Thursday, 31 August 2023

മൂന്ന് നഗ്നകവിതകള്‍

മൂന്ന് നഗ്നകവിതകള്‍ 

-----------------------------------

 കവികള്‍ക്ക് സാമൂഹ്യവിമര്‍ശനം നടത്താനുള്ള ഏറ്റവും ശക്തമായ പ്രതലമാണ് നഗ്നകവിതകള്‍. തമ്പുരാന്‍ ഇടവരമ്പില്‍ നിന്നൊന്ന് മാറിനിന്നാലേ മുണ്ടൊന്നു കുടഞ്ഞുടുക്കാന്‍ കഴിയൂ എന്നു ഞണ്ടിനോടെന്ന പോലെ തമ്പുരാനോടു പാടിപ്പറഞ്ഞ കര്‍ഷകത്തൊഴിലാളി പെങ്ങളോളം ഈ വിമര്‍ശന കാവ്യ പദ്ധതിക്കു ചരിത്രമുണ്ട്. ഓലയും എഴുത്താണിയുമൊക്കെ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന കുഞ്ചന്‍ നമ്പ്യാരില്‍ ഈ നഗ്നമാര്‍ഗ്ഗം അതിവിശാലമായിത്തന്നെ കാണാന്‍ കഴിയും. 

ഇന്ത്യന്‍ ഭാഷകളില്‍ തെലുങ്കിലാണ് ഈ കാവ്യസരണി വിസ്തൃതി പ്രാപിക്കുന്നത്. ശ്രീ ശ്രീയില്‍ മുതല്‍ കൊണ്ടേപ്പുടി നിര്‍മ്മലയില്‍ വരെ ഈ തുറന്ന സമീപനം കാണാം. എന്നാല്‍ തെലുങ്കിലെ  രാഷ്ട്രീയ ദിഗംബരകവിതകളില്‍ നിന്നും മലയാളത്തിലെ തുറന്നകവിതകളെ ഭിന്നമാക്കുന്നത് അതിന്‍റെ വിഷയവൈപുല്യവും ഹ്രസ്വതയുമാണ്. ബയണറ്റ് പോലെയോ വെടിയുണ്ടപോലെയോ ആ ഹ്രസ്വരചനകള്‍ വര്‍ദ്ധിച്ച പ്രഹരശേഷി നേടുന്നുണ്ട്. പുനലൂര്‍ ബാലനിലും അയ്യപ്പപ്പണിക്കരിലും കുഞ്ഞുണ്ണിയിലുമൊക്കെ ഈ രചനാവിശേഷം നമുക്ക് ബോധ്യപ്പെടാം.

അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയ ഒന്നിലധികം നഗ്നകവിതകളുണ്ട്.ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് അറുനൂറ്റിനാല്‍പ്പത്താറു ലൈക്കുകള്‍ നേടുകയും മുപ്പത്താറു പേരാല്‍ ഷെയര്‍ ചെയ്യപ്പെടുകയും ഉണ്ടായ പെലയക്കുരിശ് എന്ന കവിതയാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അനില്‍ മുട്ടാര്‍ എന്ന പുതുകവിയാണ് ഈ കവിതയെഴുതിയത്.

അപ്പന്‍ ചത്തപ്പോള്‍ മകള്‍ ജെസി പള്ളിമേടയിലേക്ക് ഓടിച്ചെല്ലുന്നു. ഏ.കെ.ജി കോളനിയിലെ നാലാമത്തെ വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്.ജെസിയോട് വിവരങള്‍ അന്വേഷിച്ചു മനസ്സിലാക്കിയ അച്ചന്‍ ഇങ്ങനെ അരുളിച്ചെയ്തു. വറീത് പെലേന്‍ മാര്‍ക്കം കൂടിയതല്ലേ, ഈ സെമിത്തേരിയിലല്ല അടക്കേണ്ടത്. വറീതിന്‍റെ ശവം ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്ത് കത്തിച്ചു.അതിനു മുന്‍പ് ജെസി അപ്പന്റെ കഴുത്തില്‍ നിന്നും പെലക്കുരിശെടുത്തുമാറ്റി. വിശന്ന വയറുകള്‍ക്ക് പാതിരിമാര്‍ കൊടുത്ത ഉപ്പുമാവിന്‍റെ പൊടിക്ക് മതത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന് അറിഞ്ഞില്ല എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്. 

ഹിന്ദുമത ദ്രോഹങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ അനുഭവിച്ച അപമാനവും ദു:ഖവും ഇതിന് മുന്‍പും മലയാളകവിതയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചന്‍റെ ഗീതങ്ങളിലും വയലാര്‍ രാമവര്‍മ്മയുടെ ഇത്താപ്പിരി എന്ന കവിതയിലും നമുക്ക് ഈ  വിഷയം കാണാവുന്നതാണ്. ഇപ്പൊഴും അതുനിലനില്‍ക്കുന്നു എന്നതാണു പെലക്കുരിശ് നമ്മെ ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല സംഗീതവും വ്യവസ്ഥാപിതമായ താളവും ഉപേക്ഷിച്ചാല്‍ ലഭിക്കുന്ന മൂര്‍ച്ചയും ഈ രചന വിളംബരം ചെയ്യുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് അഞ്ഞൂറ്ററുപത്തിമൂന്ന് ലൈക്കുകള്‍ ഫേസ്ബുക്കില്‍ നേടിയ കവിതയാണ് സി.എസ്.രാജേഷിന്‍റെ കവിയൂര്‍ പൊന്നമ്മ. പേരങ്ങനെയാണെങ്കിലും ഈ കവിത, മലയാളസിനിമയിലെ ആ അഭിനേത്രിയെ കുറിച്ചുള്ളതല്ല. ആ നടി സിനിമയില്‍ ഉപയോഗിക്കാറുള്ള കുലീനമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ള വസ്ത്രധാരണരീതി ഈ കവിതയിലുണ്ട്. ആ ഡ്രസ്സ് കോഡുള്ള ഒരു മമ്മി   ബസ്സില്‍ കയറിയാല്‍ അവര്‍ക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ കോളജ് കാരികള്‍ വരെ റെഡി. എന്നാല്‍ സൂര്യന്‍ കൊണ്ടുനടന്നു പാടത്ത് വളര്‍ത്തിയ അമ്മയുടെ സ്ഥിതിയോ? തൂണേല്‍ പിടി തള്ളേ എന്ന പ്രതികരണമാകും ഉണ്ടാവുക! സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന സമീപന വ്യത്യാസത്തെയാണ് ഈ കവി കവിതയുടെ ചുട്ടുപൊള്ളുന്ന തുറന്ന പ്രതലത്തില്‍ അടയാളപ്പെടുത്തിയത്.

ഫേസ്ബുക്ക് വായനക്കാരാല്‍ സ്വീകരിക്കപ്പെട്ട മറ്റൊരു 
 ദിഗംബര സ്വഭാവമുള്ള കവിതയാണ് നഗ്നാസനസ്ഥന്‍.സതീശന്‍ മോറായിയാണ് കവി. ശരീരമാകെ ചെളിപുരണ്ട് തെരുവില്‍ നടക്കുന്ന ഭ്രാന്താവസ്ഥയിലുള്ള ഒരു മനുഷ്യന് ഒരു തൂവാലപോലും ആരും കൊടുക്കുന്നില്ല. എന്നാല്‍ മേലാകെ ഭസ്മം പുരട്ടിയ ഒരു നഗ്നസന്യാസിയെ കണ്ടപ്പോള്‍ ആളുകള്‍ ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിക്കുന്നു! സമൂഹത്തിന്‍റെ കാരുണ്യമില്ലായ്മയും വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസവും കവി വിഷയമാക്കിയിരിക്കുന്നു.

പുതിയ കവികള്‍ സമൂഹത്തെ കാണുന്നില്ലെന്ന വാദം തെറ്റാണ്. അവര്‍ രോഗാവസ്ഥയിലുള്ള സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Wednesday, 16 August 2023

ഗഗനനീലിമയായ് ഗദ്ദര്‍

 ഗഗനനീലിമയായ് ഗദ്ദര്‍

--------------------------------------
ഒടുവില്‍ ഇന്ത്യ കണ്ട ഊര്‍ജ്ജപ്രവാഹിനിയായ വിപ്ലവകവി ഗുമ്മടി
വിറ്റല്‍ റാവു എന്ന ഗദ്ദര്‍ സമാധിസ്ഥനായി. ആള്‍വാളിലെ മഹാബോധി വിദ്യാലയത്തിന്‍റെ തിരുമുറ്റത്ത് നാലു സിമന്‍റ് സ്ലാബുകള്‍ക്കുളില്‍, ആ കണ്ഠം നിശ്ശബ്ദമായി.

ഇന്ത്യ കണ്ട ഏറ്റവും ജനത്തിരക്കുള്ള ശവസംസ്ക്കാര ചടങ്ങ് ശാന്തിനികേതനില്‍ ആയിരുന്നു. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ അന്ത്യനിദ്ര. തന്‍റെ മൃതദേഹ സംസ്ക്കരണം എങ്ങനെ വേണമെന്ന് ടാഗോര്‍ വേണ്ടപ്പെട്ടവരോടു പറഞ്ഞിരുന്നു. നിശബ്ദമായിരിക്കണം. വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍ എന്നൊന്നും ഉറക്കെ വിളിക്കരുത്. വന്ദേമാതരം പോലും വിളിക്കരുത്. പൂര്‍ണ്ണ നിശ്ശബ്ദതയില്‍ ഒടുങ്ങാന്‍ അനുവദിക്കണം. പക്ഷേ അനുയായികള്‍ കവിയുടെ അന്ത്യാഭിലാഷം അനുസരിച്ചില്ല. മരണമുറിയിലേക്ക് അപരിചിതര്‍ ഇരച്ചുകയറി. പിന്നെ നടന്നതെല്ലാം വികാരത്തിന്റെ കൊടിതോരണങ്ങള്‍ ഉയര്‍ത്തിയ രംഗങ്ങള്‍ ആയിരുന്നു. നിരത്തിനിരുവശവുമുള്ള മാളികകളില്‍ നിന്നുപോലും സ്ത്രീകളും  കുഞ്ഞുങ്ങളും ടാഗോറിന്‍റെ ശവമഞ്ചത്തിലേക്ക് പൂക്കളെറിഞ്ഞു.

ഗദ്ദര്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലും ആയിരുന്നില്ല. പക്ഷേ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ അന്ത്യശുശ്രൂഷയ്ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തന്നെ നേതൃത്വം നല്കി. പൂക്കളുമായി വന്നവരെ തോളില്‍ തട്ടി ആ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വന്‍ പോലീസ് സംഘത്തിന്‍റെ അന്ത്യാഭിവാദ്യത്തോടെയാണ് ഗദ്ദറിനെ തെലങ്കാന യാത്രയാക്കിയത്.

തെലങ്കാനയിലെ എല്ലാ ചാനലുകളും ഒരു ദിവസം മുഴുവന്‍ ആ വിലാപയാത്ര മറ്റുള്ള ജനങ്ങളില്‍ എത്തിക്കാനായി മാറ്റിവച്ചു. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിലാപയാത്രക്കായി മൂന്നു ദിവസം മാറ്റി വച്ച കേരളത്തിലെ ചാനലുകള്‍ തെലങ്കാനയിലെ  ഐതിഹാസികമായ വിലാപയാത്ര കണ്ടതായി ഭാവിച്ചില്ല.

റോഡരികില്‍ ജനങ്ങള്‍ ഗദ്ദറിനെ പോലെ വേഷം കെട്ടിനിന്നു. അമ്മ തെലങ്കാനമു തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകള്‍  പാടി  അങ്ങനെ ഒറ്റ ദിവസം അസംഖ്യം ഗദ്ദര്‍മാര്‍   തെലങ്കാനയിലെ തെരുവുകളിലുണ്ടായി.

ചെങ്കൊടി പിടിച്ചല്ലാതെ അദ്ദേഹത്തെ ഇന്ത്യകണ്ടിട്ടില്ല.പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഹൈദരാബാദ് സമ്മേളനത്തില്‍ വച്ചാണ് ഞാനദേഹത്തെ ആദ്യം നേരിട്ടു കാണുന്നത്. അന്നും ചുവപ്പായിരുന്നു അദ്ദേഹത്തിന്റെ ചുമലില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ വരുമ്പോഴും ജാലിയന്‍വാലാ ബാഗില്‍ പോകുമ്പോഴും ചുവപ്പായിരുന്നു ഗദ്ദറിന്‍റെ ഇഷ്ടവര്‍ണ്ണം. പിന്നീട് ആവര്‍ണ്ണം നീലയ്ക്ക് വഴിമാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ദളിത് ബാല്യകാല പശ്ചാത്തലമുള്ള ഒരാള്‍, നന്നായി പഠിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാവുന്നു. തെലങ്കാനയിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചു വേണ്ടെന്ന് വച്ച സായുദ്ധവിപ്ലവത്തില്‍ ആകൃഷ്ടനാവുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്. 

സ്വതസിദ്ധമായ വാസനയാല്‍ പാട്ടുകളുണ്ടാക്കി പരമ്പരാഗത രീതിയില്‍ വേഷവും താളവുമിട്ട് തൊണ്ട പൊട്ടിപ്പാടി. സമൂഹം മാറണം എന്ന ആഗ്രഹമായിരുന്നു ആകെയുണ്ടായിരുന്നത്. അധസ്ഥിതന്റെ  പക്ഷമെന്നാല്‍ ഇന്ത്യയിലെവിടെയും ദളിതന്‍റെ പക്ഷം എന്നാണല്ലോ അര്‍ത്ഥം. ഗദ്ദര്‍ പാടി.
" എന്തിനാണീ പറയന്‍റെ ജീവിതം 
ഇരന്നാലുമില്ലൊരുപിടി  ചോറ്
പിന്നെന്തിനാണീ പറയന്‍റെ ജീവിതം?

പുലയനണ്ണാ പറയനണ്ണാ
തോട്ടിയണ്ണാ കുറവനണ്ണാ
ചക്കാലനണ്ണാ ലംബാടിയണ്ണാ
ചെഞ്ചുവണ്ണാ തൂപ്പുകാരന്നണ്ണാ
കുലം കുലം പറഞ്ഞലഞ്ഞു
നോവുതിന്നും കൂലികളേ
തൊള്ള തുറന്നു ഞാന്‍ പാടുന്നു 
കേള്‍ക്കൂ മനംതുറന്നണ്ണന്‍മാരെ .....

അവര്‍ കേട്ടു. പറ്റം പറ്റമായി  ഗദ്ദറിനൊപ്പം അണിനിരന്നു. ഒന്നിച്ചു പാടി. കൂട്ടമായി ആടി. പക്ഷേ അപ്പോഴേക്കും പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്‍റെ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യ ആയുധം താഴെവച്ചു കാട്ടിനു പുറത്തുവന്നു. പിന്നെ ആശയസംഘട്ടനങ്ങളുടെ നാളുകളായിരുന്നു. കയ്യില്‍ കിട്ടിയ തോക്കുകളുമായി ഓരോ ഗ്രൂപ്പും പലവഴിക്ക് പിരിഞ്ഞു.

ഗദ്ദറിനും മനംമാറ്റം സംഭവിച്ചു. ആ വിപ്ലവകാരിയുടെ ചിന്തകളില്‍ വര്‍ഗ്ഗസമരത്തെ സംബന്ധിച്ച സംശയങ്ങള്‍ മുളച്ചു. പതുക്കെ പതുക്കെ അംബേദ്ക്കര്‍ വിതാനിച്ച ആകാശനീലിമയിലേക്ക് ആ രാഷ്ട്രീയപ്പാട്ടുകാരന്‍ നീങ്ങാന്‍ തുടങ്ങി. ബുദ്ധചക്രം അടയാളപ്പെടുത്തിയ നീലപ്പതാക ഗദ്ദറിനു തണലായില്ല. ഗദ്ദര്‍ പ്രജാപാര്‍ട്ടി എന്നൊരു വിപ്ലവജന സംഘടനയെക്കുറിച്ച്  ഗദ്ദര്‍ ആലോചിച്ചു.

അതിനിടെയാണ് കഠിനമായ ഹൃദ്രോഗം ഗദ്ദറിനെ ആക്രമിച്ചത്. ശസ്ത്രക്രിയയെ തുടര്ന്ന് ആ തീപ്പന്തം അണഞ്ഞു. ഓരോ തീപ്പൊരിയും അധസ്ഥിതരിലേക്ക് ആളിപ്പടര്‍ന്നു. 

ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ഡോ.അംബേദ്ക്കര്‍ ആയിരുന്നു. മുംബൈയില്‍ ബുദ്ധമത ആചാരപ്രകാരമായിരുന്നു അംബേദ്ക്കറിന്റെ ശവസംസ്ക്കാരം നടന്നത്. അംബേദ്ക്കര്‍ സമാധിയെന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. അതുപോലെയായിരുന്നു ഗദ്ദറിന്‍റെയും അവസാനനിമിഷങ്ങള്‍. താടിയും മുടിയും നീക്കി. പൂകൊണ്ടു മൂടി. സമാധിസ്ഥലത്ത് ബുദ്ധന്റെയും അംബേദ്ക്കറിന്റെയും ചിത്രങ്ങള്‍. ബന്ധുക്കളും സ്നേഹിതരുമെല്ലാം അടുത്തുനിന്നു. ഉപ്പും കര്‍പ്പൂരവും നിറച്ച സിമന്‍റ് അറയിലേക്ക് ആ മൃതശരീരം അടക്കപ്പെട്ടു. ബുദ്ധം സംഘം ധര്മ്മം ശരണം ഗഛാമി എന്ന മന്ത്രം ഉയര്‍ന്നു.

അംബേദ്ക്കാര്‍ സമാധിയിലേക്ക് ഇപ്പൊഴും ജനങ്ങള്‍ എത്താറുള്ളതുപോലെ ഇനി ഗദ്ദര്‍ സമാധിയിലേക്കും ജനങ്ങള്‍ ഒഴുകിയെത്തും. അവിടെയിരുന്നവര്‍ ആഗതു ആഗതൂ ആഗതു ഇന്ത സായുധപ്പോരു ആഗതു എന്നു തൊണ്ട പൊട്ടിപ്പാടുമോ?

Wednesday, 19 July 2023

നഷ്ടത്തിലോടുന്ന ദൈവാലയങ്ങള്‍

 നഷ്ടത്തിലോടുന്ന  ദൈവാലയങ്ങള്‍ 

---------------------------------------------------------

ലോകത്ത് പലരാജ്യങ്ങളിലും പ്രാര്‍ഥനാലയങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പ്രാര്‍ഥനയിലൂടെ മോക്ഷപ്രാപ്തിയെന്ന ആശയം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും ഉപേക്ഷിച്ചുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപുലമായ സ്ഥലസൌകര്യങ്ങളുള്ള പ്രാര്‍ഥനാലയങ്ങള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വാടകയ്ക്ക് കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ട്.വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വിജനമായ ആരാധനാലയങ്ങളുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മറ്റും മോചിതരായപ്പോള്‍ ആരാധന അവസാനിപ്പിച്ചവരാണ്. പ്രാര്‍ഥന  കൊണ്ട് അര്‍ഥമില്ലെന്നറിയാമെങ്കിലും ഭരണകൂടത്തെ ഭയന്ന് പ്രാര്‍ഥിക്കുന്ന രാജ്യങ്ങളുമുണ്ട്.


ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാരതീയ ദര്‍ശനമാണ് ചാര്‍വാകദര്ശനം. അവര്‍ പറയുന്നതു ഒരു നിമിഷം പോലും പ്രാര്‍ഥിച്ചു പാഴാക്കരുതെന്നാണ്..

അസഭ്യസ്തോത്രങ്ങള്‍ പാടി ആരാധിക്കാനായിട്ട് കൊടുങ്ങല്ലൂരിന് പോകരുതേയെന്ന് ആഹ്വാനം ചെയ്യുന്ന ഒരു കവിതതന്നെ സഹോദരന്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. 


കേരളത്തില്‍ പഴയതുപോലെയുള്ള വ്രതാനുഷ്ഠാനങ്ങളും മലകയറാനുള്ള പദയാത്രയുമൊന്നും ഇപ്പോഴില്ല. മൈക്ക് സെറ്റ് വാങ്ങാന്‍ പണമുള്ളവര്‍ അമ്പലം കൂടി തുടങ്ങുമെന്ന വിചിത്രമായ ഒരു രീതിയാണിപ്പോള്‍ ഉള്ളത്. അവിടേക്ക് ഭക്തജനങ്ങള്‍ പല ലക്ഷ്യങ്ങളോടെ എത്തുന്നുണ്ട്. എന്നാല്‍ ഭണ്ഡാരങ്ങള്‍ പഴയതുപോലെ കവിഞ്ഞൊഴുകുന്നില്ല. അമ്പലപ്രമാണിമാരുടെ ധനമോഹം സഫലീകരിക്കുന്നു ണ്ടെങ്കിലും അതിമോഹം നടക്കുന്നില്ല. ആ രീതിയില്‍ വിവേകമുള്ള ഒരു സമൂഹമായി നമ്മള്‍ ക്രമേണ മാറുന്നുണ്ട്.


എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഒരു സങ്കടം ഭക്തജനങ്ങളുടെ സംഭാവന എല്ലാ ക്ഷേത്രങ്ങളിലും സമൃദ്ധമായി കിട്ടുന്നില്ല എന്നാണ്.ആയിരത്തിലധികം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്.ഇടതുപക്ഷ ഭരണകൂടം ഉണ്ടാകുമ്പോള്‍ സാമ്പത്തിക കാര്യങ്ങളൊക്കെ സത്യസന്ധമായും ശ്രദ്ധയോടെയും നടക്കാറാണ് പതിവ്. ഭക്തിപ്രകടനമൊന്നും നടത്താത്ത ദേവസ്വം ചുമതലയുള്ള മന്ത്രിമാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തനങ്ങള്‍ .നിരീക്ഷിക്കാറുമുണ്ട്..അതിനാല്‍ ഇപ്പോഴത്തെ ഭരണസമിതി പറയുന്ന കാര്യങ്ങള്‍ നമ്മള്‍ വിശ്വാസത്തിലെടുക്കേണ്ടതാണ്. 


ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളെന്ന വരുമാന സ്രോതസ്സുകളില്‍നിന്നു വളരെ കുറച്ചു സമ്പത്തുമാത്രമേ ലഭിക്കുന്നുള്ളൂ. ശബരിമല, ചെട്ടികുളങ്ങര,മലയാലപ്പുഴ, ഏറ്റുമാന്നൂര്‍, കൊട്ടാരക്കര, വൈക്കം,തിരുവല്ലം,വര്‍ക്കല,തൃക്കടവൂര്‍ തുടങ്ങിയ ഏതാനും മോക്ഷോത്പന്നശാലകളില്‍ നിന്നുമാത്രമേ കഴിഞ്ഞു കൂടാനുള്ള വരുമാനം കിട്ടുന്നുള്ളൂ. മറ്റുക്ഷേത്രങ്ങളെല്ലാം നഷ്ടത്തിലാണോടുന്നത്.


ശബരിമലയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡിലെ എല്ലാ ജീവനക്കാരുടെയും ശമ്പളവും മറ്റും നല്‍കുന്നത്. ആ തുറന്നു പറച്ചില്‍ നന്നായി. ശബരിമലയിലെ കാശെടുത്താണ് റോഡും പാലവും പണിയുന്നതെന്നുപോലും പ്രചരിപ്പിക്കപ്പെടുന്ന നാടാണിത്. നഷ്ടത്തിലോടുന്ന വിദ്യാലയങ്ങള്‍ പൂട്ടാന്‍ ഒരിക്കല്‍ അന്നത്തെ സര്ക്കാര്‍ പട്ടിക തയ്യാറാക്കിയിരുന്നു. അന്നാണ് സ്ക്കൂള്‍ബാര്‍ എന്ന കവിതയുണ്ടായത്. ഇവിടെ ക്ഷേത്രങ്ങള്‍ പൂട്ടുന്നില്ല.പകരം ഭാഗ്യാന്വേഷികളായ പാവങ്ങളെ പ്രലോഭിപ്പിക്കാനായി കാര്യസിദ്ധിപൂജ തുടങ്ങിയ പൂജകളും പ്രാകൃത ഹിന്ദുമതാചാരമായ ഹോമങ്ങളും ആകര്‍ഷകമായ വഴിപാടുകളും മറ്റും നടത്തുമത്രേ. 


വിദ്യാലയങ്ങള്‍ പോലെയല്ല ആരാധനാലയങ്ങള്‍. ലാഭകരമല്ലെങ്കില്‍ പൂട്ടിയാലും ഒരു കുഴപ്പവുമില്ല. പ്രശ്നം ഭക്ത അജഗണങ്ങളുടെ വേഷമിട്ട് മതരാഷ്ട്രീയ ചെന്നായ്ക്കള്‍ ഏറ്റെടുക്കാന്‍ വരുമെന്നതാണ്. ആരാധനാലയങ്ങള്‍ക്ക് പരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമാണിത്. നഷ്ടത്തിലോടുന്ന  ആരാധനാലയങ്ങള്‍ ക്രമേണ വിദ്യാലയങ്ങളാക്കി മാറ്റാവുന്നതാണ്. നാരായണഗുരു പറഞ്ഞതും അതാണല്ലോ.



Wednesday, 5 July 2023

മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍

 മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍ 

---------------------------------------------------------------
മനുഷ്യനു കൃഷി അത്യാവശ്യമാണ്. കൃഷിക്ക് മഴയും അത്യാവശ്യമാണ്. നെല്ല് ഗോതമ്പ് ചോളം തുടങ്ങി വിശാലമായ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നകര്‍ഷകന്‍ ഭൂമിയെ എന്നപോലെ ആകാശത്തെയും നിരീക്ഷിക്കും. കാര്‍മേഘങ്ങളെ കാളിദാസകൃതിയിലെന്നപോലെ പ്രതീക്ഷിക്കും.

മഴപെയ്തില്ലെങ്കിലോ പിന്നെ മന്ത്രവാദവും പൂജയുമൊക്കെ ആരംഭിക്കുകയായി. വരുണനാണ് മഴയുടെയും കടലടക്കമുള്ള വന്‍ ജലസംഭരണികളുടെയും ഉടമസ്ഥന്‍. അദ്ദേഹത്തെ പ്രീണിപ്പിച്ചാല്‍ മഴ പെയ്യും എന്നാണ് പഴമക്കാരുടെ ധാരണ.എന്നാല്‍ വരുണനെയും ഇന്ദ്രനെയുമൊക്കെ പ്രീണിപ്പിക്കാനായി യാഗമൊന്നും നടത്താതെ ആയുധമുപയോഗിച്ച് അമ്പാടിയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കണ്ട ബലരാമകഥയുമുണ്ട്. ജലസേചനം എന്ന കവിതയില്‍ മഹാകവി വൈലോപ്പിള്ളി അതാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

പ്രകൃതി സമ്പത്തിന്റെ അധിപന്‍മാരായ ദൈവങ്ങള്‍ പരസ്പരം പിണങ്ങിയതിനാല്‍ അമ്പാടിയില്‍ മഴയുണ്ടായില്ല. ദ്വാരകയില്‍ നിന്നും വന്ന ബലഭദ്രനോട് ഗോപജനത പരാതിപറഞ്ഞു. പശുക്കള്‍ അംബേയെന്ന് വിളിക്കുന്നത്, കിടാവിനു പോലും കുടിക്കാനുള്ള പാല്‍ ചുരത്താന്‍ കഴിയാത്തതിലുള്ള ആവലാതിയാണ്. പശുവിന് തിന്നാന്‍ പുല്ലില്ല. കുഞ്ഞിക്കുരുവികളുടെ പാരവശ്യം പാടത്തു മാറ്റൊലിക്കൊള്ളുകയാണ്.എന്തുപരിഹാരം? ബലരാമന്‍ സ്മോളു കഴിച്ചുകൊണ്ട്  ചിന്തിച്ചു. കുമിളപോലെ പരിഹാരമാര്‍ഗ്ഗം പൊന്തിവന്നു.അമ്പാടിയിലൂടെ ഒഴുകാന്‍  കാളിന്ദിയോട് പോയിപ്പറഞ്ഞു. കള്ളിന്‍റെ തികട്ടലല്ലേ, കാളിന്ദി കണക്കാക്കിയില്ല. അദ്ദേഹം കലപ്പകൊണ്ടുവന്ന് കാളിന്ദിയെ അമ്പാടിയിലൂടെ വലിച്ചിഴച്ചു. കുറച്ചു നാളുകള്‍ക്കകം ഗോവര്‍ദ്ധനത്താഴ്വരയിലെ  ജീവിതം പച്ചപിടിച്ചു.

ബലഭദ്രനെപ്പോലുള്ള വി ഐ പികളെ എല്ലാര്‍ക്കും കിട്ടില്ലല്ലോ. അവര്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ പരിഹാരം കണ്ടത്, അര്‍ദ്ധരാത്രിയില്‍ നഗ്നരായ സ്ത്രീകളെക്കൊണ്ട് പാടം ഉഴുതുമറിക്കണം എന്നാണ്. മറ്റ് ചില പ്രദേശങ്ങളില്‍ തവളകളെ കല്ല്യാണം കഴിപ്പിച്ചു. മധുവിധുവിന്റെ ആഹ്ളാദത്തില്‍ തവളകള്‍ ആനന്ദത്താല്‍ കരയുകയും ആ കരച്ചില്‍ മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്നു അവര്‍ കരുതി.
ഇ.വി.രാമസ്വാമിയുടെ ജന്മനാടായ തമിഴകത്ത് മന്ത്രവും തന്ത്രവുമെല്ലാം കളയുകയും മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുകയും ചെയ്തു.

ഏറ്റവും ചെലവേറിയ വരള്‍ച്ചാദുരിതനിവാരണ പദ്ധതിയാണ് യാഗം. ലക്ഷങ്ങളോ കോടികളോ ഒക്കെയാണ് ഒരു യാഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. യാഗാവസാനം മഴപെയ്യുമത്രേ. മഴ പെയ്യാന്‍ സാധ്യതയുള്ള കേരളം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളാണ്  അടിസ്ഥാനരഹിതമായ ഈ പദ്ധതിക്കു തെരഞ്ഞെടുക്കാറുള്ളത്. മഴ പെയ്യാനായി രാജസ്ഥാനിലാരും യാഗം നടത്താറില്ല.

മഴ പെയ്യിക്കാനായി പ്രബുദ്ധകേരളത്തിലെ പ്രബുദ്ധപാലക്കാട്ടെ പ്രബുദ്ധകോട്ടായിയില്‍ നടന്ന ഒരു പ്രകടനമാണ് ഈയിടെ പൊട്ടിച്ചിരിപ്പിച്ചത്. അതെ, പ്രസിദ്ധരായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഗുരു കുഞ്ചുക്കുറുപ്പിന്‍റെയും കവി രാജിടീച്ചറുടെയും മറ്റും സ്വന്തം നാട്ടില്‍. ഇടതുഭരണമുള്ള പഞ്ചായത്തിലാണ് ഫോക് ലോറില്‍ പെടുത്തേണ്ടുന്ന രസകരമായ ഈ സംഭവം നടന്നത്. വൈക്കോലും കമ്പും കൊണ്ട് ഒരു മനുഷ്യരൂപം കെട്ടിയുണ്ടാക്കി വസ്ത്രങ്ങളണിയിക്കുക. അത് കൊടുംപാപിയാണ്. കൊടുംപാപിയെ ഒരു ശവമഞ്ചത്തില്‍ കിടത്തി. നാട്ടുകാര്‍ നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് ആ ശവമഞ്ചം പ്രദേശമാകെ വലിച്ചുകൊണ്ടു നടന്നു. സ്ത്രീവേഷം കെട്ടിയ ഒരാളാണ് ഈ വിലാപയാത്രയ്ക്ക് നേതൃത്വം നല്കിയത്. കുറേ ആളുകള്‍ കൂട്ടനിലവിളിയുമായി ഒപ്പം നടന്നു.ഉപ്പിലി,അയറോട്, കരിയങ്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള മൂന്നു പാടശേഖരസമിതിക്കാരാണ് ഇത് സംഘടിപ്പിച്ചത്. രണ്ടു ദിവസം കൊടുംപാപിയെ വലിച്ചിഴച്ച് നടന്നു.മൂന്നാം ദിവസം ചേന്നങ്കാട് വച്ച് കത്തിച്ചു. തുടര്ന്ന് ഗംഭീരമായ സദ്യയും നടത്തി.

കൊടുംപാപിദഹനം മഴപെയ്യാന്‍ കാരണമായില്ലെങ്കിലും കേരളത്തിന്‍റെ ഫോക് ലോര്‍ പുസ്തകത്തിലേക്ക് ഒരു അദ്ധ്യായം സംഭാവനചെയ്യാന്‍ ഇതിന് കഴിഞ്ഞു. ചെയ്തവര്‍ക്ക് ഇത് ഫോക് ലോര്‍ ആണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ലെന്നെയുള്ളൂ. പൊറാട്ട് നാടകവും കൊങ്ങന്‍ പടയും കണ്യാര്‍ കളിയും വേലയും കാളയും ശിങ്കാരിയും ഒക്കെ ഫോക് ലോര്‍ ആണെങ്കില്‍ ഇതും ഫോക് ലോറില്‍ പെടും.

പക്ഷേ പ്രശ്നം അതല്ല. പാടശേഖരസമിതിക്കാര്‍, മഴപെയ്യുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഈ ശവഘോഷയാത്ര നടത്തിയത്! അ വിശ്വാസത്തെയാണ് പ്രബുദ്ധകേരളം അന്ധവിശ്വാസമെന്ന് വിളിക്കുന്നത്. അത്തരം അബദ്ധധാരണകളെയാണ് ആലത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ബ്രഹ്മാനന്ദശിവയോഗിയും നിര്‍മ്മലാനന്ദ യോഗിയും മറ്റും  തളിപ്പറഞ്ഞതെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.


Wednesday, 21 June 2023

പുതുജീവിതത്തിന് മതം വേണ്ട

 പുതുജീവിതത്തിന് മതം വേണ്ട 

---------------------------------------------------
ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം സന്തോഷത്തോടെയാണ് കടന്നു പോയത്. ഓ എന്‍ വി പുരസ്ക്കാര ജേതാവ് യുവകവി അരുണ്‍ കുമാര്‍ അന്നൂര്‍ അടക്കം ധാരാളം പേര്‍ സ്വന്തം മക്കളെ ജാതിയും മതവും രേഖപ്പെടുത്താതെ സ്ക്കൂളില്‍ ചേര്‍ത്തു. ജാതിയും മതവുമില്ലാതെ സ്കൂളില്‍ പ്രവേശിച്ച പേരക്കുട്ടികളോടൊപ്പം കരിങ്ങന്നൂര്‍ ഗവ.യു.പി സ്ക്കൂളില്‍ ഞാനും പോയിരുന്നു. സര്ക്കാര്‍ സ്ക്കൂളിലേക്ക് വരുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷത്തിന്റെ നറുംപൂക്കള്‍ വിടര്‍ന്നുനിന്ന പ്രഭാതമായിരുന്നു അത്.

സ്ക്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍  ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്ന സര്ക്കാര്‍ ഉത്തരവ് സ്ക്കൂള്‍ അധികൃതര്‍ തന്നെ ഇത്രയും കാലം മറച്ചു വയ്ക്കുകയായിരുന്നു. ആദിവാസിമേഖലയില്‍, കുട്ടികളുടെ മതം ഹിന്ദുമതമെന്ന് രേഖപ്പെടുത്തുന്നത് അദ്ധ്യാപകര്‍ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അറിവുകള്‍, രേഖകളില്‍ നിന്നും ജാതിയും മതവും ഒഴിവാക്കുവാനുള്ള ബോധവല്‍ക്കരണത്തിന് കാരണമായി. അച്ചടിമാധ്യമങ്ങള്‍.അധികവും ഉടമസ്ഥരുടെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകയാല്‍ മതാതീത മനുഷ്യജീവിതത്തെ അവര്‍ തമസ്ക്കരിച്ചു.

മുതിര്‍ന്നവരില്‍ നിന്നാണ് ജാതിമത വൈറസ്സുകള്‍ കുട്ടികളിലേക്ക് വ്യാപിക്കുന്നത്. കുഞ്ഞുങ്ങള്‍ നിരപരാധികളും നിഷ്ക്കളങ്കരുമാണ്. അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരുടെ ജാതിയും മതവുമൊന്നും കുഞ്ഞുങ്ങള്‍ അന്വേഷിക്കുകയോ പരിഗണിക്കുകയോ ഇല്ല. മത ചിഹ്നങ്ങളണിഞ്ഞു ക്ലാസ്സിലെത്തുന്ന അദ്ധ്യാപകരിലാണ് വിഭാഗീയതയുടെ ആദ്യപാഠങ്ങള്‍ കുട്ടികള്‍ കാണുന്നത്. ഈശ്വരപ്രാര്‍ഥനയെന്ന യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമായ ഗാനാലാപനത്തിലൂടെ മതബോധത്തിന്റെ വിനാശവിത്തുകള്‍ വിതയ്ക്കപ്പെടുന്നു. ദൈവകേന്ദ്രീകൃതമല്ല പ്രപഞ്ചവും ജീവിതവുമെന്നിരിക്കെ ഇന്ന് കേള്‍ക്കുന്ന പ്രാര്‍ഥനകള്‍ക്ക് പകരം കേരളത്തെയോ മലയാളത്തെയോ സ്നേഹത്തെയോ  പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ആലപിക്കുന്നത് നന്നായിരിക്കും. 

പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഹിന്ദി കടന്നുവരുന്നു എന്നുള്ളത് പുതിയ വ്യതിയാനമാണ്. ഇംഗ്ലീഷിന്‍റെ ആധിക്യം മലയാളിയുടെ മാതൃഭാഷയെ പിന്നോട്ടടിച്ചെങ്കില്‍ പുതിയ ഭീഷണിയാണ് ഹിന്ദി. പുലിയെയും നായരെയും ഒന്നിച്ചു തിന്നാന്‍ നാവുവളര്‍ന്ന അമ്മച്ചിയായി അധികാരത്തിന്റെ ഹിന്ദി പല്ലിളിക്കുകയാണ്. ഇത്തരം  ഉത്തരവുകള്‍ നിര്‍ബ്ബന്ധമായി നടപ്പിലാക്കുന്നതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഭാഷാസ്നേഹികള്‍ക്ക് ഇല്ലെന്നു വന്നിരിക്കുന്നു.

മതാതീത മനുഷ്യജീവിതമെന്ന ഉദാത്തഭാവനയെ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഉണ്ടായിരിക്കുന്നു. അത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരോട് മതം ഏതെന്നു ചോദിക്കരുതെന്നുള്ളതാണ്.

മുസ്ലിം വ്യക്തിനിയമം, പിതാവിന്റെ സ്വത്ത് പൂര്‍ണ്ണമായും പെണ്‍ മക്കള്‍ക്കു നല്കാന്‍ അനുവദിക്കാത്തതിനാല്‍ മതനിയമനുസരിച്ച് വിവാഹിതരായ പലരും ഇന്ത്യയുടെ സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു വീണ്ടും വിവാഹിതരാവുകയാണ്.കാസര്‍ക്കോട്ടെ ഷുക്കൂര്‍ വക്കീലും സഹധര്‍മ്മിണിയുമാണ് അടുത്തകാലത്ത് ഇക്കാര്യത്തില്‍ മാതൃകയായത്. പലരും ഇപ്പോള്‍ ആ മാതൃക പിന്‍തുടരുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുന്നവരുടെ മതം അന്വേഷിക്കാനേ പാടില്ല

പി ആര്‍ ലാലന്‍ അയിഷ എന്നിവരുടെ വിവാഹം കൊച്ചിനഗരസഭ രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിമാനികളായ അവര്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തു.. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മതം ചോദിക്കുന്ന രജിസ്ട്രാര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സര്ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ഇനി ഇത് ജീവിതത്തില്‍ പകര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്ക് ആണ്. ജനങ്ങള്‍ അത് പ്രയോജനപ്പെടുത്തും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

Tuesday, 6 June 2023

ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്ത്ഥം

 ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്ത്ഥം 

-------------------------------------------------------------------
ബ്രീസ്,വിന്‍ഡ്,സ്റ്റോം,ടെംപസ്റ്റ് തുടങ്ങിയ കാറ്റുപോയ പാവം പദങ്ങളെ താലോലിച്ചു നടന്ന നമ്മള്‍ക്ക് ടൊര്‍ണാഡോ എന്ന അപരിചിതപദം നല്കിയത് പെരുമണ്‍ തീവണ്ടി ദുരന്തത്തെ കുറിച്ചുള്ള അന്വേഷണമാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ അപകടകാരണം എന്താണെന്ന് പറഞ്ഞിരുന്നു.അതാണ് ടൊര്‍ണാഡോ.

ആര്‍ക്കും ഒന്നും മനസ്സിലായില്ല. ജനങ്ങള്‍ നിഘണ്ടു പൊടിതട്ടിയെടുത്തു പരിശോധിച്ചു. പ്രചണ്ഡമാരുതന്‍. ചുഴലിക്കാറ്റ്.

ബംഗളൂരുവില്‍ നിന്നും വന്ന  ഐലന്‍ഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലെ പെരുമണ്‍ പാലത്തിലെത്തിയപ്പോള്‍ ഒരു പ്രചണ്ഡമാരുതന്‍ ഉണ്ടായി. തീവണ്ടി കായലിലേക്ക് ചുഴറ്റിയെറിഞ്ഞു. .നൂറ്റഞ്ചു പേര്‍ മുങ്ങിമരിച്ചു. ഇങ്ങനെയൊരു ചുഴലിക്കാറ്റ് വീശിയതായി കായലോരത്തെ കറുകപ്പുല്ലുകളോ ഇളം കാറ്റിലും ഇളകിയാടാറുള്ള തെങ്ങോലത്തുമ്പുകളോ കായലിലെ ചെറുതിരമാലകളോ നെത്തോലിക്കുഞ്ഞുങ്ങളോ അറിഞ്ഞില്ല.

കായലില്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിച്ചുനിന്നവര്‍ ചുഴലിക്കാറ്റ് വീശിയതറിഞ്ഞില്ലെങ്കിലും തീവണ്ടി മറിയുന്നത് കണ്ടു. അവിടേക്കു പാഞ്ഞു. കഴിയുംവിധം യാത്രക്കാരെ രക്ഷിച്ചു. അടുത്ത രണ്ടുമൂന്നു ദിവസങ്ങള്‍ ഉറ്റവരുടെ ഓമല്‍ശരീരങ്ങള്‍ അന്വേഷിക്കുകയായിരുന്നു  ബന്ധുക്കള്‍.

പെരുമണ്‍ കായലിലെ പാലത്തില്‍ അന്ന് അറ്റകുറ്റപ്പണി നടക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ അവസാനമായി നിറുത്തിയ വണ്ടിയുടെ വേഗതയെകുറിച്ചും യാത്രികര്‍ പറഞ്ഞു. മൃതശരീരങ്ങള്‍, കുളിച്ച പാടേ ഉറങ്ങിയവരെപ്പോലെ കൊല്ലം ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ നിരന്നു കിടന്നു. മരിച്ചവരുടെ ബന്ധുക്കള്‍ കായലിലേക്ക് പൂക്കള്‍ എറിഞ്ഞു. കഷ്ടിച്ച്  രക്ഷപ്പെട്ടവര്‍ മരിച്ചവരെ പോലെ ജീവിച്ചു. തീവണ്ടി മറിയാനുള്ള കാരണം അറിയാന്‍ കാത്തിരുന്നവരെ പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ് ടൊര്‍ണാഡോ  എന്ന പ്രചണ്ഡമാരുതന്‍ അവതരിച്ചതു.

അന്വേഷണങ്ങള്‍ അര്‍ഥശൂന്യമാകുന്നതിന്റെ ഉദാഹരണമായിരുന്നു ടൊര്‍ണാഡോക്കഥ. ഒഡീഷയിലെ തീവണ്ടിയപകടം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. . ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനത്യാഗം നടത്തണമെങ്കില്‍ ഹൃദയത്തില്‍ കണ്ണീര്‍ നിറയുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടാകണം. അങ്ങനെയുണ്ടാകാന്‍ ഇത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാലമൊന്നുമല്ലല്ലോ.

ഭരണകൂടത്തിനു മതഭ്രാന്തു പിടിക്കാത്തകാലത്താണ് ടൊര്‍ണാഡോ അവതരിച്ചതെങ്കില്‍ ഇക്കാലത്ത് എന്തെല്ലാം സംഭവിക്കാം! തീവണ്ടികളുടെ യാത്രകളെല്ലാം രാഹുകാലത്തിന് ശേഷം ആക്കിയേക്കാം. സിഗ്നലിന്റെ ചുമതല ജ്യോത്സ്യന്മാരെ ഏല്‍പ്പിച്ചേക്കാം.റയില്‍വേ സ്റ്റേഷനുകളില്‍ ഗണപതിപൂജയും ഹോമവും നടത്തിയേക്കാം.തീവണ്ടി പുറപ്പെടുന്നതിന് മുന്‍പ് അര്‍ദ്ധനഗ്ന സന്യാസിമാരുടെ ആശീര്‍വാദ പൂജ സംഘടിപ്പിച്ചേക്കാം. കുളിക്കാതെ വണ്ടിയില്‍ കയറുന്നവരെ ഇറക്കിവിട്ടേക്കാം. 

സങ്കടത്തില്‍ നിന്നാണ് ഈ ചിന്തയുണ്ടാകുന്നത്.
മുന്നൂറോളം പാവങ്ങളുടെ മരണത്തിന് ആര് മറുപടിപറയും?രക്ഷാകവചം ശിക്ഷാകവചമായി എന്നു മനസ്സിലായിക്കഴിഞ്ഞു.
ഇനി എന്തുചെയ്യും?

മകന്‍റെ മൃതശരീരം അന്വേഷിക്കുന്ന അച്ഛന്‍. അച്ഛനെ അന്വേഷിക്കുന്ന മക്കള്‍. പ്രിയതമനെ അന്വേഷിക്കുന്ന സ്ത്രീകള്‍.
പ്രേയസിയുടെ നിശ്ചലശരീരം തേടുന്ന പുരുഷന്മാര്‍. അമ്മമാരെ തേടുന്ന മക്കള്‍. അവരുടെ നിലവിളി അവസാനിക്കുന്നില്ല. മൃതശരീരങ്ങളധികവും തിരിച്ചറിഞ്ഞിട്ടില്ല. 

അപകടത്തില്‍ പെട്ട വണ്ടികള്‍ക്ക് എന്തൊരു വേഗതയായിരുന്നു! മരണത്തിലേക്കുള്ള യാത്രയ്ക്കും എന്തൊരു വേഗതയായിരുന്നു.
വേഗത മരണസംഖ്യ വര്‍ധിപ്പിച്ചു എന്നു വായിക്കുമ്പോള്‍ മറ്റൊരു ചിന്തകൂടി ഉയരുന്നുണ്ട്. കാസര്‍കോട് നിന്നും നാലുമണിക്കൂര്‍ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് എത്തണോ? അല്പ്പം സമാധാനത്തോടെ പോയാല്‍ പോരേ?

- 

Tuesday, 23 May 2023

തിരുമുറിവുമായി കക്കുകളി

 തിരുമുറിവുമായി കക്കുകളി 

-----------------------------------------------
ഒടുവില്‍ കക്കുകളിയെന്ന നാടകം താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ആലപ്പുഴയിലെ നെയ്തല്‍ നാടകസംഘം തീരുമാനിച്ചിരിക്കുന്നു.ക്രിസ്തു അടക്കമുള്ള രക്തസാക്ഷികളെ ആക്ഷേപിച്ച പൌരോഹിത്യത്തിനും താല്‍ക്കാലികമായി ആഹ്ളാദിക്കാം. ഈ താല്‍ക്കാലിക പിന്മാറ്റം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. അത് കഴിഞ്ഞു കളിയ്ക്കാന്‍ മുതിര്‍ന്നാല്‍ കോടതിവിധി മുഖേനയോ ഒരു പ്രസിദ്ധനായ  ക്രിസ്തുമതദാസനെ നാടകം കാണിപ്പിച്ച് അവതരണം എന്നേക്കുമായി തടയുകയോ ചെയ്യാം..എന്തായാലും മത വന്‍മതിലിനുള്ളിലെ ജീവിതം കുറെ മലയാളികളെയെങ്കിലും  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ നാടകസംഘത്തിന് അഭിമാനിക്കാം

കക്കുകളി ഫ്രാന്‍സിസ് നൊറോണയുടെ ഒരു കഥയാണ്. തൊട്ടപ്പന്‍ എന്ന പുസ്തകത്തിലുള്ളത്. ക്രിസ്തുമത സ്ഥാപനങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും സമൂഹത്തിലെ ദാരിദ്ര്യഅവസ്ഥയെ കുറിച്ചും  സംസാരിക്കുന്ന ആ കഥ കെ.ബി.അജയകുമാര്‍ നാടകമാക്കുകയും ജോബ് മഠത്തിലിന്‍റെ സംവിധാനത്തില്‍ ഇരുപതോളം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ദൈനം ദിന സജീവപ്രവര്‍ത്തനമുള്ള ആലപ്പുഴ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ നെയ്തല്‍ നാടക സംഘമാണ് അവതരിപ്പിച്ചത്.

തൃശൂരെ നാടകോത്സവത്തിനടക്കം ഈ നാടകം കളിച്ചു. അതിനു മുന്‍പു തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ ഈ നാടകം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.

ഒരു പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് നതാലിയ. കമ്മ്യൂണിസ്റ്റ് കാരനായ പിതാവ് മരണമടഞ്ഞു. കുടുംബം നിത്യ ദാരിദ്ര്യത്തിലായി. ആഹാരത്തിന് പോലും മാര്‍ഗമില്ലാതായപ്പോള്‍ അമ്മ നതാലിയയെ കന്യാസ്ത്രീമഠത്തില്‍ ചേര്‍ക്കുന്നു. അവിടെയുണ്ടായ പീഡാനുഭവങ്ങളാണ് പിന്നെ നാടകത്തിലുള്ളത്. പ്രാചീനകലാരൂപമായ ചവിട്ട് നാടകത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് നാടകം അവതരിപ്പിച്ചത്. ഈ നാടകം കണ്ടവരുടെ മനസ്സിലേക്ക് സിസ്റ്റര്‍ അഭയ അടക്കമുള്ള പീഡിതരായ നിരവധി മണവാട്ടികള്‍ കടന്നു വന്നിട്ടുണ്ട്.

വിമര്‍ശനാതീതമാണോ മതം? മതത്തെ അപഗ്രഥനത്തിന് വിധേയമാക്കരുതെന്നുണ്ടോ? ഇല്ല. കാരണം എല്ലാ മതസ്ഥാപകരും അവരുടെ ജീവിതകാലത്ത് നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ചോദ്യം ചെയ്തവര്‍ ആയിരുന്നു.

മതസ്ഥാപനങ്ങളിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയാല്‍ എഴുത്തുകാരെ അഭിനന്ദിക്കുകയും തെറ്റുകള്‍ തിരുത്തുകയുമല്ലേ വേണ്ടത്? ഈ കഥാകാരനാണെങ്കില്‍ ക്രിസ്തുമതം സുപരിചിതമാണ് താനും.

എപ്പോഴെല്ലാം മതവിമര്‍ശനം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം മത വ്രണം വികാരപ്പെടുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ മതാതീത മനനുഷ്യാവബോധം സൃഷ്ടിക്കുമായിരുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിന് എതിരേ ഉണ്ടായ പ്രക്ഷോഭം മറക്കാറായിട്ടില്ല. മത സംഘടനകളാണ് അതിനു നേതൃത്വം നല്കിയത്. ഭരണകൂടം എക്കാലത്തും പരാജയപ്പെട്ടിട്ടുള്ളത് മത സമ്മര്‍ദങ്ങള്‍ക്ക് മുന്നിലാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിന് മതങ്ങള്‍ പുല്ലുവിലപോലും കൊടുത്തിട്ടില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ളതുമല്ല. കേരളാ സ്റ്റോറിയെന്ന സിനിമയെ തള്ളി പ്പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. മഠത്തില്‍ ലൈംഗിക പ്രശ്നങ്ങള്‍ പോലുമുണ്ടെന്ന് ആദരണീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പോലും സമ്മതിച്ച സ്ഥിതിക്ക് ഒരു പുനര്‍ വിചിന്തനത്തിന് കേരളത്തിലെ പൌരോഹിത്യം തയ്യാറാകേണ്ടതാണ്. കേവലമൊരു നാടകത്തിനു മുന്നില്‍ തകര്‍ന്നു വീഴുന്നതാണോ മതത്തിന്‍റെ മണിമാളിക?

മതത്തിന്‍റെ എതിര്‍പ്പുമൂലം കളിയ്ക്കാന്‍ കഴിയാതെപോയ ഒരു നാടകമാണ് ആലപ്പുഴയില്‍ത്തന്നെ ഉണ്ടായിരുന്ന സൂര്യകാന്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്. നാടകം കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകളെയാണ് ആ പ്രക്ഷോഭത്തിന് മുന്നില്‍ നിറുത്തിയത്. സാഹിത്യ അക്കാദമി അവാര്ഡ് ജേതാവായ ജനകീയ നാടക കലാകാരന്‍ പി.എം ആന്‍റണി എഴുതിയ ആ നാടകം കാണുവാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടു. 

മതക്രോധത്തിനിരയായ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരളപുരം കലാമിന്‍റെ ഫസഹ് നാടകം അവതരിപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജ് കത്തിച്ചതും നിലമ്പൂര്‍ ആയിഷയ്ക്കുനേരെ നിറയൊഴിച്ചതും അക്കാലത്തെ മത ഭീകരതയുടെ ഇളം മുളകളായിരുന്നു. മതക്രോധത്തിന് ഇരയായ നാടകങ്ങളില്‍ കെ.പി.എ സിയുടെ ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം മാത്രമാണു റെഡ് വോളണ്ടിയേഴ്സിന്‍റെ കാവലില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. ഇങ്ങനെയാണോ ഒരു ജനാധിപത്യ രാജ്യത്തെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പതാക പറപ്പിക്കേണ്ടത്? 

ജനപ്രിയതയാര്‍ന്ന ഒരു നാടകം പിന്‍വലിക്കേണ്ട ദുരവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭയാനകമാണ്. കുറെ ആളുകള്‍ സന്തോഷപ്പാര്‍ട്ടി നടത്തി വീഞ്ഞും പന്നിയിറച്ചിയും കഴിക്കുമെന്നല്ലാതെ ഇതുകൊണ്ട് സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.അത് സാംസ്ക്കാരിക മൂല്യങ്ങള്‍ക്ക് നേരെയുയര്‍ത്തുന്ന കൊലക്കത്തിയാണ്. ഇങ്ങനെയുള്ള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കേരളം ഉണ്ടാകട്ടെയെന്ന് ആശിക്കാം