Wednesday, 18 August 2021
തിരുനല്ലൂരിന്റെ തിരുവോണക്കവിതകള്‍
ഓണക്കാലകവിതകളെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് മഹാകവികളായ വൈലോപ്പിള്ളിയുടെയും പി. കുഞ്ഞുരാമന്‍ നായരുടെയും കല്‍പ്പനകളാണ്.അവരാണ് ഓണം വിഷു തുടങ്ങി, കാര്‍ഷികമേഖലയില്‍ കരുതലുകള്‍ സൃഷ്ടിക്കുന്ന വിശേഷങ്ങളെക്കുറിച്ച് കൂടുതലെഴുതിയത്.
എന്നാല്‍ മലയാളത്തിലെ മിക്കകവികളും ഓണക്കവിതകള്‍ എഴുതിയിട്ടുണ്ട്. ചില കവികള്‍ നെഗറ്റീവായും ഓണത്തെ സമീപിച്ചിട്ടുണ്ട്. ഓണക്കവിതകളില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ് അഷ്ടമുടിക്കായലിന്റെ നിത്യകാമുകനായ തിരുനല്ലൂര്‍ കരുണാകരന്‍റെ ഓണക്കാലരചനകള്‍.
ഓണക്കാലം ചാനല്‍ക്കാലമാക്കുകയാണ് പുതിയ തലമുറ. ആ സമയത്ത് ഒരു മുത്തശ്ശി പകല്‍ക്കിനാവിലൂടെ സ്വന്തം യുവത്വത്തിലെത്തുന്ന കവിതയാണ് മുത്തശ്ശിയുടെ ഓണം. ആള്‍ത്തിരക്കില്‍ ഒറ്റയാകുന്ന മുത്തശ്ശിക്കു മുന്നില്‍ ചെറുമുറ്റം പച്ചത്തൊടിയായി മാറുന്നു.അവിടെ കാറ്റിലാടുന്ന മാവു കാണാകു ന്നു. ആകാശത്തു നിന്നും നിലാവ് വീഴുന്നു. മാവില്‍ വെള്ളിയൂഞ്ഞാല്‍ ഞാലുന്നു.പെണ്‍കൊടികള്‍ ആ ഊഞ്ഞാലിലാടുന്നു.നടുക്കിരുന്നാടുന്ന മുത്തശ്ശിയുടെ ചെറുപ്പവും കാണാകുന്നു! ഗ്രാമീണതയും ശാലീനതയും തുളുമ്പുന്ന ഒരു ചലച്ചി ത്ര ദൃശ്യമാണ് ഈ കവിതയില്‍ തെളിയുന്നത്.
ഓണമെന്ന കവിതയില്‍ വിഷാദത്തെ ധിക്കരിച്ചുകൊണ്ട് ഓണത്തെ വരവേല്‍ക്കുന്ന ജനതയെയാണ് തിരുനല്ലൂര്‍ ചിത്രീകരിച്ചിട്ടുള്ളത്.ഒരു വര്‍ഷത്തെ ക്ഷീണം ഒരു ഗാനത്താലും ഒരു വര്‍ഷത്തെ ദാഹം ഒരു തുള്ളിയാലും തീര്‍ക്കുന്ന കാലമാണ് ഓണക്കാലം.ദു:ഖിതര്‍ക്ക് ഈ ദിവസങ്ങളില്‍ മാത്രം സന്തോഷം!
പാവങ്ങളുടെ ഓണം എങ്ങനെ കരളലിയിപ്പിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുകയാണ് ഓണം കഴിഞ്ഞ് എന്ന ഓണക്കവിതയില്‍ തിരുനല്ലൂര്‍. കായലില്‍ പ്രതിബിംബം കാണുന്ന നാട്ടില്‍ ദു:ഖിതയായ ഒരു പെണ്‍കൊടി. ഇക്കൊല്ലത്തെ കൂലിയില്‍ നിന്നും നല്ലൊരു പങ്ക് അവള്‍ മുന്‍കൂര്‍ വാങ്ങിയിരിക്കയാണ്. ഓണനാളുകള്‍ കഴിഞ്ഞു. നാളെ മുതല്‍ ആര്‍ക്കോ വേണ്ടി തൊണ്ടു ചതയ്ക്കാണ്‍ പോകണം.കയ്യില്‍ പൊട്ടിയ വളകളല്ലാതെ ഒന്നുമില്ല.കഞ്ഞിക്കു ഇനി മുതല്‍ കണ്ണുനീരാണ് വെള്ളം. ശരിയായ കൂലിയോ മാറ്റിവച്ച വേതനമായ ബോണസ്സോ ഇല്ലാത്ത കഴിഞ്ഞ നൂറ്റാണ്ടിന്‍റെ നേര്‍പകുതിയിലെഴുതിയ കവിതയാണിത്. സാഹിത്യം കാലത്തിന്‍റെ കണ്ണാടിയാണെങ്കില്‍ ഇതാണ് സാഹിത്യം.
തിരുവോണത്തിനെത്തുന്ന മഹാബലിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ വന്ന ഒരാള്‍ മഹാബലി എത്തിയില്ലെന്ന വാസ്തവത്തിലെത്തുന്നതാണ് അങ്ങയെ കണ്ടില്ല എന്ന കവിത. ഓണാഘോഷത്തില്‍ പഴയ രാജാവിന്‍റെ കുതിരപ്പടയടക്കം പലതും കണ്ടു. മാവേലിമന്നനെ മാത്രം അക്കൂട്ടത്തില്‍ കണ്ടില്ല. മഹാബലിക്ക് നിവേദിക്കാന്‍ കൊണ്ടുപോയ ഒരു പിടി അന്നം അയാള്‍ തന്നെ കഴിച്ചിട്ട് കമ്പം കണ്ടു പോകാമെന്നു തീരുമാനിക്കകയാണ്.അപ്പോള്‍ മഹാബലി എവിടെയാണ്? യുക്തിയുടെ ചായത്തിലെഴുതിയ ചിത്രമാണ് ഈ കവിത.
പഞ്ഞക്കുടികള്‍ക്ക് മുന്നിലെത്തുമ്പോള്‍ കാലിടറിപ്പോകുന്ന ഓണത്തെയാണ് എതിരേല്‍ക്കാന്‍ എന്ന കവിതയില്‍ കണ്ണീരും രോഷവും ചാലിച്ച് എഴുതിയിട്ടുള്ളത്.വലിയവര്‍ക്കു നെല്ലും എളിയവര്‍ക്കു വെയിലും നല്‍കുന്ന ഓണത്തോട്, പെരുമഴയാല്‍ കുടില്‍ തകര്‍ക്കാഞ്ഞതിന് കവി നന്ദി പറയുന്നുണ്ട്.അടുത്ത വര്‍ഷം ഓണം വരുമ്പോള്‍ തുടുത്ത കവിളുമായി എതിരേല്‍ക്കാന്‍ ശ്രമിക്കാം എന്നുമാത്രമേ പാവങ്ങളോടൊപ്പം നിന്ന് കവിക്കു പറയാന്‍ കഴിയുന്നുള്ളൂ.
ഓണത്തിന്‍റെ സൌന്ദര്യലഹരിയില്‍ വീണമീട്ടിപ്പാടാന്‍ ഒരുങ്ങുന്ന കവി ദരിദ്രയായ ഒരമ്മയുടെയും മകന്‍റെയും ജീവിതദു:ഖം കണ്ട് മണിവീണ ഉപേക്ഷിക്കുന്നതാണ് ഉറക്കെ പാടട്ടെ ഞാന്‍ എന്ന ഓണക്കവിത. നുണയുന്ന മാത്രയില്‍ മാഞ്ഞു പോകുന്നതാണ് മധുരം. എന്നാല്‍ കട്ടിത്തുണിയാണെങ്കില്‍ ഏഴെട്ടുമാസം നില്‍ക്കും എന്ന അമ്മയുടെ വാക്കുകളില്‍ ഒരു ജീവിതത്തിന്‍റെ മുഴുവന്‍ ഋതുക്കളുമുണ്ട്.
ഓണത്തിനെത്തി മടങ്ങിപ്പോകുന്ന പ്രവാസിയുടെ ദു:ഖനിര്‍ഭരമായ ചിത്രമാണ് വിദേശമലയാളി എന്ന കവിതയില്‍.അമ്മയുടെയും സഹോദരിമാരുടെയും പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന ശോകരാഗമൂര്‍ഛ മലയാളത്തിനു ലഭിച്ച മനോഹര ചിത്രരചനയാണ്.
സംയമനവും സൂക്ഷ്മതയും പാലിച്ചുകൊണ്ട് മനുഷ്യ വേദനകളെ ചിത്രീകരിക്കുന്നതാണ് വിപ്ലവകവിതയെങ്കില്‍ തിരുനല്ലൂര്‍ കരുണാകരന്‍ കേരളത്തിന്റെ വിപ്ലവകവിയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment