Wednesday, 2 May 2018

സഹയാത്രിക

മുംബൈയില്‍ ചെന്നൈയില്‍
കൊച്ചിയില്‍ ദില്ലിയില്‍
ഏതുഷ്ണഭൂവിലിറങ്ങിയാലും
പാട്ടിന്‍റെ തേനും
വിതുമ്പലുമായൊരു
കൂട്ടുകാരിക്കുയില്‍ കൂടെയുണ്ട്.

ഏതാണീ പൂങ്കുയില്‍?
വിട്ടുമാറാതെന്‍റെ
കൂടെ പറക്കുന്ന സുസ്നേഹമേ.

ഏതാണു നീ,യെന്‍
മനസ്സില്‍ വസിക്കുന്ന
വേദനിക്കുന്ന മലയാളമോ
നൂറായി കീറിയെറിഞ്ഞു
വേനല്‍ക്കാല-
ക്കായലില്‍ വീണ നിലാബാല്യമോ?

പുസ്തകം തെണ്ടി-
പ്പുരാതനകാവ്യങ്ങള്‍
മൊത്തിക്കുടിച്ചൊരെന്‍ കൌമാരമോ
വിപ്ലവജ്വാലയെ പ്രേമിച്ചു പൊള്ളിയ
രക്തത്തിളപ്പുള്ള യൌവനമോ?

രണ്ടു ശാസിക്കുന്ന കണ്ണുകള്‍ മുന്നിലെ
കണ്ണാടിയില്‍ ദേ,തെളിയുന്നു
നേരേ നടത്തുന്ന കണ്ണുകള്‍ സ്നേഹിച്ചു
തീരാതെ കത്തുന്ന നക്ഷത്രങ്ങള്‍

വെളുത്തയുടെ വീട്


ഭൂതത്താൻ കെട്ടിനുമപ്പുറത്ത്
ഇടമലയാറിനുമപ്പുറത്ത്
മഴപിറക്കാറുള്ള കാടകത്ത്
ഇടിമിന്നൽ പായുന്ന വീടകത്ത്
ഞവരമണക്കും പരിസരത്ത്
ഇല്ലിക്കുടിലിന്റെയുമ്മറത്ത്
ആളിറങ്ങാത്ത മുളങ്കാട്ടിൽ
താളുകണ്ടത്തിൻ തുടക്കുള്ളിൽ
പാതിരാപോലെ കറുത്തൊരമ്മ
പേരു വെളുത്ത മനസ്സുപോലെ!

നീലക്കുറിഞ്ഞിക്കാറ്റോടിവന്ന്
തോളത്തിരുന്നു മണത്തുപോയി
ഞാനതിൻ ചെല്ലച്ചിറകിലേറി
പാലത്തിണയിൽ കറങ്ങിവന്നു
അന്നേരമല്ലോ മുനിഞ്ഞുകത്തും
ചിമ്മിനിക്കൊപ്പം മിനുങ്ങിയമ്മ
നോക്കിയും തൂക്കിയും വാക്കെടുത്ത്
നാക്കത്തുവെച്ചു തെളിഞ്ഞിടുന്നു
കാട്ടുതേനിന്റെയിനിപ്പു തോന്നി
കണ്ണുനീരിന്റെ കവർപ്പു തോന്നി
ലെയ്ജുവും റെജുവും ശശികുമാറും
ഞാനുമതങ്ങനെ കണ്ടുനിന്നു

അമ്മ വെളുത്തയുമാങ്ങളയും
കുഞ്ഞായിരുന്ന തുടുത്തകാലം
മിന്നാമിനുങ്ങുമരിപ്പിറാവും
പൊൻമയും മൈനയും ചങ്ങാതികൾ
പാമ്പമ്മ മക്കളോടൊത്തുവാഴും
മുള്ളുവേങ്ങച്ചോട്ടിൽ പോയിട്ടില്ല
ചേരയുടുപ്പൂരും കൈതക്കാട്ടിൽ
പൂവെടുക്കാൻപോലും പോയിട്ടില്ല
ആനയിറങ്ങും പുഴയിറമ്പിൽ
കാലനങ്ങാതെ തരിച്ചുനിൽക്കും
പൂതമുറങ്ങുന്ന പാറക്കെട്ടിൽ
നൂലാംബരപ്പഴം കണ്ടുനിൽക്കും
അന്നു വെളുത്തക്കു കാടുവീട്
കാടിനകത്തൊരു പൂങ്കുമിള്
പുല്ലുകൊണ്ടങ്ങനെ മേൽക്കൂര
ഇല്ലികൊണ്ടങ്ങനെ പൂഞ്ചുമര്
ഉള്ളിൽ തിനയട തേനപ്പം
കല്ലിൽ വേവിച്ച മുളയപ്പം
വീട്ടിൽ തിരിയുണ്ട് വെട്ടമുണ്ട്
ആട്ടുകല്ലുണ്ട് തടുക്കുണ്ട്
ഒന്നുനിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ.

മേൽക്കൂര, പൂന്തറ വെള്ളത്തിൽ
പൂഞ്ചുമരൊക്കെയണക്കെണിയിൽ
വീടും കുടിയും മലത്തേവരും
മാനും മയിലും ജലക്കെട്ടിൽ
ചാവരു വാഴുന്ന കുര്യാലയും
ആടും മുയലും മുടിഞ്ഞുമുങ്ങി
കോഴി, കുരണ്ടി, കരണ്ടകവും
പാറക്കലവും കഴിഞ്ഞുപോയി
ശ്വാസകോശം പൊട്ടി കണ്ണുതള്ളി
പ്രാണൻ വെടിഞ്ഞു മണിപ്പൂച്ച
മണ്ണൊഴിഞ്ഞെങ്ങോ മറഞ്ഞു ഞങ്ങൾ
പിന്നീമലയിൽ കുടിവെച്ചു

അമ്മയെ പിന്നെ ഞാൻ കണ്ടിട്ടില്ല
കൂടപ്പിറപ്പിനെ കണ്ടിട്ടില്ല
വെള്ളമെടുത്തോ കറണ്ടെരിച്ചോ
ചങ്ങാതിമാരേയും കണ്ടിട്ടില്ല
ഒന്നു നിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ

കാടുകേറിപ്പോയോരെന്റെയമ്മ
നായോടോ നരിയോടോ കഞ്ഞിവെച്ചോ
ഈറ്റപ്പുലിയുടെ മുന്നിലെത്തി
വീട്ടുവിശേഷം പറഞ്ഞുടഞ്ഞോ?
അമ്മിഞ്ഞതന്നു വളർത്തിയോളെ
കണ്ടുവോ പൂക്കളെ ചെന്നായ്ക്കളേ?

ഈ വീട്ടിലെന്നും മലപ്പിശാച്
ദീനം വിതച്ചു ചിരിക്കുന്നു
ഉറിയിലുപ്പിട്ട കുടുക്കയില്ല
കടുമാങ്ങയില്ല നാരങ്ങയില്ല
തീ പുകയാറില്ലടുപ്പിലെന്റെ
മാറിൽ വേവുന്നു വിഷച്ചോറ്
നാട്ടാരെ കണ്ടാലെനിക്ക് നെഞ്ചിൻ
മേട്ടിലൊരൊറ്റയാൻ പാഞ്ഞപോലെ

ഒന്നു നിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ

Thursday, 26 April 2018

ഒറ്റ ഡോക്ടർ



വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

സൂര്യവണ്ടി വെയിൽപ്പാളമേറിവ-
ന്നാതുരാലയം കണ്ടു പിൻവാങ്ങുന്നു
താരവും വ്രണപ്പാടുള്ള ചന്ദ്രനും
ദൂരെയെത്തിപ്പകച്ചസ്തമിക്കുന്നു
മേഘരാക്ഷസർ പൊള്ളുന്ന വാതക
പ്പാഴ്മരങ്ങൾ ചുമന്നെത്തിനോക്കുന്നു
ഒറ്റദൃശ്യം മഹാരോഗശാലതൻ
മുള്ളുവേലി മുറിഞ്ഞിരിക്കുന്നു
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി


സ്നേഹസാന്നിദ്ധ്യമില്ലാത്ത രാത്രികൾ
ചൂളകൂട്ടിത്തുറിച്ചു നിൽക്കുമ്പൊഴും
തീ വിഴുങ്ങി മരിക്കാതിരിക്കുവാൻ
ഭീരുവിൻ തൊപ്പി തുന്നിച്ചു
ചാർത്തുന്നതേതു നട്ടുച്ച?
ജൻമാന്തര സ്വപ്നവ്യാകുലാശങ്കയുണ്ണാൻ
ക്ഷണിക്കുന്നതേതു വേദം?
സ്മൃതിക്കിണർ കാണാതെ പോകുവാൻ
ചൂണ്ടിനിന്നു ക്ഷോഭിക്കുന്നതേതു വൃക്ഷം?
ഒന്നുമാത്രം മനസ്സിലാകാറുണ്ട്
കണ്ണിലുണ്ടതിന്നുത്തരം സുസ്ഥിരം
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

ഹൃത്തിനാണു കുഴപ്പം ചികിത്സക്കു
മപ്പുറമെന്നു കണ്ടു ചൊല്ലുന്നൊരാൾ
കാലിനാണെന്നു മറ്റൊരാൾ കാണാത്ത
വാലിനാണെന്നു വേറൊരാൾ
രോഗങ്ങൾ തൊട്ടുകാട്ടിയോർ
ചിത്തഭ്രമത്തിന്റെതൊട്ടിലിലെന്നു
നാലാമതായൊരാൾ
വൃക്കയില്ലെന്നു പുസ്തകം
നട്ടെല്ലു പൊട്ടിയെന്നു കമ്പ്യൂട്ടർ
മരുന്നിനി ക്രിസ്തു മാത്രമേയുള്ളൂ
പ്രാർത്ഥിക്കുകയെന്നുഷ്ണരോഗം കടിച്ച
പുരോഹിതൻ.


ഏതുവ്യാധി എന്തൗഷധം
അഞ്ജാതനോവു നീക്കുവാൻ
ഏതു ശസ്ത്രക്രിയ?
ഏതു നാട്ടിൽനിന്നെത്തും ഭിഷഗ്വരൻ
കൂടെ ഏതു ശുശ്രൂഷക ദേവത
ഒന്നുമാത്രമേ സത്യം പ്രതിവിധി
ഒന്നുമില്ലാത്ത രോഗമീ ജീവിതം
ജൻമനാ രോഗബാധിതരാണേതു
വന്യജീവിയും സസ്യവും പുഷ്പവും
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

അർബുദപ്പുകയൂറ്റിക്കുടിച്ചു ഞാൻ
ഹുക്കയിന്നുപേക്ഷിച്ചു പുറത്തേക്കു
ചുട്ടെറിഞ്ഞ ചുമയ്ക്കും കഫത്തിനും
വർത്തമാന വൈറസിന്റെ ചുംബനം
സ്വപ്നമെല്ലാം വസൂരിക്കിടക്കയിൽ
മുത്തുകുപ്പായമിട്ടൊടുങ്ങുമ്പൊഴും
പ്ലേഗുബാധിച്ച പ്രേമത്തിനെൻ ജീർണ
വാഹനത്തിലിരിപ്പിടം നൽകി ഞാൻ
വിഭ്രമങ്ങളെ കാവൽ നിർത്തി ജീവ
രക്തമിറ്റിച്ചു ചുണ്ടിൽ പൊടുന്നനെ
ഞെട്ടി ഞെട്ടറ്റു വീഴുന്നു പ്രേമവും
ഹർഷകാലപ്രതീക്ഷയും പ്രീതിയും
ദു:ഖിതർക്കു മലമ്പനിക്കൂരയിൽ
സജ്ജമാക്കിയിട്ടുണ്ട് മുൾമെത്തകൾ
ചെന്നിരിക്കാം കിടക്കാം മനുഷ്യന്റെ
ജൻമമെന്നും നിഗൂഢരോഗങ്ങളിൽ

ഹിന്ദിയുംപാനുമൊപ്പം ചവച്ചാര്യ
സന്ധ്യനാമം ചുഴറ്റി മറ്റുള്ളോൻറെ
കണ്ണിലേക്കു തുപ്പുന്ന പിശാചിനും
അന്യനും ഒറ്റവാസ്തവം നിശ്ചിതം
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി


ഒറ്റ ഡോക്ടർ പ്രസിദ്ധൻ വിചക്ഷണൻ
വർഗകാലവൈജാത്യമില്ലാത്തവൻ
ഒറ്റയാൻ ഏതുനേരത്തുമെത്തുവോൻ
മൃത്യുവെന്ന മൃത്യുഞ്ജയൻ രക്ഷകൻ


അൽപശാന്തിക്കു ചോരയിൽ തൂകുവാൻ
ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ.

Wednesday, 18 April 2018

ആസിഫാ, അവിടെ ദൈവമുണ്ടായിരുന്നു



ഒരു പിതാവ് ജമ്മുവിലെ കുന്നുകള്‍ കയറുകയാണ്. മലമടക്കുകള്‍ താണ്ടുകയാണ്. നൂറ്റിപ്പത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം സ്വന്തം സ്ഥലത്ത് എത്തുവാന്‍. കുതിരകളും കോലാടുകളും ചെമ്മരിയാടുകളും എല്ലാം ഒപ്പമുണ്ട്. യാത്ര തുടങ്ങിയപ്പോഴുണ്ടായിരുന്ന ഒരാള്‍ മാത്രം കൂടെയില്ല. ആ ഉപ്പയുടെ പുന്നാരമോള്‍. പൂമ്പാറ്റയെപ്പോലെ പാറി നടന്ന ആസിഫ. എട്ടുപൂക്കാലങ്ങള്‍ മാത്രം കണ്ട നിഷ്‌കളങ്കയായ പിഞ്ചുബാലിക.

കാണാതായ കുതിരകളെ തേടിയാണ് അവള്‍ ആ കാട്ടുപ്രദേശത്ത് അലഞ്ഞുനടന്നത്. കണ്ടെത്താന്‍ സഹായിക്കാം എന്നു പറഞ്ഞ് രണ്ടുപേര്‍ ഒപ്പം കൂടി. നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍. അവര്‍ ആസിഫയെ അടുത്ത ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി മയക്കുമരുന്നു കൊടുത്തും ഭീഷണിപ്പെടുത്തിയും എട്ടു ദിവസങ്ങള്‍ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു. നിരവധിപേര്‍ അവളെ ബലാല്‍ഭോഗം ചെയ്ത് കൊന്നു. മഞ്ഞുമലകള്‍ ഞെട്ടിനില്‍ക്കെ പര്‍പ്പിള്‍ ഉടുപ്പിട്ട ആ കുഞ്ഞിന്‍റെ മൃതശരീരം പുറത്തുനിന്നും കണ്ടെടുക്കപ്പെട്ടു.
ബലാല്‍ഭോഗം പട്ടാളക്കാരും ഹീനമനസ്‌കരും സ്വീകരിക്കുന്ന ഒരു സാമൂഹ്യ വിരുദ്ധ മാര്‍ഗമാണ്. അതില്‍ രതിയില്ല, സ്‌നേഹമില്ല, മനുഷ്യത്വമോ മൃഗീയത പോലുമോ ഇല്ല.

ഇവിടെ ബഖര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആ പ്രദേശത്തുനിന്നും ഒഴിവാക്കാന്‍ വേണ്ടി നെറ്റിയില്‍ പൊട്ടും കൈയില്‍ കെട്ടുമുള്ള ബ്രാഹ്മണരാണ് ഈ ക്രൂരകൃത്യം ചെയ്തത്. പൂജാരികളുടെ വേഷം അതാണല്ലോ. ഹിന്ദുവര്‍ഗീയ വാദികളുടെ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി അതിനെ അനുകൂലിക്കുകയും പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രകടനം നടത്തുകയും ചെയ്തു. ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ നിന്നും അവര്‍ക്ക് പുറത്തുപോകേണ്ടതായും വന്നു. ബാബറിപ്പള്ളി പൊളിക്കുകയും ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കുകയും ചെയ്ത അവര്‍ക്ക് എട്ടു വയസുകാരിയുടെ കൊലപാതകം ഒരു ചെറിയ കാര്യം മാത്രമാണല്ലോ.
അവളുടെ ഉപ്പ ആളുകളോടു പറഞ്ഞത് ആസിഫ എന്റെ മകളുമാത്രമല്ല ഹിന്ദുസ്ഥാന്റെ മകള്‍ കൂടിയാണ് എന്നാണ്.

അതെ, ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു. തിരുത്താന്‍ കഴിയാത്ത ഈ പാപകര്‍മത്തെ ഹൃദയരക്തത്തിന്‍റെ ഭാഷയില്‍ അപലപിക്കുന്നു.

പൊലീസിലും പട്ടാളത്തിലും ഹിന്ദുവര്‍ഗീയതയ്ക്ക് പണ്ടില്ലാത്തവിധം സ്വാധീനമുണ്ടായിട്ടുണ്ട്. ഫേയ്‌സ് ബുക്കിലൂടെ വന്നിട്ടുള്ള ചില പട്ടാളക്കാരുടെ പ്രതികരണങ്ങള്‍ ജുഗുപ്‌സാവഹമായ രീതിയില്‍ ഹിന്ദുവര്‍ഗീയതയെ ന്യായീകരിക്കുന്നതാണ്.

ജമ്മു കശ്മീരിലെ പൊലീസുകാരാണ് നരഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയത്. ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന അവരോടൊപ്പമുണ്ട്. മെഹബൂബാ മുഫ്തി മന്ത്രിസഭയിലെ ബിജെപി അംഗങ്ങളായ ലാല്‍സിങ്, ചന്ദ്രപ്രകാശ് ഗംഗ എന്നിവര്‍ ഹിന്ദു ഏകതാ മഞ്ചിനെ പിന്തുണയ്ക്കുകയും ചെയ്തു.

ക്ഷേത്രത്തില്‍ വച്ച് ചില പൂജാകര്‍മങ്ങള്‍കൂടി നടത്തിയതിനുശേഷമാണ് ബലാല്‍ഭോഗം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. നരഹത്യ ഹിന്ദുമതത്തില്‍ ഒരു പുണ്യകര്‍മമാണ്. നരബലിക്കും ജന്തുബലിക്കും എതിരേ നടത്തിയ പരിശ്രമങ്ങളാണ് ബുദ്ധ ജൈനദര്‍ശനങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായത്.

നരബലി, ജന്തുബലി, പക്ഷിബലി, സതി തുടങ്ങിയ ദുരാചാരങ്ങള്‍ നിരോധിച്ചെങ്കില്‍ പോലും സമ്പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കിന്നും കഴിഞ്ഞിട്ടില്ല. സംസ്‌കാര സമ്പന്നരും വിവേകശാലികളുമായ ഇന്ത്യന്‍ സമൂഹം വിദൂരതയിലെ സ്വപ്‌നം മാത്രമാണ്.
ആസിഫാ, പൂമ്പാറ്റക്കുട്ടീ നിന്നെ കാപാലികര്‍ ക്രൂരമായി കൊലപ്പെടുത്തിയ ആ ഹിന്ദുക്ഷേത്രത്തില്‍ ദൈവമുണ്ടായിരുന്നു. അന്ധതയും ബധിരതയുമുള്ള നിര്‍ഗുണ പരബ്രഹ്മം! ഒരുപക്ഷേ അമാനുഷിക വൈഭവങ്ങളാല്‍ ഈ ക്രൂരകൃത്യത്തെ ആ ദൈവം ആസ്വദിച്ചതുകൊണ്ടായിരിക്കാം അനങ്ങാതെയിരുന്നുകളഞ്ഞത്.

ആസിഫ ഇന്ത്യയുടെ മകളാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പിന്‍ബലമായ ഹിംസാത്മക മതത്താല്‍ ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ മകള്‍. ദേശീയ ബോധത്തിന്‍റെ മനുഷ്യസ്‌നേഹ പതാക ഇവിടെ താഴ്ത്തിക്കെട്ടേണ്ടിയിരിക്കുന്നു.

Wednesday, 4 April 2018

ജാത്യാഭിമാനം കൃഷി ചെയ്യരുത്


ദീര്‍ഘകാല ജീവിതം നല്‍കിയ അനുഭവപാഠത്തില്‍ നിന്നും ലോക നിരീക്ഷണത്തില്‍ നിന്നുമാണ് ജാതിയും മതവും ഉപേക്ഷിക്കുവാനുള്ള തീരുമാനം നാരായണഗുരു കൈക്കൊണ്ടത്. അത് സംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പുവയ്ക്കുമ്പോള്‍ നാരായണഗുരുവിന് സന്ദേഹം തീരെയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയശിഷ്യന്‍ സഹോദരന്‍ അയ്യപ്പന് സന്തോഷം ഏറെയായിരുന്നു. എസ്എന്‍ഡിപി യോഗത്തില്‍ നിന്നും പുറത്തുപോകാനുള്ള തീരുമാനവും  സുചിന്തിതം  ആയിരുന്നു.

കാലം കഴിയുമ്പോള്‍ കേരളം കാണുന്നത് നാരായണഗുരുവിന്‍റെ ചിത്രത്തിനുകീഴില്‍ നിന്നുകൊണ്ട് ജാത്യാഭിമാനം വളര്‍ത്തുന്ന കാഴ്ചയാണ്. ഈഴവ സമുദായക്കാര്‍ ഹിന്ദുക്കളേ അല്ലെന്നും അവര്‍ സ്വതന്ത്ര സമുദായമാണെന്നും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സ്വതന്ത്രസമുദായത്തേയും ഹിന്ദുമതത്തിന്‍റെ തൊഴുത്തില്‍ കെട്ടിയിടുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് നമ്മള്‍ കാണുന്നത്. നാരായണഗുരു മൗനം അവലംബിച്ച് മാറ്റിവച്ച ഭഗവത്ഗീത ഗുരുചിത്രധാരികള്‍ കൊണ്ടാടുന്നതും കേരളം കണ്ടു. മഞ്ഞവസ്ത്രം ഫോട്ടോഷോപ്പിലൂടെ കാവിവസ്ത്രമാകുന്നതും ഗുരുശിരസിനുപിന്നില്‍ പ്രഭ തെളിയുന്നതും നമ്മള്‍ കണ്ടു.

ജാത്യാഭിമാനം വളര്‍ത്തിയാല്‍ അവിടെ പൊടിച്ചുവളരുന്നത് ഒഴിവാക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ജാതിയിലും മതത്തിലും അമിതാഭിമാനം കൊള്ളുക എന്നുവച്ചാല്‍ മനുഷ്യസ്‌നേഹത്തെ നിരാകരിക്കുകയെന്നാണര്‍ഥം. ജാത്യാഭിമാനികളുടെ വരണ്ട മണ്ണില്‍ പ്രണയം വിലക്കപ്പെട്ട കനിയാകും. ഇതിന്‍റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന കൊലപാതകം.

തീയ്യ സമുദായത്തില്‍പ്പെട്ടുപോയ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയും പട്ടികജാതിയില്‍പ്പെട്ടുപോയ ഒരു പട്ടാളക്കാരനും തമ്മില്‍ പ്രണയബദ്ധരാകുന്നു. പ്രണയം ഒരു കുറ്റകൃത്യമല്ല. ഇന്ത്യന്‍ പുരാണമനുസരിച്ചാണെങ്കില്‍ പ്രണയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കാമദേവന്‍, വസന്തന്‍ തുടങ്ങിയ വിദ്വാന്മാരാണ്. അവരാണെങ്കില്‍ യുവതീയുവാക്കള്‍ക്ക് ചുറ്റും കരിമ്പുവില്ലും അഞ്ചിനം മുന്തിയ പൂവമ്പുകളുമായി കറങ്ങിനടക്കുകയുമാണ്. ജാത്യാഭിമാനികള്‍ക്ക് ഈ പുരാണപരാമര്‍ശമൊന്നും ദഹിക്കില്ലല്ലോ.

വിവാഹം നടക്കില്ലായെന്നുറപ്പായപ്പോള്‍ പ്രശ്‌നം പൊലീസിന്‍റെ മുമ്പിലെത്തി. ജാത്യാഭിമാനിയും മദ്യപാനിയുമായ പിതാവാണ് സ്‌നേഹബന്ധത്തിനെതിരെ കൊലക്കത്തിയുയര്‍ത്തിയത്. പൊലീസുകാര്‍ വിവാഹം നിശ്ചയിക്കുകയും ഭരണഘടനാ പ്രകാരമുള്ള സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.
വീട്ടിലെത്തിയ പിതാവിന്‍റെ മനസില്‍ ജാതിമൂര്‍ഖന്‍ പിന്നെയും ഫണം വിരിച്ചു. മകളുടെ വസ്ത്രങ്ങളെല്ലാം അയാള്‍ ചുട്ടുകളഞ്ഞു. സ്വന്തം കുഞ്ഞിനുനേരെ കൊലക്കത്തിവീശി.

പെണ്‍കുട്ടി അയല്‍വാസിയായ അബ്ദുള്‍ ലത്തീഫിന്‍റെ വീട്ടിലേയ്ക്ക് ഓടിക്കയറി. വേട്ടക്കാരനു മുന്നേ ജിവനും കൊണ്ടോടിവന്ന പെണ്‍കുട്ടിയെ അവര്‍ പടിയടച്ചു നിരസിച്ചില്ല. മനുഷ്യസ്‌നേഹികളായ അബ്ദുള്‍ ലത്തീഫിന്‍റെ വീടു വിറച്ചുനില്‍ക്കേ രാജന്‍ എന്ന പിതാവ് മകളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി. വിവാഹ വസ്ത്രങ്ങളുമായി പിറ്റേന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിന്‍റെ ദുര്‍മ്മരണമറിഞ്ഞ് വിറങ്ങലിച്ചുനിന്നു.

വാസ്തവത്തില്‍ രാജന്‍ മാത്രമാണോ കുറ്റക്കാരന്‍? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ച ഗുരു ചിന്തയെ തള്ളിക്കളഞ്ഞ് സ്വന്തം ജാതിയില്‍ നിന്ന് മാത്രമേ വിവാഹം പാടുള്ളൂവെന്ന് നിര്‍ബന്ധിച്ച ജാതി സംഘാടകര്‍ക്ക് ഈ ദുരഭിമാനക്കൊലയില്‍ ആശയപരമായ ഒരു പങ്കുണ്ട്.

നവോത്ഥാന കാലത്തെ കേരളത്തെ മാത്രമല്ല, പ്രണയത്തെക്കൂടി നമുക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പ്പ് പ്രണയത്തില്‍ അധിഷ്ഠിതമാണ്. പ്രണയരഹിതമായ ജീവിതം മരുഭൂമിക്ക് തുല്യമാണ്. പ്രണയത്തെ പരിമിതപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ജാതികളും മതങ്ങളും നമ്മളെ പ്രതിനിധീകരിക്കുന്നതേയില്ല.

Friday, 23 March 2018

നിരോധിക്കേണ്ട വൈദ്യുത വിളക്കുകള്‍



ഉഗ്രവെളിച്ചം പ്രസരിപ്പിക്കുന്ന വൈദ്യുത വിളക്കുകള്‍ കണ്ണുകള്‍ക്കും അതുവഴി മനുഷ്യജീവിതത്തിനും ആപത്തുണ്ടാക്കുമെന്നത് നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കാഴ്ചശക്തിക്ക് സാരമായ തകരാറുസംഭവിച്ച 107 വിദ്യാര്‍ഥികളെയും കുറേ അധ്യാപകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഏര്‍വാടി എലിമെന്ററി സ്‌കൂള്‍ വാര്‍ഷികദിവസമാണ് ഈ ആപത്തുണ്ടായിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി വന്ന അച്ഛനമ്മമാരേയും ആശുപത്രിയിലാക്കിയിട്ടുണ്ട്.

സ്റ്റേജ് പ്രോഗ്രാമിന് വേണ്ടിയാണ് ഇത്തരം വൈദ്യുത ദീപങ്ങള്‍ ക്രമീകരിക്കുന്നത്. വേദിയില്‍ അസഹ്യമായ ചൂടും കാഴ്ചശക്തിക്ക് മങ്ങലും ഉണ്ടാകും. ഫോട്ടോയെടുക്കുവാനുള്ള സൗകര്യത്തിനുവേണ്ടി ഇത്തരം പ്രകാശത്തെ ഉപയോഗപ്പെടുത്തുന്നവര്‍ വെള്ളക്കുടകൊണ്ട് മറയ്ക്കണമെന്നുണ്ടെങ്കിലും അതാരും അനുസരിക്കാറില്ല. മുഴുവന്‍ പരിപാടിയും വീഡിയോയിലാക്കി വിദേശത്തുള്ള രക്ഷകര്‍ത്താവിന് അയച്ചുകൊടുക്കാന്‍വേണ്ടി മുഴുവന്‍ സമയവും ഇത്തരം വിളക്കുകള്‍ കത്തിച്ചിടുന്ന സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് വലിയ തെറ്റാണ് ചെയ്യുന്നത്.

ഉഗ്രശേഷിയുള്ള വൈദ്യുത ദീപങ്ങള്‍ക്ക് മുന്നില്‍ നിരന്തരം നില്‍ക്കേണ്ടിവന്നതുകൊണ്ട് കാഴ്ചശക്തിതന്നെ നഷ്ടപ്പെടേണ്ടിവന്ന അതുല്യനടനാണ് കൊല്ലം ജി കെ പിള്ള. സിനിമകളിലും നാടകങ്ങളിലുമായി ഈ നടന്‍ പൊട്ടിച്ചിരിപ്പിച്ചിരുന്നത് കേരളീയര്‍ മറന്നിട്ടുണ്ടാവില്ല.

മുന്‍ നിയമസഭാധ്യക്ഷന്‍ കെ രാധാകൃഷ്ണന്‍ അടക്കമുള്ളവരും വൈദ്യുത വെളിച്ചത്തിന്റെ ഉഗ്രപ്രഹരമേറ്റ് ചികിത്സതേടേണ്ടിവന്നിട്ടുണ്ട്. ഇതൊന്നും നമ്മള്‍ പാഠമാക്കുന്നതേയില്ല. ഓരോ സ്‌കൂള്‍ വാര്‍ഷികത്തിനും പല കുട്ടികള്‍ക്കും ഇത്തരം ശാരീരിക വൈകല്യം ഉണ്ടാകാറുണ്ട്.

സദസ്യരെ കണ്ട് അവതരിപ്പിക്കുമ്പോഴാണ് ഏത് പരിപാടിയും വിജയിക്കുന്നത്. ഓട്ടന്‍തുള്ളല്‍, കൂത്ത് തുടങ്ങിയ പഴയ കലാപരിപാടികള്‍ക്ക് സദസുമായുള്ള ഇടപെടല്‍ അത്യാവശ്യമാണ്. അമിത വെളിച്ചം കാരണം തുള്ളല്‍ക്കാരന്‍ വേദിയില്‍ തുള്ളിമറയുന്നതേയുള്ളു, സദസ്യരുമായി സംവദിക്കുന്നില്ല.

സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക് ഇത്തരം ദീപങ്ങളുടെ ക്രമീകരണം തീരെ അനിവാര്യമല്ല. മുന്നില്‍ കുറ്റിരുട്ട് മാത്രമായിരിക്കും ഉണ്ടാവുക. അന്ധകാര മഹാസമുദ്രം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആര്‍ക്കറിയാം. ആരെങ്കിലും കത്തിവലിച്ചെറിഞ്ഞാല്‍ നിന്നുകൊള്ളുകയേ നിര്‍വാഹമുള്ളു.

മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാമെന്ന കരാര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ക്രൂരവെളിച്ചങ്ങളെ ഞാന്‍ നിര്‍ബന്ധപൂര്‍വം കെടുത്തിക്കാറുണ്ട്. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയാറാക്കിവച്ചിരിക്കുന്ന ചില സ്ഥലങ്ങളില്‍ നമ്മള്‍ നിസ്സഹായരാകുകയേയുള്ളു.
സമ്മേളനസ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം നിര്‍ബന്ധമാക്കണം. അത്യുഷ്ണം തരുന്ന ദീപങ്ങള്‍ കെടുത്താനും. അമിതശബ്ദം പ്രസരിപ്പിക്കുന്ന ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാനും നിയമപാലകര്‍ക്ക് കഴിയണം. ഉത്സവത്തിനും പൊതുയോഗങ്ങള്‍ക്കും മറ്റും അനുമതി നല്‍കുമ്പോള്‍ പൊലീസ് ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ല. നിര്‍ദ്ദേശിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേതന്നെ പോകട്ടേ എന്നാണ് അധികാരികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കാറുള്ളത്.

കാഴ്ച നഷ്ടപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ വീണ്ടെടുക്കുക എളുപ്പമല്ല. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആമയാടി തേവന്റെ കണ്ണില്‍ കമ്മട്ടിപ്പാലെഴുതിച്ച് പൊട്ടിച്ചു കളഞ്ഞതും മഹാത്മാഗാന്ധി ഉത്തരേന്ത്യയില്‍ നിന്നും വിദഗ്ധ നേത്രചികിത്സകരെ അയച്ചിട്ടും കാഴ്ച തിരിച്ചുകിട്ടിയില്ല എന്നതും ചരിത്രമാണ്. അന്ന് ചുണ്ണാമ്പുപാല്‍ ആയിരുന്നെങ്കില്‍ ഇന്ന് കാഴ്ചശക്തിയെ ഹനിക്കാന്‍ ഉപയോഗിക്കുന്നത് ഉഗ്രശേഷിയുള്ള വൈദ്യുത പ്രകാശത്തെയാണ്.

ഏര്‍വാടിയിലെ കുഞ്ഞുങ്ങളുടെ കണ്ണ് കേടാക്കിയവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക. അല്ലെങ്കില്‍ ശിക്ഷിച്ചതുകൊണ്ട് കാഴ്ചതിരിച്ചുകിട്ടുകയുമില്ലല്ലോ. വൈദ്യുതിയുടെ കര്‍ശനമായ നിയന്ത്രണം കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

Thursday, 8 March 2018

മധുവിനെ കൊന്നത് സവര്‍ണ സംസ്‌കാരം




ഒരാളുടെ സംസ്‌ക്കാരം ഏതെന്ന് നിശ്ചയിക്കുന്നത് ജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ല. അയാളുടെ സമൂഹത്തോടുള്ള പെരുമാറ്റവും നിലപാടുകളും വച്ചാണ്. അച്ഛനും അമ്മയും കല്‍പിച്ചരുളിയ ജാതി വാല്‍ മുറിച്ചുകളയാനൊന്നും സമയം കണ്ടെത്താതെ തന്നെ സവര്‍ണസംസ്‌കാരം ഉപേക്ഷിച്ച് മനുഷ്യ സംസ്‌കാരത്തിലെത്തിയവര്‍ കേരളത്തില്‍ ധാരാളമായുണ്ട്.

അവര്‍ണരെ ആക്രമിക്കുക, കൊല്ലുക തുടങ്ങിയവ ഈശ്വരകല്‍പിതമായി തങ്ങളില്‍ നിക്ഷിപ്തമാണെന്ന് സവര്‍ണര്‍ കരുതിയിരുന്നു. ഇവര്‍ ധനികരുമായിരുന്നു. നെല്ലും പണവും കുമിഞ്ഞവര്‍ക്ക് കൊല്ലും കൊലയും കുലാധികാരം എന്ന് ചന്ദനക്കട്ടിലില്‍ മഹാകവി ജി ശങ്കരക്കുറുപ്പ് രേഖപ്പെടുത്തിയത് അതുകൊണ്ടാണ്.

അട്ടപ്പാടി പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ നിന്നും ദളിത് പീഡനങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മധുവിന്റെ കൊലപാതകം.

പാലക്കാട് ജില്ലയിലെ നായാടി സമൂഹം അനുഭവിച്ചിരുന്ന വിലക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ സമൂഹത്തിലെ മനുഷ്യര്‍ക്ക് പകല്‍വെളിച്ചത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു. ഇവരെ പുറത്തുകണ്ടാല്‍ അപ്പോള്‍ത്തന്നെ തച്ചുകൊല്ലുമായിരുന്നു. സവര്‍ണ സമൂഹമാണ് മനുഷ്യത്വരഹിതമായ ഈ ക്രൂരത നടപ്പിലാക്കിയത്. ഇതുമൂലം പ്രണയവും വിശപ്പുമൊക്കെയുള്ള നായാടി മനുഷ്യര്‍ പകല്‍ സമയങ്ങളില്‍ ഉള്‍പ്രദേശങ്ങളിലെ മരച്ചില്ലകളിലും പാറയിടുക്കുകളിലും കഴിഞ്ഞുകൂടി. ഇവരെ പുറത്തുകൊണ്ടുവന്നത് സ്വാമി ആനന്ദതീര്‍ഥന്‍ ആണ്.

ആനന്ദതീര്‍ഥന് ഇതിനുവേണ്ടി കോടതിയെപോലും സമീപിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്ന് അന്നത്തെ കുഴല്‍മന്ദം സബ്കളക്ടര്‍ ഡോ. കാള്‍സ്റ്റണ്‍, നായാടികള്‍ക്ക് പൊതുനിരത്തിലൂടെ സഞ്ചരിക്കുവാനുള്ള അനുമതി നല്‍കി. പൊലീസ് അകമ്പടിയോടുകൂടി നായാടികളേയും കൂട്ടി കയ്യില്‍ തോക്കുമായി സബ്കളക്ടറും നിരത്തിലൂടെ നടന്നു. അങ്ങനെയാണ് നായാടിസമൂഹം പുറംലോകം കണ്ടത്. സവര്‍ണ സംസ്‌കാരത്തിനെതിരേയുള്ള ഒരു വലിയ ചുവടുവയ്പായിരുന്നു അത്.

ആദിവാസിയായ മധു സാമാന്യ വിദ്യാഭ്യാസം നേടിയ ആളായിരുന്നു. തലയ്‌ക്കേറ്റ ഒരു പ്രഹരം ആ മനുഷ്യനെ നാടുവിട്ട് കാട്ടില്‍ പാര്‍ക്കാന്‍ പ്രേരിപ്പിച്ചു. വര്‍ഷങ്ങളായി കാട്ടില്‍ താമസിച്ചുവരുന്ന ഈ മനുഷ്യ സഹോദരനെ കാട്ടുമൃഗങ്ങള്‍ ഉപദ്രവിച്ചില്ല. വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ച മധു വ്യാപാരസ്ഥാപനങ്ങളില്‍ സൂക്ഷിച്ച പണപ്പെട്ടികളില്‍ തൊട്ടതേയില്ല. മധുവിനെ ആക്രമിച്ചവരില്‍ വിവിധ ജാതിമതസ്ഥര്‍ ഉണ്ട്. അവരെ ഭരിച്ച വികാരം ആണ് നായാടികള്‍ക്കെതിരെ വിജൃംഭിച്ചു നിന്ന സവര്‍ണസംസ്‌കാരം. മുത്തങ്ങാ വനത്തില്‍ നിന്നും പിടികൂടി സി കെ ജാനുവിനെ മര്‍ദിച്ചപ്പോഴും പ്രകടമായത് ഇതേ സവര്‍ണ സംസ്‌കാരമാണ്. സവര്‍ണ സംസ്‌കാരമുള്ളവര്‍ രാജ്യത്തെ നിയമസംഹിതയെ അംഗീകരിക്കുന്നവര്‍ അല്ല.

ആദിവാസി ക്ഷേമത്തിനുവേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവയ്ക്കാറുണ്ട്. എന്നിട്ടും മധു എന്ന ആദിവാസി യുവാവിന് വിശപ്പടക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത് എന്തുകൊണ്ട്? ആദിവാസി മേഖലയില്‍ പട്ടിണി മരണങ്ങളും രോഗങ്ങളും ഉണ്ടാകുന്നതെന്തുകൊണ്ട്? ട്രൈബല്‍ സ്‌കൂളുകളില്‍ നിന്നും ആദിവാസിക്കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെടുന്നത് എന്തുകൊണ്ട്? ആദിവാസി ഊരുകളില്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ കാണപ്പെടുന്നത് എന്തുകൊണ്ട്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്.
സവര്‍ണ സംസ്‌കാരത്തെ ഹൃദയത്തില്‍ വച്ചുതന്നെ തൂക്കിലേറ്റേണ്ടതുണ്ട്
(ജനയുഗം)