പ്രീയ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ ഏറ്റവും പുതിയ കൃതി. ഒരു വിത്ത് മുളയിടുന്ന പോലെ ഹൃദയഹാരിയായ ഒരു ജീവാനുഭവമാണ് ഇത് വായനക്കാരന് നൽകുന്നത്.18 വർഷം കൊണ്ടാണ് കവി ഈ സസ്യ ശേഖരം വളർത്തിയെടുത്തത് കവിയുടെ വാക്കുകളിൽ ഋതുഭേദങ്ങൾ ശക്തമായി പുണരുന്ന വൻകരയാണ് മഹാഭാരതം.ആ വൻ കരയിലൂടെ കവി നടത്തിയ സഞ്ചാരത്തിൻ്റെ സത്തയാണ് ഇതിലെ കവിതകൾ.
വേദവ്യാസൻ സൃഷ്ടിച്ച എണ്ണൂറിൽ പരം കഥാപാത്രങ്ങളെ രണ്ടു വരി മുതൽ എട്ടു വരി വരെയുള്ള ചെറു കവിതകളിലാക്കി നമുക്ക് സമ്മാനിച്ചിരിക്കുകയാണ് കവി.എണ്ണൂറിൽ പരം ചെറു കവിതകളുടെ മഹാ കാവ്യ സാഗരം .
അർജ്ജുനൻ
--------------------
അസ്തമിക്കാൻ നീ
തിടുക്കം തുടങ്ങുമ്പോൾ
അസ്ഥികൾ പൊട്ടുന്നു സൂര്യാ.
നിൽക്കുക
ശത്രുവ്യൂഹത്തിലെൻ പുത്രൻ്റെ
രക്തമുണങ്ങിയോ?
രക്ഷപ്പെടുത്താൻ പ്രാപ്തിയില്ലാത്തൊരീ
അസ്ത്രങ്ങളെന്തിന്
ഗാണ്ഡീവമെന്തിന്?
അഭിമന്യു
-----------------
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകൾ -
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാൻ.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാൻ
നിസ്സഹായത്വമേ
മർത്യൻ്റെ ജീവിതം.
ഉത്തര
------------
അടിവയറ്റിൽ
മൃദുസ്പന്ദനം
ജീവൻ്റെ കണിക.
പരീക്ഷിതമെൻ്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതിൽ വെന്തു
വീഴുന്ന പ്രാണികൾ സ്ത്രീകൾ.
പ്രാണബന്ധിതരായ മൂന്ന് പ്രോജ്ജ്വല പാത്രങ്ങളെ കവി സൂക്ഷ്മവൽക്കരിച്ചിരിക്കുന്നത് നോക്കുക.ഈ യുദ്ധകാലത്ത് യുദ്ധത്തിനെതിരായ ചിന്തകളുടെ മഹാ വനത്തിൽ നിന്ന് പ്രീയ കവി സൂക്ഷ്മതയോടെ പോറ്റി വളർത്തിയ സസ്യ ശാല സാഹിത്യത്തിൻ്റെയും അതുയർത്തുന്ന മൂർത്ത ചിന്തകളുടെയും ജീവശാല തന്നെയാണ്.
ഇഷ്ടം
ReplyDelete