Sunday, 31 March 2013

കുഞ്ഞുണ്ണിക്കവിതയും കാമ്പിശ്ശേരിയും


       കവിതകളെ തിരിച്ചറിയാനും ബഹുമാനിക്കാനും അടയാളപ്പെടുത്താനും കഴിവുള്ള പത്രാധിപന്മാര്‍, അപൂര്‍വമായിട്ടെങ്കിലും മലയാള സാഹിത്യപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉണ്ട്. അധികം നീളമില്ല ആ പട്ടികയ്ക്ക്.

ആദ്യം മനസ്സില്‍ തെളിയുന്നത് കേസരി ബാലകൃഷ്ണപിള്ളയാണ്. യുവകവികളിലാരെങ്കിലും അദ്ദേഹത്തെ കാണാന്‍ ചെന്നാല്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ആദരിക്കുകയും യുവകവിയുടെ പ്രസിദ്ധീകൃതമായ കവിതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. മലയാളത്തിലെ പുതുകവിതാ ചലനങ്ങളെക്കുറിച്ച് കേസരിക്ക് അത്ര ശ്രദ്ധയുണ്ടായിരുന്നു. നിരൂപകരെയും പത്രാധിപരെയുമൊക്കെ കവികള്‍ ശ്രദ്ധിക്കുമെങ്കിലും അവരെക്കുറിച്ച് അനുസ്മരണ കവിതകള്‍ എഴുതാറില്ല. എന്നാല്‍ കേസരിയുടെ മരണം വലയാര്‍ രാമവര്‍മ്മയില്‍ ദുഃഖതരംഗങ്ങള്‍ സൃഷ്ടിക്കുകയും അദ്ദേഹം മാടവനപ്പറമ്പിലെ ചിതയെന്ന കവിത എഴുതുകയും ചെയ്തു. യുവകവികളോടുള്ള കേസരിയുടെ വാത്സല്യമാണ് കെടാമംഗലം പപ്പുക്കുട്ടിയുടെ കവിതയെക്കുറിച്ച് പഠിക്കാന്‍ ഇടയാക്കിയത്.

പിന്നൊരു പത്രാധിപമുഖം എം ഗോവിന്ദന്റേതാണ്. കഥയും കവിതയും നാടകവും നോവലുമൊക്കെയെഴുതിയ എം ഗോവിന്ദന്‍ പുതിയ എഴുത്തുകാരെ കണ്ടെത്തി തീപ്പിടിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലു ആയിരുന്നു. മദിരാശിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. എം ഗോവിന്ദന്റെ പ്രത്യേക ശ്രദ്ധയില്‍ മലയാളത്തിന് ലഭിച്ച കാവ്യമഹാപ്രവാഹമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍.. എം ഗോവിന്ദന്റെ ധൈഷണിക പ്രകാശം കടമ്മനിട്ടയിലെ കവിതയെ തിരിച്ചറിവിന്റെ കരുത്തിലേയ്ക്കു കൊണ്ടുപോകാന്‍ സഹായിച്ചിട്ടുണ്ട്.

മറ്റൊരു പ്രതിഭ കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനാണ്. കെ സുരേന്ദ്രനും എം കൃഷ്ണന്‍ നായരും കെ പി അപ്പനും വയലാറുമടക്കമുള്ള ഒരു വന്‍നിര, കൗമുദി പത്രാധിപരുടെ വാത്സല്യമറിഞ്ഞവരാണ്. സാഹിത്യ സൃഷ്ടികള്‍ വാങ്ങി പ്രസിദ്ധീകരിക്കുകയും അതിനു പ്രതിഫലം നല്‍കുകയും ചെയ്യുന്നതില്‍ കൗമുദി വാരിക കുലീനമായ മാതൃക പ്രകടിപ്പിച്ചു.

സാഹിത്യ പ്രതാധിപന്മാരുടെ ഈ ചെറുനിരയില്‍ ഏറ്റവും പ്രകാശിക്കുന്ന മുഖം കാമ്പിശ്ശേരി കരുണാകരന്റേതാണ്. ആരും പ്രസിദ്ധീകരിക്കാതെ ചവറ്റുകുട്ടയില്‍ തള്ളിയിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകള്‍ കുഞ്ഞുണ്ണിക്കവിത എന്നപേരില്‍ ചരിത്രപ്പെടുത്തിയത് കാമ്പിശ്ശേരിയാണ്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കൂട്ടായ്മയില്‍ സ്വന്തം കവിത സ്ഫുടമായും ദൃഢമായും ചൊല്ലി ശ്രദ്ധിക്കപ്പെട്ട കവിയാണ് കുഞ്ഞുണ്ണി. എന്നാല്‍ കവിതകള്‍ അച്ചടിച്ചു വന്നില്ല. ഇതിനൊരു കാരണം അദ്ദേഹത്തിന്റെ കയ്യക്ഷരമാണെന്ന് ഞങ്ങള്‍ തമാശപറഞ്ഞിട്ടുണ്ട്. മരുന്നുകടക്കാര്‍ക്കുപോലും വായിക്കാന്‍ കഴിയാത്തതായിരുന്നല്ലൊ കുഞ്ഞുണ്ണി മാഷിന്റെ കയ്യക്ഷരം. അല്‍പം പരിചയമുള്ളവര്‍ക്ക് വളരെ വേഗത്തില്‍ ആ അക്ഷരങ്ങള്‍ വായിക്കാനും കഴിഞ്ഞിരുന്നു. വലിപ്പവും വ്യക്തതയും ഇല്ലെങ്കിലും വ്യക്തിത്വമുള്ളതായിരുന്നു കുഞ്ഞുണ്ണിമാഷിന്റെ കൈപ്പട.

കുഞ്ഞുണ്ണിമാഷ് അമ്പതിലധികം കവിതകള്‍ പകര്‍ത്തിയെഴുതി ജനയുഗത്തിനയച്ചു. ജനയുഗം വാരികയുടെ പത്രാധിപര്‍ കാമ്പിശ്ശേരി, ഉറുമ്പിന്റെ കണ്ണുപോലുള്ള അക്ഷരങ്ങള്‍ ഭൂതക്കണ്ണാടി വച്ചുവായിച്ചു. കു......ഞ്ഞുണ്ണിക്ക.....വിത എന്ന് കുത്തിട്ടു വിടര്‍ത്തിയ ശീര്‍ഷകത്തിന്‍ കീഴില്‍ കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ ജനയുഗത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. കറന്‍സികളുടെ രൂപത്തിലുള്ള പ്രതിഫലത്തെക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു അന്ന് ജനയുഗത്തിലെ പ്രകാശനം. അങ്ങനെയാണ് കുഞ്ഞുണ്ണിക്കവിതയെന്ന പ്രയോഗം നിലവില്‍ വന്നത്.

മൂക്കില്‍ കെറുവും മുന്‍കോപവുമല്ല, വിനയവും സമര്‍പ്പിത ബുദ്ധിയുമാണ്
സാഹിത്യപത്രാധിപന്മാര്‍ക്കുവേണ്ടതെന്ന് ഈ പ്രതിഭകള്‍ പറയാതെ പറയുന്നു.

6 comments:

  1. ചെറുതെങ്കിലും ഗംഭീരമായ ലേഖനം
    കാമ്പിശ്ശേരി കരുണാകരനാണ് കുഞ്ഞുണ്ണിക്കവിത ലോകത്തിന് പ്രസിദ്ധപ്പെടുത്തിയതെന്നത് പുതിയ അറിവായിരുന്നു

    നന്ദി

    ReplyDelete
  2. നന്ദി അജിത്‌. കേസരിയുടെയും എം.ഗോവിന്ദന്‍റെയും കെ.ബാലകൃഷ്ണന്‍റെയും കാമ്പിശ്ശേരിയുടെയും പ്രസിദ്ധീകരണങ്ങള്‍ ഇന്ന് ഇല്ല.കടമ നിര്‍വഹിച്ചു കടന്നു പോയതുപോലെ!

    ReplyDelete
  3. ചെറുപ്പം തൊട്ട് വലിപ്പമറിയുന്നവര്‍ ഇന്നുമുണ്ടാകാം.പത്രാധിപന്മാരുടെ തലമുറ കഴിഞ്ഞെന്നേയുള്ളൂ.കവിയുടെ വാക്കുകള്‍ പുതുസംസ്കാരത്തിന് നാന്ദിയാകട്ടെ.

    ReplyDelete
  4. നന്ദി രമേശ്.കവികള്‍ ഇപ്പോള്‍ അച്ചടി മാധ്യമത്തെ ഉപേക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

    ReplyDelete
  5. പത്രാധിപരുടെ കരുണയില്ലാതെ അച്ചടിമഷിയുടെ വിലയില്ലാതെ ഇന്ന് എഴുതുന്നതൊക്കെ വായിക്കാൻ ആളെ ലഭിക്കും എന്നായിരിക്കുന്നു. പുതിയ എഴുത്തുകാരുടെ ഭാഗ്യം അതാണ്‌ .

    ReplyDelete
    Replies
    1. അതിനാല്‍ കരുതലും വര്ധിക്കേണ്ടതുണ്ട് ഭാനു.ജാഗ്രത.

      Delete