Tuesday, 14 March 2023

നാഗാലാന്‍ഡിലെ അവസാനത്തെ അത്താഴം

 നാഗാലാന്‍ഡിലെ അവസാനത്തെ അത്താഴം 

-----------------------------------------------------------------------
നമ്മുടെ രാജ്യത്തിന്‍റെ വടക്കുകിഴക്കേ ഭാഗത്തുള്ള ജനത ശരീരഭാഷകൊണ്ടും ആഹാരരീതികൊണ്ടും വേഷം കൊണ്ടും ഭാഷ കൊണ്ടുമെല്ലാം തികഞ്ഞ വ്യത്യാസം പുലര്‍ത്തുന്നവരാണ്. പട്ടിമാംസത്തോട് പ്രിയമുള്ളവര്‍ അധിവസിക്കുന്ന ആ നാട്ടില്‍ മനേകഗാന്ധിയുടെ ശ്വാനസംരക്ഷണ പോരാട്ടത്തെ തുടര്ന്ന് പട്ടിവധം നിരോധിച്ചതും ഈ നിരോധനത്തെ ഗുവാഹത്തി കോടതി റദ്ദാക്കിയതും അടുത്തകാലത്ത് ആയിരുന്നല്ലോ. സ്നേഹമുള്ളവരും സംഗീതപ്രിയരുമാണ് ആ ജനത. അവര്‍ വലിയൊരു ആപത്തിലെത്തിയേക്കുമെന്ന സൂചനയാണ് ദിവസങ്ങള്‍ക്ക് മുന്പ് നടന്ന നാഗാലാന്‍ഡ് മന്ത്രിസഭാ സത്യപ്രതിജ്ഞ ചടങ്ങ് നല്കിയത്.

പലതരത്തിലും അവഗണന അനുഭവിച്ചിരുന്ന നാഗവംശജരിലേക്കും മറ്റും ക്രൈസ്തവമതപരിവര്‍ത്തന സംഘങ്ങള്‍ ഇരച്ചുകയറി. വിശപ്പിന് പരിഹാരം കാണാനായി വില്ലേന്തി നിന്ന അവര്‍ക്ക് ഭക്ഷണവും വസ്ത്രവും ഇംഗ്ലീഷ് വിദ്യാഭ്യാസവും വേദപുസ്തകവും പുതിയ പേരുകളും നല്കി. ഫലം പലപ്രദേശങ്ങളും ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ളതായി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.

ഇത് മനസ്സിലാക്കിയ മേഘാലയയിലെ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ നിന്നു ക്രിസ്ത്യാനികളായ പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും ഇറക്കുമതി ചെയ്യുകയും കേരളമോഡല്‍ ഭവന സന്ദര്‍ശനങ്ങളും വീട്ടുമുറ്റ സദസ്സുകളും ഉഷാറാക്കുകയും ഒരു വിധം പിടിച്ചു നില്‍ക്കുകയും ചെയ്തു.

നാഗാലാന്‍ഡില്‍ നിഫിയു റിയോ സര്ക്കാര്‍ പിന്നേയും അധികാരത്തില്‍ വന്നു. ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യവും അവിടെയുണ്ടായി. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാരതത്തിന്‍റെ ആദരണീയനായ പ്രധാനമന്ത്രിയും പങ്കെടുത്തു. ഇന്ത്യാ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത രീതിയില്‍ ഒരു  ഗായകസംഘം ഹല്ലേലൂയ്യാ പാടിയാണ് ചടങ്ങ് ആരംഭിച്ചത്.
പിന്നീട് ഒരു പാസ്റ്ററുടെ അനുഗ്രഹപ്രഭാഷണം. അദ്ദേഹം പ്രധാനമന്ത്രിയെവരെ അനുഗ്രഹിച്ചു.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മതപ്രാര്‍ഥനയോടും പുരോഹിതന്‍റെ അനുഗ്രഹപ്രഭാഷണത്തോടും ആരംഭിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നില്ല.പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നഗ്നമായ ഭരണഘടനാ ലംഘനമാണ് നാഗാലാന്‍ഡില്‍ നടന്നത്. ഈശ്വരനാമത്തിലല്ല ഇന്ത്യന്‍ ഭരണഘടന ആരംഭിക്കുന്നത്. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാമെന്നല്ലാതെ നിയമനിര്‍മ്മാണ സഭകള്‍ ആരംഭിക്കുന്നത് മതദൈവപ്രാര്‍ഥനയോടെ ആയിരിക്കണമെന്ന് പറഞ്ഞിട്ടേയില്ല.

കമ്മ്യൂണിസ്റ്റ് കാരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും എല്ലാ അഹിന്ദുജീവിതരീതികളെയും ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുകയെന്നത് സംഘപരിവാറിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള കുതന്ത്രം എന്ന നിലയ്ക്കാണ് അവര്‍ മറ്റ് മതക്കാരുമായി ചങ്ങാത്തം നടിക്കുന്നത്.

കൊല്ലാന്‍ വേണ്ടി നിറുത്തിയിരിക്കുന്ന കോഴിക്ക് നെല്ലുകൊടുക്കുന്നതുപോലെയോ അറവുമാടിന് കുടിവെള്ളം കൊടുക്കുന്നതുപോലെയോ ഉള്ള ഒരു കാരുണ്യപ്രവര്‍ത്തനമാണ് സംഘപരിവാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നാഗാലാന്‍ഡില്‍ നടത്തിയത്. അതുവഴി പാര്‍ലമെന്റിലേക്കും സംഘപരിവാറിനു സ്വാധീനമുള്ള നിയമസഭകളിലേക്കും ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഈശ്വര പ്രാര്‍ഥനകള്‍ അടിച്ചേല്‍പ്പിക്കാം. ഒരു ദിവസം ഗണപതിപൂജയോടെ പാര്‍ലമെന്‍റ് ആരംഭിച്ചേക്കാം. അതുവഴി, മതവാദികളുടെ അപ്രിയപദമായ മതേതരത്വം കുഴിച്ചുമൂടുകയും ചെയ്യാം. പിന്നെയാണ്, ദൈവസംസ്ഥാപനത്തിന് വേണ്ടിയുള്ള ന്യൂനപക്ഷ മതങ്ങളുടെ മുറവിളി ആരംഭിക്കാന്‍ പോകുന്നത്. ഹിന്ദു മതതീവ്രവാദികളാല്‍ കൊല ചെയ്യപ്പെടുകയോ ബലാല്‍ഭോഗത്തിന് വിധേയരാവുകയോ ചെയ്തവരുടെ വലിയ നിലവിളികള്‍ ഓര്‍മ്മയില്‍ നിന്നും ഉയരുകതന്നെ ചെയ്യും.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയില്‍  ക്രിസ്ത്യന്‍ പ്രാര്‍ഥന അനുവദിച്ചവര്‍ എന്ന പേരില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവരുടെ വോട്ട് തട്ടാമെന്ന വ്യാമോഹവും നാഗാലാന്‍ഡ് ഹലേലുയ്യക്ക് പിന്നിലുണ്ടാകാം.

Wednesday, 1 March 2023

ഭാരതമേ ഭ്രാന്താലയമേ

 ഭാരതമേ ഭ്രാന്താലയമേ

-------------------------------------- 

മലയാളനാടിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിക്കുമ്പോള്‍ കേരളം ഉണ്ടായിട്ടില്ല. മലബാറിലൂടെ സഞ്ചരിച്ചു മദ്രാസിലെത്തിയ അദ്ദേഹം ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ട്രിപ്ലിക്കന്‍  ലിറ്റററി സൊസൈറ്റിയില്‍ സംസാരിക്കുമ്പോഴാണ്, മലബാറുകാരെല്ലാം ഭ്രാന്തരാണ്, അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളാണ് എന്നു അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാര്‍ പ്രദേശം താരതമ്യേന പുരോഗതി പ്രാപിച്ചിരുന്നു.എന്നാല്‍  പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചിയും തിരുവിതാകൂറും മുഴുഭ്രാന്താലയം തന്നെയായിരുന്നു.

കേരളം ഭ്രാന്താലയകിരീടം ഉപേക്ഷിച്ചു. തീണ്ടാരി സമരത്തിലൂടെയും നരബലിയിലൂടെയും നഗ്നനാരീ പൂജയിലൂടെയും കൃപാസനത്തിലൂടെയും മുടിപ്പള്ളി നിര്‍മ്മാണത്തിലൂടെയുമൊക്കെ ആ കിരീടം തിരിച്ചു പിടിക്കാന്‍ ചിലര്‍ സമീപകാലത്ത് ശ്രമിച്ചിരുന്നെങ്കിലും പ്രബുദ്ധകേരളം സമ്പൂര്‍ണ്ണമായി  വഴങ്ങിയിട്ടില്ല.

ഇന്ന് കേരളത്തില്‍  ആദിവാസി മേഖലയിലാണ് അപൂര്‍വമായി അയിത്തം അടിച്ചേല്‍പ്പിക്കപ്പെടുന്നത്. മധു അടക്കമുള്ള പലരുടേയും കൊലപാതകങ്ങള്‍ മനസ്സാക്ഷിയുള്ളവരെയെല്ലാം നടുക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ മനുഷ്യനെതിരെയുള്ള മനുഷ്യരുടെ തന്നെ ഭീകരപ്രവര്‍ത്തനമായിട്ടാണ് കാണേണ്ടത്.

എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ  സ്ഥിതിയോ? അതീവ ദയനീയമാണ്. ഭരണഘടനാപരമായ തുല്ല്യതാ ബോധമെല്ലാം കീറിയെ റിയപ്പെട്ടിരിക്കുന്നു. അയിത്തം തുടങ്ങിയിട്ടുള്ള ദുരാചാരമെല്ലാം അംബേദ്കറിനും മുന്‍പുള്ള കാലത്തേക്ക് കൊണ്ടുപോയിരിക്കുന്നു. ഒരു മതേതര ഭരണകൂടം ഭാരതത്തിലില്ലെന്നാണ് ഓരോ സംഭവവും തെളിയിക്കുന്നത്.

അടുത്തകാലത്തുണ്ടായ ഞെട്ടിക്കുന്ന സംഭവം ഒരു വിളംബരം ആയിരുന്നല്ലോ. കിണറിന്റെ സമീപത്തേക്ക് വരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് പിഴയും ചെരുപ്പടിയും ശിക്ഷയായി ലഭിക്കുമെന്നായിരുന്നു ചെണ്ടകൊട്ടി വിളംബരം ചെയ്തത്.

മാട്ടിറച്ചി സൂക്ഷിച്ചു എന്ന സംശയത്താല്‍ ഒരാളെ കൊന്നുകളഞ്ഞത് മറക്കാറായിട്ടില്ല. ഹിന്ദു ക്ഷേത്രത്തില്‍ വച്ച് ഒരു ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നത് ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഗുജറാത്തിലും മറ്റും നടന്ന കൂട്ടക്കൊലയും ബാബറിപ്പള്ളി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലകളും മറ്റുമായി താരതമ്യം ചെയ്താല്‍ 
വര്‍ഗ്ഗീയശക്തികളുടെ ആസൂത്രണത്തില്‍ നടന്നതാണെങ്കിലും മാറാട് കലാപവും മറ്റും എത്രയോ ചെറുതാണ്.

പുനര്‍ജ്ജനിക്കും എന്ന അന്ധവിശ്വാസത്താല്‍ മക്കളെ കൊല്ലുക, പ്രണയജീവിതത്തെ കൊലപ്പെടുത്തിക്കൊണ്ടുള്ള ദുരഭിമാനവിധിന്യായങ്ങള്‍ നടപ്പിലാക്കുക, തവളകളെ തമ്മില്‍ കല്ല്യാണം കഴിപ്പിക്കുക, കുരങ്ങുകളെ ദൈവമായി കരുതി ആരാധിക്കുക, എലികളെയും വിഷപ്പാമ്പുകളെയും ആരാധിക്കുക, കയ്യില്‍ പലവര്‍ണ്ണത്തിലുള്ള ചരടുകള്‍ മതചിഹ്നമായി കെട്ടുക, ഔറംഗാബാദ് പോലെയുള്ള പ്രസിദ്ധ സ്ഥലനാമങ്ങള്‍ മാറ്റി ചരിത്ര ധ്വംസനം ചെയ്യുക, പൌ രോഹിത്യത്തിന് മുന്നില്‍ താന്നുവണങ്ങി നില്‍ക്കുക, ദേവദാസികളെ പോറ്റി വളര്‍ത്തുക, സ്വാമി വിവേകാനന്ദന്‍റെ ബംഗാളില്‍ ഇപ്പോള്‍ പോലും നിലനില്‍ക്കുന്ന തീണ്ടാരിപ്പുര സംവിധാനം   തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ചാല്‍ ഭ്രാന്താലയം എന്ന കിരീടത്തിന് സംപൂര്‍ണ്ണ അര്‍ഹത ഭാരതത്തിനാണെന്ന് കാണാം. കന്നാലിയെ കെട്ടിപ്പുണരാനുള്ള സര്ക്കാര്‍ ഉത്തരവുകൂടി വന്നതോടെ ഭ്രാന്താലയ ബഹുമതിക്കുള്ള അര്‍ഹത പൂര്‍ണമായി.

ഈ അന്ധവിശ്വാസഭൂപടത്തിലെ ചെറിയൊരിടം മാത്രമാണു കേരളം. ഇവിടെ പ്രതികരണങ്ങളുണ്ടാകുന്നു എന്നതാണു പ്രധാന പ്രത്യേകത. ഒരു ദിവസം മുന്‍പു അവസാനിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പദയാത്ര അന്ധവിശ്വാസ വൈറസ്സ് പടരാതിരിക്കാനുള്ള സാംസ്കാരിക ഔഷധ കവചമാണ് കേരളത്തെ അണിയിച്ചത്. സയന്‍സിന്റെ സഹായത്താല്‍ വൃദ്ധി പ്രാപിക്കുന്ന ഒരു കേരളം, ഭ്രാന്താലയ പരിവേഷമുള്ള ഭാരതത്തില്‍ വേറിട്ടൊരു സൌന്ദര്യം സൃഷ്ടിക്കുന്നുണ്ട്.

Tuesday, 14 February 2023

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോള്‍

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോള്‍ 

-----------------------------------------------------------
ഇന്ത്യന്‍ പുരാണങ്ങളില്‍ മൃഗങ്ങളും മനുഷ്യരുമായുള്ള ആലിംഗനവും രതിയും മറ്റും ആധികാരികരീതിയില്‍ത്തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിലേറ്റവും രസകരം തവളരാജകുമാരിയുമായുള്ള പരീക്ഷിത്ത് രാജാവിന്റെ ദാമ്പത്യ ജീവിതമാണ്.

ഒരേ പേരുള്ള പല കഥാപാത്രങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ടല്ലോ. അയോധ്യ വാണിരുന്ന ഒരു രാജാവാണ് തവളയെ കെട്ടിയ പരീക്ഷിത്ത്. ഒരു സഞ്ചാരത്തിനിടയിലാണ് പരീക്ഷിത്ത് തവളപ്പെണ്ണായ സുശോഭനയെ കണ്ടുമുട്ടുന്നത്. നല്ല പാട്ടുകാരിയാണ് ഈ തവളക്കുട്ടി. അവര്‍ തമ്മില്‍ വിവാഹിതരായി. ഒരു കരാര്‍ ഉണ്ടായിരുന്നു. സുശോഭനയെ വെള്ളം കാണിക്കരുത്. 

രാജാവ് അതീവരഹസ്യമായി സുശോഭനയുമായി മധുവിധു ആഘോഷിച്ചു. ഇത് മനസ്സിലാക്കിയ മന്ത്രി തന്ത്രപൂര്‍വം മറ്റൊരു കേളീഗൃഹം നിര്‍മ്മിച്ചു. അവിടെ ഒരു തടാകം ഉള്ളതായി തോന്നുകയില്ല. കേളീവാസത്തിന്റെ ഒരു ഘട്ടത്തില്‍ സുശോഭന വെള്ളം കാണുകയും അതില്‍ ഒരു പച്ചത്തവളയായി അപ്രത്യക്ഷമാവുകയും ചെയ്തു. കോപാകുലനായ രാജാവ് സകല തവളകളെയും കൊല്ലാന്‍ ഉത്തരവിട്ടു.

ആയുസ്സെന്നു പേരുള്ള തവളരാജാവ് ഹാജരാവുകയും തവളവധ ഉത്തരവ് പിന്‍വലിച്ചാല്‍ മകളെ തരാമെന്ന് ഉത്തരവിടുകയും ചെയ്യുന്നു. രാജാവ് സമ്മതിക്കുകയും സുശോഭന വീണ്ടും ശോഭയോടെ ഭാര്യാപദവിയിലെത്തുകയും ചെയ്യുന്നു.

കുതിരയുടെ മുഖമുള്ളവരും കുരങ്ങിന്‍റെ മുഖമുള്ളവരും പുരുഷബീജം ഏറ്റുവാങ്ങിയ മത്സ്യവും തത്തയും എല്ലാം പുരാണത്തിലുണ്ട്. മനുഷ്യരും സര്‍പ്പങ്ങളും തമ്മിലുള്ള ബന്ധങ്ങളും പുരാണത്തിലുണ്ട്.

ഇതൊക്കെ സങ്കല്‍പ്പം അല്ലെന്നും സത്യമാണെന്നും കരുതിയ പ്രാകൃത  ജനത ഈ മൃഗങ്ങളെയെല്ലാം ആരാധിക്കാന്‍ തുടങ്ങി.
ഉറുമ്പിനെയും മത്സ്യത്തെയും പ്ലേഗു പരത്തുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന എലികളെയും ആനകളെയും പന്നിയെയും ആമയെയും സര്‍പ്പങ്ങളെയും കോഴിയെയും മയിലിനെയും ചിലന്തിയെയും  എല്ലാം  ആരാധിക്കാന്‍ തുടങ്ങി. അടുത്ത് ചെന്നു ആരാധിച്ചാല്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ  സിംഹം.പുലി,കടുവ തുടങ്ങിയവയെ ദൈവവാഹനങ്ങളാക്കി 
ചിത്രപ്പെടുത്തി ആരാധിക്കാന്‍ തുടങ്ങി. മനുഷ്യന്റെ ജ്ഞാന പരിമിതി കാരണം ദിനോസറുകള്‍ ഒരു ദൈവത്തിന്റെയും വാഹനമായില്ല.

പാവം മനുഷ്യന്റെ ഈ ഭക്തിപ്രവണതയെ മതവും പുരോഹിതവര്‍ഗ്ഗവും മുതലാക്കി. അവരുടെ കീശയും ശരീരവും പുഷ്ടിപ്പെട്ടു.

നിരര്‍ഥകമായ ഈ പൂജാ പ്രവണതയെ രാഷ്ട്രീയ വല്‍ക്കരിച്ചപ്പോഴാണ് പശുവിനെ കെട്ടിപ്പിടിക്കാമെന്ന ഉത്തരവുണ്ടായത്. കേന്ദ്രത്തിലെ യുക്തിരഹിത ഭരണകൂടം ഇച്ഛിച്ചതേയുള്ളൂ മൃഗക്ഷേമബോര്‍ഡ് കല്‍പ്പിച്ചു. അന്താരാഷ്ട്ര പ്രണയദിനത്തില്‍ ആലിംഗനം ചെയ്യണമെന്നായിരുന്നു കല്പ്പന.പശുവിനെ കെട്ടിപ്പിടിച്ചാല്‍ വൈകാരിക സമൃദ്ധിയുണ്ടാവുകയും സന്തോഷം വര്‍ധിക്കുകയും ചെയ്യുമത്രേ.

ലോകത്തിന്റെ മുന്നില്‍ ഭാരതീയര്‍ ലജ്ജിച്ചു തല താഴ്ത്തിയ ഒരു ഉത്തരവായിരുന്നു അത്. ഇത്രയ്ക്ക് പ്രാകൃതരാണോ ഇന്ത്യക്കാര്‍ എന്നോര്‍ത്തു ലോകം മൂക്കത്ത് വിരല്‍ വച്ചു. ആരാടാ എന്റെ ഭാര്യയെ കെട്ടിപ്പിടിക്കാന്‍ വരുന്നതെന്ന് ഒരു കാള ചോദിക്കുന്നതായുള്ള ഒരു കാര്‍ട്ടൂണും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ലോകത്തിന്റെ പരിഹാസച്ചിരിക്കു മുന്നില്‍ തലകുനിക്കേണ്ടിവന്ന ഭരണകൂടം വലിയ വിശദീകരണമൊന്നും കൂടാതെ ആ ഉത്തരവ് പിന്‍ വലിച്ചു. ഭ്രാന്ത് പടര്‍ന്ന് പിടിച്ചവരാരെങ്കിലും കെട്ടിപ്പിടിച്ചിട്ടുണ്ടാവുകയും ചെയ്യും. നായ്ക്കളെ കല്ല്യാണം കഴിപ്പിച്ചുകൊണ്ട് ഒരു ഹിന്ദു സംഘടന പ്രതിഷേധിച്ചുകഴിഞ്ഞു. പ്രണയികളെ പട്ടികളായി കണ്ടെന്നാണല്ലോ അതിന്‍റെ അര്‍ത്ഥം. നായ ഭാരതപുരാണത്തില്‍ ഒരു മോശം മൃഗമല്ല. യുധിഷ്ഠിരനുമായി നായക്കുള്ള ബന്ധവും കിടപ്പുമുറിക്ക് മുന്നിലെ ചെരുപ്പിന്റെ കഥയും പ്രസിദ്ധമാണല്ലോ.

ഇതൊരു ടെസ്റ്റു ഡോസ് മാത്രമാണ്. കെട്ടുകഥകളെ മുന്‍ നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു ബോധ്യമായ  ഭരണകൂടം ഇതിലപ്പുറവും ഇനി ചെയ്യും. പശുവിന് വോട്ടവകാശം കൊടുത്താല്‍ പോലും ആരും അത്ഭുതപ്പെടേണ്ടതില്ല.ഭരണമുറപ്പിച്ചു ജന്മനാടിനെ മതഭീകരവാദികള്‍ക്കും കുത്തക മുതലാളിമാര്‍ക്കും തീറെഴുതാന്‍ അത് സഹായിക്കും.

ഇനി ഇന്ത്യക്ക് സ്വന്തമായി ഒരു പ്രണയദിനം വേണമെന്നാണ് വാദമെങ്കില്‍ അനാര്‍ക്കലിയുടെയും ജഹാംഗീറിന്റെയും പ്രണയം ഓര്‍മ്മിപ്പിക്കുന്ന ഒരു ദിവസമോ പ്രണയത്തിന്റെ രക്തസാക്ഷിയായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഓര്‍മ്മദിനമോ സ്വീകരിക്കാവുന്നതാണല്ലോ

 മഹാഭാരതം - വ്യാസന്‍റെ സസ്യശാല ആസ്വാദനക്കുറിപ്പ് 

------------------------------------------------------------------------------------------

മോഹനൻ ചേനോളി

കഥകളും ഉപകഥകളും ആയിരത്തിലധികം കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമാണല്ലോ വിശ്വമഹാകവി വേദവ്യാസ വിരചിതമായ മഹാഭാരതം: ഇതിലുള്ളത് മറ്റ് പലേടത്തുമുണ്ടാവാമെങ്കിലും ഇത് പോലൊന്ന് വേറെയില്ല തന്നെ.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ എത്ര അയത്നലളിതമായാണ് ആ മഹത് ഗ്രന്ഥം പദാനുപദം മലയാളമാക്കിയതെന്ന്‌ നമുക്ക് നന്നായറിയാം. സാമാന്യ സംസാരത്തിൽപ്പോലും കവിതയുള്ള കവി തന്നെയായിരുന്നല്ലോ തമ്പുരാൻ.
ഓരോ ഭാരത കഥാപാത്രവും നമുക്കുള്ളിലുണ്ട്: ഓരോ അനുഭവത്തിൽ, ഓരോ രൂപത്തിൽ, ഭാവത്തിൽ... ചിലപ്പോൾ സ്വീകാര്യമായി, മറ്റു ചിലപ്പോൾ അസ്വീകാര്യമായി....
കലഹങ്ങളിൽ ഐക്യപ്പെട്ടും ചില ഐക്യങ്ങളിൽ കലഹപ്പെട്ടുമങ്ങനെ കൂടെത്തന്നെയുണ്ട് പലരും.
ഭൂരിഭാഗം പേരുകളും നാം ഓർക്കാറേയില്ല: ഇങ്ങനെയൊരു പേര് അവർക്കുണ്ടെന്നു പോലുമോർക്കാറില്ല: ആ അറിയാപ്പേരുകാരുടെ അന്തസ്സംഘർഷങ്ങളുടെ കഥ കൂടിയാണ് ഈ ഇതിഹാസമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ 'മഹാഭാരതം- വ്യാസൻ്റെ സസ്യശാല' എന്ന കൃതിയിലൂടെ.
മഹാഭാരതമെന്ന വടവൃക്ഷത്തിലൊട്ടിയോ അരികുപറ്റിയോ വേരുറച്ച എണ്ണൂറോളം കഥാപാത്രങ്ങളെ സൂക്ഷ്മവൽക്കരിക്കുകയാണ് ഈ സസ്യ ശാലയിൽ. അവരെയൊക്കെ സൂക്ഷ്മമായ കുറുങ്കവിതകളാക്കി കവി മാറ്റുന്നു.
ഒരു നാടൻ പാട്ടുണ്ടല്ലോ സൂക്ഷ്മവൽക്കരണത്തിന് നിദർശനമായി:
''രാമായണമൊരു
പെണ്ണുകഥ
ഭാരതമൊരു -
പിടി മണ്ണുകഥ'' എന്ന്.
കുരീപ്പുഴ പറയുന്നുണ്ട്: യുദ്ധവും സമാധാനവും ഈ പുസ്തകത്തിലുണ്ട്. കുറ്റവും ശിക്ഷയുമതെ. നിന്ദിതരും പീഡിതരുമുണ്ട്.
അഗമ്യഗമനം, സ്ത്രീ അപഹരണം, ബലാൽസംഗം, ശവഭോഗം, നരഹത്യ, മൃഗ ഹത്യ, യാഗം, സവർണ്ണാധിപത്യം, സ്വയംവരം, ചാർവാക ദർശനം, സാംഖ്യം, യാഗനിഷേധം, പ്രണയം, മാതൃകാ ദാമ്പത്യം, പ്രാണിസ്നേഹം, ആദിവാസി ജീവിതം... ഇവയൊക്കെ ഈ കൃതിയിലുണ്ട്. ഒപ്പം ഭാവനയുടെ അനന്തവിഹായസ്സുമാണ് മഹാഭാരതം..
ദൃശ്യവും അദൃശ്യവുമായ വൻ മരങ്ങളുടെ മഹാവനമായ ഈ കൃതിയെ പുതിയ കാലത്തു നിന്നു കൊണ്ട് നോക്കിക്കാണുകയാണ് കവി, ഈ സസ്യ ശാലയിൽ..
ഭാരത കഥയിൽ ഏറെ കണ്ണീർ വീണത് അഭിമന്യു എന്ന കൗമാരക്കാരന് വേണ്ടിയാവും:
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകൾ -
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാൻ.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാൻ
നിസ്സഹായത്വമേ
മർത്യൻ്റെ ജീവിതം.. എന്ന് കുരീപ്പുഴ എഴുതുമ്പോൾ ആ അശരണ കൗമാരത്തിൻ്റെ ധർമ്മസങ്കടങ്ങൾ നമ്മിലേയ്ക്കരിച്ചിറങ്ങും.
തൊട്ടപ്പുറത്ത് ഗർഭിണിയായ ഉത്തരയെ നോക്കൂ..
അടിവയറ്റിൽ
മൃദുസ്പന്ദനം
ജീവൻ്റെ കണിക.
പരീക്ഷിതമെൻ്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതിൽ വെന്തു
വീഴുന്ന പ്രാണികൾ സ്ത്രീകൾ..
ഉള്ളുവെന്ത വാക്കുകൾ തീയായി കവിതയാവുന്നത് കാണൂ.
ഇതിനെച്ചേർത്ത് സുഭദ്രയെക്കൂടി വായിച്ച് നമുക്ക് നിർത്താം:
അകത്തും പുറത്തും
മഹോത്സവം, തേർ -
വിട്ടൊടുക്കം നടുക്കുന്ന
യുദ്ധപ്പറമ്പിൽ.
മകൻ, തെറ്റു ചെയ്യാതെ
കൊല്ലപ്പെടുമ്പോൾ
പ്രിയൻ വെന്ന രാജ്യ -
മമ്മയ്ക്കോ ശ്മശാനം
ഈ സസ്യ ശാലയിലേക്കൊന്ന് കയറി നോക്കൂ. ചിലപ്പോൾ നിങ്ങൾക്ക് കൈവിട്ടു പോയ നിങ്ങളെത്തന്നെയും കണ്ടെത്താൻ കഴിഞ്ഞേക്കും... ഇവരിൽപ്പലരും നിങ്ങൾ തന്നെയായേക്കാം.
സ്നേഹം പ്രിയ കവീ@kureeppuzha sreekumar
മോഹനൻ ചേനോളി
11/02/23

Thursday, 2 February 2023

ലോകാ സമസ്താ സുഖിനോ ഭവന്തു - ഏതു ലോകം?

 ലോകാ സമസ്താ സുഖിനോ ഭവന്തു - ഏതു ലോകം?

---------------------------------------------------------------------------------
സ്വാമി വിവേകാനന്ദന്‍റെ, ഭ്രാന്താലയം എന്ന പുരസ്ക്കാരത്തിന് കേരളത്തെ അര്‍ഹമാക്കിയത് അയിത്തം ആയിരുന്നല്ലോ. അയിത്തം ഹിന്ദുമതത്തിന്റെ സംഭാവനയാണ്.കേരളത്തില്‍ നിന്നും പ്രത്യക്ഷത്തില്‍ അതുമാറിയെങ്കിലും കേരളീയന്റെ മനസ്സില്‍ അത് കൊട്ടാരം കെട്ടിയിട്ടുണ്ട്. വിവാഹാലോചനയുടെ സമയത്തും പൂജാകാര്യങ്ങളിലും എല്ലാം കേരളീയര്‍ ഇന്നും അത് അനുഷ്ഠിക്കുന്നുണ്ടല്ലോ.

അങ്ങനെയുള്ള ഹിന്ദുമതത്തിന്റെ ഒരു അത്യുന്നതസമ്മേളനം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു ശീതീകരിച്ച പോഷ് ഓഡിറ്റോറിയത്തില്‍ നടന്നല്ലോ.വര്‍ഷങ്ങള്‍ക്കുമുന്‍പ്, അവിടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍  യുവകവി സമ്മേളനം നടത്തിയതും  അയിത്തം കല്‍പ്പിച്ച യുവകവികള്‍ അതിന്റെ മുന്നില്‍  കരിങ്കൊടി പ്രകടനം നടത്തിയതും ഓര്‍ത്തുപോകുന്നു. ഞാനവരെ അഭിസംബോധന ചെയ്തതും അന്നു മുതല്‍ ഇന്നുവരെ കേന്ദ്രസാഹിത്യ അക്കാദമി  എനിക്കു അയിത്തം കല്‍പ്പിച്ചതുമൊക്കെ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നുണ്ട്.
ലോകാസമസ്താ സുഖിനോ ഭവന്തു!

ജാതിവ്യവസ്ഥയെന്ന മനുഷ്യവിരുദ്ധ പ്രക്രിയയുടെ സര്‍വകലാശാലയായ ഹിന്ദുമതവിശ്വാസികള്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ഒരു മലയാള സാഹിത്യകാരന്‍ ലോകാസമസ്താ സുഖിനോ ഭവന്തു എന്നതിനപ്പുറം ഒന്നുമില്ല എന്നു പ്രസംഗിച്ചിരിക്കുന്നു. അറിയാന്‍ വയ്യാതെ പറഞ്ഞതല്ല, ഒരാവേശത്തിന് തട്ടിവിട്ടതാകും. 

കമ്മ്യൂണിസവും സോഷ്യലിസവും സനാതന ധര്‍മ്മത്തിന് മുന്നില്‍ ഒന്നുമല്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. സനാതന ധര്‍മ്മത്തെക്കുറിച്ചും അതിലെ വേല ചെയ്യണം കൂലി ദൈവം തരും എന്ന സനാതനമായ ആശയത്തെക്കുറിച്ചും കാള്‍ മാര്‍ക്സിനും എംഗല്‍സീനും ധാരണയില്ലാതെ പോയതു ലോക തൊഴിലാളി വര്‍ഗ്ഗത്തിന് ഗുണമായി ഭവിച്ചു.

നമ്മുടെ സാഹിത്യകാരന് ഇങ്ങനെയൊക്കെ വിശ്വസിക്കാനുള്ള  അവകാശം , ഡോ.അംബേദ് ക്കറിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഭരണഘടന നല്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് കേരളത്തില്‍ ജീവിക്കാനൊരു തടസ്സവുമില്ല. ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ പുരോഗമനവാദികള്‍ പോലും മുന്നില്‍ നിന്നു അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യും.

അങ്ങനെയാണെങ്കിലും ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വരിയുടെ ആശയം പൂര്‍ണ്ണമായൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.

"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു." എന്നാണല്ലോ ശ്ലോകം. ഈ ശ്ലോകത്തിന്റെ ആശയം ബഹുഭാഷാപണ്ഡിതനും ദേവസ്വം ബോര്‍ഡ് കോളജിലെ അദ്ധ്യാപകനുമായിരുന്ന ഡോ. എം.എസ്.ജയപ്രകാശ് വിശദീകരിക്കുന്നുണ്ട്. അന്ധമായ മതവിശ്വാസം പുലര്‍ത്താതിരുന്ന ഒരു അന്വേഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനം നിഷ്പക്ഷമതികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

"സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം. മറ്റു വരികളുടെ അർത്ഥമിതാണ്.' സ്വസ്തി' എന്നത് പൂജകഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്.ഇവിടെ ന്യായമായ മാർഗ്ഗമെന്നു പറഞ്ഞിരിക്കുന്നത് വിശദീകരിക്കേണ്ടതുണ്ട്. ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
" ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ
സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ"
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. അങ്ങനെ ആയാൽ അടുത്ത വരിയിലെ 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' സാദ്ധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കട്ടെയെന്നു സാരം. മാംസാഹാരം ഉപേക്ഷിച്ചിട്ടുള്ള ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും, തൈരും, വെണ്ണയും, നെയ്യും മറ്റുമാണല്ലോ. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്ണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖംഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.''

ഇതാണ് എം.എസ്.ജയപ്രകാശിന്റെ വിശ്വസനീയമായ വ്യാഖ്യാനം. ഈ വ്യാഖ്യാനം അദ്ദേഹം ഡോ.അംബേദ്ക്കര്‍ സ്റ്റഡി സെന്ററില്‍ അവതരിപ്പിക്കുകയും നിരവധി പ്രസംഗവേദികളില്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഏത് മനുഷ്യനും പരസ്പരബഹുമാനം അര്‍ഹിക്കുന്നു എന്നതല്ലാതെ ബ്രാഹ്മണന് മാത്രമായി ഒരു ബഹുമാനാര്‍ഹതയുമില്ല. ആ ചിന്ത ശരീരമനങ്ങാതെ ഭക്ഷണം ലഭ്യമാക്കാനുള്ള ഒരു കുതന്ത്രം മാത്രമാണു. ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച കുതന്ത്രം. അത് ഹംസയുടെ പ്രത്യശാസ്ത്രമാണ്. പ്രാചീനതയുടെ ഈ പ്രവര്‍ത്തന രീതിക്കെതിരെയാണ് ഭാരതത്തില്‍ ബുദ്ധ ജൈന ചിന്തകളുണ്ടായത്.

സനാതനധര്‍മ്മത്തിന്‍റെ കര്‍മ്മപദ്ധതി ജാതിവ്യവസ്ഥകൊണ്ട് മനുഷ്യവിരുദ്ധമാകയാല്‍ ആധുനിക സമൂഹത്തിനു അത് അംഗീകരിക്കാന്‍ സാധ്യമല്ല. യുക്തിബോധത്തിന്റെ അടിത്തറയുള്ള ചാര്‍വാക ദര്ശനത്തെയും മറ്റും അസഹിഷ്ണുതയും ഹിംസയും കൊണ്ട് നേരിടുമ്പോഴാണ് ആര്‍ഷഭാരതസംസ്ക്കാരം ആഭാസം എന്ന ചുരുക്കപ്പേരിന് അര്‍ഹമാകുന്നത്. ഇന്ത്യ അങ്ങനെയാകുന്നത് അഭിലഷണീയമല്ല.


Monday, 16 January 2023

സാറാ അബൂബേക്കറും ഡോ.ആര്‍.ഇ.ആഷറും

 സാറാ അബൂബേക്കറും ഡോ.ആര്‍.ഇ.ആഷറും

---------------------------------------------------------------------------
കേരളത്തിനുണ്ടായ രണ്ടു പ്രധാന നഷ്ടങ്ങളാണ് സാറാ അബൂബേക്കറിന്റെയും പ്രൊഫ.ആര്‍.ഇ.ആഷറിന്റെയും മരണം.
ഒരാള്‍ കേരളത്തില്‍ ജനിച്ച് കന്നഡഭാഷയെ സ്നേഹിച്ചു. ആ അയല്‍മൊഴിയില്‍ മരണമില്ലാത്ത പുസ്തകങ്ങളെഴുതി.സാറാ അബൂബേക്കര്‍.

ആഷറാകട്ടെ യൂറോപ്പില്‍ ജനിച്ച് മലയാളത്തെ സ്നേഹിച്ചു. മലയാളത്തിലെ എണ്ണം പറഞ്ഞ കൃതികള്‍ ഇംഗ്ലീഷിലാക്കി.മലയാളം ഡോ.റൊണാള്‍ഡ് ഇ.ആഷറെന്ന സാഹിത്യാസ്വാദകനെ ഏറെ ബഹുമാനിച്ചു. മലയാളത്തോട് കാട്ടിയ അസാധാരണമായ സ്നേഹത്തിന് പ്രതിഫലമായി കേരള സാഹിത്യ അക്കാദമി സ്വര്‍ണ്ണമെഡല്‍ നല്കി ബഹുമാനിച്ചു.

വിവാഹാനന്തരമാണ് സാറാ കന്നഡ ഭാഷയില്‍ അന്വേഷണങ്ങള്‍ നടത്തിയത്. ഹിന്ദു വര്‍ഗീയവാദികളുടെ വെടിയേറ്റുമരിച്ച ഗൌരി ലങ്കേഷിന്റെ പിതാവ് പി.ലങ്കേഷ് നടത്തിയിരുന്ന  ലങ്കേഷ് പത്രികയിലാണ് ചന്ദ്രഗിരിയ തീരദള്ളിയെന്ന പ്രസിദ്ധ നോവല്‍ അച്ചടിച്ചു വന്നത്. മതാതീത സംസ്ക്കാരത്തെയും മനുഷ്യത്വത്തെയും വാരിപ്പുണര്‍ന്ന പ്രസിദ്ധീകരണമായിരുന്നു അത്.. ചന്ദ്രഗിരിയുടെ തീരമെന്ന സാറയുടെ കഥയും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു മതവിചാരണ നടത്തുന്നതായിരുന്നു. മുത്തലാഖിന് ഇരയായി കുടുംബജീവിതം നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടി പള്ളിക്കുളത്തില്‍ ചാടിമരിക്കുന്നത് ചിത്രീകരിച്ചതിലൂടെ യാഥാസ്ഥികരുടെ മതബോധത്തെ സാറാ ഞെട്ടിച്ചു. ഈ പുസ്തകം മലയാളപ്പെടുത്തിയത് സി.രാഘവന്‍ ആയിരുന്നു. അദ്ദേഹം സുപ്രധാനമായൊരു മാറ്റം പുസ്തകത്തിലെ പ്രമേയത്തില്‍ വരുത്തി. ആത്മഹത്യ ചന്ദ്രഗിരിപ്പുഴയിലാക്കി. ഇത് പരിഭാഷകന്‍റെ അധൈര്യം മൂലം ഉണ്ടായതാണെന്ന് കാസര്‍കോട്ടെ കവി രവീന്ദ്രന്‍ പാടിയും മറ്റും അഭിപ്രായപ്പെട്ടിരുന്നു.

ചന്ദ്രഗിരിയുടെ തീരത്തെന്ന നോവലിന്‍റെ പിറവിയെ കുറിച്ച് സാറാ അബൂബേക്കര്‍ അനുസ്മരിച്ചിട്ടുണ്ട്. അതിങ്ങനെയാണ് "കഥാപാത്രം സത്യമല്ല.എന്നാല്‍ കഥ സത്യമാണ്.ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ആ സംഭവം അറിഞ്ഞത്.അവള്‍ക്കെന്‍റെ പ്രായമായിരുന്നു."

തന്നെക്കൂടി സിനിമയ്ക്കു കൊണ്ടുപോകുന്നില്ലെങ്കില്‍ നിങ്ങളും സിനിമയ്ക്കു പോകരുതെന്നു ഭര്‍ത്താവിനോട് ശഠിച്ച സാറ പുരോഗമന നിലപാടുകളുടെ പേരില്‍ പുട്ടൂരില്‍ വച്ച് ആക്രമിക്കപ്പെട്ടു. ഈ സംഭവത്തില്‍ കേസ് കൊടുത്തു വിജയിക്കുകയായിരുന്നു സാറാ അബൂബേക്കര്‍.

പന്ത്രണ്ടു നോവലുകളും കുറെ ചെറുകഥകളും യാത്രാവിവരണവും സാറ എഴുതിയിട്ടുണ്ട്.മാധവിക്കുട്ടിയുടെയും പി.കെ.ബാലകൃഷ്ണന്റെയും ബി.എം.സുഹറയുടെയും കൃതികള്‍ സാറ കന്നഡയിലേക്ക് മൊഴിമാറ്റി. വീട്ടിലിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ എക്കാലത്തെയും സ്വകാര്യ സുഹൃത്ത് റേഡിയോ ആണല്ലോ. റേഡിയോ പ്രോഗ്രാമുകള്‍ സ്ഥിരമായി കേട്ടിരുന്ന സാറ നിരവധി റേഡിയോ നാടകങ്ങളുമെഴുതി .കര്‍ണ്ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ പുരോഗമനവാദിയായ സാറാ അബൂബേക്കറിന് ലഭിച്ചിട്ടുണ്ട്. കേരളത്തിന്‍റെ അഭിമാനഭാജനമായ ഈ വീരപുത്രി മതഭയം ഇല്ലാതെ മനുഷ്യത്വത്തിന് വേണ്ടി എക്കാലവും വാദിച്ചു.

വിവര്‍ത്തനത്തിനു വഴങ്ങാത്ത മലയാളത്തിന്റെ ഓമനവാക്കുകള്‍ക്കായി പുതിയ വാക്കുകള്‍ പോലും സൃഷ്ടിച്ചാണ് പ്രൊഫ.ആഷര്‍ ബേപ്പൂര്‍ സുല്‍ത്താന്‍റെ കൃതികള്‍ ആംഗലപ്പെടുത്തിയത്. ബഷീറിന്‍റെ വീട്ടില്‍ പലവട്ടം വന്നു താമസിച്ചും കുഴിയാനകളെ നേരില്‍ കണ്ടുമൊക്കെയാണ് ആഷര്‍ ആ കൃതികളിലിറങ്ങിയത്. തണുത്തുറഞ്ഞ ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന ആഷറിന് ആനയും കുഴിയാനയും അട്ടയും കുളയട്ടയും സുപരിചിതമായിരുന്നില്ല. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലെ അപരിചിതവാക്കുകളുടെ അന്വേഷകനായി മാറുകയായിരുന്നു ആഷര്‍. കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ബഷീര്‍ ചെയര്‍ ആരംഭിച്ചപ്പോള്‍ പ്രഥമമേധാവിയായതും ആഷറായിരുന്നു. തകഴിയുടെ തോട്ടിയുടെ മകനും ആഷര്‍ ആംഗലപ്പെടുത്തിയിട്ടുണ്ട്. 

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും മറ്റും മലയാള സാഹിത്യത്തെ കുറിച്ചെഴുതിയതും ഡോ.ആഷര്‍ ആയിരുന്നു.
സാറാ  അബൂബേക്കറിന്റെയും ഡോ.ആര്‍.ഇ.ആഷറിന്റെയും വേര്‍പാടില്‍ കേരളത്തിനുള്ള ദു:ഖം അഗാധമാണ്.

Sunday, 1 January 2023

കേരളകവിതയില്‍ പെണ്‍പടയുടെ മുന്നേറ്റം

 കേരളകവിതയില്‍ പെണ്‍പടയുടെ മുന്നേറ്റം 

-----------------------------------------------------------------------

രണ്ടായിരത്തി ഇരുപത്തിരണ്ടിലെ കേരളകവിത പെണ്ണെഴുത്തിനാല്‍ സമ്പന്നമായിരുന്നു. എഴുത്തമ്മയില്ലാത്ത മലയാള കാവ്യചരിത്രത്തെ പുതിയ എഴുത്തുകാരികള്‍ സ്ഫോടനാത്മകമായ രചനകളിലൂടെ തിരസ്ക്കരിച്ചു. അഭിമാനകരമായ കാവ്യമുന്നേറ്റമാണ് സംഭവിച്ചത്.

ചരിത്രം സ്ത്രീവിരുദ്ധമാണ്. ദളിത് സമൂഹത്തെ അക്ഷരങ്ങളില്‍ നിന്നും അകറ്റി നിറുത്തിയിരുന്നത് പോലെ സ്ത്രീ സമൂഹത്തെയും അകറ്റി നിറുത്തി. അക്ഷരവും കലാപ്രകടനങ്ങളും അവര്‍ക്ക് നിരോധിച്ചു. നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ശേഷവും ഈ നിലപാട് തുടര്‍ന്നു. ഹൃദയത്തിലെ കവിതയെ തുറന്നുവിടാന്‍ ഇപ്പോള്‍ സഹായിച്ചത് നവമാധ്യമങ്ങളാണ്. കവിതയെഴുതിയാല്‍ സ്വന്തം വീട്ടിലെ പുരുഷാധിപത്യം സ്ത്രീരൂപം പോലുമണിഞ്ഞു നിറയൊഴിക്കുമെന്നതിനാല്‍ എഴുത്തുകാരികള്‍ മൊബൈല്‍ ഫോണിന്‍റെ സഹായത്തോടെ ഗറില്ലകളായി.അവരുടെ ചിന്തകളും കിനാവുകളും അക്ഷരവല്‍ക്കരിക്കുകയും ഒറ്റ ക്ലിക്കില്‍ ഭൂഖണ്ഡങ്ങളെ അപ്രസക്തമാക്കി പരസ്യപ്പെടുകയും ചെയ്തു. സരസ്വതീദേവിയല്ല, സോഷ്യല്‍ മീഡിയയാണ് പെണ്ണെഴുത്തിനെ അനുഗ്രഹിച്ചത്.

2022 ജനുവരിയില്‍ ഒറ്റ ദിവസംകൊണ്ട് നാനൂറ്റിയെഴുപത്തിയേഴു പേര്‍ വായിച്ച കവിതയാണ് എസ്.പാര്‍വതിയുടെ പെണ്ണി റങ്ങിപ്പോകുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് കിലുകിലെ കവിയാനായി  ഇറങ്ങിപ്പോകുന്നതായിരുന്നു കവിതയുടെ പ്രമേയം.

ഫെബ്രുവരിയില്‍ ഒറ്റ ദിവസം കൊണ്ട് നാനൂറ്ററുപതില്‍ പരം പേര്‍ വായിച്ച കവിത ലതാ ഉണ്ണിത്താന്‍റെ ജാരന്റെ ചുംബനം ആയിരുന്നു. തെറ്റാണെന്നറിഞ്ഞു ചെയ്യുന്ന തെറ്റിനെ കിതപ്പോടെ ചുംബിച്ചു കൂമ്പിപ്പോയ കണ്ണുകള്‍ ഈ കവിതയില്‍ രതിസ്വാതന്ത്ര്യത്തിന്റെ പതാക പാറിപ്പിക്കുന്നു.  

മാര്‍ച്ചില്‍ മുന്നൂറ്ററുപത്തഞ്ചിലധികം വായനക്കാര്‍ ചേര്‍ത്തുപിടിച്ചകവിത ചിത്രകാരി കൂടിയായ ശ്രീദേവി മധുവിന്റെ തുന്നല്‍ക്കാരിയായിരുന്നു. നിറനൂലുകള്‍ സൂചിയില്‍ കൊരുത്ത് പീതനിറമാര്‍ന്ന പകലില്‍ നൃത്തം വയ്ക്കുന്ന സ്ത്രീയാണ് കവിതയുടെ കേന്ദ്രം.

ഏപ്രിലില്‍ മുന്നൂറ്റെണ്‍പതില്‍ പരം വായനക്കാര്‍ ഒറ്റ ദിവസം  കൊണ്ടു സ്വീകരിച്ച കവിത സി.സി.പൂര്‍ണ്ണിമയുടെ കണിവെള്ളരിയാണ്. കണിവെള്ളരി പോലുള്ള രണ്ടമ്മിഞ്ഞ റൌക്കയില്‍ നിന്നും പുറത്തേക്ക് ചാടിച്ച് മീന്‍ വെട്ടാന്‍ കുന്തിച്ചിരുന്ന അമ്മമ്മയെ ഈ കവിത അടയാളപ്പെടുത്തി.

മേയില്‍ ഒറ്റ ദിവസം കൊണ്ട് നാനൂറ്റിമുപ്പതിലധികം വായനക്കാരെ സ്വാധീനിച്ചത് ചിത്രകാരി കൂടിയായ പ്രസന്ന പാര്‍വതിയുടെ മേഘമെന്ന ചെറുകവിതയാണ്. സ്വന്തം സംഭരണിയിലേക്ക് വെള്ളം വീഴ്ത്താനായി അയലത്തുകാരന്റെ വീടിന് മുകളിലെ ആകാശം വാങ്ങി മേഘം നട്ടു വളര്‍ത്തുന്നതായിരുന്നു കവിതയുടെ പ്രമേയം.

ജൂണില്‍ എണ്ണൂറ്ററുപതില്‍ പരം വായനക്കാരെ ആകര്‍ഷിച്ച കവിതയാണ് റുബീന മന്‍സൂറിന്‍റെ മൂത്തമകള്‍. താഴെയുള്ളവര്‍ പിറക്കുന്നതോടെ അനാഥയായിപ്പോകുന്ന മൂത്തമകളെയാണ് റുബീന കാവ്യവല്‍ക്കരിച്ചത്. പ്രധാനപ്പെട്ട ഒരു മനശാസ്ത്ര വിഷയമായിരുന്നു അത്.

ജൂലൈയില്‍ ഏറെ വായനക്കാരെ ആകര്‍ഷിച്ചത് നീതു സി.സുബ്രഹ്മണ്യന്‍റെ കറുത്തകുട്ടിയായിരുന്നു.ക്ളാസ്സില്‍ കരഞ്ഞു നില്‍ക്കുന്ന കറുത്തകുട്ടിയുടെ ഹൃദയഭേദകമായ ചിത്രം ആ കവിതയിലുണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം അഞ്ഞൂറ്റി ഇരുപതിലേറെ വായനക്കാരാണ് കറുത്ത കുട്ടിയെ ചേര്‍ത്തുപിടിച്ചത്.

ഓഗസ്റ്റില്‍ കെ. അനാമികയുടെ പച്ച ഏറെ ശ്രദ്ധിക്കപ്പെട്ടു.പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി ഉമ്മയെയോര്‍ത്തു കരയുന്ന അക്ഷരചിത്രം ഈ കവിതയെ ശ്രദ്ധേയമാക്കി. നാനൂറിലധികം മലയാളികള്‍ ഓണ്‍ ലൈനില്‍ ഈ കവിത വായിച്ചു.

സെപ്തംബറില്‍ ആതിര മുരളീധരന്റെ മ്യാവൂ എന്ന കവിത തൊള്ളായിരത്തോളം വായനക്കാരെ കൊണ്ട് ലൈക്ക് ബട്ടണ്‍ അമര്‍ത്തിച്ചു. ഭര്‍ത്താവും ഭാര്യയും പൂച്ചയും ചേര്‍ന്ന് സ്ത്രീയുടെ ആത്മാഭിമാനത്തിന്‍റെ ചിത്രം വരയ്ക്കുകയാണ് ഈ കവിതയില്‍.

ഒക്ടോബറില്‍ ജലജ പ്രസാദിന്‍റെ, ടീച്ചറിപ്പോള്‍ കുട്ടികളെക്കാള്‍ ചെറുതാണെന്ന കവിത അറുന്നൂറ്റിരുപത്തഞ്ചിലധികം വായനക്കാരെ ആകര്‍ഷിച്ചു. ഫാത്തിമ അഹല്യയും ഫസല്‍ കൃഷ്ണയും ആ പേരുകളിലൂടെ സൃഷ്ടിക്കുന്ന നിഷ്ക്കളങ്കമായ മാനുഷികബോധം ഈ കവിതയെ ശ്രദ്ധേയമാക്കി.

നവംബറില്‍ പുഷ്പഹരിദാസിന്റെ അന്തിക്കള്ള് നാനൂറ്റി എഴുപത്തിലധികം വായനക്കാരെ ആകര്‍ഷിച്ചു. ഭൂമി ഉരുണ്ടതാണെന്നും കറങ്ങുമെന്നും ജാന്വേടത്തി വിശ്വസിക്കാനിടയായ ജീവിതാനുഭവങ്ങളാണ് ഈ കവിതയെ വ്യത്യസ്ഥമാക്കിയത്.പെണ്ണെഴുത്തിന് കള്ളും പ്രമേയമാകാമെന്ന് ഈ കവിത ഉറപ്പിച്ച് പറഞ്ഞു.

ഡിസംബറില്‍ വി.കെ.ഷാഹിനയുടെ വാക്കെന്ന കവിതയാണ് കൂടുതല്‍ വായനക്കാരുടെ ശ്രദ്ധയിലെത്തിയത്. നാനൂറോളം വായനക്കാര്‍ വാക്ക് ആസ്വാദ്യകരമെന്ന് രേഖപ്പെടുത്തി. മുസ്ലിമിനെ കുറിച്ചു പറഞ്ഞപ്പോള്‍ വായപൊത്തുകയും ഹിന്ദുവിനെ കുറിച്ചു പറഞ്ഞപ്പോള്‍ നാടുകടത്തുകയും  മനുഷ്യനെക്കുറിച്ച് പറഞ്ഞപ്പോള്‍ മൃഗശാലയില്‍ അടയ്ക്കപ്പെടുകയും ചെയ്ത വാക്കാണ് കവിതയിലെ താരം.

ഈ കുറിപ്പില്‍ പറഞ്ഞിട്ടുള്ള എല്ലാ കവിതകളും ഫേസ്ബുക്കിലെ ഇന്ന് വായിച്ച കവിതയെന്ന പംക്തിയിലും അതേ പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലുമുണ്ട്. അതേ പോയവര്‍ഷം കേരളകവിതയില്‍ പെണ്ണെഴുത്തിന്റെ പടയോട്ടമായിരുന്നു. അഭിമാനകരമായ മുന്നേറ്റം.

2022ല്‍ തന്നെയാണ് ഒരു മത സംഘടന ഒറ്റ സ്ത്രീയെ പോലും പ്രവേശിപ്പിക്കാത്ത കവിയരങ്ങ് നടത്തിയത്.  സ്ത്രീ കൂടി ചേര്‍ന്നതാണ് മനുഷ്യസമൂഹമെന്ന തിരിച്ചറിവ് മതങ്ങള്‍ക്ക് എന്നാണുണ്ടാവുക!
- കുരീപ്പുഴശ്രീകുമാര്‍