ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണകൂടത്തിനു സമാന്തരമായി മതങ്ങളുടെ ഒരു ഭരണകൂടം നിലവിലുണ്ട്. ആ പാറക്കെട്ടില്‍ ഇടിച്ചു തകരാത്ത ജനകീയ ഭരണകൂടവും നിയമസംഹിതയുമില്ല.
കന്യാസ്ത്രീയെ പുറത്താക്കിയാല്‍ അവര്‍ മഠത്തിലെ ജീവിതം ഒഴിവാക്കി തെരുവിലേക്കിറങ്ങേണ്ടിവരും. പുറത്താക്കുന്നതാര്? ഒരു രാജ്യത്തിന്‍റെ നിയമവ്യവസ്ഥയല്ല. മത നിയമമാണ്.
വൈദിക മേധാവിയുടെ ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചതിനാണ് പുറത്താക്കുന്നതെങ്കില്‍ പോലും മത തീരുമാനത്തിന് വ്യത്യാസമില്ല.കന്യാസ്ത്രീ ഒരു വോട്ടറാണെന്നുള്ള പരിഗണന പോലും ഭരണകൂടത്തില്‍ നിന്നോ ന്യായപീഠത്തില്‍ നിന്നോ ലഭിക്കുകയില്ല! മതമേധാവിയെ ചോദ്യം ചെയ്യുന്നയാളില്‍ ലേശം കവിതയുണ്ടെങ്കിലോ? ഈ റിപ്പബ്ലിക്കില്‍ കവികള്‍ വേണ്ടെന്ന നിലപാടിലാണ് വ്യവസ്ഥിതി.
കുടുംബാസൂത്രണ ബോധവല്‍ക്കരണം നടത്തുന്നത് ഒരു രാജ്യത്തിന്‍റെ ബഡ്ജറ്റ് തയ്യാറാക്കുന്നതിന്‍റെ ഭാഗമായല്ല. കുടുംബങ്ങളുടെ ഐശ്വര്യത്തിന് വേണ്ടിയാണ്. വോട്ടുബാങ്കിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ച് വിലപേശാന്‍ നില്‍ക്കുന്ന മതങ്ങള്‍ക്ക് കുടുംബ ഐശ്വര്യമൊന്നും പ്രശ്നമല്ല.കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായ പദ്ധതിയുമായി നില്‍ക്കുകയാണ് മതങ്ങള്‍.സ്ത്രീ വിരുദ്ധമായ നിലപാടാണത്
സ്ത്രീകള്‍ പ്രസവിക്കാനുള്ള വെറും യന്ത്രങ്ങള്‍ മാത്രമാണോ? വിവിധ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തുകയോ പുരുഷനുമായി ചേര്‍ന്ന് കുടുംബത്തിനു സാമ്പത്തികഭദ്രത വരുത്തുകയോ അല്ലേ സ്ത്രീകള്‍ ചെയ്യേണ്ടത്? കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കുകയും ചെയ്യുന്നതില്‍ അമ്മമാര്‍ക്കും പങ്കുണ്ട്. ഗര്‍ഭധാരണം മുതല്‍ ഇപ്പോള്‍ വ്യാപകമായികാണപ്പെടുന്ന ബെഡ് റെസ്റ്റും സിസേറിയനും കടന്ന്
എപ്പോഴാണ് ഒരമ്മ സാധാരണജീവിതത്തിലേക്ക് മടങ്ങി വരുന്നത്?
മുലയൂട്ടലടക്കമുള്ള ശിശുപരിചരണവും അമ്മമാരുടെ കുടുംബജീവിതത്തിന്‍റെ ഭാഗമാണല്ലോ. പിന്നെപ്പോഴാണ് അവര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്?
അപ്പോള്‍ മത നിലപാടുകളുടെ അര്‍ത്ഥം സ്ത്രീകള്‍ വീട്ടമ്മമാരായി മാത്രം കഴിഞ്ഞാല്‍ മതിയെന്നാണ്.ഒരമ്മയുടെ ഒറ്റമകനെ മുന്‍ നിര്‍ത്തി നിലനില്‍ക്കുന്ന മതമാണ് ഒരു കുട്ടി പോരായെന്ന നിലപാടിന് കൈ നിറയെ കാശുമായി നില്‍ക്കുന്നത്.
ഇത്,ഏതെങ്കിലും ഒരു മതത്തിന്‍റെ മാത്രം പ്രശ്നമല്ല. രാജ്യം പിടിക്കാന്‍ ഗര്‍ഭപാത്രത്തെ ആയുധമാക്കുകയെന്ന സ്ത്രീവിരുദ്ധ ചിന്ത എല്ലാ മത പൌരോഹിത്യത്തിനുമുണ്ട്. കുഞ്ഞുങ്ങളെ ദൈവം തരുന്നതാണെന്നും രണ്ടു കൈയും നീട്ടി സ്വീകരിക്കണമെന്നുമുള്ള പച്ചക്കള്ളം വിദ്യാഭ്യാസമുള്ളവര്‍ ചിരിച്ചു തള്ളിയിട്ട് കാലം കുറെയായി.
നാലും അഞ്ചും കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് സ്വന്തം എഞ്ചിനീയറിങ് കോളജുകളില്‍ സീറ്റുപോലും ഇപ്പോഴേ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വാശ്രയ കോളജ് എന്ന കച്ചവടസാധ്യതയെ പുരുഷപൌരോഹിത്യത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിന് കൂടി പ്രയോജനപ്പെടുത്തുന്ന പ്രലോഭനമാണത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ദൈവത്തിനു മണവാട്ടിമാരെ കിട്ടാതായിട്ടുണ്ട്. കന്യാസ്ത്രീ എന്ന ആശയം തന്നെ അഞ്ചെങ്കിലും പ്രസവിക്കണമെന്ന കുടിലചിന്തയ്ക്കെതിരാണല്ലോ.
പുതിയ ലോകക്രമം അനുസരിച്ച് സ്ത്രീകള്‍ക്ക് രാഷ്ട്രമേധാവി മുതല്‍ പോലീസും പട്ടാളവും ഒക്കെയാകാം.ആ സാധ്യതകളും അവരുടെ കഴിവുകള്‍ വിനിയോഗിക്കാനുള്ള അവസരവും ഒഴിവാക്കി പെറ്റുകിടക്കണമെന്നത് മനുഷ്യത്വ രഹിതമായ നിലപാടാണ്. കലാരംഗത്തും ശാസ്ത്രരംഗത്തും കായികരംഗത്തും സാഹിത്യരംഗത്തുമൊക്കെ പ്രതിഭ തെളിയിച്ച നിരവധി സഹോദരിമാര്‍ നമുക്കുണ്ട്. കൌമാരവും യൌവനവും മുഴുവന്‍ പ്രസവിക്കാനായി മാറ്റിവച്ചാലുള്ള അവസ്ഥയെന്തായിരിക്കും.
സ്ത്രീകളോട് പെറ്റുകൂട്ടണമെന്ന ആഹ്വാനം മതതത്വങ്ങള്‍ക്ക് അനുസരിച്ച് എടുത്തതാണത്രേ.ഇത്തരം പ്രാകൃത തീരുമാനങ്ങളെടുക്കുമ്പോള്‍ സ്ത്രീകളുടെ അഭിപ്രായം ശ്രദ്ധിക്കുന്നത് നല്ലതാണ്. അഞ്ചു പ്രസവിക്കാന്‍ തയ്യാറാകുന്ന ഒരു സ്ത്രീയെപ്പോലും കിട്ടുകയില്ല. ദൈവത്തിന്‍റെയും ചെകുത്താന്‍റെയുമൊക്കെ കൊമ്പും തുമ്പിയും കാട്ടി വിരട്ടുകയേ മാര്‍ഗ്ഗമുള്ളൂ. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കാട്ടി പ്രലോഭിപ്പിക്കുന്നത് ഭാവിയില്‍ പ്രസവമത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്'
ഇടവകയിലെ കുഞ്ഞാടിനെ ഗര്‍ഭവതിയാക്കി ഈ ആശയം നടപ്പാക്കാന്‍ ശ്രമിച്ച ഒരു പുരോഹിതനെ വിമാനത്താവളത്തില്‍ വച്ച് ഓടിച്ചിട്ടുപിടിച്ച് ജയിലിലാക്കിയതും ഈ കേരളത്തിലാണ്.
പല മതങ്ങളുടെയും ആരാധനാമൂര്‍ത്തികള്‍ കുടുംബമില്ലാത്തവരാണ്. ഒരു ഇന്ത്യന്‍ ദൈവത്തിനാണെങ്കില്‍ പത്തു പതിനാറു മക്കളുണ്ടെങ്കിലും അവരാരും സ്ത്രീയിലൂടെ പിറന്നവരുമല്ല. അതൊക്കെ നോക്കിയാല്‍ സന്താനോത്പാദനം സംബന്ധിച്ച മതങ്ങളുടെ നിലപാട് ദൈവവിരുദ്ധവുമാണ്.
No comments:
Post a Comment