Saturday, 30 March 2024

ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍

 ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍ 

----------------------------------------------------------------------------------------
ഈ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരന്‍മാര്‍ക്കെതിരെയുള്ള അവഹേളനശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ സാംസ്കാരികകയ്യേറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് സവര്‍ണ്ണതയെ താലോലിക്കുന്നവരില്‍ നിന്നാണ് എന്നുകാണാം. ഈ പരാക്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനിച്ചു എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ മരിച്ചെന്നു കരുതിയിരുന്ന പ്ലേഗിന്റെ അണുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയിരുന്നല്ലോ. 

നവോത്ഥാനപരിശ്രമങ്ങള്‍ കേരളത്തെ ശുദ്ധമാക്കിയെന്നു കരുതിയവര്‍ക്ക് തെറ്റി. ആ രോഗാണുക്കള്‍ പലരുടേയും മനസ്സിലുണ്ട്. അതാണ് ആര്‍.എല്‍ വി രാമകൃഷ്ണനെതിരെ വര്‍ഷിക്കപ്പെട്ടത്.

ആരാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍? തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം (ആര്‍.എല്‍.വി) കോളജ് എന്ന സംഗീതത്തിന്റെയും മറ്റു സുകുമാര കലകളുടെയും പാഠശാലയില്‍ നിന്നും പരിശീലനം നേടിയ പ്രതിഭാശാലി. ചിന്ന ചിന്ന ആശൈ എന്ന തമിഴ് സിനിമാപ്പാട്ടിലൂടെ പ്രസിദ്ധയായ  മിന്‍മിനിയും മറ്റും ഈ കലാശാലയില്‍ നിന്നും പരിശീലനം നേടിയവരാണ്. നാട്ടിപ്പാട്ടുകളുടെ ഈറ്റില്ലത്തില്‍ പിറന്ന രാമകൃഷ്ണന്‍ മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളില്‍  കലാമണ്ഡലത്തില്‍ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത സമര്‍ത്ഥനാണ്.

കലാമണ്ഡലം ജൂനിയര്‍ സത്യഭാമ അദ്ദേഹത്തെ ഉന്നം വച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദ്രാവിഡനീതികളോടുള്ള  ചോദ്യം ചെയ്യല്‍ ആയിപ്പോയി. വെളുത്തവരുടെ ഹുങ്ക് ദക്ഷിണാഫ്രിക്കയില്‍ പോലും അടിയറവ് പറഞ്ഞിട്ടും അതിന്റെ ദുര്‍ഗന്ധം കേരളത്തില്‍ നിലനില്‍ക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വര്‍ണ്ണ വിവേചനത്തെ എതിര്‍ത്തെങ്കിലും അപൂര്‍വം ചിലര്‍ അതിനെ ന്യായീകരിക്കുന്നുമുണ്ട്. ഹിന്ദുമത തീവ്രവാദികളുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയില്‍ അംഗത്വം എടുത്തിട്ടുള്ളവരാണ് ആക്ഷേപിച്ചത് എന്നുള്ളതു ആ രാഷ്ട്രീയ ബോധത്തിന്‍റെ തലച്ചോറ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.
 
കേരളത്തെ വേദനിപ്പിച്ച മറ്റൊരു പെരുമാറ്റം ജാസിഗിഫ്റ്റില്‍ നിന്നും മൈക്ക് തട്ടിയെടുത്തതാണ്.സൌദി അറേബ്യയില്‍ ഗാനമേളയ്ക്ക് പോയ മലയാളത്തിന്റെ ഒരു  പ്രിയഗായകനോട്, പക്കമേളമൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടണമെന്ന് മതപോലീസ് നിര്‍ദ്ദേശിച്ചതു പോലെയായിപ്പോയി അത്. അന്ന് ആ ഗായകന്‍ പാട്ടുപാടാതെ മടങ്ങുകയായിരുന്നു. സൌദി അറേബ്യയില്‍ മതപോലീസിന്‍റെ ആധിപത്യം അവസാനിച്ചിട്ടും കേരളത്തില്‍ ആ സമീപനം തുടരുകയാണ്. കുസാറ്റില്‍ ഉണ്ടായ ദുരന്തം കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചതായിരുന്നു. ആ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ സംഗീതത്തെ നിരോധിക്കുകയെന്നുള്ളതല്ല. ജാസി ഗിഫ്റ്റിന്‍റെ പാട്ട് യുവതയില്‍ സമുദ്രതരംഗങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. ഉടലിനെ സ്വതന്ത്രമാക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. അത് അനുവദിക്കുന്നതിന് പകരം മൈക്ക് പിടിച്ചുവാങ്ങിച്ച് ജാസിയെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമായിപ്പോയി.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ പ്രധാനാധ്യാപികയില്‍ നിന്നും ജാസിയെ ആദരിച്ചുകൊണ്ടുള്ള ഒരു വിശദീകരണം പിന്നീട് വന്നെങ്കിലും ഉണ്ടായ വേദന അവശേഷിക്കുകയാണല്ലോ. അങ്ങനെയൊരു സമീപനം പോലും മഹാകവിയുടെ കലാസ്ഥാപനത്തില്‍ കയറിയിറങ്ങിയ നൃത്താധ്യാപികയില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ നിലവിലുള്ള കലാവിരുദ്ധകരിനിയമങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്.

ടി.എം കൃഷ്ണയ്ക്ക് നേരെ ഉണ്ടായതു നഗ്നമായ സവര്‍ണ്ണാക്രമണമാണ്. തന്തൈ പെരിയാറിനെ കുറിച്ചു പാടുകയും പറയുകയും ചെയ്യുന്ന കൃഷ്ണയ്ക്ക് സംഗീതകലാനിധി എന്ന ബിരുദം നല്‍കരുതെന്നാണ് ഭരണഘടനാവിരുദ്ധരായ സവര്‍ണ്ണസംസ്ക്കാരക്കാരുടെ ആവശ്യം. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പെരിയാര്‍ ഇ വി രാമസ്വാമിയെ കുറിച്ചുള്ള കൃതികള്‍ പോലെതന്നെ   നാരായണഗുരുവിന്റെ കൃതികള്ളും അസാധാരണഭംഗിയോടെ  ആലപിച്ച ടി.എം കൃഷ്ണയെയും കേരളീയര്‍ക്ക് ഇഷ്ടമാണ്. അരികിലാക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിവാദ്യങ്ങളോടെയാണ് ലോകം ശ്രദ്ധിക്കുന്നത്. തമിഴ് നാട്ടിലെ ഭരണകൂടം ഗായകനോടൊപ്പം ഉണ്ടെന്നത് ആശ്വാസകരമാണ്. 

ഈ മൂന്നു സംഭവങ്ങളും ജാഗ്രതയുടെ സാംസ്കാരിക ആയുധങ്ങള്‍ കൈവെടിയാന്‍ സമയമായിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Wednesday, 13 March 2024

ചങ്ങമ്പുഴ വഴി ചാര്‍വാകം

 ചങ്ങമ്പുഴ വഴി ചാര്‍വാകം 

--------------------------------------------
ഉള്ളിശ്ശേരി തേയന്‍ വൈദ്യരുടെ മകന്‍ കലാനാഥന്‍  സ്വാഭാവികമായും ഒന്നാം തരം ഭക്തന്‍ ആകേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ ആ യുവാവിന്‍റെ  തലയ്ക്ക് പിടിച്ചത് ചങ്ങമ്പുഴക്കവിത. ഒപ്പം ഹൃദയപക്ഷരാഷ്ട്രീയവും. ചങ്ങമ്പുഴക്കവിതയാണ് കലാനാഥനെ ചാര്‍വാക ദര്‍ശനത്തിലേക്ക് നയിച്ചത്. പുരാണങ്ങളെയും ജടയും ചിതലും മൂടിയ പ്രാചീന തത്ത്വശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞ ചങ്ങമ്പുഴക്കവിതയിലൂടെ ഹൃദയപക്ഷത്ത് എത്തിയ അദ്ദേഹം മതാതീത മനുഷ്യ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചാര്‍വാകം എന്ന വീടുണ്ടാക്കി താമസമാരംഭിക്കുകയും ചെയ്തു.

സയന്‍സ് അദ്ധ്യാപകനായിരുന്ന കലാനാഥന്‍ ശാസ്ത്രബോധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിച്ച്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തു. മലയാളിയുടെ മനസ്സിനോടുംബുദ്ധിയോടും സംസാരിച്ച അദ്ദേഹം, ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ അവിശ്വസിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചു.

രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും വള്ളിക്കുന്ന് പഞ്ചായത്തിനെ നയിക്കുകയും ചെയ്ത കലാനാഥന്‍ ജനകീയാസൂത്രണത്തിന് വരെ മാതൃകയായി.
ജനകീയാസൂത്രണം വലിയ തോതിലുള്ള പഠനക്ലാസ്സുകളോടെയാണ്  കേരളത്തില്‍ പ്രാവര്‍ത്തികമാക്കി യതെങ്കില്‍ ഏഥന്‍സില്‍ ജനാധിപത്യം നടപ്പിലാക്കിയതുപോലെ 
അതിലളിതമായിട്ടായിരുന്നു വള്ളിക്കുന്നു പഞ്ചായത്തിലെ ജനകീയാസൂത്രണം.

കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വള്ളിക്കുന്നു പഞ്ചായത്തു കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്ക്കാരവും നേടി. മതാതീത ബോധ്യമുള്ള ഒരാള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തിയാല്‍ ചടുലവും നീതിപൂര്‍ണവും ആയിരിയ്ക്കും പ്രവര്‍ത്തനങ്ങള്‍ എന്നതിന്‍റെ ഉദാഹരണമാണ് യു.കലാനാഥന്‍.

സഹോദരന്‍ അയ്യപ്പനെ മാതൃകയാക്കിയ കലാധരന്‍ കവിതയെ നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്, നിരവധി പുരോഗമന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന്ന ബില്ലിന്റെ കരടുരേഖ തയ്യാറാക്കി അധികാരസ്ഥാനത്തുണ്ടായിരുന്ന വി എസ് അച്ചുതാനന്ദനും രമേശ് ചെന്നിത്തലക്കും നല്കിയത് കലാനാഥന്റെ നേതൃത്വത്തില്‍ ആയിരുന്നു.കേരളീയരെ പിന്നോട്ടു നയിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ അദ്ദേഹവും അനുയായികളും അശ്രാന്തപരിശ്രമം നടത്തി. ഡോ.എ ടി കോവൂരിന്റെയും പവനന്‍റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമാരോത്സുക യുക്തിവാദത്തിന് ഊര്‍ജ്ജം നല്കുവാന്‍ കലാനാഥന്‍  പരിശ്രമിച്ചു. ഫിറ എന്ന സംഘടനയിലൂടെ അഖിലേന്ത്യാതലത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്നേഹപൂര്‍ണവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി നിരവധി മത സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തു. വര്‍ഗീയ വാദികള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കാരുണ്യപൂര്‍വമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് മുന്നില്‍ ആക്രമണങ്ങള്‍ പാളിപ്പോവുകയായിരുന്നു

സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. മനുഷ്യസ്നേഹത്തിന്‍റെ കൊടിയായിരുന്നു യു. കലാനാഥന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. നിരന്തര പഠനങ്ങളും വിശ്രമമില്ലാത്ത അന്വേഷണവും ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ഭരണഘടനാ തത്ത്വം പ്രവര്‍ത്തികമാക്കാന്‍ അത്യാവശ്യമാണെന്ന് യു. കലാനാഥന്‍റെ ജീവിതം കേരളത്തോട് പറയുന്നു.

Monday, 4 March 2024

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ

 2024 ജനുവരി 

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ 

------------------------------------------------------------------------------------------------------------


ചെറുതൊന്നും അത്ര ചെറുതല്ലെന്നു സ്ഥാപിച്ച കവിയായിരുന്നു മഹാകവി കുമാരനാശാന്‍. ചെറുതിന്റെ പ്രാധാന്യം പോസിറ്റീവായും നെഗറ്റീവായും അദ്ദേഹം തിരിച്ചറിഞ്ഞു.


എന്താണ് ചെറുത്? മഹാപ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകം കണികയാണ്.കണികയിലാണ് ശക്തി സംഭരിക്കപ്പെട്ടിടുള്ളത്.സര്‍വനാശകകാരണമായ ശക്തിപോലും കണികയില്‍ ഉണ്ട്.കണികകള്‍ ചേര്‍ന്നതാതാണ് മഹാനിര്‍മ്മിതികള്‍. അങ്ങനെയാണ് ചെറിയ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നത്.ചെറു വാക്കുകള്‍ ചേര്‍ന്ന് വരികള്‍.വരികള്‍ ച്വേര്‍ന്ന് ഖണ്ഡങ്ങള്‍.ഖണ്ഡങ്ങള്‍ ചേര്‍ന്ന മഹാകവിതകള്‍.


ഏറ്റവും വലിയ ഗ്രന്ഥമായ മഹാഭാരതം വെറും എട്ടക്ഷരം മാത്രമുള്ള ചെറു വരികളാല്‍ ഉയര്‍ത്തിയെടുത്ത മഹാഗോപുരമാണ്.ഒന്നേകാല്‍ കോടി ശ്ലോകങ്ങളില്‍ എഴുതാമായിരുന്ന ആ കാവ്യം ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കി എഴുതിയതാണ്.എത്ര വേണമെങ്കിലും വലുതാക്കാമായിരുന്ന കാവ്യകാണികകളെ ചുരുക്കി എഴുതിയപ്പോഴാണ് വീണപൂവ് ഉണ്ടായത്. നാലായിരത്തി ഒരുനൂറു വസന്തതിലകം അണിയിക്കാമായിരുന്നതാണ് ആശാന്‍ നാല്‍പ്പത്തൊന്ന് ശ്ലോകങ്ങളില്‍ ചുരുക്കിയെഴുതിയത്.ആസ്വാദകരാണ് അതിനെ വികസിപ്പിച്ചത്.


510 വരികള്‍ മാത്രമുള്ള കരുണ സിനിമയാക്കിയപ്പോള്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു.ആസ്വാദകരാണ് ചെറുതിനെ വലുതാക്കുന്നത്. ആശാന്‍ ചെറുതിന്റെ വലിപ്പമാണ് പറഞ്ഞിട്ടുള്ളത്.


നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും - കാട്ടു
പുല്ലല്ല സാധുപുലയന്‍ എന്ന രണ്ടുവരിക്ക് പില്‍ക്കാലത്ത് മലയാളം കണ്ട ദലിത് കവിതയുടെയും ജീവിതത്തിന്റെയും സമരത്തിന്റെയും വികാസം വരെ വ്യാപ്തിയും ദീപ്തിയുമുണ്ട്. 


1324 വരികളില്‍ അപൂര്‍ണ്ണമായി അവശേഷിപ്പിക്കേണ്ടിവന്ന ബാലരാമായണത്തിനു പോലും 24000 വരികളുടെ ശോഭയുണ്ട്.ചെറുത് വെറും ചെറുതല്ലെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. 173 ശ്ലോകങ്ങളുള്ള നളിനിയിലെ ദിവാകരമൌനത്തിന് 17000 ശ്ലോകങ്ങള്‍ക്കുള്ള വ്യാപ്തിയുണ്ട്.നളിനിയിലെ ഒന്നിലധികം ശ്ലോകങ്ങള്‍ എഴുതിയതിന് ശേഷം കവി വെട്ടിമാറ്റിയതാണ്. മൂന്നു സര്‍ഗ്ഗങ്ങളുള്ള ലീലയിലെ മാംസനിബദ്ധമല്ല രാഗം എന്ന സമീപനം പോലും യോജിച്ചു൦ വിയോജിച്ചു൦ മുപ്പതു സര്‍ഗങ്ങളായി വികസിപ്പിക്കാവുന്നതാണ്.അഞ്ചു കാണ്ഡങ്ങളിലാണ് ആശാന്‍ ശ്രീബുദ്ധചരിതം അടയാളപ്പെടുത്തിയത്.സാക്ഷാല്‍ ശ്രീബുദ്ധന്‍റെ ധര്‍മ്മപദം സരസ കവി മൂലൂര്‍ മലയാളപ്പെടുത്തിയിട്ടുണ്ടല്ലോ. 26 വര്‍ഗങ്ങളാണ് അതിലുള്ളത്.ആറു പേജുകള്‍ മാത്രമുള്ള ഗരിസപ്പാ അരുവി എന്ന അപൂര്‍ണ്ണ കൃതിയെ അടിസ്ഥാനപ്പെടുത്തി ഷിനിലാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥയ്ക്ക് പത്തു പേജിലധികം വലിപ്പമുണ്ട്.


147 ശ്ലോകങ്ങളുള്ള പ്രരോദനത്തിലെ കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാദിയോ വംശമോ / ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍ / സ്പഷ്ടം മാനുഷഗര്‍വമൊക്കെയിവിടെ പൂക്കസ്തമിക്കുന്നതി/ ങ്ങിഷ്ടന്‍മാര്‍ പിരിയുന്നു ഹാ ഇവിടമാണദ്ധ്യാത്മ വിദ്യാലയം.എന്ന ശ്ലോകം വിശദീകരിക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരും. 


192 ശ്ലോകങ്ങളുള്ള സീതാകാവ്യം വിശദീകരിക്കാന്‍ ഒന്നിലധികം പുസ്തകങ്ങള്‍ ഉണ്ടായി. ചെറു തുള്ളികള്‍ ചേര്‍ന്നതാണ് മഹാസമുദ്രമെന്ന് ആശാന്‍ നമ്മളോട് പറഞ്ഞു.അതില്‍ സ്തീയുടെ കണ്ണുനീര്‍ത്തുള്ളി കൂടിയുണ്ടെന്ന് സീതാകാവ്യം കൊണ്ട് സാക്ഷ്യപ്പെടുത്തി. 


1700 വരികളുള്ള ദുരവസ്ഥയിലെ പ്രമേയം മലബാര്‍ സമരമല്ല.സവര്‍ണ്ണ അവര്‍ണ്ണ വിവാഹമെന്ന ജാതിവിരുദ്ധവും മനുഷ്യപ്രധാനവുമായ വിഷയമാണ് മഹാകവി അവതരിപ്പിച്ചത്.മലബാര്‍ സമരം അതിന്റെ പശ്ചാത്തലം മാത്രമാണ്. വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ- രില്ലമിടിച്ചു 


കുളം കുഴിപ്പിന്‍ എന്ന രണ്ടു വരികളില്‍ സമരകാരണം അദ്ദേഹം അടയാളപ്പെടുത്തി.സ്ഥലവാസിയായ കമ്പളത്തു ഗോവിന്ദന്‍ നായര്‍ 

അതിനു അടിവരയിടുകയും ചെയ്തു.



ചെറിയവയെ ചൂണ്ടിക്കാട്ടുകയാണ് മഹാകവി ചെയ്തത്.ചെറുമന്‍റെ ജീവിതം അദ്ദേഹം അടയാളപ്പെടുത്തി.ഞാനും ചെറുതാണ്.തീരെ ചെറിയ കവി. അതിനാല്‍ ഈ പുരസ്ക്കാരം എനിക്കു അവകാശപ്പെട്ടതാണ്.ആദരവോടെ അഭിമാനത്തോടെ ഞാനിതു സ്വീകരിക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍


കുമാരനാശാൻ / ചെറിയവ
-----------------------------------
ചെറുതുള്ളികൾ ചേർന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകൾ തന്നെ ചേർന്നു നാം
മരുവും നൽപെഴുമൂഴിയായതും.
ചെറുതാം നിമിഷങ്ങളും തഥാ
പറവാൻ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെ യൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും
ചെറുതെറ്റുകൾ തന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കൽ നയിച്ചിടുന്നതും.
ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.
ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
ചെറുതൻപു കലർന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊൽ വതും
പെരുകിബ്ഭുവി പുഷ്പവാടിയായ്‌
നരലോകം സുരലോകതുല്യമാം.
----------
വനമാല

ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

 ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

----------------------------------------------------------------
കേട്ടുകേട്ടു മനസ്സില്‍ തങ്ങിയതാണ്. എനിക്കു മാസങ്ങള്‍ മാത്രം പ്രായമുള്ള കാലം. കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കമുണ്ട്. അംഗസംഖ്യ കൂടുതലുള്ള ഒരു കുടുംബത്തില്‍  വൈകിപ്പിറന്ന കുഞ്ഞാകയാല്‍ ഗരുഡനെക്കൊണ്ട് പറത്തിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഗരുഡന്‍ ചാടില്‍ വലംചുറ്റിവന്നു തലക്കുമുകളില്‍ നിന്നപ്പോള്‍ അച്ഛന്‍ കുഞ്ഞിനെ പൊക്കിയെടുത്ത് ഗരുഡനെ ഏല്‍പ്പിക്കുന്നു. ഗരുഡന്‍ കൈക്കുഞ്ഞുമായി മുകളിലേക്കു പൊന്തുന്നു. കുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു. പ്രാണരക്ഷാര്‍ത്ഥം ഗരുഡഭഗവാന്‍റെ കൊക്കില്‍ കയറി പിടിക്കുന്നു. തലയില്‍ വട്ടം ചുറ്റി കെട്ടിവച്ചിരുന്ന കൊക്ക് അടര്‍ന്ന് കുഞ്ഞിന്റെ കയ്യിലിരിക്കുന്നു. അടുത്ത നിലവിളിയില്‍ ദേവപ്പക്ഷിയുടെ കൊക്ക് മണ്ണില്‍ വീഴുന്നു.

വളര്‍ന്നപ്പോള്‍, പത്താമുദയത്തിന് ഗരുഡന്‍ കെട്ടുന്ന സ്ഥലത്ത് അതിന്റെ ചമയം കണ്ടു മനസ്സിലാക്കാനും താളവും കയ്യിലെ ചെറിയ വാളും തടയും ചുഴറ്റുന്ന രീതിയുമൊക്കെ മനസ്സിലാക്കാനുമായി പോയിട്ടുണ്ട്. കേരളശബ്ദം ലേഖകനായിരുന്ന ഡേവിഡ് കൊല്ലകയും ഇക്കാര്യങ്ങള്‍ കാണാന്‍ താല്‍പ്പര്യത്തോടെ കൂടുമായിരുന്നു. എനിക്ക് പരിചയമുള്ള അയ്യാക്കുട്ടിയെന്ന തൊഴിലാളിയായിരുന്നു ദീര്‍ഘകാലം ഗരുഡന്‍ ആയിരുന്നത്. മിശ്രവിവാഹിതന്‍ ആയിരുന്നതിനാല്‍ എനിക്ക് ആ അനുഷ്ഠാന കലാകാരനോട് പ്രത്യേകിച്ച് ഒരു  ബഹുമാനവും അദ്ദേഹത്തിന് എന്നോട് വാത്സല്യവും ഉണ്ടായിരുന്നതിനാല്‍ ആ ചമയപ്പുരയില്‍ കയറാന്‍  ബുദ്ധിമുട്ടില്ലായിരുന്നു.

ഗരുഡവേഷം കെട്ടിയ ആളിനെ ഒരു കൂറ്റന്‍ ചാടിലെ തൂക്കവില്ലില്‍ കൊരുത്തിടുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അമ്പ ലത്തിന് വലം വയ്ക്കുന്നു. മഹാവിഷ്ണുവിന്‍റെ വാഹനമായ മഹാവിഹംഗം ആണെങ്കിലും വേഷം കെട്ടുന്ന പാവം മനുഷ്യനെ 
തൂക്കവില്ലില്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്യുന്നത് പിന്നിലെ ചാട് നിയന്ത്രിക്കുന്നവരാണ്. വടം കെട്ടി ചാട് വലിച്ചാണ് ഗരുഡന്റെ പറക്കല്‍ ഉറപ്പിക്കുന്നത്.

പലപ്പോഴും ശരീരത്തില്‍ കൊളുത്തുറപ്പിച്ചും കെട്ടിത്തൂക്കിയും മനുഷ്യനെ ഈ വേഷം കെട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നേര്‍ച്ചയുടെ പേരില്‍ വിഷമിപ്പിക്കുകയും ചെയ്യുന്നതിനെതിരെ തൂക്കമുള്ള ക്ഷേത്രങ്ങളില്‍ സന്യാസിമാര്‍ പോലും സമരത്തിന് പോയിട്ടുണ്ട്. എളവൂര്‍ തൂക്കം നിരോധിച്ചത് ഒരു ഉദാഹരണമാണ്.
കവിളിലൂടെ ശൂലം തറക്കല്‍, വയറ്റില്‍ ചൂരല്‍ കുത്തിയിറക്കല്‍, തെയ്യങ്ങളുടെ തീയില്‍ ചാട്ടവും തെങ്ങുകയറ്റവും മൃഗവേട്ടയും തുടങ്ങി പല അപകടകരമായ  അനുഷ്ഠാനങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ഏഴംകുളം തൂക്കത്തില്‍ ഗരുഡന്റെ കയ്യില്‍ നിന്നുമൊരു പിഞ്ചു കുഞ്ഞ് താഴേക്കു തെറിച്ചുവീണ് കയ്യൊടിഞ്ഞതാണ് ഞെട്ടിപ്പിച്ച സംഭവം. ബാലാവകാശകമ്മീഷന്‍ 
ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരിക്കയാണ്.

മനുഷ്യാവകാശക്കമ്മീഷന്‍ ഏറ്റവും ശ്രദ്ധേയമായത് ഡോ എസ് ബലരാമന്‍ അംഗമായപ്പോഴാണ്. ആ രീതിയില്‍ നമ്മുടെ ബാലാവകാശക്കമ്മീഷനും കുറെക്കൂടി  സജീവമാകേണ്ടതുണ്ട്. 

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ നടത്തിയ ജീപ്പ് രഥയാത്ര ഗംഭീര ഹാസ്യനാടകമായിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടിയില്‍ തൊട്ടാല്‍ ചെടി കരിയുമെന്ന സിദ്ധാന്തം അവതരിപ്പിക്കുകയും അധികം വൈകാതെ ഭാരതസര്‍ക്കാര്‍ പത്മപുരസ്ക്കാരം നല്കി ആദരിക്കുകയും ചെയ്ത മുന്‍തമ്പുരാട്ടിയും ഈ ജീപ്പ് എഴുന്നള്ളത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പുതിയ ആചാരം ഉണ്ടായത്. ഇത്തവണ മുത്തുക്കുടയൊക്കെ വച്ചുകെട്ടി കുറച്ചുകൂടി രാജകീയമാക്കിയിരുന്നു. ചെങ്കോലും കിരീടവും ആരാദ്ധ്യമെന്ന് കരുതുന്ന ഒരു കേന്ദ്ര ഭരണകൂടമാണ് ഭാരതത്തിലുള്ളത്. അതിനാല്‍ ഈ എഴുന്നള്ളത്ത് വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കും. രാജഭരണത്തിനെതിരെ സമരം ചെയ്തവരുടെ പിന്‍ ഗാമികളാണ് പൊങ്കാലക്കാരി ലധികവും. അവര്‍ക്ക് മുന്‍ ഗാമികളുടെ സമരം ഏറ്റെടുത്ത് നടത്തേണ്ടതായി വരുമെന്നാണ്,ഈ രാജകീയ അസംബന്ധനാടകം സൂചിപ്പിക്കുന്നത്.

Wednesday, 14 February 2024

പെണ്‍കരുത്തിനു സല്യൂട്ട്

  പെണ്‍കരുത്തിനു സല്യൂട്ട് 

-------------------------------------------
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം ഒരു കെട്ടുകഥയാണ്.ആ കഥയില്‍ത്തന്നെ ജാരത്തിയെ ജടയില്‍ ഒളിപ്പിച്ചു വച്ച പുരുഷകൌശലവുമുണ്ട്.എന്നാല്‍ ഇതൊക്കെ ഭാരതം സ്ത്രീത്വത്തിന് നല്കിയ അംഗീകാരമായി എടുത്തുകാട്ടാറുമുണ്ട്.
നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചു പ്രസംഗിക്കുമ്പോഴും ശിവപാര്‍വതീചിത്രം പരാമര്‍ശിക്കാറുണ്ട്.ഗംഗയെ മുടിമറയില്‍ ഒളിപ്പിക്കാറുമുണ്ട്.

നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ സംവരണം വളരെക്കാലമായുള്ള ചര്‍ച്ചാവിഷയമാണ്.കേരളത്തില്‍ പോലും ഇത്  പ്രസക്തിയുള്ള വിഷയമായി നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം നല്കി അംഗീകരിച്ച സംസ്ഥാനമാണ് കേരളം.
നമ്മുടെ പഞ്ചായത്ത് സംവിധാനം നല്ല രീതിയില്‍ മുന്നേറുന്നുമുണ്ട്. മൂന്നു വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കേരളം മാതൃകയായിട്ടുമുണ്ട്. എങ്കിലും വനിതാ മുഖ്യമന്ത്രിയെന്ന സാക്ഷരകേരളത്തിന്‍റെ സ്വപ്നം സഫലമായിട്ടില്ല.

നിയമസഭയിലും പാര്‍ലമെന്റിലും അന്‍പത് ശതമാനം സംവരണത്തിനുള്ള അര്‍ഹത വനിതകള്‍ക്കുണ്ട്. ജനസംഖ്യയില്‍ അധികവും സ്തീകളാണെന്ന യാഥാര്‍ഥ്യം നമ്മള്‍ മറക്കരുത്. കേരളത്തിന്‍റെ ഔദ്യോഗിക മണ്ഡലം സമര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നത് വനിതകളാണ്. അദ്ധ്യാപകരില്‍ എഴുപതു ശതമാനവും വനിതകളുള്ള സംസ്ഥാനമാണ് കേരളം.

പാര്‍ലമെന്റില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക്  നല്‍കുമെന്നും അതിനായി വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നുമാണ് കേന്ദ്രഭരണകക്ഷിയുടെ ആവശ്യം. ഇത് ആടിനു മുന്നില്‍ കെട്ടിയ പഴത്തൊലിയാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍, അര്‍ദ്ധനാരീശ്വരനെ ആരാധിക്കുന്നുണ്ടെങ്കില്‍ ഈ വ്യാജവൃത്തി വേണ്ടല്ലോ. നേരത്തെ തന്നെ ചെയ്യാമായിരുന്നല്ലോ.

സ്ത്രീപുരുഷ തുല്യത ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണെകില്‍ കൂടിയും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം പോലും, പാര്‍ലമെന്‍റ് മന്ദിരോദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ ഭാരതപ്രണയികളില്‍ നിന്നും ഉണ്ടായി. ലോക് സഭയില്‍ പതിനഞ്ചു ശതമാനവും രാജ്യസഭയില്‍ പതിമൂന്നു ശതമാനവുമാണ് നിലവിലുള്ള വനിതാ പ്രാതിനിധ്യം.
ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. അവിടെ നാനൂറ്റിമൂന്ന് നിയമസഭാംഗങ്ങളാണ് ഉള്ളത്. നൂറ്റിനാല്‍പ്പത് അംഗങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഒന്‍പതു ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം.വനിതാ പ്രാതിനിധ്യമേ ഇല്ലാത്ത മിസ്സോറാമും പോണ്ടിച്ചേരിയും ഒറ്റ വനിതമാത്രമുള്ള ഹിമാചല്‍ പ്രദേശും ഭരണഘടനക്ക് കളങ്കമായി നിലകൊള്ളുന്നു. വനിതാ മുഖ്യമന്ത്രിയുള്ള പശ്ചിമ ബംഗാളില്‍ പതിമൂന്നു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.  രണ്ടു വനിതാ മുഖ്യമന്ത്രിമാര്‍ ഭരിച്ച തമിഴ് നാട്ടില്‍ വെറും അഞ്ചു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.

ഇന്ത്യയിലെ, ഭരണസാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അഗാധമായി സ്വാധീനിക്കുന്നത് മതങ്ങളാണ്. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്. അവര്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയില്ലെന്ന മനുവാചകം  നടപ്പാക്കുകയാണ്.സീതയെ കാട്ടിലെറിഞ്ഞു കാഞ്ചനസീതയെ വാഴിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്. പേരില്‍ത്തന്നെ മതമുള്ള മുസ്ലിം ലീഗിലൂടെ നിയമസഭയിലോ പാര്‍ലമെന്‍റിലോ ഒരംഗം പോലും ഉണ്ടായില്ലെന്നുള്ളത് മതാധിപത്യത്തിന്റെ ദുസ്വാധീനത്തെ ഉറപ്പിക്കുന്നു.

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി സാറാ ജോസഫിന്‍റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട, തുല്യതക്ക് വേണ്ടിയുള്ള നിവേദനം കേരളത്തിലെ ഭരണ - പ്രതിപക്ഷ  രാഷ്ട്രീയ നേതൃത്വത്തിനു സമര്‍പ്പിക്കുന്നു. ഫാസിസ്റ്റ് കക്ഷിയോട് പറഞ്ഞിട്ടു കാര്യമില്ലെന്ന നിലപാടില്‍ അവര്‍ കേന്ദ്രം ഭരിക്കുന്ന തീവ്രവലതുപക്ഷ കക്ഷിക്കു നിവേദനം നല്കുന്നുമില്ല.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെന്നപോലെ നിയമസഭകളിലും പാര്‍ലമെന്റിലും അമ്പതു ശതമാനം വനിതാ സംവരണം ആവശ്യമാണ്.


Saturday, 3 February 2024

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍

 കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍ 

-----------------------------------------------------------------------------------------------------
ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ മരണവും അതുയര്‍ത്തിയ ചോദ്യങ്ങളും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി തലശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍, ദു:ഖം ഘനീഭവിച്ചത് പോലിരുന്ന രോഹിത് വെമുലയുടെ അമ്മ  രാധിക പരസ്യമായി പറഞ്ഞത് എന്റെ മകനെ അവര്‍ കൊന്നുവെന്നാണ്. അമ്മമാരുടെ ഈ നിലയ്ക്കാത്ത നിലവിളി ഇപ്പൊഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വാര്ത്തകള്‍ ഒട്ടും ആശാവഹമല്ല

വിവിധ ഐ ഐ ടി, ഐ ഐ എം കാമ്പസ്സുകളിലായി കഴിഞ്ഞ വര്‍ഷം മുപ്പത്തിമൂന്നിലധികം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്നറിയിച്ചത് വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ്.ശരണ്യ ഭുവനേന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തക ഡല്‍ഹിയില്‍ നിന്നും ചെയ്ത റിപ്പോര്ട്ട് അനുസരിച്ചു 2014 - 2021 കാലത്ത് സ്വയം മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം 122 ആണ്.ഇതില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട 24 പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട 41 പേരും ഉണ്ടത്രേ.പഠിക്കാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെട്ടിരുന്ന കാലത്ത്, ആ പീഢനകാലത്തെ വിയര്‍പ്പും  വെള്ളവും കൊണ്ട് അതിജീവിച്ച ജനതയുടെ പുതിയ തലമുറ പാഠശാലകളില്‍ അനുഭവിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ജീവിത പരിസരമാണ്. എല്ലാ ആത്മഹത്യകളും വിരുദ്ധ വ്യവസ്ഥിതി നടത്തുന്ന കൊലപാതകങ്ങളാണ്. ആ കൊലപാതകങ്ങള്‍ക്ക്. ഭരണകൂടം ഉത്തരം പറയേണ്ടതുണ്ട്. ശംബൂകനെ കൊന്ന രാമനെ ആരാധിക്കുന്ന ഭരണകൂടത്തിന് നീതിപൂര്‍ണമായ ഒരു സമൂഹ്യാവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കില്ല.

സിലബസിന്റെ ഭാരം കൊണ്ടല്ല വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുന്നത്. അതിനു സാമൂഹ്യാവസ്ഥ പ്രധാന കാരണമാണ്.
സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യമായ പിന്നാക്കാവസ്ഥയും കൂടി ചേരുമ്പോള്‍ ദളിത് വിദ്യാര്‍ഥികളുടെ മുന്നില്‍ ഉയരങ്ങളിലേക്കുള്ള വാതില്‍ അടയുകയാണ്  ഭരണകൂടത്തിനു മനുബോധം കൂടിയുണ്ടെങ്കില്‍ കൂരിരുട്ടേ മുന്നില്‍ ഉണ്ടാവുകയുള്ളൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയെന്ന ആശയം കൊലചെയ്യപ്പെടും. അടിമപ്പണിയില്‍ നിന്നും കരകയറാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെടും.

കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ എണ്ണം പതിനായിരത്തോളം.ഐ ഐ ടിയില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ മൂവായിരത്തിയഞ്ഞൂറിലധികം വരും.എന്‍ ഐ ടി കളിലും ഐ ഐ എമ്മുകളിലുമായി പഠിത്തം നിറുത്തിയവരും നിരവധിയുണ്ട്. ഇതില്‍ ദളിത് വിദ്യാര്‍ഥികളുടെ 
എണ്ണം ഭയാനകമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തില്‍ ആയിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ദളിത് വിദ്യാര്‍ഥി ഉന്നത വിദ്യാഭ്യാസ മേഖലയോളം എത്തുന്നതിനിടയ്ക്ക് നേരിടേണ്ടി വരുന്ന നിരവധി അപമാനങ്ങളുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല വെമുലമാര്‍ നേരിടേണ്ടി വരുന്നത്. മനുസ്മൃതിയുടെ സാന്നിധ്യം ഇപ്പോഴും പ്രകടമാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അത് വളരെ സ്പഷ്ടവുമാണ്.  ഇവിടെയാണ് അന്തസ്സോടെ ജീവിക്കാനുള്ള സന്ദര്‍ഭം എല്ലാ ഭാരതീയര്‍ക്കും ഒരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന വാസ്തവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടത്.

കേരളത്തില്‍ പോലും ആദിവാസി മേഖലയില്‍  നിന്നും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ തുലോം കുറവാണ്.എല്‍ പി സ്കൂള്‍ കണ്ടു ഭയന്ന് ഊരിലേക്ക് തിരിച്ചോടിയ കുട്ടികളുടെ കഥകള്‍ ഒരു പോയകാല ചിത്രമല്ല. ആഹാരവും പുസ്തകവും വസ്ത്രവുമായി നിന്നിട്ടുപോലും എല്ലാ കുട്ടികളും സ്കൂളില്‍ തുടരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള സഞ്ചാരവും കുറവാണ്. അതിനിടയിലാണ് തൊഴിലും ജാതിവ്യവസ്ഥയും തമ്മില്‍ യോജിപ്പിച്ചു കൊണ്ടുള്ള പ്രീണന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

Saturday, 20 January 2024

നാരായണഗുരുവും രാമപ്രതിഷ്ഠയും

 നാരായണഗുരുവും രാമപ്രതിഷ്ഠയും 

----------------------------------------------------------
ഭാരതീയരുടെ മുഴുവന്‍ മതേതരബോധത്തെയും ലംഘിച്ചുകൊണ്ടു സ്ഥാപിച്ച അയോദ്ധ്യയിലെ രാമക്ഷേത്രം ആരാധനാസജ്ജം ആവുകയാണല്ലോ. മതബോധത്തെയും അന്ധവിശ്വാസത്തെയും ചൂഷണം ചെയ്തു വീണ്ടും അധികാരത്തിലെത്താമെന്ന വ്യാമോഹത്തോടെ രാഷ്ട്രീയമുള്ള ഹിന്ദുമത തീവ്രവാദികള്‍ തന്നെയാണ് പ്രതിഷ്ഠാകര്‍മ്മവും നിര്‍വഹിക്കുന്നത്.   

ഹാജരാകാവുന്നവരെല്ലാം അയോദ്ധ്യയില്‍ എത്തണമെന്നാണ് ആഹ്വാനം. വിളിച്ചില്ലെങ്കിലും ഹാജരാകുമെന്ന പ്രസ്താവനയും വന്നുകഴിഞ്ഞു. പള്ളി പൊളിച്ചിടത്തേക്ക് ചുടുകട്ട ചുമന്നവരും വെള്ളിക്കട്ട കൊടുത്തവരുമെല്ലാം റെഡിയായിരിക്കുന്നു. കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റിയെന്ന വര്‍ഗീയ സംഘടന, അയോദ്ധ്യക്ക് പോകാന്‍ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുന്നു. കാലക്രമേണ വര്‍ഗീയസംഘടനയായി മാറിപ്പോയ എസ് എന്‍ ഡി പി യോഗമാകട്ടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നേ ദിവസം സ്വന്തം വീടുകളില്‍ ഐക്യദാര്‍ഢ്യ ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തിരിക്കയാണ്.

നാരായണഗുരു അരുവിപ്പുറത്ത് രാമനെ സ്ഥാപിക്കുന്നതിന് പകരം ശിവനെ സ്ഥാപിച്ചത് എന്താണ്? രാമനെ കുറിച്ച് നാരായണഗുരുവിന് നല്ല ധാരണയുണ്ടായിരുന്നു. രാമന്‍ സീതാപീഡനം നടത്തിയ ആളാണ്. ഈ വിഷയം ഗുരുശിഷ്യനായ മഹാകവി കുമാരനാശാനില്‍ കൂടുതല്‍ വെളിപ്പെടുന്നുണ്ട്. സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് അഭിപ്രായപ്പെട്ട ഗുരു വിന്, തപസ്വിയായ ശംബൂകനെ കൊന്ന രാമനെ അംഗീകരിക്കുവാന്‍ കഴിയില്ലായിരുന്നു. ജാതിയില്‍ കുറഞ്ഞുപോയി എന്നതായിരുന്നല്ലോ ശംബൂകന്‍റെ അയോഗ്യത.താടകയോടുള്ള പെരുമാറ്റവും ഗുരുവിനെ രാമാരാധനയില്‍ നിന്നും അകറ്റിയിരിക്കണം.

ശിവനാണെങ്കില്‍, അതിപുരാതനമായ ഒരു ദ്രാവിഡ സ്വഭാവവുമുണ്ട്. പരാന്നഭോജന വൃക്ഷമായ ചന്ദനത്തിന്‍റെ കുഴമ്പ് അണിയുന്നതിനുപകരം, ചുടലച്ചാരം  ധരിച്ചവനായിരുന്നു ശിവന്‍. പാര്‍വതിയോടൊപ്പം ദലിതവേഷത്തില്‍ ഊരുചുറ്റാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത്യാവശ്യം പനങ്കള്ള് കുടിച്ച നാടോടിക്കഥ പോലുമുണ്ട്. പതിനാറായിരത്തെട്ട് ഭാര്യമാരുള്ള, അനേകരുടെ മരണത്തിനും അനാഥത്വത്തിനും നേതൃത്വം നല്കിയ കൃഷ്ണനെയും നാരായണഗുരു പ്രതിഷ്ഠിച്ചില്ല.
 
ആദ്യപ്രതിഷ്ഠ ശിവനായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് ആനന്ദവല്ലിയെയും മുരുകനെയും അദ്ദേഹം പ്രതിഷ്ഠിച്ചു.പിന്നെ കണ്ണാടിയും സത്യം ധര്മ്മം ദയ ശാന്തി എന്നീ വാക്കുകള്‍ രേഖപ്പെടുത്തിയ പ്രഭയും മറ്റുമാണ് ഗുരു പ്രതിഷ്ഠിച്ചത്.
ആയിരംതെങ്ങിലും കുളത്തൂരും ഇല്ലിക്കലും ചെറായിയിലും 
പെരിങ്ങോട്ടുകരയിലും പാണാവള്ളിയിലുമെല്ലാം ശിവപ്രതിഷ്ഠയായിരുന്നു

കേരളത്തിനു പുറത്ത് കര്‍ണ്ണാടകത്തില്‍  നാരായണഗുരു പ്രതിഷ്ഠാകര്മ്മം നിര്‍വഹിച്ച ക്ഷേത്രമാണ് മംഗലാപുരം കുദ്രോളിയിലെ ഗോകര്‍ണ്ണനാഥ ക്ഷേത്രം. അവിടത്തെ പൌരപ്രമുഖന്‍ ആയിരുന്ന അദ്ധ്യക്ഷ കൊരഗപ്പയുടെ അഭ്യര്‍ഥനപ്രകാരം ഗുരു അവിടെ പ്രതിഷ്ഠിച്ചതും ശിവനെത്തന്നെ. തമിഴ്നാട്ടിലെ കോട്ടാറിലാണെങ്കില്‍ നാല്‍പ്പതിലധികം ക്ഷേത്രങ്ങള്‍ നാരായണഗുരു പൊളിച്ചുമാറ്റുകയും ഒരേയൊരു ക്ഷേത്രമാക്കി ശിവപുത്രനെ പ്രതിഷ്ഠിക്കുകയും ചെയ്തു

 തലശ്ശേരിയിലാണെങ്കില്‍ അവര്‍ണര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിനു ബദലായി എല്ലാവര്ക്കും .പ്രവേശിക്കാവുന്ന പുതിയമ്പലം എന്ന ജഗന്നാഥക്ഷേത്രം സ്ഥാപിക്കുകയായിരുന്നു.  ഗുരുവിന്‍റെ ലക്ഷ്യം സാധിക്കാന്‍ കുറച്ചു കാലതാമസം ഉണ്ടായെങ്കിലും ഒടുവില്‍ എല്ലാ അവര്‍ണരേയും ആ ക്ഷേത്രം സ്വീകരിച്ചു. അബ്രാഹ്മണ പൂജാരികള്‍ക്ക് ഇടം കിട്ടുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച നിരവധിക്ഷേത്രങ്ങളില്‍ ഒന്നില്‍ പോലും രാമനോ കൃഷ്ണനോ ആരാദ്ധ്യപുരുഷനാകുന്നില്ല. മാത്രമല്ല, ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയി എന്ന തിരിച്ചറിവിലെത്തുകയും പിന്‍മാറുകയുമാണ് ചെയ്തത്.കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന പണ്ഡിറ്റ് മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോള്‍ ശംബൂകനു ജയ് വിളിച്ച തന്‍റേടികള്‍ നാരായണഗുരുവിന്‍റെ അനുയായികളായി ഉണ്ടായിരുന്ന കേരളമാണല്ലോ ഇത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഗുരുചിന്തകള്‍ക്ക് വിരുദ്ധമായ രാമക്ഷേത്ര നിര്‍മ്മിതിക്ക് ഗുരുചിത്രം സൂക്ഷിക്കുന്നവര്‍ വീടുകളില്‍ ദീപം കൊളുത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് മിതമായ ഭാഷയില്‍ ഗുരുനിന്ദയാണ്.