ദൈവം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിനിമാതാരങ്ങൾക്കും ക്രിക്കറ്റ് കളിക്കാർക്കുമാണ്. ക്രിക്കറ്റ് താരം എന്ന പ്രയോഗം കൂടി നിലവിലുണ്ടല്ലോ. ജീവൻ ദൈവത്തെ ഏൽപ്പിച്ചുകൊണ്ട് ആരാധകർ നടത്തുന്ന ഭക്തിയാത്രകളും ആന പ്രദർശനവും മറ്റും മരണങ്ങൾക്കുപോലും കാരണമായിട്ടുണ്ട്.
ജയലളിത ശിക്ഷിക്കപ്പെട്ടപ്പോൾ നിരവധി ആളുകൾ സ്വയംഹത്യയിലൂടെ ആത്മസാക്ഷാത്ക്കാരവും അമ്മയോടുള്ള മമതാനിർവൃതിയും നേടി. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക നേതാവായ സി എൻ അണ്ണാദുരൈയെപ്പോലുള്ള ഒരു ജനനേതാവല്ല ജയലളിത. അവരോട് തമിഴ് ജനതയ്ക്കുള്ള ആനുകമ്പ, അവരുടെ സിനിമാകാലത്തോടുള്ള ആരാധന തന്നെയാണ്. ഈ ആരാധനയുടെ മുക്കാൽപങ്കും എം ജി രാമചന്ദ്രന് അവകാശപ്പെട്ടതുമാണ്.
തമിഴ്നാടിനെ അനുകരിച്ച് കേരളത്തിലും താരാരാധന വർധിച്ചിട്ടുണ്ട്. ഒരു സൂപ്പർസ്റ്റാറിന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ, മറ്റേ സൂപ്പർസ്റ്റാറിന്റെ ചിത്രം തുടങ്ങുമ്പോൾത്തന്നെ കൂവുന്നതും എതിർവിഭാഗം കയ്യടിക്കുന്നതും കേരളത്തിലെ തീയേറ്ററുകളിൽ സാധാരണമായിട്ടുണ്ട്. തമിഴ്നാട്ടിൽ രജനീകാന്തിന്റെയും മറ്റും ആരാധക സംഘങ്ങൾ രക്തദാനം തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വ്യക്തിപൂജയും അതുവഴി വോട്ടുബാങ്കിന്റെ ക്രോഡീകരണവുമാണ് അടിവേരായിട്ടുള്ളത്.
പുതിയ ചിത്രങ്ങൾ പ്രദർശനത്തിനെത്തുമ്പോൾ ആരാധകർ തീയേറ്റർ പരിസരം കയ്യടക്കും. താരത്തിന്റെ പടുകൂറ്റൻ കട്ടൗട്ടുകൾ ഉയർത്തും. അതിൽ മാല ചാർത്തും. ചിലപ്പോൾ താരത്തിന്റെ ചിത്രം ദൈവത്തെ എഴുന്നള്ളിക്കുന്നതുപോലെ ആനപ്പുറത്ത് ഇരുത്തി ആഘോഷിക്കുകയും ചെയ്യും.
ആരാധനമൂത്ത് കൂറ്റൻ ഫ്ളക്സ് ബോർഡുകളിൽ ഇളനീരഭിഷേകവും പാലഭിഷേകവും പോലും നടത്താറുണ്ട്. ആരതി ഉഴിയുക, താരക്കോലത്തിന് മുന്നിൽ തേങ്ങയടിക്കുക, കർപ്പൂരം കത്തിക്കുക, സാമ്പ്രാണിത്തിരി പുകയ്ക്കുക തുടങ്ങി ക്ഷേത്രാചാരങ്ങളുടെ അന്ധതയിലധിഷ്ഠിതമായ പരിപാടികളും നടത്താറുണ്ട്. മലയാളത്തിൽ നടികൾക്ക് പൊതുവേ ആരാധകസംഘടനകൾ കുറവാണ്. അവർ പണവും പദവിയും നൽകി സംഘടനകളെ പ്രോത്സാഹിപ്പിക്കാറില്ലാത്തതാണ് കാരണമെന്നാണറിയുന്നത്.
മഞ്ജുവാര്യർ ഫാൻസ് അസോസിയേഷന്റെ ഫേസ് ബുക്ക് പേജിൽ ഒരാൾ പ്രതികരിച്ചിരിക്കുന്നത് ഇവൾക്കും ഫാനോ ഹ, ഹ, ഹ എന്നാണ്. സിനിമാതാരങ്ങളോട് ആരാധനയുണ്ടെങ്കിലും ബഹുമാനം കുറവാണ്. ഗൾഫ് കേന്ദ്രീകരിച്ചുള്ള കാവ്യമാധവൻ ആരാധകസംഘത്തിന്റെ ഫേസ്ബുക്ക് പേജ് 2525 പേരേ ലൈക്ക് ചെയ്തിട്ടുള്ളു.
ഈയിടെയുണ്ടായ വേദനാജനകമായ കാര്യം തമിഴ്നടൻ വിജയിന്റെ കൂറ്റൻ ഫ്ളക്സ് ബോർഡിൽ പാലഭിഷേകം നടത്താൻ കയറിയ ഒരു പാവപ്പെട്ട നിർമാണത്തൊഴിലാളിയായ ആരാധകന്റെ മരണമാണ്. വടക്കുഞ്ചേരി ജയഭാരത് മൂവീസിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന മുപ്പതടി ഉയരമുള്ള ഫ്ളക്സ് ബോർഡിൽ നിന്നാണ് ആരാധകൻ ഉണ്ണികൃഷ്ണൻ വീണുമരിച്ചത്. ഉണ്ണികൃഷ്ണന്റെ കുടുംബത്തെ സഹായിക്കാൻ വിജയ് മുന്നോട്ടുവരണം.
താരാരാധനയും തുടർന്നുള്ള ആരതിയും പാലഭിഷേകവും ഇളനീരഭിഷേകവും മറ്റും അർഥരഹിതമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സിനിമാതാരങ്ങൾ ഒരുകാരണവശാലും ഇത്തരം അന്ധാരാധകസംഘങ്ങളെ പ്രോത്സാഹിപ്പിക്കരുത്. നോക്കൂ, ആരാധകർ അധികമായാൽ പുറത്തിറങ്ങാൻ കഴിയില്ല. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദൈവത്തിനാണ്. അദ്ദേഹം ഇന്നേവരെ പുറത്തിറങ്ങിയിട്ടില്ല.
താരാരാധനയും തുടർന്നുള്ള ആരതിയും പാലഭിഷേകവും ഇളനീരഭിഷേകവും മറ്റും അർഥരഹിതമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സിനിമാതാരങ്ങൾ ഒരുകാരണവശാലും ഇത്തരം അന്ധാരാധകസംഘങ്ങളെ പ്രോത്സാഹിപ്പിക്കരുത്. നോക്കൂ, ആരാധകർ അധികമായാൽ പുറത്തിറങ്ങാൻ കഴിയില്ല. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദൈവത്തിനാണ്. അദ്ദേഹം ഇന്നേവരെ പുറത്തിറങ്ങിയിട്ടില്ല.
ReplyDeleteഅതിരുവിട്ട താരാരാധനയും വീരാരാധനയും അതുനിമിത്തമുണ്ടാകുന്ന കോപ്രായങ്ങളും കഷ്ടനഷ്ടങ്ങളും, ഇൻഡ്യയെപ്പോലെയുള്ള ചില രാജ്യങ്ങളുടെ ശാപമാണ്. ഇങ്ങിനെ തലതിരിഞ്ഞുപോയ ഒരു സമൂഹത്തിന്, ശാസ്ത്രീയമായി, യുക്തിസഹമായി ചിന്തിയ്ക്കാനോ, പെരുമാറാനോ അറിയില്ലെന്നു തോന്നിപ്പോകും, ഈ വൈകൃതങ്ങൾ കാണുമ്പോൾ! മറ്റൊരു പോംവഴിയുമില്ലെങ്കിൽ, നിയമനിർമ്മാണം മുഖേനയെങ്കിലും ഈ ദുഷ്പ്രവണതയ്ക്കു പരിഹാരമുണ്ടായെങ്കിൽ എന്നാശിച്ചുപോകുന്നു!
ReplyDelete