ചങ്ങമ്പുഴ വഴി ചാര്‍വാകം
------------------------------ --------------
ഉള്ളിശ്ശേരി തേയന്‍ വൈദ്യരുടെ മകന് കലാനാഥന് സ്വാഭാവികമായും ഒന്നാം തരം ഭക്തന് ആകേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ ആ യുവാവിന്റെ തലയ്ക്ക് പിടിച്ചത് ചങ്ങമ്പുഴക്കവിത. ഒപ്പം ഹൃദയപക്ഷരാഷ്ട്രീയവും. ചങ്ങമ്പുഴക്കവിതയാണ് കലാനാഥനെ ചാര്‍വാക ദര്‍ശനത്തിലേക്ക് നയിച്ചത്. പുരാണങ്ങളെയും ജടയും ചിതലും മൂടിയ പ്രാചീന തത്ത്വശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞ ചങ്ങമ്പുഴക്കവിതയിലൂടെ ഹൃദയപക്ഷത്ത് എത്തിയ അദ്ദേഹം മതാതീത മനുഷ്യ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചാര്‍വാകം എന്ന വീടുണ്ടാക്കി താമസമാരംഭിക്കുകയും ചെയ്തു.
സയന്‍സ് അദ്ധ്യാപകനായിരുന്ന കലാനാഥന് ശാസ്ത്രബോധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിച്ച്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തു. മലയാളിയുടെ മനസ്സിനോടുംബുദ്ധിയോടും സംസാരിച്ച അദ്ദേഹം, ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ അവിശ്വസിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചു.
രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും വള്ളിക്കുന്ന് പഞ്ചായത്തിനെ നയിക്കുകയും ചെയ്ത കലാനാഥന് ജനകീയാസൂത്രണത്തിന് വരെ മാതൃകയായി.
ജനകീയാസൂത്രണം വലിയ തോതിലുള്ള പഠനക്ലാസ്സുകളോടെയാണ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കി യതെങ്കില്‍ ഏഥന്‍സില്‍ ജനാധിപത്യം നടപ്പിലാക്കിയതുപോലെ
അതിലളിതമായിട്ടായിരുന്നു വള്ളിക്കുന്നു പഞ്ചായത്തിലെ ജനകീയാസൂത്രണം.
കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന് എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വള്ളിക്കുന്നു പഞ്ചായത്തു കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്ക്കാരവും നേടി. മതാതീത ബോധ്യമുള്ള ഒരാള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തിയാല്‍ ചടുലവും നീതിപൂര്‍ണവും ആയിരിയ്ക്കും പ്രവര്‍ത്തനങ്ങള്‍ എന്നതിന്റെ ഉദാഹരണമാണ് യു.കലാനാഥന്.
സഹോദരന് അയ്യപ്പനെ മാതൃകയാക്കിയ കലാധരന്‍ കവിതയെ നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്, നിരവധി പുരോഗമന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന്ന ബില്ലിന്റെ കരടുരേഖ തയ്യാറാക്കി അധികാരസ്ഥാനത്തുണ്ടായിരുന്ന വി എസ് അച്ചുതാനന്ദനും രമേശ് ചെന്നിത്തലക്കും നല്‍കിയത് കലാനാഥന്റെ നേതൃത്വത്തില്‍ ആയിരുന്നു.കേരളീയരെ പിന്നോട്ടു നയിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ അദ്ദേഹവും അനുയായികളും അശ്രാന്തപരിശ്രമം നടത്തി. ഡോ.എ ടി കോവൂരിന്റെയും പവനന്റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമാരോത്സുക യുക്തിവാദത്തിന് ഊര്‍ജ്ജം നല്കുവാന് കലാനാഥന് പരിശ്രമിച്ചു. ഫിറ എന്ന സംഘടനയിലൂടെ അഖിലേന്ത്യാതലത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്നേഹപൂര്‍ണവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി നിരവധി മത സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തു. വര്‍ഗീയ വാദികള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കാരുണ്യപൂര്‍വമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് മുന്നില്‍ ആക്രമണങ്ങള്‍ പാളിപ്പോവുകയായിരുന്നു
സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. മനുഷ്യസ്നേഹത്തിന്റെ കൊടിയായിരുന്നു യു. കലാനാഥന് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. നിരന്തര പഠനങ്ങളും വിശ്രമമില്ലാത്ത അന്വേഷണവും ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ഭരണഘടനാ തത്ത്വം പ്രവര്‍ത്തികമാക്കാന്‍ അത്യാവശ്യമാണെന്ന് യു. കലാനാഥന്റെ ജീവിതം കേരളത്തോട് പറയുന്നു.
No comments:
Post a Comment