പ്രണയനോവിന്‍റെ വില്പ്പനക്കാരിയാം
യുവതി,സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍
വിമുഖി മീനം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു
എയര്‍ അറേബ്യയില്‍ കേറുമീ രാത്രിയില്‍
കടലിനക്കരെ കാറ്റ് തീ കൂട്ടിയ
കനല്‍മണല്‍ ചെമ്പുവട്ടളം പൊള്ളുന്നു.
ഒരു യുവാവ് പൊടിക്കാറ്റില്‍ഏകനായ്
കവിത പോലുമില്ലാതെയലയുന്നു.
അകലെറബ്ബറും മണ്ഡരിത്തെങ്ങുമായ്
പുഴകള്‍ വറ്റിയജന്മനാടെങ്കിലും
അതി മനോഹരം
വൈദ്യുതീ ഛെദനം
മികവുയര്തുന്ന മിന്നാമിനുങ്ങ് പോല്‍ .
ഒരുവളുണ്ട് നിറം പോയ മാക്സിയാല്‍
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി ചുമ ദുസ്സഹം
കഠിന ജീവിതം നെയ്തു തീര്‍ക്കുന്നവള്‍.
ഇരുളിലുണ്ട് കിടപ്പ് മുറിയിലെ
മുകുള ബള്‍ബില്‍ പ്രകാശ പ്രതീക്ഷകള്‍.
ഇമയടക്കുവാനാകാപ്പണി
അതിന്നിടയിലിട്ടൊരു കോമയില്‍ വിശ്രമം.
സോക്സ് പാരിജാതം പോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്.
സുഹൃത്തിന്‍ ഖരാനയില്‍
ഘോരമാരി.
നനച്ചുനങ്ങാനിട്ട
മേഘമെല്ലാം പറന്നതെളിമാനം.
കുളിവരുത്തിപ്പുറത്തിറങ്ങുമ്പൊഴോ
വലിയ പ്ലേറ്റില്‍ ഖുബൂസ് പോല്‍ അമ്പിളി
ഉപമയെ മരുക്കാട് കേറാന്‍ വിട്ടു
തിരികെയെത്തി ഞാന്‍ കൈഫോണ്‍ എടുക്കുന്നു.
അകലെയെന്‍റെ പെണ്ണ്
ഓമലെ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണ ചന്ദ്രനെ?
കഴിയുമല്ലോ.
ശരി,എങ്കിലിത്തിരി
ഇടതു മാറി മുന്നോട്ടേക്ക് നില്‍ക്കുക.
അടിപൊളി
എന്‍റെ പെണ്ണേ വെണ്തിങ്കളില്‍
വളരെ നന്നായ്
തെളിഞ്ഞു കാണാം നിന്നെ.
അതുശരി.
അത്ഭുതം തന്നെ,യേട്ടനെ
ഇവിടെ നിന്നു ഞാന്‍ കാണുന്നു ചന്ദ്രനില്‍.
വാക്കു മുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും
ഇരുവരങ്ങനെ കണ്ടു നില്ക്കുന്നുണ്ട്
കടലിനക്കരെ ഇക്കരെ സ്തബ്ധരായ്.
എങ്ങനെ ഇത്രയും വ്യക്തമായി ഈ കാര്യങ്ങളൊക്കെ അറിയാം?
ReplyDeleteഞാന്‍ ലേബര്‍ ക്യാമ്പുകളില്‍ പോയിട്ടുണ്ട്.നന്ദി അജിത്.
ReplyDelete