Monday, 12 November 2012

ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രഭുവിന്റെ മക്കള്‍

 എന്താണ് സിനിമ? നമ്മളെ ആഹ്ലാദിപ്പിച്ചും ചിലപ്പോള്‍ കരയിച്ചും കടന്നുപോകുന്നതുമാത്രമാണോ? സിനിമയില്‍ സംവാദത്തിനു സാധ്യതയുണ്ടോ?

 ഉണ്ടെന്നാണ് ലോക സിനിമ പറയുന്നത്. എന്നാല്‍ സംവാദ സിനിമകള്‍ പലപ്പോഴും പരമ ബോറായിട്ടാണ് അനുഭവപ്പെടുക.
 
 
കഥയുടെ നൂല്‍ബന്ധമില്ലാത്തതും കഠിന ഭാഷയില്‍ സൈദ്ധാന്തിക ചര്‍ച്ച നടത്തുന്നതുമായ സിനിമകളാണ് ഏതു ബുദ്ധിജീവിയെയും തിയേറ്ററില്‍ നിന്ന് പുറത്തേയ്ക്ക് പായിക്കുന്നത്.
 
മലയാളത്തില്‍ കഥയും ചര്‍ച്ചയും ഒന്നിപ്പിച്ചുകൊണ്ട് കണ്ടിരിക്കാവുന്ന ഒരു സിനിമ ഉണ്ടായിരിക്കുന്നു. നിറയെ ചോദ്യങ്ങളും യുക്തിഭദ്രമായ ഉത്തരങ്ങളും നിറയ്ക്കുന്ന ഒരു ചലച്ചിത്രം. പ്രഭുവിന്റെ മക്കള്‍.
ഇക്കാലത്താണെങ്കില്‍ നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാമോ എന്നു പലരും വെല്ലുവിളിക്കാറുണ്ട്. ഈ വെല്ലുവിളിക്ക് രണ്ടു ചലച്ചിത്ര ഭാഷകളില്‍ തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും മറുപടി പറഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ ചില ചിത്രങ്ങളും ആ വഴിയേ സഞ്ചരിച്ചിട്ടുണ്ട്.
 
പ്രഭുവിന്റെ മക്കളിലാണെങ്കില്‍ തുറന്നുപറയുന്ന ഒരു രീതിയാണ് സംവിധായകനായ സജീവന്‍ അന്തിക്കാട് സ്വീകരിച്ചിട്ടുള്ളത്.
 
 
പ്രഭുവിന്റെ രണ്ടുമക്കളിലൊരാള്‍ യുക്തിവാദിയാണ്. രണ്ടാമന്‍ ഭക്തിവാദിയും. ഭക്തിവാദിയായ സിദ്ധാര്‍ഥനാണെങ്കില്‍ ഒരു കാമുകിയുമുണ്ട്. എന്നാല്‍ സിദ്ധാര്‍ഥന്‍, അച്ഛനെയും സഹോദരനെയും പ്രണയിനിയെയും ഉപേക്ഷിച്ച് ആത്മീയാന്വേഷണത്തിനിറങ്ങുന്നു. ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ മറ്റു സമീപപ്രദേശങ്ങളിലും ഗുരുവിനെ തേടിയലയുന്ന സിദ്ധുവിന് ഗുരുവിനെ ലഭിക്കുക തന്നെ ചെയ്തു. ധ്യാനവും യോഗയുമടങ്ങിയ കഠിന ജീവിതപദ്ധതി.
 
 
അപ്രതീക്ഷിതമായാണ് ബ്രഹ്മചര്യമഹത്വം പാടാറുള്ള ഗുരുവും ആശ്രമ സന്യാസിനിയും തമ്മിലുള്ള കിടപ്പറ ദൃശ്യം അയാള്‍ കാണുന്നത്. വെള്ളത്തിനടിയില്‍ ലോഹപ്പാളി വിരിച്ച് ഹഠയോഗി വെള്ളത്തിനു മുകളിലൂടെ നടക്കുന്നതും ഈ യുവാവ് കണ്ടെത്തുന്നു. വാസ്തവത്തിന്റെ ബോധോദയമുണ്ടായതിലൂടെ തികഞ്ഞ നാസ്തികനായി മാറിയ സിദ്ധാര്‍ഥന്‍ നാട്ടിലെത്തി കാത്തിരുന്ന കണ്മണിയെ കല്യാണവും കഴിച്ച് തികഞ്ഞ യുക്തിവാദിയായി ജീവിക്കുന്നു.
 
 
ഇനിയാണ് സിനിമയില്‍ ഹരിപഞ്ചാനന ബാബ വരുന്നത്. ബാബയ്ക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുവാന്‍ അറുപതേക്കര്‍ പുരയിടം ഇഷ്ടദാനമായി നല്‍കുന്ന പ്രഭു, ബാബയുടെ അത്ഭുതങ്ങള്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുന്നതിനെ തുടര്‍ന്ന് ആ കരാറില്‍ നിന്നും പിന്‍മാറുന്നു. അന്തരീക്ഷത്തില്‍ നിന്നും ഭസ്മവും ചെറുശിവലിംഗവും ചെറിയ സ്വര്‍ണമാലയുമൊക്കെ എടുക്കുക തുടങ്ങിയ ചെറുകിട മാജിക്കുകളാണ് ബാബ അത്ഭുതമായി കാട്ടിയിരുന്നത്. കരാറില്‍ നിന്നും പിന്‍മാറിയ പ്രഭു, ബാബയുടെ ഗൂഢാലോചനയില്‍ നിന്നുണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. മക്കളുടെ അന്വേഷണത്തിനൊടുവില്‍ ബാബ അറസ്റ്റു ചെയ്യപ്പെടുന്നു.
 
 
ആത്മീയത ഉപേക്ഷിച്ച് വാസ്തവ ചിന്തയിലെത്തിയ സിദ്ധാര്‍ഥനും സംഘവും ദിവ്യാത്ഭുത അനാവരണത്തിനായി കേരളത്തിലും ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിക്കുന്നു. അഹം ദ്രവ്യാസ്മി തുടങ്ങിയ പരിഹാസ മുദ്രാവാക്യങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
 
 
ജാതി, മതം, ദൈവം, മറ്റ് അന്ധവിശ്വാസങ്ങള്‍ ഇവയാണ് ഈ സിനിമയില്‍ അനാവരണത്തിനു വിധേയമാക്കുന്നത്. ശരിയായ മതരഹിത ജീവിതത്തിന്റെ സാധ്യതകളും മുദ്രകളും ഈ സിനിമ മുന്നോട്ടുവയ്ക്കുന്നു. സിനിമയിലുടനീളം യുക്തിവാദം പ്രധാന കഥാപാത്രമാകുന്നു.
 
 
കാല്‍പനിക ഗാനങ്ങള്‍ ആരെഴുതിയാലും മഹാകവി ചങ്ങമ്പുഴയ്ക്കപ്പുറം പോവുകയില്ലെന്നറിഞ്ഞതിനാലാകാം ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങള്‍ എന്ന കവിത പ്രണയരംഗത്തിന് വസന്തം ചാര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. ചങ്ങമ്പുഴയും ഒരു അവിശ്വാസിയായിരുന്നതിനാല്‍ ആ തെരഞ്ഞെടുപ്പ് ഉചിതമായി.
 
വിഷയത്തിന്റെ വിപുലീകരണം ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയത്തില്‍ നിന്നും വ്യതിചലിക്കാന്‍ കാരണമാകുന്നുണ്ട്. അടിയന്തരാവസ്ഥക്കാലം മറ്റൊരു ചിത്രത്തിനായി മാറ്റിവയ്ക്കാമായിരുന്നു.
പ്രഭുവിന്റെ മക്കള്‍, തിയേറ്ററുകളില്‍ നിന്നും മാറ്റി, ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്ത് ആളുകളെ ക്ഷണിച്ചു പ്രദര്‍ശിപ്പിക്കുന്നതാവും നല്ലത്. തിയേറ്റര്‍ പ്രേക്ഷകരുടെ ശീലങ്ങള്‍ക്ക് ഈ ചിത്രം തൃപ്തി നല്‍കാന്‍ സാധ്യതയില്ല.
 
പ്രേമാനന്ദിന്റെയും ദയാനന്ദിന്റെയും അവരുടെ പിതാവിന്റെയും നരേന്ദ്രനായിക്കിന്റെയും മറ്റും ജീവിതമറിയുന്നവര്‍ക്ക് ഈ ചിത്രം ആദരവോടെയും ആവേശത്തോടെയും കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ചിന്തയുടെ വലിയ ആകാശം പ്രഭുവിന്റെ മക്കള്‍ തുറന്നുതരും.

Friday, 9 November 2012

സ്വര്‍ണച്ചേനയും നാഗമാണിക്യവും

           ചാത്തന്നൂര്‍ സ്വദേശിയായ ആശാജി എന്ന ചിത്രകാരന്‍ എഴുതിയ സൂത്രം എന്ന നോവലില്‍ ഒരു ആള്‍ദൈവത്തെ അവതരിപ്പിക്കുന്നുണ്ട്. ആള്‍ദൈവം തന്റെ ആസ്ഥാനമൊരുക്കുന്നത് ആളുകളെ അദ്ഭുതപ്പെടുത്തുന്ന ഒരു വിദ്യയിലൂടെയാണ്. ഒരു ചെറിയ കുഴിയെടുത്ത് അതില്‍ ഒരു ചെറിയ ഓട്ടുരുളി വയ്ക്കുന്നു. ഉരുളിയില്‍ മണ്ണിട്ടുനിറച്ച് ചേനവിത്തുനടുന്നു. ചേനമുളച്ചുവളര്‍ന്ന് പാകമാകുന്ന കാലത്ത് ഒരാളെ വിളിച്ച് ചേന കിളച്ചെടുക്കുന്നു. കിളയ്ക്കുമ്പോള്‍ മണ്‍വെട്ടി ഓട്ടുരുളിയില്‍ തട്ടുന്നു. ചേനച്ചോട്ടില്‍ ഉരുളി കണ്ട് പണിക്കാരന്‍ അദ്ഭുതപ്പെടുന്നു. ഉരുളികാണാന്‍ ജനങ്ങളെത്തുന്നു. മണ്ണില്‍ ഉരുളി വിളഞ്ഞിടത്ത് ആള്‍ദൈവം ആസ്ഥാനമുണ്ടാക്കുന്നു.
 
 
പിന്നെ ആള്‍ദൈവത്തിന് ആരാധനയുടെ കൊയ്ത്തുകാലമാണ്. കണക്കില്ലാത്ത പണം ഒഴുകിയെത്തുന്നു. ആരാധകരുടെ സുരക്ഷിത വലയത്തിനുള്ളില്‍ ആള്‍ദൈവം ലൈംഗിക ചൂഷണമടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
 
സന്തോഷ് മാധവന്‍ പിടിക്കപ്പെടുന്നതിന് വളരെക്കാലം മുന്‍പാണ് ഈ നോവല്‍ രചിക്കപ്പെടുന്നത്.
 
 
ഉരുളിച്ചേനയെ മുന്‍നിര്‍ത്തി കുബേരനായ ആളാണ് ഈ കഥാപാത്രമെങ്കില്‍ ആള്‍ദൈവമൊന്നും ആകാതെ തന്നെ സ്വര്‍ണച്ചേന വ്യവസായം നടത്തുന്നവരുമുണ്ട് കേരളത്തില്‍. സ്വര്‍ണച്ചേന ചതിയില്‍ പലതവണ ആളുകള്‍ പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെയും ആത്മീയതയുടെയും ആവരണമിട്ടു നടത്തുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നൊന്നും മലയാളി ഒരു പാഠവും പഠിച്ചില്ല. വീണ്ടും തട്ടിപ്പുകള്‍ക്ക് വിധേയരാവുകയാണ്.
 
 
ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചേര്‍ത്തലയില്‍ നിന്നാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യയും വിവേകവും നല്‍കുന്ന സ്ഥലമാണ് ചേര്‍ത്തലയെന്നോര്‍ക്കണം.
സ്വര്‍ണച്ചേന നല്‍കാമെന്ന് മോഹിപ്പിച്ച് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുക്കപ്പെട്ടിട്ടുള്ളത്.
 
ഒരു അമ്മയും മക്കളുമടക്കമുള്ള തട്ടിപ്പു സംഘം അവരുടെ വീട്ടിനടുത്തുള്ള കാവില്‍ നിന്നും സ്വര്‍ണച്ചേന ലഭിച്ചെന്നും അതുമുറിച്ചു നല്‍കണമെങ്കില്‍ മുറിക്കുന്ന അളവിനു തുല്യമായ സ്വര്‍ണം മുന്‍കൂട്ടി ചേനയില്‍ വയ്ക്കണമെന്നും അവര്‍ പറഞ്ഞത്രെ. അതായത് കാല്‍ കിലോ സ്വര്‍ണച്ചേന ആവശ്യമുണ്ടെങ്കില്‍ കാല്‍ കിലോ ചേനയല്ലാത്ത സ്വര്‍ണം ചേനപ്പുറത്തുവയ്ക്കണം. മോഹവലയില്‍ കുടുങ്ങിയവര്‍ മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന മുപ്പത്തഞ്ചു പവന്റെ ആഭരണങ്ങളും നാല്‍പത്തൊന്ന് സ്വര്‍ണനാണയങ്ങളും ചേനപ്പുറത്തുവയ്ക്കാന്‍ നല്‍കിയത്രെ. ഈ സ്വര്‍ണമാണ് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്.
 
 
വാസ്തവത്തില്‍ ഒരു ചേനച്ചെടിയുടെ മൂട്ടിലും സ്വര്‍ണം ഉണ്ടാവുകയില്ല. സ്വര്‍ണ അയിരിന് മഞ്ഞനിറംപോലുമില്ല. ആത്മീയതയുടെയും അന്ധവിശ്വാസത്തിന്റെയും കാവുകളില്‍ മാത്രമേ സ്വര്‍ണച്ചേനയും സ്വര്‍ണച്ചേമ്പും സ്വര്‍ണക്കിഴങ്ങുമൊക്കെ വിളയുകയുള്ളൂ. അവിടെ സ്വര്‍ണക്കപ്പയോ സ്വര്‍ണ ഇഞ്ചിയോ ഒക്കെ വിളഞ്ഞാലും അദ്ഭുതപ്പെടാനില്ല. വിദ്യാഭ്യാസമുള്ള കേരളീയര്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും ആത്മീയ തട്ടിപ്പുകളില്‍ നിന്നും മാറി നിന്നെങ്കില്‍ മാത്രമേ ഇത്തരം കബളിപ്പിക്കലുകള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ.
 
 
കാവില്‍ നിന്നാണ് സ്വര്‍ണച്ചേനകിട്ടിയത് എന്നാണല്ലോ തട്ടിപ്പുസംഘം പറഞ്ഞത്. എന്തുകൊണ്ടാണ് പള്ളിക്കൂടങ്ങളില്‍ നിന്നോ കൃഷിഭൂമിയില്‍ നിന്നോ കിട്ടിയെന്നുപറയാത്തത്? കാവുകള്‍ പരിസ്ഥിതിയുടെ അവിഭാജ്യഘടകമാണ് എന്ന വാസ്തവത്തെ വിസ്മരിച്ചുകൊണ്ട് ദൈവത്തിന്റെയും ആത്മീയതയുടെയും ആവാസസ്ഥലം എന്നു കരുതുന്നിടത്താണ് സ്വര്‍ണച്ചേന വിശ്വസിക്കാവുന്ന ഒരു പദാര്‍ഥമാകുന്നത്. തട്ടിപ്പിന്റെ ഒന്നാം പാഠം അവിടെ ആരംഭിക്കുന്നു.
 
 
കാവുകളെ കേന്ദ്രീകരിച്ചാണ് നാഗമാണിക്യവും ഉദ്ഭവിക്കുന്നത്. വിശിഷ്ടനാഗത്തില്‍ നിന്നും ലഭിക്കുന്നത് എന്നു പറഞ്ഞ് കച്ചവടം ചെയ്യപ്പെടുന്ന നാഗമാണിക്യ വ്യവസായവും സ്വര്‍ണച്ചേന വ്യവസായവും രഹസ്യക്കമ്പോളത്തിലാണ് പുഷ്പ്പിക്കാറുള്ളത്. ദൈവികവും സത്യസന്ധവുമാണെങ്കില്‍ പരസ്യമായി ഈ കച്ചവടം നടത്തിക്കൂടെ? ദൈവീക പരിവേഷമുണ്ടാക്കി നടത്തുന്ന ഈ തട്ടിപ്പുകളില്‍ നമ്മുടെ മതദൈവങ്ങളുടെ നിലപാടെന്താണ്. എല്ലാം ദൈവനിശ്ചയമനുസരിച്ചാണെങ്കില്‍ ഈ തട്ടിപ്പും ദൈവനിശ്ചയമാണോ? ദൈവം പോലും ഒരു മെഗാതട്ടിപ്പാണെന്നിരിക്കെ ഇത്തരം മൈനര്‍ത്തട്ടിപ്പുകള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല.
 
 
മലയാളി, വിവേകത്തിന്റെയും ശാസ്ത്രീയതയുടെയും യുക്തിയുടെയും സൂര്യപ്രകാശത്തിലേക്ക് മാറിനില്‍ക്കേണ്ടതുണ്ട്.

Friday, 26 October 2012

ഖസാക്ക് ബാലവേദിയുടെ കൊയ്ത്തുത്സവം

         മുതിര്‍ന്നവര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ കുട്ടികള്‍ കൃഷിക്കാരാവുന്ന അത്ഭുതം കേരളത്തില്‍ സംഭവിക്കുകയാണ്.

കൃഷിക്കിറങ്ങിയ വിദ്യാര്‍ഥികളെ ചെളിയില്‍ നിന്നും പിടിച്ചുകയറ്റി പ്രവേശന പരീക്ഷാ പരിശീലനത്തിനു പറഞ്ഞയച്ച് മുതിര്‍ന്നവര്‍ ഈ അത്ഭുതത്തിനു തരിശ്ശീലയിട്ടേക്കാം. അതുവരെയെങ്കിലും വിദ്യാലയ പരിസരത്തെ കൃഷി അവര്‍ തുടരും. പച്ചക്കറി കൃഷിയൊന്നുമല്ല സാക്ഷാല്‍ നെല്‍കൃഷി.
 
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കൃഷിപാഠങ്ങളും കുട്ടികള്‍ പഠിക്കുന്നു. കൃഷിപാഠത്തിന്റെ ഭാഗമായി കൃഷിപ്പാട്ടുകളും പഠിക്കുന്നു. കൃഷിമറന്നാലും കൃഷിപ്പാട്ടു മനസ്സില്‍ നില്‍ക്കുന്നു.
 
കേരളത്തില്‍ അല്‍പമെങ്കിലും കൃഷി വിപുലമായ രീതിയില്‍ തുടരുന്നത് ആലപ്പുഴയിലും പാലക്കാട്ടുമാണ്. കുട്ടനാട് എന്നുപറയാന്‍ കഴിയില്ല. അപ്പര്‍ കുട്ടനാട് കൃഷിയോട് ഏതാണ്ട് വിടപറഞ്ഞു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് തകഴിശിവശങ്കരപ്പിള്ള കൃഷിനടത്തിയ താഴേക്കുട്ടനാട്.
 
പാലക്കാട് ജില്ലയിലെ മമ്പറത്തെ തരിശിട്ടിരുന്ന മുപ്പത്തിയഞ്ചു സെന്റ് സ്ഥലമാണ് ബാലവേദി ഏറ്റെടുത്തത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായസഹകരണങ്ങളും കുട്ടികള്‍ക്കു ലഭിച്ചു.
പുല്ലു വളര്‍ന്നു നിന്ന പാടം ഉഴുതു മറിച്ചു. കട്ട തല്ലിയുടച്ച് പുല്ലുപെറുക്കിക്കളഞ്ഞു. പാടത്തുവെള്ളം കയറ്റി ചളിയാക്കി. അയലത്തെ കര്‍ഷകസുഹൃത്ത് നല്‍കിയ സുജാതഞാറ് വരിപിടിച്ചു നട്ടു. ഞാറ് തികയുകില്ലെന്ന സംശയത്താല്‍ കുറച്ചു വിത്ത് മാറ്റി വിതച്ചു. അങ്ങനെ പായ ഞാറ്റടി സജ്ജീകരിക്കുന്നതും കുട്ടികള്‍ പഠിച്ചു.
 
പിന്നെ വളപ്രയോഗമായിരുന്നു. കമ്പോസ്റ്റും വേപ്പിന്‍ പിണ്ണാക്കും വളം. പുതു ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു. രാസവളപ്രയോഗം കുട്ടികള്‍ നിരോധിച്ചു.
 
ഇനി വളര്‍ന്ന് നിറയെ നെന്മണികള്‍ കാഴ്ചവച്ച് കുഞ്ഞുങ്ങളെയും സംരക്ഷകരെയും ആഹ്ലാദിപ്പിക്കേണ്ട ചുമതല നെല്‍ചെടികള്‍ക്കുള്ളതാണ്. അവരതു ഭംഗിയായി നിര്‍വഹിച്ചു. വയലാകെ, പ്രായപൂര്‍ത്തിയായ സുജാതച്ചെടികള്‍ കനത്ത കതിര്‍ക്കുലകളുമായി ശിരസ്സു നമിച്ചു നിന്നു. ചില ചെടിസംഘങ്ങള്‍ ആടിക്കുഴഞ്ഞ നടിമാരോ ചെടി കൂടിപ്പുണര്‍ന്നു കിടപ്പായിയെന്ന ഇടശ്ശേരി കാഴ്ചയെ ഓര്‍മ്മിപ്പിച്ചു.
 
ഇനി കൊയ്ത്താണ്. കൊയ്ത്തുത്സവം സെപ്തംബറിലെ അവസാന ഞായറാഴ്ച രാവിലെത്തന്നെ കുട്ടികളും കൂട്ടുകാരെപ്പോലെ പെരുമാറുന്ന മാതാപിതാക്കളും വയല്‍വരമ്പില്‍ ഒത്തുകൂടി. പുതിയ വയല്‍പ്പാട്ട് നീട്ടിപ്പാടി. കുഞ്ഞുകൈകള്‍ വിത്തെറിഞ്ഞു.... കരിമണ്ണിന്‍ വിരിമാറില്‍.....
 
അരിവാളുകളുമായി പരിചയ സമ്പന്നരായ ചില കര്‍ഷകത്തൊഴിലാളി അമ്മമാരും സഹായിക്കാനെത്തി. എല്ലാരും ചേര്‍ത്ത് ഉത്സാഹത്തിമിര്‍പ്പോടെ കൊയത്തുത്സവം കൊണ്ടാടി. അറുപതു പാലക്കാടന്‍ നിറപറ നെല്ല്. മുത്തുപോലെ, മാണിക്യം പോലെ, കണ്ണുപോലെ, മഴത്തുള്ളിപോലെ.
 
സര്‍ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഒരു സഹായവും ഈ കുഞ്ഞുകര്‍ഷകര്‍ക്കു കിട്ടിയിട്ടില്ല. കുട്ടികള്‍ സംതൃപ്തരാണ്. അടുത്ത കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
 
അങ്ങനെ, കൃഷി കുരിശായതുകാരണം തരിശിട്ട നിലം വീണ്ടും ജീവിതത്തിന്റെ പച്ചപ്പണിഞ്ഞു. വിണ്ടുകീറിയ നിലത്തില്‍ വെള്ളം കെട്ടിക്കിടന്നു. പാലക്കാടന്‍ കാറ്റ്, കുട്ടികള്‍ വളര്‍ത്തിയ നെല്‍ച്ചെടികളെ മുത്തമിട്ടു പറന്നു. പൂമ്പാറ്റകളും തുമ്പികളും വയലുകാണാനെത്തി. നെല്ലിന്റെ മണം രണ്ടുകിലോ മീറ്റര്‍ അപ്പുറമുള്ള തസ്രാക്കിലേയ്ക്ക് വായുവിമാനം കയറിപ്പോയി. തസ്രാക്ക് വീണ്ടും ഖസാക്ക് ആയി.

Thursday, 18 October 2012

കീഴാളൻ‌

കുറ്റികരിച്ചു കിളച്ച് മറിച്ചതും
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്‍റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.

കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.

Monday, 8 October 2012

നഗ്ന കവിതകള്‍

ചതയം
------------
ഗോകുലം ബാറിന്‍റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാലുചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറി പറയുന്നു.

തെറി ഏറ്റെന്നു തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.

*****

ഡ്യൂ പ്പ്
------------
സിനിമാ നടി
സംവിധായകനെ
സ്വന്തം പരാധീനത
അറിയിച്ചു.

ദോശ ചുടാനും
വെള്ളം കോരാനും
വസ്ത്രം കഴുകാനും
ഡ്യൂ പ്പ് വേണം.

*****

കിഴങ്ങത്തികള്‍
------------------------
കിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.

ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.

ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.

എല്ലാം കിഴങ്ങത്തികള്‍.


 

Monday, 1 October 2012

മഹാനടന്‍ തിലകന്‍ മതരഹിതന്‍

              അഭിനയത്തിന്റെ ഗിരിശിഖരങ്ങള്‍ കീഴടക്കി മഹാനടനായി മാറിയ തിലകന്റെ നടനത്തുടക്കം കൊല്ലത്തുനിന്നായിരുന്നു. ഒ മാധവനും വി സാംബശിവനും ഒ എന്‍ വി കുറുപ്പിനും പുതിയ കിനാവുകളുടെ വെയില്‍ വഴികള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത കൊല്ലം ശ്രീനാരായണ കോളജില്‍ നിന്ന് പ്രൊഫ. എസ് ശിവപ്രസാദിന്റെ ആശ്ലേഷാനുഗ്രഹത്തോടെയായിരുന്നു അത്.

തിലകന്റെ അഭിനയ മികവ് മലയാള സാംസ്‌ക്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വലിയൊരു പരമ്പരയുടെ ഭാഗമായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ ഉറച്ചുനിന്നത്. അത് കാമ്പിശ്ശേരിയുടെയും പി ജെ ആന്റണിയുടെയും തോപ്പില്‍ ഭാസിയുടെയും എന്‍ എന്‍ പിള്ളയുടെയും പാരമ്പര്യമായിരുന്നു. ജാതിമതരഹിതജീവിതത്തിന്റെ സൂര്യശോഭയുള്ള പാരമ്പര്യം.
 
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വര്‍ഗീയ ചിന്തകളുടെയും പൊതുചന്തയായിട്ടാണ് പൊതുവേ നമ്മുടെ സിനിമാരംഗം വിലയിരുത്തപ്പെടുന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ജ്യോത്സ്യന്മാരും പൂജാരികളും തുടക്കത്തിലേ താരങ്ങളാവുന്നു.
 
വിവിധ വര്‍ണങ്ങളിലുള്ള ചരടുകള്‍ കയ്യില്‍കെട്ടി പലനിറക്കുറികളുമണിഞ്ഞു കാണപ്പെടുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയെയും പ്രകടനത്തില്‍ പരാജയപ്പെടുത്തും. ഇവിടെയാണ് തിലകനെപ്പോലെയുള്ളവര്‍ പ്രകാശഗോപുരങ്ങളായി നിന്നത്.
 
ഇരുപതുവയസ്സാകുന്നതിനുമുമ്പാണ് തിലകന്‍ കൊല്ലത്ത് എത്തിയത്. എസ് എന്‍ കോളജിലെ വിദ്യാര്‍ഥിയാകാന്‍വേണ്ടി. ആദ്യ ദിവസം തന്നെ ആ യുവാവിന് കോളജ് അധികൃതരുമായി വിയോജിക്കേണ്ടിവന്നു. കോളജ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതിയും മതവും രേഖപ്പെടുത്തണമെന്ന നിര്‍ബന്ധമാണ് ആ ചോരത്തിളപ്പിനെ നിഷേധിയാക്കിയത്.
 
ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഒരു കലാലയത്തില്‍ നിന്നും ജാതിമത നിബന്ധനകള്‍ ഉണ്ടായതുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ പൊരുത്തക്കേടിലേയ്ക്ക് യുക്തിയുടെയും ചിന്തയുടെയും വളവും വെള്ളവും ചേര്‍ത്ത തിലകന്‍ അതുല്യാഭിനയത്തെ ഭൗതിക പ്രഭയുടെ ഉറച്ച അടിത്തറയില്‍ ഉയര്‍ത്തുകയായിരുന്നു.
 
പരസ്യമായ പ്രാര്‍ഥന, നമ്മുടെ നാട്ടിലെ പൊതുചടങ്ങുകളുടെ ഒരു അഭംഗിയാണ്. അത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയും വ്യത്യസ്ത മതവിശ്വാസത്തിന്റെ പ്രാര്‍ഥനാ രീതികള്‍ക്കു പോറലേല്‍പ്പിക്കുകയും ചെയ്യുന്നതാണ്. സ്‌കൂള്‍ മുറ്റത്തു പ്രാര്‍ഥിച്ചു കൊണ്ടുനില്‍ക്കുന്ന കുട്ടികള്‍ കുഴഞ്ഞുവീഴുന്നതില്‍ നിന്നെങ്കിലും പരസ്യപ്രാര്‍ഥനയുടെ അര്‍ഥശൂന്യത നമ്മള്‍ പഠിക്കേണ്ടതാണ്. പ്രാര്‍ഥിക്കണമെന്നുള്ളവര്‍ വീട്ടില്‍ വച്ചോ ആരാധനാലയങ്ങളില്‍ വച്ചോ അതു ഭംഗിയായി നിര്‍വഹിച്ചിട്ട് യോഗത്തിനു പോകുന്നതാണ് ഉചിതം. പൊതുചടങ്ങുകളിലെ പ്രാര്‍ഥനാവേളയില്‍ സ്വന്തം ഇരിപ്പിടത്തില്‍ ഉറച്ചിരുന്ന ചലച്ചിത്ര നടനായിരുന്നു പെരുന്തച്ചന്റെ പെരുമ മലയാളിയെ ബോധ്യപ്പെടുത്തിയ തിലകന്‍.
 
പ്രാര്‍ഥിക്കാതിരുന്ന അവസ്ഥയെ ഭയത്തോടെ നോക്കിക്കാണുന്ന സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ ഇഛാശക്തിയുടെയും യുക്തിബോധത്തിന്റെയും പ്രതീകമായി തിലകന്‍ പ്രവര്‍ത്തിച്ചു. ജാതിയെയും മതത്തിനെയും അന്ധവിശ്വാസങ്ങളെയും ജീവിതത്തില്‍ നിന്നും ആട്ടിപ്പായിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ തിലകനെ അഭിവാദ്യം ചെയ്യാന്‍ കഴിയുകയുള്ളു.
 
ജാതിമത ചിന്തകളും അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ച് സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികള്‍ക്കു നല്‍കുന്ന രണ്ടുപുരസ്‌ക്കാരങ്ങള്‍ കേരളത്തിലുണ്ട്. ഡോ. എ ടി കോവൂരിന്റെയും എം സി ജോസഫിന്റെയും ഓര്‍മ്മക്കായുള്ള ഈ പുരസ്‌ക്കാരങ്ങള്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ക്കു മാത്രമേ കിട്ടിയിട്ടുള്ളു. കമല്‍ഹാസനും തിലകനും.
 
തിലകന്റെ മരണാനന്തര ചടങ്ങുകള്‍ ഹൈന്ദവാനുഷ്ഠാനമായി നടത്തുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. സഖാവ് ഇ കെ നായനാരുടെ ചിതാഭസ്മം സമുദ്രത്തില്‍ നിമഞ്ജനം ചെയ്തപ്പോഴുണ്ടായ അതേ വിഷമം. മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!

Thursday, 27 September 2012

നഗ്നകവിത


 നരകത്തിലേക്ക് ഒരു ടിക്കറ്റ്
-------------------------------------------
ഉസ്താദേ ഉസ്താദേ
ആരാണ് ഗാന്ധി?

നല്ലവന്‍
എല്ലാരെയും സ്നേഹിച്ചവന്‍
അന്യര്‍ക്ക് വേണ്ടി
ഒരു ഹിന്ദുവിനാല്‍
കൊല്ലപ്പെട്ടവന്‍.

ഗാന്ധി ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ.

അല്ല
അമുസ്ലിംങ്ങള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

സ്വാമീ സ്വാമീ
ആരാണ് ഭഗത് സിംഗ്?

ധീരന്‍
വിപ്ലവകാരി
രാജ്യത്തിന് വേണ്ടി
രക്തസാക്ഷിയായവന്‍.

ഭഗത് സിംഗ് ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

അല്ല
അഹിന്ദുക്കള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

അച്ചോ അച്ചോ
ആരാണ് ഗാഫര്‍ഖാന്‍?

അതിര്‍ത്തിഗാന്ധി
അഹിംസാവാദി
അയല്‍ക്കാരനെ
സ്നേഹിച്ച മഹാന്‍

ഗാഫര്‍ഖാന്‍ ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

ദൈവദോഷം പറയാതെ
അക്രൈസ്തവര്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

നല്ലവരെല്ലാം നരകത്തില്‍!

ഒരു ടിക്കറ്റ് തരൂ
നരകത്തിലേക്ക്.