Sunday, 29 August 2021

വായനാനുഭവം 6 മഹാഭാരതം വ്യാസന്‍റെ സസ്യശാല - ഇന്ദിരാ കുമുദിന്‍റെ കുറിപ്പ്


കഥകളുടെയും കഥാപാത്രങ്ങളുടേയും മഹാസാഗരമാണല്ലോ മഹാഭാരതം. മനുഷ്യർക്ക് പുറമെ  ഭൂമിയിലുള്ള മിക്ക ജീവജാലങ്ങളേയും പലതരം കഥാപാത്രങ്ങളായി നമുക്ക് മഹാഭാരതത്തിൽ കാണാനാകും. ആ കഥാസാഗരത്തിൽ നിന്ന് പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ നമുക്കായി ശേഖരിച്ച മുത്തുകളാണ് മഹാഭാരതം വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം.

കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കാവ്യവത്ക്കരിച്ച് ഒരു നീണ്ട കവിതയാക്കുന്നതിനു പകരം ശക്തരും പ്രധാനപ്പെട്ടവരുമായ കാവ്യപാത്രങ്ങളെ സൂക്ഷ്മവത്കരിച്ച് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. മറ്റൊരു പ്രത്യേകത മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല കഥാഗതിതന്നെ മാറ്റി മറിച്ച കാവ്യപാത്രങ്ങളായ ആനയും പക്ഷികളും പാമ്പും തവളയും പോലും സൂക്ഷ്മവത്ക്കരിക്കപ്പെട്ട്  കുഞ്ഞുകുഞ്ഞു കവിതകളായി നമുക്ക് മുമ്പിലെത്തുന്നു.

അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും പ്രണയപരവശരായ കാമുകിമാരും മക്കളെയോർത്തു ദു:ഖിക്കുന്ന അമ്മമാരും അങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും മഹാഭായതത്തിലുണ്ടല്ലോ? ഏറ്റവും സൂക്ഷ്മമായാണ് മാഷ് ഈ സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത്.

"ആരാണ് പുരുഷൻ, നേരറിയാത്തവൻ, നേരെയല്ലാത്തവൻ, കരുണയില്ലാത്തവൻ, കശ്മലൻ, വഞ്ചകൻ" (അംബ)
"കണ്ണടച്ചാലുടനെ തെളിയുമേ വെണ്ണപോലെ പിതാവിന്റെ തൂമുഖം(ഇന്ദ്രസേന)" "അസ്ത്രസന്നാഹം വെറുക്കുന്നു ഞാൻ.. എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം" (ദുശ്ശള) "മൻമദലീലാഗൃഹത്തിലഭിന്നരാണുൻമത്തറാണിയും ദാസിയാളും" (ധാത്രേയി)" ഗർഭക്കുടത്തിന്റെ ദാഹം ശമിപ്പിച്ചു ദു:ഖമുടുത്തു നടന്നവളാണു ഞാൻ" (ശർമ്മിഷ്ഠ) "മകൻ തെറ്റുചെയ്യാതെ കൊല്ലപ്പെടുമ്പോൾ പ്രിയൻ വെന്ന രാജ്യം അമ്മയ്ക്കോ ശ്മശാനം " (സുഭദ്ര) 

വൈവിദ്ധ്യമേറിയ ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളിലൂടെ വായന കടന്നുപോകുമ്പോൾ വായനക്കാരുടെ മനസ്സിനകത്ത് ഓരോകാവ്യപാത്രവും പുനർജനിക്കുന്നതായി അനുഭവപ്പെടും. കുരീപ്പുഴ ശ്രീകുമാര്‍ മാഷിന്റെ മിക്കവാറും എല്ലാ കവിതകളും വായിച്ച ഒരാളെന്ന നിലയിൽ ഈ പുസ്തകത്തിലെ ഓരോ കുഞ്ഞുകവിതയും തീർത്തും വ്യത്യസ്തമായ വായനാനുഭവം തരുമെന്ന് ഉറപ്പിച്ചുപറയാനാകും. മാഷിനും പുസ്തകത്തിനും എല്ലാവിധ ആശംസകളും.. 

ഇന്ദിരാകുമുദ് 

1 comment:

  1. വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം വായിക്കേണ്ടതുണ്ട്

    ReplyDelete