Tuesday, 14 January 2014

ആയൂര്‍ റയില്‍വേസ്റ്റേഷന്‍



ചില മത്സ്യങ്ങള്‍

കടല്‍വൃക്ഷത്തിന്‍ 

പൊത്തിലുറങ്ങും 


ചില സത്യങ്ങള്‍
പൊളിവാക്കിന്റെ 

മറവില്‍ തൂങ്ങും 


ചില ദൃശ്യങ്ങള്‍
വളരെക്കാലം 

ഒളിവില്‍ പാര്‍ക്കും.


അങ്ങനെയൊരു ദൃശ്യം 


മൂടല്‍മഞ്ഞു തുടച്ചും
ചൂടല്‍ക്കുന്നു തുളച്ചും
കണ്‍വെട്ടത്തായ് നിന്നു തിമിര്‍ക്കുന്നു 


അത്ഭുതമത്ഭുതമത്ഭുതമേ
കണ്ടിട്ടില്ല നിന്നെ
പോയോര്‍ വന്നോര്‍ നിഴലു പതിച്ച
ആയൂര്‍ റയില്‍വേസ്റ്റേഷന്‍.


ചോപ്പ് 
മഞ്ഞ 
പച്ച
കണ്ണുക ള്‍ മൂന്നും ചിമ്മുന്നുണ്ട്


ലോക്കോ പൈലറ്റിന്റെ 
നെഞ്ചിലുറക്കച്ചൂണ്ട


ഏതോ വണ്ടി വരുന്നുണ്ട്
പാളക്കൈകള്‍ മാറുന്നുണ്ട്
ചൂളത്തിന്നാരോഹണമായി 
വേലി നമിച്ചു ബലക്കുന്നുണ്ട്


ഇരുമ്പുകുതിര കിതച്ചു നില്ക്കെ
ഇറങ്ങിടുന്നൊരു യുവതി


പൂക്കാലം പോല്‍ മഞ്ഞയുടുത്ത്
ഞാവല്‍ക്കണ്ണു തുടച്ച്
അച്ഛനെ മകനെ കാമുകനെ
ഭര്‍ത്താവിനെയോ നോക്കുന്നു


ആളുകളെല്ലാം പാമ്പിന്‍ക്കൂട്ടം
മാളം തേടി ചിതറുന്നു 


ഒറ്റക്കങ്ങനെ ആധി പെരുത്തു
നില്‍ക്കുമ്പോഴൊരു നായ

കൂട്ടിനു വന്നു വിളിക്കുന്നു 


നായവയറ്റില്‍ വിശപ്പിന്‍ ജ്വാല
ആളിക്കത്തിയ നാളില്‍
ഇത്തിരി അന്നം നല്കിപ്പോറ്റിയ -
തിപ്പൊഴുമോര്‍പ്പൂ നായ


നായയ്ക്കൊപ്പമിരുട്ടിന്‍കാട്ടില്‍
പോയി മറഞ്ഞു യുവതി


അത്ഭുതമത്ഭുതമത്ഭുതമേ
കാണുന്നില്ല ആയൂര്‍ റയില്‍വേസ്റ്റേഷന്‍.

Sunday, 12 January 2014

ആശുപത്രി കിടക്കയില്‍ കിടന്ന് കുരീപ്പുഴ ശ്രീകുമാര്‍ കരഞ്ഞത് എന്തിന്?

http://www.madhyamam.com/literature/node/374#.UtKE5fQW0UQ

ആശുപത്രി കിടക്കയില്‍ കിടന്ന് കുരീപ്പുഴ ശ്രീകുമാര്‍ കരഞ്ഞത് എന്തിന്?


ആശുപത്രി കിടക്കയില്‍ കിടന്ന്  കുരീപ്പുഴ ശ്രീകുമാര്‍  കരഞ്ഞത് എന്തിന്?
പുതുവല്‍സരം ആഘോഷിക്കുന്ന ആഹ്ളാദ രാത്രി
2013 ഡിസംബര്‍31 ന് ലോകം പുതുവല്‍സരം ആഘോഷിക്കുന്ന ആഹ്ളാദ രാത്രിയില്‍ കൊല്ലം ഓച്ചിറ ക്ളാപ്പനയില്‍ ഒരു മതസൗഹാര്‍ദ സമ്മേളനം നടക്കുകയായിരുന്നു. മതത്തിന്‍െറ പേരില്‍ വെട്ടിയും കൊന്നും കാലം ചോരയില്‍ മുക്കുന്ന ഒരു കാലത്തിനോടുള്ള ഒറ്റപ്പെട്ട പ്രതിഷേധ സമ്മേളനം. ആ സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം കവിയായ കുരീപ്പുഴയായിരുന്നു. ജാതിയുടെയും മതത്തിന്‍െറയും പേരിലുളള കലഹങ്ങള്‍ക്കെതിരെ പോരാടാനുള്ള കുരീപ്പുഴയുടെ ഇച്ഛാശക്തി എന്നും ശ്രദ്ധേയവുമാണല്ളോ. സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് അപകടം
സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് ആ സംഭവം ഉണ്ടായത്.
രാത്രി 10.15 ന് കൊല്ലം ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംഗ്ഷനില്‍ വെച്ച്. കുരീപ്പുഴ സഞ്ചരിച്ചിരുന്ന കാറിന് മുമ്പെ പോയ പാണ്ടിലോറിയുടെ ആക്സില്‍ ഒടിഞ്ഞ് വീലുകള്‍ പുറത്തേക്ക് തെറിച്ചു. കുരീപ്പുഴ സഞ്ചരിച്ച കാര്‍ പെട്ടെന്ന് ലോറിയില്‍ ഇടിച്ചു. സംഭവം കണ്ട് ഓടിക്കുടിയവര്‍ കാര്‍ വെട്ടിപ്പൊളിച്ച് ആദ്യം കാര്‍ഡ്രൈവര്‍ പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപം വിളയില്‍ വീട്ടില്‍ എസ്.എന്‍ ചാലക്കോടനെ പുറത്തെടുത്തു. പോലീസ് വാഹനത്തില്‍ അയ്യാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്തത് കുരീപ്പുഴയെ പുറത്തേക്ക് എടുത്തു. മുഖത്ത് നിന്നും ശരീരഭാഗങ്ങളില്‍ നിന്നും ചോരയൊഴുകുന്ന കുരീപ്പുഴയെ ആദ്യം തിരിച്ചറിഞ്ഞത് അതുവഴി ബൈക്കില്‍വന്ന ഉണ്ണിരാജ് എന്ന യുവാവായിരുന്നു. അയ്യാള്‍ ഭാര്യക്കൊപ്പം ബൈക്കില്‍ വരികയായിരുന്നു. കുരീപ്പുഴയാണ് അപകടത്തില്‍പെട്ടതെന്നറിഞ്ഞപ്പോള്‍ ഓട്ടോയില്‍ കയറ്റി അയ്യാള്‍ തന്‍െറ ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി നിമിഷങ്ങള്‍ക്കകം ന്യൂസ് ചാനലുകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ചാനലുകളില്‍ വാര്‍ത്ത...കുരീപ്പുഴ ‘ഗുരുതരാവസ്ഥയില്‍’
കുരീപ്പുഴക്ക് വാഹനാപകടത്തില്‍ പരിക്ക്...ചിലര്‍ അല്‍പ്പം കൂടി കടന്നു. ‘കവി ഗുരുതരാവസ്ഥയില്‍’ എന്ന് ബ്രേക്കിംഗ് ന്യൂസ് നല്‍കി. വിവരമറിഞ്ഞ് കവിയുടെ ആരാധകരും സുഹൃത്തുക്കളും ഞെട്ടി. അവര്‍ പരസ്പരം വിളിച്ചറിയിച്ചു. ഉത്കണ്ഠയോടെ കിട്ടിയ വാഹനങ്ങളില്‍ അവര്‍ കൊല്ലം ജനറല്‍ ആശുപത്രിയിലേക്ക് പാഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രി പരിസരം ജന നിബിഡമായി. എന്നാല്‍ ആര്‍ക്കും അത്യാഹിത വാര്‍ഡിലേക്ക് പ്രവേശം ലഭിച്ചില്ല. കവിയുടെ അവസ്ഥയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്ത് അവരുടെ വിഷമം വര്‍ധിപ്പിച്ചു. മൂക്കിന്‍െറ പാലത്തിന് നേരിയ പൊട്ടലും ദേഹത്ത് അങ്ങിങ്ങായി പരിക്കുകളും ഉള്ള കുരീപ്പുഴ ബോധം വന്നപ്പോള്‍ എല്ലാവര്‍ക്കും ‘ഹാപ്പിന്യൂ ഇയര്‍’ ആശംസിക്കുകയായിരുന്നു. അപ്പോഴും കവിയുടെ അവസ്ഥയെ കുറിച്ച് യാതൊന്നും അറിയാതെ ആശങ്കകളുമായി പുറത്ത് കാത്തുനില്‍ക്കുന്ന നൂറുകണക്കിന് പേരെ കുറിച്ച് ആരക്കയോ പറയുന്ന കേട്ടു കവി. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ച് കൊണ്ടിരിക്കുമ്പോള്‍ മറുപടി പറഞ്ഞ് തളരുന്നവരുടെ സ്വരവും അദ്ദേഹം കേട്ടു. പാതിരാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോള്‍ നഴ്സുമാര്‍ പറയുന്നത് ഈ മനുഷ്യന്‍െറ അവസ്ഥ അന്വേഷിച്ച് പുറത്ത് കരയുകയും വിഷമിക്കുകയും ചെയ്യുന്ന എത്രയോ ചെറുപ്പക്കാരെ കുറിച്ചായിരുന്നു. അപ്പോഴാണ് അതുകേട്ട് നിന്ന മറ്റൊരു നഴ്സ് ചോദിച്ചത് ‘അവരൊക്കെ ഇദ്ദേഹത്തിന്‍െറ ആരാണെന്ന്?’ ...ഈ ചോദ്യം കേട്ടപ്പോള്‍ മുറിവുകളും ആയി നിശബ്ദം കിടക്കുന്ന കവി സ്വയം ചോദിച്ചതും ആ ചോദ്യമായിരുന്നു. അവരെല്ലാം തന്‍െറ ആരാണ്. തനിക്ക് വേണ്ടി കരയാനും തന്‍െറ അപകട വിവരം അറിഞ്ഞ് ഞൊടിയിടയില്‍ എവിടെ നിന്നൊക്കയോ സ്വന്തം കാര്യങ്ങളും പുതുവര്‍ഷാഘോഷവും ഒക്കെ മാറ്റിവെച്ച് എത്തിയ ഇവരെല്ലാം തന്‍െറ ആരാണ്. എപ്പോഴോ കവി അതിന് ഉത്തരം കണ്ടത്തെി.
രക്തബന്ധത്തെ പോലെ തീവ്രവും അപൂര്‍വവുമായ ആത്മസൗഹൃദങ്ങള്‍
‘രക്തബന്ധത്തെ പോലെ തീവ്രവും അപൂര്‍വവുമായ സ്നേഹവും വേദനയും അനുഭവിച്ച് നില്‍ക്കുന്ന ആ ആത്മസൗഹൃദങ്ങള്‍ തന്‍െറ ജീവിതത്തിന്‍െറ പകുതി തന്നെയാണ്.’ പക്ഷെ താന്‍ അതിന് അര്‍ഹനാണോ...താന്‍ അവര്‍ക്ക് എന്താണ് നല്‍കിയത്? കുറെ കവിതകള്‍ എഴുതി..സമ്മേളനങ്ങളില്‍ പങ്കെടുത്തു. അത്രമാത്രമല്ളെ ചെയ്തിട്ടുള്ളൂ. മറ്റൊന്നും സമ്പാദിച്ചില്ലല്ളോ. പണവും പെരുമയും ഉണ്ടാക്കിയില്ല. എന്നിട്ടും താന്‍ ഇങ്ങനെ ഇത്രയും പേരുടെ ഹൃദയത്തിന്‍െറ ഒരുഭാഗമായതെന്തിന്‍െറ പേരില്‍...പെട്ടെന്ന് കവിയുടെ കണ്ണ് നിറഞ്ഞു. സൗഹൃദങ്ങളോടുള്ള കടപ്പാടിന്‍െറയും സ്നേഹവായ്പ്പിന്‍െറയും പേരില്‍ അത്യാഹിത വാര്‍ഡില്‍ കിടന്ന് അദ്ദേഹം കരഞ്ഞ് തുടങ്ങി. കണ്ണീരൊഴുകുന്നത് കണ്ട് നഴ്സുമാര്‍ ഓടിവന്നു..‘വേദനയുണ്ടോ..എന്താ പറ്റീത്?’ ഒരു നൂറ് ചോദ്യങ്ങള്‍...കുരീപ്പുഴക്ക് പെട്ടെന്ന് പുഞ്ചിരിച്ചുകൊണ്ട് തനിക്കൊന്നും ഇല്ളെന്ന് ആവര്‍ത്തിച്ച് പറയേണ്ടി വന്നിട്ടും അവര്‍ക്ക് വിശ്വാസമായില്ല. ഒടുവില്‍ അദ്ദേഹം പറഞ്ഞു ‘ താന്‍ ഒരുവേള സൗഹൃദങ്ങളെ ഓര്‍ത്തുപോയെന്ന്...’‘സൗഹൃദങ്ങളെ ഓര്‍ത്താല്‍ കരയുമോ...’ എന്ന് നഴ്സുമാര്‍ സ്വയം ചോദിച്ചിരുന്നിരിക്കണം.
മുടക്കമില്ലാതെ ഫെയിസ്ബുക്ക് പംക്തി
തന്‍െറ ഫെയിസ്ബുക്ക് പംക്തി ഒരു ദിവസം മുടങ്ങിയതിന്‍െറ വിഷമത്തിലായിരുന്നു കവി. എന്തായാലും കവി ജനുവരി രണ്ട് മുതല്‍ ഫെയിസ്ബുക്കിലെ തന്‍െറ പംക്തി ‘ഞാന്‍ ഇന്ന് വായിച്ച കവിത’ വീണ്ടും തുടങ്ങി. കവിത വായിച്ച് കേള്‍പ്പിക്കാനും അതിന് ശേഷമുള്ള തന്‍െറ വാക്കുകള്‍ കേട്ട് ടൈപ്പ് ചെയ്യാനും ഒക്കെ ആളുകള്‍ ഉണ്ടായിരുന്നത് കവിക്ക് കൂടുതല്‍ സഹായകമായി. എന്തായാലും ജില്ലാ ആശുപത്രിയില്‍ ഒരുരോഗിക്കും എത്താത്ത സന്ദര്‍ശകര്‍ എത്തികൊണ്ടിരുന്നു. ഒടുവില്‍ പേയ്വാര്‍ഡിന്‍െറ മുമ്പില്‍ സന്ദര്‍ശകരെ അനുവദിക്കില്ളെന്ന് ബോര്‍ഡ് വെക്കേണ്ടി വന്നു. ആരും ആ ബോര്‍ഡിനെ വകവെച്ചില്ല. ഇത് ഞങ്ങളുടെ കവിയാണ് എന്ന സ്വകാര്യ അഹങ്കാരത്തോടെ അവര്‍ കവിയുടെ മുറിയിലേക്ക് പ്രവാഹമായി എത്തികൊണ്ടിരുന്നു. ഒടുവില്‍ തന്‍െറ ഭാര്യാപിതാവിന്‍െറ മരണത്തെ തുടര്‍ന്ന് കവി വീട്ടിലേക്ക് പോയി .ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അസുഖ വിവരങ്ങള്‍ പറയുമ്പോള്‍ കവി ഈ ലേഖകനോട് പറഞ്ഞു. ‘ഇപ്പോഴും ഇവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. നെടുമങ്ങാട് നിന്ന് കവി കൊന്നമൂട് വിജുവിന്‍െറ നേതൃത്വത്തില്‍ ഒരു സംഘം ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നുവെന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞതേയുള്ളൂ. കാസര്‍കോട് നിന്ന് പ്രതിഭാരാജനും ബാംഗ്ളൂരില്‍നിന്ന് പി.വി ആചാരിയുമൊക്കെ വന്ന് മടങ്ങിയതേയുള്ളൂ....’
‘ഭാഗ്യം; ഇവര്‍ കോമരങ്ങളെ കാണണ്ടാ..’
ഇതിനിടയില്‍ കവി ഒരു നര്‍മ്മം കൂടി പറഞ്ഞു. മാവേലിക്കരയിലുള്ള രാജേഷ് എന്ന കവി തന്‍െറ ഫെയിസ്ബുക്ക് പേജില്‍ കുറച്ചതായിരുന്നു ഇത്. ‘ കവി കുരീപ്പുഴയെ ഞാന്‍ നേരിട്ട് പോയി കണ്ടു. നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. മറ്റ് കുഴപ്പങ്ങന്നെുമില്ല. ചാനലുകളില്‍ പറഞ്ഞത് ശരിയല്ല. ഈ ചാനലുകാര്‍ കൊടുങ്ങല്ലൂരില്‍ പോയാല്‍ കോമരങ്ങള്‍ സ്വയം വാള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നതും അവരുടെ നെറ്റിയില്‍ നിന്ന് ചോര ഒഴുകുന്നതും കണ്ടാല്‍ കോമരങ്ങള്‍ അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുമല്ളോ എന്ന്...’
ഇയ്യ വളപ്പട്ടണം എഴുതി ‘കുരീപ്പുഴയെ ഈ മണ്ണിണ് വേണം’
കുരീപ്പുഴയുടെ അപകട വാര്‍ത്തയെ തുടര്‍ന്ന് നോവലിസ്റ്റ് ഇയ്യ വളപ്പട്ടണം ഫെയിസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ....‘കുരീപ്പുഴക്ക് ഒന്നും സംഭവിക്കില്ല. ഈ ഭൂമിക്ക് \മണ്ണിന് കുരീപ്പുഴയെ വേണം. തമ്പ്രാക്കന്‍മാരുടെ നെറികേട് ചൂണ്ടിക്കാണിക്കാന്‍.അസുഖം വേഗം ഭേദമാകട്ടെ..ചാനലുകാര്‍ പേടിപ്പിച്ചു കളഞ്ഞു.’

Saturday, 11 January 2014

ശീതരാത്രി


പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു നഗ്നയാം യാമിനി
പാതയില്‍ ഞാനുറങ്ങാതിരുന്നൊരാ -
നാളിലെന്‍ നോവു ചുംബിച്ചെടുത്തവള്‍
ജാതകം കീറിയിട്ടൊരെന്‍ വാഴ്വിന്റെ
ജാലകങ്ങള്‍ തുറന്നിട്ടു തന്നവള്‍
ദൂരെയെങ്ങോ തുരുമ്പിച്ച താരവും
താഴ്വരകളും സ്തംഭിച്ചു നില്ക്കവേ
നാവനങ്ങാതെ നന്മകള്‍ പെയ്യാതെ
ശ്രീലകങ്ങളില്‍ ദൈവമുറങ്ങവേ
നീലവണ്ടിയില്‍ വേട്ടനായ്ക്കള്‍ വന്നു
ജീവിതത്തിന്റെ മുട്ട പൊട്ടിക്കവേ
സൂര്യസഞ്ചാരവേളയില്‍ ഞാനെന്റെ
നാടകത്തിന്റെ കല്ലുടച്ചീടവേ
ആകെ നൊന്തൊരെന്‍ കൈപ്പത്തിയില്‍
സ്നേഹ -
ലീനയായ് ഉമ്മ വെച്ചവള്‍ യാമിനി.

ഞാവലില്‍ നിലാവിന്റെ വിരല്‍ത്തുമ്പു
വീണ മീട്ടവേ കാളമേഘത്തിന്റെ
ക്രൂരസാന്നിദ്ധ്യമെന്നെയും മറ്റൊരു
വേദനത്തെയ്യമായുദിപ്പിക്കുന്നു.
പാതി നിര്‍ത്തിയ പാട്ടും പരാതിയും
കൂടു കൂട്ടുന്നു മജ്ജയിലിപ്പൊഴും
കാരിരുമ്പാണി ചുറ്റികത്താളത്തി -
ലാഴമേറ്റുന്നു മാംസത്തിലിപ്പൊഴും
തീ പിടിച്ച ശിരസ്സുമായ്‌ നേരിന്റെ
നേര്‍ വരകളില്‍ വീണു ഞാനെപ്പൊഴും
ദൂരെയമ്പിളിക്കുഞ്ഞും മരിക്കുന്നു
സാഗരം നെഞ്ചു പൊട്ടിക്കരയുന്നു
വാതു കെട്ടുന്നു പിന്നെയും കാറ്റുമായ്‌
പാറയില്‍ രാമപാദ പ്രതീക്ഷകള്‍
കാലനക്കങ്ങളില്ലാതെ മൃത്യുവിന്‍
ദൂതരെത്തുന്ന രോഗാലയങ്ങളില്‍
ഞാനുറങ്ങാതിരിക്കുന്ന വേളയില്‍
ചാരെയെത്തിയിളം മുലക്കൂമ്പുകള്‍
പ്രേമപൂര്‍വമുരുമ്മി ,യാഴങ്ങളില്‍
ബോധമഞ്ഞിട്ടു പോയവള്‍ യാമിനി .

വേനലുണ്ടു ഞാന്‍ വിശ്രമിക്കാന്‍ കൊടും -
പാപവൃക്ഷച്ചുവട്ടില്‍ കിടക്കവേ
ജാഥകള്‍ , രോഷമുള്ളുകള്‍ പാകിയ
ഗാഥകള്‍ ചൊല്ലിയെത്തുന്നു വീഥിയില്‍
തോക്കിനോടവര്‍ തോല്‍ക്കാതിരിക്കുവാ -
നാഗ്രഹിച്ചു മനസ്സയയ്ക്കുന്നു ഞാന്‍.
മേഘമില്ലാത്ത മാനം , ചുടുന്നൊരീ -
ഭൂമിയില്‍ വര്‍ഷ സ്വപ്നങ്ങള്‍ കത്തുന്നു .
ഭാഗ്യവാന്മാരടച്ച സത്രങ്ങളില്‍
വാദ്യഘോഷങ്ങള്‍ കേള്‍ക്കുന്നു പിന്നെയും
ആലിലകളില്‍ ദുഃഖസമ്പന്നമാം
കാലമേകിയ സ്തോത്രം ചിലമ്പുന്നു
കാഞ്ഞിരക്കൊമ്പുതോറുമുഷ്ണത്തിന്റെ
ക്രോധവാക്കുകള്‍ ഞാത്തുന്നു സന്ധ്യകള്‍
ആവലാതി വിതച്ചു കരഞ്ഞൊരു
കാവതിക്കാക്ക പായുന്നു പാതയില്‍
കാഴ്ചകള്‍ കണ്ണിലഗ്നി വര്‍ഷിക്കവേ
വേച്ചു വീഴുന്നു ഞാന്‍ ശരശയ്യയില്‍
രാത്രിയെത്തുന്നു സാന്ത്വനപ്പാട്ടുമായ്
ധാത്രിയായെന്റെയുച്ചിയില്‍ മുത്തുന്നു
വീര്‍ത്ത കണ്‍പോളയില്‍ ചുംബനങ്ങളാല്‍
സ്വാസ്ഥ്യശൈത്യം തളിക്കുന്നു യാമിനി
കൂട്ടിരിക്കുന്നു പര്‍ദ്ദക്കുടുക്കഴി -
ച്ചാര്‍ത്തിരമ്പി വിയര്‍ക്കുന്നു യാമിനി
സ്നേഹപൂര്‍വമെന്‍ കൈ പിടിച്ചസ്വാസ്ഥ്യ -
രേഖ കോറിയും പേരിട്ടു വാഴ്ത്തിയും
പൂര്‍വദിങ്മുഖം കത്തും വരേയ്ക്കെന്റെ
കാവലായ് തൂവലേന്തിയിരിപ്പവള്‍
പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു പിന്നെയും യാമിനി .

Friday, 10 January 2014

കവികള്‍ ഇടങ്ങഴി, വായനക്കാര്‍ നാഴിയുരി


  പ്രസിദ്ധ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കാവ്യപുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം മുകുന്ദന്‍ നടത്തിയ ഒരു പരാമര്‍ശം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. വര്‍ത്തമാനകാലത്ത് വായനക്കാരേക്കാള്‍ കൂടുതല്‍ കവികളുണ്ട് എന്നായിരുന്നു ആ പരാമര്‍ശം.

കേരളത്തിലെ ചില പ്രദേശങ്ങള്‍ കവിബാഹുല്യം കൊണ്ട് കൗതുകകരമായ ശ്രദ്ധയര്‍ഹിക്കുന്നതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ, പശ്ചിമഘട്ടത്തിന്റെ കവാടമായ നെടുമങ്ങാടാണ് ഒരു പ്രദേശം. വ്യത്യസ്ത വ്യക്തിത്വത്തോടെ കാവ്യരംഗത്ത് പ്രവര്‍ത്തിച്ച് പൊതുമലയാളത്തില്‍ ശ്രദ്ധനേടിയവരാണ് നെടുമങ്ങാട്ടെ കവികള്‍. ഗിരീഷ് പുലിയൂര്‍, ചായം ധര്‍മ്മരാജന്‍, ബി എസ് രാജീവ് തുടങ്ങിയവരിലാരംഭിച്ച് മാതൃഭൂമി കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായ എന്‍ ജി നയനതാരയിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാവ്യരചനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആര്‍ദ്രാ രാജഗോപാലിലുംവരെ പ്രകാശിക്കുന്നതാണ് നെടുമങ്ങാടന്‍ കാവ്യനിര.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും കോഴിക്കോട് ജില്ലയിലെ വടകരയും വ്യത്യസ്ത വ്യക്തിത്വമുള്ള കവികളാല്‍ സമര്‍ഥമാണ്. ഇവരുടെയൊക്കെ കവിതകള്‍ ജനങ്ങള്‍ വായിക്കുന്നുമുണ്ട്.
നവീന വായനയുടെ സുന്ദരമുഖമായ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യസംരംഭം കവിതയാണ്. സൈബര്‍ സാധ്യതകളെ നോവലായി ആവിഷ്‌ക്കരിച്ച എം മുകുന്ദന്‍ ഇതിനെക്കുറിച്ച് ബോധവാനാകാതിരിക്കാനിടയില്ല.
ഇന്റര്‍നെറ്റില്‍ നിരവധി കാവ്യചര്‍ച്ചാ സംഘങ്ങളുണ്ട്. അതില്‍ ഒരു പ്രധാന സംഘമാണ് മലയാള കവിതാദിനം ആവിഷ്‌ക്കരിച്ച് ആചരിച്ച കാവ്യകേളി. ബൂലോക കവിത, കലിക, കവിതമഴ, ശ്രുതിലയം തുടങ്ങി അസംഖ്യം കാവ്യചര്‍ച്ചാ സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ വായിക്കപ്പെടുന്ന നിരവധി ബ്ലോഗുകള്‍ കൂടാതെയാണ് ഈ കാവ്യവായന ഫലവത്താകുന്നത്. ശ്രുതിലയം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എഴുത്തുകാരുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അക്ഷരം ഓണ്‍ലൈന്‍ മാഗസിനിലും നെല്ല് തുടങ്ങിയ മാഗസിനുകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന കവിതകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ലൈക്കും കമന്റും നോക്കിയാണ് കവിതയുടെ സ്വീകാര്യത തിട്ടപ്പെടുത്തുന്നതെങ്കില്‍ കരീം മലപ്പട്ടത്തിന്റെ കവിതയ്ക്കു ലഭിച്ച രണ്ടായിരത്തോളം ലൈക്കുകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അനവധി പ്രതികരണങ്ങളും ഒരു വിസ്മയരേഖ തന്നെ സൃഷ്ടിച്ചു. കുഴൂര്‍ വിത്സന്‍, വിഷ്ണുപ്രസാദ്, ഉമാരാജീവ്, ഡോണമയൂര തുടങ്ങിയവരുടേയും രചനകള്‍ സൈബര്‍ ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നുണ്ട്.
ഇതൊന്നും കൂടാതെയാണ് 'ഇന്നു വായിച്ച കവിത' എന്ന പ്രതിദിന പംക്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വരുന്നവയും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നവയുമാണ് ഈ പംക്തിയില്‍ പ്രത്യക്ഷപ്പെടുന്ന കവിതകള്‍. ഓരോ ദിവസവും വായിക്കുന്ന കവിതകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച രചനയാണ് ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുമാസികകളും ഞായര്‍ പതിപ്പുകളുമെല്ലാം പരിഗണിക്കുകയും കവിയുടെ പേര് കണക്കാക്കാതെ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മലയാള കവിതകളും ഞായര്‍ ദിനങ്ങളില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് നക്ഷത്രങ്ങളായി മാറിയ കവികളുടെ രചനകളും തിങ്കളാഴ്ചകളില്‍ വിവര്‍ത്തിത കവിതകളുമാണ് ഈ പംക്തിയിലുള്ളത്.
ശരാശരി മുന്നൂറു വായനക്കാരാണ് എല്ലാ ദിവസവും ഇന്നു വായിച്ച കവിത ശ്രദ്ധിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഗള്‍ഫ് നാടുകളിലും അമേരിക്കയിലും ഇന്ത്യയിലും ഒക്കെയുള്ള വായനക്കാര്‍ കവിതകള്‍ വായിച്ച് ശ്രദ്ധയോടെ പ്രതികരിക്കുന്നു എന്നുള്ളത് ഈ പംക്തിയുടെ ഒരു പ്രത്യേകതയാണ്. മലയാള കവിതയില്‍ ഇനിയും ശ്രദ്ധിക്കപ്പെടേണ്ട പി എസ് ഉണ്ണികൃഷ്ണന്‍, വിശ്വന്‍ മണലൂര്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍, സാദിര്‍ തലപ്പുഴ, ലക്ഷ്മണന്‍ മാധവ് തുടങ്ങിയവരുടെ രചനകള്‍ക്ക് അസാമാന്യമായ സ്വീകാര്യതയാണ് ലഭിച്ചത്.
കഥയോ ലേഖനമോ നാടകമോ ഒന്നും തന്നെ സൈബര്‍ ചുമരുകളില്‍ കവിതയോളം വായിക്കപ്പെടുന്നില്ല. കവിതകളില്‍ തന്നെ ദീര്‍ഘകവിതകളോട് അത്ര കമ്പമില്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പ്രണയം, പ്രതിഷേധം തുടങ്ങിയവ വിഷയമായി വരുന്ന സ്‌ഫോടക ശേഷിയുള്ള ലഘുകവിതകള്‍ക്കാണ് സൈബര്‍ ലോകത്ത് കൂടുതല്‍ സ്വീകാര്യതയുള്ളത്. മറ്റു സാഹിത്യശാഖകളെ സൈബര്‍ വായന  വളരെയധികം പിന്നിലാക്കിയിരിക്കുന്നു എന്നര്‍ഥം.
കവികള്‍ വര്‍ധിക്കുന്നു എന്നതില്‍ എം മുകുന്ദന്‍ പരിഭവപ്പെട്ടിട്ടുകാര്യമില്ല. എല്ലാവരും എഴുതട്ടെ. ലെനിന്‍ പറഞ്ഞതുപോലെ നൂറുപൂക്കള്‍ വിടരട്ടെ. കൂടെക്കൂട്ടേണ്ടുന്ന കവിതകള്‍ കാലം തിരഞ്ഞെടുത്തു കൊള്ളും.
 

Friday, 27 December 2013

ചാർവാകൻ


അഗ്നിയും ഹിമവും 
മുഖാമുഖം കാണുന്ന സുപ്രഭാതം 


പുഷ്പവും പക്ഷിയും 
പ്രത്യക്ഷമാവുന്ന സുപ്രഭാതം 


ഉപ്പു കുമിഞ്ഞപോലദ്രി 
അതിനപ്പുറം 

അത്തിനന്തോം തക ച്ചോടു  വെച്ചങ്ങിനെ 
വിത്തിട്ടു പോകും കൃഷി സ്ഥലം 


വെണ്‍കരടി 
സ്വപ്നത്തിലെന്നപോൽ 
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം 


വൃദ്ധ താപസ്സർ പ്രാപിച്ചു വൃത്തികേടാക്കിയ 
വേദ കിടാത്തികൾ 
കത്തി നിവർന്ന വിളക്കു ചാർവാകൻ


ജടയിൽ കുരുങ്ങിയ ദർഭ ത്തുരുന്പുകൾ
പുഴയിലേക്കിട്ടു പുലർചയിലേക്കിട്ടു 
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ടു 
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ടു
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുന്പിൽ മുട്ടിച്ചു 
വിഷമക്കഷായം കൊടുത്തു 
വിഷക്കോളു പുറമേക്കെടുത്ത് 
എറിയുന്നു ചാർവാകൻ

ലക്‌ഷ്യം കുലച്ച ധനുസ്സ് ചാർവാകൻ

സിദ്ധ ബൃഹസ്പതി ഉത്തരം നല്കാതെ 
ചക്ഷുസ്സിനാലെ വിടർത്തിയ
മാനസ തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു 


ഉൽക്ക മഴയെന്തു തീ ത്താരമെന്തു 
ആകാശമൽഭുതകൂടാരമായതെന്ത്തിങ്ങനെ 
എന്താണു വായു ജലം ഭൂമി 
ചൈതന്യ ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം
അന്ധതയെന്തു തെളിച്ചമെന്തു
സ്നേഹഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്തു 
ബീജമെന്തു അണ്ഡമെന്തു 
ഉൾകാടു കത്തുന്ന ഞാനെന്തു നീയെന്തു 
പർവതം സാഗരം ഭാനുപ്രകാശം 
ജനിമൃതി ഇങ്ങനെ നാനാതരം കനൽ ചോദ്യങ്ങൾ 
പ്രജ്ഞയിൽ ലാവ വർഷിക്കെ 
വളർന്നു ചാർവാകൻ


നേരെത് കാരണമരത്തിന്റെ നാരായ വേരേതു നാരേതു 
അരുളേതു പൊരുളേതു 
നെരിയാണിയെരിയുന്ന വെയിലത്ത് നിന്നൂ മഴയത്തിരുന്നൂ 
മണലിൽ നടന്നീറ്റുപുരയിൽ കടന്നു 
മരണക്കിടക്കതന്നരികത്തലഞ്ഞൂ
അന്വേഷണത്തിന്നനന്തയാമങ്ങളിൽ 
കണ്ണീരണിഞ്ഞു ചാർവാകൻ
ബോധം ചുരത്തിയ വാളു ചാർവാകൻ


ഇല്ല ദൈവം ദേവശാപങ്ങൾ മിഥ്യകൾ 
ഇല്ലില്ല ജാതിമതങ്ങൾ 
പരേതർക്കു ചെന്നിരിക്കാനില്ല സ്വർഗ്ഗവും നരകവും 
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും
മുജ്ജന്മമില്ല പുനർജന്മമില്ല 
ഒറ്റ ജന്മം നമുക്ക് 
ഈ ഒറ്റ ജീവിതം 


മുളകിലെരിവു പച്ച മാങ്ങയിൽ പുളിവു 
പാവലിൽ കയ്പ്പ് പഴത്തിൽ ഇനിപ്പു 
ഇതുപോലെ നൈസർഗികം മർത്യബോധം 
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം 
ചാരു വാക്കിന്റെ നെഞ്ചൂക്കു ചാർവാകൻ


വേശ്യയും പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട 
സുര വേണ്ട ദാസിമാരോടോത്ത് ദൈവീക സുരതവും വേണ്ട
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു 
പുണ്യം സ്ഘലിപ്പിക്കുമാഭസമേധവും 
അമ്മയെ കൊല്ലുന്ന ശൂരത്വവും വേണ്ട
ജീവികുലത്തെ മറന്നു ഹോമപ്പുക 
മാരിപെയിക്കുമെന്നോർത്തിരിക്കും 
വിഡ്ഡി രാജാവ് വേണ്ട രാജഋഷിയും വേണ്ട 
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവാകൻ

അച്ഛനോട് എന്തിത്ര ശത്രുത ?
മേലേക്ക് രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി 
പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?

തെറ്റാണു യജ്ഞം അയിത്തംപുലവ്രതം ഭസ്മം പുരട്ടൽ 
ലക്ഷാർച്ചന സ്ത്രോത്രങ്ങൾ 
തെറ്റാണു ജ്യോത്സ്യ പുലന്പലും തുള്ളലും 
അർതമില്ലത്തതീ ശ്രാദ്ധവും ഹോത്രവും 


പ്രാർഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ 
ഒറ്റമാത്രയും അത്രയ്ക്ക് ധന്യമീ ജീവിതം 
വേദനമുറ്റി തഴച്ചൊരീ വിസ്മയം 
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം പട്ടാങ്ങു 
ഉണർത്തി നടന്നൂ ചാർവാകൻ

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ 
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു 
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി 
കല്പ്പിച്ചു കൊല്ലുകീ ധിക്കാരരൂപിയെ
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ 
ദുർവിധി ചൊല്ലീ നദിയും ജനങ്ങളും 
കൊല്ലരുതേ തേങ്ങി വിത്തും കലപ്പയും 


സർപ്പവും സതിയും 
പരസ്പരം പുല്കുന്ന ക്രുദ്ധരാത്രി 
അപ്പുറത്ത് ആന്ധ്യം നുകർന്ന സവർണനാം അഗ്നിഹോത്രി 
കേട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു 
ശുദ്ധരിൽ ശുദ്ധനെ നന്മ പിതാവിനെ 


തീ നാന്പകറ്റി ഒരൂർജപ്രവാഹമായ് 
ലോകായത കാറ്റുടുത്തിറങ്ങികൊണ്ട്‌ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ

Friday, 20 December 2013

കാവ്യകേളിയും മലയാള കവിതാദിനവും


   ലോകത്തെ വിവിധ ഭാഷകള്‍, ചില പ്രത്യേക ദിവസങ്ങള്‍ കാവ്യദിനങ്ങളായി ആചരിച്ചു വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഒക്‌ടോബര്‍ അഞ്ചാണ് കവിതാദിനം. അന്ന് ആ രാജ്യത്തെ കവിതാപ്രേമികള്‍ ഒന്നിച്ചുകൂടി പ്രസിദ്ധ കവികളുടെ സാന്നിധ്യത്തില്‍ കവിതകള്‍ ആലപിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്നു. മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒക്‌ടോബര്‍ പതിനഞ്ചാണ് കാവ്യദിനം. റോമന്‍ ഇതിഹാസകവിയായ വെര്‍ജിലിന്റെ ജന്മദിനമാണന്ന്.

ജപ്പാനിലാണെങ്കില്‍ ഹൈക്കു കവിതാദിനം രചനാപരമായ ആഘോഷങ്ങളോടെ ആചരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ പതിനേഴിന്റെ ഹൈക്കു ദിനത്തിനായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയിലാണെങ്കില്‍ ദേശീയ കവിതാമാസം തന്നെ ഏപ്രിലില്‍ ആഘോഷിക്കുന്നുണ്ട്.

സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമായ യുനെസ്‌കോ കവിതാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് മാര്‍ച്ച് ഇരുപത്തൊന്നാണ്. ഈ ദിവസം കവിത വായിക്കുക, എഴുതുക, പ്രസിദ്ധീകരിക്കുക, പഠിപ്പിക്കുക, പഠിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്.

മലയാളത്തിനുമുണ്ട് കവിതാദിനം. അത് ധനുമാസം ഒന്നാം തീയതിയാണ്. പ്രവാസി മലയാളികള്‍ ചിലപ്പോഴൊക്കെ കവിതാദിനം ആചരിക്കാറുണ്ട്. ഒരു വര്‍ഷം മുമ്പ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ നടത്തിയ കവിതാദിനാചരണം ഉദാഹരണം. 

എന്നാല്‍ ഫേസ്ബുക്കിലെ ഒരു സജീവചര്‍ച്ചാസംഘമായ കാവ്യകേളി എല്ലാ ഭൂഖണ്ഡങ്ങളിലെയും മലയാളിയുടെ പങ്കാളിത്തത്തോടെ ധനു ഒന്നിന് നടത്തുന്ന കവിതാദിനാചരണമാണ് ശ്രദ്ധേയം.

രണ്ടായിരത്തിലധികം അംഗബലമുള്ള കാവ്യകേളി ഇതിനകം ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ചിന്താവിഷ്ടയായ സീതയുടെ ഇംഗ്ലീഷ് പരിഭാഷയാണ്. ദശാബ്ദങ്ങളായി കാനഡയില്‍ താമസിക്കുന്ന വാരിയത്ത് മാധവന്‍കുട്ടിയാണ് ഈ പരിഭാഷ  നിര്‍വഹിച്ചത്. മഹാകവി വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയുടെ വിവര്‍ത്തനത്തിലാണ്. ദിവസം ഓരോ ശ്ലോകം മൊഴിമാറ്റി ഫേസ്ബുക്കിലെ കാവ്യകേളിയില്‍ പോസ്റ്റു ചെയ്യുകയാണ്.

കാവ്യകേളി, മലയാള കവിതാദിനം പ്രമാണിച്ച് തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ച് ഒരു സാഹിത്യകൂട്ടായ്മയും സംഘടിപ്പിച്ചു. ഒ വി ഉഷ, ശിഹാബുദീന്‍ പൊയ്ത്തും കടവ്, സച്ചിദാനന്ദന്‍ പുഴങ്കര, രാജന്‍ കൈലാസ്, രജീഷ് പാലവിള, എം എന്‍ പ്രസന്നകുമാര്‍, ലോപ, ആനന്ദി രാമചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെടെ കവിതയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ അവിടെ സമ്മേളിച്ചു. ടി ടി ശ്രീകുമാറിന്റെയും ശ്രീകുമാര്‍ മുഖത്തലയുടെയും സംഭാഷണങ്ങളും പാലക്കാട്ടെ കാവ്യസാന്നിധ്യത്തെ അടയാളപ്പെടുത്തിയ ജ്യോതിഭായി പരിയാടത്തിന്റെ ഹ്രസ്വചലച്ചിത്രവും സരിതാ വര്‍മ്മയുടെ കാവ്യപ്രകാശനവും മലയാള കവിതാദിനാചരണത്തിന് തിളക്കം കൂട്ടി.

ഖത്തറിലുമുണ്ടായി മലയാള കവിതാദിനാചരണം. എം ഇ എസ് സ്‌കൂളിലെ അധ്യാപികയായ ഗീതാസൂര്യന്റെ മേല്‍നോട്ടത്തില്‍ കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ഡി വിനയചന്ദ്രന്റെയും മറ്റും കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

കാവ്യസന്ദേശങ്ങള്‍ കൈമാറുകയായിരുന്നു മറ്റൊരു കവിതാദിന കൗതുകം. ഒ എന്‍ വി കുറുപ്പ്, മഹാകവി ജീയുടെ ഒരു കാവ്യശകലം ബാലചന്ദ്രന്‍ ചുള്ളിക്കാടിനയക്കുകയും ആശാന്‍ കവിതകൊണ്ട് അദ്ദേഹം പ്രതിവചിക്കുകയും ചെയ്തു. നിരവധി പേര്‍ ഫേസ്ബുക്കിലൂടെയും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും മൊബൈല്‍ ഫോണിലൂടെയും സന്ദേശങ്ങള്‍ കൈമാറുകയും അതൊരു ആഗോള കവിതാ ശൃംഖലയായി മാറുകയും ചെയ്തു.

കാവ്യക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രത്യേകിച്ചൊരു കവിതാദിനത്തിന്റെ ആവശ്യമില്ല. എന്നാല്‍ വര്‍ഷത്തിലൊരു ദിവസം കവിതയ്ക്കുവേണ്ടി മാത്രം മാറ്റിവയ്ക്കുന്നത് സൗന്ദര്യാത്മകമായ ഒരു ആവശ്യമാണ്.

മലയാള കവിതാദിനാചരണം അവസാനിച്ചിട്ടില്ല. ധനു ഒന്ന് പ്രവൃത്തി ദിവസമായതിനാല്‍ സിംഗപ്പൂര്‍ മലയാളികള്‍ അടുത്ത ഞായറാഴ്ച മലയാള കവിതാദിനം ആചരിക്കുകയാണ്.
 

Friday, 13 December 2013

മനുഷ്യസ്‌നേഹികളുടെ ശരീരദാനം


   വഴിയരികില്‍ ഒരു കാക്കക്കൂട്ടം. സമൂഹനിലവിളി. മണ്ണിലും പരിസരത്തുള്ള മരക്കൊമ്പുകളിലുമെല്ലാം കാക്കകളുണ്ട്. ചിലപ്പോള്‍ വൈദ്യുതി നിലച്ചതുപോലെ കരച്ചില്‍ നിലയ്ക്കും. മറ്റു ജീവികളോ കാറ്റോ അതുവഴി കടന്നുപോയാല്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കരച്ചില്‍ തുടങ്ങും. ആ പക്ഷിക്കൂട്ടം ഒരു ബന്ധുവിന്റെ മരണത്തില്‍ അനുശോചിക്കുകയാണ്. ഒരു കാക്ക മണ്ണില്‍ മരിച്ചു വീണിരിക്കുന്നു. രണ്ടു ദിവസത്തേക്കെങ്കിലും കാക്കകള്‍ പാഴാങ്കം പറച്ചിലുമായി ആ പരിസരത്തുണ്ടാകും.

ഒരു ജീവി മരിച്ചാലുടന്‍ സംസ്‌കാരനടപടികള്‍ പ്രകൃതി ആരംഭിക്കും. നഗ്നനേത്രം കൊണ്ട് കാണാവുന്നതും കാണാന്‍ കഴിയാത്തതുമായ ചെറുജീവികളാണ് കര്‍മ്മികള്‍. ദിവസങ്ങള്‍ക്കകം മാംസം നശിച്ചിരിക്കും. തൂവല്‍, അസ്ഥി തുടങ്ങിയവ കാലക്രമേണ പ്രകൃതിയില്‍ ലയിച്ചു ചേരും. ഇതാണ് ഏതു മൃതശരീരത്തിനും സംഭവിക്കുന്നത്.

വൈദ്യശാസ്ത്ര പഠനത്തില്‍ ഏറെ മുന്നോട്ട് പോയത് മനുഷ്യരാണ്. ബോധം നൈസര്‍ഗികമെന്ന ചാര്‍വാകദര്‍ശനം ശരിയെന്നു പറഞ്ഞുകൊണ്ട് ചില മൃഗങ്ങള്‍ സ്വയം ചികിത്സിക്കുന്നതു കാണാറുണ്ട്. ഭക്ഷണം ഉപേക്ഷിച്ചും ചില പ്രത്യേക സസ്യങ്ങള്‍ തെരഞ്ഞു പിടിച്ചു ഭക്ഷിച്ചും ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്നും ചില മൃഗങ്ങള്‍ സ്വയം രക്ഷപ്പെടാറുണ്ട്.

വിവിധതരം രോഗങ്ങള്‍ക്കിരയാവുന്ന മനുഷ്യര്‍ക്ക് രോഗവിമുക്തി വരുത്തണമെങ്കില്‍ ശരീരശാസ്ത്രപഠനം അത്യാവശ്യമാണ്. മൃതദേഹത്തെ പ്രാര്‍ഥനകളോടെ സംസ്‌ക്കരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന വിലക്കേര്‍പ്പെടുത്തിയത് മതങ്ങളാണ്. മതങ്ങള്‍ പ്രചരിപ്പിച്ച സുപ്രധാന അന്ധവിശ്വാസമാണ് പരലോകം. പുരോഹിത വര്‍ഗത്തിന് മെയ്യനങ്ങാതെ സുഖജീവിതം നയിക്കാനുള്ള തന്ത്രമായിരുന്നു പരലോകസിദ്ധാന്തം. ഭയപ്പെടുത്തി പണിയെടുപ്പിക്കാന്‍ വേണ്ടി നരകവും മരണാനന്തര സുഖജീവിതത്തിനായി സ്വര്‍ഗവും അവര്‍ സങ്കല്‍പ്പിച്ചുണ്ടാക്കി. പുരുഷന്മാര്‍ക്കായി ഹൂറികളെയും സ്ത്രീകള്‍ക്കായി ഗന്ധര്‍വന്മാരെയും പരലോകത്ത് നിയമിച്ചു.

ഈ അന്ധവിശ്വാസം ശരീരശാസ്ത്രപഠനത്തെ പുരോഗതിയിലേക്കുള്ള പാതയിലെത്തിക്കാന്‍ പരമാവധി വൈകിപ്പിച്ചു. രോഗവും ശാരീരികവൈകല്യവുമെല്ലാം ദൈവസമ്മാനമാണെന്നു സമാശ്വസിച്ചാല്‍ ആരോഗ്യകരമായ ജീവിതം സാധ്യമല്ലാതെ വരും. രക്തദാനം, അവയവദാനം തുടങ്ങിയ മഹത്തായ കാര്യങ്ങളിലൂടെ ദൈവവിധിയെ ലംഘിച്ചു. അങ്ങനെയാണ് പല ജീവിതങ്ങളെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

കേരളത്തില്‍ കാണുന്ന ഒരു പ്രത്യേക ക്രിസ്ത്യന്‍, മുസ്‌ലിം, നായര്‍, ഈഴവ സമൂഹങ്ങളിലെ സമ്പന്ന സംഘടിത വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍കോളജ് ആവശ്യമുണ്ട് എന്നതാണ്. എന്നാല്‍ ഈ സമ്പന്ന സംഘടിത വിഭാഗങ്ങളിലെ ആരും തന്നെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്വന്തം ശരീരം മരണാനന്തരം നല്‍കാന്‍ തയ്യാറല്ല!ശരീരദാനം ദൈവനിന്ദയാണെന്ന് അവര്‍ കരുതുന്നു. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ നിന്നും വമ്പന്‍ ഫീസ് ഈടാക്കുന്നത് ദൈവനിന്ദയായി കരുതുന്നുമില്ല.

അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കാമെന്നു കണ്ടെത്തുന്നതിന് മുമ്പാണ് മതങ്ങള്‍ ഉണ്ടായത്. അതുകൊണ്ടാണ് മതങ്ങള്‍ ഇന്നും അപരിഷ്‌കൃത ചിന്താലോകത്ത് താമസിക്കുന്നത്. ശാസ്ത്രനന്മകളെല്ലാം ആസ്വദിക്കുമെങ്കിലും ആത്യന്തികമായി മതങ്ങള്‍ ശാസ്ത്രത്തിന്റെ എതിര്‍പക്ഷത്താണ്.

കേരളത്തില്‍ ഒരേയൊരു ക്രൈസ്തവ പുരോഹിതന്‍ മാത്രമാണ് സ്വന്തം മൃതശരീരം പാഠപുസ്തകമാക്കിയത്. അത് ക്രിസ്തുവിനെ അന്വേഷിച്ച് സ്‌നേഹത്തിന്റെ യുക്തിമേഖലയിലെത്തിയ ഫാ. അലോഷ്യസ് ഫെര്‍ണാന്റസ് ആണ്. ബാല്യകാല ഇസ്‌ലാം മതപരിസരം ഉപേക്ഷിച്ച് യുക്തിമേഖലയിലെത്തിയ വയനാട്ടിലെ സി കെ അബ്ദുള്ളകുട്ടിയും മൃതശരീരം പാഠപുസ്തകമാക്കിയിട്ടുണ്ട്. നാരായണ ഗുരുവിന്റെ അനുയായികളാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കേണ്ടത്. 
കാരണം ചക്കിലിട്ടാട്ടിതെങ്ങിനു  വളമാക്കിയാലും മൃതദേഹത്തിന് നോവുകയില്ലെന്ന് സധൈര്യം പറഞ്ഞത് അദ്ദേഹമാണല്ലൊ. വൃക്കദാനത്തിനും മറ്റു ചില ക്രൈസ്തവപുരോഹിതന്മാര്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നത് പ്രശംസനീയമാണ്.

കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറുപേരുടെ ശരീരദാന സമ്മതപത്രം, കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവിക്ക് ഈയിടെ കൈമാറുകയുണ്ടായി. വൃദ്ധരും യുവതീയുവാക്കളുമടങ്ങിയ ആ സംഘത്തെ കോന്നി മഠത്തില്‍ക്കാവ് ദുര്‍ഗാ ഓഡിറ്റോറിയത്തില്‍ വച്ച് വമ്പിച്ച ഒരു സദസ്സിനെ സാക്ഷിനിര്‍ത്തി പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ഒരു വശത്ത് അന്ധവിശ്വാസങ്ങള്‍ വേരുറപ്പിക്കുമ്പോള്‍ മറുവശത്ത് സ്‌നേഹത്തിലൂന്നിയ അന്ധവിശ്വാസ നിരാസവും വേരുപടര്‍ത്തുന്നുണ്ട്. ശരീരദാന സമ്മതപത്രം നല്‍കിയ കോന്നിയിലെ മനുഷ്യസ്‌നേഹികള്‍ക്ക് അഭിവാദ്യം.