Sunday, 8 August 2021

പേരക്കാക്കുട്ടികള്‍


രണ്ടു പേരക്കാക്കുട്ടികള്‍ വീട്ടിലെ 

ഗ്രന്ഥമെല്ലാം പൊളിച്ചു വായിക്കുന്നു.                                                                                                                                                                                                                                      എത്ര സൂക്ഷ്മം സശ്രദ്ധം സസന്തോഷം 

നിഷ്ക്കളങ്കം മനോഹരവായന 


യുക്തിഭക്തി ഭേദങ്ങളില്ലാതെ 

പുസ്തകങ്ങള്‍ വിമാനങ്ങളായി 

നീലബക്കറ്റില്‍ നീന്തിക്കളിക്കും 

താറാക്കോഴികളായൊരു പറ്റം

വീടിനുള്ളിലെ ആകാശം ചുറ്റി 

ജാലകവും കടന്നു റോക്കറ്റ് 


കൃഷ്ണഗാഥ മഴയിലേക്കിട്ടു

കൊട്ടിക്കൊട്ടിയാ കൈകള്‍ കുഴഞ്ഞു

കുഞ്ചന്‍തുള്ളല്‍ കടലാസ്സുകപ്പല്‍ 

പിച്ചിപ്പൂക്കളായ് രാമായണങ്ങള്‍.


കണ്ടിട്ടില്ലാത്ത പുസ്തകം തേടിയെന്‍ 

കണ്മണികള്‍ കലാപം കൊളുത്തുന്നു 

കൊച്ചുമക്കളേ നിങ്ങളെപ്പോലൊരു 

വിപ്ലവം ഞാന്‍ നടത്തിയിട്ടില്ല 


Wednesday, 4 August 2021

മതങ്ങളുടെ പ്രസവമത്സരം


ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണകൂടത്തിനു സമാന്തരമായി മതങ്ങളുടെ ഒരു ഭരണകൂടം നിലവിലുണ്ട്. ആ പാറക്കെട്ടില്‍ ഇടിച്ചു തകരാത്ത ജനകീയ ഭരണകൂടവും നിയമസംഹിതയുമില്ല.

കന്യാസ്ത്രീയെ പുറത്താക്കിയാല്‍ അവര്‍ മഠത്തിലെ ജീവിതം ഒഴിവാക്കി തെരുവിലേക്കിറങ്ങേണ്ടിവരും. പുറത്താക്കുന്നതാര്? ഒരു രാജ്യത്തിന്‍റെ നിയമവ്യവസ്ഥയല്ല. മത നിയമമാണ്.

 വൈദിക മേധാവിയുടെ ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചതിനാണ് പുറത്താക്കുന്നതെങ്കില്‍ പോലും മത തീരുമാനത്തിന് വ്യത്യാസമില്ല.കന്യാസ്ത്രീ ഒരു വോട്ടറാണെന്നുള്ള പരിഗണന പോലും ഭരണകൂടത്തില്‍ നിന്നോ ന്യായപീഠത്തില്‍ നിന്നോ ലഭിക്കുകയില്ല! മതമേധാവിയെ ചോദ്യം ചെയ്യുന്നയാളില്‍ ലേശം കവിതയുണ്ടെങ്കിലോ? ഈ റിപ്പബ്ലിക്കില്‍ കവികള്‍ വേണ്ടെന്ന നിലപാടിലാണ് വ്യവസ്ഥിതി.

കുടുംബാസൂത്രണ ബോധവല്‍ക്കരണം നടത്തുന്നത് ഒരു രാജ്യത്തിന്‍റെ ബഡ്ജറ്റ് തയ്യാറാക്കുന്നതിന്‍റെ ഭാഗമായല്ല. കുടുംബങ്ങളുടെ ഐശ്വര്യത്തിന് വേണ്ടിയാണ്. വോട്ടുബാങ്കിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ച് വിലപേശാന്‍ നില്‍ക്കുന്ന മതങ്ങള്‍ക്ക് കുടുംബ ഐശ്വര്യമൊന്നും പ്രശ്നമല്ല.കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായ പദ്ധതിയുമായി നില്‍ക്കുകയാണ് മതങ്ങള്‍.സ്ത്രീ വിരുദ്ധമായ നിലപാടാണത്

സ്ത്രീകള്‍ പ്രസവിക്കാനുള്ള വെറും യന്ത്രങ്ങള്‍ മാത്രമാണോ? വിവിധ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തുകയോ പുരുഷനുമായി ചേര്‍ന്ന് കുടുംബത്തിനു സാമ്പത്തികഭദ്രത വരുത്തുകയോ അല്ലേ സ്ത്രീകള്‍ ചെയ്യേണ്ടത്? കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കുകയും ചെയ്യുന്നതില്‍ അമ്മമാര്‍ക്കും പങ്കുണ്ട്. ഗര്‍ഭധാരണം മുതല്‍ ഇപ്പോള്‍ വ്യാപകമായികാണപ്പെടുന്ന ബെഡ് റെസ്റ്റും സിസേറിയനും കടന്ന്
എപ്പോഴാണ് ഒരമ്മ സാധാരണജീവിതത്തിലേക്ക് മടങ്ങി വരുന്നത്?
മുലയൂട്ടലടക്കമുള്ള ശിശുപരിചരണവും അമ്മമാരുടെ കുടുംബജീവിതത്തിന്‍റെ ഭാഗമാണല്ലോ. പിന്നെപ്പോഴാണ് അവര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്?

അപ്പോള്‍ മത നിലപാടുകളുടെ അര്‍ത്ഥം സ്ത്രീകള്‍ വീട്ടമ്മമാരായി മാത്രം കഴിഞ്ഞാല്‍ മതിയെന്നാണ്.ഒരമ്മയുടെ ഒറ്റമകനെ മുന്‍ നിര്‍ത്തി നിലനില്‍ക്കുന്ന മതമാണ് ഒരു കുട്ടി പോരായെന്ന നിലപാടിന് കൈ നിറയെ കാശുമായി നില്‍ക്കുന്നത്.

ഇത്,ഏതെങ്കിലും ഒരു മതത്തിന്‍റെ മാത്രം പ്രശ്നമല്ല. രാജ്യം പിടിക്കാന്‍ ഗര്‍ഭപാത്രത്തെ ആയുധമാക്കുകയെന്ന സ്ത്രീവിരുദ്ധ ചിന്ത എല്ലാ മത പൌരോഹിത്യത്തിനുമുണ്ട്. കുഞ്ഞുങ്ങളെ ദൈവം തരുന്നതാണെന്നും രണ്ടു കൈയും നീട്ടി സ്വീകരിക്കണമെന്നുമുള്ള പച്ചക്കള്ളം വിദ്യാഭ്യാസമുള്ളവര്‍ ചിരിച്ചു തള്ളിയിട്ട് കാലം കുറെയായി.

നാലും അഞ്ചും കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് സ്വന്തം എഞ്ചിനീയറിങ് കോളജുകളില്‍ സീറ്റുപോലും ഇപ്പോഴേ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വാശ്രയ കോളജ് എന്ന കച്ചവടസാധ്യതയെ പുരുഷപൌരോഹിത്യത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിന് കൂടി പ്രയോജനപ്പെടുത്തുന്ന പ്രലോഭനമാണത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ദൈവത്തിനു മണവാട്ടിമാരെ കിട്ടാതായിട്ടുണ്ട്. കന്യാസ്ത്രീ എന്ന ആശയം തന്നെ അഞ്ചെങ്കിലും പ്രസവിക്കണമെന്ന കുടിലചിന്തയ്ക്കെതിരാണല്ലോ.

പുതിയ ലോകക്രമം അനുസരിച്ച് സ്ത്രീകള്‍ക്ക് രാഷ്ട്രമേധാവി മുതല്‍ പോലീസും പട്ടാളവും ഒക്കെയാകാം.ആ സാധ്യതകളും അവരുടെ കഴിവുകള്‍ വിനിയോഗിക്കാനുള്ള അവസരവും ഒഴിവാക്കി പെറ്റുകിടക്കണമെന്നത് മനുഷ്യത്വ രഹിതമായ നിലപാടാണ്. കലാരംഗത്തും ശാസ്ത്രരംഗത്തും കായികരംഗത്തും  സാഹിത്യരംഗത്തുമൊക്കെ പ്രതിഭ തെളിയിച്ച നിരവധി സഹോദരിമാര്‍ നമുക്കുണ്ട്. കൌമാരവും യൌവനവും മുഴുവന്‍ പ്രസവിക്കാനായി മാറ്റിവച്ചാലുള്ള അവസ്ഥയെന്തായിരിക്കും.

സ്ത്രീകളോട് പെറ്റുകൂട്ടണമെന്ന ആഹ്വാനം മതതത്വങ്ങള്‍ക്ക് അനുസരിച്ച് എടുത്തതാണത്രേ.ഇത്തരം പ്രാകൃത തീരുമാനങ്ങളെടുക്കുമ്പോള്‍ സ്ത്രീകളുടെ അഭിപ്രായം ശ്രദ്ധിക്കുന്നത് നല്ലതാണ്. അഞ്ചു പ്രസവിക്കാന്‍ തയ്യാറാകുന്ന ഒരു സ്ത്രീയെപ്പോലും കിട്ടുകയില്ല. ദൈവത്തിന്‍റെയും ചെകുത്താന്‍റെയുമൊക്കെ കൊമ്പും തുമ്പിയും കാട്ടി വിരട്ടുകയേ മാര്‍ഗ്ഗമുള്ളൂ. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കാട്ടി പ്രലോഭിപ്പിക്കുന്നത് ഭാവിയില്‍  പ്രസവമത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്'

ഇടവകയിലെ കുഞ്ഞാടിനെ ഗര്‍ഭവതിയാക്കി ഈ ആശയം നടപ്പാക്കാന്‍ ശ്രമിച്ച ഒരു പുരോഹിതനെ വിമാനത്താവളത്തില്‍ വച്ച് ഓടിച്ചിട്ടുപിടിച്ച് ജയിലിലാക്കിയതും ഈ കേരളത്തിലാണ്.

പല മതങ്ങളുടെയും ആരാധനാമൂര്‍ത്തികള്‍ കുടുംബമില്ലാത്തവരാണ്. ഒരു ഇന്ത്യന്‍ ദൈവത്തിനാണെങ്കില്‍ പത്തു പതിനാറു മക്കളുണ്ടെങ്കിലും അവരാരും സ്ത്രീയിലൂടെ പിറന്നവരുമല്ല. അതൊക്കെ നോക്കിയാല്‍ സന്താനോത്പാദനം സംബന്ധിച്ച മതങ്ങളുടെ നിലപാട് ദൈവവിരുദ്ധവുമാണ്.

Wednesday, 21 July 2021

മതവികാരത്തെക്കാള്‍ പ്രധാനം ആരോഗ്യം


പൌരന്മാരുടെ യുക്തിബോധത്തിന് പരിഗണന നല്‍കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.മത വിശ്വാസത്തിനു നല്‍കുന്ന പരിരക്ഷയെപ്പോലെതന്നെ യുക്തിബോധത്തിനും നമ്മുടെ നാട്ടിലിടമുണ്ട്. 

ചിലപ്പോഴെങ്കിലും മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മറന്നു പോകുന്ന ഈ വസ്തുതയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ആശാവഹമായ ഒരു വിധിയാണ് ഈയിടെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായത്. 

ഉത്തര്‍പ്രദേശിലെ സര്ക്കാര്‍ വോട്ടുപെട്ടി ലക്ഷ്യമാക്കി പ്രോത്സാഹിപ്പിച്ചിരുന്ന ഒരു മതാചാരത്തെയാണ് കോടതി കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തടഞ്ഞിട്ടുള്ളത്.

കാവടിയുമേന്തി പഴനിയിലേക്കൊ കാവുമേന്തി കൊട്ടിയൂരേക്കോ പോകുന്നതു പോലെയുള്ള ഒരു യാത്രയാണ് ഹിന്ദുമതവിശ്വാസികള്‍ ഹരിദ്വാറിലേക്കും ഗംഗോത്രിയിലേക്കും  നടത്താറുള്ളത്. ഉത്തരാഖണ്ഡിലുള്ള ഈ സ്ഥലങ്ങളിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ ഗംഗാജലം ശേഖരിക്കുകയും അവ പല ശിവക്ഷേത്രങ്ങളിലെത്തി അഭിഷേകം നടത്തുകയും ചെയ്യും.ഒരു വടക്കന്‍ ശിവാലയഓട്ടം.

നഗ്നത മര്യാദയ്ക്ക് മറയ്ക്കാതെയുള്ള കുംഭമേള മുതല്‍ കേരളത്തിലെ തീണ്ടാരിക്കാര്യം വരെയുള്ള സര്‍വ്വവിധ അനാചാരങ്ങളെയും വോട്ടിന് വേണ്ടി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്ക്കാരം ഇക്കാര്യത്തിലും അവരുടെ പൌരാണിക നിലപാട് തുടര്‍ന്നു. 

കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നു കോടതി വ്യക്തമാക്കുകയും  യാത്ര അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തിരിക്കുകയാണ്.

ലോകം ഒരു അദൃശ്യ രോഗാണുവിനെ നേരിടാനും അതുവഴി മനുഷ്യരാശിയെ രക്ഷിക്കാനുമുള്ള തീവ്രപരിശ്രമത്തിലാണ്. ആ ശ്രമത്തില്‍ നമ്മളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഔത്സുക്യത്തോടെ പങ്കെടുക്കുകയുമാണ് വേണ്ടത്.

ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. ജെറുസലേമിലും മക്കയിലും ഭക്തജന പ്രവേശനം അവിടെയുള്ള ഭരണകൂടങ്ങള്‍ യുക്തിപൂര്‍വം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതൊന്നും ഇന്ത്യയിലെ മത പൌരോഹിത്യത്തിനു ബാധകമല്ല.
വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാതെ പരസ്യമായും സാമൂഹികമായും പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ പലതരം വിലപേശലുകള്‍ നടക്കൂ എന്നു അവര്‍ കരുതുന്നു. മതാചാരങ്ങള്‍ പ്രകടിപ്പിക്കാനായി  കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം കാറ്റില്‍ പറത്താനാണവര്‍ ശ്രമിച്ചത്..

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം  പറയുമ്പോള്‍ മുഖ്യമന്ത്രി യുക്തിവാദികളെ പോലെ സംസാരിക്കുന്നു എന്നാണ് ഒരു മത വിദ്യാര്‍ഥി സംഘടന പ്രസ്താവിച്ചത്. 

കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.അച്ചുതമേനോന്‍,പി.കെ.വാസുദേവന്‍ നായര്‍,ഇ.കെ.നായനാര്‍, വി.എസ്.അച്ചുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ ഭൌതികവാദം അംഗീകരിച്ചവരാണ്. ഐക്യകേരളത്തിന് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരായ സി.കേശവനും പനമ്പിള്ളി
ഗോവിന്ദമേനോനും ഈശ്വരവിശ്വാസികള്‍ ആയിരുന്നില്ല. പക്ഷേ ഇവരാരും ആരുടേയും മത വിശ്വാസത്തെ തടഞ്ഞിട്ടില്ല. അവരുടെ യുക്തിബോധം അതാണ്.

ബാബറിപ്പള്ളി പൊളിച്ചതിനെ ഒരു യുക്തിവാദിയും അനുകൂലിച്ചില്ല. മതത്തിനു ഒരു പ്രാധാന്യവുമില്ലാത്ത, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളല്ലാത്ത സ്ക്കാന്‍റിനേവിയന്‍ രാജ്യങ്ങളില്‍ പോലും ആളില്ലാപ്പള്ളികളെ ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിച്ചിട്ടുണ്ട്. ബാബറിപ്പള്ളിയും അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകളും തകര്‍ത്തത് കഠിന മതവിശ്വാസികളാണ്.ഒന്നു ശരിയും ഒന്നു തെറ്റും ആകുന്നില്ല.

രോഗം ഈശ്വരനിശ്ചയമാണ്, അത് വന്നോട്ടേ എന്ന പ്രാകൃതചിന്തയെ അംഗീകരിക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല.

ആചാരങ്ങളെന്നപേരില്‍ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച് രോഗം പടര്‍ത്തുന്നതിന് പകരം രോഗകാല നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് ഉചിതമായിട്ടുള്ളത്.

Wednesday, 7 July 2021

കമ്പ്യൂട്ടര്‍ ബ്രോക്കറും കവിടി വിദഗ്ദ്ധരും


സാക്ഷരകേരളത്തിന് അപമാനം സമ്മാനിച്ചുകൊണ്ട് സ്ത്രീധന മരണങ്ങള്‍ വീണ്ടും അരങ്ങേറുകയാണ്. മരിച്ച യുവതികളുടെ രക്ഷകര്‍ത്താക്കളുടെ മുന്നില്‍ സാന്ത്വനവാക്കുകളില്ലാതെ കേരളം നില്‍ക്കുന്നു.

കിട്ടിയ പണവും പൊന്നും കാറും പോരാഞ്ഞു ആര്‍ത്തി പിടിച്ച  ഭര്‍ത്താവുദ്യോഗസ്ഥന്‍ ഭാര്യയെ മര്‍ദ്ദിച്ച് സ്വയം ഹത്യയിലേക്ക് തള്ളി വിടുകയാണ്. ഭാര്യയെ  കൊല്ലാന്‍ പാമ്പിനെ മെരുക്കുന്ന പണി പോലും പഠിക്കുന്ന ഭര്‍ത്താവ് കേരളീയ സമൂഹത്തിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. 

എന്തായാലും കേരളത്തിലെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ സ്ത്രീധനത്തിനെതിരായ ജാഗ്രതാ സദസ്സുകള്‍ ആരംഭിച്ചിരിക്കുന്നു. നവോത്ഥാന പരിശ്രമത്തിന്‍റെ തുടര്‍ച്ചയാണത്. മഹേഷ് കക്കത്തും എ.എ.റഹിമുമൊക്കെ നയിക്കുന്ന ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ക്ക്   അത്തരം പരിശ്രമങ്ങള്‍ മനസ്സാക്ഷിക്കുത്തു കൂടാതെ നടത്തുവാന്‍ കഴിയും.

പ്രസംഗവേദികളില്‍ പരാമര്‍ശിച്ചു കേള്‍ക്കാത്ത രണ്ടു പ്രധാന വില്ലന്‍മാര്‍ കമ്പ്യൂട്ടര്‍ ബ്രോക്കര്‍മാരും കവിടിനിരത്തി പൊരുത്തപ്പെടുത്തുന്ന മിടുക്കന്മാരുമാണ്.

കാറിനെയോ ബൈക്കിനെയോ കല്ല്യാണം കഴിച്ചാല്‍ വധുവിനെ ഇനാമായി സംഘടിപ്പിച്ചു കൊടുക്കുന്ന, കാലന്‍ കുടയും കക്ഷത്തു ഡയറിയുമുള്ള കാല്‍നടക്കാരായ വിവാഹ ദല്ലാള്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ആ സ്ഥാനത്ത് ശാസ്ത്രത്തിന്‍റെ സംഭാവനയായ കംപ്യൂട്ടറാണ് ഉള്ളത്. സയന്‍സിന്റെ മികവുറ്റ ഒരു കണ്ടെത്തലിനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ മികച്ച ഉദാഹരണമാണത്. അതുപയോഗിച്ച് വര്‍ഗീയ വിവാഹജോഡികളെ സാക്ഷാത്ക്കരിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം  മാട്രിമോണിയലുകള്‍ യാതൊരു മറയുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വഴിയെത്തുന്ന വിവാഹാലോചനകളില്‍ പലപ്പോഴും  സ്ത്രീധനം ഒരു പ്രധാന വിഷയമാണ്. സ്ത്രീധന മരണങ്ങളില്‍ പെട്ടു ദു:ഖിക്കുന്ന കുടുംബങ്ങള്‍ക്ക് രാഷ്ട്രീയബന്ധങ്ങളെക്കാളും 
അടുപ്പം സാമുദായിക സംഘടനകളോടാണെന്നും കാണാവുന്നതാണ്.

ഇതിനു സമാന്തരമായി ചില ആദര്‍ശ വിവാഹ ബ്യൂറോകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ജാതിയോ മതമോ സ്ത്രീധമോ പരിഗണിക്കുകയില്ല. വര്‍ഗീയ വിവാഹ ബ്യൂറോകളിലെ തിരക്കുമായി താരതമ്യം ചെയ്താല്‍ ഇത്  അപൂര്‍വ വൃക്ഷങ്ങള്‍ മാത്രമുള്ള മരുഭൂമിയാണ്. എന്തായാലും ആ വഴിയേ കുടുംബ ജീവിതം തുടങ്ങുന്നവരില്‍ സ്ത്രീധനമരണം എന്നൊന്നില്ല.

സമുദായിക വിവാഹ ബ്യൂറോകള്‍ കേരളത്തെ ഇരുണ്ട ഭൂതകാലത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

സാമുദായിക വിവാഹ ബ്യൂറോകളിലൂടെ ഇണകളെ കണ്ടെത്തുന്നവരും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. പക്ഷേ മാനുഷികമൂല്യങ്ങള്‍ക്ക് പകരം വര്‍ഗ്ഗീയ പാഠങ്ങള്‍ പഠിച്ചിട്ടുള്ളതിനാല്‍ അന്തമില്ലാത്ത ധനാര്‍ത്തി അവരെ പിന്തുടരുന്നുണ്ട്. ഓരോ സ്ത്രീധനമരണവും കേരളീയ സമൂഹത്തിനുണ്ടാക്കുന്നത് അഗാധ ദു:ഖമാണ്.

വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍,  മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ച വിവാഹമാണെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും അതുകഴിഞ്ഞില്ലെങ്കില്‍ ഗുഡ് ബൈ പറയാനെങ്കിലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു കഴിയണം.
സാമുദായിക സംഘടനകളോട് പരാതി പറഞ്ഞാല്‍ അവരതൊക്കെ ഒതുക്കി തീര്‍ക്കുകയേയുള്ളൂ.

ഈ രംഗത്തെ മറ്റൊരു പ്രധാന വില്ലന്‍ എല്ലാ പൊരുത്തവും ഉണ്ടെന്നു പറഞ്ഞു പറ്റിക്കുന്ന ജോത്സ്യസമൂഹമാണ്. കവിടി നിരത്തി കിറുകൃത്യം കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ വധുവിനെ ഒരു ദുര്‍മരണം കാത്തിരിക്കുന്നു എന്നു കാണാന്‍ കഴിയാതെപോയ ജ്യോതിഷം വെറും തട്ടിപ്പാണെന്ന് ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. കോവിഡ് ഉണ്ടായത് ശനി ഗ്രഹവുമായി ബന്ധപ്പെട്ട ഒരു കാരണം കൊണ്ടാണെന്ന ഒരു ജ്യോത്സ്യന്‍റെ വിടുവായ്ക്ക് കേരളത്തിലെ ഒരു സമുദായപത്രം വലിയ പ്രാധാന്യമാണല്ലോ കൊടുത്തത്.

കൊറോണ എന്ന മാരക വൈറസ്സ് മനുഷ്യരെ കൊല്ലാന്‍ വേണ്ടി വരാന്‍ പോകുന്നു എന്നു കണ്ടെത്താന്‍ ഒരു ജോത്സ്യനും കഴിഞ്ഞില്ലെന്നുള്ളത് സാക്ഷരകേരളം ശ്രദ്ധിക്കേണ്ടതാണ്. കവിടിപ്പൊരുത്തമല്ല ജീവിതത്തിലെ മനപ്പൊരുത്തമെന്ന് ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കുകയും ശുഭജീവിതം പ്രവചിച്ചവരെ പറഞ്ഞു പറ്റിച്ചതിനുള്ള നിയമനടപടിക്കെങ്കിലും വിധേയരാക്കേണ്ടതുമാണ്. 

അതും കഴിയുന്നില്ലെങ്കില്‍ സാമുദായിക വൈവാഹിക ബ്യൂറോകളെയും ജ്യോതിഷാലയങ്ങളെയും ജീവിതത്തിലിടപെ ടാന്‍  അനുവദിക്കില്ലെന്ന് കേരളീയ യുവത്വത്തിനു തീരുമാനിക്കാവുന്നതാണ്.

Friday, 25 June 2021

മഞ്ഞക്കുതിര

 വെളുത്ത കണ്ണും ചാരക്കാലും

പളുങ്കുകൊണ്ടു കുളമ്പും
കറുത്ത വാലും ചെമ്പൻ ചെവിയും
ദിനോസറിൻ തീമൊഴിയും
അടുത്തുചെന്നാ മഞ്ഞക്കുതിര-
പ്പുറത്തുകയറീ മോഹം
കുതിച്ചു പാഞ്ഞു ഗുഹാമുഖത്തേയ്-
ക്കിരമ്പുമെൻ വ്യാമോഹം
വരണ്ടഗംഗകൾ കണ്ടൂ കാറ്റിൻ
വിരണ്ട പാട്ടും കേട്ടു
തളർന്നശീലിൻ ശകലങ്ങള്‍
തീ കവർന്ന ശാന്തിക്കൂടാരം
നിറഞ്ഞ കണ്ണുകള്‍
നീറിപ്പുകയും മനസ്സുകൾ
തേൻകുടുക്കയിൽ വിഷങ്ങൾ
വിങ്ങും വിഷമങ്ങള്‍
ശരങ്ങൾ കീറിയ സത്യങ്ങള്‍
നിറങ്ങള്‍ മങ്ങിയ സ്വപ്നങ്ങൾ
പദങ്ങള്‍ തെറ്റിയ നൃത്തങ്ങള്‍
തുരുമ്പു ചൂടിയ ദാഹങ്ങൾ
ചിരങ്ങുചുറ്റിയ ചന്തങ്ങൾ
അണഞ്ഞ കായൽപ്പന്തങ്ങൾ
പിരിഞ്ഞുപോകും പ്രേമങ്ങൾ
ഗുഹാമുഖത്തെ ചിത്രത്തില്‍
പിടഞ്ഞ മർത്ത്യക്കോലങ്ങൾ
മഞ്ഞക്കുതിര മടിച്ചു നിൽക്കേ വഴി-
മുന്നിലില്ലാഞ്ഞു ഞാൻ മണ്ണിൽനിന്നു
പെണ്ണൊന്നുവന്നെന്റെ കൈപിടിച്ചു
നെഞ്ചോടുചേർത്തു ചിരിച്ചു നിന്നു
വസ്ത്രമില്ലാത്തവൾ
കൺകോണുകൊണ്ടെന്നി-
ലസ്ത്രം തറച്ചവൾ
മദ്യം ചുവയ്ക്കുന്ന സ്വപ്നങ്ങളുള്ളവൾ
കണ്ണുകൊണ്ടും മുലക്കണ്ണുകൊണ്ടും ക്ഷണി-
ച്ചെന്നെഗ്ഗുഹക്കുള്ളിലാക്കുന്നു
നഗ്നശിൽപങ്ങളിൽ സംഭോഗശൃംഗാര-
പദ്യങ്ങള്‍, ചമ്പുക്കൾ, ഉണ്ണുനീലിക്കുള്ള-
കത്തുകൾ കത്തുന്ന ചന്ദ്രോൽസവക്കാല-
ചർച്ചകൾ, മേദിനീവെണ്ണിലാവിൻ കാലു-
നക്കുന്ന കാവ്യകാരൻമാർ, ചെറുകര-
കുട്ടത്തിയാളുടെ പൊക്കിൾക്കുഴിയിലേ-
ക്കെത്തിനോക്കുന്ന പകർപ്പവകാശികൾ
കാഴ്ചകള്‍ കാഴ്ചകള്‍ മേളംമദിക്കുന്ന-
വേഴ്ചകൾ, തൊട്ടെന്നെ നീ വിളിക്കുന്നുവോ?

ഗാന്ധർവ്വസമ്മേളനം കണ്ട തൊട്ടിലില്‍
വാത്സ്യായനം കൊത്തിവെച്ചൊരാക്കട്ടിലിൽ
ഉണ്ണിയച്ചിക്കുള്ള വേർപ്പും
മദസ്രവഗന്ധവും ചൂഴ്ന്നു മരിച്ചൊരാമെത്തയിൽ
മാരലേഖാ സ്തനപീഡിതമാം മലർ-
ശീലയിൽ നമ്മൾക്കുമാവർത്തനത്തിന്റെ
കാവ്യം രചിക്കാന്‍ തിടുക്കമാകുന്നുവോ?
ആതിഥേയേ വയ്യ
പിന്നിട്ട പാതയില്‍
പാതിവളർന്നു മരിച്ച സംഗീതമെൻ
നാഡിയിൽ
പ്രജ്ഞയിൽ
ചോരയിൽ
സംഹാര താണ്ഡവമാടുന്നൂ
വിട്ടയച്ചേക്കുക
പായുന്നു ഞാനീ
ഗുഹാമുഖംവിട്ടെന്റെ
പാതകള്‍ തേടി മറിഞ്ഞുവീഴുന്നുവോ
മഞ്ഞക്കുതിരച്ചവിട്ടുകളേറ്റെന്റെ
കണ്ണുപൊട്ടുന്നുവോ?
കാലൊടിയുന്നുവോ?

Tuesday, 22 June 2021

ജടായുപ്പാറയും ഹരി കട്ടേലും


കെട്ടുകഥയിലേക്ക് ഒരു വിനോദയാത്ര എന്ന നിലയില്‍ ഇപ്പോള്‍ വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ഒരിടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. 

പ്രമുഖ സിനിമാസംവിധായകനും കലാകാരനുമായ രാജീവ് അഞ്ചല്‍ ഇടതു വലതു സര്‍ക്കാരുകളുടെ സഹകരണത്തോടെ അത്യാകര്‍ഷകമായി, ഭീമാകാരനായ ഒരു പക്ഷിരൂപവും അനുബന്ധകാര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.ലോകത്തുള്ള  പക്ഷിശില്‍പ്പങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ ഒറ്റച്ചിറകുള്ള ശില്‍പ്പം.ഹെലിപ്പാഡും കേബിള്‍ കാറുമടക്കം എല്ലാ സഞ്ചാര സൌകര്യങ്ങളും അവിടെയുണ്ട്. സാഹസികര്‍ക്കു  പടികയറിയോ പാറയില്‍ തൂങ്ങിയോ കയറാനുള്ള സൌകര്യവും ഉണ്ട്.ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിച്ച്  ഹരിതഭംഗി വരുത്തിയിട്ടുമുണ്ട്.

ലെജന്‍ഡ് ടൂറിസം എന്നു വിളിക്കാവുന്ന ഈ പദ്ധതിക്കു അടിസ്ഥാനമായത് രാമായണകഥ തന്നെയാണ്. ഇന്ത്യയിലും ഇന്തോനേഷ്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും പണ്ടുപുരാതന കാലം മുതലേയുള്ള കഥ. വാത്മീകി മഹര്‍ഷിയോ അതിനുമുന്‍പുണ്ടായിരുന്ന ഏതോ നാട്ടുകവിയോ കെട്ടിയുണ്ടാക്കിയ രാമന്റെയും സീതയുടെയും കഥ. 

ദൈവാവതാരമായ രാമന്റെ ഭാര്യയെ രാവണന്‍ കട്ടു കൊണ്ടുപോകുന്നു. ജടായു എന്ന പക്ഷി യാത്ര തടയുന്നു. രാവണന്‍ ചന്ദ്രഹാസം കൊണ്ട് പക്ഷിയുടെ ചിറകു ഛേദിക്കുന്നു. ഈ കഥ രാജാരവിവര്‍മ്മയടക്കം പല കലാകാരന്മാരേയും പ്രചോദിപ്പിച്ചിട്ടുണ്ട്.

രാമായണകഥയുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പലയിടത്തും പ്രചരിച്ചിട്ടുള്ളതുപോലെ ഇവിടെയും ഒരു കഥ രൂപപ്പെട്ടു.അതാണ് ഐതിഹ്യപ്രധാനമായ ജടായുപ്പാറ.

എന്നാല്‍ ചരിത്രവും ഐതിഹ്യവും രണ്ടാണല്ലോ. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തോളം  അടി ഉയരമുള്ള  ജടായുപ്പാറയുടെയും .ആ പാറ നിലകൊള്ളുന്ന ചടയമംഗലത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ചരിത്രകാരനായ ഹരികട്ടേല്‍. 

കെട്ടുകഥയുടെ ഭക്തിരസത്തില്‍ മുങ്ങി വോട്ടുതട്ടിപ്പിനിരയാകാതിരിക്കാന്‍  ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി നമ്മള്‍ അറിയേണ്ടതുണ്ട്.

ജടായുപ്പാറയുടെ പഴയ പേര് മേലൂപ്പാറയെന്നായിരുന്നു.
ചടയമംഗലം ജടായുമംഗലം ആയിരുന്നില്ല. ജടായുവില്‍ നിന്നല്ല അതിന്റെ ഉത്ഭവം.ചടയനില്‍ നിന്നോ ചടയയില്‍ നിന്നോ ആണ്.
ചടയമംഗലത്ത് ഉണ്ടായിരുന്നത് ആര്യന്‍മാരല്ല.ദ്രാവിഡരായിരുന്നു.അവര്‍ വൈഷ്ണവരല്ല. ശൈവരായിരുന്നു. ചടയനെന്നാല്‍ ശിവനെന്നാണ് അര്‍ത്ഥം. ചടയമംഗലമെന്ന പേര് പന്ത്രണ്ടാം നൂറ്റാണ്ടിനു മുന്‍പുതന്നെ നിലവിലുണ്ട്.

പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ആയ് കുല രാജാക്കന്മാരില്‍ ഒരാളുടെ പേര് ചടയനെന്നാണ്. ആയ് രാജവംശത്തെ ഓര്‍മ്മിപ്പിക്കുന്ന ആയൂരും സമീപത്തുണ്ട്. അതിനാല്‍ ആ രാജാവിന്‍റെ പേരില്‍ നിന്നും ചടയമംഗലം ഉണ്ടാകാവുന്നതാണ്.ചടയമംഗലത്തു നിന്നും  ഒരു കുതിരയ്ക്ക് അധികം ആയാസമില്ലാതെ  ഓടിയെത്താവുന്ന കൊട്ടാരക്കരയിലുള്ളത് ചടയന്‍ കാവാണ്. ജടായുക്കാവല്ല.
 
ഡോ.എന്‍.ആര്‍.ഗോപിനാഥപിള്ള, ചടയമംഗലത്തിന് ശിവമംഗലം എന്നു അര്‍ത്ഥം കൊടുത്തിട്ടുമുണ്ട്.ഈ പ്രദേശം ഏതെങ്കിലും മിത്തിനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ അത് രാമനെയല്ല.
ശിവനെയാണ്.

രാവണനും ജടായുവും തമ്മിലുള്ള പോരിന് ചടയമംഗലവുമായോ സമീപസ്ഥലമായ പോരേടവുമായോ ഒരു ബന്ധവുമില്ല.രാമായണം കഥയനുസരിച്ച് ദണ്ഡകാരണ്യത്തില്‍ വച്ചോ പരിസരപ്രദേശത്തു വച്ചോ ആണ് രാവണനും ജടായുവുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.

ജടായു വീണത് തിരുപ്പതിക്കടുത്തുള്ള ലേപാക്ഷിയിലാണെന്ന് അവിടെയുള്ളവര്‍ പറയുന്നു. അവിടെയുമുണ്ട് പാറപ്പുറത്ത് ചിറകു വിരിച്ച് നില്‍ക്കുന്ന പക്ഷി.മറ്റു ചിലര്‍ പറയുന്നതു ഗോദാവരീ തീരത്തുള്ള പഞ്ചവടിക്കടുത്തെവിടെയെങ്കിലും ആയിരിക്കുമെന്നാണ്. അങ്ങനെയെങ്കില്‍ അതിപ്പോള്‍ മഹാരാഷ്ട്രയിലാണ്. 

ഈ സ്ഥലമൊന്നും കേരളത്തിലല്ല. മംഗലം എന്ന പേരിനു ബുദ്ധമതത്തോടും ജൈനമതത്തോടുമാണ് ചാര്‍ച്ച. ഹൈന്ദവതയോടല്ല. പാറകളില്‍ പിളര്‍പ്പുകളും അടയാളങ്ങളുമൊക്കെ കാണുക സ്വാഭാവികം.അതൊക്കെ രാമപാദങ്ങളും ജടായുവിന്റെ കൊക്കടയാളവുമാണെങ്കില്‍ ജടായു വീഴാത്ത പാറക്കെട്ടുണ്ടാവില്ല. ഐതിഹ്യം ആസ്വദിക്കുകയേ ആകാവൂ. ചരിത്രമല്ലല്ലോ.

ഹരി കട്ടേല്‍.പുസ്തകത്തിലെ  നിഗമനങ്ങളില്‍ എത്തുന്നത്, സംഘകാല സാഹിത്യകൃതികളടക്കം പരിശോധിച്ചിട്ടാണ്. പഴമക്കാരുമായി നേരിട്ടുള്ള അന്വേഷണവും ജനകീയാസൂത്രണ കാലത്ത് ചടയമംഗലം പഞ്ചായത്ത് പുറത്തിറക്കിയ ചരിത്രരേഖയും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

അറുപത്തഞ്ച് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ചടയമംഗലത്തെ പാറ.അതില്‍ ഇരുനൂറ് അടി നീളത്തിലും നൂറ്റിയന്‍പത് അടി വീതിയിലും എഴുപത്തഞ്ചടി ഉയരത്തിലുമാണ് അത്യാകര്‍ഷകമായ ഈ പക്ഷിശില്‍പ്പം നിര്‍മ്മിച്ചിട്ടുള്ളത്. ഇപ്പോഴുള്ള സിമന്‍റിന്‍റെ അപ്രിയത, കാലക്രമേണ പ്രകൃതി പെയിന്‍റടിച്ച് പാറയ്ക്കനുയോജ്യമാക്കുമെന്ന് കരുതാം.

തൊട്ടടുത്തു തന്നെ  ഒരു ശ്രീരാമ ക്ഷേത്രവും ഉണ്ട്. ഇവിടെയുള്ള ശ്രീരാമ പ്രതിമ 1971ല്‍ സ്ഥാപിച്ചതാണെന്നു ഹരി കട്ടേല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സിമന്റ് പ്രതിമയായിരുന്നു അത്. ഞാനടക്കമുള്ള പലരും അടുത്തുനിന്നതു കണ്ടിട്ടുണ്ട്.  വിനോദസഞ്ചാരികള്‍ കണ്ണെത്താക്കാലത്തോളം പക്ഷിശില്‍പ്പം കാണാന്‍ എത്തുമെന്നുള്ളതിനാല്‍ ഈ ശ്രീരാമ ക്ഷേത്രത്തിന് നല്ല വരുമാനം ഉണ്ടാകാനുള്ള സാധ്യതയും തെളിഞ്ഞു. ചടയമംഗലം ജംഗ്ഷനിലുള്ള ഗാന്ധിപ്രതിമയുമായി ഒരു തരതമ്യം നടത്തിയാല്‍ സമൂഹത്തിലെ ധനിക ദരിദ്ര വ്യത്യാസവും മനസ്സിലാക്കാം.

റവന്യൂ ഭൂമിയിലുള്ള  ജടായുപ്പാറയിലെ വിനോദസഞ്ചാരകേന്ദ്രം 
രാജീവ് അഞ്ചലിന് ബി ഓ.ടി വ്യവസ്ഥയിലാണ് നല്‍കിയിട്ടുള്ളത്. മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം ആ വസ്തുവകകളെല്ലാം സര്‍ക്കാരിന് മടക്കിക്കൊടുക്കണം. ശ്രീരാമ ക്ഷേത്രമുണ്ടാക്കിയ സ്ഥലമോ? 

ജടായു വെട്ടേറ്റു വീണ പ്രസിദ്ധമായ കെട്ടുകഥ കൂടാതെ മറ്റൊരു കഥ കൂടി ആ പ്രദേശത്തുണ്ട്. ഹരി കട്ടേല്‍ അതും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. പറയ സമൂഹത്തില്‍ പെട്ട ഒരു ചടയന്‍, പാറയില്‍ ചാരിയിരുന്നു മരിച്ചെന്നും ആ പാറ ചടയപ്പാറ എന്നു വിളിക്കപ്പെട്ടുവെന്നുമാണ് ആ കഥ. പാക്കനാരുടെ മക്കള്‍ ഐതിഹ്യത്തില്‍ നിന്നൊക്കെ എന്നേ ഔട്ടായിപ്പോയി!

മലയാളത്തിന്റെ പ്രിയകവി ഓ.എന്‍.വിയുടെ ജടായുസ്മൃതിയും ശില്‍പ്പം രൂപകല്‍പ്പന ചെയ്ത കലാകാരന്റെയും ബന്ധുക്കളുടെയും പ്രധാന  സഹായികളുടെയും വിവരങ്ങളും   ഭാവി തലമുറ അവിടെ വായിക്കും.. എന്നാല്‍ ഈ സന്തോഷങ്ങളോടൊപ്പം  പാറയുടെ ചരിത്രം  അവര്‍  വായിക്കില്ല. ഹരി കട്ടേലിന്റെ ചരിത്രഗവേഷണ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ആ ചരിത്രവും ചുരുക്കിയെഴുതി വച്ചെങ്കിലേ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ.

ചടയപ്പാറയുമായി ബന്ധപ്പെട്ടു നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഇല്ലാതാക്കിയ കഥ രാജീവ് അഞ്ചല്‍ തന്നെ ഒരിക്കല്‍ സഫാരി ചാനലിലൂടെ പറഞ്ഞത് ഓര്‍ക്കുന്നു. പാറയുടെ മുകളില്‍ രാത്രികഴിക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു. രാജീവ് തന്നെ അവരോടൊപ്പം രാത്രിയിലവിടെ കിടന്നുറങ്ങുകയും രാവിലെ ഉന്മേഷവാനായി ഉണരുകയും ചെയ്തു. അവിടെ രാത്രി കിടന്നാല്‍ ഏതോ അദൃശ്യശക്തിവന്ന് തൂക്കിയെടുത്തെറിയുമെന്ന അന്ധവിശ്വാസമാണ് അതോടെ ഇല്ലാതായത്. ഇപ്പോഴവിടെ ഇരുപത്തിനാല് മണിക്കൂറും മനുഷ്യരുണ്ട്.

കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ ചരിത്രമാണ് ഹരി കട്ടേല്‍ പുസ്തകരൂപത്തിലാക്കിയിട്ടുള്ളത്.സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ വിലപ്പെട്ട ഗ്രന്ഥത്തില്‍  നാല്‍പ്പത്തഞ്ചിലധികം സ്ഥലചരിത്രങ്ങളാണുള്ളത്.
ജ്ഞാനഭാഷ മലയാളത്തിലാക്കുന്നതിനെ കുറിച്ചു ഓര്‍ത്തു വിയര്‍ക്കുന്നവര്‍ ഈ പുസ്തകം ശ്രദ്ധിയ്ക്കണം. ചരിതരചനയ്ക്ക് ആവശ്യമായ നിരവധി സാങ്കേതിക പദങ്ങള്‍ ഹരി ഈ പുസ്തകത്തില്‍ അനായാസം ഉപയോഗിച്ചിട്ടുണ്ട്.

മടിയന്‍ മല ചുമക്കുമെന്ന ചൊല്ല് ചരിത്രത്തെ സംബന്ധിച്ചു ശരിയാണ്. മടിയന്‍ വര്‍ത്തമാനകാലവും ക്ലേശിച്ചു മല ചുമക്കുന്നത് ഭാവികാലവും ആയിരിയ്ക്കും. വര്‍ത്തമാനകാലത്ത് നമ്മള്‍ രേഖപ്പെടുത്താത്തതോ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതോ ആയ കാര്യങ്ങള്‍ കണ്ടെത്താനും  നേരെയാക്കാനും  ഭാവിയിലെ ചരിത്രകാരന് വളരെ ക്ലേശിക്കേണ്ടി വരും.