Monday, 1 February 2016

രോഹിത്‌ വെമുലയ്ക്ക്‌ ഒരു കവിയുടെ കത്ത്‌


പ്രിയപ്പെട്ട രോഹിത്‌,

ഒരിക്കലും വായിക്കില്ല എന്നറിഞ്ഞുകൊണ്ടാണ്‌ ഈ കത്തെഴുതുന്നത്‌. ലാറ്റിനമേരിക്കൻ മൂപ്പന്റെ കത്തുപോലെ രോഹിതിന്റെ കത്തും ചരിത്രമാവുകയാണ്‌. ആദ്യമായെഴുതിയ അവസാനത്തെ കത്ത്‌.

എന്റെ ജന്മം തന്നെ ഒരു മാരക അത്യാഹിതം ആയിരുന്നു എന്ന രോഹിതിന്റെ വാചകം എന്നെ ഏറെ ചിന്തിപ്പിച്ചു. എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ ഒരു ദളിത്‌ വിദ്യാർഥി ആത്മഹത്യാക്കുറിപ്പിൽ അങ്ങനെയൊരു വാചകം എഴുതിയത്‌.

മനുഷ്യജന്മം അത്ര നികൃഷ്ടമാണോ? മനുഷ്യജന്മം നികൃഷ്ടമാണ്‌ എന്ന്‌ ദളിതർക്ക്‌ തോന്നാൻ കൃത്യമായ കാരണങ്ങൾ ഉണ്ട്‌. തൊഴിലിന്‌ മാന്യത കൽപിക്കാത്ത ഇന്ത്യയിൽ കുലത്തൊഴിൽ എന്ന സമ്പ്രദായം അപമാനകരമായി.

എല്ലാവർക്കും മറ്റുളളവരുടെ മുടി മുറിക്കാൻ കഴിയുമോ? എല്ലാവർക്കും വസ്ത്രമുണ്ടാക്കാൻ കഴിയുമോ? എല്ലാവർക്കും കസേരയും മേശയും ഉണ്ടാക്കാൻ കഴിയുമോ? കഴിയുമല്ലോ. അൽപം പരിശീലനമുണ്ടെങ്കിൽ ആർക്കും ഇതൊക്കെ സാധിക്കും. എന്നാൽ ഹിന്ദുമതം മുന്നോട്ടുവച്ച കുലത്തൊഴിൽ സമ്പ്രദായം എല്ലാവർക്കും ഇതൊന്നും സാധിക്കില്ലെന്ന്‌ വിധിച്ചുകളഞ്ഞു. പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നവരെ അവർ അപമാനിച്ചു

മറ്റൊരാളുടെ മുടി മുറിക്കണമെങ്കിൽ കണക്കുകൂട്ടലും കലാബോധവും കൈകോർത്തു നിൽക്കണം. ആ പ്രവൃത്തി മഹനീയമായ പ്രവൃത്തിയാണ്‌. അദ്ദേഹത്തെ നമ്മൾ ആദരിക്കണം. എന്നാൽ ജാതീയഭാരതം അവരെ അപമാനിക്കുകയായിരുന്നു.

കുലത്തൊഴിൽ എന്ന്‌ പറഞ്ഞ്‌ അടിച്ചേൽപ്പിച്ച പ്രവൃത്തികൾ ചെയ്യുന്നവരെ അപമാനിച്ചു. കുലത്തൊഴിൽ വിധിക്കപ്പെട്ടവർ ലോകാവസാനം വരെ അതുതന്നെ ചെയ്യണം എന്ന്‌ അവർ വിധിച്ചു. ജാതീയ നാമങ്ങൾ തെറിവാക്കുകളായിപോലും ഉപയോഗിക്കപ്പെട്ടു. അതുകൊണ്ടാണ്‌ ജന്മം തന്നെ മാരകമായ അത്യാഹിതമായിരുന്നു എന്ന്‌ രോഹിതിന്‌ തോന്നിയത്‌.

ജാതീയമായ അധിക്ഷേപങ്ങൾ ഇന്ത്യയിലെ ദളിതരെ എത്രയും വേഗം അവർക്ക്‌ തുന്നിക്കൊടുത്ത ജാതിക്കുപ്പായം കുടഞ്ഞെറിയാൻ പ്രേരിപ്പിച്ചു. സവർണജാതിക്കാർ മാത്രമാണ്‌ ജാതിപ്പേരുകൾ ഉപയോഗിക്കുന്നത്‌. നോക്കൂ, മഞ്ജുവാര്യർ, നവ്യനായർ, രമ്യ നമ്പീശൻ, ശ്വേതാമേനോൻ, ലക്ഷ്മിശർമ്മ…… ദളിതരാരും അപമാനഭാരത്താൽ ജാതിപ്പേര്‌ വയ്ക്കാറില്ല.

പാർവതി എന്ന നടി പാർവതി മേനോൻ എന്ന ജാതിപ്പേര്‌ വിളിച്ചപ്പോൾ ക്ഷുഭിതയായത്‌ അപൂർവവും അഭിമാനകരവുമായ ഒരു സംഭവമായി കാണേണ്ടതാണ്‌.

ചണ്ഡാലഭിക്ഷുകിയിലെ പെൺകുട്ടി ബുദ്ധഭിക്ഷുവിനോട്‌ പറയുന്നത്‌ ദാഹജലം കൊടുത്താൽ പാപമുണ്ടാകും എന്നാണ്‌. ഇങ്ങനെ പറയിപ്പിക്കാൻ ചാമർ നായകന്റെ മകളെ പ്രേരിപ്പിച്ചത്‌ മനുഷ്യവിരുദ്ധമായ ഇന്ത്യൻ ജാതിവ്യവസ്ഥയാണ്‌. അതാണ്‌ ജന്മം തന്നെ ദാരുണമായ അത്യാഹിതമായിരുന്നുവെന്ന്‌ എഴുതാൻ രോഹിതിനെ പ്രേരിപ്പിച്ചത്‌.

ഇന്ത്യൻ ജാതിവ്യവസ്ഥ മനുഷ്യത്വത്തെ തച്ചുടച്ചതും അപമാനകരവുമായിരുന്നു. ജാതി ഇല്ലാതാക്കിയെങ്കിൽ മാത്രമേ മനുഷ്യാഭിമാനം ഉയർത്തെഴുന്നേൽക്കുകയുളളു. അങ്ങനെ മാത്രമേ സ്നേഹവും സൗഹൃദവും പുലരുകയുളളു.

രോഹിതിന്റെ കത്തിൽ ഹൈദരാബാദ്‌ യൂണിവേഴ്സിറ്റി ഫെലോഷിപ്പായി നൽകാനുളള ഒന്നേമുക്കാൽ ലക്ഷം രൂപയെക്കുറിച്ച്‌ പറയുന്നുണ്ട്‌. അത്‌ കിട്ടിയിരുന്നുവെങ്കിൽ രോഹിതിന്‌ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നു. സന്ദർഭ സമത്വം മാത്രമല്ല സാമ്പത്തിക സമത്വവും ഒരു ദളിതന്‌ അത്യാവശ്യമാണ്‌. അത്‌ ചെയ്തുകൊടുക്കാതിരുന്ന സർവകലാശാലാ അധികൃതരും ഇന്ത്യൻ ഭരണകൂടവും ക്ഷമിക്കാനാകാത്ത തെറ്റാണ്‌ ചെയ്തിരിക്കുന്നത്‌.

പ്രിയപ്പെട്ട രോഹിത്‌, ചോര കൊണ്ടെഴുതിയ ആ ആത്മഹത്യാക്കുറിപ്പ്‌ ഇന്ത്യൻ യുവത്വത്തിന്‌ എക്കാലവും ഊർജ്ജസ്രോതസായിരിക്കും.
കുരീപ്പുഴ ശ്രീകുമാർ
ജനയുഗം

Saturday, 16 January 2016

സ്വർണ ശങ്കറും അലുമിനിയം അയ്യൻകാളിയും


ഹിന്ദുമതത്തിലെ നാല്‌ ജാതിക്കും പുറത്തുനിൽക്കുന്ന സമൂഹങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ ഈഴവ സമൂഹവും പുലയസമൂഹവും. ജാതിയും മതവും ഉപേക്ഷിച്ച നാരായണഗുരുവിനെ ഈഴവ സമൂഹവും പുലയ മഹാസഭയുടെ സ്ഥാപകനല്ലാത്ത അയ്യൻകാളിയെ പുലയ സമൂഹവും ഉയർത്തിക്കാണിച്ചു കൊണ്ടാണല്ലോ സാമുദായിക പ്രവർത്തനങ്ങൾ നടത്തുന്നത്‌. 

ഈ സമുദായങ്ങളുടെ സാമ്പത്തികമായ ഉച്ചനീചത്വം ശരിയായി വെളിപ്പെടുത്തുന്നതാണ്‌ കൊല്ലം നഗരത്തിൽ അടുത്തടുത്തു നിൽക്കുന്ന രണ്ടുപ്രതിമകൾ. 

കൊല്ലം എസ്‌ എൻ കോളജ്‌ കോമ്പൗണ്ടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ആർ ശങ്കറിന്റെ പടുകൂറ്റൻ പ്രതിമയും തൊട്ടടുത്ത്‌ അയ്യൻകാളിയുടെ തീരെ മെലിഞ്ഞ ഒരു ചെറുപ്രതിമയുമാണുളളത്‌. ആർ ശങ്കറിന്റെ പ്രതിമയെ സ്വർണച്ചായം പൂശി സമ്പന്നതയുടെ ലക്ഷണമൊത്ത രൂപമാക്കിയിട്ടുണ്ട്‌. നേരത്തെ തന്നെ തൊട്ടടുത്ത പീരങ്കി മൈതാനത്തിന്റെ തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന അയ്യൻകാളിയുടെ തീരെ മെലിഞ്ഞ പ്രതിമയിൽ അലൂമിനിയം പെയിന്റടിച്ച്‌ തിളക്കമുളളതാക്കിയിട്ടുണ്ട്‌. 

ജനയുഗത്തിലെ പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്ന കോഴിശേരി ലക്ഷ്മണന്റെ കണ്ടെത്തൽ പ്രകാരം കൊല്ലത്തെ പീരങ്കിമൈതാനം, ആശ്രമം മൈതാനത്തിന്റെ ഭാഗമായിരുന്നു. ഈ വിശാലമായ പ്രദേശത്താണ്‌ റസിഡൻസി മന്ദിരവും കൊല്ലം റയിൽവേ സ്റ്റേഷനും എസ്‌എൻ, ഫാത്തിമ കോളജുകളും കർബലയും ലാൽബഹദൂർ സ്റ്റേഡിയവും ടി കെ ദിവാകരൻ പാർക്കും കോർപറേഷൻ ഓഫീസും പൊലീസ്‌ ക്യാമ്പും ഇംഗ്ലീഷ്‌ പളളിയും ശാരദാമഠവും എല്ലാം നിൽക്കുന്നത്‌. ശ്രീനാരായണകോളജ്‌ നിൽക്കുന്ന സ്ഥലം സർക്കാരിലേയ്ക്കുളള വരുമാനം ഒഴിവാക്കി കഴിഞ്ഞ ഇടതുപക്ഷ സർക്കാർ വിട്ടുകൊടുക്കുകയായിരുന്നു. 

മുൻ എംഎൽഎയും ദീർഘദർശിയുമായിരുന്ന ടി കൃഷ്ണന്റെ ആഗ്രഹപ്രകാരമാണ്‌ വളരെ വർഷങ്ങൾക്ക്‌ മുമ്പ്‌ അയ്യൻകാളിയുടെ പ്രതിമ സ്ഥാപിച്ചത്‌. അയ്യൻകാളിയുടെ അർധകായ പ്രതിമയുമായി അൽപം സ്ഥലത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു. വളരെക്കാലത്തെ പരിശ്രമത്തിനുശേഷമാണ്‌ ആ നവോഥാന നായകന്റെ പ്രതിമ പീരങ്കി മൈതാനത്ത്‌ ഇറക്കിവയ്ക്കുവാൻ അദ്ദേഹത്തിന്‌ സാധിച്ചത്‌. പിന്നീട്‌ ആ പ്രതിമ മാറ്റി ചെറിയ ഒരു പൂർണകായ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ആർ ശങ്കറിന്റെ പ്രതിമയാവട്ടെ എല്ലാവിധ ആർഭാടങ്ങളോടുംകൂടി ഹിന്ദുകാർഡു കാട്ടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയായിരുന്നു. അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം ആർ ശങ്കറിന്‌ ഹിന്ദുമത വർഗീയ രാഷ്ട്രീയസംഘടനയുമായി ബന്ധമുണ്ടായിരുന്നുവെന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഫലിതം പൊട്ടിക്കുകയും ചെയ്തു.

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യ കേരള മന്ത്രിസഭയ്ക്ക്‌ ബജറ്റ്‌ തയാറാക്കുവാൻ സഹായിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്ന പ്രൊഫ. മാത്യു തരകനെ ക്ഷണിച്ചുവരുത്തി കൊല്ലം ശ്രീനാരായണ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ ചുമതല ഏൽപിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാരനല്ലാത്ത ആർ ശങ്കർ ചെയ്തത്‌. 

വി കെ കൃഷ്ണമേനോനും പന്ന്യൻ രവീന്ദ്രനും ശശി തരൂരും കെ കരുണാകരനുമടക്കം മലബാറിൽ ജനിച്ചവരെ തിരുവനന്തപുരം പാർലമെന്റ്‌ നിയോജക മണ്ഡലത്തിലെ ജനങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്‌. കണ്ണൂരിൽ നിന്നും നിയമസഭയിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു തിരുവിതാംകൂർ നിവാസിയായിരുന്നു ആർ ശങ്കർ. എല്ലാവരെയും അംഗീകരിക്കുവാൻ ആർ ശങ്കറിന്‌ കഴിഞ്ഞിരുന്നു.

കൊല്ലത്ത്‌ കമ്മ്യൂണിസത്തിന്റെ വിത്ത്‌ വിതച്ചവരിൽ ഒരാളായിരുന്നു വി കാർത്തികേയൻ. കേരള ഹൈക്കോടതിയിലും ഇന്ത്യൻ റയിൽവേയിലും ലഭിച്ച ജോലി കമ്യൂണിസ്റ്റുകാരൻ എന്ന ഒറ്റക്കാരണത്താൽ പൊലീസ്‌ വെരിഫിക്കേഷനിൽ അദ്ദേഹത്തിന്‌ നഷ്ടമായി. കെപിആർ രയരപ്പനോടൊപ്പം വെല്ലൂർ ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹം പിന്നീട്‌ ധനതത്വശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരൻ എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു പൈസപോലും വാങ്ങാതെ ആർ ശങ്കർ കൊല്ലം എസ്‌എൻ കോളജിൽ നിയമിച്ചു. ഇക്കാലത്ത്‌ അധ്യാപക നിയമനത്തിന്‌ ലക്ഷങ്ങളുടെ പാട്ടാണല്ലോ കമ്പോളത്തിലുളളത്‌.ആർ ശങ്കറിന്റെ കാലം കഴിഞ്ഞുപോയല്ലോ. 

അധഃസ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന ഈഴവ സമുദായത്തിന്റെ സാമ്പത്തികശേഷിയും പുലയ സമുദായത്തിന്റെ ദാരിദ്ര്യവും ഇന്ന്‌ സ്പഷ്ടമായിത്തന്നെ കാണാം. കേരളത്തിലെ ദളിതരിൽ കുറേയെങ്കിലും മുന്നോട്ടുവന്നിട്ടുളള സമുദായമാണ്‌ പുലയസമുദായം. അവരുടെ സ്ഥിതി അലൂമിനിയം പെയിന്റിലാണ്‌ ഒതുങ്ങുന്നതെങ്കിൽ അതിലും താഴെയുളളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്തായാലും ഈ വർണവ്യത്യാസം ശരിയായ ഒരു സാമൂഹ്യസാമ്പത്തിക പഠനത്തിലേയ്ക്ക്‌ വെളിച്ചം വീശുന്നുണ്ട്‌

Tuesday, 12 January 2016


kureepuzha
Comments Off 24

ഇറക്കിവിടുന്നത്‌ ദയാബായിമാരെ

പംക്തികൾ  

കെഎസ്‌ആർടിസി ജീവനക്കാരിൽ നല്ലൊരു വിഭാഗവും യാത്രക്കാരോട്‌ നന്നായി പെരുമാറുന്നവരാണ്‌. എന്നാൽ ചില ജീവനക്കാരുടെ പെരുമാറ്റം ജനങ്ങളിൽ വലിയ അപ്രിയം ഉണ്ടാക്കിയിട്ടുണ്ട്‌.
കെഎസ്‌ആർടിസിയെ രക്ഷിക്കാൻ വേണ്ടി തൊഴിലാളികൾ ബസ്ദിനം ആചരിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ്‌ ഞാനടക്കമുളളവർ അതിൽ പങ്കെടുത്തത്‌. മുഖ്യപ്രഭാഷണം നടത്തിയ കേരളശബ്ദം പത്രാധിപർ ഡോ. ബി എ രാജാകൃഷ്ണൻ ജീവനക്കാരുടെ ആത്മാർഥതയും മാന്യമായ പെരുമാറ്റവും രക്ഷാപ്രവർത്തനത്തിന്‌ ആവശ്യമാണെന്ന്‌ പറഞ്ഞു.
കെഎസ്‌ആർടിസി ബസുകളുടെ ഉടമസ്ഥർ ഏതെങ്കിലും സ്വകാര്യ സ്ഥാപനമോ മുതലാളിമാരൊ അല്ല ജനങ്ങളാണ്‌. വാഹനങ്ങളുടെ ഉടമസ്ഥാവകാശമുളള ജനങ്ങളിൽ ബസിലെ ജീവനക്കാരും പെടും. അതിനാൽ തുല്യ പങ്കാളികൾ കാട്ടുന്ന പരസ്പര ബഹുമാനവും സ്നേഹവും ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകണം.
യാത്രക്കാരും ജീവനക്കാരും തമ്മിൽ ഉരസലുണ്ടാക്കുന്ന ഒരു പ്രധാനപ്രശ്നം കണ്ടക്ടറുടെ പക്കൽ ബാക്കി കൊടുക്കാനുളള ചില്ലറ ഉണ്ടാവില്ലെന്നതാണ്‌. യാത്രക്കാർക്ക്‌ ബാക്കികൊടുക്കാൻ കണ്ടക്ടർ ബാധ്യസ്ഥനാണെന്ന കോടതി പരാമർശം പോലും ഉണ്ടായിട്ടുണ്ട്‌. മറവിരോഗം ബാധിച്ച ഗൗരവക്കാരനായ കണ്ടക്ടർ യാത്രക്കാരുടെ മനസിലെ അപ്രിയ കഥാപാത്രമാണ്‌. കാര്യം നിസാരപ്പെട്ട ചില്ലറയാണെങ്കിലും ഇതുണ്ടാക്കുന്ന ദുഷ്പ്രതിഛായ അത്ര നിസാരമല്ല.
കൊൽക്കത്തയിലെ ബസ്‌ സ്റ്റേഷനുകളിൽ കോയിൻ ബൂത്തുകളുണ്ട്‌. കണ്ടക്ടർമാർ അവിടെനിന്നും നാണയങ്ങൾ ശേഖരിച്ചാണ്‌ ഈ പ്രശ്നം പരിഹരിക്കുന്നത്‌. നമുക്കും ഈ മാർഗം സ്വീകരിക്കാവുന്നതാണ്‌.
സമീപകാലത്ത്‌ കെഎസ്‌ആർടിസി അപമാനിക്കപ്പെട്ടത്‌ ദയാബായിയെ ഇറക്കിവിട്ടതിലൂടെയാണ്‌. കേരളത്തിലെ തൊഴിലാളികളുടെ സമുന്നത നേതാവായിരുന്ന കെ വി സുരേന്ദ്രനാഥിന്റെ നാമത്തിലുളള പ്രഥമപുരസ്കാരം നേടിയ സാമൂഹ്യപ്രവർത്തകയാണ്‌ ദയാബായി. ഫാദർ വടക്കന്റെ പേരിലുളള പുരസ്കാരവും സ്വീകരിച്ച്‌ വിദ്യാർഥിപ്പൊലീസിന്‌ ക്ലാസുമെടുത്ത്‌ വിഐപി പരിവേഷമൊന്നുമില്ലാതെ ബസിൽ കയറിയ അവർ അപമാനിക്കപ്പെട്ടു എന്നത്‌ മായ്ചാലും മായാത്ത കളങ്കമായിപ്പോയി. ജീവനക്കാർക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്‌. ഇത്തരം ഘട്ടങ്ങളിൽ സംഘടനകൾ ഇടപെട്ട്‌ കുറ്റവാളികളെ രക്ഷിക്കുന്നത്‌ നല്ല പ്രവണതയല്ല. അവർക്കുതന്നെ കുറ്റബോധം ഉണ്ടാകേണ്ടതാണ്‌.
ദയാബായിയാണെന്നറിഞ്ഞിരുന്നെങ്കിൽ നല്ല പെരുമാറ്റം ലഭിക്കുമായിരുന്നു. നമ്മുടെ ജീവനക്കാരെല്ലാം തന്നെ ഉന്നത വിദ്യാഭ്യാസമുളളവർ ആയതിനാൽ ബോധ്യപ്പെടാൻ എളുപ്പവുമാണ്‌. അതു പോരല്ലോ. എല്ലാവർക്കും തുല്യനീതി ലഭിക്കേണ്ടതുണ്ടല്ലോ.
പമ്പ ബസിൽ നിന്നും അയ്യപ്പന്മാരുടെ ആവശ്യപ്രകാരം ഒരു വൃദ്ധമാതാവിനെയും അവരുടെ മകളെയും കൈക്കുഞ്ഞിനെയും രാത്രിയിൽ ഇറക്കിവിട്ട സംഭവം ഇനിയും മറക്കാറായിട്ടില്ല.
സംഘടനാ പ്രവർത്തകരായ ജീവനക്കാരാണ്‌ എവിടെയും നന്നായി പെരുമാറാറുളളത്‌. അവർക്ക്‌ ഈ പെരുമാറ്റ മഹിമ കിട്ടിയത്‌ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നായിരിക്കാം. എന്തായാലും എല്ലാ ജനങ്ങളോടും കീർത്തിമുദ്രകൾ നോക്കാതെ നന്നായി പെരുമാറാനുളള പരിശീലനക്കളരികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. കെഎസ്‌ആർടിസിയെ രക്ഷപ്പെടുത്തുന്നതിൽ ജീവനക്കാരുടെ നല്ല പെരുമാറ്റവും ഒരു പ്രധാന ഘടകമാണ്‌.

Sunday, 20 December 2015

ഉത്തമ വനിതാ വാർത്ത ഉത്തർപ്രദേശിൽ നിന്നും


ചൂഷണത്തിന്റെയും കബളിപ്പിക്കലിന്റെയും കതിർമണ്ഡപമായി പലപ്പോഴും വിവാഹരംഗം മാറാറുണ്ടല്ലോ. ചെക്കന്‌ കഞ്ഞികുടിക്കാനുളള വകയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ വിവാഹാനന്തരം പ്ലാവ്‌ കാട്ടിക്കൊടുത്തതും ഇരുന്നുണ്ണാനുളള വകയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ കൊരണ്ടി കാട്ടിക്കൊടുത്തതും പണ്ടേ നമ്മുടെ നാട്ടിലുളള കഥയാണല്ലോ. വഴിയേപോയ ആനയെ ഓല കൊടുക്കാമെന്ന്‌ പറഞ്ഞ്‌ പുരയിടത്തിൽ തളച്ചിട്ട്‌ ആനയുളള വീടാണെന്ന്‌ പറഞ്ഞ്‌ ആളുകളെ പറ്റിച്ച വിരുതന്മാരുമുണ്ട്‌.
ഉത്തർപ്രദേശിലെ മൈൻപൂരിൽ, ഉന്നതവിദ്യാഭ്യാസവും അറുപതേക്കർ സ്ഥലവും ഉണ്ടെന്ന്‌ പറഞ്ഞാണ്‌ ഒരു യുവാവ്‌ കുഷ്ബുസക്സേനയുമായുളള വിവാഹം ഉറപ്പിച്ചത്‌. മാതാപിതാക്കൾ നടത്തുന്ന അന്വേഷണമല്ലാതെ പെൺകുട്ടിക്ക്‌ തന്റെ ഭാവി ഭർത്താവിനെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്താനുളള സന്ദർഭം ഇപ്പോഴുമില്ലല്ലോ. അതിനാൽ കതിർമണ്ഡപത്തിൽവച്ച്‌ പല പെൺകുട്ടികൾക്കും ഈ വരനെ വേണ്ടെന്ന്‌ പറയേണ്ടി വന്നിട്ടുണ്ട്‌. കുഷ്ബുസക്സേനയുടെ കാര്യത്തിലും അങ്ങനെയാണ്‌ സംഭവിച്ചത്‌.

പൂജാരി ചൊല്ലിക്കൊടുത്ത വിവാഹമന്ത്രങ്ങൾ തെറ്റാതെ ഏറ്റുചൊല്ലാൻ വരന്‌ കഴിഞ്ഞില്ല. വിവാഹവസ്ത്രം കൊണ്ട്‌ മുഖം മറച്ചുനിന്ന കുഷ്ബു അത്‌ ശ്രദ്ധിച്ചുവെന്ന്‌ മാത്രമല്ല, കുറച്ച്‌ നാണയങ്ങൾ വരുത്തി വരനോട്‌ എണ്ണാൻ പറഞ്ഞു. വരന്‌ നാണയങ്ങൾ എണ്ണിയെടുക്കാനുളള പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലെന്ന്‌ അപ്പോഴാണ്‌ എല്ലാവർക്കും ബോധ്യപ്പെട്ടത്‌.
തീർന്നില്ല, അറുപത്തൊമ്പതും എഴുപത്തൊമ്പതും തമ്മിലുളള വ്യത്യാസം ചോദിച്ചപ്പോഴും വരന്റെ വിവരമില്ലായ്മ പൊളിഞ്ഞു. വധു, സ്വന്തം മൊബെയിൽ ആ പുരുഷകേസരിയെ ഏൽപിച്ചിട്ട്‌ ഒരു നമ്പർ ഡയൽ ചെയ്യാൻ പറഞ്ഞിട്ടും അയാൾക്കതിന്‌ കഴിഞ്ഞില്ല.

ഇക്കാലത്ത്‌ ഏത്‌ നിരക്ഷരനും ഒരു നമ്പർ ഡയൽ ചെയ്യാൻ കഴിയുമല്ലോ. ഒരു നമ്പർ ഡയൽ ചെയ്യുന്നതിന്‌ അക്കങ്ങൾ കൂട്ടുകയോ കുറയ്ക്കുകയോ ഗുണിക്കുകയോ ഹരിക്കുകയോ വേണ്ടല്ലോ. അതുപോലും അറിയാത്ത ഒരു പുരുഷനെ തനിക്ക്‌ വേണ്ടെന്ന്‌ കുഷ്ബു കല്യാണപ്പന്തലിൽ വച്ച്‌ പരസ്യമായി പറഞ്ഞു.

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ വരൻ തിരിച്ചു പോയെങ്കിലും വീട്ടുകാർ ഉടൻതന്നെ വിദ്യാഭ്യാസ യോഗ്യതയുളള ഒരു പുരുഷനെ കണ്ടെത്തുകയും വിവാഹം നടത്തുകയും ചെയ്തു.

മരണം വരെ ഒന്നിച്ചു ജീവിക്കേണ്ട പുരുഷനെക്കുറിച്ചുളള എല്ലാ കാര്യങ്ങളും വിവാഹത്തിന്‌ മുമ്പുതന്നെ അറിയാനുളള അവകാശം സ്ത്രീകൾക്കുണ്ട്‌. അതവർക്ക്‌ നിഷേധിക്കുന്നത്‌, സ്വാർഥ താൽപര്യമുളള പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണ്‌.

മലയാള പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങളിൽ ജാതിക്കും മതത്തിനും ജാതകത്തിനും പരോക്ഷ സ്ത്രീധന സൂചനയ്ക്കും നൽകുന്ന പ്രാധാന്യം വിദ്യാഭ്യാസ യോഗ്യതയ്ക്കോ രക്തഗ്രൂപ്പിനോ നൽകാറില്ല.

സ്ത്രീ പുരുഷന്മാർ സ്വയം ജീവിത പങ്കാളികളെ കണ്ടെത്തുന്നതാണുചിതം. അപ്പോൾ വിദ്യാഭ്യാസവും വിവേകവും ഒക്കെയുണ്ടോ എന്ന്‌ മനസിലാക്കാം. തന്നോളം വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽപോലും പ്രണയത്താൽ ഹൃദയം ബന്ധിച്ച്‌ തൃപ്തികരമായി ജീവിക്കാൻ കഴിയും. അറിഞ്ഞുകൊണ്ടാണെങ്കിൽ കുറ്റബോധം ഉണ്ടാവുകയുമില്ലല്ലോ. കുഷ്ബു സക്സേന ഒരു മാതൃകയാണ്‌.

Saturday, 21 November 2015

വേദിയിലെ പെൺസാന്നിധ്യവും മതവിശുദ്ധിയും


kureeppuzha-sreekumar
Comments Off 60



\
ഏതുമതവും സ്ത്രീവിരുദ്ധമാണ്‌. ഹിന്ദുമതം സ്ത്രീവിരുദ്ധമതങ്ങളുടെ മഹാരാജാവും.
സ്ത്രീകളാരും ലോകത്ത്‌ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൊള്ളാവുന്ന ദൈവങ്ങളെല്ലാം പുരുഷന്മാരാണ്‌. ഗോത്രപ്രഭാവകാലത്തുയർന്നുവന്ന അമ്മദൈവങ്ങളെ ചില മതങ്ങൾ ആരാധിക്കുന്നുണ്ടെങ്കിലും അവർക്ക്‌ പുരുഷദൈവങ്ങളോളം പ്രാധാന്യമില്ല. 
ഹിന്ദുമതത്തിലെ ത്രിമൂർത്തികളിൽ ബ്രഹ്മാവും വിഷ്ണുവും ശിവനുമാണുള്ളത്‌. സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ അവരുടെ വകുപ്പുകളാണ്‌. സൃഷ്ടിയിൽപോലും സ്ത്രീ ദൈവത്തിനു പങ്കില്ല. കശുമാങ്ങയും നീർനായയുമടക്കം എല്ലാം സൃഷ്ടിച്ചത്‌ പുരുഷന്മാർ.
മതങ്ങളുടെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ പൂജാരിയായി സ്ത്രീകളെ നിർദേശിക്കുന്നില്ല. മദ്രസകളിൽ ഭാഷ പഠിപ്പിക്കാൻ പോലും സ്ത്രീകളെ അനുവദിക്കുകയില്ല. കന്യാസ്ത്രീകൾക്ക്‌ പുരോഹിതപ്പണി പാടില്ല.
ഹിന്ദുസന്യാസിയായി തുടങ്ങി, ക്രമേണ പുതിയ ദർശനങ്ങളെ ആശ്ലേഷിക്കുകയും ഒടുവിൽ മതത്തിൽ നിന്നുതന്നെ പുറത്തുവരികയും ചെയ്ത നാരായണഗുരു പോലും സ്ത്രീയെ സ്വന്തം ജീവിതത്തിൽ സഹകരിപ്പിച്ചില്ല. സ്ത്രീയെ ജീവിതത്തിൽ സഹകരിപ്പിച്ച ബ്രഹ്മാനന്ദശിവയോഗി ചരിത്രത്തിലെ അപൂർവതേജസുമായി.
ആർത്തവം ഒരു പ്രകൃതിനിയമമാണ്‌ എന്നു കൂട്ടാതെ, അതൊരു കുറ്റകൃത്യവും അയോഗ്യതയുമായി കണക്കാക്കി ശബരിമല അടക്കമുള്ള ആരാധനാലയങ്ങളിൽ അവർക്കു പ്രവേശനം നിരോധിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ മക്കത്തും മദ്രസയിലും വ്യത്യസ്തനിലപാട്‌ ഉണ്ടായി. പോപ്പാകാൻ ഒരു സ്ത്രീയെയും കിട്ടാത്ത വിധത്തിൽ സ്ത്രീകളെത്തന്നെ ബോധവതികളാക്കി.
ഇന്ത്യയിൽ സ്ത്രീസ്വാതന്ത്ര്യം അംഗീകരിച്ചത്‌ ദളിത്‌ സമൂഹം മാത്രമാണ്‌. അതുകൊണ്ടാകാം ഡോ. അംബേദ്കറുടെ നേതൃത്വത്തിലുണ്ടായ ഇന്ത്യൻ ഭരണഘടന, സ്ത്രീകളോടു വിവേചനം കാണിച്ചിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനയാണ്‌ ഭരണഘടന നൽകുന്നത്‌. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നേർപകുതി സ്ത്രീകളാൽ അലംകൃതമാണ്‌. നിയമസഭയിലും പാർലമെന്റിലും സ്ത്രീകൾക്ക്‌ നേർപകുതി സാന്നിധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിലും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ പദവികളിൽ വനിതകൾ എത്തുകയും ശോഭിക്കുകയും ചെയ്തു. ഭരണഘടനാപരമായ സന്ദർഭസമത്വം സ്ത്രീ പൂരുഷന്മാർക്ക്‌ ഉണ്ടാകണം. മൂന്നാംലിംഗക്കാർക്ക്‌ മനുഷ്യസഹജമായ പരിഗണന ഉണ്ടാകണം. അഭിമാനികളായി ജീവിക്കാൻ ആ നിരപരാധികൾക്കും കഴിയണം.
മലയാള സാഹിത്യത്തിലെ വിവർത്തനശാഖാരംഗത്ത്‌ നിരവധി വനിതകൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്‌. ആനി തയ്യിലാണ്‌ പ്രമുഖ വിവർത്തക. യുദ്ധവും സമാധാനവും, അന്നാകരിനീന, കൗണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ, ടെസ്സ്‌, ത്രീ മസ്ക്കറ്റിയേഴ്സ്‌ തുടങ്ങി നിരവധി ലോകപ്രസിദ്ധ കൃതികൾ അവർ മലയാളപ്പെടുത്തി. തൃശൂർ സ്വദേശിനിയായിരുന്ന ആനി തയ്യിൽ പ്രമുഖ അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയും ആയിരുന്നു. രാജ്യസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിട്ടുള്ള ആനി തയ്യിൽ ആയിരക്കണക്കിനു വേദികളാണ്‌ പുരുഷ പ്രസംഗകന്മാരുമായി പങ്കിട്ടിട്ടുള്ളത്‌. അന്നെങ്ങുമില്ലാത്ത വിലക്കാണ്‌ ശ്രീദേവി എസ്‌ കർത്തായ്ക്കു നേരിടേണ്ടിവന്നത്‌.
ശ്രീദേവി എസ്‌ കർത്താ മതേതരജീവിതം നയിക്കുന്ന എഴുത്തുകാരിയാണ്‌. കവിയാണ്‌. കേരളത്തെ സമ്പൂർണസാക്ഷരതയുള്ള സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങളിൽ നോവലിസ്റ്റ്‌ പി എ ഉത്തമനോടൊപ്പം പങ്കെടുത്ത സാംസ്കാരിക പ്രവർത്തകയാണ്‌. അവർ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അവരെ പ്രവേശിപ്പിച്ചില്ലെന്നത്‌ വലിയ സാംസ്കാരിക കുറ്റകൃത്യമായിപ്പോയി.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ അവസാന പുസ്തകമാണ്‌ ശ്രീദേവി മലയാളപ്പെടുത്തിയത്‌. അവരെ വേദിയിൽ പ്രവേശിപ്പിക്കരുതെന്ന്‌ പ്രകാശകനായ ഹിന്ദുസന്യാസിയെ പറയാൻ പ്രേരിപ്പിച്ചതാണ്‌ സ്ത്രീ വിരുദ്ധവും അധമവുമായ ഹിന്ദുമതബോധം. യഥാർഥ വൈറസ്‌ മതമാണ്‌. മനുഷ്യനെ ബാധിച്ച മതരോഗത്തെയാണ്‌ ചികിത്സിച്ചുമാറ്റേണ്ടത്‌.

Saturday, 14 November 2015

പടരുന്ന അരക്ഷിതാവസ്ഥ വളരുന്ന വർഗീയത


     ലോക പ്രസിദ്ധ ഹിന്ദി സിനിമാ നടൻ ഷാരൂഖ്‌ ഖാനെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഇന്ത്യയിൽ ജീവിതസുരക്ഷിതത്വം ഇല്ലാതാവുകയാണ്‌. ഇന്ത്യയിലുണ്ടായിരിക്കുന്ന ഈ പുതിയ ഭീകരാവസ്ഥയുടെ കാരണക്കാർ ഹിന്ദുമത തീവ്രവാദികളാണ്‌. അവർ മാതൃകയാക്കുന്നത്‌ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌, താലിബാൻ തുടങ്ങിയിട്ടുള്ള മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളേയും.

ഭക്ഷണം കഴിച്ചതിന്‌ കൊല്ലപ്പെടുകയും ജന്മഗ്രാമം ഉപേക്ഷിച്ചു ഓടിപ്പോവുകയും ചെയ്യേണ്ടിവന്ന ദാദ്രിയിലെ പാവപ്പെട്ട കുടുംബത്തിന്റെ അനുഭവം ഇന്ത്യയെ ഒട്ടാകെ ഞെട്ടിക്കുകതന്നെ ചെയ്തു.

അതിന്റെ തൊട്ടുപിന്നാലെയാണ്‌ മറുനാടൻ മലയാളികളെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട്‌ ഒരു മലയാളിയെ മുംബൈ പൊലീസ്‌ ക്രൂരമായി മർദ്ദിച്ചത്‌.

അയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പാകിസ്ഥാൻ മുസ്ലിം ആണെന്നായിരുന്നു.
തൃശൂർ ചാവക്കാട്‌ തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ്‌ ബഷീറിനാണ്‌ ഈ ദുരനുഭവമുണ്ടായത്‌. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. ബഷീർ ഓടിച്ചിരുന്ന ബൈക്കിന്റെ മുകളിലേക്ക്‌ മദ്യപിച്ച രണ്ടുപേർ വീഴുന്നു. അവരെ പിടിച്ചുമാറ്റുന്നതിനിടയ്ക്കാണ്‌ പൊലീസെത്തി ബഷീറിനെ പിടികൂടിയത്‌.

മലയാളിയാണെന്നും കച്ചവടാവശ്യത്തിനായി മുംബൈയിൽ വന്നതാണെന്നും ഒക്കെ പറഞ്ഞ്‌ ബഷീർ തന്നെ വെളിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ചെവിക്കൊണ്ടില്ല. മദ്യപിച്ചിരുന്ന പൊലീസുകാർ ബഷീറിനെ ബാന്ദ്ര പൊലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോയി തലകീഴായി കെട്ടിയിട്ട്‌ മർദ്ദിക്കുകയായിരുന്നു.

ഹിന്ദു-മുസ്ലിം വിഭാഗീയതയും ഭിന്നതയും ഇന്ത്യയിൽ പ്രകടമായിരിക്കുകയാണ്‌. ഹിന്ദുക്കളാൽ ആക്രമിക്കപ്പെടുമെന്നു ഭയമുള്ള മുസ്ലിങ്ങൾ മതപരമായി സംഘടിക്കുകയും ആ പ്രദേശങ്ങളിൽ മതതീവ്രവാദത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. മുസ്ലിങ്ങൾ സായുധരായി ആക്രമിച്ചേക്കുമെന്നും അവരെ വിശ്വസിക്കരുതെന്നുമുള്ള ചിന്ത ഇന്ത്യയിലെ വീട്ടമ്മമാരിൽ വളർത്താൻ ഹിന്ദുവർഗീയതയ്ക്കു സാധിച്ചിട്ടുണ്ട്‌. മനുഷ്യർ പരസ്പരം ഭയക്കുന്ന വിചിത്രമായ ഒരു അവസ്ഥയിലേക്ക്‌ ഇന്ത്യ നീങ്ങുകയാണ്‌.

ഇന്ത്യൻ മിത്തോളജിയിലെ ഒരു രസികൻ കഥാപാത്രമാണല്ലോ കൃഷ്ണൻ. ദൈവങ്ങൾ തമ്മിലുള്ള കിടമത്സരത്തെത്തുടർന്ന്‌ അമ്പാടിയിൽ പെരുമഴ പെയ്തപ്പോൾ കൃഷ്ണൻ ഗോവർധന പർവതത്തെ കുടയാക്കി മനുഷ്യരെ മഴക്കെടുതിയിൽ നിന്നും രക്ഷിച്ചെങ്കിൽ ഇന്നത്‌ ഭയത്തിന്റെ കുടയായി മാറിയിരിക്കുകയാണ്‌.

കലാസാംസ്കാരിക രംഗത്തുണ്ടായിരിക്കുന്ന ചില വലിയ തകർച്ചകൾ ഈ ഭയത്തെ വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്‌. ഗുലാം അലി, ഇന്ത്യയിലിപ്പോൾ സംഗീതത്തിനു പറ്റിയ അന്തരീക്ഷമല്ലെന്ന്‌ പറഞ്ഞ്‌ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയതാണ്‌ സാംസ്കാരിക രംഗത്തെ ഭയപ്പാടിനുള്ള ഒടുവിലത്തെ കാരണം. ഗുലാം അലി വിശ്വപ്രസിദ്ധനായ ഗസൽ ഗായകനാണ്‌. മുംബൈയിലെ പരിപാടി അദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നത്‌ ഹിന്ദുമത തീവ്രവാദികളുടെ ഭീഷണി മൂലമാണ്‌.

സംഗീതത്തിനു ജാതിയുണ്ടോ? മതമുണ്ടോ? മുഹമ്മദ്‌ റാഫിയും യേശുദാസും ജയചന്ദ്രനും മൂന്നുമതപരിസരത്ത്‌ വളർന്നവരല്ലേ? അവരുടെ പാട്ടിന്‌ എന്തെങ്കിലും കുറവുണ്ടോ?

സംഗീതാസ്വാദനത്തിന്‌, മതം ഒരു തടസമാണോ? കൃഷ്ണൻ പുല്ലാങ്കുഴൽ വായിക്കുമ്പോൾ മൃഗങ്ങളായ പശുക്കൾ പോലും അതാസ്വദിക്കുന്ന ചിത്രം ചെറുശേരി വരച്ചിട്ടുണ്ടല്ലോ.

ജനങ്ങൾക്ക്‌ സുരക്ഷിതത്വ ബോധം നൽകേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്‌. ആ ഭരണകൂടത്തിന്റെ ഗോവർധന കുടക്കീഴിലാണ്‌ അരക്ഷിതത്വം പടരുന്നത്‌. ഇത്‌ തീർത്തും അപകടകരമായ സ്ഥിതിവിശേഷമാണ്‌. രാഷ്ട്ര വിഭജനത്തിലേക്കുപോലും ഈ ഭയം സഞ്ചരിച്ചേക്കാം.

Tuesday, 3 November 2015

ക്ഷേത്രപ്രവേശനം


വൈദ്യുതിയും
മൈക്കും
ബള്‍ബും
ഫോണും
രസീതു ബുക്കിനുള്ള
പേപ്പറും അച്ചടിയും
ടിവിയും
ഒളിക്ക്യാമറയും
ബോറ്ഡെഴുതാനുള്ള
പെയിന്റും
കണ്ടുപിടിച്ചത്
അഹിന്ദുക്കള്‍.

ബോര്‍ഡ് നോക്കൂ
അഹിന്ദുക്കള്‍ക്ക്
പ്രവേശനമില്ല.