Wednesday, 13 March 2013

ജെസ്സി

 

ജെസ്സീ നിനക്കെന്തു തോന്നി?.
പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ത്ഥങ്ങളില്‍ പാപനാശത്തിന്‍റെ 
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്‍റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍
‍മൂളാത്തതെന്തു നീ ജെസ്സി, മനസ്സിന്‍റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ ?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്‍റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കി നാം നില്‍ക്കവേ,
നിദ്രാടനത്തിന്‍റെ സങ്കീര്‍ണസായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പിന്നെ  നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ട കൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
എങ്ങും  മുഖം മൂടി നിന്നെ നോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

നിന്‍റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമ 

തെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോ 
കണ്ണീരുറഞ്ഞ നിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
സ്നേഹം  പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധസമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീങ്ങീടവേ
കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
അസ്ഥികൂടങ്ങളെ മജ്ജയില്ലാത്തോരാ 

ദുഃഖ കീടങ്ങളെ , തെറ്റിന്‍തരങ്ങളെ?

താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ, എന്‍റെ
ജെസ്സീ നിനക്കെന്തു തോന്നി ???

11 comments:

  1. വളരെ മനോഹരം ഈ കവിത
    കുറെയേറെ വരികള്‍ മോഹിപ്പിക്കുന്നു

    ആശംസകള്‍

    ReplyDelete
  2. നന്ദി ഗോപന്‍. ഈ കവിതയുടെ രചനാകാലം 1982.

    ReplyDelete
  3. ഈ കവിത “പുലര്‍കാലകവിതകള്‍” എന്ന ബ്ലോഗില്‍ നിന്ന് കവിയുടെ ആലാപനത്തില്‍ തന്നെ കേട്ടിട്ടുണ്ട്.

    (ജെസ്സി വെറും ഒരു സാങ്കല്പിക കഥാപാത്രമായിരുന്നുവോ?)

    ReplyDelete
  4. അതെയോ.എനിക്ക് ഇത്രയും ടൈപ് ചെയ്യാനുള്ള ക്ഷമയില്ല.ഒരു കൂട്ടുകാരന്‍ പോസ്ടിയത് പകര്‍ത്തിയതാണ്.എഴുതുന്നതിനേക്കാള്‍ സന്തോഷം ചൊല്ലുന്നതാണ്.ജെസ്സി വെറും സങ്കല്പ്പപാത്രം അല്ല.പല അനുഭവങ്ങള്‍.പലരും തന്നതുമായി ചേര്‍ത്തത്.നന്ദി അജിത്‌.

    ReplyDelete
  5. താങ്ക്സ്

    കവിയോട് ഇങ്ങനെയെങ്കിലും സംവദിക്കാന്‍ ശാസ്ത്രം വഴിയൊരുക്കുമെന്ന് ആരറിഞ്ഞിരുന്നു.
    അത്ഭുതമത്ഭുതമേ.

    ReplyDelete
  6. അതെ അജിത്‌ ഭായ്.. കവി; കവിതയ്ക്കുമപ്പുറം അക്ഷരങ്ങളായി വാക്കുകളായി ഭാവങ്ങളായി സംവദിക്കുന്നുണ്ട്. ആദിയിൽ വചനം കൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്ന് ഒരു ശാസ്ത്രത്തിനും തെളിയിക്കാൻ കഴിയാത്തത് കവി വരികളിലൂടെ തെളിയിക്കുന്നു

    ആശംസകൾ അജിത്‌ ഭായിക്കും പ്രിയ കവിക്കും
    ശ്രീയേട്ട കാലം കാത്തു വച്ച കവിത.. കാലം കാത്തു വക്കട്ടെ കവിയും കവി മനസ്സിനെയും

    ReplyDelete
  7. വളരെ നല്ല കവിത...

    ReplyDelete
  8. എന്റെ ഹൃദയത്തെ തൊട്ട വരികൾ ....

    ReplyDelete
  9. രണ്ടെണ്ണം അടിച്ചു ഇത് കേട്ടു ഉറങ്ങുന്ന സുഖം.... 😋😋😋

    ReplyDelete
  10. This comment has been removed by the author.

    ReplyDelete