Monday, 30 April 2012

മലയാളം തളിര്‍ക്കുന്നത് പ്രവാസികളുടെ ഹൃദയത്തില്‍

---------------------------------------------------------------------------------------

         വാടക കൊടുക്കാതെയും കുടിയൊഴിക്കല്‍ ഭീഷണിയില്ലാതെയും മലയാള ഭാഷ കഴിഞ്ഞുകൂടുന്നത് കേരളത്തിനു വെളിയില്‍ പാര്‍ക്കുന്നവരിലാണ്. പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലാണ് ഈ ആവാസവ്യവസ്ഥ തളിര്‍ത്തും പൂവിട്ടും നില്‍ക്കുന്നത്.
 
       കഠിന നിയമങ്ങളുണ്ടെന്നു നമ്മള്‍ കരുതുന്ന സൗദിഅറേബ്യയില്‍ മലയാളം പഠിക്കാനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ത്തന്നെയുണ്ട്. പരിണയം എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ ''പാര്‍വണേന്ദുമുഖി പാര്‍വതി, ശൈലേശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു'' എന്ന ഗാനം സ്‌കൂള്‍ കുട്ടികള്‍ സൗദിയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവാതിരയായും കളിക്കാറുണ്ട്. 

           യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണെങ്കില്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടു പരീക്ഷ നടത്തുന്ന സ്‌കൂളുകളുണ്ട്. കുവൈറ്റില്‍ ഇത്തരം സൗകര്യങ്ങളില്ല. എന്നാല്‍ കുവൈറ്റ് മലയാളികള്‍ അവരുടെ ആയിരക്കണക്കിന് വരുന്ന കുട്ടികളെ സ്വന്തം അധ്വാനത്താല്‍ മലയാളം പഠിപ്പിക്കുകയാണ്.

      കുവൈറ്റ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് ഈ മലയാളം നട്ടുനനച്ചുവളര്‍ത്തല്‍ പരിപാടിക്ക് രൂപംനല്‍കിയിട്ടുള്ളത്.

      മലയാളം എഴുതാനും വായിക്കാനും കുട്ടികളെ തരണമെന്നു പറഞ്ഞ് വീടുകള്‍തോറും കയറിയിറങ്ങിയ ഭാഷാസ്‌നേഹികള്‍ക്ക് നല്ല പ്രതികരണമല്ല ആദ്യം ലഭിച്ചത്. മലയാളം പഠിച്ചതുകൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്. കുവൈറ്റിനെ ഇറാഖ് ആക്രമിച്ചപ്പോള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടികയറിയവര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം കുട്ടികള്‍ക്ക് മലയാളം അറിയില്ല എന്നതായിരുന്നു. തുടര്‍ പഠനം നടക്കാതെയായി.

       യുദ്ധം കഴിഞ്ഞ് കുവൈറ്റില്‍ തിരിച്ചെത്തിയ മലയാളികള്‍ സ്വന്തം മക്കളെ മലയാളം പഠിപ്പിക്കുന്നതില്‍ ഉത്സാഹം കാട്ടി. ഏകീകൃത പാഠ്യപദ്ധതിയൊന്നുമില്ലാതെ അമ്മ, അച്ഛന്‍, കാക്ക, പൂച്ച എന്നൊക്കെ എഴുതി പഠിപ്പിച്ചു. അധ്യാപന ബിരുദധാരികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എണ്ണയുല്‍പാദനശാലയടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ പണിയെടുത്തവര്‍ അധ്യാപകരായി. ഫഌറ്റുകളിലെ കൊച്ചുമുറികള്‍ ക്ലാസ് മുറികളായി. ചുമരുകളില്‍ മുല്ലയും പിച്ചിയും കണിക്കൊന്നയും വിടര്‍ന്നു. നിളയും കബനിയും പമ്പയുമൊഴുകി.
 
       വികേന്ദ്രീകൃതമലയാള പഠനം ഏകീകൃത പാഠ്യപദ്ധതിക്കു വഴിമാറി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്കാലത്ത് മലയാളം മാവുപൂക്കുംപോലെ പൂത്തു. ഇപ്പോഴാണെങ്കില്‍ കുവൈറ്റിനെ അഞ്ചു മേഖലകളായി തിരിച്ച് മുപ്പത്തിയഞ്ച് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കേവലം ഭാഷാപഠനത്തില്‍നിന്ന് വായനോത്സവത്തിലേക്ക് പരിശ്രമങ്ങള്‍ വികസിച്ചിരിക്കുന്നു. കഥകളും കവിതകളും പഴഞ്ചൊല്ലുകളും നാടന്‍പാട്ടുകളും കുവൈറ്റ് മലയാളിമക്കളില്‍ ആര്‍ത്തുല്ലസിക്കുന്നു.

      കേരള നിയമസഭയിലെ ഒരു ബഹുമാനപ്പെട്ട അംഗത്തിന് കുവൈറ്റില്‍ മൂന്നുവലിയ സ്‌കൂളുകളുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളില്‍ വിശ്രമവേളയിലെ വിനോദമെന്ന നിലയ്‌ക്കെങ്കിലും മലയാളം പഠിപ്പിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവും ശോഭനവുമാകുമായിരുന്നു. കുവൈറ്റില്‍ മാത്രമല്ല, ഇന്ത്യയിലെ അന്യഭാഷാ സംസ്ഥാനങ്ങളിലും അമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളിലും മലയാളം വള്ളിവീശുന്നുണ്ട്.

       കുവൈറ്റിലെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠന സൗകര്യമില്ലെങ്കിലും മലയാളത്തില്‍ അറിയിപ്പുകള്‍ നല്‍കുന്ന വിമാനസര്‍വീസ് കുവൈറ്റിന്റേതാണ്. പൂര്‍ണമായും കുവൈറ്റിന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റ് എയര്‍വേസ്! മലയാളിയുടെ നികുതിപ്പണം കൊണ്ടുകൂടി പറക്കുന്ന എയര്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു സൗകര്യമില്ല.

         കേരളത്തിനു പുറത്ത് ഇതാണ് സ്ഥിതിയെങ്കില്‍ കേരളത്തിലോ? മലയാളം എന്ന അമ്മ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Sunday, 22 April 2012

സ്വന്തം വീട്ടിലെ മാലിന്യം അയല്‍മുറ്റത്തേയ്‌ക്കെറിയരുത്
             താമരയിലയിലെ നീര്‍ത്തുള്ളിയെന്ന് വിശുദ്ധിയുടെ വാക്കുകള്‍ കൊണ്ട് തിരുനല്ലൂര്‍ കരുണാകരന്‍ വിശേഷിപ്പിച്ച അഷ്ടമുടിക്കായല്‍. ഒ എന്‍ വി മുതല്‍ ശാന്തന്‍ വരെയുള്ള കവിപരമ്പരയെ ഊട്ടി വളര്‍ത്തിയ അഷ്ടമുടിക്കായല്‍.
 
             ലോകത്തിലെ അസുലഭ സൗന്ദര്യസങ്കേതങ്ങളിലൊന്നായ ഈ ജലശേഖരത്തെ പ്രണയാനുഭവത്തിന്റെ പാരമ്യത്തില്‍ നിന്നുകൊണ്ട് ഇഷ്ടമുടിക്കായല്‍ എന്ന് ഓമനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നാകട്ടെ, കൊല്ലം നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കഷ്ടമുടിക്കായലായി ഇതു മാറിയിരിക്കുന്നു.
           
            ഇഷ്ടതയില്‍ നിന്നും കഷ്ടതയിലേക്കുള്ള വ്യതിയാനം ഒരു ജനതയുടെ ദുര്‍മുഖത്തെയാണ് സൂചിപ്പിക്കുന്നത്. ദുര്‍ഗന്ധത്തിന്റെയും രോഗവാഹികളായ പ്രാണികളുടെയും കഥയാണ് ഇപ്പോള്‍ കായലിനു പറയാനുള്ളത്. ഞെളിയല്‍പറമ്പോളം ഞെളിഞ്ഞുനില്‍ക്കാന്‍ ഇനി ഒന്നോ രണ്ടോ കവര്‍ ചീഞ്ഞ കോഴിക്കാലുകള്‍ മാത്രം മതിയാകും കുരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക്.
 
             അഷ്ടമുടിക്കായലിന്റെ തെക്കുപടിഞ്ഞാറെ തീരമായ കുരീപ്പുഴ, സഹനത്തിന്റെ കാര്യത്തില്‍ ആരെയും അതിശയിപ്പിക്കും. തോട്ടിയും തോട്ടിയുടെ മകനും ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണ് അതിന്റെ സഹനകഥ. മാലിന്യങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങി കൊല്ലം നഗരത്തെ സുന്ദരിയാക്കി നിര്‍ത്തിയത് പാവപ്പെട്ട കുരീപ്പുഴ നിവാസികളാണ്. കാലം മാറിയപ്പോള്‍ തോട്ടിയും തോട്ടിയുടെ മകനും ചരിത്രത്തിന്റെ ഭാഗമായി. ആ തൊഴില്‍ എന്നന്നേയ്ക്കുമായി അവസാനിച്ചു. ശാസ്ത്രം പുരോഗമിച്ചു. വാസ്തുശാസ്ത്രം ചിന്തിച്ചിട്ടുപോലുമില്ലാത്ത രീതിയില്‍ വീട്ടിനുള്ളില്‍ത്തന്നെ മലമൂത്ര വിസര്‍ജനത്തിന് സൗകര്യങ്ങളുണ്ടായി. ഭക്ഷണരീതികള്‍ മാറി. ജനസംഖ്യയേറി. പഴയ സസ്യാഹാരത്തിനുപകരം ചിക്കനും മട്ടണും ബീഫും നിത്യാഹാരമായി. അവയുടെ അവശിഷ്ടങ്ങള്‍ ഓരോ പ്രദേശങ്ങളിലും കുന്നുകൂടി. ഈ അവശിഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ കൊല്ലം നഗരസഭ അതിവിചിത്രമായ ഒരുപായം കണ്ടുപിടിച്ചു. അമ്പത്തിയഞ്ചു ഡിവിഷനുകളിലെയും വൃത്തികേടുകള്‍ ശേഖരിച്ച് കുരീപ്പുഴയില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് നിക്ഷേപിച്ചു! ജനങ്ങളുടെ പ്രതിഷേധത്തെ ആദ്യമാദ്യം ആരും കണ്ടെന്നു നടിച്ചില്ല.
 
 
             കായല്‍ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ന്യൂസിലന്റിലെ എ എസ് ആര്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് കേരളത്തിലെ ഭൂശാസ്ത്രപഠനകേന്ദ്രം 2001 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലം നഗരത്തിലെ മാലിന്യസംസ്‌കരണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കാന്‍ കഴിയൂ എന്നു പറഞ്ഞിരുന്നു. കെറിബ്ലാക്കും എം ബാബയും മുന്‍കൈ എടുത്ത ഈ റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമല്ല നഗരസഭ പുലര്‍ത്തിയത്. കായലിന്റെ ആരോഗ്യസൂചകമായ ലേയ ഓക്‌സിജന്റെ അളവ് തെക്കന്‍ കായല്‍ പ്രദേശത്ത് വെറും രണ്ട് മില്ലിഗ്രാം ആണെന്ന അപകടകരമായ അവസ്ഥ ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു. അതും നഗരസഭ നിരാകരിച്ചു. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി കായലിന്റെ നൂറു മീറ്റര്‍ പരിസരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശിച്ചു. നഗരസഭ കണ്ണടച്ചു. ഇപ്പോഴത്തെ അവസ്ഥ അതിഭീകരമാണ്. ആനമലയോളം ഉയരത്തില്‍ അഴുക്ക് കൂട്ടിയിട്ടിരിക്കുന്നു. വലിയ കുഴികളില്‍ നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും മഞ്ഞനീരിറങ്ങി അഷ്ടമുടിക്കായലിനെ മലിനമാക്കിയിരിക്കുന്നു. കുരീപ്പുഴയിലെ ജനങ്ങള്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത രോഗങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
 
 
         മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരം നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്‍ ഉത്ഭവിക്കുന്ന സ്ഥലത്തുതന്നെ സംസ്‌കരിക്കണം. അതായത് കൊല്ലം നഗരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ അമ്പത്തഞ്ചു ഡിവിഷനുകളിലായി സംസ്‌കരിക്കണം. ഓരോ വീടും ഓരോ സ്ഥാപനവുമായിരിക്കണം പ്രാഥമിക സംസ്‌കരണശാലകള്‍.
കുരീപ്പുഴയിലുണ്ടാകുന്ന മാലിന്യം കൊല്ലം നഗരത്തിലെ ഒറ്റ ഡിവിഷനിലേയ്ക്കും വലിച്ചെറിയുന്നതല്ല. അതുപോലെതന്നെ മറ്റു ഡിവിഷനുകളിലെ മാലിന്യം കുരീപ്പുഴക്കാരുടെ മുഖത്തേയ്ക്കു വലിച്ചെറിയരുത്. ഇത് കുരീപ്പുഴച്ചണ്ടി ഡിപ്പോയുടെ മാത്രം പ്രശ്‌നമല്ല. ഞെളിയന്‍പറമ്പിലും ലാലൂരും വിളപ്പില്‍ശാലയിലുമുള്ള ജനങ്ങള്‍ ഇതു തന്നെയാണു പറയുന്നത്.
 
 
           കുരീപ്പുഴ നിവാസികളുടെ വോട്ടുകൂടി നേടിയ നഗരസഭാംഗവും നിയമസഭാംഗവും ലോക്‌സഭാംഗവുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ ഖേദത്തോടെയാണു നിരീക്ഷിക്കുന്നത്.
 
            പാര്‍ലമെന്റംഗം ഒന്നും ചെയ്തില്ലെന്നു പറയാന്‍ കഴിയില്ല. രാജധാനി എക്‌സ്പ്രസിന് കൊല്ലത്ത് സ്റ്റോപ്പനുവദിപ്പിച്ചിട്ടുണ്ട്. കൊതുകുകളെയും ഈച്ചകളെയും വകഞ്ഞുമാറ്റി കുരീപ്പുഴ നിവാസികള്‍ക്ക് പ്രാണന്‍ കയ്യിലെടുത്ത് ഓടി രാജധാനി എക്‌സ്പ്രസില്‍ കയറി എങ്ങോട്ടെങ്കിലും രക്ഷപ്പെടാമല്ലോ.

Friday, 20 April 2012

തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയും

ആള്‍ദൈവങ്ങള്‍ കേരളത്തില്‍ വ്യാപിക്കുകയാണ്. ഏതെങ്കിലും ഒരു വാക്കിനോടൊപ്പം ആനന്ദാ എന്നുകൂടി ചേര്‍ത്ത് ഭഗവദ്ഗീതയും അല്‍പസ്വല്‍പം യോഗയും വാലുംതുമ്പുമില്ലാത്ത വര്‍ത്തമാനങ്ങളും ഒെക്കയായാണ് ചില ലാഭാന്വേഷികര്‍ സ്വത്തുസമ്പാദിക്കുന്നതെങ്കില്‍ മറ്റുചിലര്‍ അത്ഭുതരോഗശാന്തി തുറുപ്പാക്കിയുള്ള കൂട്ടപ്രാര്‍ഥന ചൂതുകളിയും മറുഭാഷാ മാജിക്കും പിഞ്ഞാണത്തിലെഴുത്തും ഒക്കെയായിട്ടാണ് കെണിയൊരുക്കുന്നത്. ബുദ്ധിജീവികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും രാഷ്ട്രീയ നേതാക്കളുമടക്കം ഈ അടക്കംകൊല്ലി വലയില്‍ പെട്ടുപോകാറുണ്ട്.
ആള്‍ദൈവങ്ങളെകൂടാതെ ചില പുതുദൈവങ്ങളും കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേപ്പുമരവും ആല്‍മരവും ഒന്നിച്ചുനില്‍ക്കുന്നിടത്ത് വേപ്പാലും മൂട്ടിലമ്മയും അവിടെ പൊങ്കാലയും ആവിര്‍ഭവിക്കാറുണ്ട്. ആല്‍മരത്തിന്റെ വിത്തുവിതരണം പക്ഷികളിലൂടെയാകയാല്‍ ഏതു മരത്തിലും ഫഌറ്റിന്റെ കൊമ്പത്തും ആല്‍മരം മുളച്ചുവരാം. അതും ഒരു തണലായിക്കണ്ട് ദൈവാസനം സ്ഥാപിക്കുകയാണു ചെയ്യുന്നത്. ആലും മാവുമുണ്ടെങ്കില്‍ ആത്മാവായി എന്നൊരു ഗുണഫലംകൂടി ദൈവവ്യവസായികള്‍ കണ്ടെത്താറുണ്ട്.
പുതിയ ദൈവത്തെയും പുതിയ ആള്‍ദൈവത്തെയും തിരശ്ശീലയിലെത്തിച്ച് അതിന്റെ ഉള്ളറകള്‍ ബോധ്യപ്പെടുത്തുന്ന രണ്ട് ചലച്ചിത്രങ്ങളാണ് അടുത്ത കാലത്ത് പുറത്തിറങ്ങിയത്. സുദേവന്‍ സംവിധാനം ചെയ്ത തട്ടുമ്പൊറത്തപ്പനും പ്രിയനന്ദനന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കുമാണ് ആ സിനിമകള്‍. സോപ്പുകുട്ടന്‍മാരായ നായക നടന്‍മാരോ മിന്നലുപോലെ പ്രത്യക്ഷപ്പെട്ട് ഉടലുകുലുക്കുന്ന കൂട്ടനൃത്തക്കാരോ ഈ സിനിമയിലില്ല.
മലയാളനാട് എന്ന ഓണ്‍ലൈന്‍ മാഗസിന്റെ നാലാംലക്കത്തിലാണ് തട്ടുമ്പൊറത്തപ്പന്‍ എന്ന ഹ്രസ്വചിത്രം ചേര്‍ത്തിട്ടുള്ളത്. സുഖമില്ലാത്ത അമ്മയുമായി വീട്ടിലേക്കുവരുന്ന മകളുടെയും മകന്റെയും ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മകനാണെങ്കില്‍ എപ്പോഴും പൂജനടത്തുന്ന ബുദ്ധിവികസിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനാണ്. ആ വീട്ടിന്റെ തട്ടിന്‍പുറത്ത് ഒരു യുവാവ് ഗത്യന്തരമില്ലാതെ കടന്നുപറ്റുന്നു. ഒരു രാഷ്ട്രീയ സംഘട്ടനത്തിലെ പ്രതിയാണയാള്‍. വിശപ്പുസഹിക്കുവാന്‍ കഴിയാതെ ഈ ഒളിപാര്‍പ്പുകാരന്‍ പൂജനടത്തുന്ന ചെറുപ്പക്കാരനോട് അശരീരിയായി സംസാരിക്കുന്നു. ആ വീട്ടിലെ ദൈവമാണെന്നും തട്ടിന്‍പുറത്തപ്പനാണെന്നും നിവേദ്യമായി ഉള്ളതെന്തെങ്കിലും നല്‍കിയിട്ട് കതകടച്ചു പൂജനടത്തണമെന്നുമാണ് നിര്‍ദേശം. പൂജാരി മുറിക്കുപുറത്തുകടന്നാണ് പൂജ നടത്തേണ്ടത്. അങ്ങനെ ഒളിവിലിരിക്കുന്നയാള്‍ കഞ്ഞിയും മറ്റും സംഘടിപ്പിക്കുന്നു. പൂജാരിപ്പയ്യനെ കരുവാക്കിത്തന്നെ കൂട്ടുകാരെ ബന്ധപ്പെട്ട് വളരെ തന്ത്രപരമായി അയാള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനുശേഷമാണ് പൊലീസും നാട്ടുകാരും കുത്തുകേസിലെ പ്രതിയെതേടിയെത്തുന്നത്. അപ്രത്യക്ഷമായത് അത്ഭുതമാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കാണുന്നത് പ്രതി ഒളിച്ചിരുന്ന വീട് മഠപ്പുര ആകുന്നതാണ്. തട്ടുപൂജയടക്കം പല വഴിപാടുകളും അവിടെയുണ്ടായി. ചുറ്റുമുള്ള പെട്ടിക്കടകളില്‍, തട്ടുമ്പൊറത്തപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്ന ബോര്‍ഡുകള്‍ വില്‍ക്കാനായി വച്ചിട്ടുണ്ട്. ആള്‍ത്തിരക്കുള്ള ഒരു അന്ധവിശ്വാസകേന്ദ്രമായി അത് മാറി. മന്ദബുദ്ധിയായ പൂജാരിപ്പയ്യന്‍ വര്‍ത്തമാനകാല കേരളത്തിന്റെ ഒരു പ്രതീകമായി ഈ ചിത്രത്തില്‍നിന്ന് കൊഞ്ഞനംകുത്തുന്നുണ്ട്.
അമ്പത്താറു മിനിട്ടുമാത്രമുള്ള ഈ ചിത്രം കലാമേന്മയിലും സംവിധായകന്റെ കയ്യടക്കത്തിലുമൊക്കെ മികച്ചുനില്‍ക്കുന്നു.
പ്രിയനന്ദനന്റെ സിനിമയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ആള്‍ദൈവമായി വേഷമിടേണ്ടിവന്ന ഒരു കുടുംബിനിയാണ് ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു. ആത്മീയ മാഫിയയുടെ പിടിയില്‍പ്പെട്ടുപോയ പാവം കുടുംബിനി. സുമംഗലാദേവിയമ്മയായി മാറുന്ന അവരുടെ ആശ്രമത്തിലേയ്ക്ക് ഭക്തജനലക്ഷങ്ങളുടെ പ്രവാഹമാണ്. സുമംഗലാദേവിയെ സ്വര്‍ണസിംഹാസനത്തിലാണ് ഉപവിഷ്ഠയാക്കുന്നത്. കാലില്‍ പാലഭിഷേകവുമുണ്ട്. മഠത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ സംസ്ഥാന ഗവര്‍ണറും സാംസ്‌കാരികവകുപ്പ് മന്ത്രിയുമൊക്കെയാണ് വാഴ്ത്തുപ്രസംഗങ്ങള്‍ നടത്തുന്നത്. ഭര്‍ത്താവിനോടൊപ്പം പര്‍ദയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആ പാവം കുടുംബിനിയെ തീവ്രവാദികളെ തേടിയെത്തുന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ അമ്മദൈവമായി തിരിച്ചറിയുന്നുണ്ട്. മാഫിയ കുഴിച്ച കുഴിയില്‍ മാഫിയതന്നെ വീണ് മഠം കത്തിനശിച്ചിട്ടും സുമംഗലാദേവി ദൈവമായി നിലനില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കുശേഷവും ബോധ്യമാകുന്നുണ്ട്.
ആള്‍ദൈവത്തിന്റെ ചരടുകള്‍ പിടിക്കുന്നവരെക്കുറിച്ചും ആള്‍ദൈവമഹിമപാടുന്ന കേരളീയ ജീവിതത്തെക്കുറിച്ചും ഈ ചിത്രം നമ്മളോടു പറയുന്നു. ഒരു കുടുംബം നേരിടുന്ന പ്രതിസന്ധികള്‍ ഈ ചിത്രത്തിന്റെ നാട്ടെല്ലായിനില്‍ക്കുന്നു.
അന്ധവിശ്വാസത്തെ വിശ്വാസമായി മാമ്മോദീസാമുക്കി പവിത്രപ്പെടുത്തുന്ന ഇക്കാലത്ത് സമൂഹത്തിന്റെ ബുദ്ധിയുടെ നേര്‍ക്കാണ് സുദേവനും പ്രിയനന്ദനനും ക്യാമറവയ്ക്കുന്നത്. ഈ പ്രമേയം തിരഞ്ഞെടുക്കുകവഴി ബോധ്യപ്പെടുത്തലിന്റെ വെളിച്ചമാണ് ഈ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രസരിപ്പിക്കുന്നത്.
നഗ്ന കവിത
------------------
കോഴി ബിരിയാണി.
---------------------------------
ആദ്യം കൊടുത്താലോ?
ആളുകള്‍
അപ്പോഴേ പിരിയും.

ഒടുവില്‍ കൊടുത്താലോ?
അപ്പോഴേ ആളുകള്‍ വരൂ.

അങ്ങനെയാണ്
പുതിയ അറിയിപ്പ് ഉണ്ടായത്‌.
സാംസ്കാരിക സമ്മേളനത്തിനിടയില്‍
കോഴി ബിരിയാണി
വിളമ്പുന്നതാണ്.

Tuesday, 27 September 2011

ഓണത്തിനൊരു യുദ്ധവും ചരിത്രവിദ്യാര്‍ഥികളും




ഇരുട്ടുകെട്ടിയ പാറക്കെട്ടുകള്‍ തുരന്ന് ഉഷസിന്റെ തീവണ്ടി ചുരുട്ടു പുകയും ചൂളംവിളിയുമായി താഴ്‌വരയില്‍ ചുമച്ചുനിന്നു കഴിഞ്ഞപ്പോഴാണ് ചിങ്ങം വന്നത്. പ്രകൃതിയാകെ മാറി. നിലാവ് ഓണപ്പൂക്കളിലലയാന്‍ തുടങ്ങി. ഉത്രാട രാത്രിയാണ്. ചീനപ്പറവകള്‍ കാടുകളില്‍ ചിലമ്പുകെട്ടി ചിനച്ചുണര്‍ന്നിട്ടുണ്ട്. തുടുത്ത കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ ഒരാള്‍ വന്ന്, ആലപ്പുഴയുടെയും എറണാകുളത്തിന്റെയും അതിര്‍ത്തി പ്രദേശമായ അരൂരിനു സമീപം ഒരു കായല്‍തീരത്ത് ചങ്ങാടം കാത്തുനില്‍ക്കുന്നുണ്ട്. അത് മഹാബലിയാണ്.
കായലിലൂടെ ചെറുവഞ്ചികളില്‍ മീന്‍പിടുത്തക്കാര്‍ പാട്ടുംപാടിപ്പോകുന്നുണ്ട്. അവരുടെ പാട്ടിന്റെ മാറ്റൊലി ചീനവലത്തട്ടില്‍ കൂടുകൂട്ടുന്നുണ്ട്. മഹാബലി, ആ മീന്‍പിടുത്തക്കൂട്ടുകാരുമായി വാക്കുകള്‍ മാറുന്നുണ്ട്. അപ്പോഴാണ്, മറ്റൊരു തോണി തുഴഞ്ഞ് ഒരു താടിക്കാരന്‍ വൃദ്ധന്‍ വരുന്നത്. അയാള്‍ ഒരു ശ്ലോകം ചൊല്ലുന്നുണ്ട്. ശ്ലോകം കേട്ടാല്‍ അക്ഷരശ്ലോക പരീക്ഷയില്‍ മത്സരിക്കുന്നുവെന്നേ തോന്നൂ. കുതിരയുടെ തോളത്ത് കൈവിരല്‍ ഓടിച്ചുകൊണ്ട് മഹാബലി ആ ശ്ലോകം ശ്രദ്ധിച്ചു.
'നീരാഴിപ്പെരുമാള്‍, തിരക്കുതിരകള്‍ തുള്ളുന്ന തേരേറി വന്നീ രാമന്റെ പരശ്വധത്തിനരുളീ കാണിക്കയായ് കേരളം; പാരാവാര വിമുക്തയെ, സ്സുഭഗയാമീ യൂഴിയെ പിന്നെ വന്നാ രാണക്ഷയ പാത്രമാക്കിയിവിടെ ജ്ജീവിച്ചതിന്നേ വരെ?' ഇതായിരുന്നു ശ്ലോകം.
അമ്പരന്നുപോയി മഹാബലി. ഇത് നാട്ടുകാരാരുമല്ല. ഏതു കാട്ടാളനാണാവോ! മഹാബലി സംശയിച്ചു. വഞ്ചി കരയ്ക്കടുപ്പിച്ചു മുഖമുയര്‍ത്താതെ നടന്ന അയാളോട്, നിങ്ങളാരാണ്, ഈ രാത്രിയിലെന്തിനു വന്നു എന്നു ചോദിച്ചു മഹാബലി. കണ്ണിലെ ചെമ്പന്‍ വലക്കെട്ടു തുള്ളിച്ചു, കയ്യിലിരുന്ന മഴുകറക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. കേട്ടിട്ടുണ്ടാവണം നിങ്ങളെന്നെ ഭാര്‍ഗവരാമനെ. ഈ വെണ്‍മഴു എറിഞ്ഞല്ലോ കേരളക്കര നേടി ഞാന്‍.
മലയാള നാട്ടിലെ എന്റെ സഞ്ചാരവേളക്കിടയില്‍ ഇങ്ങനെയുള്ള സത്യനിഷേധങ്ങള്‍ കേട്ടിട്ടുണ്ടെന്നു മഹാബലി മറുപടി പറഞ്ഞു. ഭാര്‍ഗവരാമന്‍ ചൊടിച്ചു. എന്റെ കേരള സൃഷ്ടിയെ നിഷേധിക്കാന്‍ നിങ്ങളാരാണ്?
മഹാബലി പറഞ്ഞു, ഞാനാരുമല്ല. അതിന് ഈ നാട്ടില്‍ ചരിത്ര വിദ്യാര്‍ഥികളുണ്ട്. ആരോ പറഞ്ഞ കടംകഥ ശാസ്ത്രത്തിന്റെ കാലത്ത് സത്യമാവുകയില്ല.
പരശുരാമന്‍ കൂടുതല്‍ ക്രൂദ്ധനായി തെളിവു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയതാണീ ഭൂമി. അവര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. അധര്‍മത്തിന്റെ വേരു ചെത്താന്‍ എടുത്തതാണെന്നു പറഞ്ഞ് പരശുരാമന്‍ മഹാബലിയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു. കടന്നു പറയരുത്. നിങ്ങളാരാണെതിര്‍ക്കുവാന്‍ എന്നും ചോദിച്ചു പരശുരാമന്‍.
ഈ ചോദ്യത്തിനു മഹാബലി മറുപടി പറയുന്നത്, ഞാനാരാണെന്നറിയാന്‍ നിനക്കു മുന്‍പുണ്ടായ വാമനനോടു ചോദിക്കണമെന്നാണ്. പരശുരാമന്‍ ജനിക്കുന്നതിനു മുന്‍പ് ഈ നാടു ഭരിച്ചിരുന്ന മഹാബലിയാണു ഞാന്‍. മനുഷ്യനായ മഹാബലി. ഈ നാട്ടിലേക്കാദ്യമെത്തിയ ബ്രാഹ്മണനാണ് വാമനന്‍. പാതാളത്തിലേക്കു മഹാബലിയെ താഴ്ത്തിയ ഭൂദാനയജ്ഞ പ്രവര്‍ത്തകനായിരുന്നു വാമനന്‍.
അതില്‍ കാര്യമുണ്ടല്ലൊ. അവതാര കഥകളനുസരിച്ച് മഹാവിഷ്ണു ആദ്യം മത്സ്യമായാണവതരിച്ചത്. പിന്നീട് ആമയായി. പിന്നെ പന്നിയായി. അതിനുശേഷം നരസിംഹമായി. പിന്നെ വാമനനായി. അതിനും ശേഷമാണല്ലൊ പരശുരാമനായി അവതരിക്കുന്നത്. ഹിമയുഗങ്ങള്‍ക്കുശേഷമാണ് മനുഷ്യനും അവന്റെ സങ്കല്‍പശേഷികളും അവതരിച്ചതെന്നതിനാല്‍ മഹാവിഷ്ണു ദിനോസറായി അവതരിച്ചില്ല. ഏതു സങ്കല്‍പവും അറിവിന്റെ അടിസ്ഥാനത്തിലേ സാധ്യമാവുകയുള്ളു. വിവിധ ദേശങ്ങളിലെ മനുഷ്യര്‍ അവരുടെ സങ്കല്‍പശേഷി അനുസരിച്ചുണ്ടാക്കുന്ന കഥകളില്‍ പൊരുത്തക്കേടുണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയൊരു പൊരുത്തക്കേടാണ് വാമന പരശുരാമ അവതാര കഥകളും കേരളവുമായുള്ളത്. തികഞ്ഞ ഭൗതിക വാദിയായിരുന്ന വയലാര്‍ രാമവര്‍മ്മ ഈ പൊരുത്തക്കേടിനെ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുന്നത്. മിത്തുകളുടെ യുക്തി ഭദ്രതയുള്ള വിനിയോഗമാണ് മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്ന കവിതയിലുള്ളത്.
കവിതയില്‍ മഹാബലിയും പരശുരാമനും തമ്മില്‍ ഗംഭീര യുദ്ധം നടക്കുകയും പരശുരാമന്‍ എട്ടടി ദൂരേയ്ക്ക് തെറിച്ചുവീണു തോല്‍ക്കുകയും ചെയ്യുന്നു. ആ വഴിവന്ന ചരിത്ര വിദ്യാര്‍ഥികള്‍ നല്ല ഗവേഷണ വസ്തുവിനെ കണ്ടതുപോലെയാണ് പരശുരാമനെ നിരീക്ഷിച്ചത്. ഒന്നാമതായി പരദേശി വര്‍ഗത്തെ കേരളത്തിലെത്തിച്ച മൂപ്പില, കോടാലിയിപ്പോഴും കളഞ്ഞില്ലെന്നു പഠിച്ചുറപ്പിക്കുന്നു.
ചരിത്ര വിദ്യാര്‍ഥികള്‍ കേരളത്തില്‍ നന്നേ കുറഞ്ഞിരിക്കുന്നു. നമ്മുടെ മക്കളെല്ലാം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും സാങ്കേതിക വിദ്യാ വിദഗ്ധരുമാകയാല്‍ ചരിത്രം പഠിച്ചു ചോദ്യങ്ങളുന്നയിക്കുന്നത് ഇനിയാരാണ്? ഓണം കമ്പോളത്തിലൊതുങ്ങിപ്പോയത് അതുകൊണ്ടാണ്.

Monday, 29 August 2011

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ ശ്രദ്ധയില്ല, ശിഹാബുമില്ല

ശ്രദ്ധ എന്ന വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്‌ കോഴിക്കോട്‌ ജില്ലയിലെ ഏതോ വിദ്യാലയത്തില്‍വച്ചാണ്‌. അപൂര്‍വവും വ്യത്യസ്‌തവുമായ പേര്‌. കവി എ അയ്യപ്പന്‍ പുതിയ മാസികക്കിടാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന പേരാണ്‌. എന്നാല്‍ ആ പേര്‌ എഴുതാന്‍ കഴിയാത്തരീതിയിലായിപ്പോയല്ലോ മലയാളി മനസ്സെന്നോര്‍ത്തപ്പോള്‍ ദുഃഖം തോന്നി.

ഏതു മലയാളിയുടെയും ആധികാരിക രേഖയാണ്‌ എസ്‌ എസ്‌ എല്‍ സി ബുക്ക്‌. അതിലുള്ള ഒരു വലിയ സൗകര്യം വിദ്യാര്‍ഥിയുടെ പേര്‌ പ്രാദേശിക ഭാഷയില്‍ കൂടി എഴുതാമെന്നുള്ളതാണ്‌. എന്നാല്‍ രണ്ടായിരത്തിപ്പതിനൊന്നു മാര്‍ച്ചില്‍ പരീക്ഷയെഴുതിയവര്‍ക്കു നല്‍കിയ എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും മലയാളത്തില്‍ പേരെഴുതാനുള്ള സന്ദര്‍ഭം എടുത്തുമാറ്റിയിരിക്കുന്നു. എസ്‌ എസ്‌ എല്‍ സി ബുക്കില്‍ ശ്രദ്ധയും ശിഹാബും ഇല്ലെന്നു സാരം.

അന്‍പത്തൊന്നക്ഷരവും അതിന്റെ വമ്പിച്ച വിപുലീകരണവുമുണ്ട്‌ മലയാളത്തിന്‌. അന്‍പത്തൊന്ന്‌ എന്ന ക്ലിപ്‌തതയില്‍ തര്‍ക്കം പോലുമുണ്ട്‌. ഇംഗ്ലീഷിലാണെങ്കില്‍ ഇരുപത്തിയാറ്‌ അക്ഷരവും. തമിഴിന്‌ മലയാളത്തെക്കാള്‍ ലിപിക്കുറവുണ്ടെങ്കിലും ദ്രാവിഡഭാഷയായതിനാല്‍ സന്ദര്‍ഭാനുസൃത യുക്തികൊണ്ട്‌ കണപതിയെ ഗണപതിയാക്കിയെടുക്കാവുന്നതുമാണ്‌. എന്നാല്‍ സാംസ്‌കാരിക വിദൂരതയുള്ള ഇംഗ്ലീഷില്‍ കേരളീയ നാമങ്ങള്‍ തെറ്റായിട്ടെ എഴുതാന്‍ കഴിയൂ. മലയാളം മാത്രമല്ല, അറബും ചൈനീസും ജാപ്പനീസുമൊന്നും ഇംഗ്ലീഷിനു വഴങ്ങുകയില്ല. പൗരസ്‌ത്യഭാഷകള്‍ മാത്രമല്ല, പാശ്ചാത്യ ഭാഷകളും ഇംഗ്ലീഷ്‌ കണ്‌ഠത്തിനപ്പുറമാണ്‌. ഴാങ്‌പോള്‍സാര്‍ത്രിനെ ജീന്‍പോള്‍സാര്‍ത്രാക്കിയാണല്ലോ അവര്‍ നമ്മള്‍ക്കുതന്നത്‌. എഴുത്തച്ഛന്‍, ചങ്ങമ്പുഴ, ഏഴാച്ചേരി, പഴവിള, അഴിക്കോട്‌ ഈ പേരുകളും ഷേക്‌സ്‌പിയറിന്റെ മാതൃഭാഷയ്‌ക്ക്‌ അപ്രാപ്യമാണ്‌. നമ്മുടെ കൊല്ലത്തെ ക്വയ്‌ലോണായും ആലപ്പുഴയെ ആലപ്പിയായും തലശ്ശേരിയെ ടെല്ലിച്ചേരിയായും അഞ്ചുതെങ്ങിനെ അഞ്ചങ്കോയായുമാണല്ലോ ആ വിദ്വാന്‍മാര്‍ ആലപിച്ചിരുന്നത്‌. പശുചത്തിട്ടും മോരിലെ പുളി ഏറിവരുന്ന ഇന്ദ്രജാലമാണ്‌ ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്‌. അതിനാല്‍ ട്രിവാന്‍ഡ്രവും കൊയ്‌ലോണും കാനന്നൂരുമൊക്കെ നമ്മുടെ റയില്‍വേ സ്റ്റേഷനിലും മറ്റും നഗ്നനൃത്തം നടത്തുന്നുണ്ട്‌.

ബലരാമന്‍ എന്ന പേര്‌ ഇംഗ്ലീഷിലെഴുതിയാല്‍ ബാലരാമനാകും. ഈ പേരുകള്‍ക്ക്‌ യുഗങ്ങളുടെ അകലമുണ്ട്‌. ഒരാള്‍ ത്രേതായുഗത്തിലും മറ്റൊരാള്‍ ദ്വാപരയുഗത്തിലും.

അയിശ, ശെരീഫ്‌, അശ്രഫ്‌, ശാര്‍ങ്‌ഗധരന്‍, ശൈലജ, ശിവന്‍, ശംബൂകന്‍, ദയ, ദിപു, ഫല്‍ഗുനന്‍ തുടങ്ങിയ പേരുകളും ഇനി എസ്‌ എസ്‌ എല്‍ സി ബുക്കുനോക്കി തെറ്റായി വായിക്കപ്പെടും. വിദ്യാര്‍ഥിയുടെ പേരു മാത്രമല്ല രക്ഷകര്‍ത്താവിന്റെ പേരും തെറ്റും. സ്ഥലനാമങ്ങള്‍ പലപ്പോഴും തെറിവാക്കായി ഉച്ചരിക്കപ്പെടും.

തലസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍ എന്ന സ്ഥലത്തേയ്‌ക്ക്‌ ഒരിക്കല്‍ ഒരു കത്തു പോയി. ഇംഗ്ലീഷിലായിരുന്നു മേല്‍വിലാസമെഴുതിയിരുന്നത്‌. ഭരണഭാഷ മലയാളമാക്കുന്ന കാര്യമൊക്കെ മേല്‍വിലാസമെഴുതിയ ഗുമസ്‌തന്‍ മറന്നിരുന്നു. ഒരു മാസത്തിനുശേഷം കത്ത്‌, അതേ സര്‍ക്കാര്‍ ഓഫീസില്‍ മടങ്ങിയെത്തി. തപാല്‍ വകുപ്പിന്റെ പുതിയ കവറടക്കത്തോടെ. ഇതിനിടെ കത്ത്‌, മേല്‍വിലാസക്കാരനെ അന്വേഷിച്ച്‌ തമിഴ്‌നാട്ടിലെ നാമക്കല്‍ എന്ന സ്ഥലം മുഴുവന്‍ സഞ്ചരിക്കുകയും ഇങ്ങനെയൊരാള്‍ ഇല്ലെന്നു ബോധ്യപ്പെടുകയും ചെയ്‌തിരുന്നു. മേല്‍വിലാസം മലയാളത്തില്‍ എഴുതിയിരുന്നെങ്കിലോ? പിറ്റേന്നു തന്നെ ആ കത്ത്‌ മേല്‍വിലാസിക്ക്‌ ലഭിക്കുമായിരുന്നു.

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും അമ്മ മലയാളത്തെ കുടിയിറക്കാന്‍ തീരുമാനിച്ചത്‌ ഏതു മലയാളിയാണ്‌? അതുകൊണ്ട്‌ ഭാഷയെ അപമാനിക്കുകയല്ലാതെ എന്തു ഗുണമാണ്‌ സര്‍ക്കാരിനുണ്ടാകുന്നത്‌? മലയാളികളുടെ പേരുകള്‍ വികലമാക്കിയതല്ലാതെ എന്തു നേട്ടമാണുണ്ടായത്‌? ആ ഇടം അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടാല്‍ എന്താണ്‌ കുഴപ്പം?

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ മലയാളം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ നമ്മുടെ സമരോത്സുക വിദ്യാര്‍ഥിസംഘടനകളുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്‌.

കേരളത്തിലെ തൊഴില്‍വകുപ്പ്‌ ജീവനക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം മറുനാടന്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷനാണ്‌. അവര്‍ ഹാജരാക്കുന്ന രേഖകളൊക്കെ അവരുടെ മാതൃഭാഷയിലുള്ളതാണ്‌. ചില വാക്കുകള്‍ കേട്ടാല്‍ മനസ്സിലാക്കുമെന്നല്ലാതെ,. എല്ലാ തൊഴില്‍വകുപ്പ്‌ ജീവനക്കാര്‍ക്കും ബംഗാളി, ഒറിയ. കന്നഡ, തെലുങ്കു ഭാഷകള്‍ എഴുതാനും വായിക്കാനുമറിയില്ലല്ലോ. നമ്മുടെ എസ്‌ എസ്‌ എല്‍ സി ബുക്കിലാണെങ്കില്‍ ദൂരദേശങ്ങളിലുള്ളവര്‍ക്കു വായിക്കുവാന്‍ ഇംഗ്ലീഷ്‌, പേരു തെറ്റാതെ നമ്മള്‍ക്കു വായിച്ചെടുക്കാന്‍ മലയാളവുമുണ്ടായിരുന്നു. ആ മലയാളത്തെയാണ്‌ ഇപ്പോള്‍ ഞെക്കിക്കൊന്നിരിക്കുന്നത്‌?

മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാതൃഭാഷാ കൊലപാതകം നടക്കുമായിരുന്നോ? മദ്രാസ്‌ തമിഴ്‌നാടും മൈസൂര്‍ കര്‍ണാടകയും ഒറീസ ഒഡീസയും പശ്ചിമബംഗാള്‍ പശ്ചിംബാംഗയും ആകുന്നതാണ്‌ നമ്മള്‍ കണ്ടത്‌.

ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ മലയാളികള്‍ അഭിമാനമില്ലാത്ത ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്‌. മലയാളം മലയാളിക്കുതന്നെ ആവശ്യമില്ലാതായിരിക്കുന്നു. മലയാളം പറയുന്നതും എഴുതുന്നതും കുറച്ചിലായി മാറിയിരിക്കുന്നു. പല സ്‌കൂളുകളിലും രഹസ്യമായി ഐ ഹേറ്റ്‌ മലയാളം ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ടത്രെ. നമ്മുടെ ഭരണാധികാരികള്‍ മലയാളത്തില്‍ പ്രസംഗിച്ച്‌ വോട്ടുനേടി ജയിച്ചവരാണ്‌. അവര്‍ തന്നെയാണ്‌ മലയാളത്തെ ഇല്ലാതാക്കാന്‍ ആത്മഹത്യാപരമായ തീരുമാനങ്ങളെടുക്കുന്നത്‌.

.

Saturday, 20 August 2011

ഡോ.സുകുമാര്‍ അഴിക്കോട്


ഡോ.സുകുമാര്‍ അഴിക്കോടിന്റെ ലേഖനം. ശ്രീ പദ്മനാഭ സ്വാമി എന്റൊവ്മെന്റും വിവാദങ്ങളും.


കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ കാലത്തുതന്നെ തുടങ്ങിയ ഒരു എന്‍ഡോവ്‌മെന്റാണ്‌ ശ്രീ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌. കഴിഞ്ഞകൊല്ലത്തിനു മുമ്പുവരെ കൊടുത്തുവന്നിരുന്ന എന്‍ഡോവ്‌മെന്റാണിത്‌. പുരസ്‌കാരം കഴിഞ്ഞുപോയ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയാണ്‌ തുടരേണ്ടതെന്ന്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ പുതിയ അക്കാദമി ഭാരവാഹികള്‍ നിയമിതരായെങ്കിലും നിര്‍വാഹക സമിതി രൂപീകരിക്കപ്പെട്ടില്ല. എങ്കിലും എന്‍ഡോവ്‌മെന്റ്‌ പിന്‍വലിച്ചത്‌ ഒരു വിവാദമായി മാറിയപ്പോള്‍ സാംസ്‌കാരിക മന്ത്രി എളുപ്പവഴിയില്‍ എന്‍ഡോവ്‌മെന്റ്‌ പുനസ്ഥാപിച്ചു.
അതോടെ ഒരു പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുന്‍ അക്കാദമി നിര്‍വാഹക സമിതിയുടെ തീരുമാനം റദ്ദാക്കാന്‍ അധികാരം പിന്നീടു വരുനന നീര്‍വഹകസമിതിക്കുള്ളതാണല്ലോ പുതിയ സമിതി വിരുന്നതുവരെ മന്ത്രി കാത്തിരിക്കണമായിരുന്നു. മന്ത്രിയുടെ അതിരുവിട്ട നടപടി ജനായത്തരീതിയല്ല എന്ന വമര്‍ശനത്തില്‍ നിന്ന്‌ മുക്തമല്ല.
ഈ ഭരണപരമായ തര്‍ക്കത്തേക്കാള്‍ മുഖ്യമാണ്‌ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ റദ്ദാക്കിയത്‌ ശരിയാണോ എന്ന തര്‍ക്കം. എന്‍ഡോവ്‌മെന്റുകളില്‍ വച്ച്‌ ഏറ്റവും പഴക്കമുള്ളതാണ്‌ ഈ എന്‍ഡോവ്‌മെന്റ്‌. അതിനുവേണ്ട ധനനിക്ഷേപം തിരുവീതാംകൂര്‍ രാജാവാണ്‌ ഏര്‍പ്പെടുത്തിയത്‌. എങ്കിലും അവാര്‍ഡിന്റെ പേര്‌ ശ്രീപദ്‌മനാഭസ്വാമി അവാര്‍ഡ്‌ എന്നാണ്‌, തിരുവിതാംകൂര്‍ രാജപുരസ്‌കാരം എന്നായിരുന്നില്ല.
റദ്ദ്‌ ചെയ്യാന്‍ പഴയ കമ്മിറ്റിയെ പ്രേരിപ്പിച്ചത്‌ ഒരു ഹിന്ദുദേവന്റെ പേരിലുള്ള അവാര്‍ഡ്‌ ഇന്ത്യയുടെ ഭരണഘടന പരിപാലിക്കുന്ന സെക്കുലറിസത്തിന്‌ നിരക്കാത്തതാണ്‌ എന്ന ആലോചനയാണ്‌.
ആദ്യകാലത്ത്‌ ഇതൊന്നും ഗൗരവമായി എടുത്തിരുന്നോ എന്ന്‌ സംശയമാണ്‌. അന്നത്തെ നിര്‍വാഹക സമിതിയില്‍ അംഗങ്ങളായിരുന്ന പ്രമുഖരായ തിരുവനന്തപുരത്തെ പണ്ഡിതന്മാര്‍ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ ഒരു ബഹുമതിയായിട്ടായിരിക്കും പരിഗണിച്ചത്‌. പക്ഷേ കാലംമാറി. മുന്‍ അക്കാദമി ഇടതുഗവണ്‍മെന്റിന്റെ കാലത്ത്‌ രൂപംകൊണ്ടതാകയാല്‍ സെക്കുലറിസം തുടങ്ങിയ പുതിയ ചിന്തകള്‍ അക്കാദമിയിലും പ്രതിഫലിച്ചത്‌ സ്വാഭാവികമാണ്‌. പ്രസിഡന്റ്‌ എം മുകുന്ദനും മറ്റ്‌ പല അംഗങ്ങളും ഇടതുപക്ഷക്കാരല്ലായിരുന്നെങ്കിലും അതേ പ്രമേയം അന്ന്‌ അംഗീകരിക്കപ്പെട്ടു.
ആ പുരസ്‌കാര തിരസ്‌കാര തീരുമാനം ഇത്ര പെട്ടെന്ന്‌ മന്ത്രിതലത്തില്‍ പിന്‍വലിക്കേണ്ട അടിയന്തരാവശ്യം ഉണ്ടായിരുന്നില്ല.
മാത്രമല്ല, ഈ പിന്‍വലിച്ച തീര്‍പ്പ്‌ ഭാവിയില്‍ അക്കാദമിയെ പല കുഴപ്പങ്ങളിലും വലിച്ചിഴച്ചെന്നും വരാം.
വരാനുള്ളത്‌ വരികതന്നെ ചെയ്യും. കാലം അത്രമാത്രം മതജാതി അന്ധത പൂര്‍ണമാണ്‌. ശ്രീപദ്‌മനാഭസ്വാമിയുടെ പേരില്‍ സാഹിത്യ എന്‍ഡോവ്‌മെന്റ്‌ അക്കാദമിക്ക്‌ സ്വീകരിക്കാമെങ്കില്‍ കന്യാമേരിയുടെയോ സെന്റ്‌ ജോര്‍ജിന്റെയോ അള്ളാഹുവിന്റെ വേറെ വേദങ്ങളിലോ എന്‍ഡോവ്‌മെന്റുകള്‍ വന്നാല്‍ എന്തുചെയ്യും? ശ്രീപദ്‌മനാഭസ്വാമിയുടെ പേരില്‍ ആകാമെങ്കില്‍ അക്കാദമി ഇപ്പറഞ്ഞതെല്ലാം അനുവദിച്ചെന്നുംവരും.
ഇവിടെ രക്ഷ സെക്കുലറിസം മാത്രമാണ്‌. ഗവണ്‍മെന്റിന്റെ സഹായം സ്വീകരിച്ചുകൊണ്ട്‌ നടത്തുന്ന ഒരു സ്ഥാപനത്തിലും മതപരമായ പ്രത്യേക താല്‍പര്യം ഒന്നിലും പ്രതിഫലിക്കാന്‍ പാടില്ലെന്നുള്ള നിയമത്തിന്റെ മുമ്പില്‍ ഈവക മതഭേദവികാരങ്ങള്‍ ദുര്‍ബലമായിത്തീരും. നേരെമറിച്ച്‌ ശ്രീപദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ അസാധുവാക്കിയ അക്കാദമി നടപടി നിലവിലുണ്ടായാല്‍ അതുകൂടെ ചൂണ്ടിക്കാണിച്ചും പുതിയ പക്ഷപാതപരങ്ങളായ നീക്കങ്ങളെ തടയാന്‍ സാധിച്ചേനേ.
ശങ്കരാചാര്യരുടേയോ മദര്‍തെരേസയുടേയോ ഇക്‌ബാലിന്റെയോ പേര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അവിടെ സെക്കുലറിസം സംഹനിക്കപ്പെടില്ല. കാരണം ശങ്കരാചാര്യര്‍ വലിയ ചിന്തകനും മദര്‍തെരേസ പാവങ്ങളുടെ പരിപാലികയും ഇക്‌ബാല്‍ മഹാസാഹിത്യകാരനുമാണ്‌. അവരുടെ മതപരമായ വിശ്വാസങ്ങള്‍ക്ക്‌ ഇവിടെ പ്രസക്തിയില്ല. കാലടിയില്‍ ശങ്കര യൂണിവേഴ്‌സിറ്റിയുണ്ടല്ലോ.
ഇവിടെ ചില സംശയങ്ങള്‍ ജനിച്ചേക്കാം. ശ്രീറാം പോളിടെക്‌നിക്‌, ശ്രീകൃഷ്‌ണ കോളജ്‌, ഗുരുവായൂരപ്പന്‍ കോളജ്‌ തുടങ്ങി പല പേരുകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടായാലും അവ എതിര്‍ക്കപ്പെട്ടിട്ടില്ല. പിന്നെ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റിനുമാത്രം എന്താണ്‌ തീണ്ടല്‍. സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തം ഇഷ്‌ടമനുസരിച്ച്‌ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക്‌ പേര്‌ നല്‍കുന്നു. സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, ക്രൈസ്റ്റ്‌ കോളജ്‌ എന്നെല്ലാം സ്ഥാപനങ്ങള്‍ ഉണ്ട്‌. അതുപോലെ പദ്‌മനാഭസ്വാമി കലാലയമാകാം. പക്ഷേ ഒരു ഗവണ്‍മെന്റ്‌ സ്ഥാപനത്തിന്‌ ഈ നാമകരണ സ്വാതന്ത്ര്യമില്ല.
സാഹിത്യ അക്കാദമി പൂര്‍ണമായും ഗവണ്‍മെന്റിന്റെ സൃഷ്‌ടിയാകവേ സെക്കുലറിസ്റ്റ്‌ ഗവണ്‍മെന്റ്‌ പ്രവര്‍ത്തനത്തില്‍ മതപരമായ പ്രത്യേക പക്ഷപാതം കാണിക്കരുതെന്ന ആശയമാണ്‌. മതപരമായ കാര്യത്തില്‍ ഇപ്പോഴും വിശ്വാസികള്‍ക്ക്‌ മതവിരുദ്ധമായ മത്സരബുദ്ധി നടക്കുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ അവിടെ ഒരു ഹിന്ദു ദേവാലയം എന്നോ ഉണ്ടായിരുന്നത്‌ തുടരുന്നു. മുഗള ചക്രവര്‍ത്തിയായ ബാബര്‍ പൊളിച്ച്‌ പള്ളിപണിത്‌ എന്നതിന്റെ പകരം വീട്ടലായിട്ടാണ്‌. നുറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ പ്രതികാര ബുദ്ധി കെട്ടടങ്ങിയില്ല. അതിന്റെ ഓര്‍മ ഇപ്പോഴും കെട്ടടങ്ങാതെ എരിഞ്ഞുകൊണ്ടുനില്‍ക്കുന്നു.
കേരളത്തില്‍ തന്നെ ധാരാളം ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ ഇനിയും ഉണ്ടാകാം. നിസാരകാരണംമതി.
നിലയ്‌ക്കല്‍ സംഭവം നാളേറെയായിട്ടില്ല. അവിടെ ഒരു കുരിശുകണ്ടെന്നും ആ സ്ഥലത്ത്‌ ഒരു ക്രൈസ്‌തവ ദേവാലയം പണിയുമെന്നും അറിഞ്ഞതോടെ ഹൈന്ദവ സംഘടനകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തിറങ്ങി. ഭാഗ്യത്തിന്‌ അത്‌ ആളിപ്പടരുന്നതിനു മുമ്പ്‌ സമാധാനപ്രവര്‍ത്തനങ്ങള്‍ വിജയിച്ചു.
അതുകൊണ്ട്‌ കേരള ഗവണ്‍മെന്റിന്റെ അധികാരം ഉപയോഗിച്ച്‌ രൂപംകൊണ്ട സാഹിത്യ അക്കാദമി മതപരമായ സ്വഭാവമുള്ള- അതും, ഒരു ക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ മാത്രം പേരിലുള്ള ദൈവനാമത്തില്‍ ഈ സാഹിത്യ പുരസ്‌കാരം നല്‍കുന്നതിനും ആവശ്യമായ ധനനിക്ഷേപം (എന്‍ഡോവ്‌മെന്റ്‌) സ്വീകരിക്കുന്നതും മതതുല്യത അംഗീകരിച്ച്‌, നമ്മുടെ നാട്ടില്‍ അനുവദിക്കാനാവില്ല.
നേരത്തെയുള്ള അക്കാദമി എക്‌സിക്യൂട്ടീവുകാര്‍ ഈ വിഷയം പതിവിന്‍പടി തുടര്‍ന്നുവന്നത്‌ കഴിഞ്ഞ തവണയാണ്‌ ചോദ്യം ചെയ്യപ്പെട്ടത്‌. അതിന്റെ ന്യായീകരണം തള്ളിക്കളയാവുന്നതല്ല.
അതിനാല്‍ ആ തീരുമാനം ദുര്‍ബലപ്പെടുത്തി പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ തുടരണമെന്ന സാംസ്‌കാരിക മന്ത്രിയുടെ നിശ്ചയം ഭരണമര്യാദയെ നീതീകരിക്കാതെയായതുകൊണ്ട്‌ പ്രത്യേകിച്ചും തീര്‍ത്തും തെറ്റായില്ലേയെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.
ഈ പ്രശ്‌നത്തിന്റെ നാനാവശങ്ങള്‍ പരിശോധിച്ചുകൊണ്ട്‌ പുതിയ അക്കാദമി എന്‍ഡോവ്‌മെന്റില്‍ ഒരു പുതുതീര്‍പ്പ്‌ എടുക്കുന്നതായിരിക്കും ഉചിതം. സെക്കുലറിസം എന്ന വസ്‌തുതയ്‌ക്ക്‌ വേണ്ട പരിഗണന കൊടുത്തില്ലെങ്കില്‍ സംഗതി ഇനിയും കുഴഞ്ഞുവെന്ന്‌ വരും.
ഭരണഘടന ലംഘനമാണ്‌ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ എന്ന പേരില്‍ അതിനെ പുനഃസ്ഥാപിച്ച നടപടി. കോടതിയില്‍ അത്‌ ചോദ്യം ചെയ്യപ്പെപ്പെട്ടുകൂടായ്‌കയില്ല