Tuesday, 30 June 2026

പൗരനെ ഭരണകൂടം റദ്ദാക്കുമ്പോൾ

 പൗരനെ ഭരണകൂടം റദ്ദാക്കുമ്പോൾ

----------------------------------------------

ഒരു പൗരന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അതിന്റെ മീശത്തുമ്പിൽ പിടിച്ച് പാസ്പോർട്ട് നൽകാതിരിക്കുകയും ചെയ്താൽ അതിൽ നിന്നും രാജ്യം പഠിക്കേണ്ടത്, പൗരന്മാരെത്തന്നെ റദ്ദാക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം തുടങ്ങിയെന്നാണ്. കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച, ശ്രദ്ധേയനായ പത്രപ്രവർത്തകൻ ആർ. രാജഗോപാലിനെ വോട്ടർ പട്ടികയിൽ നിന്ന് തീവ്രപരിഷ്ക്കരണപ്രകാരം ഒഴിവാക്കിയതും, തുടർന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി പാസ്പോർട്ട് യഥാസമയം പുതുക്കി നൽകാതിരുന്നതും സൂചിപ്പിക്കുന്നത്, ബംഗാളിൽ തുടങ്ങിയ പൗരഹത്യാ പ്രവണത രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നുതന്നെയാണ്. മരണം വിവാഹം തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുക്കാൻ വേണ്ടി, കൊടുംകുറ്റവാളികളെ ജയിലിൽ നിന്നുപോലും ഇറക്കിവിട്ടിട്ടുള്ള നാടാണ് ഭാരതം. രാജഗോപാലിന്റെ കാര്യത്തിൽ മാത്രം എന്തേ ഇങ്ങനെയൊരു പ്രതികാരനടപടി? അദ്ദേഹം സത്യം സത്യമായിത്തന്നെ വിളിച്ചുപറയുന്ന, സ്വാധീനത്തിനു വഴങ്ങാത്ത, വാർത്ത വളച്ചൊടിക്കൽകല പഠിച്ചിട്ടില്ലാത്ത ഒരു മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് തന്നെയാണ്. അനുഭവം വച്ചുനോക്കിയാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും, മതപരമോ, സ്വാതന്ത്ര്യപരമോ ആയ കാരണത്താൽ യൂണിയൻ സർക്കാരിന്റെ അപ്രീതിക്ക് പാത്രമായവരാകാം എന്ന് കണ്ടെത്താവുന്നതാണ്.


എസ്.എസ്.എൽ.സി ബുക്കിനേക്കാൾ അഭിമാനത്തോടെ നമുക്ക് കൊണ്ടുനടക്കാവുന്ന ഒരു രേഖയാണ് ഇന്ത്യൻ പാസ്പോർട്ട്. കാരണം അതിൽ ഇന്ത്യൻ ജനതയുടെ അപമാനമായ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. ജാതി അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ തൊഴിൽ തീരുമാനിച്ചിരുന്നതെങ്കിൽ, മറ്റൊരു രാജ്യത്തും അത്ര വലിയ വങ്കത്തം ഇല്ലാത്തതിനാൽ പാസ്പോർട്ടിലെ ജാതിയും മതവുമൊന്നും അന്യരാജ്യക്കാർക്ക് അറിയേണ്ട ആവശ്യമേയില്ല. എന്നാൽ പാസ്പോർട്ട് നമ്മുടെ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നാണ് ഹിന്ദുഫാസിസ്റ്റു ഭരണകൂടത്തിന്റെ പുതിയ നിലപാട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഭരണഘടനാ പതിപ്പുകളിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ നീക്കം ചെയ്തിട്ടുമുണ്ട്. അതിന്റെ അർത്ഥം ഇന്ത്യൻ ഭരണഘടന ഒരു മതേതര രാജ്യത്തിന്റെ ഭരണഘടനയാണെന്ന് ഭരണകൂടം സമ്മതിക്കുന്നില്ലെന്നതാണ്. ഭരണഘടന സംരക്ഷിക്കുവാൻ ബാധ്യതയുള്ള ഭരണകൂടം തന്നെ, ഭരണഘടനയെ തള്ളിക്കളയുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ഫാസിസ്റ്റ് ഭരണകൂടങ്ങൾ പലരാജ്യങ്ങളിലും ചെയ്തിട്ടുള്ളത്, പട്ടാളത്തെ ഉപയോഗിച്ച് പൗരന്മാരെ വെടിവെച്ചു കൊല്ലുകയും മൃതശരീരം മറവുചെയ്യാതെ റോഡിൽത്തന്നെ ദിവസങ്ങളോളം ഉപേക്ഷിച്ച്, ജനങ്ങളെ പാഠം പഠിപ്പിക്കുകയുമാണ്. സർക്കാരിനെതിരെ സംസാരിച്ചാൽ നിന്റെയും ഗതി ഇതുതന്നെയാവും എന്ന നീചസന്ദേശമാണ് ഇതുവഴി നൽകുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിലെ പിഴവു തിരുത്താതിരിക്കുകയും പാസ്പോർട്ട് നൽകുന്നത് അനന്തമായി നീട്ടികൊണ്ടുപോവുകയും ചെയ്തത് സമൂഹത്തിന് ഇത്തരമൊരു സന്ദേശം നൽകാൻ വേണ്ടിയാണ്. പശ്ചിമ ബംഗാളിൽ ആർ. രാജഗോപാലടക്കം ഇരുപത്തേഴു ലക്ഷംപേരെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. വോട്ടഴ്സ് ലിസ്റ്റിൽ നിന്നും ജനങ്ങളെ ഒഴിവാക്കുകയെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് പശ്ചിമബംഗാളിൽ ഹിന്ദു ഫാസിസ്റ്റു കക്ഷി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് അധികാരം മോഷ്ടിച്ചുവെന്ന് മമതാ ബാനർജി പറഞ്ഞത്. ആരോപണങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ആർ.രാജഗോപാലിന്റെ പ്രശ്നം മാത്രം പരിഹരിച്ചതുകൊണ്ട് കാര്യമില്ല. മാത്രമല്ല, വൈകിക്കിട്ടിയ പാസ്പോർട്ടുമായി മകളുടെ വിവാഹത്തിനുപോകാൻ അദ്ദേഹത്തിന് കഴിയില്ല. വിവാഹം നടന്നുകഴിഞ്ഞല്ലൊ.


വൈകിക്കിട്ടുന്ന നീതി, അനീതിക്ക് തുല്യമാണ്. പൗരത്വ പ്രതിസന്ധി വളരെ ഗൗരവമുള്ള വിഷയമാണ്. ഇന്ത്യയിലെ ജനാധിപത്യബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായി വിഷയത്തിൽ ഒറ്റ ബാനറുമായി നിന്നില്ലെങ്കിൽ, ഇപ്പോഴുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥ മറനീക്കി പുറത്തുവരികതന്നെചെയ്യും.


    Tuesday, 16 June 2026

    നിയമസഭയിലെ വന്ദേമാതരസന്ദേഹം

     നിയമസഭയിലെ വന്ദേമാതരസന്ദേഹം

    --------------------------------------------------------

    ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് കേരളനിയമസഭയിലെത്തിയ, എസ്.എൻ.ഡി.പി.യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡന്റാണ് ബി.ബി.ഗോപകുമാർ. ആദരണീയനായ ഈ നിയമസഭാംഗം സ്പീക്കറോടും മറ്റു നിയമസഭാംഗങ്ങളോടുമായി ഒരു ചോദ്യം ഉന്നയിച്ചിരുന്നു. സഭാ ടി.വിയിലൂടെ അതു കണ്ടപ്പോൾ

    ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹമാണല്ലോ ചോദ്യം ഉന്നയിച്ചത് എന്നോർത്ത് ദുഃഖം തോന്നി. വന്ദേ മാതരം അദ്ദേഹം അവതരിപ്പിച്ചത് ഇങ്ങനെയാണ്. "പത്തു കൈകളിൽ ആയുധമേന്തിയ ദുർഗ്ഗ നീയാണ്.താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മി നീയാണ്. വിദ്യ നൽകുന്ന സരസ്വതിയും നീയാണ്.നിന്നെ ഞാൻ വന്ദിക്കുന്നു.ഇത് ഭാരതത്തിന്റെ ആധ്യാത്മിക അടിത്തറയിൽ നിന്നുകൊണ്ട് എഴുതിയതാണ്. ഇവിടെ എവിടെയാണ് വർഗീയതയുള്ളത്?"

    ബങ്കിം ചന്ദ്ര ചാറ്റർജി ആനന്ദമഠം എഴുതിയ സാഹചര്യവും അതിൽ കവിത ഉൾപ്പെടുത്തിയ സന്ദർഭവും ഒന്നും ഇവിടെ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അത് ഇതിനകം ധാരാളമായി ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. നിയമസഭാംഗം പറഞ്ഞ അർത്ഥം ശരിയാണോ എന്നും ഇവിടെ ചികഞ്ഞു നോക്കുന്നില്ല. ഭരണഘടനാ പരമായി ഇന്ത്യ ഒരു മതേതരരാജ്യമാണ്. അതായത്, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും ബുദ്ധിസ്റ്റുകളും ജൈനവിശ്വാസികളും സിഖുമതക്കാരും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഒന്നിലും ഉൾപ്പെടാത്ത ദലിത് ആദിവാസി ജനതയും എല്ലാവരും ഉൾപ്പെട്ടതാണ് ഇന്ത്യാമഹാരാജ്യം. വന്ദേമാതരത്തിലെ ചില വരികൾ ഒരു മതത്തിലെ ആരാധനാമൂർത്തിയെ മാത്രം ഉയർത്തിക്കാട്ടുന്നതാണ്. അത് പൗരസമൂഹത്തെ അടിച്ചേൽപ്പിക്കുന്നത് അഭികാമ്യമായ കാര്യമല്ല. കുറെ ഹിന്ദുക്കൾക്ക് സന്തോഷം വരും എന്നല്ലാതെ ഇന്ത്യയിലെ പൊതുസമൂഹത്തിന് ഒരു സന്തോഷവും ഉണ്ടാവുകയില്ല. പ്രാഥമികമായ ആനന്ദം പോലും ഉണ്ടാകുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് ദേശസ്നേഹമുണ്ടാവു!

    ലാ ഇലാഹ് ഇല്ലള്ളാഹ് എന്നോ യേശുവേ നിന്റെ രാജ്യം വരേണമേ എന്നോ എല്ലാ ഇന്ത്യക്കാരും ഏറ്റു ചൊല്ലണമെന്ന് നിർബ്ബന്ധം പിടിച്ചാൽ അതെത്ര അനീതിയാണ്! അനീതിയാണ് വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു പാദങ്ങൾ കൂടാതെ എല്ലാ വരികളും ചൊല്ലണമെന്ന് നിർബ്ബന്ധിക്കുന്നത്. ആദരണീയനായ നിയമസഭാംഗത്തിന്റെ പൂർവ്വാശ്രമവും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനത്തിന് തണലേകി പഞ്ചായത്തു മെമ്പർ വരെയാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻകാല അനിഷേധ്യനേതാക്കളാണ് വന്ദേമാതരത്തിലെ ആദ്യപാദങ്ങളൊഴിച്ച് മറ്റൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് ആദ്യംതന്നെ അഭിപ്രായപ്പെട്ടത്. ഹിന്ദുമതരാഷ്ട്രീയപ്പാർട്ടിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇന്നത്തെ കോൺഗ്രസ്സ് നേതാക്കൾക്ക് ഇതിപ്പോൾ പഥ്യമായേക്കാം.

    ഇനി മറ്റൊരുകാര്യമുള്ളത് എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകപ്രസിഡന്റായ നാരായണഗുരു പത്തുകൈയിലും ആയുധമുള്ള ഒരു ദേവതയെ ആരാധിക്കുവാൻ എങ്ങും ആവശ്യപ്പെടുകയോ അങ്ങനെയൊരു വിഗ്രഹം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും പക്വതയാർന്ന അവസാനനാളുകളിൽ അദ്ദേഹം ജാതിയും മതവും ഉപേക്ഷിക്കുകയാണ് ചെയ്തത്. ആയുധധാരികളായ ഭീകരദൈവങ്ങളെ ഒഴിവാക്കി, ശങ്കരൻകുഴിയിലെ ഒറ്റക്കല്ലിൽ ശിവനെ സങ്കല്പിക്കുകയാണ് ഗുരു ചെയ്തത്. ആ ശിലാഖണ്ഡത്തിൽ സർപ്പവും ആയുധവും പോയിട്ട് കണ്ണും മൂക്കും പോലും ആലേഖനം ചെയ്തിരുന്നില്ല. പിന്നീടങ്ങോട്ട് അദ്ദേഹം നടത്തിയത് ദൈവവിരുദ്ധമായ പ്രതിഷ്ഠകളായിരുന്നു. മാത്രമല്ല, പള്ളികൾ പോലും സ്ഥാപിക്കാൻ ഗുരു സന്നദ്ധനായിരുന്നു. ഗുരു ഇറങ്ങിപ്പോയെങ്കിലും പ്രതിമകളിലൂടെ ഗുരുവിനെ മുൻനിർത്തുന്ന എസ്.എൻ.ഡി.പി യോഗം ഇതെല്ലാം മറക്കുകയും ചെയ്തിരിക്കുന്നു. രാമരാജ്യം ശരിയല്ലെന്ന് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ മുഖത്തുനോക്കിപ്പഞ്ഞ സഹോദരൻ അയ്യപ്പനും ആത്മീയതയല്ല, നാസ്തികതയാണ് ശരിയെന്നു വിശ്വസിച്ച സി.കേശവനും എസ്.എൻ.ഡി.പിയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്നു എന്നകാര്യം ഇന്നത്തെ വ്യാജശ്രീനാരായണീയർ മറന്നാലും സാംസ്ക്കാരിക കേരളം മറക്കുകയില്ല.

    രഘുപതി രാഘവ രാജാറാം / പതീതാപാവന സീതാറാം / ഈശ്വര അള്ളാ തേരേ നാം എന്നു ജപിച്ചുനടന്ന നമുടെ രാഷ്ട്രപിതാവുപോലും ആയുധധാരിയായ ദുർദ്ദേവതയെ ആരാധിച്ചില്ല.

    ലോകത്തിലേക്കും ശ്രേഷ്ഠമായ നാട് നമ്മുടെ ഹിന്ദുസ്ഥാൻ ആണെന്ന മഹാകവി ഇഖ്ബാലിന്റെ വരികളെ ഇരുളിലേക്ക് തള്ളിമാറ്റിയിട്ടാണ് ആയുധധാരിയായ ഒരു ദേവതയുടെ വാഴ്ത്തുപാട്ട് മുന്നോട്ടു വയ്ക്കുന്നത്. വന്ദേമാതരത്തിലെ ആദ്യവരികളുടെ എല്ലാ മനോഹാരിതയും കെടുത്തുന്നതാണ് ദുർഗ്ഗാപൂജയുടെ അന്ധവിശ്വാസദുർഗ്ഗന്ധമുള്ള അവസാനവരികൾ. അതുകൊണ്ടാണ് ദേശാഭിമാനികളായ നേതാക്കളും ഭരണാധികാരികളും വരികളെ ഉപേക്ഷിച്ചത്.

    ഒരു നിയമസാഭാംഗം പ്രതിനിധീകരിക്കുന്നത് നിയോജകമണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയുമാണ്. തനിക്ക് വോട്ടു ചെയ്യാത്തവരുടെയും പ്രതിനിധിയാണ് നിയമസഭാംഗം. അവർ വിവിധ ആരാധനാരീതികളുള്ള സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ അപമാനിക്കുന്നത് ശരിയല്ല. ചാത്തന്നൂരാണെങ്കിൽ കേരളയുക്തിവാദി സംഘത്തിന്റെ സംസ്ഥാനസെക്രട്ടറി സന്തോഷ് മാനവം അടക്കമുള്ള വോട്ടർമാർ അധിവസിക്കുന്ന സ്ഥലമാണ്. വിവിധ മതവിശ്വാസികളും അവിശ്വാസികളും അവിടെയുണ്ട്. അപ്പോൾ അവരുടെ പ്രതിനിധി, ഒരുമതത്തിലെ ചിലർ മാത്രം ആരാധിക്കുന്ന ഒരു മൂർത്തിയെ ന്യായീകരിക്കുന്നതും അതിന്റെ അപദാനങ്ങൾ ചൊല്ലുന്നതിൽ തെറ്റില്ലെന്നു വാദിക്കുന്നതും ഒരു മതേതരഭരണഘടനയ്ക്കു നിരക്കുന്നതേയല്ല.


    Tuesday, 2 June 2026

    അപമാനിതയായ അമ്മമലയാളം

     അപമാനിതയായ അമ്മമലയാളം

    -----------------------------------------

    മഹാരാജാവും ഭീഷ്മപിതാമഹനും കാന്തന്മാരും ശ്രദ്ധിച്ചിരിക്കെ  സഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദിയെ പോലെ കേരളനിയമസഭയിൽ ആദ്യകൂടിച്ചേരലിൽത്തന്നെ അമ്മമലയാളം ആക്ഷേപിക്കപ്പെട്ടു. മലയാളികളുടെ വോട്ടുവാങ്ങി ജയിച്ചു നിയമസഭയിലെത്തിയ പല അംഗങ്ങളും സത്യപ്രതിജ്ഞക്ക് മലയാളം ഉപയോഗിച്ചില്ല. സത്യപ്രതിജ്ഞയ്ക്ക് ഇംഗ്ലീഷ് മതിയെന്ന തീരുമാനം അവരെകൊണ്ട് എടുപ്പിച്ചത് ഈ പ്രധാനചടങ്ങിന് വീട്ടമ്മ പാടില്ലെന്ന ബോധമായിരിക്കാം. 

    മഞ്ചേശ്വരത്തുനിന്നും ദേവികുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ യഥാക്രമം കന്നഡയിലും തമിഴിലുമാണ് സത്യവാചകം ചൊല്ലിയത്. അവരുടെ വോട്ടർമാരിൽ നല്ലൊരു ശതമാനം ആ അയൽഭാഷകൾ സംസാരിക്കുന്നവരാണ്. അതിനാൽ അവർചെയ്തത് ശരി. എന്നാൽ കേരളത്തിലാരുടെയും മാതൃഭാഷ ഇംഗ്ലീഷ് അല്ല.പിന്നെന്തിനാണ് പത്തോളം വിജയികൾ സത്യപ്രതിജ്ഞക്ക് ആ വിദേശഭാഷ ഉപയോഗിച്ചത്? മലയാളിയുടെതന്നെ ഒരു വ്യാജപ്രതിച്ഛായയുടെ അടയാളമായിരുന്നോ ആ പ്രതിജ്ഞ? അതോ, തങ്ങൾ സത്യം ചെയ്തതൊന്നും സാധാരണജനങ്ങൾ അറിയരുതെന്നു വിചാരിച്ചോ? അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ എന്നതായിരുന്നോ പ്രമാണം? വിജയിച്ചു കഴിഞ്ഞപ്പോൾ വിജയിപ്പിച്ചവരെയും മൊത്തം വോട്ടർമാരെയും തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തുന്നതായിപ്പോയി ആ നടപടി. 

    ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യവുമായി വലിയ സമരങ്ങളാണ് സാംസ്ക്കാരികപ്രവർത്തകർ കേരളത്തിൽ നടത്തിയത്. കോടതിയാത്ര, സെക്രട്ടേറിയറ്റ് ധർണ,പി.എസ്.സി ഓഫീസിനുമുന്നിൽ നിരാഹാരം, കേരളയാത്ര, നിവേദനം, ജില്ലാ കേന്ദ്രങ്ങളിൽ ധർണ, തിരുവോണനാളിൽ ഉപവാസം അങ്ങനെ നിരവധി അഹിംസാമാർഗത്തിലുള്ള സമരരീതികൾ കേരളം കണ്ടു. എം.എൻ.കാരശ്ശേരിയും ഡോ.പി.പവിത്രനും നന്ദകുമാറും അടക്കം നിരവധി ആളുകൾ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. മലയാളം അക്ഷരമാല പ്രാഥമികവിദ്യാഭ്യാസകാലത്ത് നിർബ്ബന്ധമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാനടക്കമുള്ളവർ സെക്രട്ടേറിയറ്റിനുമുന്നിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് സമരം ചെയ്തു. അക്ഷരമാലാ പഠനം പ്രാഥമികവിദ്യാലയങ്ങളിൽ നടപ്പിലാക്കുകയും ചെയ്തു. ആ സമരങ്ങൾക്കും ശേഷം, ജനപ്രതിനിധികളുടെ ഇംഗ്ലീഷ് പ്രതിജ്ഞ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.

    നോക്കൂ, തെരഞ്ഞെടുപ്പുകാലത്ത് എല്ലാ ചുമരെഴുത്തുകളും മലയാളത്തിൽ ആയിരുന്നു. വോട്ട് അഭ്യർത്ഥനകളെല്ലാം മലയാളത്തിൽ. മലയാളമായി പരിണമിച്ച വോട്ട് എന്നവാക്കിനുപകരം സമ്മതിദാനാവകാശം എന്നുവരെ ഉപയോഗിച്ചു. തെരഞ്ഞെടുപ്പു കാലത്തുമാത്രം പ്രത്യക്ഷപ്പെടാറുള്ള ഹ്ന എന്ന അക്ഷരം നമ്മുടെ ചിഹ്നത്തിന്റെ രൂപത്തിൽ ചുമരുകളിൽ മലർന്നു കിടന്നു. പ്രകടനപത്രികയും പ്രസംഗവും മലയാളത്തിൽ. ആരോപണ പ്രത്യാരോപണങ്ങളെല്ലാം മലയാളത്തിൽ. പത്രപ്രസ്താവനകളും മലയാളത്തിൽ.പാരഡിപ്പാട്ടുപോലും മലയാളത്തിൽ. പിന്നെന്തിനാണ് പ്രതിജ്ഞ ചൊല്ലുമ്പോൾ ആ മദാമ്മമൊഴി?

    മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, സണ്ണി ജോസഫ്, ഷിബു ബേബിജോൺ  എന്നിവരും എ.കെ.എം.അഷറഫ്, മാണി സി.കാപ്പൻ,രമേഷ് പിഷാരടി, മാത്യു കുഴൽനാടൻ,ഫൈസൽ ബാബു,സന്ദീപ് വാര്യർ തുടങ്ങിയവരാണ് തങ്ങളുടെ ഇംഗ്ലീഷ് പാണ്ഡിത്യം വിളമ്പി വോട്ടർമാരോട് കൂരായണാ പറഞ്ഞത്. ഇവരിൽ നിന്നും നമ്മൾ മലയാളികൾ എന്താണ് പ്രതീക്ഷിക്കേണ്ടത്? 

    സത്യപ്രതിജ്ഞാ വേദിയിൽ കണ്ട മറ്റൊരു അസംബന്ധം, കാളീസ്തുതി അടക്കമുള്ള വന്ദേമാതരം ഉയർന്നപ്പോൾ എല്ലാവരും ആദരവോടെ എണീറ്റ് നിന്നതാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ കുളത്തിലെ മലിനജലം സംസ്ഥാനങ്ങളിലേക്ക് അടിച്ചുകയറ്റുന്ന കിർലോസ്ക്കർ പമ്പായാണ് ഗവർണ്ണർമാർ പ്രവർത്തിക്കുന്നത്. തിരുവള്ളുവരെപ്പോലും കാവി ഉടുപ്പിച്ചിരിക്കുന്നു.കാളീസ്തുതി കേരളാഗവർണ്ണർക്കും പത്ഥ്യമാണ്. ആദ്യത്തെ രണ്ടുപാദങ്ങൾ കഴിയുമ്പോൾ അവിടെയുണ്ടായിരുന്ന നിമസഭാംഗങ്ങളും പ്രവർത്തകരും സ്വന്തം ഇരിപ്പിടങ്ങളിൽ ഇരിക്കണമായിരുന്നു.ഗവർണ്ണറും മൂന്ന് എം എൽ എ മാരും മാത്രം എഴുനേറ്റുനിന്ന് ഹിന്ദുമത ഫാസിസത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നകാഴ്ച അപ്പോൾ കാണാമായിരുന്നു. അതുണ്ടായില്ല. പുതിയ സ്പീക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ഗവർണ്ണറുടെ സാന്നിദ്ധ്യത്തിൽത്തന്നെ ദേശീയഗീതത്തിലെ കാളീസ്തുതി ഒഴിവാക്കിക്കണ്ടപ്പൊഴാണ് മോഹാലസ്യപ്പെട്ടുകിടന്ന മതേതര ദേശീയബോധത്തിന് ഉണർവ് ഉണ്ടായത്