Saturday, 8 June 2013

കുടിനീരിനു യാചിച്ചപ്പോള്‍ പുരാണം വായിച്ചവര്‍
---------------------------------------------------------------
   മുന്‍പരിചയമില്ലാത്ത ഒരു വേനലാണ് കടന്നുപോയത്. മുപ്പതു വര്‍ഷം മുമ്പാണ് ഈ വേനലിന്റെ ഒരു കീശപ്പതിപ്പ് മലയാളി വായിച്ചത്. അന്ന് വിളകള്‍ കരിഞ്ഞു പോവുകയും കവുങ്ങുകള്‍ നെടുകെപിളരുകയും നീര്‍ച്ചാലുകള്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ വേനല്‍ മഹാകവി വൈലോപ്പിള്ളിയുടെ ജലസേചനത്തെ ഓര്‍മ്മിപ്പിച്ചു. കൊല്ലുന്ന ചൂടിനാല്‍ മാമരം വേവുന്നു, പുല്ലിന്റെ കാരിയമെന്തു ചൊല്‍വൂ എന്ന് അറിയാതെ പറഞ്ഞുപോയി. പാലക്കാട്ടെ കരിമ്പനകള്‍ തീക്കാറ്റുപിടിച്ചു സ്വയം കത്തി. തലയില്‍ തീയാളുന്ന നെടും ചുടലബ്ഭൂതം കണക്കെ എന്നു പറഞ്ഞതുപോലെ. വന്‍നദികള്‍ ഒഴുക്കുനിര്‍ത്തി. നിളാനദി നിസ്സഹായതയുടെ മണല്‍പ്പുതപ്പു ചൂടിക്കിടന്നു. തെന്മലഡാമിന്റെ ജലസംഭരണ പ്രദേശത്ത് നൂലിട്ടാല്‍ ആഴമറിയാത്ത അടിത്തട്ടില്‍ ആണ്ടുകിടന്ന കാമറൂണ്‍ സായിപ്പിന്റെ കണ്ണാടി മാളിക തെളിവെയിലില്‍ നഗ്നയായി ആകാശം നോക്കിനിന്നു. ചെറുകിളികള്‍ ചത്തുവീണു. വീണ്ടും വീണ്ടും കുഴിക്കപ്പെട്ട കിണറുകള്‍ മഹാബലിയുടെ പാതാളവഴിയെ ഓര്‍മ്മിപ്പിച്ചു. ജലവില്‍പ്പന സംഘങ്ങള്‍ ആവിര്‍ഭവിച്ചു. വഴിയോരത്ത്, വെള്ളം വണ്ടിയും കാത്ത് ആണും പെണ്ണും പ്ലാസ്റ്റിക് കുടങ്ങള്‍ നിരത്തിനിന്നു. കുടങ്ങളുടെ ക്യൂ രൂപപ്പെട്ടു.
        
       വള്ളിക്കുന്നത്ത് കവിത ചൊല്ലാന്‍ പോയപ്പോഴാണതു കണ്ടത്. ക്യൂ തെറ്റിച്ച കുടങ്ങളുടെ ഉടമകള്‍ തമ്മില്‍ കശപിശ. എല്ലാ വഴികളിലും നിറയെ ആളുകള്‍. കുടിനീരിനു വേണ്ടിയുള്ള നിലവിളി. വിരോധാഭാസം പോലെ അടുത്തൊരു ക്ഷേത്രത്തില്‍ ഉച്ചഭാഷിണി അലറുന്നു. ഭാഗവത സപ്താഹയജ്ഞമാണത്രെ. റോം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ, കേരളം വേനല്‍ത്തീയില്‍ എരിഞ്ഞപ്പോള്‍ പലസ്ഥലങ്ങളിലും ഭാഗവത സപ്താഹം പൊടിപൊടിക്കുകയായിരുന്നു.

     എട്ടുദിക്കുകളിലേയ്ക്കും പാതാളത്തിലേയ്ക്കും ബഹിരാകാശത്തേക്കും കഴുത്തുനീട്ടിയ ഉച്ചഭാഷിണികള്‍. രാപ്പകലെന്യേ സംഗീതാലര്‍ച്ചയും പ്രബോധനവും. മറ്റുപണികളുപേക്ഷിച്ച് യജ്ഞപ്പന്തലിലെത്തുന്നവര്‍ക്ക് സീരിയലിനെ വെല്ലുന്ന കൃഷ്ണകഥകള്‍ പറഞ്ഞുകൊടുക്കും. സൗജന്യ ഭക്ഷണം. ദ്വാദശസ്‌കന്ധത്തിലെ കലികാലവര്‍ണനയില്‍ കൊടുംചൂടുമൂലം കുളിയുപേക്ഷിച്ച ജനതയെക്കുറിച്ചുപോലും പറഞ്ഞുകൊടുക്കും. വരള്‍ച്ചക്കാലത്തെ ഈ ദീവാളിക്കളിക്ക് ജലമെവിടെ നിന്നുകിട്ടി? വന്‍വിലകൊടുത്തുവാങ്ങിയത്.

      ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് വരള്‍ച്ച കൊണ്ടുപൊറുതിമുട്ടിയ മലയാളിക്കു മുകളില്‍ സപ്താഹത്തീ വര്‍ഷിച്ചത്. സപ്താഹത്തിനു ചെലവാക്കിയ ഭീമസംഖ്യയുടെ പകുതിയെങ്കിലും വിനിയോഗിച്ചെങ്കില്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ജനങ്ങള്‍ക്കെല്ലാം കുടിവെള്ളം നല്‍കാമായിരുന്നു. വിശ്വാസഭൂമിയിലെ പുണ്യവര്‍ഷം പൂത്തുലയുമായിരുന്നു. അന്യമതസ്ഥര്‍ക്കു കുടിവെള്ളം കിട്ടിയേക്കുമെന്നുള്ള ചിന്തയാണോ ധര്‍മ്മത്തിനു തടയിട്ടത്? വെള്ളം കൊടുക്കാനുള്ള ഉത്തരവാദിത്വം ഭരണാധികാരികളെ ഏല്‍പ്പിച്ചിട്ട് പുരാണം വായിക്കുന്നത് ഉചിതമല്ലല്ലൊ.

      ജനങ്ങള്‍ ഉണ്ടെങ്കിലേ ആരാധനാലയങ്ങള്‍ ഉള്ളു. ജനങ്ങള്‍ വെന്തലറുമ്പോള്‍ ശ്രദ്ധിക്കാത്ത ആരാധനാലയങ്ങള്‍ അടിസ്ഥാനം മറന്നവയാണ്.
    
      ഭാഗവത സപ്താഹങ്ങള്‍ അവസാനിച്ചിട്ടും വരള്‍ച്ച മാറിയില്ല. പകരം ഡെങ്കിപ്പനി പടരുകയായിരുന്നു. പുണ്യ പ്രബോധനം കേട്ടവര്‍ പനിയുമായി ദൈവാങ്കണത്തിലേയ്ക്കു പോയില്ല. ആശുപത്രികള്‍ തിങ്ങിനിറയുകയാണ്. 
പുണ്യാഹം കുടിക്കുന്നതിനുപകരം മരുന്നും പപ്പായയിലയുടെ നീരും നാവിലിറ്റിക്കുകയാണ്. പപ്പായയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെങ്കിലും ഡെങ്കിയില്‍ നിന്നു രക്ഷപ്പെടാന്‍ ആ പാര്‍ശ്വവല്‍ക്കൃതമരം വേണമല്ലോ.
 JANAYUGAM 

Thursday, 30 May 2013

സുകുമാരിയുടെ മരണവും പൂജാമുറി ചിന്തകളും



 
  മലയാളം, തമിഴ് പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു സുകുമാരി. നായികനടികള്‍ക്കു കിട്ടുന്ന താരാരാധനയുടെ താഴ്ചയെക്കാള്‍ യഥാര്‍ഥ നടിക്കു കിട്ടുന്ന ആദരവിന്റെ ഉയര്‍ച്ചയിലാണ് പ്രേക്ഷകര്‍ സുകുമാരിയെ കണ്ടിട്ടുള്ളത്. ശ്രദ്ധയോടെയുള്ള ജീവിതവും അഭിനയത്തോടുള്ള മാന്യമായ ആത്മാര്‍ഥതയും സുകുമാരിയുടെ സവിശേഷതയായിരുന്നു. അതിനാല്‍ സിനിമാ മാസികക്കാരുടെ ഗോസിപ്പുകോളങ്ങള്‍ക്ക് അവര്‍ ഇരയായില്ല.

വൈവിധ്യമുള്ള കഥാപാത്രങ്ങളെ സുകുമാരി മികവോടെ അവതരിപ്പിച്ചു. നൃത്തം ചെയ്യാനും പാടാനുമുള്ള കഴിവുകള്‍ കൂടി അവര്‍ക്കുണ്ടായിരുന്നു. ചട്ടക്കാരി, റാംജിറാവു സ്പീക്കിംഗ്, പഞ്ചവടിപ്പാലം, അരപ്പട്ട കെട്ടിയ ഗ്രാമം തുടങ്ങി അവരുടെ അഭിനയ പ്രാഗത്ഭ്യത്തിന് തെളിവായി നിരവധി ചിത്രങ്ങളുടെ പേരു നിരത്താമെങ്കിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ മിഴികള്‍ സാക്ഷിയിലെ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട ഒരു നിരപരാധിയുടെ ഉമ്മയായി വന്ന സുകുമാരിയാണ് കണ്ണു നനയിച്ചത്. വീടുപേക്ഷിക്കേണ്ടിവന്ന അവര്‍ അഭയാര്‍ഥിനിയായി ഒരു ഹിന്ദുക്ഷേത്രത്തിന്റെ പടിപ്പുരയിലുറങ്ങുന്നതും പിടിക്കപ്പെടുന്നതും മതേതര മനുഷ്യബോധമുള്ള ഏതൊരാളെയും വേദനിപ്പിച്ചു. സുകുമാരിയുടെ നിര്‍വ്യാജമായ നടനമികവാണ് അതു സാധിച്ചത്.

സുകുമാരി പരമഭക്തയായിരുന്നു. എല്ലാവരെയും സ്‌നേഹിച്ചതുപോലെ അവര്‍ കുട്ടിക്കാലത്തേ പരിചയപ്പെട്ട ഹിന്ദുദൈവങ്ങളെയും സ്‌നേഹിച്ചു. വീട്ടില്‍ പൂജാമുറിയുണ്ടാക്കി ദീപാരാധന നടത്തി. ആ ദീപത്തില്‍ നിന്നും വസ്ത്രത്തിലേയ്ക്ക് തീപടര്‍ന്നു പിടിച്ച് ഗുരുതരമായി പൊള്ളലേറ്റാണ് സുകുമാരി മരിച്ചത്.

മനുഷ്യപക്ഷത്തു നിന്നു നോക്കിയാല്‍ സുകുമാരി സ്വയം വരുത്തിവച്ച മരണമായിരുന്നു അത്. അന്ധമായ മതവിശ്വാസവും ദൈവവിശ്വാസവുമാണ് ദീപാരാധനയിലേയ്ക്കും തീപ്പൊള്ളലിലേയ്ക്കും മരണത്തിലേയ്ക്കും അവരെ നയിച്ചത്. വിശ്വാസവും ആരാധനയും അവരുടെ സ്വകാര്യമെന്ന് നമുക്ക് വിധിയെഴുതാം. എന്നാല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയാദരിച്ച വലിയൊരു നടിയുടെ വേര്‍പാടുണ്ടാക്കിയ നഷ്ടം പൊതുസമൂഹത്തിന്റേതാണല്ലോ. ദൈവമേ, എന്തുകൊണ്ട് ആ പരമഭക്തയെ, അമ്മയെപ്പോലെ ഞങ്ങള്‍ ആദരിക്കുന്ന അഭിവന്ദ്യ വനിതയെ രക്ഷിച്ചില്ല, എന്നൊരു ചോദ്യം കണ്ണുനീരോടെയെങ്കിലും ഉയരുന്നുണ്ട്.

ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയില്ല. വേണമെന്നൊരിക്കലും തോന്നിയിട്ടില്ല. എന്നാല്‍ ഞാന്‍ പോയിട്ടുള്ള പല വീടുകളിലും പൂജാമുറിക്കു പകരം ക്ഷേത്രമാതൃകകള്‍ തന്നെ കണ്ടിട്ടുണ്ട്. വൈദ്യുത വിളക്കുകള്‍ കൂടാതെ നെയ്യൊഴിച്ചു കത്തിക്കുന്ന നിരവധി വിളക്കുകള്‍, കര്‍പ്പൂര ദീപങ്ങള്‍, ഇവയ്ക്കു മുന്നില്‍ കണ്ണടച്ചു നിന്ന് പ്രാര്‍ഥിക്കുന്നത് അപകടകരമാണ്. പ്രാര്‍ഥിക്കുന്നത് രക്ഷിക്കണേ എന്നാണെങ്കിലും ഒരു ദൈവവും രക്ഷിക്കുകയില്ല.

ശബരിമല ക്ഷേത്രത്തിനും ഗുരുവായൂരമ്പലത്തിനും തീപിടിച്ചിട്ടുണ്ട്. സ്ഥലത്തെ ദൈവങ്ങള്‍ തീയണക്കാന്‍ ചെറുവിരല്‍ പോലുമനക്കിയിട്ടില്ല.

വീട്ടിലെ പൂജാമുറികളില്‍ ദീപാരാധന ഒഴിവാക്കുകയും ദൈവത്തെ മനസിലേക്കു മാറ്റുകയും ചെയ്താല്‍ ദീപാരാധനമൂലമുള്ള തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാം. മനസിലെ ദീപാരാധനയ്ക്ക് തീ വേണ്ടല്ലൊ. നമുക്കുവേണ്ടത് പുക നിറഞ്ഞ പൂജാമുറിയല്ല ശുചിത്വമുള്ള ടോയ്‌ലറ്റുകളുമാണ്.

കേരളത്തില്‍ ഹിന്ദുമതക്കാരും ക്രിസ്തുമതക്കാരുമാണ് വീടിനുള്ളില്‍ ദൈവനാമത്തില്‍ തീക്കളി നടത്തുന്നത്. വീട്ടില്‍ ദീപാരാധനയില്ലാത്ത ഇസ്‌ലാം മതവിശ്വാസികള്‍ക്ക് സുഖജീവിതത്തിനു തടസമൊന്നുമില്ലെന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. ദീപാരാധന ഒരു അന്ധവിശ്വാസമാണ്. ജീവിതത്തിന്റെ ശ്രേയസ്സും വിഗ്രഹ സവിധത്തിലെ വിളക്കുകൊളുത്തലും തമ്മില്‍ ബന്ധമൊന്നുമില്ല.

അഗ്നിക്ക് എല്ലാം ഭക്ഷണമാണ്. അടുത്തുകിട്ടുന്നത് സ്ഥാവരജംഗമ സാധനങ്ങളാണെന്നോ ഈശ്വര വിശ്വാസികളോ നിരീശ്വരവാദികളോ ആണെന്നോ ഉള്ള വ്യത്യാസമൊന്നും അഗ്നിക്കില്ല. ദാഹകന് ജലദാഹം മാത്രമേ ഇല്ലാതെയുള്ളു.

മിന്നലേറ്റും വൈദ്യുതിയേറ്റും മറ്റും ശരീരം പൊള്ളിമരിക്കാം. എന്നാല്‍ വീട്ടിലെ പൂജാമുറി ഒഴിവാക്കിയാല്‍ ആരാധനാദീപത്തില്‍ നിന്നുമുള്ള പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെടാം.

ആദരണീയയായ സുകുമാരിയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ ശിരസ്സു നമിക്കുന്നതോടൊപ്പം അവരെ മരണത്തിലേക്കു നയിച്ച അന്ധവിശ്വാസം ഒഴിവാക്കേണ്ടതാണെന്നും രേഖപ്പെടുത്തട്ടെ.
 

Wednesday, 8 May 2013

കൈയൊപ്പിന് അമ്മമലയാളം മതിയോ?

ഒപ്പിടുന്നത് ഏതു ഭാഷയിലായിരിക്കണം? അതിനു മാതൃഭാഷ മതിയാകുമോ? എല്ലാ മലയാളികള്‍ക്കും കുട്ടിക്കാലത്തുണ്ടാകുന്ന സംശയമാണിത്. മലയാളികളല്ലാത്തവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുമില്ല. അറബികളടക്കം മറ്റുനാടുകളിലുള്ളവര്‍ സ്വന്തം ഭാഷയിലാണ് ഒപ്പിടുന്നത്.

പത്താം ക്ലാസിലെത്തുമ്പോഴാണ് ഒപ്പ് ഒരു പ്രശ്‌നമാകുന്നത്. എസ് എസ് എല്‍ സി ബുക്കില്‍ ഒപ്പിടണമല്ലൊ. അതിന് ഇംഗ്ലീഷ് തന്നെ വേണമെന്ന ധാരണ ഉണ്ടാക്കുന്നതില്‍ നമ്മള്‍ ജയിച്ചിട്ടുണ്ട്.
കയ്യൊപ്പ് ഓരോരുത്തരുടെയും മുദ്രയാണ്. പണ്ടൊക്കെ 'ശ്രീ' എന്നെഴുതുകയോ മൂന്നുവരയിടുകയോ ആയിരുന്നു ചെയ്തിരുന്നത്. വിരലടയാളമാണ് ഏറ്റവും ശാസ്ത്രീയം. ഭൂമി കൈമാറ്റം തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍ വരുമ്പോള്‍ രേഖകളില്‍ വിരലടയാളമാണ് പതിക്കുന്നത്.

ഒപ്പ് രൂപപ്പെടുത്തിയ വിദ്യാലയകാലം ചെമ്മനം ചാക്കോ രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്മനം   എന്നാണ് അദ്ദേഹത്തിന്റെ ഒപ്പ്. ചെ ഹിന്ദിയിലും 'മ്മ' മലയാളത്തിലും 'നം' ഇംഗ്ലീഷിലും രേഖപ്പെടുത്തിയാണ് ഒപ്പ് രൂപപ്പെടുത്തിയത്. അത് രാഷ്ട്രഭാഷ, മാതൃഭാഷ വിശ്വഭാഷ എന്ന ചിന്തയുണ്ടായിരുന്ന കാലത്താണ്. ഇപ്പോഴാണെങ്കില്‍ രാജ്യമൊഴിയും അമ്മമൊഴിയും ഒഴിവാക്കുകയും ഇംഗ്ലീഷാണ് വിശ്വഭാഷയെന്ന് തെറ്റിധരിച്ച് കയ്യൊപ്പ് ആ ഭാഷയിലാക്കുകയും ചെയ്യുകയാണ് കണ്ടുവരുന്നത്.
മലയാളത്തില്‍ ഒപ്പിട്ടാല്‍ അംഗീകരിക്കപ്പെടില്ലെന്ന ചിന്ത ശരിയല്ല. ഞാന്‍ മുപ്പതു വര്‍ഷം എല്ലാ മാസവും സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ശമ്പളം വാങ്ങിയിരുന്നത് മലയാളത്തില്‍ ശ്രീകുമാര്‍ എന്നെഴുതി ഒപ്പാക്കിക്കൊണ്ടാണ്. ഓരോ തവണ മലയാളത്തില്‍ ഒപ്പിടുമ്പോഴും വലിയ അഭിമാനം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
ചരിത്രത്തിലാണെങ്കില്‍ കേരള സാമൂഹ്യജീവിതത്തെ ഉഴുതുമറിച്ച ശ്രീനാരായണഗുരു, അദ്ദേഹം ഒപ്പിടേണ്ടി വന്നപ്പോഴെല്ലാം മലയാളത്തില്‍ പേരെഴുതുകയേ ചെയ്തിട്ടുള്ളു. ഇംഗ്ലീഷ് അറിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന് തമിഴും സംസ്‌കൃതവും അറിയാമായിരുന്നു. നിരക്ഷരര്‍ പോലും ഒപ്പിടാന്‍ വേണ്ടിയുള്ള ഇംഗ്ലീഷ് സാക്ഷരത നേടിയിരുന്ന കാലത്താണിത്.

മലയാള കവിതയിലാണെങ്കില്‍ ജ്ഞാനപീഠപുരസ്‌ക്കാര ജേതാവ് ഒ എന്‍ വി മലയാളത്തിലാണ് ഒപ്പിടുന്നത്. കാലപ്പഴക്കം കൊണ്ട് ആ ഒപ്പിന് ഒരു ചുണ്ടന്‍വള്ളത്തിന്റെ അഴകും ഐശ്വര്യവും ഉണ്ടായിട്ടുമുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍, ബിനോയ് വിശ്വവും, എം എ ബേബിയും മലയാളത്തില്‍ ഒപ്പിട്ടു കണ്ടിട്ടുണ്ട്. ഭാഷാഭിമാനവും ദേശാഭിമാനവും വളര്‍ത്താന്‍ വേണ്ടി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ മലയാളത്തില്‍ ഒപ്പിടാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

കൊട്ടാരക്കരയിലെ സര്‍ക്കാര്‍ പന്ത്രണ്ടാംതര  വിദ്യാലയം മധുരം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ മലയാളം കയ്യൊപ്പു മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഒന്നാം സമ്മാനിതയായ അജ്‌നു ഫാത്തിമ, ആ അനുഭവത്തെ സന്തോഷപൂര്‍വം 
രേഖപ്പെടുത്തുകയും എസ് എസ് എല്‍ സി ബുക്കില്‍ മലയാളത്തില്‍ ഒപ്പിടാന്‍ കഴിയാഞ്ഞതില്‍ ദുഃഖിക്കുന്നു എന്ന് ഏറ്റുപറയുകയും ചെയ്തിരിക്കുന്നു.

ഒപ്പ് മലയാളത്തിലാക്കണമെന്നുള്ളവര്‍ക്ക് ഗസറ്റ് പരസ്യം വഴി അതു സാധിക്കാവുന്നതാണ്. ഇതിലെ കടമ്പകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്സാഹിപ്പിക്കേണ്ടതുമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട് മലയാള വിരുദ്ധമാണ്. മലയാളത്തില്‍ ഒപ്പിടുന്ന ഒരു പൊലീസ് സേനാംഗത്തെ കുറിച്ചറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. പക്ഷേ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മലയാളം രവിയെന്നാണല്ലോ അടയാളപ്പെടുത്തിയത്! അതെ, മലയാളിയെന്ന് അടയാളപ്പെടുന്നത് അഭിമാനകരമാണ്.
മലയാളം സര്‍വകലാശാലയില്‍, കയ്യൊപ്പിനു മലയാളം ഉപയോഗിക്കുന്നവര്‍ ഉണ്ടാകാനും സാധ്യതയില്ലല്ലോ.

Monday, 22 April 2013

ആനയോട്ടവും വാലില്‍തൂങ്ങലും




നമ്മുടെ നാട്ടാനകള്‍ ബെന്‍ജോണ്‍സന്റെയോ പി ടി ഉഷയുടെയോ ആരാധകരല്ലെങ്കിലും ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ആനയോട്ടം ഗുരുവായൂര്‍ അടക്കം പല ക്ഷേത്രപരിസരത്തും ഉണ്ടാകാറുണ്ട്. ഇതൊക്കെ ആന മത്സരബുദ്ധിയോടെ ചെയ്യുന്നതാണോ?

ആനകളെക്കുറിച്ച് സമീപകാലത്തിറങ്ങിയ നല്ലൊരു പുസ്തകമാണ് വനംവകുപ്പ് ജീവനക്കാരനായ ചിറ്റാര്‍ ആനന്ദന്റെ ആനക്കാഴ്ചയുടെ കാണാപ്പുറങ്ങള്‍. അതില്‍ അദ്ദേഹം ആനയോട്ടത്തിന്റെ ഐതിഹ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍, ഗുരുവായൂരമ്പലത്തില്‍ ശീവേലി എഴുന്നള്ളിപ്പിന് ആനയില്ലാതെ വന്നപ്പോള്‍ തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ഒരു ആന ഓടിവന്ന് ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയത്രെ. ഓടുന്ന ആനകള്‍, തിടമ്പും നെറ്റിപ്പട്ടവും കുലുക്കി എറിയുകയും തിടമ്പുപിടിച്ചിരിക്കുന്നവരെ താഴെയിട്ടു ചവിട്ടുകയും തിടമ്പേറ്റാന്‍ സഹായിച്ച പാവം പാപ്പാനെ കുത്തിമലര്‍ത്തുകയും ഒക്കെയാണല്ലോ ചെയ്യുന്നത്. കഥ കഥയും, സത്യം സത്യവുമാണല്ലൊ.

എന്നാല്‍ അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം ശ്രദ്ധിക്കേണ്ടതാണ്. നന്നായി അഭ്യസിപ്പിച്ചാല്‍ ആനകള്‍ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പല അഭ്യാസ മുറകളും കാണിക്കാനുളള കഴിവുണ്ട്. സര്‍ക്കസിലെ ആനകള്‍ അതിന് തെളിവാണല്ലൊ.

ആനയോട്ടമാണെങ്കിലോ അഭ്യസിപ്പിച്ചെടുക്കുന്ന ഒരു കലയൊന്നുമല്ല, നടക്കാനുളള ആജ്ഞകൊടുത്തിട്ട് ചെറുതോട്ടി പ്രയോഗങ്ങള്‍ നടത്തി വേഗത വരുത്തിക്കുകയാണ്. ഗുരുവായൂരിലെ ആനയോട്ടത്തില്‍ നാല്‍പ്പതിലധികം ആനകളെ ഇങ്ങനെ പങ്കെടുപ്പിക്കാറുണ്ട്. ദൈവപ്രീതിയെന്ന അന്ധവിശ്വാസമാണ് പാവം ആനകളെ പീഡിപ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. കാട്ടില്‍ നിന്ന് ഭക്തിയോടെ വന്ന് ഒരു കുട്ടിയാനപോലും ഇന്നേവരെ തിടമ്പെഴുന്നള്ളിക്കാന്‍ നിന്നിട്ടില്ല. ഭഗവല്‍പ്രീതിക്കുവേണ്ടി ട്രാക്ക് തെറ്റാതെ ഓടിയിട്ടുമില്ല.

കൊല്ലം ജില്ലയിലെ ഒരു ഹിന്ദു ആരാധനാലയത്തില്‍ ഇതിനെക്കാള്‍ ക്രൂരമായ ഒരു അന്ധവിശ്വാസമുണ്ട്. ആനയെ ഓടിക്കുക എന്നിട്ടതിന്റെ വാലില്‍ തൂങ്ങുക! സുബ്രഹ്മണ്യന്റെ ബാല്യകാല വിനോദമായിരുന്നത്രെ ഇത്. വാലില്‍ ആളുകള്‍ തൂങ്ങുമ്പോള്‍ വേദനിക്കുന്ന ആന വീണ്ടും ഓടും പിന്നെയും ആളുകള്‍ തൂങ്ങും. 

ആരാധനയുടെ ഭാഗമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ അപരിഷ്‌കൃത ജനസമൂഹം മൃഗപീഡനം നടത്തിയിരുന്നതിന്റെ തെളിവാണ്. പരിഷ്‌കൃതസമൂഹം സമ്പൂര്‍ണമായി ഒഴിവാക്കേണ്ടതുമാണ്. ഹിന്ദുമതത്തിലല്ലാതെ മറ്റൊരു മതത്തിലും ഇത്തരം ഗജപീഡനങ്ങള്‍ കേരളത്തില്‍ കാണ്മാനില്ല.

ഉത്സവത്തിന് ആനകളെ ഉപയോഗിക്കുമ്പോള്‍ പരമാവധി പീഡനം ഒഴിവാക്കാനായി വനംവകുപ്പിന്റെ നിര്‍ദേശങ്ങളുണ്ട്. മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി ആനയെ നടത്തരുത്. മുപ്പതുകിലോമീറ്ററിലധികം സഞ്ചരിപ്പിക്കണമെങ്കില്‍ കാല്‍നട ഒഴിവാക്കി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രാവിലെ ആറുമുതല്‍ പതിനൊന്നുവരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയും മാത്രമേ പറയെഴുന്നെള്ളിപ്പിന് ആനയെ ഉപയോഗിക്കാവൂ. തീവെട്ടിയും പടക്കങ്ങളും ആനക്കരികില്‍ വയ്ക്കരുത്. ഇങ്ങനെ പാലിക്കപ്പെടാത്ത നിര്‍ദേശങ്ങള്‍ ധാരാളമുണ്ട്. ആനയ്ക്ക് നിയമസാക്ഷരത തീരെ ഇല്ലല്ലൊ.

ആനകളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുന്നുണ്ട് ചിറ്റാര്‍ ആനന്ദന്‍ ഈ ഗ്രന്ഥത്തില്‍. ദൈവം സഞ്ചരിക്കുന്നത് സാത്വികരുടെ മനസിലൂടെയാണെന്നും ആനപ്പുറത്തല്ലെന്നും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആനയ്ക്ക് ആരാധനാലയങ്ങളെയും ദൈവങ്ങളെയും അറിയാമായിരുന്നെങ്കില്‍, ഭക്തിയും ബഹുമാനവുമുണ്ടായിരുന്നെങ്കില്‍ തിരുനടയില്‍ മൂത്രമൊഴിക്കുകയും പിണ്ടമിടുകയും ചെയ്യുമായിരുന്നില്ലല്ലൊ എന്ന തിരിച്ചറിവിലേയ്ക്കും ഈ പുസ്തകം ടോര്‍ച്ചടിക്കുന്നു.

ആനയോട്ടം, ആനവാല്‍പ്പിടിയെന്ന വാലില്‍ തൂങ്ങിവലിക്കല്‍, തലപ്പൊക്കു മത്സരം ഇവയൊന്നും ആന മനസ്സോടെ ചെയ്യുന്നില്ല. പുണ്യം സംബന്ധിച്ച ദുരാഗ്രഹങ്ങളുള്ള മനുഷ്യന്റെ വികൃതികളാണ്. ഒഴിവാക്കപ്പെടേണ്ട ദുരാചാരങ്ങള്‍.

Sunday, 31 March 2013

കുഞ്ഞുണ്ണിക്കവിതയും കാമ്പിശ്ശേരിയും


       കവിതകളെ തിരിച്ചറിയാനും ബഹുമാനിക്കാനും അടയാളപ്പെടുത്താനും കഴിവുള്ള പത്രാധിപന്മാര്‍, അപൂര്‍വമായിട്ടെങ്കിലും മലയാള സാഹിത്യപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉണ്ട്. അധികം നീളമില്ല ആ പട്ടികയ്ക്ക്.

ആദ്യം മനസ്സില്‍ തെളിയുന്നത് കേസരി ബാലകൃഷ്ണപിള്ളയാണ്. യുവകവികളിലാരെങ്കിലും അദ്ദേഹത്തെ കാണാന്‍ ചെന്നാല്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ആദരിക്കുകയും യുവകവിയുടെ പ്രസിദ്ധീകൃതമായ കവിതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. മലയാളത്തിലെ പുതുകവിതാ ചലനങ്ങളെക്കുറിച്ച് കേസരിക്ക് അത്ര ശ്രദ്ധയുണ്ടായിരുന്നു. നിരൂപകരെയും പത്രാധിപരെയുമൊക്കെ കവികള്‍ ശ്രദ്ധിക്കുമെങ്കിലും അവരെക്കുറിച്ച് അനുസ്മരണ കവിതകള്‍ എഴുതാറില്ല. എന്നാല്‍ കേസരിയുടെ മരണം വലയാര്‍ രാമവര്‍മ്മയില്‍ ദുഃഖതരംഗങ്ങള്‍ സൃഷ്ടിക്കുകയും അദ്ദേഹം മാടവനപ്പറമ്പിലെ ചിതയെന്ന കവിത എഴുതുകയും ചെയ്തു. യുവകവികളോടുള്ള കേസരിയുടെ വാത്സല്യമാണ് കെടാമംഗലം പപ്പുക്കുട്ടിയുടെ കവിതയെക്കുറിച്ച് പഠിക്കാന്‍ ഇടയാക്കിയത്.

പിന്നൊരു പത്രാധിപമുഖം എം ഗോവിന്ദന്റേതാണ്. കഥയും കവിതയും നാടകവും നോവലുമൊക്കെയെഴുതിയ എം ഗോവിന്ദന്‍ പുതിയ എഴുത്തുകാരെ കണ്ടെത്തി തീപ്പിടിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലു ആയിരുന്നു. മദിരാശിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. എം ഗോവിന്ദന്റെ പ്രത്യേക ശ്രദ്ധയില്‍ മലയാളത്തിന് ലഭിച്ച കാവ്യമഹാപ്രവാഹമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍.. എം ഗോവിന്ദന്റെ ധൈഷണിക പ്രകാശം കടമ്മനിട്ടയിലെ കവിതയെ തിരിച്ചറിവിന്റെ കരുത്തിലേയ്ക്കു കൊണ്ടുപോകാന്‍ സഹായിച്ചിട്ടുണ്ട്.

മറ്റൊരു പ്രതിഭ കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനാണ്. കെ സുരേന്ദ്രനും എം കൃഷ്ണന്‍ നായരും കെ പി അപ്പനും വയലാറുമടക്കമുള്ള ഒരു വന്‍നിര, കൗമുദി പത്രാധിപരുടെ വാത്സല്യമറിഞ്ഞവരാണ്. സാഹിത്യ സൃഷ്ടികള്‍ വാങ്ങി പ്രസിദ്ധീകരിക്കുകയും അതിനു പ്രതിഫലം നല്‍കുകയും ചെയ്യുന്നതില്‍ കൗമുദി വാരിക കുലീനമായ മാതൃക പ്രകടിപ്പിച്ചു.

സാഹിത്യ പ്രതാധിപന്മാരുടെ ഈ ചെറുനിരയില്‍ ഏറ്റവും പ്രകാശിക്കുന്ന മുഖം കാമ്പിശ്ശേരി കരുണാകരന്റേതാണ്. ആരും പ്രസിദ്ധീകരിക്കാതെ ചവറ്റുകുട്ടയില്‍ തള്ളിയിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകള്‍ കുഞ്ഞുണ്ണിക്കവിത എന്നപേരില്‍ ചരിത്രപ്പെടുത്തിയത് കാമ്പിശ്ശേരിയാണ്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കൂട്ടായ്മയില്‍ സ്വന്തം കവിത സ്ഫുടമായും ദൃഢമായും ചൊല്ലി ശ്രദ്ധിക്കപ്പെട്ട കവിയാണ് കുഞ്ഞുണ്ണി. എന്നാല്‍ കവിതകള്‍ അച്ചടിച്ചു വന്നില്ല. ഇതിനൊരു കാരണം അദ്ദേഹത്തിന്റെ കയ്യക്ഷരമാണെന്ന് ഞങ്ങള്‍ തമാശപറഞ്ഞിട്ടുണ്ട്. മരുന്നുകടക്കാര്‍ക്കുപോലും വായിക്കാന്‍ കഴിയാത്തതായിരുന്നല്ലൊ കുഞ്ഞുണ്ണി മാഷിന്റെ കയ്യക്ഷരം. അല്‍പം പരിചയമുള്ളവര്‍ക്ക് വളരെ വേഗത്തില്‍ ആ അക്ഷരങ്ങള്‍ വായിക്കാനും കഴിഞ്ഞിരുന്നു. വലിപ്പവും വ്യക്തതയും ഇല്ലെങ്കിലും വ്യക്തിത്വമുള്ളതായിരുന്നു കുഞ്ഞുണ്ണിമാഷിന്റെ കൈപ്പട.

കുഞ്ഞുണ്ണിമാഷ് അമ്പതിലധികം കവിതകള്‍ പകര്‍ത്തിയെഴുതി ജനയുഗത്തിനയച്ചു. ജനയുഗം വാരികയുടെ പത്രാധിപര്‍ കാമ്പിശ്ശേരി, ഉറുമ്പിന്റെ കണ്ണുപോലുള്ള അക്ഷരങ്ങള്‍ ഭൂതക്കണ്ണാടി വച്ചുവായിച്ചു. കു......ഞ്ഞുണ്ണിക്ക.....വിത എന്ന് കുത്തിട്ടു വിടര്‍ത്തിയ ശീര്‍ഷകത്തിന്‍ കീഴില്‍ കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ ജനയുഗത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. കറന്‍സികളുടെ രൂപത്തിലുള്ള പ്രതിഫലത്തെക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു അന്ന് ജനയുഗത്തിലെ പ്രകാശനം. അങ്ങനെയാണ് കുഞ്ഞുണ്ണിക്കവിതയെന്ന പ്രയോഗം നിലവില്‍ വന്നത്.

മൂക്കില്‍ കെറുവും മുന്‍കോപവുമല്ല, വിനയവും സമര്‍പ്പിത ബുദ്ധിയുമാണ്
സാഹിത്യപത്രാധിപന്മാര്‍ക്കുവേണ്ടതെന്ന് ഈ പ്രതിഭകള്‍ പറയാതെ പറയുന്നു.

Friday, 15 March 2013

ഭാരതരത്‌നവും കേരളമക്കളും


   ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതിയാണ് ഭാരതരത്‌നം. ഈ ബഹുമതി ഇന്നേവരെ കേരള മക്കളിലാര്‍ക്കും ലഭിച്ചിട്ടില്ല. അര്‍ഹതയുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ?

ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത് ആകാശവാണിയാണ്. ആകാശവാണി ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. അവിടെ പരിപാടി നടത്താനുള്ള കരാര്‍ അയയ്ക്കുന്നതുപോലും രാഷ്ട്രപതിയെ മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന് അതൃപ്തി തോന്നുന്ന ഒരു വാക്കുപോലും ആകാശവാണിയിലൂടെ പറയാന്‍ കഴിയില്ല. 

തെലുങ്കിലെ വിപ്ലവ കവി ഗദ്ദറിനെ കുറിച്ചുള്ള കവിത ആകാശവാണി റിക്കാര്‍ഡ് ചെയ്‌തെങ്കിലും പ്രക്ഷേപണം ചെയ്തില്ല. അതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ എഴുത്തുകാരനായ ആകാശവാണി ഉദ്യോഗസ്ഥന്‍ പറഞ്ഞത് വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത്- എന്ന പ്രശസ്തമായ പ്രയോഗമാണ്.ഉദയപ്രഭാകരന്‍ നേരത്തേ പ്രത്യക്ഷപ്പെടുന്ന ആന്‍ഡമാന്‍ ദ്വീപിലേക്കുള്ള സ്ഥലംമാറ്റം വീടും കുടിയുമായി കഴിയുന്ന ഒരു ഉദ്യോഗസ്ഥനും ആഗ്രഹിക്കുകയില്ലല്ലൊ.

എന്നാല്‍ ആകാശവാണിയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒരു പരിപാടിയുണ്ട്. അതാണ് പ്രഭാതഭേരി. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ളത് ഇപ്പോള്‍ ചലച്ചിത്രഗാന പരിപാടികള്‍ക്കല്ല. പുലര്‍ച്ചയിലുള്ള പ്രഭാതഭേരിക്കാണ്.

പ്രഭാതഭേരിയിലൂടെയാണ്, ഭാരതരത്‌നമാകാന്‍ യോഗ്യതയുള്ളവര്‍ കേരളത്തിലില്ലേ എന്ന ചോദ്യമുണ്ടായത്?

ഇതുവരെ നാല്‍പത്തിയൊന്ന് വിശിഷ്ട വ്യക്തികള്‍ക്കാണ് ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടുപേര്‍  തമിഴ്‌നാട്ടുകാരും ഏഴുപേര്‍ ഉത്തര്‍പ്രദേശുകാരുമാണ്. പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും നിന്നുള്ള ആറുപേര്‍ക്ക് വീതവും ബിഹാറില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും അസം, പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ പൗരത്വമുണ്ടായിരുന്ന ആദരണീയനായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും ദക്ഷിണാഫ്രിക്കന്‍ പൗരനായ സമുന്നത പ്രതിഭ നെല്‍സണ്‍മണ്ടേലയ്ക്കും ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തിനാലുമുതല്‍ നല്‍കിവരുന്ന ഈ ബഹുമതിപാദത്തില്‍സമര്‍പ്പിക്കേണ്ടിയിരുന്നചിലമലയാളികളെങ്കിലുമുണ്ട്.

ഒന്നാമത് മനസില്‍ തെളിയുന്നത് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖമാണ്. സിങ്കപ്പൂരില്‍വച്ച് സ്വന്തം ക്ലിനിക്കടച്ച്, നേതാജി സുഭാഷ് ചന്ദ്രബോസിനോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നിറങ്ങിയ ക്യാപ്റ്റന്‍ ലക്ഷ്മി. 98-ാം വയസ്സില്‍ മരിക്കുന്നതുവരെ പ്രവര്‍ത്തനനിരതയായിരുന്നു. മരണാനന്തരം അവരുടെ മൃതശരീരംപോലും കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കി. ത്യാഗോജ്ജ്വലജീവിതം നയിച്ച ഈ ധീര മലയാളിമകള്‍ക്ക് ഏതു ബഹുമതിക്കുമുള്ള അര്‍ഹതയുണ്ടായിരുന്നു. പത്മവിഭൂഷന്‍വരെ ആലോചിക്കാനേ അധികൃതര്‍ക്കു കഴിഞ്ഞുള്ളൂ.

ഇനിയുമുണ്ട്, ഇംഗ്ലണ്ടില്‍ നിന്നുള്ള മോചനത്തിനായി ഇംഗ്ലണ്ടില്‍ നിന്നുതന്നെ പോരാടിയ മഹാനായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാളി വി കെ കൃഷ്ണമേനോന്‍.. ചേരിചേരാപ്രസ്ഥാനത്തിന്റെ പതാകാവാഹകന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മത്സരിച്ച് ലോക്‌സഭയിലെത്തിയ വിശ്രുത മലയാളി. ഐക്യരാഷ്ട്രസഭയില്‍, ഇന്ത്യക്കുവേണ്ടി നടത്തിയ എട്ടു മണിക്കൂര്‍ പ്രസംഗം ഇന്നും ലംഘിക്കപ്പെടാത്ത സുവര്‍ണരേഖയാണല്ലൊ. ഭാരതത്തിന്റെ പ്രഭചൊരിയുന്ന രത്‌നമായിരുന്നു ഈ വിശ്വമലയാളി.

മറ്റൊരു രത്‌നം കെ ആര്‍ നാരായണന്‍. കോട്ടയത്തെ ഒരു കീഴാള കുടുംബത്തില്‍ ജനിച്ച്, പഠിക്കാന്‍ മിടുക്കനായിട്ടും ഭരണകൂടത്തിന്റെ അവഗണന ഏറ്റുവാങ്ങി വിദേശത്തുപോയി വിദ്യാഭ്യാസം നേടി രാഷ്ട്രപതി ഭവനിലിരുന്ന് ഇന്ത്യയെ നിയന്ത്രിച്ച കെ ആര്‍ നാരായണന്‍.

ഇനിയുമുണ്ട്, ഒന്‍പതുതവണ നോബല്‍ സമ്മാനത്തിനു നിര്‍ദേശിക്കപ്പെട്ട ഇ സി ജി സുദര്‍ശനന്‍, നീതിനിര്‍വഹണത്തിന്റെയും മനുഷ്യാവകാശസംരക്ഷണത്തിന്റെയും വജ്രനക്ഷത്രം മുന്‍ സുപ്രിംകോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍, ഇന്ത്യന്‍ ചിത്രകലയെ മാറ്റിയെഴുതിയ കെ സി എസ് പണിക്കര്‍, ലോകസിനിമാമുറ്റത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രീലങ്ക ആസ്ഥാനമാക്കി ലോകത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പട നയിച്ച ഡോ.എ.ടി.കോവൂര്‍ഇങ്ങനെ ഭാരതരത്‌നങ്ങളായ മലയാളിമക്കള്‍ അനവധി.

Wednesday, 13 March 2013

ജെസ്സി

 

ജെസ്സീ നിനക്കെന്തു തോന്നി?.
പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ത്ഥങ്ങളില്‍ പാപനാശത്തിന്‍റെ 
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്‍റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍
‍മൂളാത്തതെന്തു നീ ജെസ്സി, മനസ്സിന്‍റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ ?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്‍റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കി നാം നില്‍ക്കവേ,
നിദ്രാടനത്തിന്‍റെ സങ്കീര്‍ണസായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പിന്നെ  നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ട കൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
എങ്ങും  മുഖം മൂടി നിന്നെ നോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

നിന്‍റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമ 

തെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോ 
കണ്ണീരുറഞ്ഞ നിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
സ്നേഹം  പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധസമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീങ്ങീടവേ
കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
അസ്ഥികൂടങ്ങളെ മജ്ജയില്ലാത്തോരാ 

ദുഃഖ കീടങ്ങളെ , തെറ്റിന്‍തരങ്ങളെ?

താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ, എന്‍റെ
ജെസ്സീ നിനക്കെന്തു തോന്നി ???