മുന്‍പരിചയമില്ലാത്ത അതിഭീകരമായ പ്രളയത്തെ കേരളം അതിജീവിക്കുകയാണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ അടിപതറാത്ത നിലപാടുകളും നിര്‍ദേശങ്ങളുമാണ് കേരളത്തെ ഉയര്‍ത്തിയെടുക്കാന്‍ സഹായിച്ചത്.
പ്രളയാനന്തരം ഗൗരവമുള്ള വിശകലനങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്. ആദ്യദിവസങ്ങളില്‍ ഇടുക്കി ഡാമിലെ അഞ്ചു ഷട്ടറുകളും മെല്ലെമെല്ലെ തുറക്കുകയും ഒരു നിശ്ചിത അളവു ജലം പുറത്തുവിട്ടതിനുശേഷം രണ്ട് ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്തു. മുന്നറിയിപ്പുകളും രക്ഷാസംവിധാനങ്ങളുമെല്ലാം കൃത്യമായിത്തന്നെ ഉണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മഹാമാരി സൃഷ്ടിക്കുകയും ഷട്ടറുകളെല്ലാം വീണ്ടും തുറക്കേണ്ടിവരികയും ചെയ്തു. കേരളത്തിലുടനീളമുള്ള അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നു. കാലപ്പഴക്കംകൊണ്ട് ആശങ്കയുയര്‍ത്തിയിട്ടുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പരീക്ഷണവസ്തുവാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്രയും ഡാമുകള്‍ കേരളത്തിന് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രതിവര്‍ഷം വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്കുപോലും ഈ പ്രളയത്തെ നേരിടാന്‍ കഴിഞ്ഞില്ല. ബാണാസുരസാഗര്‍ തുറന്നുവിട്ടതോടെ വയനാടുജില്ല അക്ഷരാര്‍ഥത്തില്‍ അപകടാവസ്ഥയിലായി. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കയ്യേറ്റങ്ങളും വനനശീകരണവും പാറഖനനവും ഒഴിവാക്കാന്‍ കേരളത്തിന് കഴിയാതെപോയി.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തി മലയോര പ്രദേശത്തുണ്ടായ പ്രക്ഷോഭങ്ങള്‍ കേരളീയര്‍ മറന്നിട്ടില്ല. പുലികളെയും രാജവെമ്പാലകളെയും ഇറക്കിവിട്ട് വന്തവാസികളെ ഇല്ലാതാക്കുവാനുള്ള ഗൂഢശ്രമമാണെന്നുപോലും ഗിരിപ്രഭാഷണങ്ങളുണ്ടായി. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കീരിക്കരയിലെ സെന്റ് തോമസ് ദേവാലയം പ്രളയത്തില്‍ തകര്‍ന്നുവീണു. ഇനിയെങ്കിലും പരിസ്ഥിതിലോല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭരണാധികാരികള്‍ ഉള്‍ക്കൊള്ളണം.
തീര്‍ത്തും ഒറ്റപ്പെട്ടുപോയ മറ്റൊരു പ്രദേശം മൂന്നാര്‍ ആണ്. അവിടത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും പുതിയ നിര്‍മ്മിതികള്‍ തടയാനുമുള്ള അടിയന്തര നടപടികളുണ്ടാകണം.
പമ്പാനദി ഗതിമാറി ഒഴുകി. ശബരിമല ഒറ്റപ്പെട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യമുണ്ടായതിനാല്‍ ധര്‍മ്മശാസ്താവ് കോപിച്ചതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. ശാസ്ത്രബോധത്തില്‍ നിന്നും യുക്തിചിന്തയില്‍ നിന്നും കേരളീയര്‍ എത്രമാത്രം ദുരീകരിക്കപ്പെട്ടുവെന്ന് ഞെട്ടലോടെ തിരിച്ചറിയേണ്ടതുണ്ട്. ഹെലികോപ്ടര്‍ വഴി വസ്ത്രങ്ങള്‍ വിതരണം ചെയ്ത കൂട്ടത്തില്‍ സ്ത്രീകള്‍ക്കാവശ്യമുള്ള അടിവസ്ത്രങ്ങളും നാപ്കിനുകളും ശബരിമലയില്‍ ഇട്ടുകൊടുത്തത് സ്ത്രീപ്രവേശനത്തിന് അയ്യപ്പന്‍ അനുകൂലിക്കുന്നതുകൊണ്ടാണെന്ന് വേണമെങ്കില്‍ ഒരു പ്രളയാനന്തര ചിരിയോടെ വിലയിരുത്താം.
ഔഷധം പാടില്ലെന്നും പ്രാര്‍ഥനകൊണ്ട് ലോകത്തെ രക്ഷപ്പെടുത്താമെന്നും പ്രചരിപ്പിക്കുന്ന മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് ഒരു സ്ഥാപനം എന്ന നിലയില്‍ ഏറ്റവും വലിയ ദുരന്തം ഉണ്ടായത്. പശുവും പന്നിയും താറാവുമടക്കം മൂവായിരത്തോളം മിണ്ടാപ്രാണികളാണ് അവിടെ ചത്തൊടുങ്ങിയത്. ആയിരത്തി അഞ്ഞൂറിലധികം മനുഷ്യര്‍ രക്ഷിക്കണമെന്ന് മറ്റു മനുഷ്യരോട് യാചിച്ചു. മൂന്നുപേര്‍ മരിച്ചു. ദൈവത്തിന്റെ അനുമതിയോടെയാണോ ഈ ദുരന്തമുണ്ടായത്. സാംസ്‌കാരിക കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു.
സുനാമി മരണത്തെ അതിജീവിച്ച മൂവായിരത്തോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചത്. കേരളത്തിന്റെ തീരദേശ കാവല്‍സേനയെ ശക്തമാക്കുകയും സൈനികര്‍ക്ക് ലഭിക്കുന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. കേരളം കുഞ്ഞാലിമരയ്ക്കാരുടെ നാടാണ്. കേരളത്തിന് ശക്തമായ ഒരു ജലദുരന്ത നിവാരണ സംഘത്തെ രൂപപ്പെടുത്താവുന്നതേയുള്ളു.
കേരള സംസ്ഥാനം കൂടുതല്‍ ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും വാങ്ങേണ്ടതായിട്ടുണ്ട്. ജില്ലാന്തര ഗതാഗതത്തിനും ചരക്കുകള്‍ കൊണ്ടുപോകാനും ഒക്കെ ഇതുപകരിക്കും. ദുരിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ഇവ ഉപയോഗിക്കാം.
യോഗാഭ്യാസം പഠിപ്പിക്കുന്നതിനേക്കാളും അത്യാവശ്യം വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കുകയാണ്. തെക്കുവടക്കു നീണ്ടുകിടക്കുന്ന കടലും നാല്‍പ്പത്തിനാലു നദികളും നിരവധി കായലുകളും ഉള്ള കേരളത്തില്‍ നീന്തലറിയാത്ത ഒരു മലയാളിയും ഉണ്ടാകരുത്.
കേരളത്തോടുള്ള കേന്ദ്ര നിലപാട് പുനഃപരിശോധിക്കണം. അപ്രതീക്ഷിത ദുരന്തത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം നല്‍കിയില്ലെന്നു മാത്രമല്ല മഹാബലിയുടെ മനസുള്ള ദാനശീലരായ മറുനാട്ടുകാര്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍പോലും ലഭിക്കാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മനുഷ്യവിരുദ്ധമായ ഒരു നിലപാടാണിത്.
പ്രളയം കേരളത്തിന് ഒരു പാഠമാണ്. മുന്‍ കരുതലിന്റെയും തിരിച്ചറിവിന്റെയും ജീവിതപാഠം.