Monday, 29 August 2011

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ ശ്രദ്ധയില്ല, ശിഹാബുമില്ല

ശ്രദ്ധ എന്ന വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്‌ കോഴിക്കോട്‌ ജില്ലയിലെ ഏതോ വിദ്യാലയത്തില്‍വച്ചാണ്‌. അപൂര്‍വവും വ്യത്യസ്‌തവുമായ പേര്‌. കവി എ അയ്യപ്പന്‍ പുതിയ മാസികക്കിടാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന പേരാണ്‌. എന്നാല്‍ ആ പേര്‌ എഴുതാന്‍ കഴിയാത്തരീതിയിലായിപ്പോയല്ലോ മലയാളി മനസ്സെന്നോര്‍ത്തപ്പോള്‍ ദുഃഖം തോന്നി.

ഏതു മലയാളിയുടെയും ആധികാരിക രേഖയാണ്‌ എസ്‌ എസ്‌ എല്‍ സി ബുക്ക്‌. അതിലുള്ള ഒരു വലിയ സൗകര്യം വിദ്യാര്‍ഥിയുടെ പേര്‌ പ്രാദേശിക ഭാഷയില്‍ കൂടി എഴുതാമെന്നുള്ളതാണ്‌. എന്നാല്‍ രണ്ടായിരത്തിപ്പതിനൊന്നു മാര്‍ച്ചില്‍ പരീക്ഷയെഴുതിയവര്‍ക്കു നല്‍കിയ എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും മലയാളത്തില്‍ പേരെഴുതാനുള്ള സന്ദര്‍ഭം എടുത്തുമാറ്റിയിരിക്കുന്നു. എസ്‌ എസ്‌ എല്‍ സി ബുക്കില്‍ ശ്രദ്ധയും ശിഹാബും ഇല്ലെന്നു സാരം.

അന്‍പത്തൊന്നക്ഷരവും അതിന്റെ വമ്പിച്ച വിപുലീകരണവുമുണ്ട്‌ മലയാളത്തിന്‌. അന്‍പത്തൊന്ന്‌ എന്ന ക്ലിപ്‌തതയില്‍ തര്‍ക്കം പോലുമുണ്ട്‌. ഇംഗ്ലീഷിലാണെങ്കില്‍ ഇരുപത്തിയാറ്‌ അക്ഷരവും. തമിഴിന്‌ മലയാളത്തെക്കാള്‍ ലിപിക്കുറവുണ്ടെങ്കിലും ദ്രാവിഡഭാഷയായതിനാല്‍ സന്ദര്‍ഭാനുസൃത യുക്തികൊണ്ട്‌ കണപതിയെ ഗണപതിയാക്കിയെടുക്കാവുന്നതുമാണ്‌. എന്നാല്‍ സാംസ്‌കാരിക വിദൂരതയുള്ള ഇംഗ്ലീഷില്‍ കേരളീയ നാമങ്ങള്‍ തെറ്റായിട്ടെ എഴുതാന്‍ കഴിയൂ. മലയാളം മാത്രമല്ല, അറബും ചൈനീസും ജാപ്പനീസുമൊന്നും ഇംഗ്ലീഷിനു വഴങ്ങുകയില്ല. പൗരസ്‌ത്യഭാഷകള്‍ മാത്രമല്ല, പാശ്ചാത്യ ഭാഷകളും ഇംഗ്ലീഷ്‌ കണ്‌ഠത്തിനപ്പുറമാണ്‌. ഴാങ്‌പോള്‍സാര്‍ത്രിനെ ജീന്‍പോള്‍സാര്‍ത്രാക്കിയാണല്ലോ അവര്‍ നമ്മള്‍ക്കുതന്നത്‌. എഴുത്തച്ഛന്‍, ചങ്ങമ്പുഴ, ഏഴാച്ചേരി, പഴവിള, അഴിക്കോട്‌ ഈ പേരുകളും ഷേക്‌സ്‌പിയറിന്റെ മാതൃഭാഷയ്‌ക്ക്‌ അപ്രാപ്യമാണ്‌. നമ്മുടെ കൊല്ലത്തെ ക്വയ്‌ലോണായും ആലപ്പുഴയെ ആലപ്പിയായും തലശ്ശേരിയെ ടെല്ലിച്ചേരിയായും അഞ്ചുതെങ്ങിനെ അഞ്ചങ്കോയായുമാണല്ലോ ആ വിദ്വാന്‍മാര്‍ ആലപിച്ചിരുന്നത്‌. പശുചത്തിട്ടും മോരിലെ പുളി ഏറിവരുന്ന ഇന്ദ്രജാലമാണ്‌ ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്‌. അതിനാല്‍ ട്രിവാന്‍ഡ്രവും കൊയ്‌ലോണും കാനന്നൂരുമൊക്കെ നമ്മുടെ റയില്‍വേ സ്റ്റേഷനിലും മറ്റും നഗ്നനൃത്തം നടത്തുന്നുണ്ട്‌.

ബലരാമന്‍ എന്ന പേര്‌ ഇംഗ്ലീഷിലെഴുതിയാല്‍ ബാലരാമനാകും. ഈ പേരുകള്‍ക്ക്‌ യുഗങ്ങളുടെ അകലമുണ്ട്‌. ഒരാള്‍ ത്രേതായുഗത്തിലും മറ്റൊരാള്‍ ദ്വാപരയുഗത്തിലും.

അയിശ, ശെരീഫ്‌, അശ്രഫ്‌, ശാര്‍ങ്‌ഗധരന്‍, ശൈലജ, ശിവന്‍, ശംബൂകന്‍, ദയ, ദിപു, ഫല്‍ഗുനന്‍ തുടങ്ങിയ പേരുകളും ഇനി എസ്‌ എസ്‌ എല്‍ സി ബുക്കുനോക്കി തെറ്റായി വായിക്കപ്പെടും. വിദ്യാര്‍ഥിയുടെ പേരു മാത്രമല്ല രക്ഷകര്‍ത്താവിന്റെ പേരും തെറ്റും. സ്ഥലനാമങ്ങള്‍ പലപ്പോഴും തെറിവാക്കായി ഉച്ചരിക്കപ്പെടും.

തലസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍ എന്ന സ്ഥലത്തേയ്‌ക്ക്‌ ഒരിക്കല്‍ ഒരു കത്തു പോയി. ഇംഗ്ലീഷിലായിരുന്നു മേല്‍വിലാസമെഴുതിയിരുന്നത്‌. ഭരണഭാഷ മലയാളമാക്കുന്ന കാര്യമൊക്കെ മേല്‍വിലാസമെഴുതിയ ഗുമസ്‌തന്‍ മറന്നിരുന്നു. ഒരു മാസത്തിനുശേഷം കത്ത്‌, അതേ സര്‍ക്കാര്‍ ഓഫീസില്‍ മടങ്ങിയെത്തി. തപാല്‍ വകുപ്പിന്റെ പുതിയ കവറടക്കത്തോടെ. ഇതിനിടെ കത്ത്‌, മേല്‍വിലാസക്കാരനെ അന്വേഷിച്ച്‌ തമിഴ്‌നാട്ടിലെ നാമക്കല്‍ എന്ന സ്ഥലം മുഴുവന്‍ സഞ്ചരിക്കുകയും ഇങ്ങനെയൊരാള്‍ ഇല്ലെന്നു ബോധ്യപ്പെടുകയും ചെയ്‌തിരുന്നു. മേല്‍വിലാസം മലയാളത്തില്‍ എഴുതിയിരുന്നെങ്കിലോ? പിറ്റേന്നു തന്നെ ആ കത്ത്‌ മേല്‍വിലാസിക്ക്‌ ലഭിക്കുമായിരുന്നു.

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും അമ്മ മലയാളത്തെ കുടിയിറക്കാന്‍ തീരുമാനിച്ചത്‌ ഏതു മലയാളിയാണ്‌? അതുകൊണ്ട്‌ ഭാഷയെ അപമാനിക്കുകയല്ലാതെ എന്തു ഗുണമാണ്‌ സര്‍ക്കാരിനുണ്ടാകുന്നത്‌? മലയാളികളുടെ പേരുകള്‍ വികലമാക്കിയതല്ലാതെ എന്തു നേട്ടമാണുണ്ടായത്‌? ആ ഇടം അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടാല്‍ എന്താണ്‌ കുഴപ്പം?

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ മലയാളം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ നമ്മുടെ സമരോത്സുക വിദ്യാര്‍ഥിസംഘടനകളുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്‌.

കേരളത്തിലെ തൊഴില്‍വകുപ്പ്‌ ജീവനക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം മറുനാടന്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷനാണ്‌. അവര്‍ ഹാജരാക്കുന്ന രേഖകളൊക്കെ അവരുടെ മാതൃഭാഷയിലുള്ളതാണ്‌. ചില വാക്കുകള്‍ കേട്ടാല്‍ മനസ്സിലാക്കുമെന്നല്ലാതെ,. എല്ലാ തൊഴില്‍വകുപ്പ്‌ ജീവനക്കാര്‍ക്കും ബംഗാളി, ഒറിയ. കന്നഡ, തെലുങ്കു ഭാഷകള്‍ എഴുതാനും വായിക്കാനുമറിയില്ലല്ലോ. നമ്മുടെ എസ്‌ എസ്‌ എല്‍ സി ബുക്കിലാണെങ്കില്‍ ദൂരദേശങ്ങളിലുള്ളവര്‍ക്കു വായിക്കുവാന്‍ ഇംഗ്ലീഷ്‌, പേരു തെറ്റാതെ നമ്മള്‍ക്കു വായിച്ചെടുക്കാന്‍ മലയാളവുമുണ്ടായിരുന്നു. ആ മലയാളത്തെയാണ്‌ ഇപ്പോള്‍ ഞെക്കിക്കൊന്നിരിക്കുന്നത്‌?

മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാതൃഭാഷാ കൊലപാതകം നടക്കുമായിരുന്നോ? മദ്രാസ്‌ തമിഴ്‌നാടും മൈസൂര്‍ കര്‍ണാടകയും ഒറീസ ഒഡീസയും പശ്ചിമബംഗാള്‍ പശ്ചിംബാംഗയും ആകുന്നതാണ്‌ നമ്മള്‍ കണ്ടത്‌.

ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ മലയാളികള്‍ അഭിമാനമില്ലാത്ത ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്‌. മലയാളം മലയാളിക്കുതന്നെ ആവശ്യമില്ലാതായിരിക്കുന്നു. മലയാളം പറയുന്നതും എഴുതുന്നതും കുറച്ചിലായി മാറിയിരിക്കുന്നു. പല സ്‌കൂളുകളിലും രഹസ്യമായി ഐ ഹേറ്റ്‌ മലയാളം ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ടത്രെ. നമ്മുടെ ഭരണാധികാരികള്‍ മലയാളത്തില്‍ പ്രസംഗിച്ച്‌ വോട്ടുനേടി ജയിച്ചവരാണ്‌. അവര്‍ തന്നെയാണ്‌ മലയാളത്തെ ഇല്ലാതാക്കാന്‍ ആത്മഹത്യാപരമായ തീരുമാനങ്ങളെടുക്കുന്നത്‌.

.

Saturday, 20 August 2011

ഡോ.സുകുമാര്‍ അഴിക്കോട്


ഡോ.സുകുമാര്‍ അഴിക്കോടിന്റെ ലേഖനം. ശ്രീ പദ്മനാഭ സ്വാമി എന്റൊവ്മെന്റും വിവാദങ്ങളും.


കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ കാലത്തുതന്നെ തുടങ്ങിയ ഒരു എന്‍ഡോവ്‌മെന്റാണ്‌ ശ്രീ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌. കഴിഞ്ഞകൊല്ലത്തിനു മുമ്പുവരെ കൊടുത്തുവന്നിരുന്ന എന്‍ഡോവ്‌മെന്റാണിത്‌. പുരസ്‌കാരം കഴിഞ്ഞുപോയ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയാണ്‌ തുടരേണ്ടതെന്ന്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ പുതിയ അക്കാദമി ഭാരവാഹികള്‍ നിയമിതരായെങ്കിലും നിര്‍വാഹക സമിതി രൂപീകരിക്കപ്പെട്ടില്ല. എങ്കിലും എന്‍ഡോവ്‌മെന്റ്‌ പിന്‍വലിച്ചത്‌ ഒരു വിവാദമായി മാറിയപ്പോള്‍ സാംസ്‌കാരിക മന്ത്രി എളുപ്പവഴിയില്‍ എന്‍ഡോവ്‌മെന്റ്‌ പുനസ്ഥാപിച്ചു.
അതോടെ ഒരു പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുന്‍ അക്കാദമി നിര്‍വാഹക സമിതിയുടെ തീരുമാനം റദ്ദാക്കാന്‍ അധികാരം പിന്നീടു വരുനന നീര്‍വഹകസമിതിക്കുള്ളതാണല്ലോ പുതിയ സമിതി വിരുന്നതുവരെ മന്ത്രി കാത്തിരിക്കണമായിരുന്നു. മന്ത്രിയുടെ അതിരുവിട്ട നടപടി ജനായത്തരീതിയല്ല എന്ന വമര്‍ശനത്തില്‍ നിന്ന്‌ മുക്തമല്ല.
ഈ ഭരണപരമായ തര്‍ക്കത്തേക്കാള്‍ മുഖ്യമാണ്‌ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ റദ്ദാക്കിയത്‌ ശരിയാണോ എന്ന തര്‍ക്കം. എന്‍ഡോവ്‌മെന്റുകളില്‍ വച്ച്‌ ഏറ്റവും പഴക്കമുള്ളതാണ്‌ ഈ എന്‍ഡോവ്‌മെന്റ്‌. അതിനുവേണ്ട ധനനിക്ഷേപം തിരുവീതാംകൂര്‍ രാജാവാണ്‌ ഏര്‍പ്പെടുത്തിയത്‌. എങ്കിലും അവാര്‍ഡിന്റെ പേര്‌ ശ്രീപദ്‌മനാഭസ്വാമി അവാര്‍ഡ്‌ എന്നാണ്‌, തിരുവിതാംകൂര്‍ രാജപുരസ്‌കാരം എന്നായിരുന്നില്ല.
റദ്ദ്‌ ചെയ്യാന്‍ പഴയ കമ്മിറ്റിയെ പ്രേരിപ്പിച്ചത്‌ ഒരു ഹിന്ദുദേവന്റെ പേരിലുള്ള അവാര്‍ഡ്‌ ഇന്ത്യയുടെ ഭരണഘടന പരിപാലിക്കുന്ന സെക്കുലറിസത്തിന്‌ നിരക്കാത്തതാണ്‌ എന്ന ആലോചനയാണ്‌.
ആദ്യകാലത്ത്‌ ഇതൊന്നും ഗൗരവമായി എടുത്തിരുന്നോ എന്ന്‌ സംശയമാണ്‌. അന്നത്തെ നിര്‍വാഹക സമിതിയില്‍ അംഗങ്ങളായിരുന്ന പ്രമുഖരായ തിരുവനന്തപുരത്തെ പണ്ഡിതന്മാര്‍ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ ഒരു ബഹുമതിയായിട്ടായിരിക്കും പരിഗണിച്ചത്‌. പക്ഷേ കാലംമാറി. മുന്‍ അക്കാദമി ഇടതുഗവണ്‍മെന്റിന്റെ കാലത്ത്‌ രൂപംകൊണ്ടതാകയാല്‍ സെക്കുലറിസം തുടങ്ങിയ പുതിയ ചിന്തകള്‍ അക്കാദമിയിലും പ്രതിഫലിച്ചത്‌ സ്വാഭാവികമാണ്‌. പ്രസിഡന്റ്‌ എം മുകുന്ദനും മറ്റ്‌ പല അംഗങ്ങളും ഇടതുപക്ഷക്കാരല്ലായിരുന്നെങ്കിലും അതേ പ്രമേയം അന്ന്‌ അംഗീകരിക്കപ്പെട്ടു.
ആ പുരസ്‌കാര തിരസ്‌കാര തീരുമാനം ഇത്ര പെട്ടെന്ന്‌ മന്ത്രിതലത്തില്‍ പിന്‍വലിക്കേണ്ട അടിയന്തരാവശ്യം ഉണ്ടായിരുന്നില്ല.
മാത്രമല്ല, ഈ പിന്‍വലിച്ച തീര്‍പ്പ്‌ ഭാവിയില്‍ അക്കാദമിയെ പല കുഴപ്പങ്ങളിലും വലിച്ചിഴച്ചെന്നും വരാം.
വരാനുള്ളത്‌ വരികതന്നെ ചെയ്യും. കാലം അത്രമാത്രം മതജാതി അന്ധത പൂര്‍ണമാണ്‌. ശ്രീപദ്‌മനാഭസ്വാമിയുടെ പേരില്‍ സാഹിത്യ എന്‍ഡോവ്‌മെന്റ്‌ അക്കാദമിക്ക്‌ സ്വീകരിക്കാമെങ്കില്‍ കന്യാമേരിയുടെയോ സെന്റ്‌ ജോര്‍ജിന്റെയോ അള്ളാഹുവിന്റെ വേറെ വേദങ്ങളിലോ എന്‍ഡോവ്‌മെന്റുകള്‍ വന്നാല്‍ എന്തുചെയ്യും? ശ്രീപദ്‌മനാഭസ്വാമിയുടെ പേരില്‍ ആകാമെങ്കില്‍ അക്കാദമി ഇപ്പറഞ്ഞതെല്ലാം അനുവദിച്ചെന്നുംവരും.
ഇവിടെ രക്ഷ സെക്കുലറിസം മാത്രമാണ്‌. ഗവണ്‍മെന്റിന്റെ സഹായം സ്വീകരിച്ചുകൊണ്ട്‌ നടത്തുന്ന ഒരു സ്ഥാപനത്തിലും മതപരമായ പ്രത്യേക താല്‍പര്യം ഒന്നിലും പ്രതിഫലിക്കാന്‍ പാടില്ലെന്നുള്ള നിയമത്തിന്റെ മുമ്പില്‍ ഈവക മതഭേദവികാരങ്ങള്‍ ദുര്‍ബലമായിത്തീരും. നേരെമറിച്ച്‌ ശ്രീപദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ അസാധുവാക്കിയ അക്കാദമി നടപടി നിലവിലുണ്ടായാല്‍ അതുകൂടെ ചൂണ്ടിക്കാണിച്ചും പുതിയ പക്ഷപാതപരങ്ങളായ നീക്കങ്ങളെ തടയാന്‍ സാധിച്ചേനേ.
ശങ്കരാചാര്യരുടേയോ മദര്‍തെരേസയുടേയോ ഇക്‌ബാലിന്റെയോ പേര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അവിടെ സെക്കുലറിസം സംഹനിക്കപ്പെടില്ല. കാരണം ശങ്കരാചാര്യര്‍ വലിയ ചിന്തകനും മദര്‍തെരേസ പാവങ്ങളുടെ പരിപാലികയും ഇക്‌ബാല്‍ മഹാസാഹിത്യകാരനുമാണ്‌. അവരുടെ മതപരമായ വിശ്വാസങ്ങള്‍ക്ക്‌ ഇവിടെ പ്രസക്തിയില്ല. കാലടിയില്‍ ശങ്കര യൂണിവേഴ്‌സിറ്റിയുണ്ടല്ലോ.
ഇവിടെ ചില സംശയങ്ങള്‍ ജനിച്ചേക്കാം. ശ്രീറാം പോളിടെക്‌നിക്‌, ശ്രീകൃഷ്‌ണ കോളജ്‌, ഗുരുവായൂരപ്പന്‍ കോളജ്‌ തുടങ്ങി പല പേരുകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടായാലും അവ എതിര്‍ക്കപ്പെട്ടിട്ടില്ല. പിന്നെ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റിനുമാത്രം എന്താണ്‌ തീണ്ടല്‍. സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തം ഇഷ്‌ടമനുസരിച്ച്‌ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക്‌ പേര്‌ നല്‍കുന്നു. സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, ക്രൈസ്റ്റ്‌ കോളജ്‌ എന്നെല്ലാം സ്ഥാപനങ്ങള്‍ ഉണ്ട്‌. അതുപോലെ പദ്‌മനാഭസ്വാമി കലാലയമാകാം. പക്ഷേ ഒരു ഗവണ്‍മെന്റ്‌ സ്ഥാപനത്തിന്‌ ഈ നാമകരണ സ്വാതന്ത്ര്യമില്ല.
സാഹിത്യ അക്കാദമി പൂര്‍ണമായും ഗവണ്‍മെന്റിന്റെ സൃഷ്‌ടിയാകവേ സെക്കുലറിസ്റ്റ്‌ ഗവണ്‍മെന്റ്‌ പ്രവര്‍ത്തനത്തില്‍ മതപരമായ പ്രത്യേക പക്ഷപാതം കാണിക്കരുതെന്ന ആശയമാണ്‌. മതപരമായ കാര്യത്തില്‍ ഇപ്പോഴും വിശ്വാസികള്‍ക്ക്‌ മതവിരുദ്ധമായ മത്സരബുദ്ധി നടക്കുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ അവിടെ ഒരു ഹിന്ദു ദേവാലയം എന്നോ ഉണ്ടായിരുന്നത്‌ തുടരുന്നു. മുഗള ചക്രവര്‍ത്തിയായ ബാബര്‍ പൊളിച്ച്‌ പള്ളിപണിത്‌ എന്നതിന്റെ പകരം വീട്ടലായിട്ടാണ്‌. നുറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ പ്രതികാര ബുദ്ധി കെട്ടടങ്ങിയില്ല. അതിന്റെ ഓര്‍മ ഇപ്പോഴും കെട്ടടങ്ങാതെ എരിഞ്ഞുകൊണ്ടുനില്‍ക്കുന്നു.
കേരളത്തില്‍ തന്നെ ധാരാളം ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ ഇനിയും ഉണ്ടാകാം. നിസാരകാരണംമതി.
നിലയ്‌ക്കല്‍ സംഭവം നാളേറെയായിട്ടില്ല. അവിടെ ഒരു കുരിശുകണ്ടെന്നും ആ സ്ഥലത്ത്‌ ഒരു ക്രൈസ്‌തവ ദേവാലയം പണിയുമെന്നും അറിഞ്ഞതോടെ ഹൈന്ദവ സംഘടനകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തിറങ്ങി. ഭാഗ്യത്തിന്‌ അത്‌ ആളിപ്പടരുന്നതിനു മുമ്പ്‌ സമാധാനപ്രവര്‍ത്തനങ്ങള്‍ വിജയിച്ചു.
അതുകൊണ്ട്‌ കേരള ഗവണ്‍മെന്റിന്റെ അധികാരം ഉപയോഗിച്ച്‌ രൂപംകൊണ്ട സാഹിത്യ അക്കാദമി മതപരമായ സ്വഭാവമുള്ള- അതും, ഒരു ക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ മാത്രം പേരിലുള്ള ദൈവനാമത്തില്‍ ഈ സാഹിത്യ പുരസ്‌കാരം നല്‍കുന്നതിനും ആവശ്യമായ ധനനിക്ഷേപം (എന്‍ഡോവ്‌മെന്റ്‌) സ്വീകരിക്കുന്നതും മതതുല്യത അംഗീകരിച്ച്‌, നമ്മുടെ നാട്ടില്‍ അനുവദിക്കാനാവില്ല.
നേരത്തെയുള്ള അക്കാദമി എക്‌സിക്യൂട്ടീവുകാര്‍ ഈ വിഷയം പതിവിന്‍പടി തുടര്‍ന്നുവന്നത്‌ കഴിഞ്ഞ തവണയാണ്‌ ചോദ്യം ചെയ്യപ്പെട്ടത്‌. അതിന്റെ ന്യായീകരണം തള്ളിക്കളയാവുന്നതല്ല.
അതിനാല്‍ ആ തീരുമാനം ദുര്‍ബലപ്പെടുത്തി പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ തുടരണമെന്ന സാംസ്‌കാരിക മന്ത്രിയുടെ നിശ്ചയം ഭരണമര്യാദയെ നീതീകരിക്കാതെയായതുകൊണ്ട്‌ പ്രത്യേകിച്ചും തീര്‍ത്തും തെറ്റായില്ലേയെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.
ഈ പ്രശ്‌നത്തിന്റെ നാനാവശങ്ങള്‍ പരിശോധിച്ചുകൊണ്ട്‌ പുതിയ അക്കാദമി എന്‍ഡോവ്‌മെന്റില്‍ ഒരു പുതുതീര്‍പ്പ്‌ എടുക്കുന്നതായിരിക്കും ഉചിതം. സെക്കുലറിസം എന്ന വസ്‌തുതയ്‌ക്ക്‌ വേണ്ട പരിഗണന കൊടുത്തില്ലെങ്കില്‍ സംഗതി ഇനിയും കുഴഞ്ഞുവെന്ന്‌ വരും.
ഭരണഘടന ലംഘനമാണ്‌ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ എന്ന പേരില്‍ അതിനെ പുനഃസ്ഥാപിച്ച നടപടി. കോടതിയില്‍ അത്‌ ചോദ്യം ചെയ്യപ്പെപ്പെട്ടുകൂടായ്‌കയില്ല

Friday, 19 August 2011

സ്‌നേഹത്തിന്റെ പൂമരമായി തമ്പി കാക്കനാടന്‍ചിന്ത രവിയുടെ മരണം പോലെതന്നെ വേദനിപ്പിക്കുന്നതാണ്‌ തമ്പി കാക്കനാടന്റെ മരണവും. ഇരുവരും ഹൃദയപക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ട്‌ അനന്തവിഹായസ്സിലേയ്‌ക്ക്‌ കൈകളുയര്‍ത്തി, ജീവിതത്തെ അന്വേഷണങ്ങളുടെയും അമ്പരപ്പുകളുടെയും ആഘോഷമാക്കി.
കൊല്ലം എസ്‌ എന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത്‌ തമ്പി കാക്കനാടന്‍ കോളജ്‌ പ്രതിഭകളായിരുന്ന വി സാംബശിവന്റെയും കുരീപ്പുഴ നടരാജന്റെയും പെരുമ്പുഴ ഗോപാലകൃഷ്‌ണന്റെയും സതീര്‍ഥ്യനായിരുന്നു. മൂവരുടെയും പാതകള്‍ വിട്ട്‌ സ്വാതന്ത്ര്യത്തിന്റെ ചുവപ്പന്‍ പാതയിലേയ്‌ക്കു നടന്നുപോയ തമ്പി കാക്കനാടന്‍ സ്റ്റുഡന്റ്‌ ഫെഡറേഷന്‍ പ്രവര്‍ത്തന കാലത്തെക്കുറിച്ച്‌ എന്നും ആയിരം നാവോടെ വിശദീകരിക്കുമായിരുന്നു. കോളജിലെ സാഹിത്യമത്സരവേദികളില്‍ ഇവര്‍ മൂന്നു പേരും സമ്മാനിതരുമായിരുന്നു.
കാക്കനാടന്‍ സഹോരന്‍മാര്‍ കേരളത്തെ വിസ്‌മയപ്പെടുത്തിയ പ്രതിഭാസംഗമമാണ്‌. അവരുടെ താവളങ്ങള്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. ഒന്നിച്ചുള്ള മദ്യപാനവും കമ്മ്യൂണിസ്റ്റ്‌ ചര്‍ച്ചകളും അവര്‍ ഉത്സാഹവേളകളാക്കി. അവരുടെ സംഗമസ്ഥലികളില്‍ ലോകവിജ്ഞാനം നഗ്നമായി നിന്നു.
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന കാക്കനാടന്‍, അകാലത്തില്‍ വിട്ടുപിരിഞ്ഞ രാജന്‍ കാക്കനാടന്‍, ഇപ്പോള്‍ നമ്മെ വേര്‍പിരിഞ്ഞ തമ്പി കാക്കനാടന്‍. ഇവര്‍ക്കെല്ലാം മുകളില്‍ ലോഹമുഴക്കവും ഉത്തുംഗ ചിന്തയുമായി ഇഗ്നേഷ്യസ്‌ കാക്കനാടന്‍. ഓരോരുത്തരും എണ്ണം പറഞ്ഞ പ്രതിഭകള്‍.
എസ്‌തപ്പാന്‍ എന്ന അരവിന്ദന്‍ സിനിമയിലൂടെയും ചിത്രകലയിലൂടെയും കഥകളിലൂടെയും അസാധാരണ യാത്രാനുഭവങ്ങളിലൂടെയും ശ്രദ്ധേയനായ രാജന്‍ കാക്കനാടനാണ്‌ ആദ്യം വേര്‍പിരിഞ്ഞത്‌. കൊല്ലത്തെ പോളയത്തോട്‌ ശ്‌മശാനത്തില്‍ രാജന്‍ കാക്കനാടനെ സംസ്‌കരിച്ചപ്പോള്‍ തമ്പിച്ചായന്‍ പോക്കറ്റില്‍ തിരുകിവച്ചത്‌ സ്വന്തം പേന തന്നെയായിരുന്നു. സഹോദരനെ പേനകൊടുത്തു യാത്രയാക്കിയ അസാധാരണ മനുഷ്യനായിരുന്നു തമ്പി കാക്കനാടന്‍.
കവിതയോട്‌ തമ്പി കാക്കനാടന്‌ അതിരറ്റ ആസക്തിയായിരുന്നു. കടമ്മനിട്ട രാമകൃഷ്‌ണനും ഡി വിനയചന്ദ്രനും എ അയ്യപ്പനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രശസ്‌തരും അപ്രശസ്‌തരുമായ യുവകവികളും സ്വന്തം കവിതകള്‍കൊണ്ട്‌ തമ്പി കാക്കനാടനെ ലഹരിപിടിപ്പിച്ചവരായിരുന്നു. ലാളിത്യത്തിന്റെ പ്രതീകമായിരുന്നു തമ്പി കാക്കനാടന്‍. ഏതു പ്രായത്തിലുംപെട്ട സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ സമുന്നത ഉദ്യോഗസ്ഥനായിരുന്ന തമ്പി കാക്കനാടന്‍, അവിടെനിന്നും ഇറങ്ങിപ്പോന്നത്‌ ചൈനയെക്കുറിച്ചെഴുതിയ ലേഖനം മാപ്പാക്കണമെന്ന്‌ രേഖപ്പെടുത്തിക്കൊടുക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ്‌. ക്ഷമാപണ കത്തിനു പകരം തമ്പി കാക്കനാടന്‍ നല്‍കിയത്‌ രാജിക്കത്ത്‌. കാക്കനാടന്‍മാര്‍ക്ക്‌ ഉന്നത ജോലിസ്ഥിരത ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. ആ സഹോദരന്‍മാരെല്ലാവരും വലിയ സന്ദര്‍ഭങ്ങളെ പലപ്പോഴും വേണ്ടെന്നുവച്ചവരാണ്‌.
തമ്പി കാക്കനാടന്‍ രചിച്ച ഒരു കലാപത്തിന്റെ ഓര്‍മയ്‌ക്ക്‌ എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ ചിന്തപോലെതന്നെ വ്യത്യസ്‌തമായിരുന്നു. ആലപ്പുഴയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പ്രകാശനച്ചടങ്ങില്‍ അദ്ദേഹത്തിന്റെ സൂഹൃത്തുക്കള്‍ ആ നോവല്‍ മുഴുവന്‍ വായിച്ചവതരിപ്പിക്കുകയായിരുന്നു. ആരുടെ കാലുപിടിച്ചായാലും വേണ്ടില്ല വിപ്ലവം സംഘടിപ്പിക്കുകതന്നെ ചെയ്യും എന്ന അതിസാഹസികരുടെ തീവ്രവാദ സംഭാഷണങ്ങളും പായസത്തില്‍ വീണുള്ള മധുര മരണവുമൊക്കെ ആസ്വദിക്കാന്‍ ചിത്രകാരന്‍മാരും കവികളുമൊക്കെയടങ്ങിയ സമ്പന്നമായ ഒരു സദസ്സുമുണ്ടായിരുന്നു.
`പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു സിനിമയുടെ കഥ' എന്ന ലഘുചിത്രത്തില്‍ തമ്പി കാക്കനാടന്‍ അഭിനയിച്ചിട്ടുണ്ട്‌. തകരച്ചെണ്ടയിലൂടെ പിന്നീട്‌ ശ്രദ്ധേയനായ അവിരാ റബേക്കയാണ്‌ ആ സിനിമയുടെ രചനയും സാക്ഷാത്‌കാരവും നിര്‍വഹിച്ചത്‌. മരിച്ചുപോയ ഒരു പട്ടാളക്കാരന്റെ ഉടുപ്പലക്കുമ്പോള്‍ കിട്ടുന്ന കത്തില്‍ നിന്നാണ്‌ ആ സിനിമയുടെ ചുരുള്‍ നിവര്‍ന്നത്‌. അലക്കുകാരനായി വേഷമിട്ടത്‌ സാക്ഷാല്‍ തമ്പി കാക്കനാടന്‍. അവിരാ റബേക്കയും ആ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇരുവരും ചേര്‍ന്ന്‌ ചിത്രത്തില്‍ ആലപിച്ച ഭഗവാനു `പണമെന്തിനാ, നിനയ്‌ക്കുമ്പം നിനയ്‌ക്കുമ്പം പണമില്ലയോടീ' എന്ന പഴയപാട്ട്‌ സിനിമാസ്വാദകരെ വല്ലാതെ രസിപ്പിച്ചിരുന്നു.
പണത്തിന്‌ തമ്പി കാക്കനാടന്‍, ജീവിതത്തിലൊരിക്കല്‍ പോലും അമിതവില കല്‍പ്പിച്ചിരുന്നില്ല. ആവശ്യം വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈകളിലേയ്‌ക്ക്‌ പണം വന്നുവീഴുകയായിരുന്നു.
സൗഹൃദങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും അമിത പ്രാധാന്യമാണ്‌ തമ്പി കാക്കനാടന്‍ കാട്ടിയിരുന്നത്‌. ലോകോത്തര കൃതികളുടെ വായനയും സംവാദവും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അരങ്ങേറിയിരുന്നത്‌ യുവ സമൂഹത്തിന്‌ ദിശാബോധം നല്‍കാന്‍ പര്യാപ്‌തമായിരുന്നു. ആ സാഹസിക യാത്രികന്റെ ഓര്‍മയ്‌ക്കു മുന്നില്‍ ശിരസു നമിക്കുന്നു.