുറുക്കാന്‍, ചവയ്ക്കാന്‍, തുമ്മാന്‍, വെറ്റിലപാക്ക്, വെറ്റിലടയ്ക്ക, ബീഡ ഇങ്ങനെ നിരവധി വാക്കുകള്‍.
നാട്ടുമൊഴിയും വീട്ടുമൊഴിയും ചേരുന്നതാണ് ദേശമൊഴി. അതുകൊണ്ടാണ് യുവകലാസാഹിതിയുടെ അധ്യക്ഷനായിരുന്ന ഡോ ടി പി സുകുമാരന്‍, നാട്ടുഭാഷാ നിഘണ്ടുവിനെക്കുറിച്ച് മരിക്കുവോളം സംസാരിച്ചുകൊണ്ടിരുന്നത്. മാധവിക്കുട്ടിയുടെ വന്നേരി മലയാളവും യു എ ഖാദറിന്റെ തൃക്കോട്ടൂര്‍ മലയാളവും കെ ടി മുഹമ്മദിന്റെ കോഴിക്കോടന്‍ മലയാളവും പാറപ്പുറത്തിന്റെ മധ്യതിരുവിതാംകൂര്‍ മലയാളവും പി എ ഉത്തമന്റെ നെടുമങ്ങാടന്‍ കീഴാള മലയാളവും എല്ലാം നമുക്ക് ഒരു നാട്ടുഭാഷാ വന്‍ നിഘണ്ടു ഉണ്ടാകേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുന്നു. കൈലാസന്‍ എന്ന കവിതയിലെ ചിമ്മാനി എന്ന വാക്കിന്റെ അര്‍ഥം നിഘണ്ടുവില്‍ നോക്കിക്കുഴഞ്ഞ ഒരു വായനക്കാരന്‍ എന്നെ വിളിക്കുകയുണ്ടായി. ചിമ്മാനിയുടെ ചെറുമഴ നനയാന്‍ കടത്തനാട്ടുപോയേ കഴിയൂ. അല്ലെങ്കില്‍ ചിമ്മാനിയുടെ ധൂളി വാനമോ തൂവാനമോ പെശറോ അറിയണമെങ്കില്‍ ഒരു നാട്ടുഭാഷാ നിഘണ്ടുവേണ്ടിവരും.
വിദ്യാര്‍ഥി സമൂഹത്തിന്റെ ഉത്സാഹമുണ്ടെങ്കില്‍ ഓരോ പ്രദേശത്തെയും മൊഴികള്‍ ശേഖരിച്ചു ചെറു പുസ്തകങ്ങള്‍ ആക്കാവുന്നതേയുള്ളു. ആ ചെറുപുസ്തകങ്ങള്‍ ഒന്നിച്ചു തുന്നിക്കെട്ടാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തീരുമാനിച്ചാല്‍ മലയാള നാട്ടുഭാഷാ നിഘണ്ടു ആയി.
കുട്ടികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പ്രമുഖ കഥാകൃത്ത് ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ കുട്ടികള്‍ പൊഞ്ഞാറ് എന്നപേരില്‍ ഒരു നാട്ടുമൊഴിപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളീയതയുടെ ഹൃദയത്തിലേയ്ക്കുള്ള ശരിയായ ഒരു വിരല്‍ചൂണ്ടാണത്. സഫലമായ ഈ പരിശ്രമത്തിലൂടെയാണ് കമ്പര്‍ചുള്ളിയെന്നാല്‍ പാദസരമാണെന്നും കതമ്പപ്പൂവെന്നാല്‍ കാട്ടുമുല്ലയാണെന്നും സ്രാണ്ടിയെന്നാല്‍ ഓവുചാലാണെന്നും കേരളമറിഞ്ഞത്.
പൊന്നാനി ടി ഐ യു പി സ്‌കൂളിലെ കുഞ്ഞുമക്കള്‍ അധ്യാപകരുടെ സഹായത്തോടെ നാട്ടുമൊഴികള്‍ ശേഖരിച്ച് ഒരു പോങ്ങബിസായം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പൊതുമലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്താല്‍ ഒരുപിടി വിശേഷങ്ങള്‍ എന്നുകിട്ടും.
അമ്പത്താറു താളുകള്‍ മാത്രമേ ഉള്ളു എങ്കിലും ഒല്ലിയെന്നാല്‍ പര്‍ദയാണെന്നും പാക്കട്ടയെന്നാല്‍ പോക്കറ്റ് ആണെന്നും ഈറ്റുമ്മ എന്നാല്‍ വയറ്റാട്ടിയെന്നാണെന്നും വട്ടക്കാരന്‍ അയല്‍ക്കാരനാണെന്നും ചക്കരമത്തയെന്നാല്‍ തണ്ണിമത്തന്‍ എന്നാണെന്നും പൗത്താങ്ങ എന്നാല്‍ മാമ്പഴം എന്നാണെന്നും ഈ ചെറുപുസ്തകം കേരളത്തോടു പറയുന്നു.
എത്രമനോഹരമാണ് നമ്മുടെ മലയാളമെന്ന് അറിയണമെങ്കില്‍ നാട്ടുമൊഴിത്തോട്ടങ്ങളിലൂടെ നടക്കുക തന്നെവേണം
എത്രമനോഹരമാണ് നമ്മുടെ മലയാളമെന്ന് അറിയണമെങ്കില്‍ നാട്ടുമൊഴിത്തോട്ടങ്ങളിലൂടെ നടക്കുക തന്നെവേണം
ReplyDeleteനന്ദി ഭാനു.
ReplyDeleteThis comment has been removed by the author.
ReplyDeleteഒല്ലിയെന്നാല്‍ പുതപ്പ് ആണ്. പര്‍ദ്ദയല്ല. purse പാക്കട്ടയല്ല. പാക്കട്ടി ആണ്.
ReplyDeleteഒല്ലിയെന്നാല്‍ പുതപ്പ് ആണ്. പര്‍ദ്ദയല്ല. purse പാക്കട്ടയല്ല. പാക്കട്ടി ആണ്.
ReplyDelete