Tuesday, 20 October 2026

പാർട്ടി സി.പി.ഐ.എം, ഇഷ്ട നേതാവ് പന്ന്യൻ

 പാർട്ടി സി.പി.ഐ.എം, ഇഷ്ട നേതാവ് പന്ന്യൻ

-----------------------------------------------------------
അങ്ങനെ ചില ആളുകളുണ്ട്. വ്യക്തിക്കപ്പുറം പ്രസ്ഥാനത്തെ സ്നേഹിക്കുകയും പ്രസ്ഥാനത്തിനപ്പുറം വ്യക്തികളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ചിലർ. അതിലൊരാളായിരുന്നു തിരുവനന്തപുരം സ്വദേശിയായ ആർ.സജനകുമാർ എന്ന സജൻ. സജന് ഇഷ്ടപ്പെട്ട രാഷ്ട്രീയപ്പാർട്ടി സി.പി.ഐ.(എം) ആയിരുന്നു. എന്നാൽ പ്രിയപ്പെട്ട നേതാവ് പന്ന്യൻ രവീന്ദ്രനും! പാർട്ടി പരിപാടികളിലെല്ലാം കൃത്യമായി പങ്കെടുത്തിരുന്ന സജൻ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പന്ന്യൻ രവീന്ദ്രനുമായി വ്യക്തിബന്ധം സ്ഥാപിച്ചു. പാർട്ടിഭേദമെന്യേ സാംസ്ക്കാരികപ്രവർത്തകരെ ചേർത്തുപിടിക്കുന്ന പന്ന്യൻ സഖാവിന്റെ സ്വഭാവവും ലാളിത്യവും അരാജകത്വത്തിൽ അതിപ്രശസ്തനായ  എ.അയ്യപ്പൻ അടക്കമുള്ള കവികളെ വായിക്കാൻ സഖാവു കാണിച്ച ഔത്സുക്യവുമൊക്കെയാണ് സജനെ ആകർഷിച്ച ഘടകങ്ങൾ. സ്നേഹം തോന്നിയാൽ ജീവൻ പണയംവച്ചും കൂടെനിൽക്കുന്ന സ്വഭാവമായിരുന്നു സജന്റേത്. അങ്ങനെയാണ് പന്ന്യൻ സഖാവ് വീണ് കാലിനു പരിക്കുപറ്റി, കണ്ണൂരെ വീട്ടിൽ വിശ്രമിക്കുന്നു എന്ന വാർത്തകേട്ട സജൻ കണ്ണൂരേക്ക് വണ്ടികയറിയത്.

കവികളുമായും  നാടകപ്രവർത്തകരുമായും അടുത്തബന്ധമാണ് ഈ അക്ഷരസ്നേഹിക്ക് ഉണ്ടായിരുന്നത്. യാഡ്ലി പൗഡറിന്റെ തലസ്ഥാനത്തെ വിതരണക്കാരനായി, ഓഫീസും സ്റ്റാഫും ഒന്നിലധികം വാഹനങ്ങളുമൊക്കെയായി രാജകീയമായി കഴിഞ്ഞപ്പോഴും, ജി.എസ്.ടി എന്ന കേന്ദ്രപ്പിശാചിന്റെ നഖങ്ങളിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യാമുനമ്പിൽ എത്തുകയും കൂട്ടുകാർ നീട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ച് തിരിച്ചുവന്ന് ചെറിയതോതിൽ പുസ്തകക്കച്ചവടം നടത്തി ജീവിക്കാൻ തുടങ്ങുകയും ചെയ്ത സജനാണ് വഴിയിൽ വീണുറങ്ങുന്ന എ.അയ്യപ്പനെ പലപ്പോഴും നേമത്തുള്ള സഹോദരിയുടെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചിരുന്നത്. കുറത്തിയുടെ കവിയെ സ്ക്കൂട്ടറിനു പിന്നിലിരുത്തി നഗരത്തിലെ പാതിരാവുകളിൽ തട്ടുകടകളിലേക്ക് പാഞ്ഞതും ഈ അക്ഷരസ്നേഹിയായിരുന്നു. ജി.ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നരേന്ദ്രപ്രസാദിന്റെയും കൊച്ചുനാരായണപിള്ളയുടെയും നാടകസംരംഭങ്ങൾക്ക് ചുമട്ടുതൊഴിലാളിയായതും സജനായിരുന്നു.


ഒറ്റയ്ക്കു കഴിഞ്ഞ ഡി.വിനയചന്ദ്രനെ ആശുപത്രിയിലെത്തിച്ചതും കൂട്ടിരുന്നതും, കല്ലടയിലേക്കുള്ള അന്ത്യയാത്രക്ക് ഒപ്പം പോയതും സജൻ എന്ന അക്ഷരസ്നേഹിയായിരുന്നു. പവിത്രൻ തീക്കുനിയുടെ പുസ്തകപ്രകാശനത്തിനു രാത്രി മുഴുവൻ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചതും സാംസ്ക്കാരിക സവർണ്ണലോകം ഇരുട്ടിലേക്ക് മാറ്റിനിറുത്തിയ വെട്ടിയാർ പ്രേംനാഥ്, കല്ലട ശശി തുടങ്ങിയവരുടെ ഓർമ്മകൾ ഉണർത്തിയെടുക്കാനുള്ള  സംരംഭങ്ങൾക്ക് പിൻബലമായതും സജനായിരുന്നു. കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തുവച്ചു നടന്നപ്പോൾ, തമിഴ്നാട്ടിൽ നിന്നും വന്നവർ ഒരു കാർ മുടിയിൽ കെട്ടിവലിച്ചതായിരുന്നു സജനെ ആകർഷിച്ചത്. പിന്നെ കാഴ്ചക്കാരൻ എന്ന സുഖത്തിൽനിന്നും സജൻ അവരോടൊപ്പം കൂടി. നിമിഷങ്ങൾക്കുള്ളിൽ പൊട്ടിവിരിയുന്ന ഫലിതങ്ങളുമായി സജൻ ആ പ്രകടനത്തെ കൂടുതൽ ആകർഷകമാക്കി. മെഡിക്കൽ കോളജിലെത്തുന്ന ദൂരസ്ഥലങ്ങളിലെ കൂട്ടുകാരുടെ ബന്ധുക്കൾക്ക് കൂട്ടിരിക്കാനും സർക്കാർ ഓഫീസുകൾ കയറിയിറങ്ങി വിദൂരസ്ഥരായ സുഹൃത്തുക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും എല്ലാം ഉത്സാഹിച്ചിരുന്നത് അടിയുറച്ച കമ്യൂണിസ്റ്റായ സജൻ ആയിരുന്നു. തിരുവനന്തപുരത്തെ കവിയരങ്ങുകളിൽ സദസ്യരുടെ ഇടയിൽ ശ്രദ്ധയോടെ ഇരിക്കുമായിരുന്ന സജൻ, ആപത്തുകൾ ഉണ്ടാകുമ്പോൾ കവികളോടൊപ്പം സഹായഹസ്തവുമായി നിന്നു.

യാത്രകൾ സജന് ഹരമായിരുന്നു. പലവട്ടം സജൻ, ഓണമടക്കമുള്ള വിശേഷദിവസങ്ങളിൽ പോലും വീട്ടിലിരിക്കാതെ ഭാരതയാത്ര നടത്തിയിട്ടുണ്ട്. തമിഴ് നന്നായി വഴങ്ങുമായിരുന്ന സജന് തമിഴ്നാട്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളായിരുന്നു ഏറെ പ്രിയം. അവിടെയുള്ള കർഷകത്തൊഴിലാളികളെ വിളിച്ചുകൂട്ടി കൃഷിപ്പാട്ടുകൾ പാടിക്കുകയും അവരോടൊപ്പം താളമിട്ട് ലഹരിപിടിക്കുകയും ചെയ്യുമായിരുന്നു. നാഗർകോവിലിൽ നോവലിസ്റ്റ് സുന്ദരരാമസ്വാമി മരിച്ചപ്പോൾ, അവിടെയെത്തിയ മനുഷ്യപുത്രൻ എന്നകവിയെ സഞ്ചരിക്കുവാൻ സഹായിക്കുന്ന സജൻ എല്ലാരുടെയും പ്രിയം നേടിയ മനുഷ്യസ്നേഹിയായിരുന്നു. മലയാളനന്മ എന്ന മറുനാട്ടുമലയാളി പ്രസിദ്ധീകരണം ഈ മിത്രകുബേരനുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചു.

പതഞ്ഞൊഴുകിയിരുന്ന ഒരു നദി, പെട്ടെന്നു മെലിഞ്ഞതുപോലെ സജനിൽ അവരോഹണത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തലസ്ഥാനത്തെ സാംസ്ക്കാരിക രംഗത്തിന്റെ അടിയൊഴുക്കായിരുന്ന സജൻ തലസ്ഥാനനഗരം ഉപേക്ഷിച്ചു. ചങ്ങാതിമാരുമായുള്ള ബന്ധങ്ങൾ പതുക്കെപ്പതുക്കെ ഒഴിവാക്കി. കാഴ്ചശക്തി കുറഞ്ഞു.മറ്റു ചില അസുഖങ്ങളും അലട്ടിത്തുടങ്ങി. ഗുരുവായൂരും കൊടുങ്ങല്ലൂരും മറ്റും ചെറിയതോതിൽ  ലോട്ടറിറ്റിക്കറ്റും പുസ്തകങ്ങളും വിറ്റ് ആഹാരത്തിനുള്ള വഴി കണ്ടെത്തി. സംസാരപ്രിയനായിരുന്ന സജൻ മെല്ലെ മൗനിയായി. ഒടുവിൽ കീശയിൽ ഒരു കുറിപ്പ് എഴുതിവച്ചിട്ട് ജീവിതം അവസാനിപ്പിച്ചു. ഒ.എൻ.വി, സുഗതകുമാരി,ഇ.എം.എസ്,കണിയാപുരം രാമചന്ദ്രൻ,എ.അയ്യപ്പൻ, ബേബി തോമസ്, തുടങ്ങി സജന് ആദരവും സ്നേഹവുമുണ്ടായിരുന്നവർ എരിഞ്ഞടങ്ങിയ  തിരുവനന്തപുരത്തുതന്നെ ഒടുവിൽ ആ അക്ഷരസ്നേഹിയും എരിഞ്ഞടങ്ങി; സുഹൃത്തുക്കളിൽ അസാധാരണമായ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്.



No comments:

Post a Comment