കരടിപ്പാട്ട് / നാടൻ പാട്ട്
-------------------------------
താനിന്നെ താനിന്നെ തന്നാന്നാ തന
താനിന്നെ താനിന്നെ തന്നാന്നാ
താനിന്നെ താനിന്നെ തന്നാന്നാ തന
താനിന്നെ താനായി തന്നാന്നാ...
പട്ടികടിക്കല്ലേ വീട്ടുകാരേ ഞങ്ങൾ
പട്ടാണിമാരായ പിള്ളാരല്ലേ
ഓണം കളിക്കുവാൻ വന്നതാണെ തിരു-
വോണം കളിക്കുവാൻ വന്നതാണേ.
ഈയാണ്ടിൽ കരടിയെ വേണ്ടാന്നു വച്ചപ്പോൾ
അഞ്ചാറു ബാലന്മാർ കേറിക്കെട്ടി
മാവേലി മന്നനെഴുന്നള്ളും നേരത്ത്
ആടിത്തിമിർത്തു കളിച്ചിടാനായ്
കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
പാട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നേ
ഓണം കളിക്കുവാനെല്ലാരും ചേർന്നപ്പോൾ
വേട്ടക്കാരനും വന്നു കൂടി.
ശർ എന്നും കുർ എന്നും ചാടിക്കളിച്ചിട്ട്
സമ്മാനം വാങ്ങെടാ ആൺകരടീ
തത്തിന്നത്തരികിട ഓടിക്കളിച്ചിട്ട്
പണമൊന്നു വാങ്ങെടാ വേട്ടക്കാരാ.
ഇവിടുത്തെ അമ്മാവൻ പെട്ടിതുറന്നോട്ടെ
നൂറിന്റെ നോട്ടു പൊലിച്ചിടേണേ
ഉണ്ട കിട്ടും പിന്നെ അവിലുകിട്ടും പിന്നെ
വെള്ളിപ്പണത്തിന്റെ തുട്ടു കിട്ടും.
പാട്ടത്തിൽ ചങ്കരൻ പത്തുരൂപയ്ക്കൊരു
നോട്ടു ചോദിച്ചല്ലോ നാരായണാ
അപ്പനേ ഇപ്പോൾ അരക്കശുമില്ലെടാ
കൊപ്പിറാ വിറ്റു പണം തരാം ഞാൻ.
ചേരിപ്പുറത്തുന്നു ചേർത്തെണ്ണായിരം
ചേരീ പപ്പൂന്റെ ആറായിരം
പാണയ്യം വീടിന്റെ തേങ്ങാ നാലായിരം
പാണന്റെ തേങ്ങാ പതിനായിരം.
ആൺ കരടീയിവൻ കള്ളനാണേ ഇവൻ
ഇന്നലെ കൈവിട്ടു പോന്നതാണേ
കടപുഴക്കടവിനും മധ്യത്തിട്ടു ഞങ്ങൾ
ബദ്ധപ്പെട്ടോടിപ്പിടിച്ചതാണേ.
വാഴത്തോട്ടത്തിലും ചെന്നു കേറീകരടി
വാഴകളൊക്കെ തകർത്തിടുന്നേ
ഓമനത്തോടനും പാളയൻ കോടനും
കണ്ണനും നല്ല കദളിവാഴ.
കരടിക്കു പാരം വിശപ്പു തട്ടീ മൃഗം
ഞങ്ങളെ തിന്നാനടുത്തിടുന്നേ
തക്കം പിഴയ്ക്കാതെ ഉന്നം പിഴയ്ക്കാതെ
വെടിയൊന്നു വയ്ക്കെടാ വേട്ടക്കാരാ..
പാലമെങ്കിൽ പാലം
നീണ്ടകരപ്പാലം
വെക്കെടാ വെടി വെക്കെടാ
ലാക്കു നോക്കി വെക്കെടാ...
ഠോ......
-------------------
കരടിപ്പാട്ടുകൾ
ജവഹർ ലൈബ്രറി,അരിനല്ലൂർ
No comments:
Post a Comment