Wednesday, 27 December 2023

കമനീയം മഹനീയം കണ്ണൂര്‍

 കമനീയം മഹനീയം  കണ്ണൂര്‍ 

-----------------------------------------------
ഐക്യകേരളത്തിന്റെ അവിഭാജ്യ ഘടകമായ കണ്ണൂര്‍ എത്ര സുന്ദരമായ പ്രദേശമാണ്. സാംസ്ക്കാരിക- രാഷ്ട്രീയ ചരിത്ര  പുസ്തകത്തില്‍ രുധിരാക്ഷരങ്ങളാല്‍ അടയാളപ്പെട്ട  നാടാണ് കണ്ണൂര്. ധര്‍മ്മടം ദ്വീപിനെ ഇരുവശത്തുനിന്നും ആലിംഗനം ചെയ്യുന്ന അഞ്ചരക്കണ്ടിപ്പുഴയും കഥ പറഞ്ഞൊഴുകുന്ന വളപട്ടണം പുഴയും ആലക്കോട്ടെ ആദിമനിവാസികളുടെയും രാജാവിന്റെയും ജീവിതം കണ്ട കുപ്പം പുഴയും  മിത്തും ചരിത്രവും കൈകോര്‍ത്തുനിന്നു കാണുന്ന പയ്യന്നൂര്‍പ്പുഴയും കടലുകാണുന്ന ഏഴിമലയും കരകാണുന്ന പൈതല്‍മലയും എല്ലാം ചേര്‍ന്ന മനോഹരമായ പ്രദേശം.

കണ്ണൂര്‍കോട്ടയും അവിഭക്തകണ്ണൂരിലെ ബേക്കല്‍ കോട്ടയും പടയോട്ടങ്ങളുടെ തിരക്കഥ വായിക്കുമ്പോള്‍ കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും  കാവുമ്പായിയും പോരാട്ടങ്ങളുടെ വിപ്ലവഗാനം പാടുന്നു. എ കെ ജിയും എന്‍ ഇ ബലറാമും  കെ പി ആര്‍ ഗോപാലനും എ വി കുഞ്ഞമ്പുവും  വിമോചനപ്പോരാട്ടങ്ങളുടെ രക്തനക്ഷത്രങ്ങളായി തിളങ്ങുന്നു. മുത്തപ്പനും കതിവന്നൂര്‍ വീരനും മുച്ചിലോട്ടു ഭഗവതിയും കാടാങ്കോട്ടു മാക്കവും വയനാട്ടുകുലവനും പൊട്ടന്‍റെ വേഷത്തില്‍ ആദിദലിതനും ബാലിത്തെയ്യവും  പൂരക്കളിയും മംഗലംകളിയും  അടക്കം  ഭാവനയും വാസ്തവവും ചേര്‍ന്ന കൊളാഷായി വിസ്മയപ്പെടുത്തുന്നു.

അവിഭക്ത കണ്ണൂരിലെ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ മലയാളത്തിലെ ആദ്യകഥ സമര്‍പ്പിച്ചു. കോലത്തുനാട്ടിലിരുന്നു താരാട്ടുപാട്ടിന്‍റെ ഈണത്തില്‍ ചെറുശ്ശേരി മലയാളത്തിന് തന്നത് കൃഷ്ണഗാഥ. പിന്നെ വി വി കെയും എ വി ശ്രീകണ്ഠപ്പൊതുവാളും  മുതല്‍ കുഞ്ഞപ്പ പട്ടാന്നൂരും മാധവന്‍ പുറച്ചേരിയും  ഉമേഷ് ബാബുവും കൈതപ്രവും എ സി ശ്രീഹരിയും മധു ആലപ്പടമ്പും പത്മനാഭന്‍ കാവുമ്പായിയും   കെ വി ജിജിലും കെ വി പ്രശാന്ത് കുമാറും സതീശന്‍ മോറായിയും സി. പി ശുഭയും  രജനി വെള്ളോറയും രേഖ മാതമംഗലവും അടക്കമുള്ള കവികളുടെ വന്‍നിര. പഴയകണ്ണൂരിന്റെ ഭൂപടം നിവര്‍ത്തിയിട്ടാല്‍ രാഷ്ട്രകവി ഗോവിന്ദപ്പൈയും മഹാകവികളായ കുട്ടമത്തും പിയും കൂടാതെ വിദ്വാന്‍ പി കേളുനായരും ടി. ഉബൈദും ടി എസ് തിരുമുമ്പും  തെളിഞ്ഞുവരും. കഥാഗോപുരത്തിന്റെ നെറുകയിലെത്തിയ ടി പത്മനാഭനും എന്‍.പ്രഭാകരനും സി വി ബാലകൃഷ്ണനും ടി എന്‍ പ്രകാശും സതീഷ് ബാബു പയ്യന്നൂരും കെ ജെ ബേബിയും   ടി പി വേണുഗോപാലനും വി എസ് അനില്‍ കുമാറും  ആര്‍.രാജശീയും വിനോയ് തോമസും ശിഹാബുദീന്‍ പൊയ്ത്തുംകടവും  കെ ടി ബാബുരാജും രമേശന്‍ ബ്ലാത്തൂരും    അടക്കം മലയാള കഥാരംഗത്തെ പ്രഭയുള്ള പ്രതിഭകള്‍ വെളിച്ചം വീശി വരും 

കണ്ടല്‍മരങ്ങളുടെ വളര്‍ത്തഛന്‍ കല്ലേന്‍ പൊക്കുടനും 
വെള്ളരിനാടകത്തെ പൊതുമലയാളത്തിലെത്തിച്ക ഡോ ടി പി സുകുമാരനും നെയ്ത്തുകാരന്‍റെ നെയ്ത്തുകാരന്‍ എന്‍ ശശിധരനും പ്രഭാഷണവേദിയിലെ സിംഹഗര്‍ജ്ജനമായിരുന്ന സുകുമാര്‍ അഴിക്കോടും എന്‍ വി പി ഉണിത്തിരിയും പവനനും സഞ്ജയനും ഡോ.ആര്‍ സി കരിപ്പത്തും കെ.പാനൂരും   ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയരായ രജിതാ മധുവും സന്തോഷ് കീഴാറ്റൂരും നാടകവും കവിതയും പ്രഭാഷണവും ഒരുപോലെ വഴങ്ങുന്ന കരിവെള്ളൂര്‍ മുരളിയും പ്രൊഫഷണല്‍ നാടകവുമായി തെക്കന്‍ കേരളത്തില്‍ വാസമുറപ്പിച്ച വാസൂട്ടിയും നാടകം  ജീവിതമാക്കിയ  ബാബു അന്നൂരും പ്രദീപ് മണ്ടൂരും പി വി കെ പനയാലും   ഇബ്രാഹിം വേങ്ങരയും മഞ്ജുളനും ചിത്രകലയുടെ കുലപതിയായ എം വി ദേവനും കെ.കെ.ആര്‍ വെങ്ങരയും നാടന്‍  പാട്ടുകള്‍ സമാഹരിച്ച ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായരും   ശോഭനമാക്കുന്ന നാടാണ് കണ്ണൂര്. നാടന്‍ കലാ അക്കാദമിയുടെ ആസ്ഥാനവും കണ്ണൂരാണ്. കവിതകളെ ഈണപ്പെടുത്തി അവതരിപ്പിക്കുന്ന ബാബു മണ്ടൂര്‍ കണ്ണൂരിലെ അപൂര്‍വ പ്രതിഭയാണ്. ഗംഭീരമായ ഗ്രന്ഥശാലാശൃംഖല കണ്ണൂരിന്‍റെ ബൌദ്ധികസമ്പത്താണ്. ഗുണ്ടര്‍ട്ടിന്റെയും ബ്രണ്ണന്‍റെയും ചന്തുമേനോന്റെയും തട്ടകവും കണ്ണൂരായിരുന്നു..ബീവിയുടെ വിരല്‍ത്തുമ്പില്‍ ഐശ്വര്യം വിളയാടിയ അറയ്ക്കല്‍ രാജവംശം 
ചരിത്രത്തിലെ  അപൂര്‍വതയാണ്  വി.പി സത്യനും ജിമ്മിജോര്‍ജ്ജും അടക്കമുള്ള കായികതാരങ്ങളും ടി വി ചന്ദ്രനും ശ്രീനിവാസനും അടക്കമുള്ള സിനിമാസംവിധായകരും കണ്ണൂര്‍ മലയാളനാടിനു നല്കിയ പുരസ്ക്കാരങ്ങളാണ്.

ജാതിയും മതവും അസമത്വങ്ങളും കൊടിയുയര്‍ത്തിയ കേരളത്തില്‍ അതിനെതിരേ പോരാടിയ വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീര്‍ഥനും ഉഴുതു മറിച്ച നാടാണ് കണ്ണൂര്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത് കണ്ണൂരിലെ പാറപ്രത്തായിരുന്നു.മനുഷ്യ വിമോചനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍  കണ്ണൂരിലെത്തിയവരില്‍ പി. കൃഷ്ണപിള്ളയും  കെ.ദാമോദരനും എന്‍ സി ശേഖറും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കണ്ണൂരിന്‍റെ സംഭാവനയാണ് പഴശ്ശി രാജാവും മൊയ്യാരത്ത് ശങ്കരനും വിഷ്ണുഭാരതീയനും കെ എസ് കേരളീയനും  മറ്റ് നിരവധി പോരാളികളും. ഉപ്പുസത്യാഗ്രഹം നടന്ന പയ്യന്നൂരില്‍ത്തന്നെയാണ് കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ സമ്മേളനവും നടന്നത്. ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത ആ സമ്മേളനത്തിലാണ് പൂര്‍ണ്ണസ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവസാനകാലവും എം എന്‍ വിജയന്‍റെ പ്രഭാഷണ മണ്ഡലവും  കണ്ണൂര്‍ ആയിരുന്നല്ലോ,

അഞ്ചു മുഖ്യമന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായി. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അവിഭക്ത കണ്ണൂരിലെ നീലേശ്വരം മണ്ഡലത്തില്‍ നിന്നും അരിവാളും ധാന്യക്കതിരും അടയാളത്തില്‍  വിജയിച്ച ഇ എം എസ്,ഇ.കെ നായനാര്‍, പിണറായി വിജയന്‍, കൊല്ലം സ്വദേശിയാണെങ്കിലും കണ്ണൂരില്‍  നിന്നും വിജയിച്ച ആര്‍.ശങ്കര്‍,  തൃശൂര്‍ ജില്ലയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായ കണ്ണൂര് സ്വദേശി കെ കരുണാകരന്‍.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത സവിശേഷതകളുള്ള നാടാണ് കണ്ണൂര്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കണ്ണൂരിന്‍റെ നന്മകള്‍ അസാധുവാകുന്നില്ല. സവര്‍ണര്‍ പറഞ്ഞാലും ഗവര്‍ണ്ണര്‍ പറഞ്ഞാലും ബ്ലഡി എന്ന വിശേഷണം കണ്ണൂരിന് ചേരില്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം അത് തള്ളി ക്കളയും. ഞങ്ങളുടെ കണ്ണൂര് എത്ര സുന്ദരമാണ്! ബ്യൂട്ടിഫുള്‍ കണ്ണൂര്.

Wednesday, 6 December 2023

ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍

 ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ 

----------------------------------------------------------------------------------
സ്വയം അവസാനിപ്പിച്ചെങ്കിലും ഡോ.എം. കുഞ്ഞാമന്‍റെ ജീവിതം അവശേഷിപ്പിച്ച ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. അത് ഉമിത്തീപോലെ സമൂഹത്തില്‍ നീറിപ്പിടിച്ചു കൊണ്ടിരിക്കുന്നു.

എം. കുഞ്ഞാമന്‍റെ ജീവിതം ആരംഭിക്കുന്നത് സ്വാമി വിവേകാനന്ദന്‍ മലബാറിലൂടെ സഞ്ചരിച്ച കാലത്തൊന്നുമല്ല. സ്വതന്ത്ര ഇന്ത്യയില്‍! നവോത്ഥാനപരിശ്രമങ്ങള്‍ സഫലമായിയെന്നു നമ്മള്‍ കരുതുന്ന കേരളത്തില്‍. ജാതിമത ചിന്തകളെ സമ്പൂര്‍ണ്ണമായി നിരസിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം ആളിക്കത്തിയ പാലക്കാട്ട്. നായാടി മക്കള്‍ക്ക് ആടയും അന്നവുംകൊടുത്തു  മനുഷ്യരാക്കിയ സ്വാമി ആനന്ദ തീര്‍ഥന്റെ പ്രവര്‍ത്തന പരിധിയില്‍. ഹിന്ദുമതത്തിന്റെ പല്ലും നഖവുമേറ്റ് ഇഴഞ്ഞു നീങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ഇരുട്ടും ഭയവും മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം.

കുട്ടിക്കാലത്തേ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപകര്‍ഷതാബോധത്തില്‍ നിന്നു മരണം വരെയും മോചനമുണ്ടാവില്ലെന്ന തിരിച്ചറിവിലൂടെ അപകര്‍ഷതയില്ലാതെ 
വളരേണ്ടുന്ന ഒരു കുട്ടിക്കാലത്തെ കുറിച്ച് ലോകത്തോട് സംസാരിച്ച അനുഭവസ്ഥനായിരുന്നു കുഞ്ഞാമന്‍.കെ.ആര്‍. നാരായണനുശേഷം ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദ പരീക്ഷയില്‍ ദലിത് സമൂഹത്തില്‍ നിന്നും  ഒന്നാം  റാങ്ക് നേടിയ  ഈ പ്രഗത്ഭനെ വേണ്ടവിധം വിനിയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞോ? ആസൂത്രണ ബോര്‍ഡിന്‍റെയോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെയോ നേതൃത്വം ഏല്‍പ്പിക്കുകവഴി ആ ഉജ്ജ്വലമലയാളി പ്രതിഭയെ പ്രയോജനപ്പെടുത്താന്‍ കേരളത്തിനായില്ല. ഡോ.പല്‍പ്പുവിന്റെ അനുഭവം രാജഭരണകാലത്തു ആയിരുന്നെങ്കില്‍ കുഞ്ഞാമന്‍റെ അനുഭവം ഐക്യകേരള സൃഷ്ടിക്കു ശേഷമായിരുന്നു. അതേ. ഒറ്റക്കുഴിയില്‍ നിന്നും നായയുടെ കടിയേറ്റുകൊണ്ട് കഞ്ഞി വാരിക്കുടിച്ചപ്പോള്‍ നായയെ കുറിച്ച് സ്നേഹത്തോടെ ഓര്‍ത്ത ആ വലിയ മനസ്സ് കേരളത്തിന് മനസ്സിലായില്ല. ദ്രൌപദി മൂര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍, ഭാരതഭരണകക്ഷിയുടെ മുഖത്തുനോക്കി, വ്യക്തികളെ സ്വീകരിക്കുകയും സമൂഹത്തെ തിരസ്ക്കരിക്കുകയും ചെയ്യുന്നവര്‍ എന്ന കുഞ്ഞാമന്‍റെ പ്രതികരണം, പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയ സമയത്തുപോലും നമുക്ക് മനസ്സിലായില്ല.

ജാതിപ്പേരു വിളിക്കരുതെന്നും സ്വന്തം പേരുവിളിക്കണമെന്നും  ആവശ്യപ്പെട്ടപ്പോള്‍ അദ്ധ്യാപകന്റെ കൈ കുഞ്ഞാമന്‍റെ ചെകിട്ടത്ത് വീണത്  സ്വതന്ത്ര ഭാരതത്തിലായിരുന്നു. പുസ്തകവും കുപ്പായവും കൂടാതെ, കഞ്ഞിയോ ഉപ്പുമാവോ കഴിക്കാന്‍ വേണ്ടിമാത്രം സ്ക്കൂളില്‍ പോയിരുന്ന ഒരു ബാല്യം അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നു എന്ന വാസ്തവനാളമെങ്കിലും മലയാളി മറക്കാതിരിക്കണം. 
 
മറ്റൊരു കേരളം സാധ്യമാണ് എന്ന അന്വേഷണപരമ്പരയില്‍ സ്വന്തം ചിന്തകളെ കൂട്ടിയിണക്കിയ കുഞ്ഞാമന്‍. ഒരു അപകര്‍ഷതയുമില്ലാതെ എതിര് കുറിച്ചിട്ട കുഞ്ഞാമന്‍. അതിനു കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചപ്പോള്‍, അത് പുരസ്ക്കാരത്തിനായി എഴുതിയതല്ലെന്ന് പറഞ്ഞ് സത്യസന്ധമായി നിരസിച്ച വലിയ പ്രതിഭയായിരുന്നു..
എതിര് എന്ന ജീവിതരേഖ, ചെറോണയുടെയും അയ്യപ്പന്റെയും മകന്‍റെ ജീവിതസമരമാണെന്നും അത് പരാജിതന്റെ കഥയാണെന്നും ചോരകൊണ്ടു കുറിക്കുമ്പോള്‍ , കോവിഡു കാലം കഴിഞ്ഞിട്ടുപോലും മാസ്ക് ഉപേക്ഷിക്കാന്‍ മടിക്കുന്ന മലയാളിയുടെ മനസ്സാണ് കുഞ്ഞാമന്‍ ലക്ഷ്യമാക്കിയത്.

വിമര്‍ശിക്കാതിരിക്കാന്‍ ഞാന്‍ ദൈവമൊന്നുമല്ലല്ലോ എന്ന് ഇ. എം എസ്സിനെക്കൊണ്ട് പറയിപ്പിച്ച കുഞ്ഞാമന്‍. വ്യക്തിദു:ഖങ്ങളെ ഉള്ളിലൊതുക്കി, കേരളത്തിന്റെ ധനഘടനയെക്കുറിച്ച് വിശകലനം ചെയ്ത കുഞ്ഞാമന്‍. പൂനയിലെ ദലിത് ഹോട്ടല്‍ ശൃംഖലയെ പ്രതിപാദിക്കുകവഴി, സഹോദരന്‍ അയ്യപ്പന് ശേഷവും കേരളത്തില്‍ ദലിത് ഹോട്ടലുകള്‍ ഉണ്ടായില്ലെന്ന ജാതിദുര്‍മുഖത്തെ വെളിപ്പെടുത്തിയ കുഞ്ഞാമന്‍. 

പാലക്കാട്ടെ വാടാനാം കുറിശിയില്‍ നിന്നും ധനതത്വശാസ്ത്രത്തിന്റെ നെറുകയിലേക്ക് പോരാടിക്കയറിയ കേരളത്തിന്റെ സ്വന്തം അമര്‍ത്യസെന്‍ ആയിരുന്നു ഡോ.എം. കുഞ്ഞാമന്‍.

Wednesday, 22 November 2023

കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

 കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

--------------------------------------------------------------
ഡ്രൈവിംഗ്  വളരെ സൂക്ഷ്മതയും ശ്രദ്ധയും  വേണ്ടുന്ന ഒരു കാര്യമാണ്.പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും വേണം. ഭാവനാകുബേരന്മാരായ കവികള്‍ ഈ പണിയില്‍ ഏര്‍പ്പെടാറില്ല.പലകവികള്‍ക്കും കാറ് ഉണ്ടായിരുന്നെങ്കിലും വാര്‍ദ്ധക്യത്തിലും കാറോടിച്ചത് ചെമ്മനം ചാക്കോ ആയിരുന്നു.പുതുതലമുറക്കവികള്‍ കാറോടിക്കുന്നതില്‍ തല്‍പ്പരരാണ്. കെ.വി.സുമിത്രയടക്കം പുതുകവിതയിലെ ഉണ്ണിയാര്‍ച്ചകള്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥരാണ്. ഡ്രൈവിങ് തൊഴിലായി സ്വീകരിച്ച എം എന്‍ പാലൂര്‍ വ്യത്യസ്തനായി ഈ ചരിത്രവാനത്ത് ഉണ്ട്.

പുതുതലമുറയില്‍ പെട്ട പല കവികളും  ഓട്ടോഡ്രൈവര്‍ 
മാരായി  പണിയെടുക്കുന്നുണ്ട്.കടമ്മനിട്ടയുടെയും  സി എസ് രാജേഷിന്റെയും മറ്റും കവിതകളില്‍ ഓട്ടോറിക്ഷാ കടന്നു വരുന്നുണ്ട്.എങ്കിലും ഓട്ടോക്കവിതകള്‍ മലയാളത്തില്‍ പൊതുവേ  കുറവാണ്..കവിതയോട് ഗാഢബന്ധമുള്ള ഹരികുമാര്‍ ചങ്ങമ്പുഴയും ദിലീപ് കുറ്റിയാനിക്കാടും മുച്ചക്രവാഹനം പയറ്റിയവരാണ്. ഹരികുമാറിന്‍റെ ഓട്ടോയില്‍ കവി ജോസ് വെമ്മേലിയെ കാണാന്‍ പോയതും ദിലീപിന്‍റെ ഓട്ടോയില്‍ നീലംപേരൂര്‍ പടയണി കാണാന്‍ പോയതും ഓര്‍ക്കുന്നു. കാത്തിരിപ്പ് വേളയില്‍ ഓട്ടോഡ്രൈവര്‍ പുസ്തകം വായിക്കുന്നത് ശ്രദ്ധിച്ച ജസ്റ്റിസ് ഡി.ശ്രീദേവി, ദിലീപിനെ പരിചയമേഖലയില്‍ പ്പെടുത്തിയിരുന്നു. ഹരികുമാര്‍ പിന്നീട് ഡോക്റ്ററേറ്റ് കരസ്ഥമാക്കുകയും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എത്തുകയും ചെയ്തു. തലസ്ഥാനത്ത് മൂന്നു നിയമസഭാമന്ദിരങ്ങള്‍ 
കണ്ടതിനെ കുറിച്ച് ഓട്ടോ എന്നപേരില്‍ ഒരു നഗ്ന കവിതയുമുണ്ട്.
 
ഒരു ഓട്ടോ ഡ്രൈവറുടെ തീക്ഷ്ണമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കവിതയില്‍ ആവിഷ്ക്കരിച്ചത് ആറ്റൂര്‍ രവിവര്‍മ്മയാണ്. ഓട്ടോവിന്‍ പാട്ട് എന്ന കവിതയിലൂടെ. കടം കയറി ജീവിതം വഴിമുട്ടിയ കുഞ്ഞിക്കുട്ടന്‍ പഴയ ഇല്ലം പൊളിച്ച് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങുന്നു. കെ.എല്‍.ഡി നൂറ്റിനാല് എന്ന ഓട്ടോറിക്ഷയ്ക്ക് ഗണപതി എന്നു വിളിപ്പേരുമിട്ടു. ചാഞ്ഞും ചരിഞ്ഞും കൂന്നും നിവര്‍ന്നുമിരുന്ന് കുഞ്ഞിക്കുട്ടന്‍ വണ്ടിയോട്ടി.മദിരാശിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയുള്ള തീവണ്ടികളില്‍ വന്നവരും പോകുന്നവരും ഗണപതിക്ക് പ്രാതലായി.

പുതിയൊരു കിടപ്പാടമുണ്ടാക്കാനും ചിട്ടിക്ക് അടയ്ക്കാന്നുമൊക്കെ പണം ആവശ്യമുണ്ട്.ഓട്ടോയാണ് ഏക അവലംബം.വരുമാനം വച്ച് കുഞ്ഞിക്കുട്ടന്‍ മനസ്സില്‍ കണക്കുകൂട്ടി. ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും വരവ് ബാങ്കിലിട്ടു. മൂന്നാം ദിവസം മുടക്കം വന്നു. നാലാം ദിവസമായപ്പോഴേക്കും നഷ്ടംതന്നെ സംഭവിച്ചു. കടത്തിന്‍മേല്‍ കടമായി. . ഒപ്പം വിലക്കയറ്റവും ഉണ്ടായി.ഉപ്പിനും മുളകിനും ഇരുമ്പിനും പൊന്നിന്നുമൊക്കെ വിലകൂടി. ഓട്ടോവില്‍ നിന്നു കിട്ടിയ വരുമാനമൊക്കെ ഊണിനും ഉടുപ്പിനും മരുന്നിനും വിരുന്നിനും ചെലവായി.

ഉണ്ണിക്കണ്ണനെ വിളിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.പിന്നെ 
കുഞ്ഞിക്കുട്ടന്‍റെ മുന്നില്‍ ഒരുമാര്‍ഗമേ തെളിഞ്ഞുള്ളൂ.  ഗുരുവായൂരപ്പനു നേര്‍ച്ച കൊടുക്കുക.പൂന്താനമോ മേല്‍പ്പത്തൂരോ ഒന്നും അല്ലാത്തത്തിനാല്‍ അക്ഷരനേര്‍ച്ചയൊന്നും ആ പാവത്തിന് പറ്റില്ല. ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും ഓട്ടോ ഓടിച്ചു നൂറ്റൊന്നു വലത്തു വയ്ക്കാം. ഇത് നടപ്പാക്കാനായി വെളുപ്പിനെ കുളിച്ച് പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് ഓട്ടോ കിടധീമെന്ന് മറിഞ്ഞു. ഇനി എന്താമാര്‍ഗം.

കുഞ്ഞിക്കുട്ടന്‍റെ മനസ്സിലേക്കു കുട്ടിക്കാലത്തുകണ്ട കഥകളി തിരശീല നീക്കി  വന്നു. കുഞ്ചുവിന്റെ പൂതന വേഷം.പുതിയൊരാശയം അയാളിലുണ്ടായി ഗണപതി എന്ന പേരിനു മുകളില്‍ കുഞ്ഞിക്കുട്ടന്‍ പെയിന്‍റടിച്ചു. അവിടെ ഭദ്രകാളിയെന്നെഴുതി.തീവണ്ടിസ്റ്റേഷന് മുന്നില്‍ നിന്നും ആശുപത്രി മുക്കിലേക്ക് പാര്‍പ്പ് മാറ്റി. 

ആംബുലന്‍സൊന്നും ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന 1984 ആണ് കവിതയുടെ രചനാകാലം. ആളുകള്‍ ശവവുമായി ഓട്ടോയില്‍ കയറി. ശവത്തിന് ഉടുപ്പണിയിച്ചു.ഇരു തോളിലും കൂട്ടുകാര്‍ പിടിച്ചു. ജീവനുള്ള ആളിനെപ്പോലെ ശവയാത്ര. നാലുദിക്കിലേക്കും ഭദ്രകാളി ഓടി. കുഞ്ഞിക്കുട്ടന്‍റെ കടം ക്രമേണ തീര്‍ന്നു. കിടപ്പാടമായി. പുതിയൊരോട്ടോറിക്ഷയും വാങ്ങി.
ഇതാണ് കവിതയിലെ കഥ.

കടബാധ്യത, ഗുരുവായൂരപ്പനു നേര്‍ച്ചനേര്‍ന്നാല്‍ പരിഹാരമാവില്ലഎന്ന വാസ്തവം ഇതൊക്കെ കവിതയില്‍ നിന്നും വായിച്ചെടുക്കാം. സര്‍ഫാസി നിയമം കണ്ണുരുട്ടുന്ന ഇക്കാലത്ത് ഓട്ടോവിന്‍ പാട്ടിന് പ്രസക്തി ഏറുന്നു

- 

Thursday, 16 November 2023

Wednesday, 8 November 2023

വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ

 വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ  

-----------------------------------------------------
ഇന്ന് കേരളത്തിലുള്ള വിദ്യാര്‍ഥികള്‍ നാളെ നാടിന്‍റെ അധിപന്‍മാരും കവികളും ശാസ്ത്രജ്ഞ്രുരുമൊക്കെ ആകേണ്ടവരാണ്.അതില്‍നാല്‍ അവരുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാക്കാന്‍ പാടില്ല.വീട്ടിലിരുന്ന് പുസ്തകം തുറന്നാലും പാഠശാലയിലെത്തിയാലും അവര്‍ നേരിടേണ്ടിവരുന്ന വലിയൊരു പ്രതിസന്ധിയാണ് ശബ്ശശല്യം. ഒരു ദിവസം പോലും ഒഴിവില്ലാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണിവച്ച് അമിതശബ്ദത്തില് അലോസരമുണ്ടാക്കുകയാണ്.പരീക്ഷക്കാലം അടുക്കുമ്പോള്‍ രക്ഷകര്‍ത്താക്കല്‍ കുട്ടികളെ മൈക്കില്ലാത്തിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു.

വളരെ ഗൌരവമുള്ള ഈ വിഷയം സംബന്ധിച്ച പല സര്ക്കാര്‍ ഉത്തരവുകളും നീതിപ്രീഠനിര്‍ദേശങ്ങളും ഉദാസീനതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും ഫ്രിഡ്ജില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്. ഇനി വിദ്യാര്‍ഥികള്‍ നേരിട്ടിറങ്ങുകയേ മാര്‍ഗമുള്ളൂ.

ശബ്ദശല്യത്തിനെതിരെ മുന്നിട്ടിറങ്ങിയത് ആലപ്പുഴയിലെ ചിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി.പി.സുമനന്‍ മാഷാണ്. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് തുമ്പിക്കൈകോളാമ്പികളും പടുകൂറ്റന്‍ ബോക്സുകളും നിരത്തിവച്ച് ദിഗന്തങ്ങള്‍ നടുങ്ങുന്ന ഗര്‍ജ്ജനം സൃഷ്ഠിച്ചാണ് മൈക്കുടമകള്‍ പ്രതികരിച്ചത്. അദ്ദേഹം ധീരമായി മുന്നോട്ടുപോവുകതന്നെ ചെയ്തു.

അമിതമായ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിക്കുറവും മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമെന്ന കാര്യ ഇന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. കിടപ്പുരോഗികളുടെ കാര്യമാണ് പരമകഷ്ടം.
നമുക്ക് അന്നവും അര്‍ഥവും എല്ലാ സംരക്ഷണവും തന്നു പോറ്റിവളര്‍ത്തിയവരാണ് കിടക്കയില്‍ മരണവും കാത്തു കിടക്കുന്നത്. അവര്‍ക്ക് സ്വസ്ഥത നല്കണം. ഉച്ചഭാഷിണിയിലൂടെയുള്ള അലര്‍ച്ചകള്‍ യേശുദാസിന്റെ ഭക്തിഗാനം ആയാല്‍ പോലും അരോചകമാണ്. ഗാനഗന്ധര്‍വന്‍ പോലും അത് ഇഷ്ടപ്പെടുകയില്ല.

നിലവിലുള്ള നിയമമനുസരിച്ച് രാവിലെ ആറു മണിക്കു മുന്‍പും രാത്രി പത്തുമണിക്ക് ശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ആശുപത്രികള്‍, ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക് ഓഫീസുകള്‍ വന്യജീവി സങ്കേതങ്ങള്‍ ഇവയുടെ  പരിസരത്ത്  ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്, പൊതുനിരത്തിനു സമീപവും കവലകളിലും ഉച്ചഭാഷിണി അരുത്.ഒരു ബോക്സില്‍ രണ്ടില്‍  കൂടുതല്‍ ഉച്ചഭാഷിണികള്‍ ഘടിപ്പിക്കരുത്.വാഹനത്തിലുള്ള പ്രചാരണത്തിന് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ പോലും രണ്ടില്‍ കൂടുതല്‍ ഉച്ചഭാഷിണി പാടില്ല.പൊതുപരിപാടികളില്‍ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഉച്ചഭാഷിണികള്‍ ആംപ്ലിഫയറില്‍ നിന്നും മുന്നൂറു മീറ്ററിനപ്പുറം ഘടിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്കിയിട്ടുള്ള ലൈസന്‍സ് റദ്ദാക്കുന്നതാണ്. മനുഷ്യോപകാരപ്രദമായ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടിയ ആളും പരിപാടിയുടെ സംഘാടകരും വാഹനത്തിലാണെങ്കില്‍ ഡ്രൈവറും നിയമനടപടിക്ക് വിധേയരാകും. മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഉപകാരപ്രദമായ നിര്‍ദേശങ്ങളാണിവ. ഈ നിര്‍ദേശങ്ങളാണ് നിരന്തരം ലംഘിക്കപ്പെടുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഇടപെടലുകളും നിയമപാലകരുടെ മൌനവും എല്ലാം ഈ ലംഘനങ്ങള്‍ക്ക് കുട പിടിക്കുന്നുണ്ട്. ദൈവമാണെങ്കില്‍ പതിവുപോലെ മൌനത്തിലുമാണ്,

കൊല്ലം ജില്ലയില്‍ ശബ്ദവും വെളിച്ചവും നല്‍കുന്നവരുടെ സംഘടന ഒരിക്കല്‍ ഇതു സംബന്ധിച്ചു ഒരു സംവാദം സംഘടിപ്പിച്ചു. പൊതുജനങ്ങളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ഒക്കെയായിരുന്നു സദസ്യര്‍.  ആദരണീയനായ ഒരു പോലീസ് മേധാവി, സദസ്യരോട് പറഞ്ഞത്, മൈക്ക് കണ്ടുപിടിക്കുന്നതിനു മുന്‍പാണ് ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായത്. അന്ന് അക്കാര്യങ്ങളൊക്കെ ആചാരലംഘനം കൂടാതെ നടന്നിരുന്നല്ലോ എന്നാണ്.

ശരിയാണ്. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉണ്ടാകണമെന്ന് ഒരു ക്ഷേത്രാചാരഗ്രന്ഥങ്ങളിലുമില്ല.

ഇവിടെയാണ് ബാലാവകാശകമ്മീഷന്‍റെ ഒരു നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നത്. ആരാധനാലയങ്ങലൂടെയുള്ള ശബ്ദമലിനീകരണത്തിനെതിരേ ഏതെങ്കിലും കുട്ടി പരാതികൊടുത്താല്‍ രണ്ടു മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ മതത്തിലുമുള്ള ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതും ഫ്രിഡ്ജിനുള്ളില്‍ മരവിച്ചിരുന്നേക്കാം. നിയമ ലംഘനങ്ങള്‍ക്കെതിരെ പ്രബുദ്ധരായ വിദ്യാര്‍ഥി സമൂഹം കടലാസും പേനയും എടുക്കേണ്ടിയിരിക്കുന്നു. 100 എന്ന ഫോണ്‍ നമ്പര്‍,ഇത്തരം ലംഘനങ്ങള്‍ കൂടി നിയമപാലകരുടെ ശ്രദ്ധയില്‍ പെടുത്താനുള്ളതാണ്.

Wednesday, 25 October 2023

വിജയദശമിയും സാമൂഹ്യമാധ്യമങ്ങളും

 വിജയദശമിയും   സാമൂഹ്യമാധ്യമങ്ങളും 

----------------------------------------------------------------
പതിവുപോലെ ഇത്തവണയും പൂജാദിനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടു. പൂജവയ്പ്പിന്റെയും എടുപ്പിന്റെയും വിദ്യാരംഭത്തിന്റെയും നിലവിളക്ക് സഹിതമുള്ള വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ദുര്‍ഗ്ഗബൊമ്മകളും ബൊമ്മക്കൊലുവും പല പോസിലുള്ള ഫോട്ടോകളായി നിരന്നു നിന്നു. ഗാസയിലെ നിലവിളികളെ തോല്‍പ്പിക്കുന്ന സംഗീതാരവങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സാംസ്ക്കാരിക നായകരുടെ മടിയിലിരുന്നു പൊട്ടിക്കരയുന്ന കുഞ്ഞുങ്ങളെ പൂകൊണ്ടും പുഞ്ചിരികൊണ്ടും സമര്‍ത്ഥമായി മറച്ചു വച്ച് മാന്ത്രികക്യാമറകള്‍  വിളയാട്ടം നടത്തി.

അച്ചടിമാധ്യമങ്ങള്‍ പതിവ് വാഴ്ത്തുകളുടെ മത്സരവേദിയിലായിരുന്നു. വിദ്യാരംഭം സവര്‍ണ്ണഹിന്ദുവിന്റെ ഒരു വീട്ടുവിശേഷം മാത്രമായിരുന്നുവെന്നും സ്ത്രീകള്‍ പോലും ആ ഭവനങ്ങളില്‍ അക്ഷര അയിത്തം അനുഭവിച്ചിരുന്നുവെന്നുമുള്ള ചരിത്ര യാഥാര്‍ഥ്യം ഇക്കുറിയും തീണ്ടാപ്പാടകലെ നിന്നു.

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില നക്ഷത്ര വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവയിലൊന്ന് അയ്യന്‍കാളിയുടെയും പഞ്ചമിക്കുഞ്ഞിന്റെയും ചിത്രം വരച്ചു ചേര്‍ത്തുകൊണ്ടുള്ള  പോസ്റ്റായിരുന്നു. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്‍റെ പേരാണ് അക്ഷരമെന്ന് ആ പോസ്റ്റ് പരസ്യപ്പെടുത്തി.

വി.എ.ബാലകൃഷ്ണന്റെ പോസ്റ്റില്‍ സര്ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ദുര്‍ഗ്ഗാപൂജ,ആയുധപൂജ, ഗ്രന്ഥപൂജ തുടങ്ങിയ അന്ധവിശ്വാസ ആചാരങ്ങളെ എടുത്തുകളയണം എന്നാണ് ആവശ്യപ്പെട്ടത്. ഇത് ശ്രദ്ധേയയമായ ഒരു അഭിപ്രായമായിത്തോന്നി. വിവിധ മതവിശ്വാസമുള്ള കുട്ടികള്‍ പഠിക്കുന്ന പല സര്‍ക്കാര്‍ ഐ ടി ഐ കളിലും ഇക്കുറി ഡയറിപൂജയും ഉപകരണപൂജയും നടത്തുകയുണ്ടായി. ഇത് നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണ്. മരപ്പണി, ലോഹപ്പണി തുടങ്ങി പാരമ്പര്യകുലത്തൊഴിലായി അടിച്ചേല്‍പ്പിച്ചിരുന്ന സര്‍ഗ്ഗാത്മക ജീവിതമാര്‍ഗ്ഗങ്ങളെ ജാതിവ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച് എല്ലാര്‍ക്കുമായി തുറന്നുകൊടുത്ത സ്ഥാപനങ്ങളാണ് നമ്മുടെ തൊഴില്‍ പഠനകേന്ദ്രങ്ങള്‍. അവിടേയ്ക്ക് ഹിന്ദുത്വം ഒളിച്ചു കടത്തുന്ന പരിപാടിയാണ് ഡയറിപൂജയും ഉപകരണപൂജയും. സര്‍ക്കാര്‍ സ്ക്കൂളുകളിലേക്കും ഇത്തരം മതവിക്രിയകള്‍ കടന്നു കയറിയേക്കുമെന്നതിന്റെ സൂചനയാണിത്

സമ=രകവിതയുടെ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.പൊരുതി നേടിയതാണ് അക്ഷരം, ആരും താലത്തില്‍ വിളമ്പിയിട്ടില്ല എന്നവര്‍ വിളിച്ച് പറഞ്ഞു. ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സങ്കല്‍പ്പിക സരസ്വതിയല്ല,പെണ്‍കുട്ടികളുടെ പള്ളിക്കൂടം സ്ഥാപിച്ച സാവിത്രി ഫൂലെയായാണെന്ന് സ്ഥാപിക്കുന്ന  വിശദമായ മറ്റൊരു പോസ്റ്റും സാമൂഹ്യമാധ്യമങ്ങളില്‍ പൂജാദിവസങ്ങളില്‍ വായിക്കപ്പെട്ടു.  പിന്നാക്കക്കാര്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ശ്രീമൂലം പ്രജാസഭയില്‍ കുമാരനാശാന്‍ നടത്തിയ പ്രസംഗവും ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.

യുക്തിചിന്തയുടെ പോസ്റ്റ്, പുസ്തകം എന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പുസ്തകം അടച്ചുവച്ച് പൂവിട്ടു പൂജിക്കാനുള്ളതല്ലെന്നും തുറന്നു വായിച്ച് വിശകലനം ചെയ്ത് അറിവ് നേടാനുള്ളതാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും ഈ പോസ്റ്റ് പറയുന്നു. വര്‍ണ്ണബാഹ്യരായ അവര്‍ണ്ണ ജനകോടികള്‍ അറിവിന്‍റെ വാതായനം തുറന്നത് ത്രൈവര്‍ണികരുടെ വിദ്യാരംഭത്തിലൂടെ ആയിരുന്നില്ലെന്നും വിപുലമായ പോരാട്ടങ്ങളിലൂടെ ആയിരുന്നു എന്നും ടി.എസ് ശ്യാംകുമാര്‍ സ്വന്തം പോസ്റ്റില്‍ ഉറപ്പിച്ച് പറഞ്ഞു.വിജയ ദശമി ആശംസയ്ക്ക് പകരം അയ്യന്‍ കാളിയുടെയും പഞ്ചമിയുടെയും ചിത്രം സഹിതം വിജയപഞ്ചമി ദിനം ആശംസിച്ചു കാരായി രാജന്‍. വീണയല്ല, പാതിവെന്ത ബെഞ്ചാണ് വിദ്യയുടെ ജനകീയ പ്രതീകമെന്നും പഞ്ചമിയുടെ സ്ക്കൂള്‍ പ്രവേശത്തോടെ ആധുനിക കേരളത്തിന്‍റെ വിദ്യാരംഭം കുറിച്ചുവെന്നും കൃഷ്ണന്‍ കേളോത്ത്.

ഏറ്റവും രസകരമായി തോന്നിയത് മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി ഇറക്കിയ ഒരു വിദ്യാരംഭം അപേക്ഷാഫോറമാണ്. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. അപ്പര്‍ പ്രൈമറി സ്ക്കൂളില്‍ നടത്തുന്ന വിദ്യാരംഭം പരിപാടിയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. വിദ്യാരംഭത്തില്‍ വിവിധമതസമ്മതം നേടുന്ന തരത്തിലായിരുന്നു അപേക്ഷ ക്രമീകരിച്ചിരുന്നത്.
വിദ്യാരംഭം എങ്ങനെ വേണം? 1 ഹരീ ശ്രീ ഗണപതായേ നമ : 2.അല്ലാഹു അക്ബര്‍ 3 യേശുവേ സ്തുതി 4 അമ്മ, അച്ഛന്‍,അ ആ ഇ ഈ 4. ഇംഗ്ലീഷ് അക്ഷരമാലകള്‍(A,B,C,D) ഇതായിരുന്നു മാതൃക.ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമത വിരുദ്ധമായതിനാല്‍ നഗരസഭക്കെതിരെ ഒരു ഹൈന്ദവ സംഘടനയായ ഹൈന്ദവീയം ഫൌണ്ടേഷന്‍ ഹൈക്കോടതിയില്‍ പോവുകയും, മാതാപിതാക്കല്‍ക്ക് അവരവരുടെ പ്രാര്‍ഥന  അനുസരിച്ചു എഴുതിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഇക്കാര്യം സംഘാടകര്‍ ഉറപ്പാക്കണമെന്നും വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.അമ്മ, അച്ഛന്‍,അ ആ ഇ ഈ എന്ന അക്ഷരരൂപങ്ങളാണ് അധികം രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടതെന്നത് ആശ്വാസകരം.

ഇതൊക്കെയായിരുന്നു ഇക്കുറി സാമൂഹ്യമാധ്യമങ്ങളിലെ ദുര്‍ഗ്ഗാഷ്ടമി വിശേഷങ്ങള്‍. ചെറുത്തു നില്‍പ്പുകള്‍ക്കും ബോധ്യപ്പെടുത്തലുകള്‍ക്കും  സാമൂഹ്യമാധ്യമങ്ങളില്‍ ഇനിയും ഇടം അവശേഷിക്കുന്നുണ്ട്.
- കുരീപ്പുഴശ്രീകുമാര്‍ 

Wednesday, 11 October 2023

വാഴക്കുല വീണ്ടും വായിക്കുമ്പോള്‍

 വാഴക്കുല വീണ്ടും വായിക്കുമ്പോള്‍ 

-----------------------------------------------------------
എണ്‍പത്താറു വര്ഷം മുന്‍പുണ്ടായ കവിതയാണ് മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല.ഇന്നത് പോയകാലത്തിന്റെ കണ്ണാടിയായി മാറിയിരിക്കുന്നു. കവിതയിലൂടെ ചരിത്രം അനാവൃതമാകുന്ന അസാധാരണ സന്ദര്‍ഭം.

വായനക്കാരിലൂടെയും കഥാപ്രസംഗകരിലൂടെയും നാടകക്കാരിലൂടെയും ഈ കവിത കേരളത്തില്‍ ഉടനീളം പടര്‍ന്ന് പന്തലിച്ചു. ഹൃദയപക്ഷരാഷ്ട്രീയ പ്രസംഗകര്‍ കണ്ണീരും ചോരയും കൊണ്ടെഴുതിയ ഈ കവിത വേദികളില്‍ ഉദ്ധരിച്ചു. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനവരെല്ലാം ഈ കവിത വായിച്ചു കരയുകയും ഈ സാമൂഹ്യവ്യവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പിന്നേയും രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിസഭ കേരളത്തിലുണ്ടായതും, കുടികിടപ്പവകാശം നിയമമായതും. അതിനു ശേഷമാണ് ചങ്ങമ്പുഴ വാഴക്കുലയിലൂടെ അവതരിപ്പിച്ച സാമൂഹ്യ ദുരവസ്ഥ അവസാനിച്ചത്.

എന്തായിരുന്നു ആ ദുരവസ്ഥ? മലയപ്പുലയന്‍ തന്റെ കുപ്പമാട ത്തിന്‍റെ മുറ്റത്തു മഴവന്നനാളില്‍ ഒരു വാഴ നട്ടു. അതിനെ ആ തൊഴിലാളി കുടുംബം താലോലിച്ചു വളര്‍ത്തി. കുട്ടികള്‍ ആ വാഴത്തണലില്‍ തന്നെ കഴിഞ്ഞു കൂടി. വാഴകുലയ്ക്കുന്നതും പഴുക്കുന്നതും പഴം  തിന്നുന്നതും പകല്‍ക്കിനാവുകണ്ടു. പന്തയം വച്ചു. കുട്ടികളുടെ ഈ ആഹ്ലാദം കണ്ടിട്ട് ഒന്നു വേഗം കുലച്ചാല്‍ മതിയെന്നു വാഴ പോലും  ആഗ്രഹിച്ചു.

വാഴകുലച്ചു. ആ കൊതിയസമാജത്തിന്റെ ആഗ്രഹം പോലെ കുലവിളഞ്ഞു പഴുക്കാറായി. അപ്പോഴാണ് മലയപ്പുലയന് കുലവെട്ടി ഭൂമിയുടെ ഉടമസ്ഥനായ ജന്‍മിയുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.

അങ്ങനെയായിരുന്നു അക്കാലത്തെ അലിഖിത നിയമം. പശുവിനെ വളര്‍ത്തുന്നത് കുടികിടപ്പുകാരനായ ചെറുമന്‍. പാലും വെണ്ണയും തൈരും മോരും നെയ്യുമെല്ലാം ജന്‍മിക്ക്. തെങ്ങിന്‍ തൈ നട്ടു പരിപാലിക്കുന്നത് ചെറുമന്‍.ഓലയും  കരിക്കും തേങ്ങയുമെല്ലാം ജന്‍മിക്ക്. പൊരിവെയിലത്ത് വയലില്‍ വിളവൊരുക്കുന്നത് ചെറുമന്‍. നിറയുന്നത് ജന്‍മിയുടെ പത്തായം. എന്തിന്, ചെറുമന്‍റെ പെണ്ണിന്‍റെ ആദ്യരാത്രിപോലും ജന്‍മിക്ക് 

ഇന്ന് അവിശ്വസനീയമായിട്ടുള്ള അക്കാലത്താണ് മഹാകവി ചങ്ങമ്പുഴ വാഴക്കുല എഴുതിയത്. മലയപ്പുലയന്‍റെ ദുരനുഭവം അടയാളപ്പെടുത്തിയിട്ട് ഇത് പണമുള്ളോര്‍ നിര്‍മ്മിച്ച നീതിയാണെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ ഒരു സാക്ഷിമൊഴിയായിരുന്നു ആ കവിത.ആശയതീക്ഷ്ണത കൊണ്ടുമാത്രമല്ല, അപൂര്‍വമായ പ്രയോഗചാരുതകൊണ്ടും ആ കവിത ശ്രദ്ധേയമായിരുന്നു. കരിമാടിക്കുട്ടന്‍മാര്‍, ആട്ടിയബാലനില്‍ ഗ്രാമീണകന്യകയ്ക്കുള്ള അനുരാഗാരംഭം,പകലിന്‍റെ കുടല്‍മാലച്ചോര കുടിച്ച സന്ധ്യ, ചൂരപ്പഴം, വാഴകുലച്ചപ്പോള്‍ വന്ന തിരുവോണം, ഇലവിനെ വലയം ചെയ്യുന്ന ലതകള്‍, അസിധാധരത്തില്‍ നിന്നടരുന്ന മുല്ലപ്പൂക്കള്‍, കുതുകത്തിന്‍റെ പച്ചക്കഴുത്ത് ഇങ്ങനെ നിരവധി കല്‍പ്പനകളാലും മധുരിതമാണാ കവിത.

ഈ കവിത ചരിത്രത്തിന്റെ ഭാഗമാകുന്നത്, വ്യവസ്ഥിതി മാറിയതുകൊണ്ടാണ്. കുടികിടപ്പു നിയമം ഉണ്ടായി. കിടപ്പാടങ്ങള്‍ പൊളിച്ച് കളയാനും തീവയ്ക്കാനുമൊക്കെയുള്ള ജന്‍മിയുടെ അഹങ്കാരം അവസാനിച്ചു. സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന വാഴയുടെ കുല, നട്ടു വളര്‍ത്തിയവന്നുതന്നെ അനുഭവിക്കാമെന്നായി. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യം ഉത്ഭവിക്കുമ്പോള്‍ ഈ കവിതയും പിന്നീടുണ്ടായ സമരപ്പകലുകളും ഉത്തരമായി വരും. എണ്‍പത്താറു വര്ഷം മുന്പ് കേരളത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് വാഴക്കുലയെന്ന കവിത വിളിച്ചുപറയുന്നു.

നമ്മുടെ ഭൂതകാലം തീരെ ശോഭനമായിരുന്നില്ല. അഭിമാനകരവും ആയിരുന്നില്ല. ജീവിതശോഭയും അഭിമാനവുമൊക്കെ കയ്യെ ത്തിപ്പിടിക്കാന്‍ കഴിഞ്ഞത് വാഴക്കുലപോലെയുള്ള കവിതകള്‍ ഹൃദയത്തിലേല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ്. വര്‍ത്തമാനകാലത്തെ പ്രതിബിംബിപ്പിക്കുന്ന കവിത ചരിത്രത്തിന്‍റെ തിളങ്ങുന്ന ഒരു അടരായി മാറുകതന്നെചെയ്യും.