Saturday, 4 April 2015

പകൽനിലാവ്


സാക്ഷ്യം ആകാശപ്പെരുമാൾ
ബോദ്ധ്യം പ്രണയത്തിരുനാൾ
രാക്കിളിക്കൂട്ടുകാരില്ല
പൂത്തിരിത്താരകളില്ല
മുറ്റം വെയില്‍പ്പാൽ  കുടിക്കെ
ഒറ്റയ്ക്ക് വന്നൂ നിലാവ്.

കണ്ണില്‍ വിഷാദസമുദ്രം
ചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതന കാവ്യം
വായിച്ച നെഞ്ചിലാകാശം.

എങ്ങോ വെയിലൊളിച്ചപ്പോള്‍
എങ്ങും പരന്നു നിലാവ്
ഓറഞ്ച് വൃക്ഷത്തണലില്‍
രാമച്ചമെന്നതു പോലെ
ചാഞ്ഞും ചരിഞ്ഞും കിടക്കും
കേരളമെന്നതു പോലെ.
നെറ്റിയില്‍ തൊട്ടു  നിലാവ്
സ്വപ്നത്തിലെ മാന്‍കിടാവ്.

ഉച്ചിയില്‍ ചന്ദ്രഗിരിയും
പൊക്കിളില്‍ ഇഷ്ടമുടിയും
കൈവിരല്‍ തോറും കബനി
കാല്‍നഖത്തില്‍ താമ്രപര്‍ണി
വെണ്‍മുലയില്‍ പാല്‍ഭവാനി
കണ്‍മുന ചിത്താരിക്കാരി
ഓമല്‍വയറ്റില്‍ നിളയും
താഴെയായ് ചൂര്‍ണിപ്പുഴയും.

ചുംബനത്തിന്‍ ജലപാതം
മുങ്ങിപ്പോയ്‌ രണ്ടു ദേഹങ്ങള്‍
ഓളങ്ങളില്‍ സഞ്ചരിച്ചൂ
സ്നേഹത്തിന്നോര്‍ഗാസപ്പൂക്കള്‍
ഉത്സവം ഘോഷിച്ചതുള്ളം
വിസ്മയമെന്നതേ കള്ളം.

പെട്ടെന്നു പെയ്തു മേഘങ്ങള്‍
പൊട്ടി കണ്ണീരിന്‍ മലകള്‍
ദുഃഖത്തിന്‍ ഭിത്തിപ്പുറത്ത്
ഹര്‍ഷത്തിന്‍ പോസ്റ്റര്‍ പതിച്ച്
ഒറ്റയ്ക്കു തന്നെ മടങ്ങി
കുട്ടിയെപ്പോല്‍ തേന്‍ നിലാവ്.

ഓര്‍ക്കുമ്പൊളോര്‍ക്കുമ്പൊളെല്ലാം
നേര്‍ത്തൊരു കാളലുണ്ടുള്ളില്‍.

പുഴയിലെ നക്ഷത്രം


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.

കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....

ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും  പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.

കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.

Sunday, 22 March 2015

ഇറ്റലിയിലേയ്ക്ക്‌ നാടുകടത്തിയ മണവാട്ടിയുടെ കഥ




മണവാട്ടികളുടെ കാര്യത്തിൽ കർത്താവിന്‌ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? ഇങ്ങനെയൊരു ചിന്ത ഉണർത്തുന്നതാണ്‌ കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയുടെ ജീവിതകഥ.

എറണാകുളത്തുനടന്ന അസാധാരണമായൊരു കൂട്ടായ്മയിലാണ്‌ വൈദികന്റെ ലൈംഗിക ഇംഗിതത്തിന്‌ വഴങ്ങാത്തതിനാൽ ഇറ്റലിയിലേക്ക്‌ നാടുകടത്തപ്പെട്ട കഥ സിസ്റ്റർ അനിത വിവരിച്ചത്‌.

വിവിധ കാരണങ്ങളാൽ പീഡിതരായി സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന നാനൂറിലധികം വൈദികരും കന്യാസ്ത്രീകളുമാണ്‌ കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത്‌ സമ്മേളിച്ചത്‌. യുക്തിബോധത്തിന്റെ വെളിച്ചമാർജിച്ച മാണി പറമ്പേട്ടാണ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌.

സിസ്റ്റർ ജസ്മി അടക്കം പലരും സഭാവസ്ത്രം തിരിച്ചുകൊടുത്ത്‌ മനുഷ്യാലയത്തിലേക്ക്‌ തിരിച്ചുവന്നിട്ടുണ്ട്‌. അവരുടെയെല്ലാം കാരണങ്ങൾക്ക്‌ അപ്പുറമായി സിസ്റ്റർ അനിത പറഞ്ഞത്‌ ലൈംഗികപീഡനകഥയാണ്‌.

മധ്യപ്രദേശിലെ പാച്ചോർ എന്ന സ്ഥലത്ത്‌ അധ്യാപികയായി ജോലി ചെയ്തിരുന്ന സിസ്റ്റർ അനിതയെ ബ്രഹ്മച
ര്യാദർശത്തിന്‌ വിരുദ്ധമായി ഒരു വൈദികൻ ലൈംഗിക പീഡനത്തിന്‌ ശ്രമിക്കുന്നു. ചെറുത്തുനിന്ന സിസ്റ്ററെ വൈദികൻ സ്വന്തം സ്വാധീനമുപയോഗിച്ച്‌ ഇറ്റലിയിലെ മദർഹൗസിലെത്തിക്കുന്നു. അവിടെ മൂന്നുവർഷം അടിമപ്പണി; വേതനമായി കിട്ടിയത്‌ പട്ടിണി. ഒടുവിൽ അമ്മവീട്ടിൽനിന്നും സിസ്റ്ററെ പുറത്താക്കി. ഒരു സ്ഥാപനത്തിൽ അഭയം തേടിയ സിസ്റ്ററെ കേരളത്തിലേയ്ക്ക്‌ തിരിച്ചയച്ചു. ആലുവയിലെ തോട്ടക്കാട്ടു കരമഠത്തിലെത്തിയ സിസ്റ്റർക്ക്‌ അഭയം നിഷേധിച്ചു. ഇപ്പോൾ അവർ അഗതിയായി ആലുവ ജനസേവ ശിശുഭവനിൽ താമസിക്കുന്നു. ന്യായമായ നഷ്ടപരിഹാരം നൽകാത്തപക്ഷം അടുത്തമാസം മുതൽ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ്‌ ഓഫ്‌ അഗാത്ത കോൺവെന്റിനുമുന്നിൽ നിരാഹാരസമരം നടത്തുമെന്നും സിസ്റ്റർ അറിയിച്ചു.

വാസ്തവത്തിൽ കർത്താവിന്റെ മേൽനോട്ടത്തിൽത്തന്നെയാണോ സഭകൾ പ്രവർത്തിക്കുന്നത്‌? അങ്ങനെയെങ്കിൽ സിസ്റ്റർ അഭയയടക്കമുളളവരുടെ ജീവിതം എന്താണ്‌ നമ്മെ പഠിപ്പിക്കുന്നത്‌? സമ്മേളനം മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ശ്രദ്ധേയവും പരിഗണനാർഹവുമാണ്‌.

കത്തോലിക്കാസഭയിലെ പുരോഹിതൻമാർക്ക്‌ മറ്റ്‌ സഭകളിലെപ്പോലെ വൈവാഹികജീവിതം അനുവദിക്കണമെന്നാണ്‌ ഒരു ആവശ്യം. മതം പരിഹരിക്കാത്ത ധാരാളം പ്രശ്നങ്ങൾ സ്നേഹബന്ധിതമായ കുടുംബം പരിഹരിക്കുകതന്നെ ചെയ്യും. ലൈംഗികാക്രമങ്ങൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും.

മറ്റൊരാവശ്യം ക്രൈസ്തവ പുരോഹിതൻമാർക്ക്‌ സർക്കാർ ലേബർ നിയമപ്രകാരമുളള വേതനം അനുവദിക്കണമെന്നതാണ്‌. മനുഷ്യനെ മതിൽകെട്ടിത്തിരിച്ച്‌ ഒറ്റപ്പുസ്തകം മാത്രമാണ്‌ ശരിയെന്നുളള പുരോഹിതവർഗത്തിനപ്പുറം മദർതെരേസയെപ്പോലേ സേവനസന്നദ്ധരായ ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്‌. മാത്രമല്ല, വേതനം കർത്താവ്‌ നൽകുമെന്ന ഫലിതത്തെയും ഈ ആവശ്യം തളളിക്കളയുന്നു. പുരോഹിതർക്ക്‌ മാനുഷിക പരിഗണന നൽകണമെന്നാണ്‌ ഈ ആവശ്യം സൂചിപ്പിക്കുന്നത്‌.

ഹിന്ദു-ഇസ്ലാം പുരോഹതർക്ക്‌ വേതനവ്യവസ്ഥയും പെൻഷനുമുളള നാടാണിത്‌. ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും പരിഗണിച്ച്‌ സഭയുടെ അവഗണനയിൽനിന്നും അവരെ രക്ഷിക്കേണ്ടതാണ്‌. മറ്റൊരു പ്രധാന ആവശ്യം മഠത്തിലോ സെമിനാരിയിലോ ചേർക്കുന്ന പ്രായം കുറഞ്ഞത്‌ ഇരുപത്തൊന്ന്‌ വയസ്‌ എന്ന്‌ നിർണയിക്കണമെന്നതാണ്‌. ശരിയാണ്‌; സ്വയം തീരുമാനിക്കാനുളള യോഗ്യത അപ്പോഴേക്കും ഒരു വ്യക്തി നേടിയിരിക്കുമല്ലൊ.

Monday, 2 March 2015

ഋതുമതിയാകുന്നത്‌ കുറ്റകൃത്യമല്ല



ആർത്തവകാലം അവിശുദ്ധകാലമാണോ? ഋതുമതിയാകുന്നത്‌ ഒരു കുറ്റകൃത്യമാണോ? ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്ന്‌ ചർച്ച ചെയ്യുകയും ആരോഗ്യകരമായ ബോധനപരിശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്‌.

പ്രാചീനകേരളം മുതൽ നവീനകേരളംവരെ സ്ത്രീകളുടെ ആർത്തവകാലത്തെ പുരുഷശബ്ദത്തിലാണ്‌ സമീപിച്ചത്‌. സ്ത്രീ വിശ്രമിക്കണോ വിശ്രമിക്കണ്ടയോ എന്നെല്ലാം പുരുഷൻ തീരുമാനിച്ചു. നൂറുകണക്കിന്‌ അന്ധവിശ്വാസങ്ങൾ ഇക്കാര്യത്തിൽ ഓരോ ജാതിയും മതവും അടിച്ചേൽപ്പിച്ചു. മിത്തുകളെപ്പോലും തീണ്ടാരി തീണ്ടിച്ചു. അതിലൊന്നാണ്‌ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ശാസ്താവിന്റെ കല്യാണക്കഥ.

ശക്തികുളങ്ങര ക്ഷേത്രത്തിലെ ധർമ്മശാസ്താവ്‌ വളളിക്കീഴ്‌ ക്ഷേത്രത്തിലെ ഭഗവതിയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. കല്യാണക്ഷണം, ശക്തികുളങ്ങര, മീനം, കന്നിമേൽ, കുരീപ്പുഴ എന്നീ നാല്‌ കരക്കാർക്കും നേരിട്ടുനൽകുന്നു. വിവാഹത്തലേന്ന്‌ പെൺവീട്ടുകാർ വരന്റെ ക്ഷേത്രം സന്ദർശിക്കുന്നു. പിന്നെ പളളിവേട്ട. വിവാഹദിവസം സർവാഭരണവിഭൂഷിതനായി ആനകളുടെയും എടുപ്പുകുതിരകളുടെയും അകമ്പടിയോടെ അഷ്ടമുടിക്കായലിനരികെയുളള ആറാട്ടുകുളത്തിൽ നീരാടി വധൂക്ഷേത്രത്തിലെത്തുമ്പോൾ ശ്രീകോവിലിനുമുന്നിൽ ഒരു ചുവപ്പുതുണി തൂക്കുന്നു. ഭഗവതിക്ക്‌ മാസമുറ തുടങ്ങിയിരിക്കുന്നു. അങ്ങനെ കല്യാണം മുടങ്ങുന്നു. എല്ലാവർഷവും പൂർവാധികം ഭംഗിയോടെ ഈ മുടക്കക്കല്ല്യാണം ഉത്സവമായി ആഘോഷിക്കുന്നു.

അടുത്തകാലംവരെ പത്രങ്ങളിൽ ഒരു വാർത്ത വരുമായിരുന്നു. ചെങ്ങന്നൂർ ഭഗവതി തൃപ്പൂത്തായി എന്നായിരുന്നു വാർത്ത. ഭഗവതിയുടെ ഉടുപുടവയിൽ ചോര കണ്ടതായി പൂജാരി അറിയിക്കുന്നു. ഈ തീണ്ടാരിത്തുണി വലിയതുകയ്ക്കു വിൽക്കുന്നു. ഭഗവതീവിഗ്രഹത്തെ ബ്രാഹ്മണ സ്ത്രീകൾ കുളിപ്പിക്കുന്ന പ്രാകൃത ചടങ്ങുപോലുമുണ്ട്‌. ആലപ്പുഴ സ്വദേശിയായ പി പി സുമനൻ മാഷ്‌ വിവരാവകാശ നിയമമനുസരിച്ച്‌ നൽകിയ ഹർജിയെത്തുടർന്ന്‌ കുറെക്കാലം ഭഗവതി തൃപ്പൂത്തായില്ല. വിഗ്രഹത്തിന്‌ ആർത്തവം ഉണ്ടാകില്ലെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌.

ആദിവാസി ഊരുകളിൽ ഋതുമതിയായ പെണ്ണിനെ പുറത്തായതായി പ്രഖ്യാപിച്ച്‌ വേറെ കുടിൽകെട്ടിപ്പാർപ്പിക്കും. ഓരോ സമുദായത്തിനും വെവ്വേറെ സമീപനങ്ങളാണുണ്ടായിരുന്നത്‌.

ഹിന്ദുകുടുംബങ്ങളിൽ അഞ്ചുദിവസത്തേയ്ക്ക്‌ പൂജാമുറി പ്രവേശനം നിരോധിക്കും. കിണറിൽ തൊടാൻ പാടില്ല. പത്തായത്തിൽ തൊട്ടാൽ ധാന്യം പതിരാകും. തുളസിയടക്കമുളള ഒരു ചെടിയിലും തൊടരുത്‌. ഉണങ്ങിപ്പോകുംപോലും. അടുക്കളയിൽ കയറരുത്‌. അച്ചാറും കൊണ്ടാട്ടവും സൂക്ഷിക്കുന്ന ഭരണികളിൽ തൊടരുത്‌. അച്ഛനോ ആങ്ങളമാർക്കോ ആഹാരം വിളമ്പിക്കൊടുക്കരുത്‌. പുല്ലുപായയിൽ കിടക്കണം, പുലർച്ചെ ഉണർന്ന്‌ കിടക്കപ്പായ കഴുകണം, പ്രാർഥിക്കരുത്‌. അറിയാതെ പ്രാർഥിച്ചുപോയാൽ മാപ്പിരക്കണം. മാസമുറ തുടങ്ങി ആറാംദിവസം ഏഴുസുമംഗലികൾ കത്തിച്ച വിളക്കുമായി അകമ്പടി നടന്ന്‌ കുളത്തിൽ കൊണ്ടുപോയി കുളിപ്പിക്കും.

തിരണ്ടുകുളി അല്ലെങ്കിൽ പുളികുടി വലിയ ചടങ്ങ്‌ ആയിരുന്നു. ആങ്ങള, തെങ്ങിൻ പൂക്കുല നിലത്തടിക്കും. എത്ര വെളിയിൽ തെറിക്കുമോ അത്രയും കുട്ടികൾ ഉണ്ടാകുമത്രെ. മച്ചിങ്ങയൊന്നും തെറിച്ചില്ലെങ്കിൽ മച്ചിയാകുമെന്ന്‌ പ്രഖ്യാപിച്ചുകളയും. പിന്നീട്‌ ആ കുട്ടിക്ക്‌ ദാമ്പത്യബന്ധം ഇല്ല.

പുളികുടി അടിയന്തിരത്തിന്‌ നാടടക്കിയുളള സദ്യ ഉണ്ടാകും. തീണ്ടാരിത്തുണി രഹസ്യമായി സൂക്ഷിക്കണം. ഇഴജന്തുക്കൾ തൊട്ടാൽ സ്ത്രീക്ക്‌ വെളളപ്പാണ്ട്‌ പിടിക്കും. ഈ ആചാരം ചില മുസ്ലിം ഭവനങ്ങളിലും ഉണ്ടത്രെ. തീണ്ടാരിത്തുണിയിൽ പാമ്പ്‌ സ്പർശിച്ചാൽ ആ പാമ്പ്‌ പിന്നീട്‌ ഈ സ്ത്രീയെ തേടിവരുമത്രെ. പരിശുദ്ധ ഖുറാൻ സ്പർശിക്കാനോ നമസ്കരിക്കാനോ നോമ്പുപിടിക്കാനോ പാടില്ലത്രെ. ഇസ്ലാം മതത്തിന്റെ ഉത്ഭവസ്ഥാനമായ സൗദി അറേബ്യയിലെ വീടുകളിൽ ഇത്തരം അന്ധവിശ്വാസങ്ങളില്ല. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളധികവും മാസമുറ ഒരു കുറ്റമായി കരുതുന്നില്ല.

കൂട്ടുകാരനെ കാത്തിരുന്ന പെൺമുട്ട പ്രതീക്ഷ വിഫലമാകുമ്പോൾ ചോരപ്പൂക്കളായി പരിണമിക്കുന്നത്‌ പ്രകൃതിനിയമം. കമലാസുരയ്യ അടക്കമുളളവർ ആർത്തവത്തെ അതീവ സുന്ദരമായി അക്ഷരപ്പെടുത്തിയിട്ടുണ്ട്‌. പുതിയ കേരളീയ സമൂഹം ഈ ദുരാചാരങ്ങളിൽനിന്ന്‌ രക്ഷപ്പെടുന്നു എന്നത്‌ ആശ്വാസകരമാണ്‌. ആർത്തവം മാറ്റിവയ്ക്കാനുളള ഗുളികകൾ അധികം ചെലവാകുന്നത്‌ ആറ്റുകാൽ പൊങ്കാലക്കാലത്താണെന്നത്‌ കൗതുകകരവും.

Sunday, 22 February 2015

വീണവില്‌പനക്കാരന്‍




വീണ വേണോ?-നല്ല വീണ-അമൂല്യമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍

താരാട്ടു കേള്‍ക്കാ,മുറക്കറസംഗീത-
ധാരയില്‍ ചേര്‍ന്നു മയങ്ങാം
വിപ്ലവാവേശം ജ്വലിപ്പിച്ചു നവ്യമാം
പുഷ്‌പനീരാളം വിരിക്കാം
കല്‌പനാ സായൂജ്യരത്നാകരത്തിലെ
കപ്പല്‍ക്കൊടിക്കൂറ കെട്ടാം

വീണ വേണോ-നല്ല വീണ-അനര്‍ഘമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.

നില്‍ക്കൂ,സുഹൃത്തേ,യീ ഗാനം പഠിക്കുവാ-
നല്പമിരുന്നിട്ടു പോകൂ
പോകുമ്പോള്‍ നിങ്ങളീ വീണയും കൊണ്ടുപൊ-
യ്‌ക്കോളൂ വിരോധമേയില്ല.
കാലം,അനന്തമാം കാല,മവാച്യമീ-
യീണം ശ്രവിച്ചൊന്നു നില്ക്കും
സ്നേഹപുരസ്സരം നിങ്ങള്‍തന്‍ നെറ്റിയില്‍
ഗോപികുറിച്ചുമ്മവയ്‌ക്കും
അമ്മയെപ്പോലാ മുല തരും,നിങ്ങള്‍ക്കു
പിന്നെ മരണമസാദ്ധ്യം!
കാലം നടക്കുന്ന വീഥിയിലൊക്കെയും
കാലിടറാതെ നടക്കാം.
തങ്കം വിളയുന്ന സ്വര്‍ഗ്ഗശതങ്ങളെ
സ്വന്തമാക്കാനെന്തെളുപ്പം

വീണ വേണ്ടേ-നല്ല വീണ-അനാദിയാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍

പക്ഷിശാസ്ത്രജ്ഞന്‍റെ വാചാലതയല്ല,
പൊട്ടിച്ചിരിക്കേണ്ട നിങ്ങള്‍
അല്പമടുത്തുനില്‍ക്കാമോ,പറഞ്ഞിടാ-
മൊട്ടും വെളിവാക്കരുതേ

സത്യമാണെല്ലാ,മെനിക്കു ജന്മം തന്ന-
സര്‍ഗ്ഗസമ്പത്താണു വീണ
വില്‍ക്കുവാനെന്തിനായ്‌ വന്നുവെന്നോ ദു:ഖ-
ശപ്തമാണെന്‍ജീവഗാഥ.

വസ്ത്രമി,ല്ലുള്ളതു മാറ്റിക്കഴുകുവാന്‍
മറ്റൊന്നുമില്ലൊന്നണിയാന്‍
പട്ടിണിയാണെന്‍റെ സ്‌നേഹിതാ,വീണയില്‍
ഭക്ഷണമല്‌പവുമില്ല.

എന്തേ,മിഴികള്‍ നനഞ്ഞുവോ,പാടില്ല-
യെങ്കിലും ചൊല്ലീ ക്ഷമിക്കൂ
അഞ്ചാറു നാണയത്തുട്ടെനിക്കേകുമോ
കണ്മണീ വീണ തരാം ഞാന്‍.

വീണ വേണ്ടേ-നല്ല വീണ-അപൂര്‍വ്വമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
(1974)

Tuesday, 17 February 2015

അധ്യാപകൻ വിദ്യാമന്ത്രിയാകുമോ?



ഓൾ കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയന്റെ സംസ്ഥാനസമ്മേളനം തൃശൂർവച്ച്‌ ആയിരുന്നല്ലോ.
അവർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരിലൊരാളെ കണ്ടെത്തി
പി ആർ നമ്പ്യാർ അവാർഡ്‌ നൽകി. അവാർഡിന്‌ അവർ തെരഞ്ഞെടുത്തത്‌ സ്ക്കൂൾബാർ, അമ്മമലയാളം
തുടങ്ങിയ കവിതകളുടെ ബലത്തിൽ എന്നെ ആയിരുന്നു. പി ആർ നമ്പ്യാർ രാഷ്ട്രീയബോധമുളള വലിയ
ഗുരുനാഥനായിരുന്നു.

ജനസേവനത്തെയും അധ്യാപകവൃത്തിയെയും അദ്ദേഹം ഒരുപോലെ കണ്ടു.
അധ്യാപകക്ഷേമത്തെക്കുറിച്ച്‌ സ്വപ്നം കണ്ടതിനാണ്‌ പി ആർ നമ്പ്യാർ മാഷെ
പന്തലായിനി സ്കൂളിൽനിന്നും പിരിച്ചുവിട്ടത്‌. ജനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയും
റൈവൽ സ്ക്കൂൾ കെട്ടി അദ്ദേഹത്തെ അവിടെ പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു.

തൃശൂർ സമ്മേളനവേദിയിലിരുന്നപ്പോഴാണ്‌ പ്രൊഫ. ജോസഫ്‌ മുണ്ടശേരിക്കുശേഷം
അധ്യാപകരാരും വിദ്യാഭ്യാസമന്ത്രിമാരായിട്ടില്ലല്ലൊ എന്നോർത്തത്‌.
അധ്യാപകരുടെ കണ്ണുനീര്‌ മനസിലാക്കിയ ഭരണാധികാരിയായിരുന്നു മുണ്ടശേരി.
കാരൂർ നീലകണ്ഠപ്പിളളയുടെ കഥകളിലൂടെ അനാവൃതമാകുന്നതാണ്‌ നമുക്ക്‌ ആ കാലം.
സ്കൂൾ മാനേജർക്ക്‌ തുച്ഛവരുമാനമുളള അധ്യാപകരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം.
‘ജ്ജ്‌ ഞ്ഞി ങ്ങട്മരണ്ട’ എന്നുപോലും പിരിച്ചുവിടൽ ഉത്തരവുണ്ടായിട്ടുണ്ട്‌.
അധ്യാപക ജീവിതമടക്കം വിദ്യാഭ്യാസരംഗത്തെ അടിമുടി പരിഷ്ക്കരിച്ചുകൊണ്ടുളള
വിദ്യാഭ്യാസബില്ലിനെ തുടർന്നാണല്ലൊ കേരളത്തിലെ ആദ്യത്തെ ഹൃദയപക്ഷമതേതര
മന്ത്രിസഭ കൊല ചെയ്യപ്പെട്ടത്‌.

വിദ്യാഭ്യാസമന്ത്രിമാരുടെ മതേതരബോധം വളരെ പ്രധാനപ്പെട്ടതാണ്‌.
ജോസഫ്‌ മുണ്ടശേരിതന്നെയാണ്‌ ഏറ്റവും നല്ല ഉദാഹരണം.
കാസർകോട്‌ ഗവ.കോളജ്‌ നിൽക്കുന്ന സ്ഥലത്തിന്റെ പേര്‌ പണ്ട്‌ കുഞ്ഞിമാവിന്റടി
എന്നായിരുന്നു. കോളജ്‌ സ്ഥാപിക്കുമ്പോൾ സ്ഥലപ്പേര്‌ മാറും എന്ന ശ്രുതിയുണ്ടായി.
ശിലാസ്ഥാപനത്തിനായി വന്ന മന്ത്രി മുണ്ടശേരി പുലിക്കുന്നിലെ റസ്തൗസിൽ വിശ്രമിക്കുകയായിരുന്നു.
കുറെ ഹിന്ദുമതമൗലികവാദികൾ അദ്ദേഹത്തെ കണ്ട്‌ ഹിന്ദുമത സൂചനയുളള ഒരു പേര്‌
ആ സ്ഥലത്തിന്‌ നിർദേശിച്ചു. ഇത്‌ മനസിലാക്കിയ ഇസ്ലാം മതമൗലികവാദികൾ ഇസ്ലാം മത
സൂചനയുളള മറ്റൊരു പേരും നിർദേശിച്ചു. മുണ്ടശേരി രണ്ടുകൂട്ടരെയും കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തുകയും
വിദ്യാനഗർ എന്ന പേര്‌ നിർദേശിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മതതീവ്രവാദം ശക്തമല്ലാത്തതിനാൽ
രണ്ടുകൂട്ടരും മന്ത്രിയുടെ നിർദേശം അംഗീകരിച്ചു.

പിന്നെവന്ന പല വിദ്യാഭ്യാസമന്ത്രിമാരും മതപ്രീണനത്തിന്റെ മഹാരാജാക്കൻമാരായി വാഴുന്നതാണ്‌ നമ്മൾ കണ്ടത്‌.
പാഠപുസ്തകങ്ങളെ മതവൽക്കരിച്ചു. അവധി ദിവസങ്ങളെ ജാതിവൽക്കരിച്ചു. പരീക്ഷാദിനങ്ങൾ മതപുരോഹിതരുടെ
ഇഷ്ടത്തിനനുസരിച്ച്‌ ക്രമീകരിച്ചു. മതമില്ലാത്ത ജീവൻ എന്ന പാഠം ഇല്ലാതാക്കുകവഴി കഴിഞ്ഞ ഇടതുപക്ഷ
ഗവൺമെന്റുപോലും വർഗീയ ശക്തികളോട്‌ പരാജയപ്പെട്ടു.

ഭാഷാഭിമാന ഗീതമോ ദേശഭക്തി ഗീതമോ ആലപിച്ചുകൊണ്ട്‌ വിദ്യാലയപ്രവർത്തനം ആരംഭിക്കുന്നതിനുപകരം
അന്ധവിശ്വാസജഡിലമായ ഈശ്വര പ്രാർഥന, കേരള വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാഞ്ഞിട്ടുപോലും
സംരക്ഷിച്ചുനിലനിർത്തി.

തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട്‌ പണിയെടുക്കേണ്ടിവരുന്ന സ്വകാര്യസ്കൂൾ അധ്യാപകരുടെ വൻനിരതന്നെ
കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. സർക്കാർ സ്കൂൾ അധ്യാപകരെ സ്വകാര്യസ്കൂളുകളിലേയ്ക്ക്‌ പറഞ്ഞയക്കേണ്ടിവന്നു.
പൊതുവിദ്യാലയങ്ങൾക്കുചുറ്റും ത്രീസ്റ്റാർ വിദ്യാലയങ്ങളുണ്ടായി.
ശമ്പളമായി പ്രസാദം പോലും ലഭിക്കുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ടായി.
പൊതുവിദ്യാലയങ്ങൾ പൂട്ടിത്തുടങ്ങി.

അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവുളള ഒരു വിദ്യാഭ്യാസമന്ത്രി
അധ്യാപകരുടെ നിരയിൽനിന്നും ഇനി എന്നാണുണ്ടാവുക.

Sunday, 8 February 2015

ഖേദപൂര്‍വ്വം


കപടസ്നേഹിതാ
നിന്നോടു ജീവിത-
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു.
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഖദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ
നിന്നോടു വാസ്തവ-
ക്കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍.

വളരെ നാളായ് കിതയ്ക്കുന്നു ഞാൻ , നാട്ടു -
പുളിമരങ്ങളേ പൂക്കുക പൂക്കുക
കൊടികൾ കായ്ക്കും കവുങ്ങുകൾ പൂക്കുക
തൊടികൾ ചൂടും കിനാക്കളേ പൂക്കുക
വിഫലമാകുന്നു വിശ്വാസധാരകൾ
പതിയെ നിൽക്കുന്നു പ്രാർത്ഥനാഗീതികൾ
മുളകൾ പൂക്കുന്ന കാലം
മനസ്സിലും മുനകൾ കൊണ്ടു
പഴുക്കുന്ന വേദന
നിലവിളിക്കുന്നു ഞാൻ , തീവ്രദുഖങ്ങ -
ളലറിയെത്തിക്കഴുത്തിൽക്കടിക്കുന്നു .

തടവുപാളയം ജന്മഗൃഹം
മതിൽപ്പഴുതിലൂടെ ഞാൻ
രക്ഷപ്പെട്ടോടുന്നു .
ഒരു സുഹൃത്തിന്റെ സാന്ത്വനച്ഛായയിൽ
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതിരഹസ്യമായ് പൊട്ടിച്ചിരിച്ചു നീ
കപടസ്നേഹിതാ
നിൻ വ്യാജ സൗഹൃദ-
ക്കതകിൽ മുട്ടിപ്പരാജയപ്പെട്ടു ഞാൻ .

മറുപുറത്തൊരാൾ,നിൽക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങൾ നീട്ടി രക്ഷിക്കുവാൻ
മറുപുറം ധ്രുവദൂരം , വിരൽത്തുമ്പി -
നഭയമേകുവാനാവാത്ത കൗതുകം.

പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയസഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനിപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാൻ പഠിച്ചു ഞാൻ
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാൻ
കപടസ്നേഹിതാ
കൗരവാലിംഗന-
ച്ചതിയിൽ ഞാൻ കാരിരുമ്പിന്റെ വിഗ്രഹം .

തുടലിമുൾക്കാടു തിങ്ങിയ ലൗകിക-
ക്കൊതികൾ വിങ്ങുന്ന വേനൽക്കടൽക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്
മണലു തിന്നുന്ന മക്കളെക്കണ്ടു ഞാൻ
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ -
മൊഴികളൂതി നിറച്ച ബലൂണുമാ യ്
മിഴികളിൽ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങൾ വിസ്തരിച്ചീടവേ
കപടസ്നേഹിതാ
നിന്റെ തേൻവാക്കുക ൾ
കുളിരു പെയ്തെൻ രഹസ്യരോമങ്ങളിൽ .

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെ യ്ക്കില്ലിനി,
കപടസ്നേഹിതാ,
നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍.