Wednesday, 15 November 2017

ഒഎന്‍വിയും ഒ മാധവനും സാംബശിവനും



ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥി സമരങ്ങളുടെ തീച്ചൂളയായിരുന്നു- ഒപ്പം സര്‍ഗാത്മകതയുടെയും.

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരു വിദ്യാര്‍ഥി, സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ അംഗത്വം സ്വീകരിക്കുന്നു. സമരങ്ങളിലും സംവാദങ്ങളിലും സജീവമായി ഇടപെടുന്നു. അടുത്ത കൊല്ലം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ആ വിദ്യാര്‍ഥി കോളജ് യൂണിയന്റെ അധ്യക്ഷനാവുക തന്നെ ചെയ്തു.

അന്ന് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ സരോജിനി നായിഡുവിന്റെ സഹോദരനും വിഖ്യാത കവിയുമായിരുന്ന ഹരീന്ദ്രനാഥ ചതോപാധ്യായ ക്ഷണിക്കപ്പെടുന്നു. ഏറ്റവും ശ്രദ്ധേയവും സുവര്‍ണ പ്രഭയുള്ളതുമായ കോളജ് യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു ആ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്നത്. കവിതാ വാസനയില്‍ മുന്നിട്ടുനിന്ന ആ രാഷ്ട്രീയക്കാരന്‍ വിദ്യാര്‍ഥിയാണ് പില്‍ക്കാലത്ത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ഒഎന്‍വി കുറുപ്പ്.


യൂണിയന്‍ സ്പീക്കറും സജീവ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനുമായിരുന്ന മറ്റൊരു കലാകാരനാണ് പിന്നീട് കാഥികന്‍ വി സാംബശിവന്‍ ആയത്. അതേ പാതയിലൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് കാട്ടുകടന്നലും മയ്യഴിപ്പുഴയുടെ തീരങ്ങളിലും അവതരിപ്പിച്ച് മലയാളിയുടെ മനസില്‍ കുടിയേറിയ കാഥികന്‍ വി ഹര്‍ഷകുമാര്‍.


ശ്രേഷ്ഠകവികളായ തിരുനെല്ലൂരും പുതുശ്ശേരി രാമചന്ദ്രനും കലാലയ രാഷ്ട്രീയത്തില്‍ മനസ് വച്ച വരായിരുന്നു. രാഷ്ട്രീയ കലാലയം മലയാളത്തിന് സംഭാവന ചെയ്ത വലിയ പത്രാധിപരാണ് കെ ബാലകൃഷ്ണന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജ് പിക്കറ്റ് ചെയ്ത് ജയിലിലായ വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് നടനും ജനയുഗം വാരികയുടെ പത്രാധിപരുമായി മാറിയ കാമ്പിശ്ശേരി കരുണാകരന്‍. ആയുര്‍വേദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാടകകൃത്ത് തോപ്പില്‍ ഭാസിയും യൗവ്വനാരംഭത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തിയിരുന്നു.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ അധ്യക്ഷനായിരുന്നു കഥാകൃത്ത് എന്‍ മോഹനന്‍. വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ടേ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ബിനോയ് വിശ്വമാണ് ആഫ്രിക്കന്‍ അമ്മമാരുടെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിലേക്ക്, പിന്നോട്ടു പോകാന്‍ തുടങ്ങിയ കേരളത്തെ പിടിച്ചുനിര്‍ത്തിയ കണിയാപുരം രാമചന്ദ്രനും സ്വരലയയുടെ ശില്‍പിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കടമ്മനിട്ട ഫൗണ്ടേഷന്‍ അധ്യക്ഷനുമായ എം എ ബേബിയും മന്ത്രിപദത്തിലിരിക്കുമ്പോഴും കവിതയ്ക്കായി ഉഷ്ണമുഹൂര്‍ത്തങ്ങള്‍ കരുതിവയ്ക്കുന്ന ജി സുധാകരനും രാഷ്ട്രീയ കലാലയത്തിന്റെ സംഭാവനകളാണ്. കവികളായ എസ് രമേശനും രാവുണ്ണിയും കഥാകൃത്ത് അക്ബര്‍ കക്കട്ടിലും പ്രഭാഷകന്‍ സുനില്‍ പി ഇളയിടവും കോളജ് യൂണിയന് നേതൃത്വം നല്‍കിയ രാഷ്ട്രീയ ബോധമുള്ളവരായിരുന്നു.


ശാസ്ത്രാംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു പ്രാദേശിക വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന യുവാവാണ് പില്‍ക്കാലത്ത് ഭരത് മുരളി യായി മാറിയത്.


വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെന്ന നിലയില്‍ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്ന അതുല്യ നാടക നടന്‍ ഒ മാധവനും സൈദ്ധാന്തികനും പത്രാധിപരുമായി മാറിയ തെങ്ങമം ബാലകൃഷ്ണനും കേരളത്തിന്റെ സാംസ്‌കാരിക നഭസിലുണ്ട്.
കലാലയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പുറത്തുവന്ന മറ്റു പ്രതിഭകളില്‍ പെരുമ്പുഴ ഗോപാലകൃഷ്ണനും ആര്‍ എസ് ബാബുവും പ്രഭാകരന്‍ പഴശ്ശിയും ഗീതാനസീറുമുണ്ട്.


കുറച്ചുകാലം മാത്രം ജീവിച്ചുമരിച്ച പരിവര്‍ത്തനവാദി വിദ്യാര്‍ഥിസംഘം എന്ന സംഘടനയോടായിരുന്നു എനിക്ക് ചങ്ങാത്തം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എം എ ജോണ്‍ അടക്കമുള്ള നിരീശ്വരവാദികളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. ജോണിന്റെ കുര്യനാട്ടുള്ള വീട്ടില്‍ പോയപ്പോഴാണ് ഞാന്‍ ശാകുന്തളത്തിന്റെ ഒരു പരിഭാഷ വായിച്ചത്. കാന്താംഗീ നാലടി നടന്നു കൊണ്ടാള്‍ എന്നു തുടങ്ങുന്ന ശ്ലോകം അവിടെവച്ച് കാണാതെ പഠിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്നും പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വന്തമായി വാങ്ങി സൂക്ഷിച്ചതും അക്കാലത്തായിരുന്നു. എ വി ആര്യന്റെ ഒരു ക്ലാസിലും ഞാന്‍ ഇരുന്നിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ആ വര്‍ഷം എന്റെ കവിതയ്ക്കായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്. അക്ഷരങ്ങളെ ആദരിക്കുവാനും കവിതയുടെ വഴിയില്‍ മുടന്തിയും വീണും അല്‍പദൂരമെങ്കിലും സഞ്ചരിക്കുവാനും രാഷ്ട്രീയ കലാലയം എന്നെ സഹായിച്ചിട്ടുണ്ട്.


രാഷ്ട്രീയ കലാലയം മുന്‍മന്ത്രിമാരെ സൃഷ്ടിക്കാനുള്ള ഫാക്ടറികളല്ല അത് സര്‍ഗാത്മകസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന പ്രതിഭകളുടെ ഈറ്റില്ലമാണ്.

ഉൾവാക്കുകൾ


ഞാനെൻ ശരീരം പരീക്ഷണശാലയിൽ 
മേശപ്പുറത്ത് കിടത്തി 
വസ്ത്രങ്ങൾ നീക്കി കൊടുംകത്തിയാലതിൻ
ത്വക്കുടുപ്പും കൊത്തിമാറ്റി

നഗ്നം അതേ പൂർണനഗ്നം അകങ്ങളിൽ
അക്ഷരങ്ങൾ തെളിയുന്നു
അക്ഷരം വാക്കായി
വാക്കു വാക്യങ്ങളായ്
സ്വപ്നമേയല്ല യാഥാര്‍ത്ഥ്യം 

കയ്പുകുടിച്ച് ചുവന്ന മസ്തിഷ്കത്തിൽ ഒറ്റവാക്കേയുള്ളു സ്നേഹം
കണ്ണുകൾക്കുള്ളിൽ നിലാവ്
ചെവിക്കുള്ളിൽ
മങ്ങിയ നെൽകൃഷിപ്പാട്ട്
അന്നനാളത്തിൽ വിശപ്പ്
തോളസ്ഥിയിൽ
ഒന്നിറങ്ങൂ എന്ന വീർപ്പ്

ഹൃദയഭിത്തിപ്പുറത്തവ്യക്തമായ് കണ്ടു
ഹരിതമഷിയിൽ പ്രണയം
ശ്വാസകോശത്തിന്റെയോരോ അറയിലും
വാസംപുക എന്ന വാക്യം
രക്തനാളത്തിൽ സമരം
ആമാശയശല്കത്തിൽ തീരാദുരിതം
വൃക്കയിൽ മോഹങ്ങൾ 
വൻകുടലിൽ സൂര്യൻ
വൃഷണത്തിനുള്ളിൽ അശാന്തി 
മാലിന്യസഞ്ചിയിൽ ജീവിതം
താരാട്ടുപോരെന്ന് തൊണ്ടയും കൈയ്യും

കരളിൽ ബിയർ പാർലർ
വാരിയെല്ലിൽ നാട്ടു-
വഴിയിലെ പുല്ലിന്റെ പേര് 
കാലസ്ഥിയിൽ കാട്ടുപക്ഷി
പാദങ്ങളിൽ
ചൂടിൽനടന്ന കഥകൾ
വാക്കുകൾ നാക്കുകൾ തോരുന്നതേയില്ല
വാക്കിന്റെ പേമാരിയുള്ളിൽ

Thursday, 2 November 2017

ക്യാരറ്റ് ചമ്മന്തിയും അഞ്ചില തോരനും


കുറേക്കാലം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഒരു പാനീയ മേള നടന്നു. കാപ്പിയും ചായയും കള്ളുമൊക്കെ ഒഴിവാക്കി കുടിക്കാന്‍ പറ്റുന്ന മറ്റു പാനീയങ്ങളാണ് മേളയിലുണ്ടായിരുന്നത്. കരിക്കിന്‍വെള്ളം, തേങ്ങാവെള്ളം, മോര്, പച്ചമാങ്ങ കൊത്തിയരിഞ്ഞിട്ട വെള്ളം, ജീരകവെള്ളം, മല്ലിവെള്ളം, ഉലുവാവെള്ളം, പേരയ്ക്കായിലയിട്ട് തിളപ്പിച്ച വെള്ളം, ഞവരയില വെള്ളം, തുളസിയിലവെള്ളം, ഗ്രാമ്പൂവെള്ളം തുടങ്ങി കൗതുകകരമായ നിരവധി പാനീയങ്ങള്‍ ഈ മേളയില്‍ ലഭ്യമായിരുന്നു. അറുപതിലധികം വ്യത്യസ്ത രുചിയും ഗന്ധവുമുള്ള ദാഹശമനികള്‍. ഈ പാനീയമേള രോഗരഹിതമായ ഒരു ജീവിതത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.

ഫാസ്റ്റ് ഫുഡ് എന്ന പേരില്‍ കിട്ടുന്ന പഴകിയതും ചൂടാക്കിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മലയാളിയുടെ ആരോഗ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിട്ടുള്ള, ഷവര്‍മ മരണംപോലും നടന്ന നാടാണല്ലോ നമ്മുടേത്. വാങ്ങാന്‍ കിട്ടുന്ന അരിയില്‍ പോലും റെഡ് ഓക്‌സൈഡും മറ്റും കലര്‍ത്തിയതുമൂലം അരിയാഹാരം കഴിച്ച് ആശുപത്രിയിലായവരുടെ എണ്ണവും കുറവല്ല.

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരത്തിന് ഉത്ഭവകാലത്തോളം തന്നെ ചരിത്രമുണ്ട്. ഉല്‍പ്പത്തി പുസ്‌കത്തിലെ സര്‍പ്പം നീട്ടിയ പഴത്തിന്റെ കെട്ടുകഥയെ നിരാകരിക്കുന്നതാണ് ആഹാര നിര്‍മിതിയുടെ ചരിത്രം. വേട്ടയാടിക്കിട്ടിയ മൃഗത്തിന്റെ പച്ചമാംസം ഭക്ഷിച്ച മനുഷ്യന്‍ തീന്മേശയിലെ വിവിധ രുചിക്കൂട്ടുകള്‍ കലര്‍ന്ന വിഭവങ്ങളിലേക്ക് പരിണമിച്ചതിന് പിന്നില്‍ കാലങ്ങളുടെ പരീക്ഷണോത്സാഹമുണ്ട്. വിശപ്പാറ്റാന്‍വേണ്ടി പൊട്ടിച്ചുകഴിച്ച പഴം വിഷപ്പഴമാകയാല്‍ മരിച്ചുവീണ പാവം മനുഷ്യന്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്തത് ഭക്ഷണസംസ്‌കാരത്തിന് വലിയൊരു പാഠമാണ്. തിന്നാന്‍ കൊള്ളാവുന്നതും തിന്നരുതാത്തതുമായ ഫലങ്ങളും കിഴങ്ങുകളും ഇലകളും ജീവികളും ഏതൊക്കെയെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു.

ഭക്ഷണ പ്രിയനായ ഗണപതിയുടെ കഥകളില്‍ മനുഷ്യനുണ്ടാക്കിയ ഭക്ഷണങ്ങളേയുള്ളു. ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ സ്വയം നിര്‍മിച്ച ഭക്ഷണമാണ് ദൈവത്തിന് നല്‍കിയത്. കള്ളും കോഴിയും അടയും വടയും പായസവും നിവേദ്യങ്ങളായത് അങ്ങനെയാണ്.

ആഹാരപദാര്‍ഥങ്ങളെ സംബന്ധിച്ച ഒരു ചിന്തയ്ക്ക് സന്ദര്‍ഭമുണ്ടാക്കിയത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആയിരുന്നു. അവര്‍ ആവിയില്‍ വേവിച്ചതും മധുരപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായ ആഹാരമുണ്ടാക്കുന്നതില്‍ ഒരു മത്സരം തന്നെ സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ അമ്മമാര്‍ തയാറാക്കിയ ഒരു പാചകപുസ്തകവും ശിശുവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ തയാറാക്കി പ്രകാശിപ്പിച്ചു.

നമുക്കുചുറ്റും കിട്ടുന്ന സസ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ലളിതവും രുചികരവുമായ ഭക്ഷണപദാര്‍ഥങ്ങളാണ് മൈനാഗപ്പള്ളിയിലെ അമ്മമാര്‍ കുറിച്ചുവച്ചത്. തഴുതാമഇല, പയറില, പച്ചച്ചീര, കുടങ്ങല്‍ ഇല, കോവലില എന്നീ അഞ്ചിനം ഇലകള്‍ ശേഖരിച്ച് തേങ്ങയും മുളകും മഞ്ഞളും വെളുത്തുള്ളിയും ജീരകവും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന അഞ്ചിലത്തോരന്‍. വടക്കന്‍ കേരളത്തിലെ ഉപ്പേരിയാണ് തെക്കരുടെ തോരന്‍.

അഞ്ചിലകൊണ്ടുമാത്രമല്ല പപ്പായ ഇല, മുരിങ്ങയില, വാഴക്കൂമ്പ്, കോവയില, മുള്ളുമുരുക്കില ഇവകൊണ്ടും തോരനുണ്ടാക്കാം. ക്യാരറ്റും ഉപ്പും പച്ചമുളകും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തി, വാഴക്കൂമ്പ്, ചീനി (കപ്പ) എന്നിവകൊണ്ടുള്ള കട്‌ലറ്റ്, വെണ്ടയ്ക്കാ സൂപ്പ്, ചക്കക്കുരു പായസം, കാരറ്റ്, കരിനൊച്ചിയില ഇവകൊണ്ടുള്ള ഹല്‍വ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയും പറഞ്ഞിട്ടുണ്ട്. കഞ്ഞിവെള്ളം, അരിപ്പൊടി, ശര്‍ക്കര, നെയ്യ്, ഏലക്ക ഇവ ചേര്‍ത്തുണ്ടാക്കിയെടുക്കാവുന്ന കഞ്ഞിവെള്ളം ഹല്‍വ പലര്‍ക്കും പരിചയമില്ലാത്ത ഒരു വിഭവമാണ്.

ചാനലുകളില്‍ അഭിനയമികവോടെ കാട്ടിക്കൂട്ടുന്ന, നമുക്ക് അപ്രാപ്യമായ പാചകരീതികളില്‍ നിന്നും അവരുടെ വാചകമേളകളില്‍ നിന്ന് ഏറെ അടുത്തുനില്‍ക്കുന്നതാണ് അമ്മമാര്‍ കുറിച്ചുവച്ച ഈ പാചകവിധികള്‍.

പാചകവിധി പ്രതിഷേധത്തിനും ഉപയോഗിക്കാം. ബീഫ് വിവാദം കേരളത്തിലും അലയടിക്കുകയാണല്ലോ. തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നടന്ന ആക്രമണങ്ങള്‍ മറക്കാറായിട്ടില്ല. വര്‍ക്കല ശ്രീനാരായണ കോളജ് വിദ്യാര്‍ഥിയൂണിയന്‍ പുറത്തിറക്കിയ മറവിയുടെ മാനിഫെസ്റ്റോ എന്ന മാഗസിനില്‍ കഥയും കവിതയും ലേഖനവും കൂടാതെ ഒരു പാചകക്കുറിപ്പുകൂടിയുണ്ട്. ബീഫ് ഫ്രൈ ഉണ്ടാക്കുന്ന വിധം!

Wednesday, 1 November 2017

ശൂന്യതയിലേയ്ക്ക് തുറക്കുന്ന മരണങ്ങള്‍


കുഞ്ഞുറുമ്പ് മുതല്‍ നീലത്തിമിംഗലം വരെയുള്ള ഓരോ ജീവിതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചില മരണങ്ങള്‍ക്ക് ശൂന്യതയിലേക്കുള്ള വാതിലുകള്‍ തുറന്നിടാനേ കഴിയുകയുള്ളു. ആഘോഷിക്കേണ്ടത് ജന്മദിനങ്ങളല്ല. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയാണോ എന്ന് നിരീക്ഷിക്കുന്നത് മരണദിനത്തിലാണ്. ശൂന്യതയിലേയ്ക്ക് വാതില്‍ തുറന്നിടുന്ന മരണങ്ങള്‍ ഈ വിവേകികളുടേതാണ്. സമീപകാലത്തുണ്ടായ ചില മരണങ്ങള്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരുപോലെ ശൂന്യത സൃഷ്ടിച്ചതായിരുന്നു.

അഷ്ടമുടിക്കായലിന്റെ തീരപ്രദേശം പൊതുമലയാളത്തിന് നല്‍കിയ അധ്യാപക നേതാക്കളില്‍ പ്രമുഖനായിരുന്നു റഷീദ് കണിച്ചേരി. നല്ല അധ്യാപകനായും അധ്യാപകരുടെ ജീവിതസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളായും റഷീദ് മാഷ് ജീവിതത്തെ അര്‍ഥമുള്ളതാക്കി. കിണാശേരിയിലെ ഒരു മതേതര വിവാഹവേദിയില്‍ അടുത്തിരുന്ന അദ്ദേഹം എന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. വിവാഹിതരെ അനുമോദിച്ചുകൊണ്ട് മതരഹിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചതുകൊണ്ടാകാം അദ്ദേഹം ആ സ്വകാര്യം ഞാനുമായി പങ്കുവച്ചത്. മരണാനന്തരം ശരീരം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ എഴുതിവച്ചിട്ടുണ്ടെന്നായിരുന്നു റഷീദ് മാഷ് പറഞ്ഞത്. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം മരണാനന്തരം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുകൊടുത്തു. കുട്ടികളെ ഹൃദയപക്ഷ രാഷ്ട്രീയ ബോധമുള്ളവരായും നല്ല വായനക്കാരായും രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമത പരിഗണനകള്‍ കൂടാതെ മക്കളുടെ വിവാഹം നടത്തിയും റഷീദ് മാഷ് മാതൃകയായി. റഷീദ് മാഷിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഞാനൊരു തേന്മാവിന്‍ തൈ നട്ട് ശൂന്യതയെ പ്രാണവായുവുള്ളതാക്കാന്‍ ശ്രമിക്കട്ടെ.

സാഹിത്യചിന്തകനും നിരൂപകനും ഉത്തമബോധ്യമുള്ള മനുഷ്യവാദിയുമായിരുന്നു പ്രൊഫ. പി മീരാക്കുട്ടി. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണം ആത്മഹത്യയായിരുന്നില്ല എന്ന് അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ഥിച്ചു. മഹാകവി കുമാരനാശാന്റെയും വള്ളത്തോളിന്റെയും വി സി ബാലകൃഷ്ണപ്പണിക്കരുടെയും കവിതകള്‍ക്ക് നൂതന ദര്‍ശനം നല്‍കിയ അദ്ദേഹം ഹജ്ജിനു  പോകുവാനുള്ള സന്ദര്‍ഭം പോലും വേണ്ടെന്ന് വച്ച മതാതീത മനസിന്റെ ഉടമയായിരുന്നു. യുവകവികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ രചനകളെ പഠനവിധേയമാക്കുകയും ചെയ്ത പ്രൊഫ. പി മീരാക്കുട്ടിയുടെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പകത്തൈ നട്ട് ശൂന്യതയെ സുഗന്ധപൂരിതമാക്കാന്‍ ശ്രമിക്കട്ടെ.

മതാതീത ജീവിതം നയിച്ച മറ്റൊരു പ്രതിഭയായിരുന്നു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്ന ഡോ. വി സി ഹാരീസ്. കുട്ടികളുമായി സുദൃഢ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം നാടകം, സിനിമ, അഭിനയം, വിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. ഇഷ്ടപ്പെട്ട പാട്ടുകള്‍ കുട്ടികളോടൊപ്പം പാടിയിരുന്ന ഗുരുപരിവേഷമില്ലാത്ത ചങ്ങാതിയായിരുന്നു ഹാരീസ്. അദ്ദേഹത്തിന് ഇഷ്ടഗാനങ്ങള്‍ പാടിക്കേള്‍പ്പിച്ചാണ് കുട്ടികള്‍ മരണാനന്തരം യാത്രയയപ്പ് നല്‍കിയത്. ഹാരീസിന്റെ മൃതദേഹം പള്ളിപ്പറമ്പിലല്ല അടക്കിയത്. അദ്ദേഹം സമ്പാദിച്ച സ്വന്തം സ്ഥലത്ത് മതപരമായ ഒരു ചടങ്ങും കൂടാതെയാണ് സംസ്‌കരിച്ചത്. മനുഷ്യസ്‌നേഹികളുടെ തേങ്ങിക്കരച്ചില്‍ ആ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ചലച്ചിത്രമേളയിലെ സംവാദ വേദികളില്‍ ഹാരീസിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു വാകമരത്തൈ നട്ട് ആ ശൂന്യതയെ വര്‍ണശബളമാക്കാന്‍ ശ്രമിക്കട്ടെ.

വിപ്ലവബോധം ഒരു മണ്‍ചെരാതുപോലെ മനസില്‍ കൊണ്ടുനടന്ന കവിയായിരുന്നു പരവൂര്‍ ജോസുകുട്ടി. പരന്ന വായനയും അതിലൂടെ നേടിയ അഗാധമായ അറിവും അദ്ദേഹത്തെ മിതഭാഷിയാക്കി. രണ്ട് കവിതാ പുസ്തകങ്ങള്‍ പരവൂര്‍ ജോസുകുട്ടി മലയാളത്തിന് തന്നു. ഒരു വിവര്‍ത്തന ഗ്രന്ഥവും. മതവിശ്വാസത്തെ സധൈര്യം തിരസ്‌കരിച്ച് അദ്ദേഹം ജീവിച്ചു.
സ്‌നേഹബന്ധങ്ങള്‍ക്ക് വലിയ ആദരവും അംഗീകാരവും നല്‍കി. സഹപ്രവര്‍ത്തകരുടെ വേദനകളില്‍ ഒപ്പം നിന്നു. ഒരു നാടകത്തിന്റെ രചനയ്ക്കായി പി എം ആന്റണിക്ക് സങ്കേതമൊരുക്കിക്കൊടുത്തു. രാജ്യം അതിവേഗം ബഹുദൂരം പിന്നോട്ടുപോകുമ്പോഴും പരവൂര്‍ ജോസുകുട്ടി ഹൃദയപക്ഷ നക്ഷത്രദീപ്തിയില്‍ അടിയുറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പരത്തിക്കമ്പ് നട്ട് ആ ശൂന്യതയെ രക്താഭമാക്കാന്‍ ശ്രമിക്കട്ടെ.

വിവേകികള്‍ മരിക്കുന്നില്ല. പ്രാണവായു നല്‍കുന്ന വൃക്ഷജാലത്തെ നട്ടുവളര്‍ത്തുവാനാണ് അവര്‍ ശൂന്യസ്ഥലങ്ങള്‍ അവശേഷിപ്പിക്കുന്നത്.

Friday, 13 October 2017

ടെലിഫോൺ സന്ദേശം


ടെലിഫോണിലൂടെ
പരേതന്റെ വാക്കുകൾ 
ഒരു ഡിസംബറിൽ നീയു-
മെന്റെ കൂടാരത്തി-
ലഭയാർത്ഥിയായ് വരും
അതുവരെ
ദു:ഖക്കസേരയിലിരിക്കുവാൻ
ഇനി നീ റിസീവർ
അമർത്തിവച്ചേക്കുക

Friday, 6 October 2017

വരൂ, കാണൂ, കീഴടക്കൂ



ഒറ്റയ്കിരുന്നെന്റെ
സ്വപ്നങ്ങളെക്കൊണ്ട്
നൃത്തമാടിക്കുന്ന-
താണെനിക്കിഷ്ട മെൻ
ദു:ഖങ്ങളെക്കൊണ്ടു
പന്തംകൊളുത്തിച്ചു
ചുറ്റുംനിരത്തിച്ചു
മോഹഭംഗത്തിന്റെ
ശിൽപങ്ങൾ കൊത്തുന്ന-
താണെനിക്കിഷ്ടമീ
ശപ്തദിനാന്ത്യത്തി-
ലസ്തമനാർക്കന്റെ
മജ്ജയിൽനിന്നും
മനസ്സിൽനിന്നും ജീവ-
രക്തത്തിൽനിന്നും
പഠിച്ചപാഠങ്ങളെ
ചിട്ടപ്പെടുത്തുന്ന-
താണെനിക്കിഷ്ടമീ
മുഗ്ദ്ധവനാന്തരം
മൃത്യുവിൻവെട്ടേറ്റു
ഞെട്ടിപ്പിടയുമ്പോ-
ളുൽക്കച്ചിനപ്പുകൾ
കത്തിപ്പടരുമ്പോൾ
ഓമനത്തങ്ങളിൽ
കത്തിതാഴുമ്പോൾ
ചിരിച്ചുമരിക്കാതെ
പൊട്ടിക്കരയുന്ന-
താണെനിക്കിഷ്ട മെൻ
സ്വപ്നങ്ങളേ വരൂ
നഗ്നത കൊണ്ടെന്റെ
യുൾത്തുടിപ്പിന്നു
പുതപ്പാകുവാൻ വരൂ

അസ്ഥികൾക്കുള്ളിൽ
മുളഞ്ചീളുകൊണ്ടതും
ശബ്ദങ്ങൾ പിച്ചള-
ത്താഴിൽ തളർന്നതും
മസ്തിഷ്കമാകെ
മരവിച്ചതും സ്നേഹ
മസ്ൃണോദാര-
സ്വഭാവങ്ങൾ ശാർദ്ദൂല-
വിക്രീഡിതങ്ങളിൽ
കൈവിട്ടുപോയതും

സ്വപ്നങ്ങളേ നിങ്ങൾ
ഓർക്കുന്നുവോ തപ്ത
നിശ്വാസധാരയായ്
എന്നിൽ പിറന്നതും


നിൽക്കൂ നിരന്നെന്റെ 
ചുറ്റും തുടിത്താള-
മൊപ്പിച്ചു ചോടേറ്റി - 
യെൻ നെഞ്ചിലാവിരൽ 
കുത്തിത്തിരിഞ്ഞാട്ട-
മാടൂ നനഞ്ഞ ക-
ണ്ണൊപ്പൂ തുടൽപാടു-
വ്യക്തമാക്കുന്നൊരാ-
പൂർവ്വകാലത്തിന്റെ 
പൂർണ്ണരോഷപ്പൂക്കൾ 
ചൂടിത്തെളിഞ്ഞെന്നിലാടൂ.

Wednesday, 4 October 2017

പൂവാകപോലെ ഒരു കവി



വാകമരത്തിന്റെ ഔന്നത്യം. താംബൂലാരുണിമയാര്‍ന്ന ചിരി കണ്ടാല്‍ വാകമരം പൊടുന്നനെ പൂത്തതുപോലെ. അകലെ നില്‍ക്കുന്നവരെ ശിഖരഹസ്തങ്ങളാല്‍ അടുത്തേയ്ക്കു വിളിക്കുന്ന ഔദാര്യം. അടുത്തെത്തുന്നവര്‍ക്കെല്ലാം തണല്‍. സൂര്യന്റേയും ചന്ദ്രന്റേയും പ്രസാദങ്ങളെ ഇലച്ചാര്‍ത്തിലൂടെ അരിച്ചെടുത്ത് കൂട്ടുകാര്‍ക്കു നല്‍കുന്ന മഹാമനസ്‌കത. ഇതായിരുന്നു പറക്കോട് പ്രതാപചന്ദ്രന്‍ എന്ന കവി.

കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് പ്രതാപചന്ദ്രന്‍ ജനിച്ചത്. സഖാക്കളുടെ സാന്നിധ്യം കൊണ്ട് സദാ മുഖരിതമായ വീട്. പ്രായോഗിക ചിന്തകളും സൈദ്ധാന്തിക രശ്മികളും ഇഴചേര്‍ന്നിരുന്ന ഗൃഹാന്തരീക്ഷം. വരുന്നവര്‍ക്കെല്ലാം ചോറ്. വായിക്കാന്‍ പത്രങ്ങളും പുസ്തകങ്ങളും.

പന്തളം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്ന പ്രതാപചന്ദ്രന്‍ പറക്കോട് എന്‍ ആര്‍ കുറുപ്പിന്റെയും കടമ്മനിട്ട രാമകൃഷ്ണന്റെയും മറ്റും പ്രഭാവലയത്തില്‍പ്പെട്ട് കവിതയുടെ കുതിരസവാരി പരിശീലിച്ചു.
അടൂരും പരിസരത്തുമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പറക്കോട് പ്രതാപചന്ദ്രന്റെ ഹൃദയത്തിലും നാവിലും ഷെല്ലിയും കീറ്റ്‌സും പുനര്‍ജനിച്ചു. പിന്നീടത് പാബ്ലോ നെരുദയിലൂടെ വിപ്ലവബോധത്തിന്റെ ആന്തരികസത്തയിലേയ്ക്ക് സഞ്ചരിച്ചു.
സൂക്ഷ്മതയോടെ മാത്രം കവിത കുറിച്ചിരുന്ന പ്രതാപചന്ദ്രന്‍ വശ്യവും സൗമ്യവുമായ ശബ്ദത്തില്‍ സ്വന്തം കവിതകളും കടമ്മനിട്ട കവിതകളും ആലപിച്ചു. കടമ്മനിട്ടക്കവിതകള്‍ ഏതാണ്ട് എല്ലാംതന്നെ പ്രതാപചന്ദ്രന് ഹൃദിസ്ഥമായിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ച പ്രതാപചന്ദ്രന്റെ സൗഹൃദവലയം കേരളത്തിലുടനീളവും വിദേശങ്ങളിലും വ്യാപിച്ചിരുന്നു. മുഖപുസ്തകത്തിലെ ഇന്ന് വായിച്ച കവിതയില്‍ പ്രതാപചന്ദ്രന്റെ ഗുരുദക്ഷിണ എന്ന കവിത പോസ്റ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറിലധികം വായനക്കാരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഉത്സവചിത്രം, പ്രണയം, സീബ്രാലൈനില്‍, നളവിലാപം തുടങ്ങിയ കവിതകള്‍ വായനക്കാര്‍ തേടിപ്പിടിച്ച് അനുബന്ധ വായനയ്ക്കായി മുഖപുസ്തകത്തില്‍ ചേര്‍ത്തു.

ഒറ്റക്കാവ്യപുസ്തകം മാത്രമേ പ്രതാപചന്ദ്രന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളു. നൂറനാട്ടെ ഉണ്മ പബ്ലിക്കേഷന്‍സാണ് അതിന് മുന്‍കൈയെടുത്തത്. പതിനാല് കവിതകളുള്ള ഈ പുസ്തകത്തിലെ കവിയും കവിതയും എന്ന കവിതയിലെ, കവി കബറിടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാറില്ല എന്ന വരിയാണ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ആമുഖത്തിലും പ്രകാശന ചടങ്ങിലും പ്രധാന കവിമുദ്രയായി കണ്ടെത്തിയത്. അനവധി അര്‍ഥതലങ്ങളുള്ള ആ വരിയില്‍ ഇനിയും വായിച്ചുതീര്‍ക്കാന്‍ കവിത ബാക്കിയാവുന്നു.

ഏകലവ്യന്റെ പക്ഷത്തുനിന്നും എഴുതിയ ഗുരുദക്ഷിണ എന്ന കവിതയില്‍ ദ്രോണരോടുള്ള അടുപ്പവും അകലവും ആരാധനയും അമര്‍ഷവും വിങ്ങിനില്‍ക്കുന്നുണ്ട്. പെരുവിരല്‍ വേട്ടയാടപ്പെട്ട ഏകലവ്യന്റെ കുഞ്ഞുവിരല്‍ ക്ഷമയ്ക്കും മോതിരവിരല്‍ സ്‌നേഹത്തിനും നടുവിരല്‍ ധര്‍മ്മത്തിനും ദാനം ചെയ്തുകഴിഞ്ഞു. അവശേഷിക്കുന്ന കറുത്ത ചൂണ്ടുവിരലോ? അത് ദ്രോണ ഗുരുവിന്റെ വിദ്യാനീതിക്കുള്ള പരിഹാസമാണ്. നീതി എങ്ങനെ അനീതിയുടെ അര്‍ഥഹൃദയം സ്വീകരിക്കുന്നുവെന്ന് പ്രതാപചന്ദ്രന്‍ ബോധ്യപ്പെടുത്തുന്നു.

അധികം സംസാരിച്ചും കുറച്ചെഴുതിയും പ്രതാപചന്ദ്രന്‍ കടന്നുപോയി. സ്‌നേഹത്തിന്റെയും കാവ്യബോധത്തിന്റെയും വാകമരപ്പൂക്കള്‍ ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവരുടേയും മനസില്‍ കുമിഞ്ഞുകിടക്കുന്നു. വാകപ്പൂക്കളേ സ്വസ്തി.