| സത്‌നാം സിങ്: കേരളം ലജ്ജിക്കുന്നു | |||
|
സിദ്ധാര്‍ഥ രാജകുമാരനെ ശ്രീബുദ്ധനാക്കിയ സ്ഥലമാണ് ബിഹാറിലെ ഗയ. തന്നെ നിരന്തരം
പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് കപിലവാസ്തു വിട്ട്
സിദ്ധാര്‍ഥന്‍ ഗയയിലെത്തിയത്. അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയ
പ്രശ്‌നങ്ങളൊന്നുപോലും കുടുംബപരമായിരുന്നില്ല.
കുടുംബപരമല്ലാത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയാണ് സത്‌നാം സിങ് ഗയ വിട്ട്
കേരളത്തിലെത്തിയത്. ബുദ്ധന് ഗയ ബോധോദയമാണ് സമ്മാനിച്ചതെങ്കില്‍ സത്‌നാംസിങ്ങിന്
കേരളം അതിദാരുണമായ മരണമാണ് നല്‍കിയത്. സ്വാഭാവിക മരണമോ അപകടമരണമോ അല്ല. കൊടും
ക്രൂരമായ നരഹത്യ.
സത്‌നാംസിങ്ങിന്റെ മരണയാത്ര ആരംഭിക്കുന്നത് അമൃതാനന്ദമയി മഠത്തില്‍ നിന്നാണ്.
അമൃതാനന്ദമയിയുടെ വേദിയിലേക്ക് ബിസ്മില്ലാഹി റഹ്മാനി റഹിം എന്ന് ഉറക്കെ
പറഞ്ഞുകൊണ്ട് കടന്നുചെല്ലാന്‍ ശ്രമിച്ച സത്‌നാംസിങ്ങിനെ ജില്ലാജയിലും
ചിത്തരോഗാശുപത്രിയും കടന്ന് ശവക്കിടക്കയിലാണ് കാണുന്നത്.
അമൃതാനന്ദമയി മഠത്തെ
ഒഴിവാക്കിക്കൊണ്ടുള്ള അനേ്വഷണത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അതൃപ്തി
പ്രകടിപ്പിച്ചിട്ടുണ്ട്. അനേ്വഷണം നടക്കട്ടെ.
മറ്റു ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സുധാമണിയുടെ
അമൃതാനന്ദമയിയിലേക്കുള്ള യാത്രക്കിടയിലും ഇപ്പോഴും പ്രചാരത്തിലുള്ള ഒരു പ്രധാന
സംഗതിയുണ്ട്. അത് അവര്‍ ദൈവമാണെന്നതാണ്.
ദൈവത്തിന്റെ യോഗ്യതകളായി സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത് ദൈവം എല്ലാ
കാര്യങ്ങളും അറിയാവുന്ന ആളാണെന്നാണ്. അങ്ങനെയെങ്കില്‍ അമൃതാനന്ദമയിക്ക് ഇത് നേരത്തേ
അറിയാന്‍ കഴിയാഞ്ഞതെന്ത്?
ജാതിമത ഭേദമെന്യേ ആരാധിക്കുന്നവര്‍ക്കെല്ലാം
ആശ്ലേഷാനന്ദമയിയായിട്ടുള്ള ഈ ദൈവത്തിന് ബിസ്മില്ലാഹി റഹ്മാനി റഹിം എന്നു കേട്ടത്
നിര്‍മമതയോടെ സഹിക്കാന്‍ കഴിയാത്തതെന്ത്?
അമൃതാനന്ദമയി മഠത്തില്‍ ഹിന്ദു
ദൈവങ്ങളേയുള്ളൂ എന്നും അധികം ദൂരത്തല്ലാത്ത അന്‍വാര്‍ശ്ശേരിയില്‍ ഇസ്ലാം
ദൈവമേയുള്ളൂ എന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അമൃതാനന്ദമയി മുന്നോട്ട്
വയ്ക്കുന്ന എല്ലാ ആശയങ്ങളും ഹിന്ദുമത മാലിന്യം പുരണ്ടതാണ്. അവിടെ ബിസ്മില്ലാഹി
ദഹിക്കുകയില്ല. മതസ്ഥാപനങ്ങളെല്ലാം ചെയ്യുന്നത് സ്വന്തം മതമഹത്വം പഠിപ്പിക്കുകയും
അതുവഴി അന്യമത സ്പര്‍ദ്ധ ജനിപ്പിക്കുകയുമാണ്.
മറ്റൊരു പ്രധാന കാര്യം മഹത്തുക്കളുടെ മാപ്പുനല്‍കാനുള്ള സന്നദ്ധതയാണ്.
കുരിശില്‍ തറച്ചവര്‍ക്ക് മാപ്പുനല്‍കണമെന്നായിരുന്നല്ലോ യേശു ദൈവത്തോട് പറഞ്ഞത്.
സത്‌നാം സിങ്ങിനു മാപ്പുകൊടുക്കാനുള്ള മഹാമനസ്‌കത അമൃതാനന്ദമയിക്കില്ലാതെ
പോയതെന്തുകൊണ്ട്?
നഷ്ടപ്പെടാന്‍ സ്വത്തുള്ളവര്‍ക്കാണ് മാപ്പ് നല്‍കാന്‍ കഴിയാതെ
വരുന്നത്. ശതകോടീശ്വരിയായ അമൃതാനന്ദമയിക്ക് മാപ്പു നല്‍കുക എന്ന മഹനീയ ധര്‍മ്മം
അറിയാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല.
അമൃതാനന്ദമയിയെക്കുറിച്ച് അവരുടെ ഭക്തന്മാര്‍ പ്രചരിപ്പിക്കുന്നത്
സ്‌നേഹമയിയും കരുണാമയിയുമായ അമ്മയെന്നാണ്.
ഒഴുകിയെത്തുന്ന സമ്പത്തുകൊണ്ട് ചെറു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
അവര്‍ക്ക് ആ വകയിലെങ്കിലും അവകാശപ്പെടാമായിരുന്ന ഇത്തരം വിശേഷണങ്ങള്‍
സത്‌നാംസിങ്ങിന്റെ ദാരുണ മരണത്തോടെ അന്യമായി. കരുണാമയിയോ സ്‌നേഹമയിയോ
ആയിരുന്നെങ്കില്‍ മനോവിഭ്രാന്തി ബാധിച്ച സത്‌നാമിനെ കൊലയ്ക്കു കൊടുക്കാതെ
സംരക്ഷിക്കുമായിരുന്നു. കരുണാമയിയില്‍ നിന്നും ആലിംഗനാനന്ദമയിയിലേക്കുള്ള പതനമാണ്
ഇവിടെ സംഭവിച്ചത്.
അമൃതാനന്ദമയിയെ അവരുടെ അനുയായികള്‍ സംബോധന ചെയ്യുന്നത് അമ്മയെന്നാണ്. ആ
സംബോധനയ്ക്ക് അവര്‍ തീരെ അര്‍ഹയല്ലെന്ന് സത്‌നം സംഭവം തെളിയിച്ചു. മക്കളെ കൊലയ്ക്കു
കൊടുക്കാതിരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണല്ലോ അമ്മമാര്‍. മക്കളുടെ
തെറ്റുകള്‍ക്കു മാപ്പുകൊടുക്കുന്ന കോടതിയാണ് അമ്മയെന്നാണല്ലോ നമ്മള്‍
മനസ്സിലാക്കിയിട്ടുള്ളത്.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായിരിക്കണം. അതിനാല്‍
സത്‌നാംസിങ്ങിന്റെ കാര്യത്തില്‍ അമൃതാനന്ദമയി മഠത്തില്‍ സംഭവിച്ചതെന്തെന്നും
അനേ്വഷിക്കേണ്ടതുണ്ട്.
അമൃതാനന്ദമയി മഠം ചികിത്സാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും പണമിറക്കി പണം
കൊയ്യുന്ന ഒരു ഹിന്ദുമത സ്ഥാപനമാണ്. കാരുണ്യം, സ്‌നേഹം, ദയ തുടങ്ങിയവ ഇത്തരം
സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ്.
സത്‌നാം, ഭ്രാന്താശുപത്രിയിലെ അടച്ചിട്ട മുറിയില്‍ ഇഴഞ്ഞു നീങ്ങി വെള്ളം തേടി
മരിക്കുന്ന ഒരു അനുജന്‍ എന്റെ മനസ്സിനെ കീറിമുറിക്കുന്നുണ്ട്. സത്‌നാം കേരളം
ദു:ഖിക്കുന്നു. ലജ്ജിക്കുന്നു.
|
Thursday, 13 September 2012
Saturday, 1 September 2012
വാരഫലക്കാരുടെ വാചകമേളകള്‍
|
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുവില്‍ തിരുവനന്തപുരത്തുനിന്നും
പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രഭാത ദിനപ്പത്രമായിരുന്നു ജനതാമെയില്‍. എല്ലാ
ഞായറാഴ്ചകളിലും ആ പത്രത്തില്‍ ജാതകഫലം പ്രസിദ്ധീകരിക്കുമായിരുന്നു. അടുത്ത
ആഴ്ചയില്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയുള്ള ആളുകള്‍
ജാതകഫലം കൃത്യമായി വായിക്കുമായിരുന്നു. ഇതറിയാവുന്ന പത്രാധിപര്‍ പത്രത്തിന്റെ
ഉടമസ്ഥാവകാശം ചേര്‍ക്കാന്‍ വിട്ടുപോയാലും ജാതകഫലം ചേര്‍ക്കാന്‍ മറക്കില്ലായിരുന്നു.
ആറ്റിങ്ങലുള്ള ഒരു ജ്യോത്സ്യനായിരുന്നു ശനിയാഴ്ച രാവിലെ ജാതകഫലം പത്രമോഫീസില്‍
എത്തിച്ചിരുന്നത്.
ജ്യോത്സ്യന്റെ ഗ്രഹനില തെറ്റിയതിനാലാകാം ഒരു ശനിയാഴ്ച ജാതകഫലം എത്തിയില്ല. ആകെ
കുഴങ്ങിയ പത്രാധിപര്‍, എഡിറ്റര്‍ ട്രെയ്‌നിയായി അവിടെയുണ്ടായിരുന്ന ഒരു യുവാവിനോട്
ജാതകഫലം തയ്യാറാക്കാന്‍ പറഞ്ഞു.
അമ്പരന്നുനിന്ന യുവാവിന് അദ്ദേഹം മാര്‍ഗനിര്‍ദേശവും നല്‍കി. ജ്യോതിഷം
പഠിക്കുകയോ കവിടി നിരത്തുകയോ ഒന്നുംവേണ്ട. പത്രത്തിന്റെ പഴയ ലക്കങ്ങള്‍ എടുത്ത് ഓരോ
നക്ഷത്രത്തിനോടൊപ്പവും ചേര്‍ത്തിട്ടുള്ള ഫലങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ
എഴുതുമ്പോള്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാനുള്ള ജാതകഫലമായി.
ആധികാരികത തീരെയില്ലാതെ പഴയ ഫലങ്ങള്‍ നക്ഷത്രങ്ങളുടെ നേര്‍ക്ക് മാറ്റിയെഴുതി
പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ വായിക്കുന്നത് കണ്ടുകൊണ്ടാണ് ആ യുവാവ് അടുത്ത ദിവസം
നഗരത്തിലൂടെ നടന്നത്.
നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുവാനോ നിര്‍മ്മിക്കുവാനോ ഒരു നക്ഷത്രഫലത്തിനും
കഴിയുകയില്ല. ഞായറാഴ്ചകളില്‍ ഓരോ പത്രങ്ങളിലും വരുന്ന പമ്പര വിഡ്ഢിത്തത്തെയാണ്
നമ്മള്‍ വാരഫലം എന്നുവിളിക്കുന്നത്.
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന മൂന്ന് ദിനപ്പത്രങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച
അച്ചടിച്ചുവന്ന ജാതകഫലങ്ങള്‍ ഒന്നിച്ചുവായിച്ചപ്പോഴാണ് ഒരാഴ്ച ചിരിക്കാനുള്ള വക
കിട്ടിയത്.
അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രനാളിലും പിറന്നവര്‍ അടുത്ത ആഴ്ച
അനുഭവിക്കാന്‍ പോകുന്ന കാര്യമാണല്ലോ ഈ പ്രവാചകന്‍ രേഖപ്പെടുത്തുന്നത്.
കേരളകൗമുദിയിലെ പ്രവചനം അനുസരിച്ച് ഉത്രം നാളില്‍ പിറന്നവര്‍ക്കെല്ലാം ഈ
ആഴ്ചയില്‍ സന്താനഭാഗ്യം ഉണ്ടാകും. മലയാള മനോരമയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍
ഉത്രം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യത്തിനു പകരം ഉദരരോഗമാണ്
ഉണ്ടാകുന്നത്.
മാതൃഭൂമിയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഈ നാളില്‍ പിറന്നവര്‍ക്ക്
സന്താനഭാഗ്യവും ഉദരരോഗവും വരില്ലെങ്കിലും ഗൃഹസ്വസ്ഥത കുറയും. ഒരേനക്ഷത്രഫലം മൂന്ന്
ജ്യോത്സ്യന്മാര്‍ കണ്ടെത്തുമ്പോള്‍ മൂന്നുതരത്തിലാകുന്നത് എന്തുകൊണ്ടാണ്?
ആദ്യത്തെ നക്ഷത്രമായി കണക്കാക്കുന്നത് അശ്വതിയാണല്ലൊ. ഈ നാളില്‍
പിറന്നവര്‍ക്ക് അടുത്തയാഴ്ച സംഗീതാദികലകളില്‍ അംഗീകാരം ലഭിക്കുമത്രെ. പാട്ടുപാടാന്‍
കഴിയാത്തവര്‍ക്കോ? മറ്റൊരു പത്രം പറയുന്നത് ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം
ലഭിക്കുമെന്നാണ്. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കോ? അടുത്ത പത്രം പറയുന്നത്
മനസമാധാനം ലഭിക്കുമെന്നാണ്. മനസമാധാനത്തിന് ഒരാഴ്ചത്തെ ഉറപ്പേ ഉള്ളോ?
ആദ്യം പ്രസന്നമായ കാര്യങ്ങള്‍ പറയുക. ഒടുവില്‍ ദോഷങ്ങള്‍ നിരത്തി വിരട്ടുക.
ഇത് ജ്യോത്സ്യന്മാരുടെ ഒരു തന്ത്രമാണ്. അതിനാല്‍ അശ്വതി നക്ഷത്രഫലം പ്രസന്നവും
രേവതിഫലം അപ്രസന്നവുമായിരിക്കും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഈ തന്ത്രവും തെറ്റും.
രേവതിക്കാര്‍ക്ക് വ്യാപാര വ്യവസായ പുരോഗതി മനോരമ വാഗ്ദാനം ചെയ്യുമ്പോള്‍ കേരളകൗമുദി
പിതാവിന്റെ ആരോഗ്യം മോശമാകുമെന്നും മാതൃഭൂമി പലതുകൊണ്ടും കാലം അനുകൂലമല്ലെന്നും
ഭീഷണിപ്പെടുത്തുന്നുണ്ട്.
ഓണക്കാലം അടുത്തതിനാല്‍ ബോണസും മറ്റും പ്രഖ്യാപിക്കപ്പെടുമെന്നറിയാവുന്ന ഒരു
നക്ഷത്രഫലക്കാരന്‍ ഭരണി നാളുകാര്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടുകൂടിയുള്ള ശമ്പള
വര്‍ധനവ് പ്രവചിച്ചിട്ടുണ്ട്. ജ്യോത്സ്യരുടെ കള്ളികള്‍ക്കപ്പുറം ഒരു നില്‍ക്കകള്ളിയും
വേണമല്ലൊ. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ ശ്രവിക്കാമെന്ന്
മറ്റൊരു പത്ര ജ്യോത്സ്യന്‍ തട്ടിവിട്ടിട്ടുണ്ട്.
വിജ്ഞാനത്തിന്റെ മേശപ്പുറത്ത് ചൊവ്വാഗ്രഹം വന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം
പുട്ടുകച്ചവടങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. ഞായറാഴ്ച പത്രങ്ങളില്‍ വരുന്ന
നക്ഷത്രവാരഫലങ്ങള്‍ അയുക്തിയും അശാസ്ത്രീയതയും അജ്ഞതയുമാണ് മുന്നോട്ടു
വയ്ക്കുന്നത്.
|
Sunday, 26 August 2012
'കള്ളനെ കണ്ടുവോ കുന്നലനാടിനെ കൊള്ളയടിച്ചൊരാ സംഘ നേതാവിനെ'
|
മലയാളികളുടെ മഹോത്സവമാണ് ഓണം. ഓണാഘോഷങ്ങള്‍ ഒഴിവാക്കി കേരളപ്പിറവി ദിവസമായ
നവംബര്‍ ഒന്ന് മലയാള മഹോത്സവദിനമാക്കി ആഘോഷിക്കാന്‍ പാകത്തില്‍ മലയാളി
വളര്‍ന്നിട്ടില്ല.
ഓണം ഹിന്ദുക്കളുടെ മാത്രം ആചാരമാക്കി അവര്‍ക്കു
ചാര്‍ത്തിക്കൊടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം മലയാളിയും
അതിനു ചെവി കൊടുത്തിട്ടില്ല. ഓണം അഡ്വാന്‍സും ബോണസുമൊക്കെ ജാതിമതഭേദം കൂടാതെ എല്ലാ
മലയാളികളും സ്വീകരിക്കാറുണ്ട്. ക്രിസ്തുമസ്, റംസാന്‍ ഓഫറുകളും ഇതുപോലെ തന്നെ.
കേരളത്തിലെ ഏറ്റവും പുരാതനമായ ആഘോഷമായതിനാല്‍ എഴുതപ്പെടാത്ത പാട്ടുകള്‍
ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അശകൊശലേ പെണ്ണുണ്ടോ എന്ന പാട്ടും
ആക്കയ്യിലിക്കയ്യിലോ മാണിക്യ ചെമ്പഴുക്ക എന്ന പാട്ടും ഒന്നുപെറ്റ-നാത്തൂനാരേ
മീന്‍കളികാണാന്‍ പോകാമെന്ന പാട്ടും ഓണക്കാലം മലയാളത്തിനു നല്‍കിയതാണ്. ഇവയൊക്കെ
ചന്തമുള്ള ചിന്തുകളാണെങ്കിലും ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത്
ഒരുങ്ങാതിരുന്നപ്പോള്‍ ഓണം വന്നതിനെക്കുറിച്ചുള്ള പാട്ടാണ്.
മുറ്റമടിച്ചില്ല, ചെത്തിപ്പറിച്ചില്ല എന്തെന്റെ മാവേലീ ഓണം വന്നു എന്ന
ചോദ്യവുമായി ആരംഭിക്കുന്ന പാട്ട് ചന്തയില്‍ പോകാനും മലക്കറി വാങ്ങാനും
കഴിയാത്തതിനെക്കുറിച്ച് പാടി വളരുന്നു. നെല്ലു പുഴുങ്ങീല തെല്ലു മുണങ്ങീല എന്തെന്റെ
മാവേലീ ഓണം വന്നു എന്നു ചോദിച്ച് പിന്നെയും വികസിച്ച് നങ്ങേലിപ്പെണ്ണിന്റെ
അങ്ങേരും വന്നില്ല എന്തെന്റെ മാവേലീ ഓണം വന്നൂ എന്നു പറഞ്ഞാണവസാനിക്കുന്നത്.
വൈക്കത്തു നിന്നും പുറത്തിറങ്ങിയ ഒരു നാടന്‍പാട്ടു ശബ്ദകത്തില്‍ ശോകത്താല്‍
ഇമ്പമാര്‍ന്ന വായ്ത്താരിയുടെ അകമ്പടിയോടെ ഈ പാട്ട് ചേര്‍ത്തു കേട്ടിട്ടുണ്ട്.
ഓണത്തിന്, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മീന്‍കറി കൂട്ടുന്നതിനെക്കുറിച്ചും
നാട്ടുകവിതയുണ്ട്. ഹിന്ദുമതക്കാരുടെ വിശേഷ ദിവസങ്ങളിലെ സദ്യകളില്‍ സാധാരണ, മത്സ്യം
ഒരു വിഭവമാകാറില്ല. ബ്രാഹ്മണ്യത്തിന്റെ കണ്ണുരുട്ടല്‍ കൊണ്ടാകാമിതു സംഭവിച്ചത്.
കുഞ്ഞാഞ്ഞയെ അഭിസംബോധന ചെയ്യുന്ന ഈ പാട്ടില്‍ കൊടകരയാറ്റില്‍ കൂരിമീന്‍ സമൃദ്ധമായി
ഉണ്ടായതിനെക്കുറിച്ചു പറയുകയും കൂരിക്കറി കൂരിക്കറി തിരിയോണത്തിനു കൂരിക്കറിയെന്നു
കൊട്ടിപ്പാടുകയും ചെയ്യുന്നുണ്ട്. ദലിതര്‍ പാടുന്ന പാട്ടാകയാല്‍ തിരുവോണത്തിനു
തിരിയോണമെന്ന നാട്ടുമൊഴിയാണുപയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രിയപ്പെട്ട
നാടന്‍പാട്ടുകാരനായ സി ജെ കുട്ടപ്പന്‍ ഈ പാട്ട് അതീവ ഹൃദ്യമായി
അവതരിപ്പിക്കാറുണ്ട്.
സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതിക ബോധത്തോടെ ഓണത്തെ സമീപിച്ചത് മഹാകവി
വൈലോപ്പിള്ളിയാണ്. അരവയര്‍ പട്ടിണിപെട്ടവരും കീറിപ്പഴകിയ കൂറ പുതച്ചവരുമായ
ദരിദ്രജനതയോടൊപ്പം നിന്നാണ് മഹാകവി ഓണമെന്ന സുന്ദര സങ്കല്‍പത്തെ സമീപിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല, ഗംഗാസമതലത്തിലും ഈജിപ്തിലും ഗ്രീസിലും ചൈനയിലും റഷ്യയിലും
ലാറ്റിന്‍ അമേരിക്കയിലും ഓണത്തിന്റെ വിവിധ സാന്നിധ്യം അദ്ദേഹം കണ്ടെത്തുന്നുണ്ട്.
പുരാതന കാലത്തുണ്ടായിരുന്ന ഒരു സുന്ദര സാമ്രാജ്യം. അവിടെ ഒത്തു പുലരുന്ന മനുഷ്യര്‍.
വീരന്മാരാണെങ്കിലും വിനയവും കരുണയുമുള്ള പുരുഷന്മാര്‍. പവിത്ര ചരിത്രകളായ
സ്ത്രീകള്‍. കുടിലത ഇല്ലാത്ത ധിഷണകള്‍. ദേവന്മാരെന്ന മേലാളന്മാര്‍ക്കു
അജ്ഞാതമായിരുന്ന ഒരു വന്‍കരയിലെ പൂര്‍ണതയുള്ള മനുഷ്യര്‍.
ഈ സാമ്രാജ്യത്തെ ഒരു
ഐതിഹ്യത്തിലവസാനിപ്പിക്കാന്‍ മഹാകവി തയ്യാറായില്ല. കരയെ വിഴുങ്ങിയ ഒരു വന്‍കടല്‍
ക്ഷോഭത്തിലാണ് അതിന്റെ തിരോധാനം. വാമനകഥയും മറ്റുചിലര്‍ പറയുന്നുണ്ട്. എന്തായാലും
അതിനുശേഷം ഭൂമിയുടെ ശിരസ്സില്‍ നരപോലെ ദേവപുരോഹിത ദുഷ്പ്രഭു വര്‍ഗത്തെ
കാണുന്നുണ്ട്. ഇത്തിരിവട്ടം കാണുന്നവരാലും ഇത്തിരി വട്ടം ചിന്തിക്കുന്നവരാലും ലോകം
നിറഞ്ഞു. യാഥാര്‍ഥ്യത്തെ സങ്കല്‍പവുമായും പ്രതീക്ഷയുമായും സമന്വയിപ്പിച്ച്
സൗന്ദര്യത്തിന്റെ ഉന്നത തലത്തില്‍ നിന്നുകൊണ്ട് ഓണത്തെ എതിരേല്‍ക്കുകയാണ് മഹാകവി.
അപ്പോള്‍ കാണുന്ന നിലാവിനെ ദേവന്മാരുടെ പരിഹാസമായി മഹാകവി
രേഖപ്പെടുത്തിയിട്ടുമുണ്ട്.
മഹാബലിയെ മുന്‍നിര്‍ത്തി ഹിന്ദുമിഥോളജിയെ ചോദ്യം ചെയ്തത് വയലാര്‍
രാമവര്‍മ്മയാണ്. മഹാബലിയും പരശുരാമനും തമ്മില്‍ ഒരു യുദ്ധമെന്ന കവിതയിലാണ്
അവതാരകഥകളിലെ അനൗചിത്യം വയലാര്‍ ചൂണ്ടിക്കാട്ടുന്നത്.
മഹാവിഷ്ണു എന്ന ഹിന്ദു ദൈവം
മീനായും ആമയായും പന്നിയായും മനുഷ്യ സിംഹമായും അവതരിച്ചതിനുശേഷം വാമനന്റെ
വേഷമെടുക്കുന്നു. അതിനു ശേഷമാണ് പരശുരാമാവതാരം. വാമനന്‍ അവതരിക്കുന്നത് കേരളം
ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനുവേണ്ടിയാണല്ലൊ.
എന്നാല്‍ കേരളോല്‍പത്തിക്കഥയില്‍ പറയുന്നത് പരശുരാമന്‍ മഴുവെറിഞ്ഞു കേരളം
സൃഷ്ടിച്ചു എന്നാണ്. ഈ വൈരുദ്ധ്യമാണ് വലയാര്‍ പ്രമേയമാക്കിയത്.
അരൂരിനടുത്തുള്ള കായലോരത്ത് ആവണിവെട്ടം വീണപ്പോള്‍ അക്കരയ്ക്കു പോകാനായി
ചങ്ങാടം കാത്തുനില്‍ക്കുന്ന മഹാബലി, സൃഷ്ടിക്കഥയുരുവിട്ട് നടക്കുന്ന പരശുരാമനെ
ആകസ്മികമായി കാണുകയും ആ വൃദ്ധന്റെ സത്യനിഷേധങ്ങളെ നിരാകരിച്ചു കൊണ്ട്
താനാരാണെന്നറിയാന്‍ നിനക്കുമുമ്പുണ്ടായ വാമനനോട് ചോദിക്കാന്‍ പറയുകയും ചെയ്യുന്നു.
ദേവനോ ബ്രാഹ്മണനോ മഹര്‍ഷിയോ അല്ലെന്നും ഈ മണ്ണുപെറ്റ മനുഷ്യനാണ് താനെന്നും മഹാബലി
വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തെ സ്പഷ്ടമാക്കുന്ന ഈ കവിതയില്‍,
പരശുരാമനും മഹാബലിയും തമ്മില്‍ യുദ്ധം ചെയ്യുകയും പരശുരാമന്‍ തോല്‍ക്കുകയും
ചെയ്യുന്നു. അതുവഴി വന്ന ചരിത്ര വിദ്യാര്‍ഥികള്‍ പരശുരാമനെ ചൂണ്ടി കള്ളനെ കണ്ടുവോ
ക്കുന്നലനാടിനെ കൊള്ളയടിച്ച സംഘനേതാവിനെ എന്നും ഒന്നാമതായി പരദേശിവര്‍ഗത്തെ
ഇന്നാട്ടിലെത്തിച്ച ഭാര്‍ഗവരാമനെ എന്നും പറയുന്നുണ്ട്. കാടായ കാടൊക്കെ
വെട്ടിത്തെളിച്ചിട്ട കോടാലിയിന്നും കളഞ്ഞില്ല മൂപ്പില എന്നു
പരിഹസിക്കുന്നുമുണ്ട്.
ഓണത്തെ വാമന ജയന്തിയാക്കി ചുരുക്കാന്‍ ഉള്ള ശ്രമം പോലും നടക്കുന്ന കേരളത്തില്‍
വൈലോപ്പിള്ളിയുടെയും വയലാറിന്റെയും കവിതകള്‍ ചെറുത്തു നില്‍പിന്റെ ശോഭ
നല്‍കുന്നതാണ്.
|
Friday, 17 August 2012
ആരാധനാലയങ്ങളും ശബ്ദമലിനീകരണവും
|
കോളാമ്പികള്‍ വച്ച് അലറി സ്ഥിരമായി ശബ്ദശല്യമുണ്ടാക്കുന്നതിനെതിരെ കോടതി
കയറിയത് ആലപ്പുഴയിലെ പി പി സുമനന്‍ എന്ന മനുഷ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ
ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ശബ്ദമലിനീകരണം സംബന്ധിച്ച് ആരോഗ്യകരമായ
നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കുകയുണ്ടായി.
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വലിയ
കോളാമ്പികള്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല പകരം
ചുറ്റുപാടുമുള്ളവരില്‍ അറിയിപ്പുകള്‍ എത്തിക്കാനുതകുന്ന ചെറിയ ബോക്‌സുകളാണ്
ഉപയോഗിക്കാവുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് ഇതൊന്നും
നടപ്പാക്കുന്നതേയില്ല. ഏറ്റവും വലിയ ശബ്ദമലിനീകരണം സ്ഥിരമായി സൃഷ്ടിക്കുന്നത്
ആരാധനാലയങ്ങളാണ്.
ആരാധനാലയങ്ങളില്‍ത്തന്നെ ഹിന്ദു ക്ഷേത്രങ്ങളാണ് ഈ അക്രമത്തിന്റെ മുന്‍നിരയില്‍
നില്‍ക്കുന്നത്.
ശബ്ദമലിനീകരണം താരതമേ്യന കുറച്ചുമാത്രം സൃഷ്ടിക്കുന്നത് ഇസ്ലാം
പ്രാര്‍ഥനാലയങ്ങളാണ്. വാങ്കു വിളിക്കുന്നതിനുവേണ്ടി ഒരു ദിവസം ഇരുപത്തിയഞ്ചു
മിനിട്ടുപോലും അവര്‍ ഉപയോഗിക്കുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള
പ്രഭാഷണങ്ങള്‍ക്കാണെങ്കില്‍ പല പള്ളികളിലും ഉച്ചഭാഷിണി പുറത്തേക്ക്
വെച്ചിട്ടേയില്ല. വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മതപ്രസംഗങ്ങള്‍ക്ക് വലിയ
ബോക്‌സുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഏതാനും ദിവസങ്ങളില്‍ രാത്രികളിലെ ചില
മണിക്കൂറുകള്‍ക്കുള്ളിലേക്ക് ആ ഉയര്‍ന്ന ശബ്ദം ഒതുങ്ങാറുമുണ്ട്.
ശബ്ദമലിനീകരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ക്രൈസ്തവ സഭകളാണ്.
വിശേഷിച്ചും പെന്തക്കോസ്ത് വിഭാഗങ്ങള്‍. സുവിശേഷ പ്രചരണത്തിന്റെ ഭാഗമായും സ്ഥിരമായ
ഞായര്‍ പ്രാര്‍ഥനയുടെ ഭാഗമായും അവര്‍ വലിയ ശബ്ദമലിനീകരണമാണ് നടത്തുന്നത്.
പ്രാര്‍ഥിക്കുന്നവരെ ഉദ്ദേശിച്ചാണെങ്കില്‍ ഇത്രയും വലിയ ശബ്ദം ആവശ്യമില്ല.
പ്രാര്‍ഥന പരലോകത്തു കേള്‍ക്കണമെന്ന ഉദ്ദേശമാണ് അവര്‍ക്കുള്ളതെന്ന്
തോന്നിപ്പോകും.
ശബ്ദമലിനീകരണം ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുന്നത് ഹിന്ദു ആരാധനാലയങ്ങളാണ്.
ക്ഷേത്രാചാരങ്ങളില്‍ ഒരിടത്തുപോലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള
സംഗീതാര്‍ച്ചനയെക്കുറിച്ച് പറയുന്നില്ലെങ്കിലും അവര്‍ ഒരു നിയമവും അനുസരിക്കാതെ
അത്യുച്ചത്തില്‍ മൈക്ക്‌വച്ച് പാടിക്കുകയാണ്.
ഞായറാഴ്ച, വെള്ളിയാഴ്ച എന്ന
വ്യത്യാസമൊന്നും കൂടാതെ എല്ലാ ദിവസവുമാണ് ഹിന്ദു ആരാധനാലയങ്ങളില്‍ നിന്നുള്ള
സംഗീതാലര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെളുപ്പിന് അഞ്ചുമണിമുതല്‍ ഒന്‍പത് മണി
വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തുമണി വരെയുമാണ് ഈ ആരാധനാതിക്രമം
നടത്തുന്നത്.
പരിസരത്ത് പഠിക്കുന്ന കുട്ടികളുണ്ട് രോഗികളും വൃദ്ധരുമുണ്ട്
എന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. ജീവിത തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും
ഇത് കേള്‍ക്കുന്നുണ്ടോ എന്നതു പോലും അവര്‍ക്ക് പ്രശ്‌നമല്ല. ശബരിമല, രാമായണ
സീസണുകളില്‍ പതിനെട്ട് മണിക്കൂറിലധികമാണ് ഒരു നിയന്ത്രണവുമില്ലാതെ ഉച്ചഭാഷിണി
പ്രവര്‍ത്തിപ്പിക്കുന്നത്. പിന്നെ സഹസ്ര നാമാര്‍ച്ചന, ലക്ഷാര്‍ച്ചന, ഭാഗവത സപ്താഹം,
ഗീതായജ്ഞം തുടങ്ങിയ പേരുകളില്‍ ഇരുപത്തിനാല് മണിക്കൂറും ശബ്ദമുണ്ടാക്കുകയാണ്.
നിശ്ചിത അളവിനപ്പുറമുള്ള ശബ്ദം സ്ഥിരമായി ശ്രവിക്കുന്നവരുടെ ശ്രവണ ശക്തിക്കു
കേടു സംഭവിക്കുമല്ലൊ. മനുഷ്യന്റെ മാനസിക സ്വസ്ഥതയും ഇതുമൂലം ഇല്ലാതാകും. അമ്പല
പരിസരത്ത് താമസിക്കുന്നവര്‍ക്ക് ഫോണ്‍ പോലും കേള്‍ക്കാന്‍ കഴിയാറില്ല.
ഇങ്ങനെ മറ്റുള്ളവരുടെ മാനസിക സ്വസ്ഥത തകര്‍ത്ത് മനുഷ്യാവകാശ ലംഘനം നടത്താനുള്ള
അനുവാദം ക്ഷേത്ര ഭരണസമിതികള്‍ക്കുണ്ടോ? ഇല്ല എന്നാണ് പി പി സുമനന്റെ കേസ്
തെളിയിക്കുന്നത്. പിന്നെന്തുകൊണ്ടാണ് ഈ അതിക്രമം നിര്‍ബ്ബാധം തുടരുന്നത്? ഈ ചോദ്യം
നീതിനിര്‍വഹണം നടത്തേണ്ടവരോടും നമ്മുടെ പൗരാവകാശ ബോധത്തോടുമാണ്
ചോദിക്കേണ്ടത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടേണ്ടിവരുന്ന ഒരു മറുചോദ്യമുണ്ട്.
രാഷ്ട്രീയക്കാര്‍ നടത്തുന്ന ശബ്ദമലിനീകരണമോ? മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും
രാവിലെ അഞ്ചു മണിമുതല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്ന ഒരു
രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസും കേരളത്തിലില്ല.
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഗാനമേളക്കാരാണ് അസഹ്യമായ ശബ്ദം
സൃഷ്ടിച്ച് സംഗീതം ആസ്വാദകന് നല്‍കേണ്ട സന്തോഷവും സ്വസ്ഥതയും നശിപ്പിക്കുന്നത്.
ഇതും നിയന്ത്രിക്കേണ്ടതാണെങ്കിലും ആരാധനാലയങ്ങളിലെ പോലെ സ്ഥിരമല്ലല്ലോ എന്നൊരു
സമാധാനമുണ്ട്.
വിശ്വാസത്തിന്റെ പേരിലുള്ള ഭീകര ശബ്ദാക്രമണത്തില്‍ നിന്നും ജനതയെ
രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.
|
Monday, 23 July 2012
കാമ്പിശ്ശേരിയുടെ പത്ത് കല്പനകള്‍
| പുതിയ പ്രതിഭകളെ കണ്ടെത്തുകയും ഭാവനാപൂര്‍ണമായ പ്രകാശപ്രദേശങ്ങളിലേക്ക്
പത്രപ്രവര്‍ത്തനത്തെ നയിക്കുകയും ചെയ്ത അപൂര്‍വവ്യക്തികളില്‍ പ്രഥമഗണനീയനാണ്
കാമ്പിശ്ശേരി കരുണാകരന്‍. കേസരി ബാലകൃഷ്ണപിള്ള, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍
തുടങ്ങി ചുരുക്കം പേരുകളേ ആ ഗണത്തില്‍ ഓര്‍മ്മിക്കാനുള്ളൂ.
ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കേരളീയ സമൂഹത്തിന് യുക്തിയുടെ
നന്മകള്‍ കാട്ടിക്കൊടുത്തു. പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാരെ അപരിചിത
മേഖലകളിലേക്ക് സഞ്ചരിപ്പിച്ചു. സ്ത്രീപക്ഷ ചിന്തകള്‍ കേരളത്തിന്റെ
മുമ്പിലവതരിപ്പിച്ചു.
എന്നാല്‍ പത്രാധിപര്‍ മാത്രമായിരുന്നില്ല കാമ്പിശ്ശേരി. സാഹസികനായ രാഷ്ട്രീയ
പ്രവര്‍ത്തകനും അന്ധവിശ്വാസങ്ങളെ കത്തിച്ചുകളഞ്ഞ നാസ്തികനും നര്‍മ്മത്തിന്റെ
മര്‍മ്മമറിഞ്ഞ എഴുത്തുകാരനും ഒക്കെയായിരുന്നു അദ്ദേഹം.
അതിനുമപ്പുറം
കാല്‍നൂറ്റാണ്ടിലേറെക്കാലം മലയാള നാടക ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന
അഭിനേതാവുമായിരുന്നു കാമ്പിശ്ശേരി. ചരിത്രം മാറ്റിയെഴുതിയ നിങ്ങളെന്നെ
കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെ ജനഹൃദയങ്ങളിലെത്തിച്ചത്
കാമ്പിശ്ശേരിയായിരുന്നു.
അഭിനയത്തെ ജീവിതത്തിലേക്ക് മാറ്റിയ സന്ദര്‍ഭങ്ങളും
അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരാളില്‍ സന്നിവേശിക്കാനുള്ള കഴിവാണല്ലോ ഏതു നടനും
ആവശ്യമായിട്ടുള്ളത്.
ഈ കഴിവിനൊരു നല്ല ഉദാഹരണം തോപ്പില്‍ഭാസിയുമായി അദ്ദേഹം നടത്തിയ പന്തയമാണ്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ കാമ്പിശ്ശേരിയെ
വീട്ടുതടങ്കലിലാക്കി. കാമ്പിശ്ശേരി വീട് നില്‍ക്കുന്ന കരവിട്ട് എങ്ങും പോകാന്‍
പാടില്ല. ഇത് നിരീക്ഷിക്കാന്‍ പൊലീസുകാരുമുണ്ടായിരുന്നു. പൊലീസുകാര്‍
കാവലിരിക്കുന്ന സ്ഥലത്ത്കൂടി അവരറിയാതെ കടന്നുപോകണമെന്നതായിരുന്നു പന്തയം.
കാമ്പിശ്ശേരി കപ്പടാ മീശയുപേക്ഷിച്ച് മുഖത്ത് ലേശം കരിയും പുരട്ടി മുഷിഞ്ഞ ചെറു
മുണ്ടുമുടുത്ത് ഒരു വെട്ടുകത്തിയില്‍ തേങ്ങ കൊത്തിയെടുത്ത് കടന്നുപോവുക മാത്രമല്ല,
പൊലീസുകാരെ ചെന്നുകണ്ട് വര്‍ത്തമാനം പറയുകയും ചെയ്തു.
ഈ സ്വയം പരിശീലനം നടത്തിയ
കാമ്പിശ്ശേരി ആയിരക്കണക്കിനു രാത്രികളാണ് നാടകാഭിനയത്തിനായി മാറ്റിവച്ചത്. ഇത്രയും
നാടക-സിനിമാഭിനയ പരിചയമുള്ള ഒറ്റ പത്രാധിപരും കേരളത്തിലുണ്ടായിട്ടില്ല.
അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന സിനിരമ വൈക്കം മുഹമ്മദ്
ബഷീറിന്റേതടക്കം പ്രശംസ നേടിയിരുന്നല്ലോ.
അഭിനയ ചിന്തകള്‍ എന്ന പുസ്തകം കാമ്പിശ്ശേരിയില്‍ നിന്നും മലയാളത്തിനു കിട്ടിയ
വലിയ അനുഭവനിധിയും ദര്‍ശനവുമാണ്.
അഭിനയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാമ്പിശ്ശേരി പത്തുകല്‍പനകള്‍
രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാമത്തെ കല്‍പന, അഭിനയമെന്നത് ഒരു കൂട്ടുകച്ചവടമാണ്
എന്നാണ്. നടന്മാര്‍ അനേ്യാന്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഒന്നാം
കല്‍പനയിലുള്ളത്.
സംഭാഷണവും അഭിനയവും റിഹേഴ്‌സലിനേക്കാള്‍ കുറയുകയോ കൂടുകയോ ചെയ്യരുതെന്നാണ്
രണ്ടാം നിയമം.
മൂന്നാം നിയമം അനുകരണത്തിനെതിരെയും നാലാം നിയമം ഭാവിയെപ്പറ്റി അഭിനേതാവ്
അജ്ഞതഭാവിക്കണമെന്നുമാണ്. കഥാപാത്രത്തിന് ഇനിയെന്തു സംഭവിക്കുമെന്ന്
കാണികള്‍ക്കറിയില്ല. എന്നാല്‍ അഭിനേതാവിനറിയാമല്ലോ. ഈ അറിവ് മറക്കാതിരുന്നാല്‍
അഭിനേതാവിന്റെ പ്രകടനം പാളും.
അഞ്ചാം കല്പനയായി ഏതു നടനും ശബ്ദവിന്യാസത്തിലും അംഗചലനത്തിലും പരിശീലനം
നേടേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.
അരങ്ങത്തെ നടപ്പുമാത്രമല്ല, നില്‍പ്പുകൂടി നടീനടന്മാര്‍ പരിശീലിക്കണമെന്നതാണ്
ആറാം കല്പന.
ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നതാണ് ഏഴാം കല്പന. വീണയോ തബലയോ
തോക്കോ കൈകാര്യം ചെയ്യേണ്ട നടന്‍ അത് അഭ്യസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ കൈകാര്യം
ചെയ്യുന്നതായി അഭിനയിക്കാനെങ്കിലും അറിഞ്ഞിരിക്കണമെന്നു സാരം.
ചുറ്റുപാടില്‍ നിന്ന് പഠിക്കണമെന്നതാണ് എട്ടാം പാഠം.
ഒന്‍പതാം നിയമത്തില്‍ ശൂന്യനിമിഷങ്ങളെ അഭിനയിക്കാതിരുന്നു നേരിടുന്ന വിദ്യയാണ്
പറയുന്നത്.
അഭിനേതാവിന് വായനയിലും സഞ്ചാരത്തിലും താല്‍പ്പര്യമുണ്ടാകണമെന്നതാണ്
കാമ്പിശ്ശേരി നിര്‍ദ്ദേശിച്ചിട്ടുള്ള പത്താം നിയമം.
ഓരോ കല്പനയിലും വിശദമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്.
അഭിനേതാവറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതുമാത്രമല്ല. എന്നാല്‍ ഇതറിയാതെ മുന്നോട്ട്
പോകാനും സാധ്യമല്ല.
മലയാള നാടകവേദിക്ക് കാമ്പിശ്ശേരി നല്‍കിയ ഏറ്റവും നല്ല പാഠപുസ്തകമാണ് ഈ പത്തു
കല്പനകള്‍.
|
Monday, 9 July 2012
അവഗണിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത്
സാഹിത്യ-കലാരംഗങ്ങളിലും മറ്റ് സാമൂഹ്യമേഖലകളിലും പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കി മരണമടഞ്ഞവര്‍ക്ക് ഇഷ്ടികയും കമ്പിയും സിമന്റും ഉപയോഗിച്ചുള്ള സ്മാരകങ്ങള്‍ ആവശ്യമാണോ?
ജീവിച്ചിരിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യമില്ലെന്നേ മറുപടി പറയൂ. എന്നാല്‍ മണ്‍മറഞ്ഞ പ്രതിഭകളെ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തി സ്മരിക്കാന്‍ പിന്‍തലമുറ ശ്രമിക്കും. അങ്ങനെ സ്ഥാപിക്കപ്പെടുന്ന സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ അനാഥമായി കിടക്കുന്ന കാഴ്ച സങ്കടകരമാണ്. കൊല്ലം ജില്ലയില്‍ ഇതിനു നിരവധി ഉദാഹരണങ്ങളുണ്ട്.
ഏറ്റവും നല്ല സാക്ഷ്യം കൊല്ലം നഗരത്തിലെ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതിമണ്ഡപമാണ്. നിരന്തര പരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെ സംസ്‌ക്കരിച്ചിടത്ത് അതൊന്നു രേഖപ്പെടുത്തിവെയ്ക്കാന്‍ നഗരസഭ സന്നദ്ധമായത്. നഗരസഭയുടെ നിയന്ത്രണത്തില്‍, കാവല്‍ക്കാര്‍ സഹിതമുള്ള മുളങ്കാടകം ശ്മശാനത്തിലാണ് ഈ സ്മൃതികുടീരം. മേല്‍ക്കൂരയില്ലാതെയും ശ്രദ്ധിക്കാന്‍ ആളില്ലാതെയും അത് ജീര്‍ണാവസ്ഥയിലായി. ഇടപ്പള്ളി സ്മൃതിമണ്ഡപമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയപാതയില്‍ വച്ചിരുന്ന ഫലകവും വീണു നശിച്ചുപോയി, രമണന്‍ എന്ന അനശ്വരകൃതിയുടെ കേന്ദ്ര ബിന്ദു എന്ന് കരുതപ്പെടുന്ന യുവകവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതി കുടീരത്തിനാണ് ഈ ദുര്‍ഗതി.
തേന്‍പോലെ മധുരിക്കുന്നതും ശാന്തിതരുന്നതുമായ നിരവധി പാട്ടുകള്‍ നമ്മള്‍ക്കുതന്ന രവീന്ദ്രന്‍ മാഷിന്റെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ജന്മനാടായ കുളത്തൂപ്പുഴയിലാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ബജറ്റില്‍ തുകവകയിരുത്തുകയും പണിതുടങ്ങുകയും ചെയ്തു. രാജീവ് അഞ്ചലിന്റെ ഭാവനയില്‍ വിടര്‍ന്ന വയലിന്‍ സാന്നിധ്യമുള്ള മനോഹരമാതൃകയാണ് അംഗീകരിക്കപ്പെട്ടത്. ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതോടെ പണിമുടങ്ങി. കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ഇഷ്ടികപോലും എടുത്തുവയ്ക്കാന്‍ കഴിയാതെ അപമാനിക്കലിന്റെ മുദ്രയായി നില്‍ക്കുകയാണ് ഹരിമുരളീരവ സ്മാരകം.
മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി മുങ്ങിയും മുടന്തിയും നടക്കുന്ന ഒരു വായനശാലയാണ് ചവറ തെക്കും ഭാഗത്തുള്ളത്. മഹാകവി കെ സി കേശവപിള്ളയുടെ പേരില്‍ സ്മാരക ശ്രമങ്ങള്‍ പരവൂരില്‍ നടന്നെങ്കിലും പൂര്‍ണമായില്ല.
പുനലൂര്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് പുനലൂര്‍ ബാലന്‍ സ്മാരക ലൈബ്രറിയെന്ന് പേരുമാറ്റി അനുസ്മരിക്കുകയാണ് ചെയ്തത്.
സി എസ് സുബ്രഹ്മണ്യന്‍പോറ്റി, പന്നിശ്ശേരി നാണുപിള്ള, അഞ്ചല്‍ ആര്‍ വേലുപ്പിള്ള, അഞ്ചല്‍ ഭാസ്‌ക്കരപിള്ള, തേവാടി നാരായണക്കുറുപ്പ് ഇവരെയും വേണ്ടവിധം ഓര്‍മ്മിച്ച് ബഹുമാനിച്ചിട്ടില്ല. പരിശ്രമങ്ങള്‍ കാണുമ്പോള്‍ ഇതുമതിയോ എന്ന് നമ്മള്‍ ചോദിച്ചുപോകും.
കഥാകാരന്മാരില്‍ കാക്കനാടന്‍, പട്ടത്തുവിള, എ പി കളയ്ക്കാട്, നൂറനാട് ഹനീഫ്, തുളസി കുഴിതടത്തില്‍ തുടങ്ങിയവരും കൊല്ലത്തെ നെടുമ്പാതകളെ സ്‌നേഹിച്ചവരാണ്. ബന്ധുമിത്രാദികളുടെ താല്‍പര്യത്തോടെ ചിലശ്രമങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് ശ്രദ്ധിക്കാന്‍ തോന്നിയിട്ടില്ല.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തപേരാണ് മണലില്‍ ജി നാരായണപിള്ള. കൊല്ലം നഗരപരിധിയിലുള്ള ഒരു ചെറുവായനശാലയും സമ്മാനവും ഒഴിച്ചാല്‍ വലിയ സംരംഭങ്ങളൊന്നും തന്നെ ഇല്ല.
തൊഴിലാളിവര്‍ഗസൗന്ദര്യ ശാസ്ത്രത്തിന്റെ മഹാകവിയായ തിരുനല്ലൂരിനെ അനുസ്മരിക്കുന്നത് തിരുനല്ലൂര്‍ സ്മൃതികേന്ദ്രമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കുന്നില്ല.
ലാലാലജ്പത്‌റായിക്കും, മഹാദേവ ദേശായിക്കും സ്മാരകമുള്ള നാടാണ് കൊല്ലം. എന്നാല്‍ കൊല്ലത്തുകാരായ പല മഹാപ്രതിഭകള്‍ക്കും സ്മൃതി കേന്ദ്രങ്ങളില്ല.
ലളിതാംബിക അന്തര്‍ജ്ജനം,ഒ മാധവന്‍, കടവൂര്‍ ചന്ദ്രന്‍പിള്ള,ഗീതാ ഹിരണ്യന്‍ , എന്‍ ബി ത്രിവിക്രമന്‍പിള്ള, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരെയും ഉചിതമായ രീതിയില്‍ അനുസ്മരിക്കാന്‍ ദേശിംഗ നാട്ടുകാര്‍ക്കു കഴിയുന്നില്ല.
ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഒ നാണു ഉപാധ്യായന്‍, കെ പി അപ്പന്‍, കല്ലട രാമചന്ദ്രന്‍, കണ്ടച്ചിറ ബാബു എന്നീ പ്രതിഭകളെയും ദേശിംഗ നാട്ടുകാര്‍ ശരിക്കു കണ്ടില്ല.
ടോള്‍സ്റ്റോയിയെയും ഷേക്‌സ്പിയറിനെയും ബിമല്‍ മിത്രയെയുമെല്ലാം ലളിത മലയാളത്തില്‍ പരിചയപ്പെടുത്തിയ കാഥികപ്രതിഭ വി സാംബശിവന്റെ പ്രതിമ നഗരത്തിലെവിടെയും നിലം തൊടാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തന്നെ ഉറപ്പിക്കേണ്ടിവന്നു. ലജ്ജാകരമെന്നേ ഈ സ്ഥിതിയെക്കുറിച്ചു പറയാന്‍ കഴിയൂ.
കഥകളി രാവുകളെ ഹംസതൂലികയില്‍ ശയിപ്പിച്ച ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയാശാന്റെ സ്മാരക പ്രര്‍ത്തനവും മന്ദഗതിയിലാണ്. സ്ത്രീവേഷങ്ങളെ പൊലിപ്പിച്ച ചിറക്കര മാധവന്‍കുട്ടി എങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയുകയുമില്ല.
കാഥികരുടെ നാടായ ദേശിംഗ നാട് കടവൂര്‍ ബാലന്‍, കല്ലട വി വി കുട്ടി, ആര്‍ എം മംഗലശ്ശേരി, ബേബിതാമരശ്ശേരി തുടങ്ങിയവരെയും മറന്നു.
Friday, 8 June 2012
എന്റെ സ്വന്തം പേരിലും ഇങ്ങളുടെ ഓരോരുത്തരുടെയും.........
കേരളത്തിന്റെ സന്ധ്യകള്‍ സാംസ്‌ക്കാരിക സമ്മേളനങ്ങളോടെയാണ് ആരംഭിക്കുന്നത്. ഇതിനു വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ ഉള്ള വ്യത്യാസം ഇല്ല.
മഴക്കാലമാണെങ്കില്‍ പെരുമഴ ക്യാമ്പിനോട് ചേര്‍ന്നും വേനല്‍ക്കാലമോ ഓണക്കാലമോ ആണെങ്കില്‍ ഗ്രന്ഥശാലകളോടു ചേര്‍ന്നും സാംസ്‌ക്കാരിക സമ്മേളനവും കവിയരങ്ങുമൊക്കെ സംഘടിപ്പിക്കപ്പെടുന്നു.
ഇത്രയധികം സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ നടത്തപ്പെടുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല.
പശ്ചിമബംഗാളിലാണെങ്കില്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ചില ഓഡിറ്റോറിയങ്ങളിലാണ് സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. മറ്റ് പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ സാധാരണമല്ല.
കേരളത്തിലാണെങ്കില്‍ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങളില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ഡോ. സുകുമാര്‍ അഴിക്കോട് പ്രസംഗിക്കാത്ത സന്ധ്യകള്‍ വിരളമായിരുന്നല്ലൊ.
കേരളത്തിലെ സാംസ്‌ക്കാരിക സായാഹ്നങ്ങളുടെ പ്രധാന വേദികള്‍ സമ്പന്നമായ ഗ്രന്ഥശാലാ ശൃംഖലയാണ്. അയ്യായിരത്തിലധികം ഗ്രന്ഥശാലകളാണ് കേരളത്തിലുള്ളത്. ഇതിലധികവും പ്രധാന നഗരങ്ങള്‍ക്ക് പുറത്തുമാണ്.
എല്ലാ ഗ്രന്ഥശാലകളും വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ അയ്യായിരത്തിലധികം സാംസ്‌ക്കാരിക യോഗങ്ങള്‍ ഉണ്ടാകുമല്ലൊ. പ്രസംഗകരെ കിട്ടാതെ വിഷമിക്കുക തന്നെ ചെയ്യും. പുസ്തകവായനയില്‍ മാന്ദ്യം സംഭവിച്ചതായി ഗ്രന്ഥശാലകളിലെ രജിസ്റ്ററുകള്‍ പറയുന്നുണ്ടെങ്കിലും അനുബന്ധ കലാസാംസ്‌ക്കാരിക പരിപാടികളില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.
ഗ്രന്ഥശാലകളെ കൂടാതെ നൂറുകണക്കിനു കലാസാംസ്‌ക്കാരിക സംഘടനകളും കേരളത്തിലുണ്ട്. മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും സ്‌കൂളുകളുമൊക്കെ സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ക്ക് വേദികളാണല്ലൊ.
എല്ലാ ദിവസവും കേരളം സാക്ഷ്യം വഹിക്കുന്ന അസംഖ്യം സാംസ്‌ക്കാരിക സമ്മേളനങ്ങള്‍കൊണ്ട് എന്തെങ്കിലും ഗുണം നമ്മള്‍ക്ക് ഉണ്ടായിട്ടുണ്ടോ?
വര്‍ഗീയതയുടെ തോല്‍ക്കുപ്പായമണിഞ്ഞ് പരസ്പരം പോരാടുന്ന വേദിയായി കേരളം മാറാത്തതില്‍ മതേതരമായി സംഘടിപ്പിക്കപ്പെടുന്ന സാംസ്‌ക്കാരിക സംഗമങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്.
സാംസ്‌ക്കാരിക സമ്മേളനങ്ങളുടെ ശോഭ കെടുത്തുന്ന ഏര്‍പ്പാടുകളാണ് ദീര്‍ഘമായ സ്വാഗത പ്രസംഗവും നന്ദിപ്രകടനവും. അതിഥികളെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതെ പ്രമുഖ കവിയും വാഗ്മിയും പണ്ഡിതനും എന്നു തുടങ്ങി ഇരുട്ടുകൊണ്ടു ഓട്ടയടച്ചുള്ള സ്വാഗത പ്രസംഗങ്ങള്‍ ചിരിമരുന്നായാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ഥശൂന്യമായ വിശേഷണങ്ങള്‍ വച്ചുകെട്ടി അതിഥികളെ അപമാനിച്ചതിനുശേഷം എന്റെ സ്വന്തം പേരിലും നിങ്ങളുടെ ഓരോരുത്തരുടെയും പേരിലും സ്വാഗതം ആശംസിക്കുന്നു എന്നു പറയുമ്പോള്‍, ആര്‍ക്കു നല്‍കണം പൂച്ചെണ്ട് എന്നറിയാതെ പെണ്‍കുട്ടികള്‍ പകച്ചു നില്‍ക്കുന്നത് സാംസ്‌ക്കാരിക സമ്മേളനവേദികളിലെ ഫലിതക്കാഴ്ചയാണ്.
തിരുനല്ലൂരിനെയും ഒ എന്‍വിയെയും സുഗതകുമാരിയെയും കടമ്മനിട്ടയെയും പദ്യത്തിലാക്കി സ്വാഗതം പറഞ്ഞ ഒരു വിദ്വാന്‍ ഒടുവിലത്തെ വരിയില്‍ 'ചെമ്മനം ചാക്കോ പോലും സ്വാഗതാര്‍ഹനാണത്രെ' എന്നു നിബന്ധിച്ച് കേകവൃത്തം ഭദ്രമാക്കിയ കഥ പ്രസിദ്ധമാണല്ലൊ.
അതിഥികളെ അറിയിക്കാനുള്ളതും അതിഥികളെക്കുറിച്ച് ആളുകളെ അറിയിക്കാനുള്ളതും എത്രയും ചുരുക്കിപ്പറയുന്ന ആമുഖവാക്കുകളാണ് സ്വാഗതപ്രസംഗ കസര്‍ത്തുകള്‍ക്കു പകരം വയ്‌ക്കേണ്ടത്. നന്ദി പ്രകടനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. നന്ദി, പ്രകടിപ്പിക്കുകയല്ല, അതിഥികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ഹൃദയത്തില്‍ വച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
ആവശ്യക്കാരുടെ സ്വകാര്യതയാണ് പ്രാര്‍ഥന എന്നംഗീകരിച്ചുകൊണ്ട് പരസ്യ പ്രാര്‍ഥനകളും സാംസ്‌ക്കാരിക സംഗമങ്ങളില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്.
പ്രസംഗകരുടെ എണ്ണം കുറയ്ക്കുക, പ്രസംഗകര്‍, നോട്ടീസിലച്ചടിച്ചിട്ടുള്ള മുഴുവന്‍ പേരുകളും ആവര്‍ത്തിച്ചു പറയാതിരിക്കുക, മികച്ച ശബ്ദ സംവിധാനം ഏര്‍പ്പെടുത്തുക, അതിഥികളുടെ കണ്ണുകലക്കുന്ന തീക്ഷ്ണ പ്രകാശമുള്ള വിളക്കുകള്‍ ഒഴിവാക്കി ജനങ്ങളെ കാണാനനുവദിക്കുക, ഉപഹാരങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടവയാണ്.
(ജനയുഗം-2012 ജൂണ്‍ 09)
Subscribe to:
Posts (Atom)