ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് അതിപ്രധാനമായ ഒരു വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ശ്രദ്ധേയവും പൊതുജനാരോഗ്യത്തിന് അത്യന്താപേക്ഷിതവുമായ ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്.
പത്തനംതിട്ട മാക്കാംകുന്നു സ്വദേശി റോബിന്‍ ചാക്കോ സമര്‍പ്പിച്ച പരാതിയിലാണ് വിധിയുണ്ടായത്. സമീപത്തെ ഹിന്ദു ക്ഷേത്രത്തിലും ക്രിസ്തീയ സഭാവിഭാഗത്തിന്റെ കൂട്ടായ്മയിലും ഭക്തിഗാനമിടാനും പ്രാര്‍ഥനയ്ക്കും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിനു കാരണമാകുന്നു എന്നായിരുന്നു പരാതി. ഈ പരാതി പരിഗണിച്ച കോടതി, പരിസ്ഥിതി-പൊലീസ് നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ എന്ന സുപ്രിം കോടതിവിധി ചൂണ്ടിക്കാട്ടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഈ വിഷയത്തിലൊരുവിധി ആദ്യമായി ഉണ്ടാകുന്നത് കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയിലാണ്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയാറില്‍. പിന്നെയാണ് ആലപ്പുഴ സ്വദേശി പി പി സുമനന്‍ ശബ്ദമലിനീകരണത്തിനെതിരേ കോടതി കയറിയത്. സുപ്രിം കോടതിയും ഹൈക്കോടതിയും മറ്റുകോടതികളും ഉച്ചഭാഷിണിയുടെ അമിത ഉപയോഗത്തിനെതിരേ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതുനടപ്പിലാകാത്തതെന്തുകൊണ്ടാണ്? വിധി പ്രസ്താവിച്ചവര്‍ വിധിയെ നിരന്തരം ലംഘിക്കുന്ന കാര്യം അറിയുന്നില്ലെന്നുണ്ടോ?
മനുഷ്യാരോഗ്യത്തിലും പരിസ്ഥിതിക്കാര്യത്തിലും ശ്രദ്ധയുള്ളവര്‍ അമിതമായ ഉച്ചഭാഷിണി പ്രയോഗത്തിന്റെ ദോഷഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും വൃക്ഷസസ്യലതാദികളുടെയും സ്വസ്ഥജീവിതം തകര്‍ക്കാന്‍ അമിത ശബ്ദത്തിനു കഴിയും. കേള്‍വിശക്തി ക്രമേണ ഇല്ലാതാക്കും. തൊഴിലിലെ കാര്യക്ഷമത കുറയും രക്തസമ്മര്‍ദ്ദം വര്‍ധിക്കും. കുട്ടികള്‍ നിര്‍ത്താതെ കരയും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഹൃദയസ്പന്ദന നിരക്കും ശ്വാസോച്ഛ്വാസ നിരക്കും വര്‍ധിക്കും. ഇങ്ങനെ നിരവധി ജീവിത വിഷയങ്ങള്‍.....
ശബ്ദമലിനീകരണം സംബന്ധിച്ച നിയമം നിലവിലുണ്ട്. നിയമം ധിക്കരിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും അനുശാസിച്ചിട്ടുണ്ട്. പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെയും തുല്യകുറ്റം ചെയ്തവരായി പരിഗണിക്കും. ക്രൈം സ്റ്റോപ്പര്‍ നമ്പറില്‍ (1090) വിളിച്ചു പറഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. പിന്നെന്തു കൊണ്ടാണ് എല്ലായിടത്തും ഉച്ചഭാഷിണി വച്ചു അലറി വിളിക്കുന്നത്? നിയമം നടപ്പിലാക്കേണ്ടവരുടെ മതവിശ്വാസവും മറ്റ് അന്ധവിശ്വാസങ്ങളും ഒരു കാരണമാണ്.
കൊല്ലത്തെ പൊലീസ് സൂപ്രണ്ട് ഓഫീസിനുമുന്നില്‍ പൊതുവഴിയില്‍ത്തന്നെ ഒരു ഹിന്ദുക്ഷേത്രമുണ്ട്. പൊതുവഴിയിലെ ക്ഷേത്രം ഗതാഗത തടസ്സമുണ്ടാക്കുകയും ഭക്തരുടെ ശ്രദ്ധ വികേന്ദ്രീകരിക്കുകയും ചെയ്യും. എങ്കിലും മൈക്ക് ഉപയോഗിക്കുന്നതില്‍ മാതൃകയാണ് ആ ക്ഷേത്രം. എസ് പി ഓഫീസിനു നേര്‍ക്ക് ഉച്ചഭാഷിണി വച്ചിട്ടേയില്ല. മറ്റു ചെറുകോളാമ്പികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിയണമെങ്കില്‍ കോളാമ്പിയില്‍ ചെവി വയ്ക്കണം. അപ്പോള്‍ നിയമം പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യം വന്നാല്‍ ശബ്ദം കുറയും.
പുതിയ ഹൈക്കോടതി വിധിയില്‍ രാവിലെ ആറുമണിക്കുമുമ്പും രാത്രി പത്തുമണിക്കുശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന നിയമം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഈ വിധികളെല്ലാം കുഴിയിലേയ്‌ക്കെറിയുകയും ആളോളം വലിപ്പമുള്ള ഹോണുകള്‍ കൊമ്പില്‍ കെട്ടുകയുമാണ് ചെയ്യുന്നത്.
മതവിശ്വാസത്തിന്റെ പേരിലാണ് ഏറ്റവും വലിയ ശബ്ദമലിനീകരണം നടക്കുന്നത്. കൊച്ചുവെളുപ്പാന്‍ കാലത്തുതന്നെ ഉച്ചത്തിലുള്ള പ്രാര്‍ഥനാലര്‍ച്ച കേള്‍ക്കുമ്പോള്‍ അത്ര അകലെയാണോ ദൈവമുറങ്ങുന്നതെന്ന് ചിന്തിച്ചുപോകും.
|
Saturday, 9 March 2013
വിധി കുഴിയില്‍, മൈക്ക് കൊമ്പില്‍
Subscribe to:
Post Comments (Atom)
അറിയില്ലേ കവേ ഈ ബധിര വര്‍ഗ്ഗത്തെ?
ReplyDeleteഅറിയാം രമേശ്.നന്ദി.
Deleteമതത്തെ തൊട്ടുകളിയ്ക്കാന്‍ അധികാരത്തിനും അല്പം പേടിയുണ്ട്
ReplyDeleteഅല്പ്പമല്ല അധികം ഭയം ഉണ്ട്.
ReplyDelete