Friday, 22 November 2013

പുത്തന്‍ യേശുപുരംവഴി കുറുക്കന്‍ചന്ത


    യുക്തിവാദത്തിലും കവിതയിലും അതീവതാല്‍പ്പര്യമുള്ള എന്‍ എം ശശിയാണ് കുറുക്കന്‍ ചന്തയില്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടും കഴിഞ്ഞു. കുറുക്കന്‍ ചന്ത കാണാനില്ല. പറഞ്ഞുതന്ന അടയാളങ്ങള്‍ ശ്രദ്ധിച്ച് ഒരു കവലയിലെത്തി. അവിടെയും കുറുക്കന്‍ ചന്തയില്ല. പകരം ഒരു ചെറിയ ആരാധനാലയമുണ്ട്. യേശുപുരം എന്ന് എഴുതിവച്ചിട്ടുമുണ്ട്. കുറുക്കന്‍ ചന്ത പരിണമിച്ചതാണോ യേശുപുരം എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് മറ്റൊരു വന്‍ഫലകം ശ്രദ്ധയില്‍പെട്ടത്. പച്ച അക്ഷരങ്ങളില്‍ - പുത്തന്‍ചന്ത.


ആ സ്ഥലത്തിന്റെ പേര് കുറുക്കന്‍ ചന്തയെന്നായിരുന്നു. ആ സ്ഥലത്ത് ഒരു ക്രൈസ്തവാരാധനാലയം സ്ഥാപിച്ചപ്പോള്‍ ഏകപക്ഷീയമായി കുറുക്കന്‍ ചന്ത യേശുപുരമായി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഹൈന്ദവാഭിമാനം ഉണര്‍ന്നു. കുറുക്കനെ പുത്തനാക്കി. പുത്തന്‍ ചന്തയെന്ന ബോര്‍ഡും വച്ചു. ഇപ്പോള്‍ ബസ്സില്‍ ടിക്കറ്റെടുക്കുമ്പോള്‍ മതപരമായ വേര്‍തിരിവോടെ ആളുകള്‍ സ്ഥലപ്പേരു പറയുന്നു. പഴയവര്‍ കുറുക്കന്‍ ചന്തയെന്നും പറയുന്നു.


നാട്ടുപേരുകള്‍ കൗതുകകരമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പേരില്‍ കേരളത്തില്‍ നാട്ടുപേരുകള്‍ ഉണ്ട്. ആനക്കയം, കുതിരമുനമ്പ്, മന്തിപ്പാറ, പുലിയൂര്‍, പട്ടിമറ്റം, കടുവാത്തോട്, ഓന്തുപച്ച, കാക്കനാട്, പരുന്തിന്‍പാറ, പോത്തുകല്ല്, എരുമപ്പെട്ടി, കാളകെട്ടി, മയിലാടുംപാറ, തത്തമംഗലം.... ഇങ്ങനെ നിരവധിപേരുകള്‍ ഉണ്ടല്ലൊ. 


ചരിത്രപരമായ കാരണങ്ങളാല്‍ മാറിപ്പോയ ചില പേരുകളുമുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരിയായതാണ് പ്രബലമായ ഒരു ഉദാഹരണം. രാജാകേശവദാസന്റെ ഓര്‍മ്മയ്ക്കുവേണ്ടിയാണ് തിരുവനന്തപുരത്തെ കറ്റചക്കോണം കേശവദാസപുരമായത്.


രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്ന ചില നാട്ടുപേരുകളും കേരളത്തിലുണ്ട്. മാര്‍ത്താണ്ഡപുരം, സേതുലക്ഷ്മിപുരമെന്ന എസ് എല്‍ പുരം തുടങ്ങിയവ ഉദാഹരണങ്ങള്‍.


എന്നാല്‍ സമീപകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം വര്‍ഗീയ ഛായയുള്ള പേരുകളാണ്. മലമുകളില്‍ കുരിശുനാട്ടി കുരിശുമലയാക്കുന്നത് ഒരു ഉദാഹരണം. നഗരങ്ങളില്‍ ഭൂരിപക്ഷ ജനതയുടെ ആധിപത്യപ്രകാരം കൃഷ്ണനഗറും ഹിദായത്തുനഗറുമൊക്കെ രൂപപ്പെടുന്നുണ്ട്. കുഞ്ഞിപ്പള്ളി, കണ്ണപുരം തുടങ്ങിയ പഴയപേരിന്റെ ചാരുത ഈ പുതിയ പേരുകള്‍ക്കില്ല. 


നാട്ടിന്റെ പേരുമാറ്റി വര്‍ഗീയ ഛായയുള്ള പേരിടുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് വര്‍ഗീയ സ്ഥലനാമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്.


കേരളം കണ്ട ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, നാട്ടുപേരിന്റെ വര്‍ഗീയവല്‍ക്കരണത്തെ സ്‌നേഹവും ബുദ്ധിയുമുപയോഗിച്ച് ഒഴിവാക്കിയത് ഓര്‍ക്കാവുന്നതാണ്.


ഇന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് നില്‍ക്കുന്ന സ്ഥലത്തിന്റെ പഴയപേര് കുഞ്ഞിമായീന്റടി എന്നായിരുന്നു. കോളജിനു തറക്കല്ലിടാന്‍ വേണ്ടി കാസര്‍കോട് പുലിക്കുന്നിലെ പഴയ ടൂറിസ്റ്റ് ബംഗ്ലാവില്‍ എത്തി വിശ്രമിച്ച മുണ്ടശ്ശേരിയെ കാണാന്‍ അമ്പതുപേരിലധികമുള്ള ഒരു സംഘമെത്തി. കോളജിനായി തെരഞ്ഞെടുത്ത സ്ഥലത്തിന് കൃഷ്ണനഗര്‍ എന്നുപേരിടണമെന്നായിരുന്നു നിവേദനം. ഇതറിഞ്ഞ മാത്രയില്‍ത്തന്നെ മുസ്‌ലിങ്ങള്‍ സംഘടിച്ച് ബദല്‍ജാഥയായി ചെന്ന് തന്‍ബീദാബാദെന്ന് പേരിടണമെന്നാവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി രണ്ടുകൂട്ടരേയും ബോധ്യപ്പെടുത്തി മറ്റൊരുപേര് മുന്നോട്ടുവച്ചു. അതാണ് ഇന്നത്തെ വിദ്യാനഗര്‍. നായന്മാര്‍മൂലയും സക്കറിയാബസാറും ആശാരിപ്പള്ളവും കുറവന്‍കോണവുമൊക്കെയുള്ള കേരളത്തിലാണ്, വിദ്യാഭ്യാസമന്ത്രിയുടെ വിദ്യാനഗര്‍ വേരുറച്ചത്.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ഭാവന സാക്ഷാല്‍ക്കരിച്ച വിദ്യാനഗറില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയവും ചിന്മയാമിഷന്‍ സ്‌കൂളും സര്‍ക്കാര്‍ അന്ധവിദ്യാലയവും വികസനത്തിന്റെ വന്‍ഗോപുരങ്ങള്‍ കയറിയ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള നായന്മാര്‍മൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.


ജാതിയും മതവുമൊക്കെയുണ്ടെങ്കിലും കൊല്ലത്തെ മതേതര ജംഗ്ഷനും കൗതുകമുള്ള സ്ഥലനാമമാണ്. നാട്ടുപേരുകളെ മതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല.

Friday, 8 November 2013

ഉദ്ഘാടനവേദിയിലെ നിലവിളക്ക്


    ഉദ്ഘാടനച്ചടങ്ങിന്റെ ഉത്സവമേഖലയാണ് കേരളം. മുന്നൂറ്ററുപത്തഞ്ചു ദിവസവും ഉദ്ഘാടനം നടക്കുന്ന ഭൂമിയിലെ ഏകപ്രദേശം. ഉദ്ഘാടനം ചെയ്തതിനുശേഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചില മിനുക്കുപണികളൊക്കെ നടത്തി വീണ്ടും ഉദ്ഘാടനം ചെയ്യുന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.


ശവശരീരത്തിനാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം പോലുമുണ്ട് കേരളത്തില്‍. നാഷണല്‍ ഹൈവേയില്‍ ഇത്തിക്കരയാറ്റിനു കുറുകെയുള്ള പാലം അങ്ങനെയുള്ളതാണ്. പൊതുമരാമത്തു മന്ത്രിയുടെ മൃതദേഹം കടന്നുപോയതോടുകൂടി ഈ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതായി അവിടെ ശിലാഫലകവുമുണ്ട്. നേരത്തും കാലത്തും മന്ത്രിമാരെ കിട്ടാഞ്ഞ് കാളയെയും കഴുതയെയുമൊക്കെ കടത്തിവിട്ട് ജനങ്ങള്‍ തന്നെ ഉദ്ഘാടിച്ച പാതകളും കേരളത്തിലുണ്ട്.


അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തി മാന്യവ്യക്തികളെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും കേരളീയരുടെ സവിശേഷതയാണ്. ഈ രീതി, കീഴാള വധുവിന്റെ ആദ്യരാത്രി, തമ്പുരാനോടൊപ്പം ആയിരിക്കണമെന്ന നീചനിബന്ധനയ്ക്കുപോലും ചൂട്ടുപിടിച്ചിരുന്നു.


രണ്ടുമന്ത്രിമാരുടെ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം രണ്ടുപേരുംകൂടി നാടവലിച്ചുപൊട്ടിച്ച് ഉദ്ഘാടിക്കുന്ന ഒരു ചെമ്മനം ചിത്രവുമുണ്ട്.


മിക്ക ചടങ്ങുകളും നിലവിളക്കു കൊളുത്തിയാണുദ്ഘാടനം. നിലവിളക്ക് വില്ലനായത് മുസ്‌ലിം ലീഗുമന്ത്രിമാര്‍ കൊളുത്താതെ മാറി നിന്നപ്പോഴാണ്. അവര്‍ നിലവിളക്കു കൊളുത്താതിരുന്നത് യുക്തിവാദികളായതുകൊണ്ടൊന്നുമല്ല. നിലവിളക്കുകൊളുത്തുന്നത് ഹൈന്ദവാചാരമാണെന്നും അത് അനിസ്‌ലാമികമാണെന്നും അവര്‍ കരുതുന്നതു കൊണ്ടാണ്.


പകല്‍വെളിച്ചത്തില്‍ വിളക്കുകൊളുത്തുന്നതില്‍ യുക്തിയൊന്നുമില്ലെങ്കിലും അത് ഹൈന്ദവാചാരമാകണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. വിളക്കുകൊളുത്തുന്നയാള്‍ കുളിച്ച് കുറിയിട്ടിരിക്കണം. വലതുകരം കൊണ്ടുമാത്രമേ കൊളുത്താവൂ. അപ്പോള്‍ വലതുകൈത്തണ്ടയില്‍ ഇടതുകൈ സ്പര്‍ശിച്ചിരിക്കണം. കിഴക്കോട്ടുള്ള തിരിയേ ആദ്യം കൊളുത്താന്‍ പാടുള്ളു. ഒരു കാരണവശാലും ചെരുപ്പിടാന്‍ പാടില്ല. ഇത്രയുമൊക്കെ അനുഷ്ഠിച്ചാലും അഹിന്ദുവായ ഒരാള്‍ ചെയ്താല്‍ അത് ഹൈന്ദവാചാരമാവുകയുമില്ല. മതവിശ്വാസമനുസരിച്ച് അമുസ്‌ലീമായ ഒരാള്‍ മക്കയെ ലക്ഷ്യമാക്കി മുട്ടുകാലിലിരുന്ന് നെറ്റി തറയില്‍ മുട്ടിച്ചാല്‍ വ്യായാമപരമായ ശാരീരിക പ്രയോജനമല്ലാതെ ആത്മീയ പ്രയോജനം ഉണ്ടാവുകയില്ലല്ലൊ. 
ചെറുവ്യത്യാസം മാത്രമുള്ള സിഖുമത പ്രാര്‍ഥനയുടെകാര്യവും വ്യത്യസ്തമല്ല. 


അപ്പോള്‍, സ്‌നാനപരിഗണനയോ കിഴക്കുതെക്കെന്ന പരിഗണനയോ കൂടാതെ പാദുകമണിഞ്ഞ് നിലവിളക്കു കൊളുത്തുന്നത് ഹൈന്ദവാചാരമല്ല. വിളക്കുതെളിക്കുമ്പോള്‍ ഹിന്ദുദൈവവിചാരവും വേണ്ട. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് എന്ന ദര്‍ശനത്തിന്റെ പ്രതീകമായും കണക്കാക്കാം. ഈ ദര്‍ശനം പ്രതീകവല്‍ക്കരിക്കാനാണെങ്കില്‍ നിലവിളക്കുതന്നെ വേണോ? ചെറുപന്തങ്ങള്‍ പോരേ? കൂടുതല്‍ കേരളീയതയും ഉണ്ടാകുമല്ലൊ.


ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലാരംഭിച്ച കേരള ചലച്ചിത്ര അക്കാദമിയുടെ ഉദ്ഘാടനം, വിശിഷ്ട വ്യക്തികളോടൊപ്പം സദസ്യരും മണ്‍വിളക്കുകള്‍ കൊളുത്തി ഇരുട്ടില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു. വിളക്കുകൊളുത്തിയാലും ഇല്ലെങ്കിലും സംഘാടകരുടെ കീശകാലിയാണെങ്കില്‍ ഒരു അക്കാദമിയും വിജയിക്കില്ല.


ഇരുട്ടില്‍ വെളിച്ചത്തിനായി പുരയ്ക്കു തീകൊളുത്തിയാലും വിളക്കുകൊളുത്തില്ല എന്ന ദുര്‍വാശി ശരിയല്ലെങ്കിലും വെളിച്ചമുള്ള വേദികളില്‍ നിലവിളക്കു കൊളുത്തുന്നതിനുപകരം മറ്റൊരു ഉദ്ഘാടന രീതി കണ്ടെത്തുകയാണ് അഭികാമ്യം.
 

Thursday, 31 October 2013

കല്യാണക്കത്തിലെ വര്‍ഗീയമുദ്രകള്‍

 
പണ്ടൊക്കെ വിവാഹത്തിന് കത്ത് ഉണ്ടായിരുന്നില്ല. ബന്ധുവീടുകളിലും അയല്‍വീടുകളിലും ചെന്നു പറയുകയായിരുന്നു. താംബൂല ചര്‍വണം പ്രായഭേദമെന്യേ സര്‍വസമ്മതമായിരുന്നതിനാല്‍ മംഗലം വിളിക്കാന്‍ പോകുന്നവര്‍ വെറ്റിലയും അടക്കയും പുകയിലയും മറ്റും കൊണ്ടു പോയി കാരണവര്‍ക്ക് കാഴ്ചവയ്ക്കുമായിരുന്നു.


നമ്മള്‍ സൗകര്യങ്ങളിലേക്ക് കടന്നു ചെന്നപ്പോള്‍, നേരിട്ടുള്ള ക്ഷണം കുറഞ്ഞു. കത്തുകളും ഫോണ്‍വിളികളുമൊക്കെയായി അതു വികസിച്ചു.
ഇപ്പോഴാകട്ടെ, കാര്യമറിയിക്കുക എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും മാറി കല്യാണക്കത്തുകള്‍ ആര്‍ഭാടത്തിന്റെയും വര്‍ഗീയതയുടെയും മുദ്രകളായി മാറിയിരിക്കുന്നു.


ഒരു സായിപ്പും മദാമ്മയും കല്യാണത്തിന് വരാനില്ലെങ്കിലും കേരളീയര്‍ മാതൃഭാഷ ഉപേക്ഷിച്ച് ധ്വരഭാഷയില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയാണ്. ഇംഗ്ലീഷില്‍ അച്ചടിച്ച കല്യാണക്കത്തുകളുമായി ബന്ധുവീടുകളില്‍ ചെന്ന് മലയാളത്തില്‍ കാര്യമറിയിച്ച് മലയാളത്തില്‍തന്നെ ക്ഷണിക്കുന്ന കേരളീയ രക്ഷകര്‍ത്താക്കള്‍ വര്‍ത്തമാനകാലത്തെ സഞ്ചരിക്കുന്ന ഫലിതമാണ്. 


കല്യാണകക്കത്തുകള്‍ വധൂവരന്മാരുടെയും രക്ഷകര്‍ത്താക്കളുടെയും ജാതിയും മതവും ബോധ്യപ്പെടുത്തുന്ന വര്‍ഗീയമുദ്രകളുടെ വാഹകരുമാകുന്നുണ്ട്. മതസൂചനയുള്ള ചില വാചകങ്ങള്‍ കത്തിന്റെ നെറ്റിയില്‍ത്തന്നെ അച്ചടിച്ചു വയ്ക്കും. അതുമല്ലെങ്കില്‍, ചിത്രങ്ങള്‍.


അധികം കത്തുകളിലും ഗണപതിയുടെ ചിത്രമാണ് കാണാറുള്ളത്. പെരുച്ചാഴി അറ്റാച്ച്ഡും അല്ലാത്തതും. ഗണപതിയുടെ ചിത്രം കല്ല്യാണക്കത്തില്‍ അച്ചടിക്കുന്നത് ഒരു വിരോധാഭാസമാണ്. കാരണം ഗണപതി കല്യാണമേ കഴിച്ചിട്ടില്ല.


മറ്റൊരുചിത്രം നാരായണഗുരുവിന്റേതാണ്. അദ്ദേഹത്തിനു വേണ്ടി കെട്ടിയെടുക്കപ്പെട്ട സ്ത്രീയെ ഓട്ടക്കണ്ണു കൊണ്ടുപോലും നാരായണ ഗുരു നോക്കിയില്ല. പാവം ആ സ്ത്രീ കണ്ണീരോടെ പിരിഞ്ഞു പോവുകയായിരുന്നല്ലൊ. വിജാതീയ ആദര്‍ശ വിവാഹങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരു സ്വജീവിതത്തില്‍ സ്ത്രീക്കു പ്രവേശനം നല്‍കിയില്ല.


മറ്റൊരു ചിത്രം മിത്തായ ശ്രീകൃഷ്ണന്റേതാണ്. മാതൃകാപരമായ ഒരു കുടുംബജീവിതം ആ കഥാപാത്രത്തിനുമില്ല. പതിനാറായിരത്തെട്ടു ഭാര്യമാരെന്നാണു കഥ. ഇനിയുമൊരു ചിത്രം ശ്രീരാമന്റേത്. ഗര്‍ഭിണിയായ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച കഥാപാത്രമാണ്. ഈ ചിത്രങ്ങളൊന്നും തന്നെ സ്‌നേഹപൂര്‍ണമായ ഒരു ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്നതല്ല.


അടുത്തകാലത്ത് മനസില്‍ തട്ടിയ ലാളിത്യമുള്ള ഒരു കല്യാണക്കത്ത്. രാഷ്ട്രീയ നേതാവായ സി പി ജോണ്‍ അയച്ച് തന്നതാണ്. അദ്ദേഹത്തിന്റെ പുത്രിയെ ഒരു ഇംഗ്ലണ്ടുകാരന്‍ വിവാഹം ചെയ്യുന്ന കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് പച്ചമലയാളത്തിലായിരുന്നു. മറ്റൊരു കത്ത് കേരളയുക്തിവാദി സംഘം സെക്രട്ടറി രാജഗോപാല്‍ വാകത്താനം അയച്ചു തന്നതായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയുടെ ആദര്‍ശ വിവാഹക്കാര്യം മലയാളത്തിലച്ചടിച്ചാണറിയിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് നിയമമനുസരിച്ചാണ് വിവാഹം എന്ന കാര്യം കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.


നോക്കൂ, ഒരു കത്തിന് അഞ്ഞൂറിലധികം രൂപ ചെലവാക്കുന്ന ദുരഭിമാനികളായ മലയാളികള്‍ക്കിടയിലാണ് ഈ മാതൃകാ വിവാഹക്കത്തുകള്‍ ഉണ്ടായത്.


കനക, രജത ലിപികളില്‍ അച്ചടിച്ച കത്തുകള്‍, പഴമുറത്തിന്റെ വലുപ്പമുള്ള കല്യാണക്കത്തുകള്‍! മലയാളികളുടെ ഈ ആഡംബര, വര്‍ഗീയഭ്രമങ്ങള്‍ എന്നാണവസാനിക്കുക.
 

അരിയുണ്ടെന്നാലങ്ങോര്‍ അന്തരിക്കുകില്ലല്ലൊ


 
മരണാനന്തരം മൃതദേഹത്തെ മുന്‍നിര്‍ത്തി എന്തെല്ലാം കോപ്രായങ്ങളാണ് മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്. ഈ മതാചാര മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, സ്‌നേഹമോ ദയയോ തൊട്ടുതീണ്ടിയിട്ടേയില്ല.


അടുത്തകാലം വരെ ഉണ്ടായിരുന്ന ഒരു ദുരാചാരം ശവത്തെ ഉടുപ്പിച്ചിട്ടുള്ള മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുകയെന്നതായിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലിയായിട്ടാണ് ഈ നാണയം നശിപ്പിച്ചിരുന്നത്. പുതിയകാലത്ത്, വൈതരണിക്കു കുറുകെ പാലം വന്നതുകൊണ്ടാകാം ഈ ദുരാചാരം ഇപ്പോള്‍ വ്യാപകമല്ല. ഇരുപത്തഞ്ചു പൈസ അടക്കമുള്ള നിരവധി നാണയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് പിന്‍വലിച്ചിട്ടുണ്ട്. ഇതെല്ലാം പരലോകത്തും ബാധകമാണ്. എടുക്കാത്ത നാണയങ്ങള്‍ കോന്തലയില്‍ കെട്ടാറില്ല.


കോടിയിലാണ് മറ്റൊരു ദുരാചാരം. മരണപ്പെട്ട ആളിന്റെ ബന്ധുക്കള്‍ ഒരു പുത്തന്‍ തുണി വാങ്ങിക്കൊണ്ടു വന്ന് ശവത്തെ പുതപ്പിക്കുന്നു. ഒരാള്‍ ബന്ധുകുടുംബങ്ങളുടെ പേരുകള്‍ വിളിച്ചു പറയുന്നു. ഓരോ കുടുംബവും കോടി പുതപ്പിക്കണമെന്നാണ് അലിഖിതനിയമം. കോടിയില്ലെങ്കിലോ? പുതപ്പിച്ച കോടിയുടെ തലവശവും കാല്‍വശവും ഒന്നു ചലിപ്പിക്കും. അതോടെ പുതിയ കോടിയിട്ടതായി കണക്കാക്കും. പഴുതില്ലാതെന്തു പരലോകം.


മുണ്ടിന്റെ കോന്തലയില്‍ നാണയം കെട്ടിവയ്ക്കുന്നവരും കോടിവസ്ത്രം പുതപ്പിക്കുന്നവരും കഥാപുരുഷന്‍ കഥാവശേഷനാകുന്നതിന് മുമ്പ് ഒരു തുണ്ടു തുണിയോ ചില്ലിക്കാശോ നല്‍കി സഹായിച്ചിട്ടുള്ളവര്‍ ആയിരിക്കില്ല. ചാവിന്നു ബന്ധുത്വമേറുമല്ലൊ/ചാവാതിരിക്കുമ്പൊഴെന്തുമാട്ടെ എന്ന് കടമ്മനിട്ട ചൊല്ലിയതുപോലെയാണിത്.


മറ്റൊരസംബന്ധം വായ്ക്കരിയിടലാണ്. ശവത്തിന്റെ വായിലേക്ക് ഉണക്കലരി കുത്തിക്കയറ്റുക, പാവം ശവം ഇന്നേവരെ, ഇത്തരം അതിക്രമങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല. 


കട്ടിലില്‍ നിന്നും നിലത്തിറക്കിക്കിടത്തിയ മൃതദേഹത്തിന് ചുറ്റും ഉണക്കലരി വിതറുന്നതാണ് മറ്റൊരു കോപ്രായം. ഈ അന്ധവിശ്വാസത്തിനെതിരേയുള്ള ഗംഭീരമായൊരു താക്കീതാണ് അരിയില്ലാഞ്ഞിട്ട് എന്ന വൈലോപ്പിള്ളിക്കവിത.


എഴുപതുവര്‍ഷം മുമ്പാണ് മഹാകവി ഈ കവിതയെഴുതിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്ലേഗുപോലെ തിരിച്ചു വരുന്ന ഇക്കാലത്ത് അരിയില്ലാഞ്ഞിട്ടെന്ന കവിതക്ക് കൂടുതല്‍ പ്രസക്തിയുണ്ടാകുന്നു.


പാവപ്പെട്ട ഒരു മനുഷ്യന്‍ അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു സഹായവും ചെയ്തിട്ടില്ലാത്ത ബന്ധുക്കള്‍, മരിച്ചപ്പോള്‍ വീട്ടിലെത്തി അവര്‍ ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ചിലര്‍ മാവുവെട്ടുന്നുണ്ട്. തെക്കേപ്പറമ്പിലെ ശ്മശാനത്തിലേക്ക് എളുപ്പവഴിയൊരുക്കാനായി ചിലര്‍ വേലിതട്ടി മാറ്റുന്നുണ്ട്. അയലത്തെ പണക്കാരന്റെ വീട്ടില്‍ നിന്നും ശവക്കച്ചക്കുള്ള കാശും കിട്ടി. എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി. ഇനി ശവത്തിനു ചുറ്റും തൂവാന്‍ ഇത്തിരി ഉണക്കലരി വേണം. മരിച്ചുപോയ ആളിന്റെ ഭാര്യയോട് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളോടെയാണ് മഹാകവി കവിത അവസാനിപ്പിച്ചത്. 'അരിയുണ്ടെന്നാലങ്ങോര്‍, അന്തരിക്കുകില്ലല്ലൊ'.


പാവം വിധവയുടെ കനല്‍ നിറഞ്ഞ ഈ മറുപടിയില്‍ കണ്ണീരും ജീവിതവും തുടിച്ചു നില്‍ക്കുന്നു. ആരോരും സഹായിക്കാനില്ലാതെ, പട്ടിണി കിടന്നാണ് ആ മനുഷ്യന്‍ മരിച്ചത്. ആ മരണവീട്ടിലാണ് അന്ധവിശ്വാസത്തിന്റെ പദാനുപദനിര്‍വഹണം നടത്തുന്നത്. മരണത്തിന് ശേഷം ദുരാചാരം നടപ്പാക്കുകയല്ല ജീവിച്ചിരിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മഹാകവി വൈലോപ്പിള്ളി നമ്മളോട് പറയാതെ പറയുന്നു.


മഹാകവി വൈലോപ്പിള്ളി, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും എതിര്‍പക്ഷത്തായിരുന്നു. യഥാര്‍ഥ കവികള്‍ക്ക് അങ്ങനെയേ ആകാന്‍ കഴിയൂ.
 

മരണവീട്ടിലെ ജാതിക്കൊടികള്‍



ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.


മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ. 


ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം. 


നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ. 

ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്. 


മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.


കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ? 
മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ? 


മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. 


മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.


മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്. 


ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.


കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.
 

Monday, 2 September 2013

നരേന്ദ്ര ധാഭോല്‍ക്കര്‍ അനശ്വര രക്തസാക്ഷി

മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നപ്പോള്‍ ഹിന്ദുവര്‍ഗീയ വാദികള്‍ കരുതിയത് ഇതോടെ ഗാന്ധിയെ കൊണ്ടുള്ള ശല്യം അവസാനിച്ചു എന്നാണ്. മഹാത്മാഗാന്ധി മരണാനന്തരം ലോകത്തെവിടെയും പ്രസക്തനാകുന്നതാണല്ലോ പിന്നെ കണ്ടത്. അതുപോലെയാണ് ഹിന്ദുവര്‍ഗീയ വാദികളുടെ വെടിയേറ്റു മരിച്ച ഡോ. നരേന്ദ്ര ധാഭോല്‍ക്കറുടെയും കാര്യം. അദ്ദേഹം പതിനെട്ടുവര്‍ഷം മുമ്പ് എഴുതിയുണ്ടാക്കിയ ദുര്‍മന്ത്രവാദ നിരോധന ബില്‍ മഹാരാഷ്ട്രയില്‍ നിയമമാവുകയാണ്.

ആതുരസേവനരംഗം ഉപേക്ഷിച്ച് മുഴുവന്‍ സമയ യുക്തിവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ധിഷണാശാലിയായിരുന്നു ധാഭോല്‍ക്കര്‍. മഹാരാഷ്ട്രയിലെ ജനദ്രോഹ അന്ധവിശ്വാസങ്ങളാണ് അതിനുകാരണമായത്. സ്ത്രീകളെ പിശാചെന്നു മുദ്രകുത്തി കൊല്ലുക, ദൈവപ്രീതിക്കുവേണ്ടി മനുഷ്യക്കുരുതിയും മൃഗക്കുരുതിയും നടത്തുക, അയിത്തമാചരിക്കുക, സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ അവിശ്വസനീയ ആചാരങ്ങളാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നത്. ഇതിനെതിരേയുള്ള ബില്ലാണ് അദ്ദേഹം എഴുതിയുണ്ടാക്കി ഭരണകൂടത്തെ ഏല്‍പ്പിച്ചത്.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടനയുടെ അധ്യക്ഷനായും സാധന എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഡോ. ധാഭോല്‍ക്കര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

എല്ലാ ഗ്രാമത്തിലും കുടിവെള്ളത്തിനായി കിണര്‍ വേണമെന്ന ആശയവുമായിട്ടായിരുന്നു ഒരു സമരം. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനായി അഹമ്മദ് നഗറിലെ ഷാനിഷിംഗ്പൂര്‍ ക്ഷേത്രത്തിലേയ്ക്കു മാര്‍ച്ചു നടത്തിയത് മറ്റൊരു സമരം. മഹാരാഷ്ട്രയിലെ സായിബാബയും അമൃതാനന്ദമയിയുമൊക്കെയായ നരേന്ദ്ര മഹാരാജ്, നിര്‍മ്മലാദേവി തുടങ്ങിയ ആള്‍ ദൈവങ്ങളുമായി ഏറ്റുമുട്ടിയത് ഇനിയുമൊരുസമരം.

വ്യക്തിജീവിതത്തില്‍ യുക്തിലാവണ്യം പാലിച്ചതായിരുന്നു ഡോ. ധാഭോല്‍ക്കറുടെ നക്ഷത്രശോഭയുള്ള യോഗ്യത - വാസ്തുശാസ്ത്രത്തിന്റെ അര്‍ഥശൂന്യത വെളിവാക്കാനായി തെക്കോട്ടു മുഖമാക്കിയാണ് അദ്ദേഹം വീടുവച്ചത്. മുസ്‌ലീം സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ഹമീദ് ദല്‍വായിയോടുള്ള ആദരവ് സൂചിപ്പിക്കാനായി സ്വന്തം മകന് ഹമീദ് എന്നു പേരിട്ടു. ഹമീദിനെയും മകള്‍ മുക്തയെയും മതരഹിതരായിത്തന്നെ വളര്‍ത്തി. ഇരുവരുടെയും വിവാഹം ജാതിയും ജാതകവും നോക്കാതെ ലളിതമായി നടത്തി. ദലിത് വിമോചനവുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ബോധനയോഗങ്ങളാണ് ഡോ. ധാഭോല്‍ക്കര്‍ സംഘടിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ബില്‍ തടഞ്ഞത് ഭാരതീയ ജനതാപാര്‍ട്ടിയും ശിവസേനയുമാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ ബാബറിപ്പള്ളി പൊളിച്ചപ്പോള്‍ എടുത്ത തന്ത്രം തന്നെ സ്വീകരിച്ചു. എന്തായാലും ഇപ്പോള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന് ബോധോദയം ഉണ്ടായിരിക്കുകയാണ്. രക്തസാക്ഷിത്വത്തിനുശേഷമുള്ള അംഗീകാരം.

പതിവുള്ള പുലരിനടത്തത്തിനിറങ്ങിയതായിരുന്നു ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍. പൂണെയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാതയിലാണ് അദ്ദേഹം വെടിയേറ്റു വീണത്. ദുര്‍മന്ത്രവാദികള്‍ക്ക് കൂടോത്രപ്രയോഗത്തിലൂടെ അദ്ദേഹത്തെ നിര്‍വീര്യനാക്കാനോ നിശ്ശബ്ദനാക്കാനോ ശത്രുസംഹാരപൂജയിലൂടെ നിഗ്രഹിക്കാനോ സാധിച്ചില്ല. ഇത്തരം കൂടോത്രങ്ങള്‍ നിരര്‍ഥകമാണെന്നുള്ള അദ്ദേഹത്തിന്റെ വാദം ശരിയാണെന്നുകൂടി ഈ രക്തസാക്ഷിത്വം തെളിയിക്കുന്നുണ്ട്. വെടിയേറ്റു മരിച്ചതിനാല്‍, മൃതദേഹം പഠനത്തിനു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.

ഡോ. നരേന്ദ്രധാഭോല്‍ക്കറുടെ ചോര നിരപരാധിയായ ഒരു സത്യാന്വേഷകന്റെ ചോരയാണ്. അത് നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതിമത വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന് ഈ രക്തസാക്ഷിത്വം ഊര്‍ജം പകരുകതന്നെ ചെയ്യും.

Wednesday, 21 August 2013

അമ്പലമുറ്റത്തെ ആരാമവും അന്ധവിശ്വാസകൃഷിയും


ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുമ്പോള്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണ്ടുപിടിച്ചിരിക്കുന്നു. കേരളീയര്‍ക്ക് സാമ്പത്തിക ഐശ്വര്യം തന്നത് തെങ്ങും റബറും കശുമാവുമാണ്. ഈ മൂന്നുമരങ്ങളും ആരുടെയും ജന്മനക്ഷത്രവൃക്ഷങ്ങളല്ല.

അമ്പലപരിസരത്താണ് ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടേണ്ടത്. വെറുതെയങ്ങുനട്ടിട്ട് ഐശ്വര്യം അനുഭവിക്കാന്‍ കുടുംബത്തില്‍ പോയിരുന്നാല്‍ പോര, വെള്ളമൊഴിച്ചു പരിപാലിക്കുകയും വേണം. നട്ടവര്‍ തന്നെ വെള്ളമൊഴിക്കണമെന്നില്ല. ഐശ്വര്യവൃദ്ധിയുടെ ആ അടുക്കളപ്പണി ദേവസ്വം ബോര്‍ഡ് ചെയ്തുതരും. മൂവായിരത്തി അറുന്നൂറ് രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നേയുള്ളൂ.

വമ്പന്‍ ഐശ്വര്യം സംഭാവന ചെയ്യാന്‍ കഴിവുള്ളത് സീസണല്‍ ദൈവമായ ശബരിമല അയ്യപ്പനാണല്ലൊ. സഞ്ചാരം പുലിപ്പുറത്താകയാല്‍ ജനസാന്നിദ്ധ്യമുള്ളപ്പോള്‍ ആ ദൈവത്തെ പ്രതീക്ഷിക്കുകയും വേണ്ട. അതിനും പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. സന്നിധാനത്തിലേക്കുള്ള ശരണവഴിയുടെ ഇരുവശത്തും ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുക. അനുഗ്രഹദാതാവ് ഫോര്‍ത്ത് ഗിയറില്‍ പുലിയെ ഓടിച്ചുവരുമ്പോള്‍ മരമായി നില്‍ക്കുന്ന ഐശ്വര്യയാചകനെ എങ്ങനെ തിരിച്ചറിയും? അതിനും ദേവസ്വം ബോര്‍ഡിനു പരിഹാരമുണ്ട്. നട്ടവരുടെ പേര് അതാതു വൃക്ഷങ്ങളില്‍ ബോര്‍ഡിലെഴുതി തൂക്കുക. അതായത്, കാഞ്ഞിരം നട്ടത് അനന്തന്‍പിള്ളയാണെങ്കില്‍ കാഞ്ഞിരക്കൊമ്പില്‍ അശ്വതി അനന്തന്‍പിള്ള എന്ന ബോര്‍ഡ് തൂങ്ങും. അനന്തന്‍പിള്ള മരിച്ചു കഴിഞ്ഞാലും ഐശ്വര്യം അനന്തമായി പ്രവഹിച്ചുകൊണ്ടിരിക്കും.

മനുഷ്യന്റെ പേരും തൂക്കി നില്‍ക്കുന്ന മരങ്ങള്‍ ഒരു കാഴ്ചതന്നെ ആയിരിക്കും. പയിന്‍മരക്കൊമ്പില്‍ മൂലം മുകുന്ദന്‍ മേനോന്‍. കരിമ്പനയില്‍ ഉതൃട്ടാതി ഉര്‍വ്വശിനായര്‍. നാരകത്തില്‍ ആയില്യം ആതിരക്കുറുപ്പ്. മാങ്കൊമ്പില്‍ പൂരുരുട്ടാതിപ്പുരുഷോത്തമക്കൈമള്‍. അഹിന്ദുക്കള്‍ക്ക് നാളും നക്ഷത്രവൃക്ഷവും ഇല്ലാത്തതിനാല്‍ അവരാരും മരക്കൊമ്പില്‍ തുങ്ങുകയില്ല.

എന്താണീ ജന്മനക്ഷത്രവൃക്ഷം? അത് പ്രാകൃതമനുഷ്യന്റെ ഒരു ഭാവനയാണ്. നക്ഷത്രങ്ങള്‍ ആകാശത്തുള്ളതിനാല്‍ മാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപത്മനാഭനെപോലെയും നീര്‍ക്കുന്നത്തെ കറുത്തമ്മയെ പോലെയും സത്യമാണെന്നു തോന്നിപ്പിക്കുന്ന ഒരു ഭാവന.

ഹിന്ദുമതക്കാരുടെ തട്ടിപ്പുശാസത്രമായ ജ്യോതിഷമനുസരിച്ച് ഇരുപത്തേഴ് നക്ഷത്രങ്ങളാണുള്ളത്. ഹിന്ദുമതക്കാര്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ കവിടിനിരത്തി നക്ഷത്രം കണ്ടുപിടിക്കും. അയല്‍വാസി ആയില്യമായാല്‍ വീടുമുടിയും; മകം പിറന്ന മങ്ക ഐശ്വര്യവതി തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ദേവത, ഗണം, യോനി, ഭൂതം, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുമുണ്ട്. ഉദാഹരണത്തിന് അത്തം നക്ഷത്രത്തില്‍ പിറന്ന അനൂപ്‌മേനോൻ ദേവഗണവും സ്ത്രീയോനിയും ആയിരിക്കും. ആ പാവപ്പെട്ടവന്റെ ഭൂതം അഗ്നിയും മൃഗം പോത്തും പക്ഷി കാക്കയും വൃക്ഷം അമ്പഴവുമായിരിക്കും. ഈ സങ്കല്‍പ്പങ്ങളെ സത്യമെന്നു വിശ്വസിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ദേവസ്വം ബോര്‍ഡ് ഐശ്വര്യക്കൊഞ്ചുകൊരുത്ത ചൂണ്ടയെറിയുന്നത്.

അന്ധവിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ ജന്മനക്ഷത്ര മൃഗശാലയും പക്ഷിശാലയും കൂടി ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പൂരം പങ്കജാക്ഷിക്കുറുപ്പ്, ചോതിചന്ദ്രന്‍ പിള്ള, വിശാഖം വിനോദ് നമ്പ്യാര്‍ തുടങ്ങിയ നെയിംബോര്‍ഡും തൂക്കി യഥാക്രമം ചുണ്ടെലി, പോത്ത്, സിംഹം തുടങ്ങിയ ജീവികളെയും വളര്‍ത്താമല്ലൊ.

ഇനി, പക്ഷിസ്‌നേഹികളാണെങ്കില്‍ അനിഴം മുതല്‍ തിരുവോണം വരെയുള്ളവര്‍ക്ക് കോഴിവളര്‍ത്തലും പൂരം മുതല്‍ വിശാഖം വരെയുള്ളവര്‍ക്ക് കാക്ക വളര്‍ത്തലും സ്‌പോണ്‍സര്‍ ചെയ്യാവുന്നതേയുള്ളൂ.

അങ്ങനെയെങ്കിലും മരം വളരട്ടെ എന്നു പറയുന്ന പരിസ്ഥിതിസ്‌നേഹികളോട് മാര്‍ഗ്ഗത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചേ പറയാനുള്ളൂ.
ജന്മനക്ഷത്രവൃക്ഷ കൃഷി, വര്‍ഗ്ഗീയതയും അന്ധവിശ്വാസവും വിളയിക്കുന്നതാണ്.